Slider

പെണ്ണുകാണലിന്റെ ഗുട്ടൻസ്

0

"എടാ.. നീയൊരു കാര്യറിയോ..?"
"എന്താ അമ്മേ..?"
"എടാ ഇന്നലെ ഞാനും ശോഭയും, സിന്ധൂന്റെ കുഞ്ഞിനെ കാണാൻ വടകര സഹകരണാശുപത്രിയിൽ പോയില്ലായിരുന്നോ.. കുഞ്ഞിനെയും കണ്ട് തിരിച്ച് വരുമ്പോൾ ഓരോ ലൈം കുടിക്കാൻ വേണ്ടി,ഞങ്ങൾ ബസ് സ്റ്റാന്റിന്റെ പുറകിലുള്ളൊരു കൂൾബാറിൽ കേറി.. "
"ഹാ.. എന്നിട്ട് "
"അവിടെ ഞങ്ങളൊരാളെ കണ്ടു.. മ്മളെ രവിയേട്ടന്റ മോള് ചിഞ്ചൂനെ, കൂടെ ഒരു ചെക്കനും "
"അതിനിപ്പെന്താ.. "
"അതിനൊന്നൂല്ലെ..?"
"ഹോ... ഇങ്ങളെ ഈ പഴയ ചിന്തിഗതി ഇനിയും മാറ്റാറായില്ലേ...?
ഒരു ചെക്കനും പെണ്ണും ഒരുമിച്ചിരുന്നാൽ എന്താ പ്രശ്നം.. അത് ഓളെ കൂടെ പഠിക്കുന്നവനോ, പരിചയക്കാരനോ ആയിരിക്കും.. ഇത് പണ്ടത്തെ കാലമൊന്നുമ്മല്ലമ്മേ.."
"നിനക്കതു പറയാം.. കൂടെ പഠിക്കുന്നവനൊന്നുമല്ല.. അവന് കുറച്ച് പ്രായമൊക്കെയുണ്ട്.. ഞങ്ങളെ കണ്ടപ്പോൾ പെണ്ണിന്റെ മുഖമൊന്ന് കാണേണ്ടതായിരുന്നു.. "
"ഇനി ചിലപ്പോൾ അവര് ഇഷ്ട്ടത്തിലായിരിക്കും, സ്വാഭാവികം.. നാട്ടിൽ നടക്കാത്തെ സംഭവമൊന്നുമല്ലല്ലോ.. ഇങ്ങള് അവരെ കണ്ട കാര്യമൊന്നും ആരോടും പറയാനൊന്നും പോകണ്ട.. അവരെന്തിങ്കിലും കാണിച്ചോട്ടെ...."
"പറയണ്ടാന്നോ.?. ഞാൻ പറയും, രമയോട് ഒന്ന് സൂചിപ്പിക്കണം മോളെ ഒന്ന് ശ്രദ്ധിക്കാൻ "
"നിങ്ങളൊന്ന് മിണ്ടാതിരുന്നേ.. വേണ്ടാത്ത പണിക്ക് പോയിട്ട്, അവസാനം അങ്ങനൊന്നും ഇല്ലെങ്കിൽ പിന്നെ നിങ്ങള് കള്ളിയാവും."
"നിങ്ങൾക്കറിയല്ല പ്രായമായ പെൺകുട്ടികളുള്ള വീട്ടുകാരുടെ അവസ്ഥ. അവര് രാവിലെ വീട്ടിൽനിന്നിറങ്ങി തിരിച്ചു വരുംവരെ ഞങ്ങളുടെ ഉള്ളിൽ തീയായിരിക്കും... ഇതിപ്പം നിന്റെ അനിയത്തിയുടെ കല്ല്യാണം കഴിഞ്ഞതുകൊണ്ടല്ലേ നീ ഇങ്ങനെ പറയുന്നത്. "
"ഹേയ് അതൊന്നുമ്മല്ല.. അതിപ്പോ മ്മക്ക് പറയാൻ പറ്റ്വോ, ഓള് പ്രേമിച്ചിക്കില്ലാന്ന്, ചിലപ്പോ മ്മളെ പെണ്ണും പ്രേമിച്ചിട്ടിണ്ടാവും.. എല്ലാ പ്രേമവും കല്ല്യാണത്തിലവസാനിക്കില്ലല്ലോ.... അതൊക്കെ പോട്ടെ ഇങ്ങള് പ്രേമിച്ചിക്ക്യേനോ..?"
"ഒന്ന് പോടാ ചെക്കാ.. ഓന്റൊരു കിന്നാരം..."
"സത്യം പറ ഇങ്ങള് കല്ല്യാണത്തിന് മുമ്പ് ആരേയും പ്രേമിച്ചിട്ടില്ലേ. ഞാൻ അച്ഛനോടൊന്നും പറയൂല.. ഇങ്ങള് പറ പ്രേമിച്ചിട്ടില്ലേ...?
"പിന്നേ... പ്രേമം..!!
പ്രേമിക്കാനുള്ള പ്രായവും പക്വതയും ആയപ്പോഴാണ് നിന്റെച്ഛൻ എന്നെ പെണ്ണ് കാണാൻ വന്നത് "
"ആദ്യത്തെ പെണ്ണ് കാണലിൽ തന്നെ കല്ല്യാണം ശരിയായോ.. ഭാഗ്യവതി... അച്ഛനെ കിട്ടിയത് ഇങ്ങള് ഭാഗ്യം തന്നയാ.. അല്ല എങ്ങനയായിരുന്നു ഇങ്ങളെ പെണ്ണുകാണൽ ചടങ്ങ്.? അന്ന് ഇങ്ങള് രണ്ടാളും കുറേ സംസാരിച്ചോ..?"
"സംസാരിക്കാനോ..!! നിനക്കെന്തോ കഥ... നിന്റച്ഛന് എന്നെ മര്യാദക്ക് കാണാൻ തന്നെ പറ്റിയിട്ടില്ല.... "
"അതെന്താ.. "
"അന്ന് ഊരത്ത് (അമ്മവീട് )
കുറേ പശുക്കളുണ്ടായിരുന്നു.. ഇവറ്റെകളെ മേയ്ക്കാലായിരുന്നു എന്റെ പ്രധാന പണി, ഒരു ദിവസം ഞാൻ വയലിൽ നിന്ന് പുല്ല് പറിച്ച് വീട്ടിലേക്ക് വരുമ്പോൾ പിന്നിൽ നിന്നൊരു വിളി..
'മല്ലികേ '..
തലയിൽ പുല്ലും കെട്ട് ഉള്ളതുകൊണ്ട് സാവധാനം തിരുഞ്ഞുനോക്കി "
" ആരായിരുന്നു അത് "
"മ്മളെ കാരങ്കോട്ടെ കണാരേട്ടൻ, കൂടെ ഒരു ചെറുപ്പക്കാരനും, കണാരേട്ടൻ എന്തക്കയോ ചോദിക്കുന്നുണ്ട്, ഞാനിതിനെല്ലാം ഉത്തരം പറയുന്നുമുണ്ട്.. അതിനിടയിൽ ആ ചെറുപ്പക്കാരൻ ഒന്നെന്റെ മുഖത്ത് നോക്കും, ഒന്ന് താഴെ നോക്കും, വീണ്ടും എന്റെ മുഖത്ത് നോക്കും, പിന്നെ താഴെ നോക്കും. ആ നോട്ടത്തിൽ എനിക്കെന്തൊ പന്തികേട് തോന്നി.. അതുകൊണ്ട് ആ മുഖം ഞാൻ നല്ലോണം നോക്കി വച്ചു... അവസാനം അവര് പോകാൻ നേരം കണാരേട്ടൻ ആ ചെറുപ്പക്കാരനോട് ചോദിച്ചു
"അല്ല ശ്രീധരാ പുല്ല് താഴെ ഇറക്കി വെപ്പിക്കണോ "
"വേണ്ട കണാരേട്ടാ അതൊന്നും വേണ്ടാ.."
അതും പറഞ്ഞ് അവര് പോയി.. "
"അല്ലെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് അച്ഛന് പണ്ടേ ഇഷ്ട്ടല്ല.. "
"അയ്യട..!! ഒരച്ഛനും മോനും, "
"അല്ല.. കല്ല്യാണത്തിന് മുമ്പ് ആ കാണൽ മാത്രമേ നടന്നിട്ടുള്ളൂ... പുല്ലും കെട്ടുമായി നിൽക്കുന്ന നിങ്ങളെ മുഖം എങ്ങനെ വെക്തമായി കാണാൻ പറ്റും."
"ആ ഒരൊറ്റ കാണൽ മാത്രം.. പിന്നെ കല്ല്യാണ പന്തലിൽ വച്ചാ ഞങ്ങള് കണ്ടത്.. "
"പുല്ലും കെട്ടും താഴെ വെപ്പിക്കാതെ ഒറ്റനോട്ടത്തിൽ ഇങ്ങളെ ഇഷ്ട്ടപ്പെട്ട അച്ഛന്റെ പെണ്ണ് കാണൽ ആശ്ചര്യം തന്നെ."
"ഇത് തന്നെയാ അന്ന് ഞാനും ചിന്തിച്ചത്... പിന്നെ കല്ല്യാണം കഴിഞ്ഞതിനു ശേഷമാണ് എനിക്ക് കാര്യം മനസ്സിലായത്."
"എന്ത് കാര്യം.. "
കല്ല്യാണം കഴിഞ്ഞ് പിറ്റേ ദിവസം കാലത്ത് മുറ്റമടിക്കുന്നതിനിടയിൽ എന്തോ ഒരു ശബ്ദ്ധം കേട്ട് താഴോട്ടൊന്ന് നോക്കി... അതാ നിൽക്കുന്നു മോനേ ഗഡാഗഡികളായ നാലഞ്ച് പശുക്കൾ... ഹോ.. ആ കാഴ്ച്ചയിൽ തന്നെ എന്റെ നല്ല ജീവൻ പോയി... അപ്പോഴാണ് എനിക്ക് ആ പെണ്ണുകാണലിന്റെ ഗുട്ടൻസ് പിടി കിട്ടിയത്..."
"ഹ ഹ.... എന്നാലും എന്റെച്ഛാ.. അമ്മേടെ സന്തോഷത്തിനെങ്കിലും, ആ പുല്ലും കെട്ട് താഴെ വെപ്പിച്ചിട്ട് ഒന്ന് കാണായിരുന്നില്ലേ..? "
മനീഷ് ശ്രീധരൻ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo