നാം തീര്‍ക്കും വിജനതയില്‍
****************************************************************
"മറഞ്ഞു പോകുന്ന,മറന്നു പോകുന്ന,ഒട്ടും ശാശ്വതമല്ലാത്ത ,തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് സ്നേഹം.യഥാര്‍ത്ഥത്തില്‍ സ്നേഹം എന്ന ഒന്നില്ല.""
****************************************************************
"മറഞ്ഞു പോകുന്ന,മറന്നു പോകുന്ന,ഒട്ടും ശാശ്വതമല്ലാത്ത ,തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് സ്നേഹം.യഥാര്‍ത്ഥത്തില്‍ സ്നേഹം എന്ന ഒന്നില്ല.""
ഗ്ലാസില്‍ വീണ്ടും അടുത്ത പെഗ് പകര്‍ന്നു കൊണ്ട് ഫ്രെഡി പറഞ്ഞു.
ഞങ്ങള്‍ സ്നേഹത്തെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്.ആ വിഷയം ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയത് ,ഏലപ്പാറയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ്.
നേരം വൈകുന്നേരമായി.ഞാന്‍ പോയി ജനാല തുറന്നു.പുറത്തു തേയിലക്കുന്നുകള്ക്കിടയില്‍ തണുപ്പ് വീണു തുടങ്ങിയിരിക്കുന്നു.മുണ്ടക്കയം-ഏലപ്പാറ വഴിയില്‍ ,തേയില തോട്ടങ്ങളുടെ നടുവിലായിരുന്നു വാഗമണ്ണിലെ ആ ഫാംഹൌസ്.അവിടെ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ തങ്ങള്പ്പാറയിലെ സൂയിസൈഡ് പോയിന്റിലേക്ക്.മഞ്ഞില്‍ മറഞ്ഞു കിടക്കുന്ന അഗാധമായ കൊക്ക.
"നിനക്ക് എന്താണ് ഫ്രെഡി അങ്ങനെ തോന്നാന്‍ കാരണം.?"സുനിത ചോദിച്ചു.
ഫ്രെഡിയും സുനിതയും എന്റെ ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ്..സുനിതയും ഫ്രെഡിയും വിവാഹിതരായിട്ട് ഒരു വര്‍ഷമേ ആയുള്ളൂ.ഞങ്ങള്‍ നാല് പേരായിരുന്നു അടുത്ത സുഹൃത്തുക്കള്‍.
എഞ്ചിനീയരിംഗിന് ഒരുമിച്ചു പഠിച്ചു ഒരേ കമ്പനിയില്‍ ജോലി നേടിയ ഫ്രെഡി,സുനിത,മാനുവല്‍ ,പിന്നെ സ്റീഫന്‍ എന്ന ഞാനും.
"എനിക്ക് എന്റെ അപ്പനെ വളരെ സ്നേഹമായിരുന്നു.ചെറുപ്പകാലത്ത് അപ്പന്‍ റബ്ബര്‍ വെട്ടാന്‍ പോകുമ്പോള്‍ ഞാന്‍ അപ്പന്റെ കൂടെ പുലര്‍ച്ചെ മഞ്ഞു കൊണ്ട് പോകും.രാവിലെ അപ്പന്റെ കൂടെ തോട്ടത്തില്‍ ഇരുന്നായിരുന്നു പ്രാതല്‍ കഴിച്ചു കൊണ്ടിരുന്നത്.അപ്പന്റെ കൂടെ പള്ളിയില്‍ പോകും,ക്രിസ്തുമസ്സിനു നക്ഷത്രം ഉണ്ടാക്കും,അപ്പന്‍ ആയിരുന്നു എനിക്ക് എല്ലാം.അപ്പന്‍ മരിച്ചാല്‍ ഞാന്‍ ഇല്ലാതാകും എന്ന് വിചാരിച്ചിട്ടുണ്ട്."
ഫ്രെഡി വീണ്ടും ഒരിറക്ക് മദ്യം കഴിച്ചതിനു ശേഷം തുടര്‍ന്നു.
"അപ്പന്‍ ഇപ്പോള്‍ മരിച്ചിട്ട് ഏഴു കൊല്ലമായി.കഴിഞ്ഞ രണ്ടു വര്‍ഷമായി ,ആണ്ടില്‍ ഒരിക്കല്‍ നടത്തുന്ന കുര്‍ബാനയില്‍ പോലും പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.ചെറുപ്പത്തിലെ ആ ശക്തമായ സ്നേഹം കാലം ചെല്ലുന്നതോടെ മറഞ്ഞു.ഇപ്പോള്‍ അത് ഒരു ഓര്‍മ്മയായി .ആ സ്നേഹമൊക്കെ എവിടെ പോയി???"
സുനിത മേശയില്‍ വച്ചിരുന്ന ബേസിനില്‍ ഇറച്ചി നുറുക്കുകയാണ്.അവളുടെ അരികിലും ഒരു ഗ്ലാസ് സ്കോച്ച് ഇരിപ്പുണ്ട്.കൊച്ചിയില്‍ നിന്ന് വരുമ്പോള്‍ ഞങ്ങള്‍ ഏലപ്പാറയില്‍ ഇറങ്ങി,രാത്രി ഭക്ഷണത്തിന് വേണ്ട,ഇറച്ചിയും കപ്പയും,മറ്റു സാധനങ്ങളും വാങ്ങിയിരുന്നു.
"സ്നേഹം സത്യമാണ് ഫ്രെഡി.നിന്റെ തോന്നലുകള്‍ തെറ്റാണ്." അവള്‍ പറഞ്ഞു.
അവള്‍ ഇറച്ചി നുറുക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മാനുവലിനെ ഓര്‍മ്മ വന്നു.ഞങ്ങള്‍ നാല് പേര്‍ ഇതിനു മുന്‍പും ഈ റിസോര്‍ട്ടില്‍ വന്നു താമസിച്ചിട്ടുണ്ട്.മൂന്നു തവണ.രണ്ടു വര്‍ഷം മുന്പായിരുന്നു ഞങ്ങള്‍ ഒരുമിച്ചു അവസാനം ഇവിടെ വന്നത്.അന്ന് മാനുവലും സുനിതയും കമിതാക്കള്‍ ആയിരുന്നു.പൊരിഞ്ഞ പ്രണയം.
മാനുവല്‍ നന്നായി ഇറച്ചിക്കറി വയ്ക്കുമായിരുന്നു.ഇന്ന് സുനിത ഒറ്റക്ക് ഇറച്ചി നുറുക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മാനുവലിനെ വീണ്ടും ഓര്‍മ്മ വന്നു.
ഫ്രെഡി വീണ്ടും അടുത്ത പെഗ് കഴിച്ചു.
"സ്നേഹം സത്യമാണ് പോലും.നീ തന്നെ ഇത് പറയണം." ഫ്രെഡി പറഞ്ഞു.
"നീ ഉദ്ദേശിക്കുന്നത് മാനുവലിനെ കുറിച്ചാണ് എന്ന് എനിക്കറിയാം."സുനിത ഇറച്ചി നുറുക്കുന്നതു നിര്‍ത്തി.ഒരു നിമിഷം നിശബ്ദയായി.അവള്‍ അരികില്‍ ഇരുന്ന ഗ്ലാസില്‍ നിന്ന് കുറച്ചു മദ്യം കുടിച്ചു.ഉള്ളില്‍ ഉള്ളത് പുറത്തു വരാന്‍ ധൈര്യം സംഭരിക്കുന്നത് പോലെ.
"നമ്മള്‍ നാല് പേരും ഏറ്റവും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു.മാനുവലും ഞാനും എത്ര മാത്രം പരസ്പരം സ്നേഹിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയാം."അവള്‍ പറഞ്ഞു.
"കുന്തം.!ഫ്രെഡി ഗ്ലാസ് മേശപ്പുറത്തു വെച്ച് ആഞ്ഞടിച്ചു.
"അവനു നിന്നോട് ഉണ്ടായിരുന്നത് സ്നേഹം അല്ല.ഭ്രാന്ത് ആയിരുന്നു.ഓര്‍ക്കുന്നില്ലേ നമ്മള്‍ അവസാനം ഒരുമിച്ചു ഫാം ഹൗസില്‍ വന്നപ്പോള്‍ നീ ഗിറ്റാര്‍ വായിക്കാന്‍ മടിച്ചതിനു നിന്റെ തലക്ക് അവന്‍ അത് കൊണ്ട് അടിച്ചത്.അന്ന് നീ മരിച്ചില്ല എന്നേയുള്ളു.ഭാഗ്യത്തിന് രക്ഷപ്പെട്ടു.എത്ര പ്രാവശ്യം അവന്‍ നിന്നെ തല്ലിയിരിക്കുന്നു.നിങ്ങള്‍ തമ്മില്‍ ഉള്ള വഴക്ക് തീര്‍ക്കല്‍ ആയിരുന്നു ഒരു കാലത്ത് എനിക്കും സ്റ്റീഫനും ജോലി."
"അവനു നിന്നോട് ഉണ്ടായിരുന്നത് സ്നേഹം അല്ല.ഭ്രാന്ത് ആയിരുന്നു.ഓര്‍ക്കുന്നില്ലേ നമ്മള്‍ അവസാനം ഒരുമിച്ചു ഫാം ഹൗസില്‍ വന്നപ്പോള്‍ നീ ഗിറ്റാര്‍ വായിക്കാന്‍ മടിച്ചതിനു നിന്റെ തലക്ക് അവന്‍ അത് കൊണ്ട് അടിച്ചത്.അന്ന് നീ മരിച്ചില്ല എന്നേയുള്ളു.ഭാഗ്യത്തിന് രക്ഷപ്പെട്ടു.എത്ര പ്രാവശ്യം അവന്‍ നിന്നെ തല്ലിയിരിക്കുന്നു.നിങ്ങള്‍ തമ്മില്‍ ഉള്ള വഴക്ക് തീര്‍ക്കല്‍ ആയിരുന്നു ഒരു കാലത്ത് എനിക്കും സ്റ്റീഫനും ജോലി."
ഫ്രെഡി പറഞ്ഞത് ശരിയായിരുന്നു.മറൈന്‍ ഡ്രൈവില്‍ വച്ച് നടന്ന ആ സംഭവം എനിക്ക് മറക്കാന്‍ കഴിയില്ല.
അവര്‍ രണ്ടു പേരും കൂടി ഒരിക്കല്‍ മറൈന്‍ ഡ്രൈവിനു അടുത്തുള്ള ബേക്കറിയില്‍ കയറി..ബേക്കറിയില്‍ കയറി കാപ്പി പറഞ്ഞിട്ട് കുറെ നേരമായിട്ടും കിട്ടിയില്ല.ദേഷ്യം മൂത്ത് മാനുവല്‍ ഇറങ്ങി പോകാന്‍ തുടങ്ങി.സുനിത സമ്മതിച്ചില്ല.
അവര്‍ രണ്ടു പേരും കൂടി ഒരിക്കല്‍ മറൈന്‍ ഡ്രൈവിനു അടുത്തുള്ള ബേക്കറിയില്‍ കയറി..ബേക്കറിയില്‍ കയറി കാപ്പി പറഞ്ഞിട്ട് കുറെ നേരമായിട്ടും കിട്ടിയില്ല.ദേഷ്യം മൂത്ത് മാനുവല്‍ ഇറങ്ങി പോകാന്‍ തുടങ്ങി.സുനിത സമ്മതിച്ചില്ല.
"നിന്നെ ആ കൌണ്ടറില്‍ ഇരുന്ന മറ്റവന്‍ വായി നോക്കുന്നത് ഞാന്‍ കുറെ നേരമായി കണ്ടു കൊണ്ടിരിക്കുകയാണ്.നിനക്ക് അവനെ അത്രക്ക് ഇഷ്ടപ്പെട്ടെങ്കില്‍ നീ അവന്റെ കൂടെ പോയി പൊറുക്കടി..."അവന്‍ ആ കടയില്‍ വച്ചിരുന്ന സാധനങ്ങള്‍ വലിച്ചെറിഞ്ഞു.കടക്കാരുമായി അടി.ഒടുവില്‍ സുനിത എന്നെയും ഫ്രെഡിയെയും വിളിച്ചു.ഞങ്ങള്‍ ചെന്ന് കടക്കാരന്റെ കാലില്‍ വീണു ഒടുവില്‍ കേസില്ലാതെ ഒത്തുതീര്‍പ്പാക്കി.
ആ സംഭവത്തോടെ സുനിത മാനുവലില്‍ നിന്നും ശരിക്കും അകന്നു തുടങ്ങി.
"മാനുവലിന് നിന്നോട് ഉള്ളത് സ്നേഹം ആയിരുന്നു എന്ന് നീ കരുതുന്നുണ്ടോ ?"ഫ്രെഡി വീണ്ടും ചോദിച്ചു.അവന്‍ നന്നായി മദ്യപിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് തോന്നി.
"അവന്‍ പാവമായിരുന്നു.അവനു ശരിക്കും എന്നോട് സ്നേഹം തന്നെയായിരുന്നു ഫ്രെഡി.മാനുവലിന്റെ അപ്പനും അമ്മയും അവനു ചെറുപ്പത്തിലെ പിരിഞ്ഞതാണ്.അതിനു ശേഷം അവന്റെ അമ്മ വേറെ വിവാഹം കഴിച്ചു.അപ്പന്‍ ആത്മഹത്യ ചെയ്തു.അതിന്റെ എല്ലാം ദേഷ്യം അവനു എല്ലാവരോടും ഉണ്ടായിരുന്നു.നമ്മള്‍ മൂന്നു പേരുമായിരുന്നു അവനു എല്ലാം...നീ അതെല്ലാം മറന്നോ ഫ്രെഡി..ഇത്ര പെട്ടെന്ന്...സ്നേഹം എന്നുള്ളത് പെട്ടെന്ന് മറന്നു പോകുന്ന ഒന്നാണോ ?"
"ഹഹ,ഇത് നല്ല തമാശ..."ഫ്രെഡി ഉറക്കെ ചിരിച്ചു.അയാള്‍ വീണ്ടും ഗ്ലാസില്‍ മദ്യം നിറച്ചു.പിന്നെ എന്റെ കയ്യില്‍ ഇരുന്ന ഗ്ലാസില്‍ മദ്യം പകര്‍ന്നു തന്നു.ഞാന്‍ അത് കഴിക്കാതെ അവനെ നോക്കി നിന്നു.
ഫ്രെഡി സുനിതയുടെ അരികില്‍ എത്തി.ഗ്ലാസ് മേശപ്പുറത്തു വച്ച് അവന്‍ അവളെ ചുംബിച്ചു.എന്നിട്ട് നുറുക്കി വച്ച ഒരു കഷണം ഇറച്ചി എടുത്തു വായിലിട്ടു.
"പച്ച ഇറച്ചി.ഇതിലും നല്ല ടച്ചിങ്ങ്സ് സ്വപ്നങ്ങളില്‍ മാത്രം."അയാള്‍ അത് കഴിച്ചതിനു ശേഷം ഗ്ലാസിലെ മദ്യം തൊണ്ടയിലേക്ക് കമിഴ്ത്തി.
"സുനിതേ,സ്നേഹത്തിനെ കുറിച്ച് ഞാന്‍ പറഞ്ഞ തിയറി പ്രൂവ് ചെയ്യുന്നതാണ് ഇപ്പോള്‍ നീ പറഞ്ഞ ഡയലോഗ്.വളരെ പെട്ടെന്ന് മറന്നു പോകുന്ന ഒന്നാണ് സ്നേഹം.മാനുവല്‍ ഇപ്പോള്‍ നമ്മുടെ ഓര്‍മ്മകളില്‍ മാത്രം.സ്നേഹം യഥാര്ത്ഥ്ത്തില്‍ ഉള്ളതായിരുന്നെങ്കില് എനിക്ക് എന്റെ അപ്പനെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല.നിനക്ക് മാനുവലിനെയും.നീ മാനുവലിനെ മറന്നു.അവന്‍ ആത്മഹത്യ ചെയ്തു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്നെ വിവാഹം ചെയ്തു.നിന്നെ ഗിറ്റാര്‍ കൊണ്ട് തലക്ക് അടിച്ച അവനെ നീ മറന്നു.ദാറ്റ് പ്രൂവ്സ് മൈ പോയിന്റ്. സ്നേഹം എന്ന ഒന്നില്ല.കാലം എന്നത് മാത്രമേ സത്യത്തില്‍ ഉള്ളു."
മുറിയില്‍ നിശബ്ധത പടര്‍ന്നു..സുനിതയുടെ മുഖത്തെ രക്തമയം വറ്റുന്നത് ഞാന്‍ കണ്ടു..ഫ്രെഡി കസേരയില്‍ പുറകോട്ടു ചാഞ്ഞിരുന്നു മദ്യപിച്ച് കൊണ്ടിരുന്നു.
മാനുവലിന്റെ സ്വഭാവത്തിലെ ക്രൂരത സഹിക്കാന്‍ വയ്യാതെ സുനിത അകന്നു തുടങ്ങിയിരുന്നു.മാനുവലും ,ഫ്രെഡിയും നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഒരുമിച്ചായിരുന്നു താമസിച്ചത്.സുനിതയുമായുള്ള അകല്‍ച്ച അവനെ നാളുകള്‍ കൊണ്ട് ഒരു വിഷാദ രോഗിയാക്കി.ഒടുവില്‍ ഒരു പുലര്‍ച്ചെ അവന്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ചു.
"പിന്നെ,പിന്നെ എന്താണ് ഫ്രെഡി സ്നേഹം ?"സുനിത അവനെ നോക്കി ചോദിച്ചു.അവളുടെ സ്വരം ഇടറിയിരുന്നു.
"സ്നേഹം എന്നാല്‍ നാം അറിയാത്ത വിജനതയാണ് സുനിത.ജീവിതം എന്നാല്‍ ഒരു വൈകുന്നെര യാത്രയാണ്..ഇത് പോലെ,മഞ്ഞു മൂടിയ,കാടുകളും ,കൊക്കകളും ഉള്ള സ്ഥലത്തു കൂടി നാം നടക്കുന്നു..പക്ഷെ ആ സ്ഥലം ഒരിക്കലും നമ്മളെ സംബന്ധിച്ച് വിജനമല്ല.കാരണം എനിക്ക് നീയും നിനക്ക് ഞാനും ഒപ്പം ഉള്ളത് കൊണ്ട്.എന്നാല്‍ നമ്മളില്‍ ഒരാള്‍ പിന്‍വാങ്ങുമ്പോള്‍ ,അവശേഷിക്കുന്ന ആള്‍ ഒറ്റയ്ക്കാവുന്നു.അയാള്‍ അപ്പോള്‍ ആ വിജനത അനുഭവിക്കാന്‍ തുടങ്ങുന്നു.അത് മുന്പ് തന്നെ ഉണ്ടായിരുന്നതാണ്.എന്നാല്‍ കൂടെ ഉണ്ടായിരുന്ന ആള്‍ പോകുമ്പോഴാണ് ,ആ വിജനത നാം അനുഭവിക്കാന്‍ തുടങ്ങുന്നത്".
ഫ്രെഡി വീണ്ടും കുടിച്ചു.
"ഫ്രെഡി മതി.ഈ ഫിലോസഫി നമ്മുക്ക് നിര്‍ത്താം " ഞാന്‍ പറഞ്ഞു.
"നോ.ലെറ്റ് മീ എക്സ്പ്ലേയിന്‍."ഫ്രെഡി നന്നായി ഫിറ്റ് ആയിരിക്കുന്നു.
"ആദ്യം നീയും മാനുവലും ഒരുമിച്ചു നടന്നു.മാനുവല്‍ പോയപ്പോള്‍ നീയാ വിജനത അനുഭവിച്ചു.ഇപ്പോള്‍ നാം ഒരുമിച്ചാണ് നടക്കുന്നത്.നമ്മളില്‍ ഒരാള്‍ പോയാല്‍ നാം നമ്മുടെ ചുറ്റിനുമുള്ള വിജനത അനുഭവിക്കും.മറ്റൊരാള്‍ വരുന്നത് വരെ."
ഞങ്ങള്‍ നിശബ്ദരായി.ഫ്രെഡി തുടര്‍ന്നു.
"മരണം മാത്രമല്ല ഈ വിജനതക്ക് കാരണം സുനിത.കേവല സത്യങ്ങള്‍.ചില സത്യങ്ങള്‍ അറിയുന്നതോടെ നാം ചിലരെ മറക്കും.അതോടെ നാം ഒറ്റക്കാവും .ജീവിതം വിജനമാകും."
"ഇല്ല ഫ്രെഡി.നീ ഒരിക്കലും ഒറ്റക്ക് ആവില്ല.മാനുവല്‍ പോയതിനു ശേഷം അടച്ചു പൂട്ടി മുറിയില്‍ കഴിഞ്ഞ എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് നീയായിരുന്നു.നിന്റെ സ്നേഹമാണ് എന്നെ ജീവിപ്പിക്കുന്നത്.മാനുവലിന്റെ മരണത്തിന്റെ കാരണം ഞാന്‍ ആയിരുന്നു എന്ന കുറ്റബോധം ഇല്ലാതാക്കിയത് നിന്റെ ഇടപെടല്‍ കാരണമാണ്."
ഫ്രെഡി കുറെ നേരം കണ്ണുകള്‍ അടച്ചിരുന്നു.മേശയില്‍ ഇരുന്ന സുനിതയുടെ ഗിറ്റാര്‍ എടുത്തു അവന്‍ വായിക്കാന്‍ തുടങ്ങി.കുറച്ചു നേരം ഗിറ്റാര്‍ വായിച്ചപ്പോള്‍ അവന്റെ മുഖത്ത് ഒരു പ്രകാശം വീണത് പോലെ.
പിന്നെ ഒരു മന്ത്രം പോലെ അവന്‍ പറഞു.
"സുനിതെ,മാനുവലിനെ കൊന്നത് ഞാനാണ്.അവന്റെ വായില്‍ വിഷം ഒഴിച്ച് കൊടുത്തു അന്ന് പുലര്‍ച്ചെ ...കാരണം എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമായിരുന്നു.അവനും നീയും വിവാഹം കഴിച്ചാല്‍ ഒരിക്കലും ശരിയാകില്ല എന്ന് എനിക്ക് തോന്നി.ആ തോന്നല്‍,നിന്നോടുള്ള ഇഷ്ടം അത് ഒരു കൊലപാതകത്തില്‍ കലാശിച്ചു."
ഞാനും സുനിതയും ഞെട്ടി.ഞാന്‍ പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു.
"എട്ടോ ഒന്പതോ പെഗായി.ഇവന് തലക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്.അതാണ് ഈ പുലമ്പുന്നത് ..."ഞാന്‍ പറഞ്ഞു.
പെട്ടെന്ന് ഫ്രെഡി പൊട്ടിചിരിച്ചു.
"കണ്ടോ കണ്ടോ...ഒരു ചെറിയ നമ്പര്‍ ഇറക്കിയപ്പോഴേ അവളുടെ ഭാവം മാറിയത് കണ്ടില്ലേ..ആ സ്നേഹം ഒക്കെ സംശയമായിത്തീരാന്‍ നിമിഷങ്ങള്‍ മതി എന്ന് മനസ്സിലായില്ലേ...ഇത്രേയുള്ളൂ ഈ പറയുന്ന സ്നേഹവും പ്രേമവും ഒക്കെ..."
"രണ്ടു പേരും ഒരുമിച്ചു ഒന്ന് നടന്നിട്ട് വാ.ഒന്ന് കാറ്റ് കൊണ്ട് വരുമ്പോള്‍ മൂഡ് ശരിയാകും.ഞാന്‍ അപ്പോഴേക്കും ഈ ഇറച്ചി ശരിയാക്കാം."
ഞാന്‍ സുനിതയെയും ഫ്രെഡിയെയും നിര്‍ബന്ധിച്ചു ഇറക്കി വിട്ടു. ഫ്രെഡിയുടെ കയില്‍ ആ ഗിറ്റാറുമുണ്ടായിരുന്നു.
പുറത്തെ മഞ്ഞിലെക്ക് അവര്‍ നടന്നു പോകുന്നത് ഞാന്‍ നോക്കി നിന്നു.ഇറച്ചി അടുപ്പില്‍ മസാല ചേര്‍ത്ത് വയ്ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഫ്രെഡി പറഞ്ഞ വാചകങ്ങള്‍ പ്രതിധ്വനിച്ചു.
മരിക്കുന്നതിനു തലേന്ന് മാനുവല്‍ തന്നെ വിളിച്ചതാണ്.അവന്റെ സ്വരത്തില്‍ ഉത്സാഹം ഉണ്ടായിരുന്നു.സുനിതയുമായി ഉള്ള ബന്ധം അവന്‍ ഉപേക്ഷിക്കുകയാണ് എന്നും ബാംഗ്ലൂരിലേക്ക് മാറുകയാണ് എന്നും അവന്‍ പറഞ്ഞു..തന്റെ സ്വഭാവം കൊണ്ട് സുനിതയുടെ ഭാവി നശിക്കുകയെ ഉള്ളു എന്ന് മാനുവല്‍ തിരിച്ചറിഞ്ഞിരുന്നു.അതിനു പിറ്റേന്ന് അവന്‍ ആത്മഹത്യ ചെയ്തു എന്നുള്ളത് അവിശ്വസനീയമായിരുന്നു.പക്ഷെ ഇത്തരം വിഷാദ രോഗികളില്‍ മൂഡ് മാറ്റം പെട്ടെന്നാണ് ഉണ്ടാവുക എന്ന് സുഹൃത്ത് കൂടിയായ സൈക്ക്യാട്രിസ്റ്റ് പറഞ്ഞിരുന്നു..അത് കൊണ്ട് അന്ന് കൂടുതല്‍ അന്വേഷിച്ചില്ല.പക്ഷെ ഫ്രെഡിക്ക് അത് ചെയ്യാന്‍ കഴിയുമോ.?അവര്‍ തമ്മില്‍ സഹോദരങ്ങളെ പോലെ ആയിരുന്നു.ഇല്ല.ഫ്രെഡി സുനിതയെ ഇളക്കാന്‍ ഒരു നമ്പര്‍ ഇറക്കിയതാണ്.
ഞാന്‍ മുറി പൂട്ടി പുറത്തിറങ്ങി.വഴിയില്‍ എങ്ങും അവരെ രണ്ടു പേരെയും കണ്ടില്ല.ഇരു വശത്തുമുള്ള മലനിരകളില്‍ വാഹനങ്ങള്‍ പോകുന്നതിന്റെ ചെറിയ വെളിച്ചങ്ങള്‍ കാണാം.തേയിലയുടെ മണമുള്ള തണുത്ത കാറ്റ് മുഖത്ത് അടിച്ചു.
"സുനിതേ,ഫ്രെഡി....".ഞാന്‍ ഉറക്കെ വിളിച്ചു.ആരും വിളി കേട്ടില്ല.ഫ്രെഡി പറഞ്ഞത് പോലെ വിജനമായ വഴി.ജീവിതം പോലെ.
ഞാന്‍ മുന്നോട്ടു നടന്നു.തങ്ങള്പ്പാറയിലെ സൂയിസൈഡ് പോയിന്റിലേക്ക് നടന്നു.വേലി കെട്ടിത്തിരിച്ച ആത്മഹത്യാ മുനമ്പ്.
അവിടെ ആരും ഉണ്ടായിരുന്നില്ല.വേലിയുടെ അരികിലെ പാറയില്‍ ആ ഗിറ്റാര്‍ മാത്രം കിടന്നു.ഞാന്‍ അത് ചെന്നെടുത്തു.അത് പൊട്ടി ചിതറിയ നിലയിലായിരുന്നു കിടന്നത്.
താഴെ കൊക്കയില്‍ മഞ്ഞു മൂടി അവ്യക്തമാണ്.വീണ്ടും ഉറക്കെ ഞാന്‍ കൂട്ടുകാരുടെ പേര് വിളിച്ചു.പൈന്കാടുകളില്‍ നിന്ന് മറുപടി എന്ന പോലെ ഒരു കാറ്റ് വീശി .അത് എന്റെ കാഴ്ചയെ മറച്ചു കൊണ്ട് മഞ്ഞിന്റെ പുതപ്പ് കൊണ്ട് ഒന്ന് കൂടി കൊക്കയെ പുണര്‍ന്നു.
ഇപ്പോള്‍ സര്‍വത്ര വിജനമാണ്.എല്ലായിടത്തും മഞ്ഞു മാത്രം..ഞാന്‍ തീര്‍ത്തും ഒറ്റക്കാണ്.
ഗിറ്റാറിന്റെ പൊട്ടാത്ത തന്ത്രിയില്‍ ഒന്ന് കൂടി തലോടി ഞാന്‍ ഫ്രെഡിയുടെ പാട്ട് പാടാന്‍ ശ്രമിക്കുകയാണ്.അതിന്റെ ശബ്ദം കേട്ട് അവര്‍ എന്റെ അരികിലേക്ക് വരും എന്ന് എനിക്ക് ഉറപ്പുണ്ട്
(അവസാനിച്ചു)
By Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക