Slider

തെരുവോണം

0
തെരുവോണം
തുമ്പിയും തുമ്പയും ചുമന്നുകൊണ്ടുവന്ന
പൊന്നോണം
ഒരു കുന്ന് മഴയുടെ
മുനമ്പിൽ തട്ടി കുതിർന്ന്
കുടിലിൽ ചോർന്നുവീണു.
വഴിയോരങ്ങളിലെ കിടക്കപ്പായകളിലേക്ക്
ഒലിച്ചിറങ്ങി പ്രളയം കളിച്ചു.
കണ്ണുപൊത്തിക്കളിക്കാൻ പഠിപ്പിച്ച
നിങ്ങൾ
കണ്ണു തുറക്കാത്ത മുദ്രാവാക്യങ്ങൾ
വട്ടയിലകളിൽ എരിവിട്ട് വിളമ്പി
ഞങ്ങളുടെ കണ്ണുകൾ നിറച്ചു.
ഉതിർന്നു വീണ ഓണക്കതിരുകൾ
പാറ്റിക്കൊഴിച്ച്
മൺകലത്തിന്റെ വറുതിയിൽ
മഹാബലിയെ കുടിയിരുത്തി.
കരഞ്ഞു തീരാത്ത കർക്കിടകങ്ങളിലേക്കിറങ്ങിപ്പോയ
കലാപജന്മങ്ങളെ,
ചിങ്ങനിറവിന്റെ വായ്ത്താരികൾ
ബലിയിട്ടു വീഴ്ത്തിയ
എള്ളിന്റെയും പൂവിന്റെയും ചരമവഴികളിൽ
വട്ടയിലയിട്ട് ഓണമൂട്ടുന്നു, ഞങ്ങൾ.
ജനിച്ചു തീരാത്ത വറുതികളിൽ
മൺകലം കുറുക്കിയ ഓണങ്ങളെ
വാരി വിതറി തെരുവോരങ്ങളിലെ
പൂക്കളങ്ങളിൽ
നിലാവിനെ
സ്വപ്നങ്ങളാൽ പുതിപ്പിച്ചു കിടത്തി
കണ്ണീരെണ്ണയാൽ മനസ്സ് കത്തിച്ച് വച്ച്
മാവേലിയെ കാത്തിരിക്കുന്നു, ഞങ്ങൾ
'സന്തോഷമാണു തമ്പുരാനേ'യെന്നു
ചൊല്ലിപ്പഠിപ്പിച്ചതു മൊഴിയാൻ.

Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo