മുഖങ്ങൾ. (കവിത )
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
എഴുതാനെടുത്ത എഴുത്താണിയിന്ന്
കഴുക്കോലിൽ തൂങ്ങി മരിച്ചു കിടക്കുന്നു.!
കൈവിരൽ പത്തും വെട്ടിയെടുത്തിട്ട്
കഴുത്തിലൊരു ഹാരവും ചാർത്തിയവർ.!
ശബ്ദിച്ചു പോയങ്കിലെന്നു ഭയന്നിട്ടു
നാവും അറുത്തവർ ഓടിയകന്നു പോയ്.
കാണുന്ന കാഴ്ച്ചയിൽ ക്രോധം അരുതെന്നു
ചൊല്ലിയെൻ കണ്ണും ചൂഴ്ന്നെടുത്തൂ അവർ.!
പൊറുക്കാൻ പഠിച്ചയെൻ ഹൃദയത്തെയിന്നവർ
അറുത്തെടുത്താനന്ദ നൃത്തം ചവിട്ടുന്നു.
പാദങ്ങൾ രണ്ടും വെട്ടിയെടുത്തവർ
പാദങ്ങളില്ലാതിഴയാനലറുന്നു.!
വാഴ്വിൻെറ നോവെഴുതാൻ തുനിയരു -
തെന്നു കല്പിച്ചു തമ്പ്രാക്കളായവർ വാഴുന്നു.!
പാവം എഴുത്താണി തൂങ്ങിക്കിടക്കുന്നു
പാതകം ചെയ്തവർ പൊട്ടിച്ചിരിക്കുന്നു.!
നീതി ന്യായങ്ങളെ തൂക്കി വില്ക്കുന്നവർ
കാട്ടാള നീതിക്കു കൂട്ടു നില്ക്കുന്നു.
വെട്ടി നിരത്തുവാനാകുമോ കൂട്ടരെ
ചുട്ടി കുത്തിത്തിമർത്താടും മുഖങ്ങളെ.?!
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അസീസ് അറക്കൽ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക