നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓര്‍മ്മയുടെ താക്കോല്‍കൂട്ടം


ഓര്‍മ്മയുടെ താക്കോല്‍കൂട്ടം
***********************************************************
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ഇത് പോലെ ചൂട് നിറഞ്ഞ ഒരു ഉച്ച നേരത്തായിരുന്നു ഗോപന്റെ അമ്മക്ക് ഓര്‍മ്മ നഷ്ടമായത്.ചൂട് കാറ്റ് മൂലം ജനാല വിരികള്‍ താഴ്ത്തി ഒരു വനിത മാസികയിലെ താളുകള്‍ മറിച്ചു ഉറക്കത്തിലേക്ക് വഴുതി വീണ സുഭദ്ര ടീച്ചര്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ ഓര്‍മ്മയുടെ താക്കോലുകള്‍ എന്നെന്നേക്കുമായി നഷ്ടമായിരുന്നു.അല്ഷിമേഴ്സ് എന്ന അസുഖത്തിന് ഒരു റിട്ടയേഡ് ഹെഡ് മിസ്ട്രസ്സിനെ ബഹുമാനിക്കണ്ട കാര്യം ഒന്നുമില്ലല്ലോ.
ഗോപന്റെ ഇളയ സഹോദരി ഗീതയായിരുന്നു അമ്മയെ പരിചരിച്ചു കൊണ്ടിരുന്നത്. ഗോപന്‍ നഗരത്തില്‍ ഒറ്റക്കാണ് താമസിക്കുന്നത്.അയാളുടെ ഭാര്യ വിദേശത്താണ്.
“ഇനി എനിക്കു നോക്കാന്‍ വയ്യ”.ഗീത ഒരു ദിവസം ഗോപനെ വിളിച്ചു പറഞ്ഞു.
“ഇപ്പോ മലമൂത്ര വിസര്‍ജനം മുറിക്കുള്ളിലാ.തോന്നുമ്പോ അങ്ങ് പോകും.കഴിഞ്ഞ ദിവസം അലമാര തുറന്നു,തുണി മുഴുവന്‍ കത്രിക കൊണ്ട് മുറിച്ച് ചെറിയ കഷണങ്ങള്‍ ആക്കി കളിക്കുകയാ.എന്നാ ചില നേരം നല്ല ഓര്‍മ്മയും .ആ സമയം ഒരു കുഴപ്പവും ഇല്ല..ഇതിന് മരുന്നൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞത് ഗോപേട്ടന്‍ കേട്ടതല്ലേ.”
അയാള്‍ മൂളി .
“മാത്രമല്ല ,യമുനക്ക് ആലോചനകള്‍ വരുന്നുണ്ട്.അവളുടെ അമ്മൂമ്മ ഈ അവസ്ഥയില്‍ ആണെന്ന്‍ അറിഞ്ഞാല്‍.......”അവള്‍ പതര്‍യോടെ പറഞ്ഞു നിര്‍ത്തി.
“തത്ക്കാലം ഒരു ഓള്‍ഡ്‌ ഏജ് ഹോമിലാക്കാം”.അയാള്‍ സ്വയം പറഞ്ഞു.
പിറ്റെന്നു അയാള്‍ ഗീതയുടെ വീട്ടിലേക്ക് പുറപ്പെട്ടു.അയാളെ കണ്ടപ്പോള് അമ്മ തിരിച്ചറിഞ്ഞില്ല.
“അമ്മക്ക് എന്നെ മനസിലായോ”?
അവര്‍ സ്വീകരണ മുറിയിലെ വാതിലിന്റെ മിനുസമുള്ള പിടി കൌതുകത്തോടെ തലോടുകയായിരുന്നു.കൊച്ചു കുട്ടികളെ പോലെ
“ഇല്ല.നീ ആ പ്യൂണ്‍ രാമകൃഷണന്റെ അനുജന്‍ അല്ലേ?” അവര്‍ ചോദിച്ചു.
.
അയാള്‍ അമ്മയെ ടാക്സി കാറില്‍ കയറ്റി.വൃദ്ധ ചില്ലിനു പുറത്തു കൂടി ,വൃക്ഷത്തലപ്പുകള്‍ പുറകോട്ടു പായുന്നത് കണ്ടു ചിരിച്ചു കൊണ്ടിരുന്നു.വണ്ടി ഓള്‍ഡ്‌ ഏജ് ഹോമില്‍ എത്തി.അവിടെ ഗോപന്റെ സുഹൃത്ത് വിളിച്ച് പറഞ്ഞിരുന്നു.
“ഇവിടെ ഇപ്പോ റൂമുകള്‍ ഫുള്‍ ആണ്.മാത്രമല്ല നമ്മള്‍ അല്ഷിമേഴ്സ് രോഗികളെ അഡ്മിറ്റ് ചെയ്യാറില്ല.” ഓള്ഡ്ഏജ് ഹോമിന്റെ‍ ഡയറക്റ്റര്‍ സിസ്റ്റര്‍ നിസ്സഹായവസ്ഥ അറിയിച്ചു.
തിരിച്ചു നഗരത്തില്‍ ബസ്സ് സ്റ്റാണ്ടില്‍അമ്മയെ കൂട്ടി ഇറങ്ങിയതിനു ശേഷം .അയാള്‍ വണ്ടി പറഞ്ഞു വിട്ടു.ഇനി?തന്റെ കൂടെ കൊണ്ട് പോയാല്‍ ആര് നോക്കും?അതോ തത്കാലം ഗീതയുടെ വീട്ടില്‍ തന്നെ നിര്ത്തിയാലോ?പക്ഷേ അടുത്ത ആഴ്ച അവളുടെ മകള്‍ യമുനയേ കാണാന്‍ ചെറുക്കന്റെ വീട്ടുകാര്‍ വരികയാണ്.
അവര്‍ സ്റ്റാണ്ടില്‍ കടന്നു അവിടെയുള്ള കല്ല്ബെഞ്ചില്‍ അമ്മയെ ഇരുത്തി.ഗോപനും ഒപ്പം ഇരുന്നു..ബെഞ്ചില്‍ നല്ല തണുപ്പുണ്ടായിരുന്നു.
പെട്ടെന്നു വൃദ്ധ അയാളുടെ കൈകള്‍ കവര്‍ന്നു .
“ഗോപാ ,നീ പോയി,ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ട് വാ.നല്ല ദാഹം.”
അവരുടെ കണ്ണുകളില്‍,ഓര്‍മ്മയുടെ മഞ്ഞുപടലങ്ങള്‍ ഒരു നിമിഷം കാറ്റില്‍ എന്നവണ്ണം മാറിയതിലേ സന്തോഷമുണ്ടായിരുന്നു.
“അമ്മ,ഇവിടെ തന്നെ ഇരുന്നോണം.എങ്ങോട്ടും പോയേക്കരുത്.”
“എനിക്കിപ്പോ നല്ല ഓര്‍മ്മയുണ്ട് മോനെ.ഞാന്‍ ഒരിടത്തും പോവില്ല.”
അവര്‍ ഗോപന്റെ കൈ കവര്‍ന്നു കൊണ്ട് പറഞ്ഞു.താന്‍ മൂലം മക്കള്‍ കഷ്ടപെടുന്നതിന്റെ ദു:ഖം താല്കാലികമായി തിരിച്ചു വന്ന ഓര്‍മ്മയില്‍ അവരെ പൊള്ളിക്കുന്നുവെന്ന് ആ കണ്ണുകള്‍ പറഞ്ഞു.
അമ്മയുടെ കൈകള്‍ ഒത്തിരി ചുക്കിച്ചുളിഞ്ഞിരിക്കുന്നു.ഗോപന്‍ ഓര്‍ത്തു..
അയാള്‍ പോയി.ഒരു കുപ്പി വെള്ളം വാങ്ങി.ടെന്ഷന്‍.ഒരു സിഗരറ്റ് വാങ്ങി വലിച്ചു.വേഗം തന്നെ തിരികെയെത്തി.
അവര്‍ അവിടെ ഇല്ലായിരുന്നു!അയാള്‍ ചുറ്റും തിരഞ്ഞു.അവര്‍ മാത്രം ഇല്ല.ആര്‍ക്കുമറിയില്ല .അവര്‍ എങ്ങോട്ടാണ് പോയതെന്ന്.ഒരു ദീര്‍ഘ ദൂര വണ്ടി സ്റ്റാന്ഡി്ല്‍ നിന്ന് ഒഴുകിയിറങ്ങി നഗരത്തിരക്കില്‍ മറയുന്നത്‌ അയാള്‍ ആധിയോടെ കണ്ടു.
അയാള്‍ അവിടെയുള്ള പോലീസ് എയിഡ് പോസ്റ്റിലേക്ക് ഓടി.അവിടെ എത്തിയപ്പോള്‍ അണച്ച് കൊണ്ട് കയ്യിലെ കുപ്പിവെള്ളം പൊട്ടിച്ച് വായിലേക്ക് കമിഴ്ത്തി.അവസാനത്തെ തണുത്ത തുള്ളികള്‍ അയാള്‍ മുഖത്തേക്ക് ഒഴിച്ചു.
അപ്പോള്‍ ഓര്‍മ്മയുടെ ,താക്കോല്‍കൂട്ടം അയാളുടെ ഉള്ളില്‍ എവിടെയോ വീണു ചിതറി.
“എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ട് പോയത് അമ്മയാ.ഞങ്ങള്‍ ഒരുമിച്ച് അന്നൊരു കല്ല് ബെഞ്ചില്‍ ഇരുന്നു.നല്ല തണുപ്പുള്ള കല്ല് ബെഞ്ച്.”
ചിലമ്പിച്ച സ്വരത്തില്‍ അയാള്‍ പോലീസുകാരനോടു പറഞ്ഞു തുടങ്ങി.
(അവസാനിച്ചു)

By
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot