നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

~~~~~~~~~ നോൾസ്റ്റാൽജിയ ~~~~~~~~~

~~~~~~~~~ നോൾസ്റ്റാൽജിയ ~~~~~~~~~
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞങ്ങൾക്ക് സ്വന്തമായൊരു വീടുണ്ടായത്. ശരിക്കുംപറഞ്ഞാൽ ഞാൻ മാത്രമേയുള്ളു എന്റെവീട്ടിൽ എന്റെനാട്ടിൽ ജനിച്ചയാള്. ഇപ്പോഴും ഞാൻ ജനിച്ചനാട്ടിൽതന്നെ ജീവിക്കുന്നു. പുതിയ വീടിന്റെയടുത്ത് പുതിയ ഒത്തിരി കൂട്ടുകാരെയെനിക്ക് കിട്ടി. സ്കൂളുവിട്ട് വന്നാൽ കട്ടൻകാപ്പിയും പലഹാരംവല്ലതുമുണ്ടെങ്കിൽമാത്രം അതും കഴിച്ചിട്ട് ഫുട്ബോൾ, ക്രിക്കറ്റ്, കിളിപാസ്സ്, ഹോക്കി ഇതിലേതെങ്കിലുമൊരു കളിയിൽ ഏർപ്പെടുമായിരുന്നു. അന്നത്തെ കാലത്തൊക്കെ വീടുകളിൽ കുറ്റിയടുപ്പൊക്കെയുണ്ടായിരുന്നു. ഇന്നത്തെ യുവതലമുറയ്ക്കതൊന്നും ഒരുപക്ഷേ അറിയാത്ത കാര്യങ്ങളായിരിക്കാം. അറക്കപ്പൊടിയാണ് കുറ്റിയടുപ്പിൽ ഉപയോഗിക്കുന്ന ഏകവസ്തു. വീട്ടിൽ വന്നുകഴിയുമ്പോൾ അമ്മപറയും അറക്കപൊടി തീർന്നുപോയി ഒരുചാക്കിൽ നിറച്ചുകൊണ്ടുവരാൻ. ഞാൻ പ്ലാസ്റ്റിക്കുചാക്കും കെട്ടാൻ പിണികയറുമായി പോകുന്നത് കാണുമ്പോൾ ഉണ്ണിയുടെയും സനോജിന്റെയും അമ്മമാര് പറയും എടാ നിങ്ങളും മനോജിന്റെ കൂടെപോയി അറക്കപ്പൊടി നിറച്ചോണ്ടുവരാൻ. പിന്നെ ഞങ്ങളു മൂന്നുപേരും കൂടി നേരെ തടിയറപ്പ് മില്ലിലേയ്ക്കു ചെന്ന് പൊടിക്കുഴിയിലിറങ്ങി അറക്കപ്പൊടി കുത്തിയും ചവിട്ടിയുമൊക്കെനിറച്ച് കഴിയുമ്പോൾ പ്ലാസ്റ്റിക്ക്ചാക്കിനു നല്ല ക്ലെയിസിങ്ങായിരിക്കും. അങ്ങനെ വന്നാലേ ഞങ്ങൾക്ക് തൃപ്തിവരത്തുള്ളു കാരണം നന്നായി നിറച്ച്കഴിഞ്ഞാൽ മാത്രമേ ആ ക്ലെയിസിങ്ങ് കിട്ടത്തുള്ളു. ചാക്കിന്റെ മുകളുവശമടച്ച് പൊതിയാൻ വേണ്ടി ചതുരത്തിലുള്ള പലകയുടെ മുറികഷണങ്ങളെടുക്കും ആരും കാണാതെ, കാരണം അത് തക്കാളിപ്പെട്ടിയുണ്ടാക്കാൻ പണിക്കാരുപയോഗിക്കുന്നതാണ്. ഞങ്ങളവരുടെ കണ്ണുവെട്ടിച്ച് രണ്ടു മൂന്നുകിലോ പലകകഷണങ്ങൾ തിരുകികയറ്റി നന്നായി പിണികയറുകൊണ്ട് വരിഞ്ഞുമുറുക്കികെട്ടി ഒരു രൂപായും കൊടുത്തുവരും. അങ്ങനെ പൊടിയുടെ കൂടെ കാപ്പി അത്താനുള്ള വിറകും ഈ കൂട്ടത്തിൽ ഒപ്പിച്ചെന്നുസാരം. ഞാൻ അവർക്കു രണ്ടുപേർക്കും നിറച്ചചാക്കെടുത്ത് തലയിൽ വച്ചുകൊടുക്കും. പിന്നെ ഞാനെതെങ്കിലും ചേട്ടനെ സോപ്പിട്ടേച്ച് എന്റെചാക്കും തലയിൽചുമന്ന് വർത്തമാനം പറഞ്ഞൊരു പോക്കാണ്. അവൻമാരെന്നെ ആദ്യം ചീത്ത വിളിക്കും നീ കാരണമാണ് ഞങ്ങൾക്കും പോരെണ്ടി വന്നതെന്നും പറഞ്ഞ്. അപ്പോൾ ഞാനുളളിൽ ചിരിക്കും കാരണം ഇവൻമാരുടെ അമ്മമാര് കണ്ടില്ലെങ്കിൽ ഞാനങ്ങോട്ടുകേറി ചോദിക്കും അറക്കപ്പൊടി തീർന്നോ അമ്മേ ഉണ്ണി വരുന്നുണ്ടോയെന്ന്. അതു കേൾക്കുമ്പോളെ പറയും അയ്യോ നീ ചോദിച്ചതു നന്നായി ഇവിടെയും തീർന്നുവെന്ന് അമ്മ പറയുംപോൽ ഞാനെന്റെകാര്യം സാധിച്ചെടുത്തു. നമ്മളെ കൊണ്ടിത്രയൊക്കെപറ്റത്തള്ളു. കാരണം ഒറ്റയ്ക്കു പോകാൻ മടിയാണ്. ഉണ്ണി പിന്നെ സനോജിനെ വിളിക്കുന്ന കാര്യമങ്ങ് സ്വയമേൽക്കും. പൊടി കൊണ്ടുവന്ന് തലയിൽ നിന്നും പിന്നാമ്പുറത്തേക്കിട്ടിട്ട് വേലിയിൽ പിടിച്ചൊരുനിൽപ്പാണ് കാരണം ചാക്കിനൊരു പത്തിരുപത്കിലോ ഭാരംകാണും അതു തലയിൽ നിന്നുംപോയപ്പോൾ മുകളിലോട്ട് പൊങ്ങി പോകുന്നത് പോലെയാണെനിക്ക് അനുഭവപ്പെടുന്നത് അതുകൊണ്ടാണ് വേലിയിൽ പിടിച്ചിരിക്കുന്നത്. എങ്ങനെയുണ്ട് ഐഡിയ...
ഞങ്ങള് മൂന്നു പേരുമില്ലെങ്കിൽ പിന്നവിടെ ഒരുകളിയും നടക്കില്ല. കാരണം രണ്ടുടീമിനുവേണ്ട ആളുതികയില്ലയെന്നതുതന്നെ. ഞങ്ങളാണേ മുറ്റു കളിക്കാരുമാണ്. ക്രിക്കറ്റ്കളിക്കിടയിൽ പൊക്കിയടിച്ച പന്ത്ചെന്നിരുന്നത് തെങ്ങിന്റെ മണ്ടയിൽ. ബോളിംഗ് ഞങ്ങളുടേതുമാണ്. അതു കഴിഞ്ഞ് ബാറ്റിംഗാണ് പ്രധാനം, കാരണം അപ്പോളല്ലേ ഒന്നു തിളങ്ങാൻപറ്റു. ബോള് തെങ്ങിന്റെ മണ്ടയിൽ കയറി കുടിയിരുപ്പുസത്യാഗ്രഹം നടത്തിയതു കണ്ടവൻമാരുപറയുന്നു ഇനി കളിക്കണ്ട നാളെ പുതിയ തുണിപന്തുണ്ടാക്കിയിട്ട് കളിക്കാമെന്ന്. നുമ്മളു വിട്ടുകൊടുക്കുമോ. അപ്പോളെ കല്ലു കൈയ്യിലെടുക്കുമെല്ലാരും. പിന്നെയൊരു ഉന്നം നോക്കലാണ് മുകളിൽ റെസ്റ്റെടുക്കുന്ന പന്തിലേക്ക്. പിന്നെ ഏറു തുടങ്ങും. ഞാനാണെങ്കിൽ " ഉന്നം മറന്നു തെന്നിപറന്ന പൊന്നിൻ കിടാക്കളെല്ലാമെന്ന " മന്ത്രം മനസ്സിൽ ഉരുവിട്ടൊരു ഏറാണ്. മൂന്നാമത്തെ പെഗ്ഗിൽ ഐസ്ക്യൂബ് വീഴുമ്പോൾ ജഗന്നാഥനങ്ങെത്തുമെന്നു പറഞ്ഞതുപോലെ എന്റെ മൂന്നാമത്തെ ഏറിന് പന്ത് ക്ലീൻഡൗൺ. അപ്പോളെന്റെ ടീമിന്റെ ആഹ്ളാദം ഞാൻ കാണുകയും അതേസമയം മറ്റേ ടീമിന്റെ കട്ടക്കലിപ്പുകണ്ട് ചിരിക്കുകയും ചെയ്യും. അപ്പോ പറഞ്ഞു വന്നത് ഗഡ്ഡിയേ നുമ്മള് ഉന്നത്തിന്റെ കാര്യത്തിലൊരു ഉതാസാദ് തന്നെയായിരുന്നു എന്നാണ്. ഫോർലൈനിൽ നിന്നെറിഞ്ഞ് റെണ്ണൗട്ടാക്കി പണ്ടാരമടങ്ങാൻ ഒത്തിരി കണ്ണു കിട്ടിയിട്ടുണ്ടെനിക്ക്...
വീടിന്റെ തൊട്ടടുത്ത് സർക്കാറിന്റെ കുറച്ച് പറമ്പുണ്ട്. അതു ഹരിജനങ്ങൾക്ക് കൃഷിക്കുവേണ്ടി ലേലം ചെയ്തുകൊടുക്കും. അവരതിൽ കപ്പനടും. അതിലൊരു ചാഞ്ഞ് കിടക്കുന്ന കശുമാവുണ്ട് അതിൽനിന്നും വീഴുന്ന കഴുവണ്ടി പെറുക്കി ശേഖരിക്കലാണ് പ്രധാനപരിപാടി. താഴെനിന്നു നോക്കിയാൽ കാണാം നല്ല ചുമന്നനിറത്തിൽ കശുമാങ്ങാ കിടക്കുന്നത് പിന്നതെറിഞ്ഞും കേറിയുമൊക്കെ പറിക്കലാണ് ഞങ്ങൾ കൂട്ടുകാരുടെ പരിപാടി. കപ്പലണ്ടികൊണ്ട് പെട്ടി കളിയുമൊണ്ട് ഞങ്ങൾക്ക്. അതൊരു കളിയാണ്. പിന്നെയുള്ളകാര്യം പച്ചകശുവണ്ടികാണും നല്ല വലുപ്പമുള്ളത് അതുപറിച്ചെടുത്തു കൊണ്ടുവന്നു ഉണക്കാനിടും. രണ്ടുമൂന്നുദിവസം കൊണ്ടതൊരുമാതിരി ഉണങ്ങും. ഇങ്ങനെ രണ്ടോമൂന്നോ കിലോയാകുന്ന സമയത്ത് കൊണ്ടുപോയി കൊടുത്ത് കാശുമേടിക്കും. നാളെയാണ് കൊടുക്കാനുദ്ദേശിക്കുന്നതെങ്കിൽ ഇന്നു കശുവണ്ടിയെല്ലാം വെള്ളത്തിലിട്ടുവയ്ക്കും അപ്പോൾ കശുവണ്ടികളെല്ലാം ആത്മാർത്ഥമായിട്ട് വെള്ളം വലിച്ചുകുടിക്കുമെന്നൊരു വിശ്വാസമാണ്. " വിശ്വാസം അതല്ലേയെല്ലാം ". വെള്ളം കുടിച്ചാലേ തൂക്കംകൂടുതൽ കിട്ടത്തുള്ളു എന്ന സൈക്കോളജിക്കൽ ചിന്തിക്കളാണത്. പിറ്റേദിവസം വെള്ളമൊക്കെകളഞ്ഞ് നന്നായി തുടച്ചെടുക്കും. പിന്നൊരു തുണിയിൽ ഇച്ചിരി വെളിച്ചെണ്ണ അമ്മ കാണാതെടുത്ത് കശുവണ്ടി ചങ്കുകളെമൊത്തം എണ്ണയിട്ടുമിനുക്കും. എന്നാൽ മാത്രമേ മാർക്കറ്റിൽ ഡിമാൻണ്ട് കിട്ടത്തുള്ളു. "ഫസ്റ്റ് ഇൻപ്രഷൻ ഈസ് ദി ബെസ്റ്റ് ഇൻഫ്രഷൻ " എന്നല്ലേ. അന്നേ പഠിച്ചു ബിസിനസ്സ് തന്ത്രങ്ങൾ. പിന്നെ വിലപേശി കാശുമേടിക്കലാണ്. ഏറ്റുമാനൂർ ചന്തയിൽ നിന്നും വച്ചൊരുപിടുത്തമാണ് നേരെ പേരൂർജംഗ്ഷനിലുള്ള സല്കാരബേക്കറിയിലേയ്ക്ക്. അവിടെനിന്നും മൂന്നു പൊറോട്ടയും ഒരു മുട്ടക്കറിയും പിന്നൊരു ചായയും നല്ല ഗമയിലിരുന്നു കഴിക്കും. ഓരോ പൊറൊട്ട കഴിക്കുമ്പോളും കണക്കുകൂട്ടലാണ് കാശ് തികയുമോ എന്നൊക്കെ പിന്നെ നൈസായിട്ട് സപ്ലയറോട് ചങ്ങാത്തം കൂടിയിട്ട് ഓരോന്നിന്റെയും വില മനസ്സിലാക്കി മനസ്സിൽ ടോട്ടൽ സേവ് ചെയ്തുവയ്ക്കും. ടോട്ടൽ മനസ്സിലാക്കി കഴിയുമ്പോളാണറിയുന്നത് ഇതുപോലെ പത്തു പ്രാവശ്യം കഴിക്കാനുള്ള കാശ് കൈയ്യിലുണ്ടെന്ന്. പിന്നെ വീട്ടിലേക്കുള്ള ബസ്സിൽ ആരും കേൾക്കാതൊരേമ്പക്കവുംവിട്ട് വീട്ടിൽചെന്നു മിച്ചമുള്ള കാശമ്മയെ ഏൽപ്പിച്ചിട്ടൊരോട്ടമാണ് കളിപ്പറമ്പിലേയ്ക്ക്. അതൊക്കെയൊരുകാലം. മനസ്സിൽനിന്നുമൊരിക്കലും മായാതേ മറയാതേ കിടക്കുന്ന ബാല്യകാലങ്ങൾ.....
............................... മനു ................................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot