നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപഹാരം


അപഹാരം
*********************************************************************
പതിനൊന്ന്‍ കൊല്ലം മുന്പ് താന്‍ അഴിച്ചു വച്ച ശനിയുടെ ചിലമ്പും , വെള്ളി കെട്ടിയ വാളും ,കറുത്ത പട്ടു തുണിയില്‍ പൊതിഞ്ഞത് നോക്കി ചോയി മൂപ്പന്‍ നെടുവീര്‍പ്പിട്ടു...പതിനൊന്ന് കൊല്ലം മുന്പത്തെ ഒരു ശനിയാഴ്ചയാണ് മൂപ്പന്‍ അവസാനമായി ഉറഞ്ഞു തുള്ളിയത്.പിറ്റേന്ന് ഭാര്യ ദേവകി മരിച്ചു.
അതിനു ശേഷം പിന്നീടിത് വരെ ഗ്രഹനിലയുടെ അധിപന്‍,യമദേവന്റെ സഹോദരന്‍,സൂര്യപുത്രന്‍ ,ചോയിയില്‍ പ്രവേശിച്ചിട്ടില്ല.കറുത്ത ചായം മുഖത്ത് വാരി തേച്ചു,വെള്ളി കെട്ടിയ കൊടുവാള്‍ വീശി,ഭക്തരുടെ ശനിദോഷങ്ങള്‍ അകറ്റിയിട്ടില്ല.
ശനിക്ക്‌ നേദിക്കുന്നത് കറുത്ത കായ്കളും ,കറുത്ത എണ്ണയുമാണ്.തുള്ളല്‍ നിന്നതിനു ശേഷം ശനിയാഴ്ചകളില്‍ ആരും കാവിലെ കുളത്തില്‍ മുങ്ങി ദോഷങ്ങള്‍ തീര്‍ക്കുവാന്‍ വരാറില്ല.എങ്കിലും ചോയിയുടെ മകന്‍ ഗോവിന്ദന്റെ മകള്‍ ആതിര എന്നും കാവിനു മുന്നില്‍ വിളക്കു വയ്ക്കും.അകത്തു സ്ത്രീകള്‍ കയറാന്‍ പാടില്ല
.
“അതെന്താ കയറിയാല്‍...” ആതിര ചോദിക്കും.
“ശനിയുടെ ദൃഷ്ടി സ്ത്രീയില്‍ പതിഞ്ഞാല്‍ ഭൂമിയില്‍ അപകടങ്ങള്‍ വര്ധിക്കും.ബലാത്സംഗം കൂടും.ദുഃഖ വാര്‍ത്തകള്‍ കേള്‍ക്കും .” ചോയി പറയും.
ഒരിക്കല്‍ ആരും കാണാതെ കയറണം.കറുത്ത ദേവനെ കാണണം.ഉള്ളില്‍ ആതിര ഇടക്ക് വിചാരിക്കും.
ആതിരക്ക് ശനി അജ്ഞാതനായിരുന്നു.
പക്ഷെ ചോയിക്ക് ശനി എല്ലാമായിരുന്നു.യമന്റെ സഹോദരന്‍.നന്മ തിന്മകള്ക്ക് അനുസരിച്ച് മനുഷ്യന് പ്രതിഫലം കൊടുക്കുന്നുവന്‍.പിറന്ന നേരം കണ്ണ് തുറന്നപ്പോള്‍ സൂര്യഗ്രഹണം ഉണ്ടാക്കിയ ഗ്രഹങ്ങളുടെ അധിപന്‍.സൂര്യപുത്രന്‍.
“ശനി എല്ലായിടത്തുമുണ്ട്..മോളെ..വലിയ കൊടുംകാറ്റും മഴയും വരുമ്പോ നീ ആകാശത്തേക്ക് നോക്കണം...മാനത്തിന്റെ അതിരിലെ മേഘങ്ങള്ക്ക് ഒരു വെള്ളി നിറം ഉണ്ടാവും..ആ വെള്ളി രേഖക്ക് പുറകില്‍ കറുത്ത മേഘങ്ങള്‍ പതിയിരിക്കും...വെള്ളിക്കു ശേഷം കറുപ്പ്..വെള്ളിക്ക് ശേഷം ശനി..”ചോയി പറയും.
ഗോവിന്ദന്‍ എന്നും കുടിച്ചിട്ട് വരും.പാത്രങ്ങള്‍ വലിച്ചെറിയും.ആ സമയം ആതിര മുറിയില്‍ പതുങ്ങിയിരിക്കും.
“ഈ വീട്ടിലെ ശനി..”ചോയി പിറുപിറുക്കും.
ഒരിക്കല്‍ ഗോവിന്ദന്‍ കുടിച്ചിട്ട് വന്നു ചോയിയെ തല്ലി.പവിത്രമായ കറുത്ത പട്ടുതുണിയില്‍ പൊതിഞ്ഞ വാളും ചിലമ്പും അയാള്‍ മദ്യം ഒഴിച്ച് കഴുകി.
“മുത്തച്ച്ഛനെ തല്ലല്ലേ അച്ഛാ...”ആതിര ഓടി വന്നു ഗോവിന്ദനെ തടഞ്ഞു..
അന്ന് വരെ കാണാത്ത ഗോവിന്ദന്റെ മദ്യപിച്ച കണ്ണുകള്‍ ആതിരയെ ആദ്യമായി കണ്ടു.മകള്‍ സ്ത്രീയായിരിക്കുന്നു.
പിറ്റേന്ന് ഗോവിന്ദന്‍ മദ്യപിക്കാതെ വന്നു.അയാള്‍ പുതിയ പട്ടു പാവാടയും ബ്ലൌസിന് തുണിയും മകള്ക്ക് വാങ്ങി.കാരണമില്ലാതെ അവള്‍ ചോയി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു..വെള്ളിക്കു ശേഷം ശനി..
പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു.മകന്‍ അശുദ്ധമാക്കിയ വെള്ളി കെട്ടിയ വാളും,ചിലമ്പുമായി ചോയി പൂജകള്ക്കായി കാവിലെ കോവിലിനുള്ളില്ലേക്ക് പോയി.ശനി പൊറുക്കുമോ തന്നോട്?...
കാറ്റും കോളും നിറഞ്ഞ വൈകുന്നേരത്തിനു തുടക്കമായി മാനത്തിന് അരികില്‍ വെള്ളി നിറം പ്രത്യക്ഷപെടുന്നത് ആതിര കണ്ടു..അപ്പോള്‍ കഴുത്തിന്‌ പുറകില്‍ പിതാവിന്റെ ശ്വാസം അവള്‍ മണത്തു.
“പോയി ഞാന്‍ മേടിച്ചു തന്ന പാവാട ഇടെടി..”മൃഗം മുരണ്ടു.
അയാളുടെ പിടി വിടുവിച്ചു അവള്‍ ഓടി.ഗോവിന്ദന്‍ പുറകെ...
മഴയുടെ ആദ്യ തുള്ളി വീണു.എങ്ങോട്ട് ഓടും..കാവില്‍ സ്ത്രീകള്ക്ക് പ്രവേശനമില്ല..പക്ഷെ..
അവള്‍ ആദ്യമായി കാവ് കുറുകെ കടന്നു..ശനി ക്ഷമിക്കട്ടെ.
‘അച്ഛച്ചാ...!!ആതിരയുടെ കരച്ചില്‍ കേട്ടു ചോയി തിരിഞ്ഞു നോക്കി.
കീറിപറിഞ്ഞ വസ്ത്രങ്ങളുമായി ഓടി വരുന്ന പേരക്കുട്ടി..അതിനു പുറകെ കലങ്ങി ചുവന്ന കാമഭ്രാന്ത്‌ നിറഞ്ഞ കണ്ണുമായി മകന്‍.കോവിലില്‍ കറുത്ത ചായത്തില്‍ മുങ്ങിയ ശനിയുടെ ദേവ വിഗ്രഹം.
“ഹീയാ...ഹീയാ...”
ഉടലില്‍ ..അടിവയറ്റില്‍ നിന്ന് ഒരു പെരുപ്പ്‌ കയറുന്നു..
ചോയി ഉറക്കെ അട്ടഹസിച്ചു.
പതിനൊന്ന് വര്ഷ്ങ്ങള്ക്കു ശേഷം ആദ്യമായി ,ഉടലില്‍ ശനി ഉറയുന്നു.മുഖത്ത് കറുത്ത ചായം വാരി തേയ്ക്കുന്നു..പട്ടു തുണിയിലെ ചിലമ്പുകള്‍ ശനി കാലില്‍ അണിയിക്കുന്നു.കയ്യില്‍ വെള്ളി കെട്ടിയ വാള്‍ ഏല്പ്പിക്കുന്നു...ഗ്രഹാധിപാ...സൂര്യപുത്രാ..
“ഹീയ..ഹീയാ...”
ശനി ഉറഞ്ഞു തുള്ളുകയാണ്.ചിലമ്പ് കിലുങ്ങുന്നു...നാവില്‍ കറുപ്പ് തെളിയുന്നു.
ആതിര ശനിയുടെ പുറകില്‍ പതുങ്ങി നിന്നു.
ഗോവിന്ദന് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല.ഉടലില്‍ നിന്ന് ശിരസ്സ്‌ വേര്‍പെട്ട് കറുത്ത തുണി വിരിച്ച പീഠത്തിലേക്ക് വീണു.ചോരയുടെ ചുവപ്പ് കറുപ്പില്‍ ഗ്രഹനില വരച്ചു.
അപ്പോള്‍ മാനത്ത് വെള്ളി നിറത്തിനു പുറകിലെ കറുത്ത ദേവകള്‍ വെളിയില്‍ വന്നു.സര്‍വ്വം ശുദ്ധമാക്കുന്ന പേമാരി ആരംഭിക്കുകയാണ്...
(അവസാനിച്ചു)

By
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot