നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരിച്ചറിവുകൾ

തിരിച്ചറിവുകൾ
" ആർക്കുവേണ്ടിയും കാക്കേണ്ടതില്ലല്ലൊ??
ആരുവരാനാ.. നേരത്തോടുനെരം ആയില്ലേ??" ആരോ ഒരാൾ ചോദിച്ചു... കൂടി നിന്ന നാട്ടുകാരിൽ ചിലർ അതു ശരിവെച്ചു..
"അല്ലാ, അമ്മയും ഒരു മൂത്ത സഹോദരനും ഉണ്ടെന്നു കേട്ടീട്ടുണ്ട് .. അവരു വല്ലതും..??" ഒരാൾ സംശയം ചൊദിച്ചു
"ജീവിച്ചിരുന്ന കാലമത്രയും അവർക്കുവെണ്ടി നല്ലതൊന്നും ചെയ്തീട്ടില്ല.. വേണ്ടുവോളം ഉപദ്രവിച്ചീട്ടുണ്ടു താനും.. അവരൊന്നും വരാൻ പോണില്ല " ആരോ അടക്കം പറഞ്ഞു.
എന്റെ പേർ രഘു ... ഇന്നലെ ഏതാണ്ടീസമയം വരെ ഞാനും ഒരു മനുഷ്യൻ ആയിരുന്നു .. പക്ഷെ ചുറ്റും നടക്കുന്നതൊന്നും കാണാനോ കേൾക്കാനോ ഞാൻ തയ്യാറായിരുന്നില്ല. ഇന്നലെ വരെ.. എന്റെ കണ്ണുകളും ചെവികളും ഞാൻ കൊട്ടിയടച്ചിരുന്നു,ഈ ലോകത്തിന് മുൻപിൽ ...എല്ലാവരോടും എല്ലാത്തിനോടും എനിക്ക് അമർഷമായിരുന്നു .. വെറുപ്പായിരുന്നു.. ഞാൻ ഇന്നലെവരെ ഈ ഭൂമിയിൽ ജീവിച്ചത് ഒരു മദയാനയുടെ മനസ്സുമായായിരുന്നു.. മുൻപിൽ കാണുന്ന എന്തിനെയും ഞാൻ എന്റെ കാൽക്കീഴിലിട്ടു ചവിട്ടി മെതിച്ചു..!
സഹജീവികൾക്ക് എന്നോടുള്ള ഭയം എന്നെ ഹരം കൊള്ളിച്ചു..ഈ നഗരത്തെ ഞാൻ എന്റെ കയ്യിലെ ചോരക്കറ പിടിച്ച കത്തിയും വടിവാളും കാണിച്ച് വിറപ്പിച്ചു...
എല്ലാവരും എന്നെ 'ഗുണ്ട' എന്നുവിളിച്ചു..!
പക്ഷെ ഇന്നെനിക്ക് എല്ലാം കാണാം.. എന്റെ ശാരീരം നടുറോഡിൽ ഇട്ടു വെട്ടിനുറുക്കി വിജയം ആഘോഷിക്കുന്നവനെ എനിക്കു കാണാം..എന്നെക്കുറിച്ച് നല്ലതൊന്നും ഓർത്തെടുക്കാൻ ഇല്ലെങ്കിലും നാട്ടുമര്യാദയുടെ പേരിൽ എന്റെ വീട്ടിൽ കൂടിനിൽക്കുന്ന അയൽക്കാരെ എനിക്കു കാണാം...നാളെ മുതൽ ഭയം കൂടാതെ ജീവിക്കാം എന്ന ആശ്വാസത്തിൽ അകത്തെ മുറിയിൽ ഇരിക്കുന്ന എന്റെ ഭാര്യയെ എനിക്കു കാണാം...എന്നെക്കൊണ്ട് എല്ലാ ക്രൂരതകളും ചെയ്യിച്ച് എല്ലാം നേടിയെടുത്ത് ഇപ്പോൾ ഞാൻ തുന്നിക്കെട്ടിയ വെറും ഒരു മാംസപിണ്ഡം മാത്രമായപ്പോൾ എന്നെ കുറിച്ച് ഒന്നു ചിന്തിക്കുക പോലും ചെയ്യാത്ത മാന്യരെ എനിക്കുകാണാം...എല്ല്ലാവരുടെയും മുഖത്ത് ഒരുതരം നിസ്സംഗ ഭാവം മാത്രം .. എനിക്കുവേണ്ടി ഒരിറ്റു കണ്ണുനീർ ആരുടേയും കണ്ണിന്നു കോണിൽ പോലും പൊടിയുന്നില്ല ...എന്നെ ഓർത്ത് ഒരു മനസ്സുപോലും വേദനിക്കുന്നില്ല.. എന്റെ ആത്മാവിനു ശാന്തി ഉണ്ടാവട്ടെയെന്ന് ഒരു നാവുപോലും പറയുന്നില്ല ! ഭൂമിയിൽ എന്നെ സ്നേഹിക്കുന്ന ഒരാൾപോലുമില്ല..!
എന്നെ ഓർത്തു ദുഖിക്കാൻ ഒരാൾപൊലുമില്ല ..! എല്ലാം എന്റെ കർമ്മഫലം ..!
ഞാൻ എന്താണ് കാണുന്നത് .. ??! അലമുറയിട്ടു കരഞ്ഞുകൊണ്ട് ഓടിവരുന്നത് എന്റെ അമ്മയല്ലേ??എനിക്കുവേണ്ടി പൊഴിക്കാൻ ഇനിയും അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ ബാക്കിയുണ്ടോ ??! ജീവിച്ചിരുന്നപ്പോൾ ഒരിക്കലെങ്കിലും ഈ കണ്ണുനീർ ഞാൻ കണ്ടിരുന്നെങ്കിൽ ഇന്നിങ്ങനെ ഒരു വെള്ളത്തുണിക്കെട്ടായി ഞാൻ മാറില്ലായിരുന്നു..!!!
സ്വന്തം ചോര വിയർപ്പാക്കി എന്നെ ഊട്ടിയപ്പോൾ ഒരിക്കൽപോലും ചോരമണമുള്ള കഥകൾ അമ്മയെനിക്ക്‌ പറഞ്ഞു തന്നീട്ടില്ല..ഞാൻ മുൻപിലേക്ക് വലിച്ചെറിഞ്ഞു കൊടുത്ത ചോരമണമുള്ള നോട്ടുകെട്ടുകൾ ചെറുവിരൽ കൊണ്ടുപോലും സ്പർശിച്ചീട്ടില്ല...'ഇനി എനിക്കിങ്ങനെ ഒരു മകനില്ല ' എന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞ് വീട്ടിൽ നിന്നും എന്നെ ഇറക്കിവിടുമ്പോൾ ഒരിക്കൽ പോലും അമ്മ കരഞ്ഞിരുന്നില്ല .. ഒരിക്കലും അമ്മയെ കാണാൻ വരില്ല എന്നു പ്രതിജ്ഞ ചെയ്തത് വീടുവിട്ടിറങ്ങിയ മകനെ കാണാൻ അമ്മ കരഞ്ഞുകൊണ്ട് ഓടി വന്നു..എന്റെ ശരീരത്തിൽ ഒരു മുള്ളുകൊണ്ട് ചോരപൊടിഞ്ഞാൽ പോലും കണ്ണുനിറഞ്ഞിരുന്ന അമ്മക്ക് കൊത്തിനുറുക്കി തുന്നിച്ചുചേർത്ത എന്നെ കണ്ടു താങ്ങാനാവില്ല... ! ആ കണ്ണുനീർ എന്നെ ചുട്ടുപൊള്ളിക്കുന്നു .. ആ നിലവിളി അമ്പുകളായി എന്റെ കാതിൽ തുളഞ്ഞു കയറുന്നു ..! അമ്മേ മാപ്പ്‌! മാപ്പ് !
ഞാൻ പോയ്‌വരട്ടെ അമ്മേ ..!ഇനി വരും ജന്മത്തിൽ ഈ അമ്മയുടെ മകനായിത്തന്നെ ജനിക്കാൻ .. ചെയ്തുപോയ തെറ്റുകൾക്കെല്ലാം പ്രായച്ഛിത്തം ചെയ്യാൻ..എന്നും ആ മടിയിൽ തലവെച്ചു സമാധാനമായി ഉറങ്ങാൻ ... ഞാൻ പൊയ്‌വരട്ടെ ..!
( വഴിതെറ്റി പൊലിഞ്ഞുപോയ ഒരു കൂട്ടം മനുഷ്യർക്കു വേണ്ടി .. )
വന്ദന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot