നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

= വളർച്ച =


മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എന്റെ ഒരു പഴയ കഥ.
(വിലപ്പെട്ട അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാ അഭിപ്രായങ്ങളും വിലപ്പെട്ടതാണ് )
= വളർച്ച =
രാജ്മോഹൻ ഇനിയും വളരാനുണ്ടെന്നാണ് അമ്മൂമ്മ പറയുന്നത്.
അതു കൊണ്ട് രാജ് മോഹൻ വളരാനാഗ്രഹിച്ചു.
രാത്രികൾ പകലുകളാക്കി, ഉറക്കമൊഴിച്ച് പഠിച്ചതെല്ലാം പേപ്പറിൽ ഛർദ്ദിച്ച് ഐ.എ.എസ് നേടി. മസൂറിയിലെ ട്രെയിനിംഗ് ക്യാമ്പിൽ കടപുഴകാതെ പിടിച്ചു നിന്നു. ഒടുവിൽ സബ് കളക്ടറായി നിയമനം ലഭിച്ചു.ഒരു പിന്നോക്ക ജില്ലയിൽ.
പക്ഷെ,
അമ്മൂമ്മ പറഞ്ഞു:
- "രാജ് മോഹൻ ഇനിയും വളരാനുണ്ട്."
കറുത്ത വാവ് അടുത്തപ്പോൾ രാജ് മോഹന് ആത്മീയമായ ഒരു ഉണർവുണ്ടായി. ആത്മാക്കളുമായി സമ്പർക്കം നടത്തുവാൻ ആഗ്രഹം. ഡോ. ശാന്തകുമാറിന്റെ ലേഖനങ്ങൾ തലയിൽ കയറി, ഡോൺ ക്വിക് സോട്ടിനെപ്പോലെ പാരാ സൈക്കോളജിയുടെ ആഴക്കയങ്ങളിൽ ഗ്രന്ഥങ്ങളിൽ നിന്ന് ഗ്രന്ഥങ്ങളിലേക്ക് നീന്തിക്കയറി.
കറുത്ത വാവ് അടുത്തു വന്നതോടെ രാത്രിയിൽ തീരെ ഉറക്കമില്ലാതായി. ഇടക്കിടെ ചില വെളിപാടുകൾ ഉണ്ടാകുന്നു. ആ സമയങ്ങളിൽ രാജ്മോഹൻ എഴുന്നേറ്റ് കട്ടിലിൽ പത്മാസനത്തിൽ ഇരുപ്പുറപ്പിക്കും. ബെഡ് റൂമിലെ ചുവന്ന ഇൻഡിക്കേറ്ററിലേക്ക് ഉറ്റുനോക്കും. പിന്നെ കണ്ണടക്കും. ഇൻഡിക്കേറ്ററിന്റെ ചുവപ്പു പോലെ തീക്ഷ്ണമായ ഒരു പ്രകാശം മനസിൽ വന്നു നിറയുന്നതായി സങ്കൽപ്പിക്കും.
- അതാണ് ബ്രഹ്മം.
അഹം ബ്രന്മാസ്മി - ആ ചുവന്ന ഇൻഡിക്കേറ്റർ നീയാകുന്നു. അത് ബ്രഹ്മമാകുന്നു.
അടുത്തതായി കോസ്മിക് രശ്മികൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നതായി സങ്കൽപ്പിക്കും.ഈ രശ്മികൾ ഊർജ്ജ ശരീരവുമായി ലയിച്ചു ചേരുന്നു. അതാണ് "ഇതറിക് ബോഡി. " പ്രാണായാമത്തിലൂടെ സുഷ്മ്ന ഊർജ്ജിതമാക്കുന്നതോടെ എല്ലാ ചക്രങ്ങളും ഊർജ്ജിതമാകും. ഇത്രയുമായാൽ രാജ്മോഹന് ആത്മാക്കളുടെ വിളി കേൾക്കാം.
" മോനേ രാജൂ.. ഇത് ഞാനാടാ നിന്റെ അച്ഛൻ. ആറടി മണ്ണിൽ നീ കുഴിച്ചു മൂടിയ പഴം പുരാണം. നീ പഠിച്ചു. നിന്റെ അമ്മ നിന്നെ പഠിപ്പിച്ചു. വിദ്യാഭ്യാസം വിനയത്തിന്റെ തിരിച്ചറിവാണെന്ന് പലരും പറയാറുണ്ട്. പക്ഷെ, ഒരിക്കലെങ്കിലും നീ തിരിഞ്ഞു നോക്കിയിട്ടുണ്ടോ? മണ്ണിനടിയിൽ പുഴുവരിച്ചു തീർന്ന എന്നെപ്പറ്റി നീ ചിന്തിച്ചിട്ടുണ്ടോ?"
" അച്ഛാ. ഞാൻ എല്ലാം ഓർക്കുന്നു ."
"നീ ഇനിയും വളരാനുണ്ടെന്ന് നിന്റെ അമ്മൂമ്മ പറയുന്നു. നീ അതു വിശ്വസിച്ചു. "
"ഞാൻ വളർന്നു കഴിഞ്ഞോ?"
"ഇല്ല. നീ ഇനിയും വളരാനുണ്ട് "
മൊബൈൽ ഫോണിൽ മെസേജു വന്നപ്പോൾ രാജ് മോഹന്റെ ശ്രദ്ധ തിരിഞ്ഞു.ആത്മാക്കളുമായുള്ള സമ്പർക്കം നഷ്ടപ്പെട്ടു.
മുറിയിൽ ചുവന്ന ഇൻഡിക്കേറ്റർ തെളിഞ്ഞു നിന്നു.
പിറ്റേന്ന് കടൽക്കരയിലെ സോഡാ വിൽപ്പനക്കാരി രാജ് മോഹനെ നോക്കി ചിരിച്ചു. കല്ലുമ്മക്കായ വിറ്റിരുന്നവർ തല കുലുക്കി ബഹുമാനിച്ചു. ദിവസം തോറും ആയിരക്കണക്കിന് മനുഷ്യരുമായി ഇടപഴകുന്ന 'ഐസൊരതി ' വിൽപ്പനക്കാരൻ അമ്മദ്ക്ക പരിചയം നടിച്ചു. യാചകർ കൈ നീട്ടി. മീൻ വലക്കാർ കൂട്ടത്തിൽ ചേരുവാനായി കൈകൾ ഉയർത്തി. എല്ലാവർക്കും തന്നെ അറിയാം. രാജ് മോഹൻ അഭിമാനം പൂണ്ടു. എന്നാൽ, ബദാം മരത്തിനു കീഴിലെ കമിതാക്കൾ മാത്രം രാജ് മോഹനെ അവഗണിച്ചു.
പ്രണയം വളരെ സ്വാർത്ഥമാണ്.
ഇപ്പറഞ്ഞവർ ആരും ഇതുവരെ രാജ് മോഹനെ നോക്കി ചിരിച്ചിട്ടില്ല. രാജ് മോഹൻ കണ്ടിട്ടില്ല.
അവന്റെ മനസ്സ് മന്ത്രിച്ചു:
"നിനക്കെന്തോ സംഭവിച്ചിരിക്കുന്നു!! "
സത്യമാണ്. എന്തോ സംഭവിച്ചിരിക്കുന്നു. രണ്ടാമത്തെ ദിവസമാണ് രാജ് മോഹന് വെളിപാടുണ്ടായത്.
- ആത്മാക്കളുടെ സ്വാധീനമാണിത്. അച്ഛൻ സൂചിപ്പിച്ച "വളർച്ച " ഒരു പക്ഷെ ഇതായിരിക്കാം.
പിന്നീട് കറുത്ത വാവിന്റെ തലേനാൾ വരെ ആത്മാക്കളുമായി സമ്പർക്കം പുലർത്തുവാൻ രാജ് മോഹന് കഴിഞ്ഞില്ല. പക്ഷെ, അച്ഛന്റെ രൂപം ഇടക്കിടെ മനോമുകുരത്തിൽ മുളച്ചു പൊന്തുന്നുണ്ടായിരുന്നു. അച്ഛൻ വിടാതെ പിന്തുടരുന്നുണ്ട്.
അച്ഛനെ മറക്കുവാൻ കഴിയില്ല.
അച്ഛനു വേണ്ടി എന്താണ് ചെയ്യേണ്ടത്?
അമ്മൂമ്മ പറഞ്ഞു:
" മോനേ രാജൂ... നീ ഇനിയും വളരാനുണ്ട്. മരിച്ചു പോയ അച്ഛനെ നീ ഓർക്കണം. നിന്റെ അച്ഛനാണ്. നീ ബലിയിടണം."
കറുത്ത വാവിന്റെ ദിവസം, പാപനാശിനിയുടെ തണുപ്പിൽ മൂന്നു തവണ മുങ്ങി നിവർന്നു. കറുത്ത വാവു ദിവസം, പാപനാശിനിക്ക് തണുപ്പിന്റെ കാഠിന്യം ഏറും. അന്നേ ദിവസമാണത്രെ അവൾ സർവ്വ പാപങ്ങളും ഒഴുക്കിക്കൊണ്ട് പോകുന്നത്. ബ്രഹ്മഗിരി മലനിരകൾക്കു കീഴിൽ പ്രാചീനമായ ഒരമ്പലവും വിഷ്ണു പാദവും ഹുണ്ഡികാ ക്ഷേത്രവും നിഗൂഢതയിലാഴ്ന്ന് സ്വർഗ്ഗസമാനമായി നില കൊള്ളുന്നു.
ബലിയിട്ട്, ആത്മാവിനെ മനസ്സിൽ ധ്യാനിച്ച് ഹുണ്ഡികാ ക്ഷേത്ര പരിസരത്ത് കല്ലുകൾ പെറുക്കി വെച്ചപ്പോൾ രാജ് മോഹൻ ഒരു കാക്കയെ കണ്ടു.
- ബലിക്കാക്ക.
കാക്ക രാജ് മോഹനോട് പറഞ്ഞു:
"മോനേ രാജൂ.. ഇത് ഞാനാടാ നിന്റെ അച്ഛൻ "
"ആര്?"
"നിന്നെ ജനിപ്പിച്ചവൻ "
"എനിക്ക് വിശ്വാസം വരുന്നില്ല."
"എങ്ങനെ വിശ്വസിക്കുവാനാണ് ! നീ ഒരിക്കലും ആരെയും വിശ്വസിച്ചിരുന്നില്ലല്ലോ?"
"ഞാൻ വിശ്വസിക്കുന്നു"
രാജ് മോഹൻ അമ്മൂമ്മയോട് പറഞ്ഞു
:" അമ്മമ്മേ.. ഞാൻ അച്ഛനെ കണ്ടു. "
രാജ് മോഹൻ കാക്കയെ കൈയ്യിലെടുത്തു. കാക്ക പറന്നു പോയില്ല. ഒന്ന് അനങ്ങിയതു കൂടിയില്ല. രാജ് മോഹൻ അമ്മൂമ്മയോട് പറഞ്ഞു: "ഇതെന്റെ അച്ഛനാണ് "
ബന്ധുക്കൾ പരസ്പരം നോക്കി. അവർ അമ്പരന്നു. അമ്മൂമ്മ കരഞ്ഞു. അമ്മാവൻ കരഞ്ഞു. അമ്മ കരഞ്ഞു.
അപ്പോൾ കാക്കയും കരഞ്ഞു.
രാജ് മോഹൻ വീണ്ടും പറഞ്ഞു: "ഇതെന്റെ അച്ഛനാണ് ". വീണ്ടും ആത്മാക്കളുമായ് സമ്പർക്കം പുലർത്താൻ കഴിഞ്ഞതിൽ അവൻ ഏറെ സന്തോഷിച്ചു. അമ്മൂമ്മ കരഞ്ഞത് അവനു മനസ്സിലായില്ല.
കുതിരവട്ടത്തിലെ വലിയ ഗേറ്റു കടന്നപ്പോൾ അമ്മൂമ്മ പറഞ്ഞു: " മോനേ രാജൂ.. നീ ഇനിയും വളരേണ്ടതുണ്ട്."
കുറേ കാലങ്ങൾക്കു ശേഷം, ആശുപത്രിയുടെ വലിയ മുറ്റത്ത് ഒരു കാക്ക പറന്നെത്തിയത് രാജ് മോഹൻ കണ്ടു. രാജ് മോഹൻ പറഞ്ഞു:
"ഇതൊരു കാക്കയാണ് "
ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മൂമ്മ വീണ്ടും ഓർമ്മിപ്പിച്ചു.
"മോനേ രാജൂ... നീ ഇനിയും വളരേണ്ടതുണ്ട്."
പലകുറി ചിന്തിച്ചു. തലങ്ങും വിലങ്ങും ആലോചിച്ചു. ഒടുക്കം രാജ് മോഹൻ ഭാണ്ഡം മുറുക്കി.
ഹരിദ്വാർ , ഋഷികേശ്, കേദാർനാഥ്, ബദ്രിനാഥ്......
രാജ് മോഹൻ ഇനിയും വളരാനുണ്ടെന്നാണ് അമ്മൂമ്മ പറയുന്നത്.
*** *** ***

Lijin

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot