Slider

ചെന്താമര..!!

0
ചെന്താമര..!!
താമരയാണ് ഞാന്‍ ചെന്താമര
ചേറില്‍കുരുത്തോരു പൊന്‍താമര
ചേറിലാണെങ്കിലും നേരേവളര്‍ന്നൊരു
നേരിന്‍െറ പൂവായ ചെന്താമര
സൂചിയുംനൂലുംകൊണ്ടമ്മ തുന്നിച്ചേര്‍ത്ത
പിഞ്ചിപ്പഴകിയ കുഞ്ഞുടുപ്പിട്ടു ഞാന്‍
സൂര്യന്‍ കവര്‍ന്നോരുടുപ്പിന്‍ നിറങ്ങളെ
പ്രാകി അസംബ്ലിയില്‍ പിന്നില്‍നിന്നു
പുളളിക്കുടയില്ല ബാഗില്ല റിബണില്ല
വളളിച്ചെരുപ്പത് പോലുമില്ലാബാല്യം
ആകെയുളള രണ്ട് പച്ചപ്പാവാടയില്‍
പച്ചയൊട്ടുംതന്നെ കാണാനുമാവില്ല
ആര്‍ത്തുപെയ്യാറുളള മഴയത്ത്പലവട്ടം
ചേമ്പിലക്കുടചൂടി വീടണയുന്നുഞാന്‍
കുടമാത്രമല്ലയീച്ചേമ്പിലകള്‍ താള്-
കറികൂടിയാണെന്നതാരറിവാന്‍
ഒട്ടിയവയറുമായ് എന്നുംവരാറുളള
കുട്ടിയെ ചേര്‍ത്തുപിടിച്ചൊരധ്യാപിക
വയറുപൊട്ടുംവിധം ഭക്ഷണംതന്നെന്നെ
സ്നേഹമെന്താണെന്ന് കാട്ടിത്തന്നു
ചോരുന്നകൂരയില്‍ നിലാവ്സ്വപ്നംകണ്ട്
പുസ്തകംനെഞ്ചോട് ചേര്‍ത്തുവെച്ചു
ബാല്യകൗമാരങ്ങള്‍ പിന്നിട്ട്ഞാനിന്ന്
ചേലൊത്ത പെണ്ണായി ചെന്താമര
കാലമേറെക്കഴിഞ്ഞിന്നുവീണ്ടും ഞാനാ-
പളളിക്കൂടത്തില്‍ തിരികെയെത്തി
അക്ഷരവെട്ടം പകര്‍ന്നുനല്‍കീടുവാന്‍
നല്ലൊരധ്യാപികയായിടുവാന്‍..!!
ആര്‍.ശ്രീരാജ്..!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo