നിലാമഴ
-------------
-------------
''ശരിയ്ക്കും നീയെന്നെ പ്രണയിക്കുന്നുണ്ടോ വിവേക്''?
''അതെന്താ നീലിമ.. നീ അങ്ങനെ ചോദിച്ചത്''?
'' നിൻ്റെ കണ്ണുകളിൽ പ്രണയത്തിൻ്റെ തിരയിളക്കം എനിക്ക് കാണാനാവുന്നില്ല.. സത്യം പറയൂ വിവേക്.. നിനക്ക് എന്നോട് പ്രണയമുണ്ടോ?''..
''നിനക്കറിയില്ലേ.. നീലിമാ.. നിന്നെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്.. നിൻ്റെ ഏതാഗ്രഹമാണ് ഞാൻ സാധിച്ചു തരാതിരുന്നിട്ടുള്ളത്.''..
വിവേക് അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു..
''നീയെനിക്ക് ഒരു കുറവും വരുത്താറില്ല.. അതെനിക്കറിയാം.. പക്ഷേ എൻ്റെ മനസ്സ് നീ കാണുന്നുണ്ടോ വിവേക്.. ഒരു തവണയെങ്കിലും നീയെൻ്റെ കണ്ണുകളിൽ അമർത്തി ചുംബിച്ചിട്ടുണ്ടോ?.. അനുസരണയില്ലാതെ നെറ്റിയിലേക്ക് പാറി വീഴുന്ന എൻ്റെ മുടിയിഴകളെ ഒതുക്കി വെച്ചു തന്നിട്ടുണ്ടോ''?
''എന്താ നീലിമാ.. എന്താ നിൻ്റെ പ്രശ്നം..''
''നിൻ്റെ പ്രണയമില്ലായ്മയാണ് എൻ്റെ പ്രശ്നം..അതുമാത്രമാണ് എൻ്റെ പ്രശ്നം''..
''നിനക്ക് എന്നെ ഭയമാണ്.. അല്ലേ വിവേക്..''
''ഭയമോ?.. ഹഹഹ എന്തിനാ നിന്നെ ഞാൻ ഭയക്കുന്നത്..''
വിവേക് പൊട്ടിച്ചിരിച്ചു..
''അതേ.. വിവേക് നിനക്ക് എന്നെ ഭയം തന്നെയാണ്.. അതുകൊണ്ടാണ് പ്രണയമില്ലാഞ്ഞിട്ടും നീയെന്നെ വിടാതെ ചേർത്തു പിടിച്ചിരിക്കുന്നത്... വിട്ടുകളഞ്ഞാൽ ഞാൻ പ്രണയം തേടി മറ്റെവിടെയെങ്കിലും ചേക്കേറുമെന്ന് നീ ഭയക്കുന്നു.. ശരിയല്ലേ..''
അവൾ അവൻ്റെ കണ്ണുകളിലേക്ക് നോക്കി..
അവളുടെ നോട്ടം നേരിടാനാവാതെ അവൻ മുഖം കുനിച്ചു കളഞ്ഞു..
അവളുടെ നോട്ടം നേരിടാനാവാതെ അവൻ മുഖം കുനിച്ചു കളഞ്ഞു..
''എൻ്റെ കണ്ണുകളിലേക്ക് ഒന്നു നോക്കൂ വിവേക് .. അവിടെ നിനക്കെൻ്റെ മനസ്സ് കാണാം..''
''കണ്ണിൽ കണ്ണിൽ നോക്കി ഒരുപാട് നേരമിരിക്കാൻ ഞാനെത്ര കൊതിക്കാറുണ്ടെന്നോ വിവേക് .. നിലാവ് പെയ്യുന്ന രാത്രികളിൽ നിൻ്റെ കെെകൾ കോർത്തു പിടിച്ചു കുന്നിൻ ചരിവിലൂടെ നടക്കാനും പുഴക്കരയിൽ പോയി കാറ്റുകൊള്ളാനും എനിക്ക് എന്തിഷ്ടമാണെന്നോ?.. ''
''കൊക്കുരുമ്മിയും തൂവലാൽ തലോടിയും ഇണക്കിളിയെ സ്നേഹിച്ചു വീർപ്പുമുട്ടിക്കുന്ന ആൺകിളിയെ കാണുമ്പോൾ അതു നീയായിരുന്നെങ്കിൽ എന്നു ഞാൻ കൊതിക്കാറുണ്ട് ... വിവേക് ..''
''തുറന്നിട്ട ജനാലയിലൂടെ പുറത്തു തിമിർത്തു 'പെയ്യുന്ന മഴ നോക്കി ഞാൻ നിൽക്കുമ്പോൾ പിന്നിലൂടെ നീ വന്നു ഒരു പ്രണയമഴയായി എന്നിൽ പെയ്തിറങ്ങിയെങ്കിൽ എന്നു ഞാൻ ഒരുപാട് മോഹിക്കാറുണ്ട് വിവേക്..''
''ഇടവപ്പാതിയിലെ പേടിപ്പെടുത്തുന്ന ഇടിമിന്നലിൽ നിന്ന് നിൻ്റെ മാറിലേക്ക് ഓടിയൊളിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്... വിവേക് ..''
''ഇതൊന്നും നീയൊരിക്കലും എന്നോട് പറഞ്ഞില്ലല്ലോ .. നീലിമാ ..''
''ഇതൊക്കെ ഞാൻ പറഞ്ഞിട്ടു വേണമായിരുന്നോ അറിയാൻ ..ഓരോ തവണ വരുമ്പോഴും നീ എനിക്ക് തരാറുള്ള വിലകൂടിയ സമ്മാനങ്ങളേക്കാളും എത്രയോ വലുതാണ് നിൻ്റെ സാന്നിദ്ധ്യം എന്നു നിനക്ക് ഇതുവരെ മനസ്സിലായില്ലേ.. വിവേക് ''..
''ഇനിയെനിക്ക് ഇങ്ങനെ തുടരാനാവില്ല.. വിവേക് .. ഇനിയും എൻ്റെ മോഹങ്ങളും സ്വപ്നങ്ങളും അടക്കിപ്പിടിച്ചു ജീവിച്ചാൽ എനിക്ക് ഭ്രാന്തു പിടിക്കും.. ഞാൻ എന്താ ചെയ്യേണ്ടത് .. പറയൂ വിവേക്.. ഒന്നുകിൽ നീയെന്നെ തീവ്രമായി പ്രണയിക്കൂ.. അല്ലെങ്കിൽ നിൻ്റെ കരവലയത്തിൽ നിന്ന് എന്നെ സ്വതന്ത്രയാക്കൂ..''
അവൾ വിങ്ങിക്കരയാൻ തുടങ്ങി..
''വരൂ.. നീലിമാ .. പുറത്തു നല്ല നിലാവുണ്ട്.. നമുക്ക് കുന്നിൻ ചരിവിലൂടെ നടക്കാം.. പിന്നെ നമുക്ക് പുഴക്കരയിൽ പോയി കാറ്റു കൊള്ളാം..''
നീലിമ സന്തോഷത്തോടെ ചാടി എഴുന്നേറ്റു..
അവർ രണ്ടു പേരും കെെകൾ കോർത്തു പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു ..
അവരുടെ മനസ്സുകളിലപ്പോൾ പ്രണയത്തിൻ്റെ നിലാമഴ പെയ്യുന്നുണ്ടായിരുന്നു..
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക