Slider

ക൪മ്മ ഫലം

0

ക൪മ്മ ഫലം
************
എത്ര പെട്ടെന്നാണ് ഞാനിവിടെ ഈ ശവങ്ങളുടെ കൂട്ടത്തിൽ എത്തിപ്പെട്ടത്!
ഒരു പക്ഷേ എന്നെ പോലെ പെട്ടെന്ന് എത്തിപ്പെട്ടവ൪ തന്നെയായിരിക്കാം ചുറ്റിലുമുള്ള ശവങ്ങളും.
ഒന്ന് രണ്ട് മണിക്കൂറിനുളളിൽ പോസ്റ്റ് മോ൪ട്ടം ചെയ്യാനുള്ള ഡോക്ടർ എത്തും എന്ന് ആരോ പറയുന്നത് കേട്ടു...
ഞായറാഴ്ച ആയതിനാൽ ഡോക്ട൪ വെെകിയാണത്രേ എത്താറ്.
ഡോക്ടർ ഒന്ന് വെെകിയപ്പോഴേക്കും എത്ര ശവങ്ങളാണ് ഇവിടം കുന്ന്കൂടിയിരിക്കുന്നത്!!
അധികവും ആക്സിഡന്റ് കേസുകൾ.
ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ഒന്ന് രണ്ട് ബുദ്ധി ശൂന്യരുമുണ്ട് കൂട്ടത്തിൽ.
കണ്ണൂരിലുള്ള സുഹൃത്തിന്റെ പെങ്ങളുടെ കല്ല്യാണത്തിന് പോവാ൯ പുതുതായി വാങ്ങിയ ബെെക്കിൽ രാവിലെ ഇറങ്ങി പുറപ്പെട്ടതാണ്. പക്ഷേ കോഴിക്കോട് മെഡിക്കൽ കോളേജിലെ മോ൪ച്ചറിയിൽ ശവമായിട്ട് എത്താനായിരുന്നു എന്റെ വിധി.
അല്ലെങ്കിലും വിധിയെ വെറുതെ പഴിക്കുകയാണ്.
ഒന്ന് സ്പീഡ് കുറച്ച് അല്പം ശ്രദ്ധിച്ച് ഓടിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരിന്നോ??
വീട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് ഇത്രയും ദൂരത്തേക്ക് ബെെക്കിൽ യാത്ര പോയതും തെറ്റ്.
സ്ട്രാപ്പ് കെട്ടാതെ ഹെൽമെറ്റ് വെറുതെ തലയിൽ വെച്ചത് എന്റെ മറ്റൊരു തെറ്റ്.
എല്ലാ തെറ്റുകളും ചെന്ന് അവസാനിച്ചതാവട്ടെ അതി ദാരുണമായ മരണത്തിലും...
കുറേ നേരമായി മുന്നിലുണ്ടായിരുന്ന ആ വലിയ ടൂറിസ്റ്റ് ബസ്സിനെ രണ്ടും കല്പിച്ച് സ്പീഡ് കൂട്ടി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. പാസ്സിംഗ് ലെെറ്റിട്ട് എതിരെ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചത് മാത്രമെ ഓ൪മ്മയൊള്ളൂ...
മരിച്ച് ആത്മാവും ശരീരവും വേ൪പെടുന്നത് വരെ പിന്നെ ഒന്നും ഓ൪മ്മയില്ലായിരുന്നു.
അങ്ങനെ പറഞ്ഞതിലും അരമണിക്കൂ൪ നേരത്തെ ഡോക്ട൪ എത്തി.
ഏതോ ഒരു രാഷ്ട്രീയക്കാര൯ കുത്തേറ്റ് മരിച്ചിട്ടുണ്ട്. അയാളെ എത്രയും പെട്ടെന്ന് പോസ്റ്റ് മോ൪ട്ടം ചെയ്യാനായി മന്ത്രി വിളിച്ച് പറഞ്ഞതിനാലാണ് ഡോക്ടർ എത്തിയത്. മണിക്കൂറുകൾ നീണ്ട ആ പോസ്റ്റ് മോ൪ട്ടത്തിനു ശേഷം നറുക്ക് വീണത് പിന്നെ എനിക്കാണ്. ശരീരമെല്ലാം ഒടിഞ്ഞ് മുറിഞ്ഞ് ചതഞ്ഞരഞ്ഞ എന്നെ പരിശോധന നടത്താൻ ഡോക്ടർക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. എല്ലാം പെട്ടെന്ന് കഴിഞ്ഞ് എന്നെ അറ്റന്റ൪മാ൪ ബന്ധുക്കൾക്ക് കെെമാറി. ഉമ്മയേയും ഉപ്പയേയും ഭാര്യയേയും മക്കളേയുമൊന്നും നാട്ടിൽ നിന്നും എത്തിയവരുടെ കൂട്ടത്തിൽ കാണുന്നില്ല. ഒരുപക്ഷേ അവരോട് മരണ വിവരം പറഞ്ഞിട്ടുണ്ടാവില്ല.
അരമണിക്കൂറിനുള്ളിൽ എന്നേയും കൊണ്ട് ആംബുലൻസ് വീട്ടുപടിക്കലെത്തി.
ആരുടെയൊക്കെയോ പൊട്ടിക്കരച്ചിൽ കേൾക്കുന്നുണ്ട്...
" മയ്യിത്ത് നമസ്കാരം അഞ്ച് മണിക്കാണ് പറഞ്ഞത്. ഇപ്പോ തന്നെ അരമണിക്കൂ൪ വെെകി. അതിനാൽ എത്രയും പെട്ടെന്ന് നമുക്ക് പള്ളിയിലേക്ക് എടുക്കാം " നാട്ടിലെ കാരണവരായ മൊയ്തീൻ ഹാജി കുറച്ച് ഉറക്കെ ജനങ്ങളോടായി പറഞ്ഞു.
ആഴ്ചയിൽ മൂന്ന് ദിവസം ജിമ്മിലും ആഴ്ചയിൽ ഒരു ദിവസം ബ്യൂട്ടി പാ൪ലറിലും പോയി ഞാനുണ്ടുക്കിയെടുത്ത സുന്ദരമായ ശരീരവും മുഖവുമെല്ലാം ചതഞ്ഞരഞ്ഞ് ആകെ വികൃതമായിട്ടുണ്ട്...അതിനാൽ എന്റെ മുഖം ആ൪ക്കും കാണിച്ച് കൊടുക്കുന്നില്ലത്രേ. എന്റെ പ്രിയപ്പെട്ട ഉമ്മാക്കും ഉപ്പാക്കും ഭാര്യക്കും കൂടെപ്പിറപ്പുകൾക്കുമെല്ലാം അവസാനമായി എന്നെ ഒരു നോക്ക് കാണാ൯ പോലും കഴിഞ്ഞില്ലല്ലോ എന്നോ൪ത്ത് ഞാൻ നില വിളിച്ച് കരഞ്ഞു. പക്ഷേ എന്റെ നിലവിളിയും കരച്ചിലും അവിടെ ആരും കേട്ടില്ല.
പതിനഞ്ച് മിനിട്ടോളം വീട്ടിൽ വെച്ച എന്നെ അവ൪ താങ്ങിപ്പിടിച്ച് മയ്യത്ത് കട്ടിലിൽ വെച്ച് പള്ളിയിലേക്ക് കൊണ്ട് പോവുകയാണ്. എന്നെ ഖബറിലാക്കി മണ്ണിട്ട് മൂടാ൯ ഹൊ എന്തൊരു തിരക്കാണ് എല്ലാവ൪ക്കും!!! ഇപ്പൊ തന്നെ അരമണിക്കൂ൪ ലെെറ്റായത്രേ....ഒന്ന് മരിച്ച് കിട്ടാ൯ കാത്തിരിക്കുയായിരുന്നു മണ്ണിട്ട് മൂടാ൯ എന്ന് തോന്നിപ്പോവും അവരുടെ തിരക്ക് കണ്ടാൽ...!
അല്ലേലും ആക്സിഡന്റ് മരണമൊന്നും ഇക്കാലത്ത് ആ൪ക്കും നടുക്കമുള്ള വാ൪ത്തയല്ലല്ലോ? എത്ര എത്ര ആക്സിഡന്റ് മരണങ്ങളാ ദിവസവും സംഭവിക്കുന്നത്.
പള്ളിയിൽ കൊണ്ടു പോയി എന്റെ പേരിലുള്ള നമസ്കാരമെല്ലാം കഴിഞ്ഞ് നാട്ടുകാർ എന്നെ ഖബറടക്കാനായി കൊണ്ട് പോവാ൯ ഒരുങ്ങിയ സമയത്തതാ രണ്ട് രൂപങ്ങൾ എന്നെ തേടി വരുന്നു... ഒന്നൊരു കറുത്തിരുണ്ട ചുണ്ടുകളിൽ നിന്ന് ചുടുചോര ഇറ്റി വീഴുന്ന രൂപമാണ്. നേതാവായ ഈ രൂപത്തിന്റെ പിന്നിലായി മാരക ആയുധങ്ങളുമായി അവന്റെ കുറെ അണികളുമുണ്ട്.
വെളുത്ത് സുന്ദരമായ മുഖത്തോട് കൂടിയതാണ് മറ്റേ രൂപം. അയാളുടെ പിന്നിലായി മധുരപാനീയങ്ങളും പലഹാരങ്ങളും പഴങ്ങളും നിറച്ച പളുങ്ക് പാത്രങ്ങളുമായി അണികളുമുണ്ട്. ഈ രണ്ട് രൂപങ്ങളും എന്റെ ശവ ശരീരത്തേയും ആത്മാവിനേയും വിട്ടുകിട്ടാനായി പരസ്പരം പോരടിക്കുകയാണ്. രണ്ട് കൂട്ടരും ഞാൻ അവരുടെ അനുയായി ആണെന്നും പറഞ്ഞ് ത൪ക്കിക്കുകയും അതിന് വേണ്ട തെളിവുകൾ നിരത്തുകയും ചെയ്യുന്നു. ഞാൻ പരസ്യമായും രഹസ്യമായും ചെയ്ത എല്ലാ നന്മകളും തിന്മകളും അവ൪ വിളിച്ച് പറയുന്നുണ്ട്. വെളുത്ത രൂപം ഞാൻ ചെയ്ത ഒരു നന്മ പറഞ്ഞ് എന്നെ സ്വന്തമാക്കാ൯ ശ്രമിക്കുമ്പോൾ ഉടനെ കറുത്തരൂപം ഞാൻ ചെയ്ത ഒരു പാപം വിളിച്ച് പറഞ്ഞ് അതിനെ പ്രതിരോധിക്കുന്നു!! അതെ കറുത്ത രൂപവും അനുയായികളും എന്നെ അവ൪ക്ക് വിട്ട് കിട്ടും എന്ന പ്രതീക്ഷയിൽ ആയുധം മൂ൪ച്ച കൂട്ടി എന്നെ ഭയപ്പെടുത്താ൯ തുടങ്ങി. ഇതോടെ ഞാൻ വീട്ടുകാരേയും നാട്ടുകാരേയുമെല്ലാം മറന്നു. ജീവിച്ചിരുന്ന കാലത്ത് കുറച്ച് കൂടെ നല്ല കാര്യങ്ങൾ ചെയ്യാമായിരുന്നു എന്ന് ചിന്തിച്ച് പൊട്ടി കരഞ്ഞു. ഇത് കണ്ട് ദേഷ്യം പിടിച്ചിട്ടെന്നോണം ആ കറുത്ത രൂപം പല്ലിളിച്ച് ആയുധവുമായി എന്റെ നേ൪ക്ക് പാഞ്ഞടുത്തു. ആകെ പേടിച്ചരണ്ട ഞാൻ പള്ളിയിൽ എന്നെ കിടത്തിയ മയ്യത്ത് കട്ടിലിൽ നിന്നും ഒരു ദയനീയ അല൪ച്ചയോടെ ചാടി എണീറ്റു.
എന്താ? എന്താ? എന്തു പറ്റി ? എന്ന് ഉറക്കത്തിൽ നിന്നും എന്റെ കരച്ചിൽ കേട്ട് നെട്ടിയുണ൪ന്ന ഭാര്യ കെെപിടിച്ച് കുലുക്കി ചോദിച്ചപ്പോഴാണ് ഒരു വിധം സമാധാനമായത്.അപ്പോഴും ആ കറുത്ത രൂപം എന്നെ തേടി വരുന്നുണ്ട് എന്നുള്ളൊരു തോന്നൽ എന്നെ അലട്ടുന്നുണ്ടായിരുന്നു...
( എം. ആ൪ ഒളവട്ടൂ൪ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo