Slider

ഒരു കത്ത്

0
ഒരു കത്ത്
__________
പ്രിയപ്പെട്ട അണ്ണന്,
ഒരു വ്യത്യസ്തയ്ക്ക് വേണ്ടിയാണ് കത്തെഴുതുന്നത്. വിളിച്ച് സംസാരിച്ചാൽ ചിലപ്പോൾ ഞാൻ കരഞ്ഞുപ്പോകും. മംഗ്ലീഷ് എനിക്ക് ഇഷ്ടമല്ല, അതാ മെസ്സേജ് അയക്കാത്തത്. അല്ലെങ്കിലും മെസ്സേജ് 2 വാക്കിൽ തീരും അതുകൊണ്ടാണ് ഈ കത്ത്. കത്ത് വായിക്കുന്നത് ഒരു സുഖമാണെന്ന് പഴമക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്.
ഇവിടുത്തെ വിശേഷം അറിഞ്ഞുകാണുമല്ലോ! പുതിയ അതിഥിയ്ക്ക് അണ്ണൻ തന്നെ പേരിടണം. പേരക്കുട്ടികളുടെ മക്കളുടെ കൂട്ടത്തിലെ ആദ്യത്തെ പെൺതരിയാണ്. വി വച്ച് തുടങ്ങുന്ന പേര് തന്നെ വേണം. ഇല്ലെങ്കിൽ ഒരു രസവും കാണില്ല.
ഈയിടെ ഒരു കുറിപ്പിൽ ഞാൻ വായിച്ചതാണ്; പെങ്ങളില്ലായ്മ ഒരു ദാരിദ്ര്യമാണെന്ന്. അണ്ണന് അങ്ങനെ തോന്നിയിട്ടുണ്ടോ? അപ്പോൾ ആങ്ങളയില്ലായ്മയും ദാരിദ്ര്യമാണോ? ഒരമ്മയുടെ വയറ്റിൽ പിറന്നാലെ സഹോദരങ്ങൾ ആകത്തൊള്ളോ? എനിക്കിന്നുവരെ സ്വന്തമായി ഒരാങ്ങള ഇല്ലെന്ന് തോന്നിയിട്ടല്ലല്ലോ? അത് എന്നെ മനപൂർവ്വം അറിയിക്കാതെ വളർത്തിയതാണോ?
ഞാൻ ഒരുപാട് മിസ് ചെയ്യുന്നണ്ണാ! ഈ വേർപാട് സഹിക്കാൻ വയ്യ. നമ്മൾ ചെറുപ്പം മുതൽ ഒരുമിച്ചായിരുന്നല്ലോ! പണ്ട് അണ്ണൻ എന്റെ സൈക്കിൾ എടുക്കുമ്പോൾ കരഞ്ഞ് ബഹളം വച്ചത്തോർക്കുമ്പോൾ ഇപ്പോ ചിരി വരുന്നു. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ ചുറ്റി കറങ്ങിയതിന് അമ്മ നമ്മളെ വഴക്ക് പറഞ്ഞതോർമ്മയുണ്ടോ? അണ്ണനപ്പോൾ പറഞ്ഞ മറുപടി എനിക്കൊരുപാട് ഇഷ്ടമായി. "എന്റെ പെങ്ങൾ എന്റെ കൂടെയാ വന്നത്, അതിന് വേറെ ആരും ആധി പിടിക്കേണ്ട " എന്ന്. അണ്ണന് ഞാൻ തരുന്ന അടിയും കടിയും, തിരിച്ചണ്ണൻ തരുന്ന കുനിച്ച് നിർത്തിയുളള ഇടിയും കിട്ടാൻ ഇനി എത്രനാൾ ഞാൻ കാത്തിരിക്കണം?
നമ്മുടെ കുരുത്തക്കേട് കണ്ട് സഹിക്കെട്ട് നമ്മളെ 2 വീട്ടുകാരും വഴക്ക് പറയുമ്പോൾ, "എല്ലാ ഓൾഡ് സെറ്റിനേയും വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കുമെന്ന്" മാസ് ഡയലോഗും അടിച്ച് സംഭവസ്ഥലത്ത് നിന്ന് നൈസായി നമ്മൾ മുങ്ങുന്നത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്.
ഷവർമ്മ കൊതിച്ചിയായ എനിക്ക്, അണ്ണൻ മേടിച്ച് തരുന്ന ഷവർമ്മയുടേയും പിസ്സയുടേയും നമ്മുടെ സ്പെഷ്യൽ തട്ടുകടയിലെ കപ്പയുടേയും ബീഫിന്റേയും ഒക്കെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്.
പഠിക്കാൻ കാശ് തികയില്ലെന്ന് പറഞ്ഞപ്പോൾ "ഞാൻ മെഷീൻ മേടിച്ച് തരാം, നീ തയ്യൽ പഠിക്കെന്ന് " എന്നോട് പറഞ്ഞിട്ട് പഠിക്കാനുളള കാശ് അമ്മയെ ഏൽപ്പിച്ചത് ഞാൻ അറിഞ്ഞില്ലെന്ന് വിചാരിക്കരുത്. കഥയെഴുതാൻ തുടങ്ങിയെന്ന് പറഞ്ഞപ്പോൾ "നീ നാട്ടുക്കാരെയെല്ലാം വെറുപ്പിക്കുവാണല്ലോ" എന്ന് പറഞ്ഞ് പരിഹസിച്ചതിന് ഞാൻ വച്ചിട്ടുണ്ട്! ഇനി നേരിൽ കാണുമ്പോൾ അതിനുളള സമ്മാനം തരാം.
അണ്ണന് ഒന്ന് പെണ്ണ് കെട്ടിക്കൂടെ? ഇത് അണ്ണനോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല, കല്ല്യാണതലേന്ന് പെണ്ണിന് ഡ്രസ്സ് കൊടുക്കാൻ ഞാനായിരിക്കും പോവുക. ഇനി എന്റെ ഊഴമാണല്ലോ! അതുകൊണ്ട് എനിക്കാണ് ആ മോതിരത്തിന്റെ അവകാശം. പിന്നെ ഇച്ചിരി വഴക്കാളി പെണ്ണായാൽ അത്രയും നല്ലത്. നമ്മുടെ കുടുംബത്തിൽ വന്ന് കേറിയതെല്ലാം 'അയ്യോ പാവം പിളേളരാ'. ഒരു നാത്തൂൻ പോരിനുളള ചാൻസ് അണ്ണനാണ് ഉണ്ടാക്കി തരേണ്ടത്. പഴയതൊക്കെ ആലോചിച്ചു ഇനിയും ജീവിതം നശിപ്പിക്കാനാണ് ഉദ്ദേശിമെങ്കിൽ ചവിട്ടി കൂട്ടികളയും പറഞ്ഞേക്കാം.
അണ്ണൻ തിരിച്ച് വരാൻ ഇനിയും 3 വർഷങ്ങൾ എടുക്കും. അപ്പോഴത്തേക്ക് കാലം ഒരുപാട് മാറും. നമ്മളും മാറുമോ? എന്നെ കെട്ടിച്ച് വിട്ടാൽ... ആ ചെറുക്കൻ സമ്മതിക്കുമോ ഇതുപോലെ അണ്ണന്റെ അനിയത്തിയായി ഇരിക്കാൻ? അതോ എല്ലാരെയും പോലെ സ്വന്തം ആങ്ങളയല്ലെന്ന് പറഞ്ഞ് അണ്ണനിൽ നിന്ന് അകറ്റുമോ? അണ്ണൻ എപ്പോഴും പറയാറില്ലേ "കണ്ണെത്താത്ത ദൂരത്ത് എത്തുമ്പോൾ ആളുകളൊക്കെ മറക്കുമെന്ന്". എല്ലാവരും അങ്ങനെയല്ല അണ്ണാ. ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എപ്പോഴും കൂടെ കാണും, നമ്മൾ എത്ര വലിയ ദൂരത്താണെങ്കിലും. എനിക്കറിയാം ഇത് വായിച്ചെന്നെ കളിയാക്കുമെന്ന്. "നിനക്ക് കഥ എഴുതി വട്ടായോന്ന് ചോദിക്കും". സാരമില്ല. എന്നാലും ഞാൻ ഇനിയും എഴുതി വെറുപ്പിക്കും. എന്തായാലും ഈ കത്ത് നിരത്തുവാ. വീണ്ടും എഴുതുമേ!!
എന്ന്,
സ്ഥലം
തീയതി അണ്ണാന്റെ സ്വന്തം
ചൈനാമൂക്കി

Shari
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo