Showing posts with label RSreeraj. Show all posts
Showing posts with label RSreeraj. Show all posts

നീ (മിനിക്കഥ)


നീ സമ്മാനിച്ച ആ പഴയ പുസ്തകം ഞാനിന്നലെ വെറുതെ പൊടിതട്ടിയെടുത്തു.
അതില്‍ നീ അടിവരയിട്ട വരികളിലൂടെ
കണ്ണോടിച്ചു..

''എന്നും കൂടെയുണ്ടാവും
എന്‍െറ മരണംവരെയും''

ആ വരികള്‍ വായിച്ചപ്പോള്‍
ആദ്യം എനിക്ക് ചിരിവന്നു.
കാരണം നീയും ഞാനും സമാന്തരങ്ങളാണല്ലോ..
റെയില്‍വേപാളംപോലെ ഒരിക്കലും കൂട്ടിമുട്ടാതെ ദൂരേയ്ക്ക് ദൂരേയ്ക്ക് അകന്നുപോയവ.
ജീവിതം അങ്ങനെയൊക്കെയാണെങ്കിലും നീ അടയാളപ്പെടുത്തിയ,ഞാന്‍ ചിരിച്ചുതളളിയ ആ വരികളെ അവസാനത്തേതില്‍ നിന്ന് ആദ്യത്തേതിലേക്ക് ക്രമപ്പെടുത്താനാണ് എനിക്കിഷ്ടം.അതോടൊപ്പം ഞാന്‍ 'നീ' എന്നുകൂടി ചേര്‍ക്കുന്നു..

''മരണംവരെയും എന്‍െറ
കൂടെയുണ്ടാവും എന്നും നീ''

...........ശ്രീരാജ് രാമചന്ദ്രന്‍..!!

സന്ദീപിന്‍െറ കാക്ക..!!

Image may contain: 1 person, smiling
(മിനിക്കഥ)
വീട്ടില് എന്നും രാവിലെ വിരുന്നു വരുന്നൊരു കാക്കയുണ്ട്;
ഞാനതിനെ സന്ദീപിന്െറ കാക്ക എന്നാണ് വിളിക്കുന്നത്.!
അതിന്െറ ഇരുപത്തിയെട്ടുകെട്ട് നടത്താതെ അതിനെ സന്ദീപിന്െറ കാക്ക എന്ന് പേരിടാന് ഒരു കാരണമുണ്ട്.
എന്െറ ഭാര്യ സരിതയുടെ നല്ല സുഹൃത്തുക്കളിലൊരാളാണ് സന്ദീപ്; അതുപോലെതന്നെയാണ് അവന്െറ ചേച്ചിയും.!
വീട്ടിലേക്ക് വരുമ്പോഴെല്ലാം അവന് സരിതയ്ക്കായി ഒരു തരം ബിസ്ക്കറ്റ് വാങ്ങിവരാറുണ്ട്.എന്നാല് ഈ ബിസ്ക്കറ്റ് സരിതയ്ക്ക് ഒട്ടും ഇഷ്ടമല്ല താനും. അവനോടുളള സ്നേഹം കൊണ്ട് അത് അവനോട് പറയാനും അവള്ക്ക് പറ്റിയിരുന്നില്ല.കാരണം അവന് വല്യ കാര്യത്തില് വാങ്ങി വരുന്നതാണ് ആ ബിസ്ക്കറ്റ്..!
അങ്ങനെയൊരു ദിവസം രാവിലെ നമ്മുടെ കഥാനായകനായ കാക്ക പ്രത്യക്ഷപ്പെടുന്നു.വീട്ടിനകത്തെ തലേദിവസത്തെ നിലവിളക്കിലെ തിരി എടുത്തുകൊണ്ടുപോകാനാണ് ആശാന്െറ വരവ്..!
നിലവിളക്കിലെ തിരി കൊത്തിതിന്ന് മടങ്ങാനൊരുങ്ങിയ കാക്കയ്ക്ക്,സന്ദീപ് കൊണ്ടുവന്ന പായ്ക്കറ്റില് നിന്നും ഒരു ബിസ്ക്കറ്റ് സരിത നല്കി.കാക്ക അത്യന്തം സന്തോഷത്തോടെ അത് കൊത്തിതിന്ന് വീണ്ടും സരിതയെനോക്കി നിര്നിമേഷനായി നിന്നു..!
കാക്കയുടെ ആ നോട്ടത്തിന്െറ അര്ത്ഥം മനസ്സിലായ സരിത രണ്ടാമതും ഒരു ബിസ്ക്കറ്റ് നല്കി.സന്തോഷത്തോടെ അത് കൊത്തി എടുത്ത് കാക്ക പറന്നകന്നു. അതിന്െറ കുഞ്ഞിന് കൊടുക്കാനാവും എന്ന് സരിത ആത്മഗതം പറഞ്ഞു.!
പിന്നീട് ഇതൊരു ശീലമായി രാവിലെ കാക്ക വരും സരിത ബിസ്ക്കറ്റ് കൊടുക്കും;അത് തിന്നശേഷം അടുത്ത ബിസ്ക്കറ്റിനായി സരിതയെ ദയനീയമായി നോക്കി ഒടുവില് അതും വാങ്ങി ചുണ്ടില് ഒതുക്കിപിടിച്ച് പറന്നകലുന്ന കാക്ക വീട്ടിലെ നിത്യ കാഴ്ചയായി മാറി.
ഒരിക്കല് കാക്ക വന്നപ്പോള് ബിസ്ക്കറ്റ് തീര്ന്നുപോയിരുന്നു.അന്ന് വിഷമത്തോടെ മറ്റെന്തോ കഴിച്ച് കാക്ക മടങ്ങി.സരിതക്ക് സങ്കടവുമായി.പിറ്റേന്ന് ദാ വരുന്നൂ സന്ദീപ് വിത്ത് കാക്ക ബിസ്ക്കറ്റ്.!
അവന് സ്നേഹത്തോടെ ബിസ്ക്കറ്റ് നല്കിയപ്പോള് ഇത്തവണ സരിതയ്ക്കും സന്തോഷമായി.മറ്റൊന്നുമല്ല നാളത്തേയ്ക്ക് കാക്കയ്ക്കുളള ബിസ്ക്കറ്റ് ആയല്ലോ.!!
ആ കാക്കയെ സ്നേഹപൂര്വ്വം ഞങ്ങള് സന്ദീപിന്െറ കാക്ക എന്നുവിളിച്ചുതുടങ്ങി.
ഏതായാലും ഒരു ജീവിയുടെ ഒരു നേരത്തെയെങ്കിലും വിശപ്പടക്കാന് അവന് കാരണമായല്ലോ എന്ന് ഞാനും സന്തോഷിച്ചു.!
ഇതൊന്നുമറിയാതെ സന്ദീപും ചേച്ചിയും പിന്നെയും ബിസ്ക്കറ്റുമായി വന്നുകൊണ്ടിരുന്നു.സന്ദീപിനെയറിയാതെ സന്ദീപിന്െറ കാക്കയും..!!
....ശ്രീരാജ് രാമചന്ദ്രന്....

നാലു കവിതകൾ

Image may contain: one or more people and closeup
മെെക്ക്..!!
ആരേലും വന്ന് തന്നോട്
രഹസ്യമായി പറയുന്നത്
മറ്റുളളവരുടെ
ചെവിയിലെത്തിക്കുന്നത്
മോശമാണെന്ന്
സ്പീക്കറിനോട് മെെക്ക്..!!
#ശവം..!!
എത്ര മനോഹരമായ
പേരുകളുമായി വന്നാലും
ഇനി എങ്ങനെയൊക്കെ
പേരു മാറ്റിയാലും..
ഒരൊറ്റ പേരിലേ പോകാനാവൂ
എന്ന് ശവം..!!
#ചതി..!!
ചതിച്ചവളുടെ ഉളളിലും
ചതിക്കപ്പെട്ടവളുടെ ഉളളിലും
കനലുണ്ടാവും രണ്ടും നീറും..!!
*സെല്‍ഫി..!!
വീ (we) യില്‍ നിന്നും
മീ (me) യിലേക്കുളള
ദൂരത്തിന്‍െറ പേരാണ്
സെല്‍ഫി..
#വിശ്രമം..!!
ധാരാളം പണം സമ്പാദിച്ച്
ഉത്തരവാദിത്തങ്ങളെല്ലാം
നിര്വ്വഹിച്ചശേഷം
ഒന്ന് വിശ്രമിക്കണം
എന്നുവിചാരിച്ച് അയാള്
പ്രവാസിയായി.. പ്രവാസശേഷം
നാട്ടിലെത്തി ആര്ക്കും തന്നെ
വേണ്ടെന്നറിഞ്ഞ് ഇപ്പോള്
വൃദ്ധസദനത്തിലാണ് വിശ്രമം..!!
......ശ്രീരാജ് രാമചന്ദ്രന്....

തീവണ്ടി

Image may contain: 1 person, smiling, standing and outdoor
നാം രണ്ട് തീവണ്ടികളാണ്
ചുടുനിശ്വാസങ്ങളാല്
ഉളളിലെരിയുന്ന കനലിനെ
ഊര്ജ്ജമാക്കി മുന്നേറുന്നവര്
ഒരേ പാളത്തിലൂടെ എത്രവട്ടമാണ്
നാം കടന്നുപോയിട്ടുളളത്
ഒരേ സ്റ്റേഷനില് എത്രയോതവണ
നാം കിനാവുകണ്ട് കാത്തുകിടന്നു
പൂപ്പാടങ്ങള്ക്കിടയിലൂടെയും
മലഞ്ചെരിവുകളിലൂടെയും
എത്രയോവട്ടം നാം പാട്ടുപാടി
കഥകള്ചൊല്ലി യാത്രചെയ്തിട്ടുണ്ട്
മഴയുളള രാത്രികളില്
ജനലരികില് കെെകോര്ത്ത്
എത്രയോ രാത്രികള് നാം അന്യോന്യം
ഉറങ്ങാതെ നോക്കിയിരുന്നിട്ടുണ്ട്
എന്നിട്ടും ഏതോ സ്റ്റേഷനില്വെച്ച്
ആരോ വഴിതിരിച്ചുവിട്ട തീവണ്ടിയായി നീ
ഒന്നും മിണ്ടാതെ മെല്ലെ ഓടിമറയുന്നത്
നിറകണ്ണോടെ നോക്കിയിരുന്നിട്ടുണ്ട് ഞാന്
അക്കരെ 'പച്ച' കണ്ടിട്ടാവാം നീ
ഓടിമറഞ്ഞതെങ്കിലും
ഇക്കരെ 'ചുവപ്പ് ' തെളിച്ച്
എത്രകാലം ഞാന് കാത്തുകിടന്നു
ഒടുവില് നിന്െറ നെറുകയില്
കപടദാമ്പത്യ സിഗ്നലായി ചുവപ്പ്
തെളിഞ്ഞപ്പോഴും ഒന്നുമറിയാതെ
അതേ ട്രാക്കില് ഞാനോടുകയായിരുന്നു
ചതിയുടെ ട്രാക്കിലെന്നറിയാതെയാവും
പല തീവണ്ടികളും ഇന്നോടുന്നതും
അറിയുമ്പോഴോ അവ അലറിക്കരയും
പിന്നെ വീണ്ടും ചൂളംവിളിച്ച് കുതിക്കും
പുതിയ ആളുകള് കയറും അവരോടൊത്ത്
വീണ്ടും യാത്രയാണ് പുതിയ ദൂരത്തേക്ക്
പഴയ തീവണ്ടി പുതിയ ദൂരങ്ങള് താണ്ടും
പഴയ ഓര്മ്മകള് ഏറെ പിന്നിലാകും
അറിയുമോ നിനക്ക് പരസ്പരം
അറിയാതെ നാം കാണാറുണ്ട്
ഒന്നും മൊഴിയാതെ മിണ്ടാറുണ്ട്
കാരണം നമ്മളൊരേ ട്രാക്കിലാണ്
ഇടക്കുവെച്ച് ഞാന് ഓട്ടം നിര്ത്തി ചലനമറ്റ്
ഏതോ ട്രാക്കില് നിന്നുപോയേക്കാം
ഒന്നുമറിയാതെ അതേ ട്രാക്കിലൂടെ
നീ അടുത്ത സ്റ്റേഷന് തേടി പായുന്നുണ്ടാവാം
ഉളള് കത്തി നീറി പുകയുന്നുണ്ടാവാം
പുറമെ ചിരിച്ചുല്ലസിച്ച് ചൂളംവിളിച്ച് നീ
യാത്ര തുടരണം.. ഞാനുമങ്ങനെതന്നെ..
കാരണം നാം തീവണ്ടികളാണ്...!!
05/05/2019 .....ശ്രീരാജ് രാമചന്ദ്രന്....
09:54 am ©copyright protected

വിധി

Image may contain: one or more people, motorcycle, sky and outdoor
എന്നും കാല്‍ക്കീഴില്‍ കിടന്ന്
ഒച്ചവെക്കാനാണ്
തന്‍െറ വിധിയെന്ന്
ലങ്കയുമായി
ഒരു ബന്ധവുമില്ലാത്ത
ചി ലങ്ക..!!
നിന്നെ സ്നേഹിച്ച് ഞാന്‍
എത്ര ചേര്‍ന്ന് ഒട്ടിയിരുന്നാലും
നിര്‍ദ്ദയം നീയെന്നെ പറിച്ചെടുത്ത്
അലമാരയുടെ കണ്ണാടിച്ചില്ലില്‍
തേച്ചൊട്ടിക്കുമെന്ന് പാവം പൊട്ട്..!!
ഫാന്‍..!!
കറങ്ങിനടന്നിട്ടും താന്‍
ഉയരങ്ങളിലെത്തിയെന്ന്
സീലിംഗ് ഫാന്‍..!!
........ശ്രീരാജ് രാമചന്ദ്രന്‍.........

തിരമാല (മിനിക്കഥ)

Image may contain: 1 person, standing, car, outdoor and nature
കടല്‍ക്കരയിലെ സിമന്‍റ് ബെഞ്ചിലിരുന്ന്,അവളുടെ കെെ പിടിച്ച് അവന്‍ ചോദിച്ചു;
''സരോ.. നിനക്കറിയുമോ ആദ്യപ്രണയത്തിന്‍െറ അവസാനമെവിടെയെന്ന്..?? ''
ഇല്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.
അവളെയുംകൂട്ടി മെല്ലെ അവനാ കടലിലേക്കിറങ്ങി.ഒരു കുഞ്ഞുതിരമാല അവരുടെ പാദങ്ങളെ തഴുകി പിന്‍വലിഞ്ഞു.
പിന്നീട് വീണ്ടുമത് വന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അലതല്ലി ചെറിയ ഓളങ്ങളുണ്ടാക്കി അത് വീണ്ടും വന്നു.തിരമാല വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു.
ഒരിക്കല്‍ക്കൂടി അവന്‍ ചോദ്യമാവര്‍ത്തിച്ചു.
''സരോ.. ആദ്യപ്രണയത്തിന്‍െറ അവസാനമെവിടെയാണ്..?? ''
ഉത്തരമെന്നോണം അവളാ തിരമാലയിലേക്ക് നോക്കി ചിരിച്ചു.
അലയടിച്ചെത്തിയ ഒരു കുഞ്ഞുതിരമാല അപ്പോഴുമവരുടെ പാദങ്ങളെ തലോടി ഓളങ്ങളുണ്ടാക്കി കടന്നുപോയി..!!
.........ആര്‍.ശ്രീരാജ്

മോര്‍ച്ചറി..!!

Image may contain: one or more people, motorcycle, sky and outdoor

ഞാനറിയാതെ എന്നെയും
നീയറിയാതെ നിന്നെയും
അങ്ങനെ എന്നെയും നിന്നെയും
സമചിഹ്നം ചേര്‍ത്ത് ചതിച്ചവള്‍
കഴുത്തിലണിഞ്ഞ മാല്യത്തിന്
പരിശുദ്ധി കല്‍പ്പിക്കാതെ
അപരിചിതര്‍ക്കൊപ്പം പലരേയും
മണിക്കൂറുകളോളം കിടത്തിയവള്‍
ശുദ്ധമായതിനെയെല്ലാം ചതിച്ച്
അശുദ്ധമാക്കിത്തീര്‍ത്തവള്‍
പിന്നെയുമവള്‍ കാത്തുകിടന്നു
ഒന്നുമറിയാതെത്തുന്നവരെ നോക്കി
നാലക്ഷരത്തിന്‍െറ ബലത്തില്‍
പുറംമോടിയില്‍ നല്ലതെന്ന് നടിച്ചവള്‍
അകമേ ചീഞ്ഞളിഞ്ഞ ഹൃദയത്തില്‍
ശവംനാറിയുടെ ദുര്‍ഗ്ഗന്ധം പേറുന്നവള്‍
അതെ ഞാനുമൊരു മോര്‍ച്ചറിയാണ്
ഒരുപാട്പേരുടെ മൃതദേഹങ്ങള്‍
അഴുകാതെ ഇന്നും സൂക്ഷിക്കുന്ന
ഒരു മോര്‍ച്ചറിയാണിന്നെന്‍െറ മനസ്സും..!!
©ആര്‍.ശ്രീരാജ്...............
23/07/2018
IST 10 : 55 pm

ഇമ്മിണിബല്യഒന്ന്..!!

Image may contain: 1 person, smiling, standing and outdoor
നാം കണ്ട ഏറ്റവും മികച്ച ഒറ്റസംഖ്യ ഒരുപക്ഷെ! ഒന്നായിരിക്കും..
എന്തെന്നാല്‍ പഠിയ്ക്കുന്ന കാലംതൊട്ടേ
ഒന്നാമനാവാനാണ് എല്ലാവരും പറയുക..
പ്രണയിക്കുമ്പോഴും ഒന്നാവണമെന്നാണ്
എല്ലാവരും ആഗ്രഹിയ്ക്കുക..
പ്രണയവിരഹം അനുഭവിക്കുന്നവരും
ഒന്നാവണമായിരുന്നെന്ന് ആശിക്കും..
വിവാഹം കഴിക്കുമ്പോഴും ഒന്നിനെ വല്ലാതങ്ങു സ്നേഹിക്കും..
രണ്ടാള്‍ക്കും ജോലി ദൂരെയാണെങ്കില്‍
രണ്ടാളും ഒന്ന് കാണാന്‍ കൊതിക്കും..
ഡെെവോഴ്സ് പേപ്പറില്‍ ഒപ്പിട്ട് രണ്ടായവരും
ഒന്നായിരുന്നെങ്കിലെന്ന് മക്കളാഗ്രഹിക്കും..
തത്ത്വമസിയും അദ്വെെതവും പറയുന്നതും
ഒരൊന്നിനെപ്പറ്റി തന്നെയാണ്..
വിശ്രമമില്ലാത്ത പരിശ്രമമാണ് ആമയെ ഒന്നാമനാക്കിയതെന്ന് മുയല്‍..
പിന്നിലേക്ക് മാറിനിന്നും ഒന്നാമനാകാമെന്ന്
പഠിപ്പിച്ചുതന്നത് വടംവലിയാണ്..
മുല്ലപ്പൂമ്പൊടിയേറ്റ് ചില വട്ടപ്പൂജ്യങ്ങളും ഒന്നിനൊപ്പംചേര്‍ന്ന് മൂല്യമുളളതായി..
ഒന്ന് ശ്രദ്ധിക്കാതെ ചില വാക്കുകള്‍ ഉപയോഗിച്ചാല്‍ വലിയ മുറിവുണ്ടാവും..
ഒന്നും ഒന്നും ഇമ്മിണിബല്യ ഒന്നാണെന്ന്
പറഞ്ഞ ഒരാളുണ്ടായിരുന്നു..
എത്രകോടി കെെയ്യില്‍ കിട്ടിയാലും
ഒരൊറ്റകോടി പുതച്ചേ പോകാനാവൂ..
നേരാണ് ഒന്നിനേക്കാള്‍ വലുതാണ് രണ്ട്
രണ്ടാവാന്‍ കാരണങ്ങളും പലതാണ്..
രണ്ടായ് പിരിഞ്ഞിട്ടും ഒന്നായിത്തീര്‍ന്ന
കയര്‍ കാട്ടിത്തന്നതും അതാണ്..
ഉപാധികളില്ലാത്ത സ്നേഹമാണെങ്കില്‍
രണ്ടാവുന്നതിലും നല്ലതല്ലേ ഒന്നാവുന്നത്..!!
©.......ആര്‍.ശ്രീരാജ്.............
22/05/2018, IST 10:10 pm

ആകാശത്തോളം..,

Image may contain: one or more people, sunglasses, closeup and outdoor

പാടവരമ്പത്തൂകൂടി ഒരു കൊച്ചു കുട്ടി ഓടുന്നു
''മോനേ'' എന്ന് വിളിച്ച് പിന്നാലെ അവന്‍െറ അമ്മയും;
**********************************************
വര്‍ഷാവര്‍ഷം ആ വീട്ടിലെ കലണ്ടറുകള്‍ മാറിമറിഞ്ഞു ചുവരിനെ ഭംഗിയാക്കിക്കൊണ്ടിരുന്നു.പാടവരമ്പത്തൂടെ ഓടിയ ആ കുട്ടി ഇന്നൊരച്ഛനാണ്.
കുടുംബസമേതമാണ് അന്നവര്‍ രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ പോയത്.തിരികെ വന്നശേഷം അവന്‍െറ അച്ഛന്‍െറ ചിത്രമെടുത്ത് അതിലേക്ക് നോക്കി നനഞ്ഞ മിഴികളോടെ ആ അമ്മ മകനോട് ചോദിച്ചു;
''മോന് അമ്മയോട് എത്രത്തോളം ഇഷ്ടമുണ്ട്''
''എന്താമ്മേ ഇത്..?? ''
''മക്കള്‍ക്ക് അച്ഛനമ്മമാരോടുളള ഇഷ്ടത്തിനും സ്നേഹത്തിനും അളവുകോലുണ്ടോ..?? ''
''എങ്കിലും മോന്‍ പറയൂ.. എത്രത്തോളമുണ്ട് ?? ''
ആ മകന്‍ അമ്മയെ ചേര്‍ത്തുപിടിച്ച് ഒരുമ്മകൊടുത്തു.എന്നിട്ടിങ്ങനെ പറഞ്ഞു ;
''ആകാശത്തോളം.........,''
*******************************************
രാജമലയില്‍ വീണ്ടും നീലക്കുറിഞ്ഞി പൂത്തൂ.
വീട്ടില്‍നിന്നും ആ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങി.പിന്നാലെ വൃദ്ധമന്ദിരത്തിലെ ആളുകളും,
വൃദ്ധമന്ദിരത്തില്‍ ആ അമ്മയെ പൂമാലയിട്ട് അവര്‍ സ്വീകരിച്ചു.അന്ന് ഒരുപാട് അമ്മമാര്‍ക്കൊപ്പം നീലക്കുറിഞ്ഞി പൂത്തതിന്‍െറ വാര്‍ത്ത ആ അമ്മയും ടി.വിയില്‍ കണ്ടു.
വീട്ടിലപ്പോള്‍ ആ അമ്മയുടെ പേരക്കുട്ടി അവന്‍െറ അച്ഛന്‍െറ ചിത്രമെടുത്ത് ഉമ്മകൊടുക്കുകയായിരുന്നു.അതു കണ്ടുവന്ന അവന്‍െറ അച്ഛന്‍ അവനോട് ചോദിച്ചു..
''മോന് അച്ഛനോട് എത്രത്തോളം സ്നേഹമുണ്ട്..?? ''
ചിരിച്ചുകൊണ്ടവന്‍ മറുപടി പറഞ്ഞു,
''ആകാശത്തോളം............,''
ഇതു പറഞ്ഞിട്ട് അവന്‍ പാടവരമ്പത്തേക്ക് ഇറങ്ങി ഓടി.. പിന്നാലെ ''മോനേ'' എന്ന് വിളിച്ച് അവന്‍െറ അമ്മയും.
വൃദ്ധമന്ദിരത്തിലെ സ്വീകരണമുറിയില്‍ പൂമാലയൊരുക്കി അപ്പോഴുമവര്‍ കാത്തിരുന്നു,
അടുത്തയാളിനെ സ്വീകരിക്കാനായി..!!

©..........ആര്‍.ശ്രീരാജ്..........
13/08/2018 (11 pm)

#തീമഴ...


ഉളളിലെ തീമഴയ്ക്കുളേളാളമെത്തുവാന്‍
ഇന്നുപെയ്യും മഴയ്ക്കാവില്ലയെന്നു നാം
അറിയുന്നനേരത്ത് അറിയാതെ പെയ്യുമാ-
തോരാമഴയ്ക്കുളളില്‍ കുതിരുന്ന രണ്ടുപേര്‍
നീറിപ്പുകയും ഉമിത്തീയിലെരിയുന്ന
കനലായി മാറുന്നു നാം കണ്ടകനവുകള്‍
ആരോ തീയിട്ടൊരോര്‍മ്മതന്‍ പാടത്ത്
കത്തിക്കരിഞ്ഞൊരാ കുറ്റികളാണു നാം
ആരോ അടച്ചൊരാ മണ്‍കലത്തിന്നുളളില്‍
ശ്വാസം കിട്ടാതെ ഉളള് വെന്തെപ്പൊഴോ
ആവിപാറുന്നൊരാ ചൂടുളള കഞ്ഞിയില്‍
നീറി മരിച്ചതാം അരിമണികളാണു നാം
വേനലായ് നീയങ്ങു പൊളളി നിന്നപ്പൊഴോ
തീമഴയായിങ്ങു ഞാനുമെന്‍റുളളവും
ഉളളുപൊളളിക്കുടുന്നെത്രനാളിങ്ങനെ
പൊളളയാം നാടകമാടിത്തിമിര്‍ക്കും നാം
കാടാണ് നീയെങ്കില്‍ കാട്പൂക്കുംനേരം
കാടകമാകുന്ന വന്യതയാവുംഞാന്‍
നാടാണ് നീയെങ്കില്‍ ആവില്ലെനിക്കൊട്ടും
നാടകമാടുന്ന നിന്നിലേക്കെത്തുവാന്‍..!!
ആര്‍.ശ്രീരാജ്..............

#മിനിക്കഥ#

' വഞ്ചകി ' എന്ന് ബോര്‍ഡില്‍ എഴുതിയശേഷം ടീച്ചര്‍, ഉദാഹരണം പറയാന്‍ പറഞ്ഞപ്പോള്‍
മുന്‍ ബെഞ്ചിലിരുന്ന എല്‍.കെ.ജി.കുട്ടി
' ടീച്ചര്‍ ' എന്ന് പറഞ്ഞതുകേട്ട് അവര്‍ ആദ്യം
ചിരിച്ചു.പിന്നീട് അവന്‍െറ അച്ഛന്‍െറപേര്
കേട്ട് ഓര്‍മ്മകളില്‍നിന്നും അടര്‍ന്നുവീണ
കണ്ണീര്‍ത്തുളളികള്‍ സാരിത്തലപ്പുകൊണ്ട്
തുടച്ചു..!!
വെളുത്ത നിറമുളള തന്‍െറ മകളെ,
വക്കീലായാലും കറുത്ത നിറമുളളയാള്‍ക്ക്
കെട്ടിച്ചുകൊടുക്കില്ലെന്ന് വാശിപിടിച്ച
അയാള്‍, കുടുംബകോടതിയില്‍ തന്‍െറ
വെളുത്ത മരുമകനെതിരേ..
മകളുടെ വിവാഹമോചനത്തിനായി,
മിടുക്കനായ ആ കറുത്ത വക്കീലിനെത്തന്നെ
കേസ് ഏല്‍പ്പിച്ചു..!!
..........ആര്‍.ശ്രീരാജ്..........

ജീവിതോത്സവം

Image may contain: 1 person, standing, car, outdoor and nature

അയല്‍പക്കത്തെ വീട്ടില്‍നിന്നും
കടംവാങ്ങിയ കാശുമായി അവളും
കലോത്സവ നഗരിയിലേക്ക് വണ്ടികയറി
കേരളനടനമായിരുന്നു മത്സരയിനം
ടീച്ചര്‍ നല്‍കിയ പഴയവേഷവും ചിലങ്കയും
അണിഞ്ഞ് അവളും വേദിയില്‍ കയറി
ഒപ്പം മത്സരിച്ച കുട്ടികളുടെ പണക്കൊഴുപ്പില്‍
അവളുടെ ചേല നിറംമങ്ങിയതായിതോന്നി
എങ്കിലുമവള്‍ എല്ലാംമറന്ന് മനംനിറഞ്ഞാടി
സമ്മാനം കിട്ടില്ലെന്നുറച്ച് വീട്ടിലേക്ക് മടങ്ങി
ആ സമയം കൂടെ മത്സരിച്ചകുട്ടി സദസ്സില്‍
രക്ഷിതാവിനെകണ്ട് സമ്മാനം നേടാനായി 
വെപ്രാളനടനമാടി വിയര്‍ക്കുകയായിരുന്നു
ഒടുവില്‍ വേദിയില്‍ തളര്‍ന്നുവീണ്
ആംബുലന്‍സില്‍ ആശുപത്രിയിലായി
ബോധം വീണപ്പോള്‍ അപ്പീലിനു പോവാ-
മെന്ന രക്ഷിതാവിന്‍െറ അലര്‍ച്ചകേട്ട്
വീണ്ടും അവളുടെ ബോധംപോയി
ഒടുവില്‍ അവളും സമ്മാനം നേടാനാകാതെ
ലോകത്തിലെ ഏറ്റവും വലിയ പരാജയം 
താനാണെന്ന മിഥ്യാ ധാരണയില്‍
രക്ഷിതാവിനൊപ്പം വീട്ടിലേക്ക് വണ്ടികയറി
അപ്പോള്‍ കലോത്സവ നഗരിക്ക് പുറത്ത് 
തെരുവില്‍ ഒരു പതിനാലുകാരി നൃത്തംചെയ്യുകയായിരുന്നു
നിലത്തുവിരിച്ച തോര്‍ത്തില്‍ നിറഞ്ഞ
നാണയത്തുട്ടുകളായിരുന്നു സമ്മാനം
അന്നത്തെ ആഹാരത്തിന് വകനല്‍കിയ
ദെെവത്തിന് നന്ദിപറഞ്ഞ് അവള്‍
ലോകംകീഴടക്കിയ സന്തോഷത്തോടെ
തങ്ങളുടെവീടായ കടത്തിണ്ണയിലേക്ക്
ജീവിതോത്സവത്തിലേക്ക് യാത്രയായി..!!
ആര്‍.ശ്രീരാജ്..!!

ന്യൂജെന്‍ പ്രേമം..!!

ന്യൂജെന്‍ പ്രേമം..!!
□□□□□□□□□□□
ചില ആണ്‍കുട്ടികള്‍ക്കത്
പുതുതായി വാങ്ങുന്ന ഷര്‍ട്ടിലെ
ബട്ടന്‍ പോലെയാണ്
എണ്ണിനോക്കാതെ എത്ര
എണ്ണമുണ്ടെന്ന് പറയാനാവില്ല
ചില പെണ്‍കുട്ടികളാവട്ടെ
തുണിക്കടയില്‍
കയറുന്നപോലെയാണ്
എത്രനല്ല സെലക്ഷനായാലും
അവര്‍ അതുവിട്ട്
അടുത്തകടയില്‍ കയറിയിരിക്കും..!!
ബലികാക്ക..!!
□□□□□□□□
മരണശേഷം എല്ലാവരും
ഇഷ്ടപ്പെടുന്ന നിറം
കറുപ്പായിരിക്കാം അല്ലെങ്കില്‍
എന്തുകൊണ്ടാണ് നാം
കൊക്കിനെ കയ്യടിച്ചു വിളിക്കാതെ
കാക്കയെമാത്രം കയ്യടിച്ചു വിളിക്കുന്നത്..!!
ഡ്രാമ..!!
□□□□□
നാടകം കഴിഞ്ഞാല്‍ നടീനടന്‍മാര്‍
ചമയങ്ങളഴിച്ച് ജീവിതത്തിലേക്ക്
വരാറുണ്ട്, എന്നാല്‍ ചില മികച്ച
നടീനടന്‍മാരാവട്ടെ ചമയങ്ങളണിഞ്ഞ്
നാടകംകളിച്ചുതന്നെ ജീവിക്കുന്നു..!!

Sreeraj R

പ്രണയം........

പ്രണയം........
💘
അവനൊരു അമ്പലക്കാരനായിരുന്നു
അവളൊരു പളളീക്കാരിയും പക്ഷെ!
അവരുടെ സ്വപ്നങ്ങളിലൊന്നും
അമ്പലമോ പളളിയോ ഇല്ലായിരുന്നു
വെയിലായിരുന്നു അവനെങ്കില്‍
അവളൊരു പടര്‍വൃക്ഷമായിരുന്നു
മണ്ണായിരുന്നവനെങ്കില്‍ അതിലേക്ക്
ആഴ്ന്നിറങ്ങിയ വേരായിരുന്നു അവള്‍
മഴയായിരുന്നു അവനെങ്കില്‍
പുഴയായിരുന്നു അവള്‍
മഴത്തുളളികള്‍തേടി കരകവിഞ്ഞ്
മനംനിറഞ്ഞൊഴുകുന്ന പുഴ
സൂര്യനായിരുന്നു അവനെങ്കില്‍
അലതല്ലുന്ന കടലായിരുന്നു അവള്‍
എല്ലാ സന്ധ്യകളിലും അവനെയവള്‍
ആരുംകാണാതെ ഉളളിലൊളിപ്പിച്ചിരുന്നു
അപ്പോള്‍ അവര്‍ക്കിടയില്‍ സമൂഹം
അതിരുതിരിച്ചൊരു മതിലുയര്‍ത്തി
പിറ്റേദിവസത്തെ ഉദയസൂര്യന്‍െറ നിറം
അവളുടെ സീമന്തരേഖയിലും തെളിഞ്ഞു
അച്ഛനമ്മമാരുടെ അനുഗ്രഹത്തോടെ
അവന്‍െറ വീട്ടിലേക്കവള്‍ കാല്‍വച്ചു
കാരണം മറ്റൊന്നല്ല അവളൊരു
മനുഷ്യന്‍െറ പ്രണയിനിയായിരുന്നു..!!
ആര്‍.ശ്രീരാജ്................

ഇലകള്‍..!!

ഇലകള്‍..!!
നാം രണ്ട് ഇലകളാണ് ഏതോഭൂതകാല വസന്തത്തില്‍ കൊഴിഞ്ഞുവീണവ
കൊഴിയുംമുന്‍പ് പ്രണയം നുകര്‍ന്ന്
ഈ ഭൂമിപ്പച്ചയുടെ കാവലാളായവര്‍
ഭൂമിയിലെ സകല പച്ചകളും നമ്മുടെ
പ്രണയത്തില്‍ അസൂയപ്പെട്ടിരുന്നു
എത്രമേല്‍ ശക്തമാം കാറ്റടിച്ചീടിലും
അത്രമേല്‍ ശക്തമാം പച്ചയായിരുന്നു നാം
നമ്മിലേക്കുളള വഴി ആരാണ്
മതത്തിന്‍െറ മതിലുകെട്ടി അടച്ചത്
നമ്മളല്ല നീയും ഞാനുമാണെന്ന്
ആരാണ് നമ്മോട് ആക്രോശിച്ചത്
അവരോട് പറയണം നമ്മുടെ
ആകാശം വളരെ വലുതാണെന്ന്
അടയാളങ്ങള്‍ കൊണ്ട് നിജപ്പെടുത്തി
അതിരുതിരിച്ച് അത് ചെറുതാക്കരുതെന്ന്
വാശികാട്ടി ജയിച്ചത് ആരാണ് നിന്‍െറ
കൂട്ടരോ അതോ എന്‍െറ കൂട്ടരോ
ജയിച്ചതാരായാലും തോറ്റുപോയത്
എന്നും നമ്മള്‍ ഇലകള്‍ എന്ന പ്രണയികളാണ്
ഹിരോഷിമയിലോ നാഗാസാക്കിയിലോ അല്ല
മതമെന്ന ബോംബ് വീണതുമുതല്‍ അതിന്‍െറ
അനന്തരഫലം അനുഭവിക്കേണ്ടിവന്ന ഭൂമിയിലെ
ഏക ജീവിവര്‍ഗ്ഗം പ്രണയികള്‍ എന്ന ഇലകളാണ്
ഈ കാഴ്ചയില്ലാ തുരുത്തില്‍ നിന്നും
പച്ചപ്പുതേടി ഒരു യാത്രപോകണം നാം
മതിലുകളില്ലാത്ത ഒരു ലോകത്തേയ്ക്ക്
ആകാശഗംഗയ്ക്കുമപ്പുറത്തേയ്ക്ക്
അപ്പുറവും ഇപ്പുറവും വിശാലമായ
സുന്ദരമായ ഒരു ലോകമുണ്ടെന്നിരിക്കെ
നമ്മുടെവഴികള്‍ എന്താണ് എന്നും
ഇത്രമേല്‍ ഇടുങ്ങിയതാവുന്നത്
ഇപ്പോള്‍ നാം പഴുത്തു തുടങ്ങിയിരിക്കുന്നു
ഒരുനാള്‍ നമ്മെപ്പോലെ എല്ലാവരും പഴുക്കും
നിന്നെ തനിച്ചാക്കി ഞാന്‍ അടരുകയാണ്
മണ്ണ് കാത്തിരിക്കയാണ് നമ്മുടെ വരവിനെ
പുഴയിലാണ് ഞാന്‍ പതിയ്ക്കുകയെങ്കില്‍
ഞാനിനിയുമൊഴുകും നിന്‍ ഓര്‍മ്മകളുംപേറി
ഞാനങ്ങനെ ഒഴുകിയൊഴുകി നടക്കും മറ്റൊരു
പ്രളയകാലത്തിനൊപ്പം നീ അരികെയെത്തുംവരെ
ഭൂമിയില്‍ വേരൂന്നിയ സകല വൃക്ഷങ്ങളിലും
ഈ പ്രണയികളെ ഇലകളെ നിങ്ങള്‍ക്കുകാണാം
എത്രമേല്‍ നിങ്ങള്‍ മുറിച്ചുമാറ്റീടിലും അത്രമേല്‍ മുളച്ചുപൊന്തും പ്രണയികള്‍ ഞങ്ങള്‍ ഇലകള്‍..!!
ആര്‍.ശ്രീരാജ്......................

കടുക്, വിവാഹം, മരംകൊത്തി

Image may contain: 1 person, smiling, standing

കടുക്..!!
□□□□□
എന്‍െറ പൊട്ടിത്തെറികൊണ്ട്
എല്ലാവര്‍ക്കും സ്വാദ്കൂടിയിട്ടേയുളളൂ
എന്നാല്‍, നിന്‍െറ പൊട്ടിത്തെറികൊണ്ട്
ആര്‍ക്കും ഒരുഗുണവും ഉണ്ടായിട്ടില്ലെന്ന്
പടക്കത്തോട് കടുക്..!!
വിവാഹം..!!
□□□□□□□
ചിലര്‍ക്ക് സമാധാനം പോയതും
ചിലര്‍ക്ക് സമാധാനം കിട്ടിയതും
ചിലര്‍ക്ക് വേണ്ടെന്ന് തോന്നിയതും
എല്ലാവരും താജ്മഹലായി കണ്ടതും..!!
മരംകൊത്തി..!!
□□□□□□□□□
വന്‍മരങ്ങള്‍കണ്ട് പറക്കുന്ന
ചില മരംകൊത്തികളുണ്ട്
ഓരോമരവും കൊത്തി
പൊളളയാക്കിയശേഷം അവ
പറന്നുകൊണ്ടേയിരിക്കും
അടുത്തത് കൊത്താനായി..!!
ആര്‍.ശ്രീരാജ്................

ചെന്താമര..!!

ചെന്താമര..!!
താമരയാണ് ഞാന്‍ ചെന്താമര
ചേറില്‍കുരുത്തോരു പൊന്‍താമര
ചേറിലാണെങ്കിലും നേരേവളര്‍ന്നൊരു
നേരിന്‍െറ പൂവായ ചെന്താമര
സൂചിയുംനൂലുംകൊണ്ടമ്മ തുന്നിച്ചേര്‍ത്ത
പിഞ്ചിപ്പഴകിയ കുഞ്ഞുടുപ്പിട്ടു ഞാന്‍
സൂര്യന്‍ കവര്‍ന്നോരുടുപ്പിന്‍ നിറങ്ങളെ
പ്രാകി അസംബ്ലിയില്‍ പിന്നില്‍നിന്നു
പുളളിക്കുടയില്ല ബാഗില്ല റിബണില്ല
വളളിച്ചെരുപ്പത് പോലുമില്ലാബാല്യം
ആകെയുളള രണ്ട് പച്ചപ്പാവാടയില്‍
പച്ചയൊട്ടുംതന്നെ കാണാനുമാവില്ല
ആര്‍ത്തുപെയ്യാറുളള മഴയത്ത്പലവട്ടം
ചേമ്പിലക്കുടചൂടി വീടണയുന്നുഞാന്‍
കുടമാത്രമല്ലയീച്ചേമ്പിലകള്‍ താള്-
കറികൂടിയാണെന്നതാരറിവാന്‍
ഒട്ടിയവയറുമായ് എന്നുംവരാറുളള
കുട്ടിയെ ചേര്‍ത്തുപിടിച്ചൊരധ്യാപിക
വയറുപൊട്ടുംവിധം ഭക്ഷണംതന്നെന്നെ
സ്നേഹമെന്താണെന്ന് കാട്ടിത്തന്നു
ചോരുന്നകൂരയില്‍ നിലാവ്സ്വപ്നംകണ്ട്
പുസ്തകംനെഞ്ചോട് ചേര്‍ത്തുവെച്ചു
ബാല്യകൗമാരങ്ങള്‍ പിന്നിട്ട്ഞാനിന്ന്
ചേലൊത്ത പെണ്ണായി ചെന്താമര
കാലമേറെക്കഴിഞ്ഞിന്നുവീണ്ടും ഞാനാ-
പളളിക്കൂടത്തില്‍ തിരികെയെത്തി
അക്ഷരവെട്ടം പകര്‍ന്നുനല്‍കീടുവാന്‍
നല്ലൊരധ്യാപികയായിടുവാന്‍..!!
ആര്‍.ശ്രീരാജ്..!!

തുളളല്‍..!!

തുളളല്‍..!!
□□□□□□
തുളളലിനെ പ്രണയിച്ചതിനാലാവണം
ഒരു തുളളല്‍ക്കാരിയെത്തന്നെ കിട്ടിയത്
പക്ഷെ! അവള്‍ എന്നും അവതരിപ്പിക്കുന്നത്
ഒരേ കഥ തന്നെയാണ് നിര്‍ബന്ധംതുളളല്‍..!!
മുഖംമൂടികള്‍..!!
□□□□□□□□□
ചുറ്റിലുളളവരെല്ലാം മുഖംമൂടി അണിഞ്ഞിരിക്കുന്നതിനാലാണ്
താനത് ഒഴിവാക്കിയതെന്ന്
പുലികളിക്കുവന്ന പുലി..!!
ചേറും ചോറും..!!
□□□□□□□□□□
ഓണ്‍ലെെനില്‍ പച്ചതെളിച്ച്
ലോകത്തെ മുഴുവനറിഞ്ഞാലും
ചേറിനെ ചെറുതായെങ്കിലുമറിയണം
ചോറു തിന്ന് വലുതായിപ്പോയ നാം..!!
ആര്‍.ശ്രീരാജ്..!!

ഏട്ടന്‍െറ പൊന്നുമോള്‍ക്ക്..!!

ഏട്ടന്‍െറ പൊന്നുമോള്‍ക്ക്..!!
ഓടൂ നീ കാലിടറി വീഴാതെപൊന്നേ
നെറികേടുകാട്ടുന്ന കരയോടുപ്രതിഷേധിച്ച-
ലയടിച്ചെത്തും തിരകളെപ്പോലവേ
ആര്‍ത്തലച്ചൊരുനാള്‍ നീ തിരികെവന്നീടണം
കരയല്ലേപൊന്നേ കാണില്ല തമ്പുരാന്‍
കെട്ടകാലത്തിന്‍െറ നീതികേടൊന്നുമേ
കാലനേമിയ്ക്കൊപ്പം തിരിയണംനമ്മളും
കാലം പറയുന്ന കഥയിലുണ്ടാവണം
ഓടുവാനുണ്ടേറെ ദൂരമെന്നറിയണം
ഓടാതിരിക്കണം ജീവിതത്തില്‍നിന്നും
എന്തുകൊണ്ടോയെന്നും മുന്നിലെത്തീടുന്നു
ചതിവിന്‍െറലോകത്ത് നെറിവില്ലാതെത്രപേര്‍
മെഴുകുതിരിപോലെ ഉരുകിയാലും നാം
പ്രകാശംപരത്തണം ചുറ്റിലുളേളാര്‍ക്കെല്ലാം
ഫിനിക്സ് പക്ഷിയെപ്പോലെ പാറിപ്പറക്കണം
ചിത്രവര്‍ണ്ണോജ്ജ്വലേ ട്രാക്കില്‍ നിറയണം
ചരിത്രംതിരുത്താന്‍ കഴിവുളള മോളാണ്
കഠിനമായ്ത്തന്നെ പരിശ്രമം തുടരണം
നീയറിയാതെ നിന്നെയറിയുന്ന കാണുന്ന
ഒരേട്ടന്‍ പറയുന്നു നിന്‍െറ രാജ്യംവരും..!!
ആര്‍.ശ്രീരാജ്....................

ജയിച്ചത് ....

Image may contain: 1 person, smiling, sitting and outdoor
'നല്ലവാക്കിനേക്കാള്‍ നല്ല വെെദ്യനില്ല
സ്നേഹത്തേക്കാള്‍ വലിയ മരുന്നും''
ഡോക്ടര്‍..!!
□□□□□□□
ഞാന്‍കണ്ട ഏറ്റവുംമികച്ച ഡോക്ടര്‍
എന്‍െറ കാമുകിയായിരുന്നു
കാരണം കത്തിയില്ലാതെതന്നെഅവള്‍
ഒരുപാട് ഹൃദയങ്ങള്‍ കീറിമുറിച്ചു..!!
രോഗി..!!
□□□□□
ഡോക്ടറുടെ കരങ്ങളിലേക്കാണ്
കുഞ്ഞായി ഞാന്‍ പിറന്നുവീണത്
ഡോക്ടറുടെ കരങ്ങളിലേക്കാണ്
വൃദ്ധനായ് ഞാന്‍ മരിച്ചുവീണതും
ജനിച്ചപ്പോഴും പിന്നീട് ജീവിച്ചപ്പോഴും
മരിച്ചപ്പോഴും ഞാന്‍രോഗിയായിരുന്നു..!!
ബിസിനസ്സ്..!!
□□□□□□□□
അച്ഛനെന്നെ ബിസിനസ്സ്മാനായി
വളര്‍ത്തിയെടുക്കാനായിരുന്നു ഇഷ്ടം
എനിക്ക് ഇഷ്ടം ഡോക്ടറാവാനും
അച്ഛന്‍െറ ആഗ്രഹത്തെതോല്‍പ്പിച്ച്
ഞാന്‍ വലിയ ഡോക്ടറായി പക്ഷെ!
അപ്പോഴാണ് എനിക്ക് മനസ്സിലായത്
ജയിച്ചത് അച്ഛന്‍തന്നെയാണെന്ന്..!!

By: R Sreeraj

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo