നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വാർത്ഥൻ

സ്വാർത്ഥൻ
**************
"ടാ..അനൂപേ നീയറിഞ്ഞോ തെക്കേലെ സീതയുടെ മോള് വിഷം കഴിച്ചു മരിച്ചെന്ന് .”
അമ്മയുടെ ശബ്ദം കേട്ട് അനൂപ് തിരിഞ്ഞു നോക്കി. ഭാര്യയോട് കൊച്ചുവര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുവായിരുന്നു അനൂപ്‌.
മൂന്ന് ദിവസം ആയതേയുള്ളൂ അശ്വതി അനൂപിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട്.
കേട്ടത് വിശ്വസിക്കാനാവാതെ അനൂപ് തരിച്ചിരുന്നു പോയി.
"ആരാ ഏട്ടാ അത്."
"ഏട്ടനറിയാമോ ആ കുട്ടിയെ?"
അശ്വതിയുടെ ചോദ്യം അവനെ ചിന്തയില്‍നിന്ന് ഉണര്‍ത്തി.
“ടാ മോനെ നീയൊന്നു പോയിട്ടുവാ അത്രടം വരെ.പാവം കൊച്ചായിരുന്നു."
"എന്താ ആ കുട്ടിയ്ക്ക് പറ്റിയേ ആവോ?ഇപ്പോഴത്തെ പെങ്കുട്ട്യോള്‍ടെ മനസ്സ് എങ്ങനെ അറിയാനാ.."
"വല്ല പ്രേമവും...”
ആ വാക്കുകള്‍ കൊണ്ടത് എന്റെ നെഞ്ചിലാണ്.
"ഈശ്വരാ.."
താന്‍ അവളുടെ മരണത്തിന് കാരണമാണോ..
അറിയില്ല..
പക്ഷേ,അവള്‍ സ്നേഹിച്ചത് തന്നെയല്ലേ.
"അപ്പോ ഞാന്‍ .."
"ഞാനാണോ അതിന് ഉത്തരവാദി?"
തനിക്കവള്‍ ആരായിരുന്നു ..
ഇഷ്ടമായിരുന്നു ഒരുപാട്. സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു.ഓരോരോ സാഹചര്യങ്ങള്‍ കൊണ്ട് എനിക്കതിനു കഴിഞ്ഞില്ല.
ചിലപ്പോള്‍ അതെന്റെ സ്വാര്‍ത്ഥത കൊണ്ടുമാകാം.ആദ്യപ്രണയത്തിന്റെ തകര്‍ച്ചയില്‍ മനനൊന്തിരുന്നപ്പോള്‍ അതില്‍നിന്നും കരകയറാന്‍ താന്‍ കണ്ടെത്തിയ മാര്‍ഗം വായനശാലയെ ആയിരുന്നു.അവിടെവച്ചാണ് അവളെ ആദ്യമായി പരിചയപ്പെട്ടത്.
ഒരേ നാട്ടുകാര്‍ ആയിരുന്നുവെങ്കിലും അന്നാണ് അവളെ കാണുന്നതും പരിചയം ആകുന്നതും.
പതിയെ പതിയെ ഞങ്ങള്‍ നല്ല കൂട്ടുകാരായി.
പരസ്പരം വിഷമങ്ങള്‍ പങ്കുവച്ചു.
ആശ്വാസവാക്കുകള്‍ കൊണ്ടെന്റെ മനസ്സിന്‍ മുറിവുണക്കിയത്ത് അവളായിരുന്നു.
എന്റെ പ്രിയ കൂട്ടുകാരി രേവതി.
പിന്നെപ്പോഴാണ് തനിക്കവളോട് പ്രണയം തോന്നിയത്. പ്രണയതകര്‍ച്ച മറക്കാന്‍ മറ്റൊരു പ്രണയത്തില്‍ അഭയം തേടൂ എന്ന ആനന്ദിന്റെ ഉപദേശം കേട്ടിട്ടുമാകാം.
എന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയാമായിരുന്ന പെണ്ണ്.
എന്നെ കുറിച്ച് എല്ലാം നന്നായിട്ടറിയാമായിരുന്ന പെണ്ണ്.അതുകൊണ്ടുതന്നെയാണ് അവളെന്നില്‍ പ്രണയമായി വളരാന്‍ തുടങ്ങിയത്. തന്റെ മനസ്‌ അവളോട് അറിയിക്കാന്‍ ചെന്നപ്പോള്‍ ആദ്യമൊരു പൊട്ടിത്തെറി ആയിരുന്നു അവളുടെ പ്രതികരണം.
അവള്‍ക്കകങ്ങനെയൊരു പ്രേമബന്ധത്തിന് താല്പര്യമില്ല.സുഹൃത്ത് ആക്കിയപ്പോള്‍ ഇതായിരുന്നോ മനസിലിരിപ്പ്എന്നൊക്കെ ചോദിച്ച്‌ അവളുണ്ടാക്കിയ പുകില്‍ കുറച്ചൊന്നുമല്ലായിരുന്നു.
കുറച്ച് ദിവസത്തെ പിണക്കത്തിനൊടുവില്‍ അവളായിതന്നെ തിരിച്ചുവന്നു.
'ഇനിമേലാല്‍ ഇങ്ങനെ ആവര്‍ത്തിക്കരുത്' എന്ന വ്യവസ്ഥയില്‍ ..
എന്നാല്‍ അന്നേരത്തെ ആവേശത്തിന് നെഞ്ചോടുചേര്‍ത്ത് നെറ്റിയിലൊരു ഉമ്മ കൊടുക്കുവായിരുന്നു താന്‍. പിടിച്ചൊരു തള്ളലായിരുന്നു പ്രതികരണം.
നിറകണ്ണുകളോടെ തന്നെ നോക്കിയ നോട്ടം ഇപ്പോഴും മനസിലിങ്ങനെ തെളിഞ്ഞുനില്‍ക്കുന്നു.
പതിയെ പതിയെ അവളെന്നെ സ്നേഹിച്ചുതുടങ്ങി.
മരണം വരെ കൂടെയുണ്ടാകും എന്ന ഉറപ്പിന്‍മേല്‍ ഞാനവളെയും അവളെന്നെയും സ്നേഹിച്ചു മത്സരിച്ചു.
ഞങ്ങള്‍ ഭാവി ജീവിതത്തെ പറ്റി മനക്കോട്ട കെട്ടി..
ആ സമയത്താണ് അച്ഛന്റെ അപ്രതീക്ഷിതമരണം.അത് ഞങ്ങൾ കുടുംബത്തെയാകെ ഉലച്ചു.അച്ഛനുണ്ടാക്കിയ കടബാധ്യതകളൊക്കെ വീട്ടേണ്ട ഉത്തരവാദിത്ത്വം മുഴുവന്‍ എന്നില്‍ വന്നുചേര്‍ന്നു.
വീട്ടിലെ ചിലവുകള്‍....
അനിയത്തിയുടെ പഠിത്തം... അവളുടെ വിവാഹത്തെ പറ്റിയുള്ള ആവലാതി..
എല്ലാം കൊണ്ടും ആടിയുലഞ്ഞുപോയി തന്റെ ജീവിതം.
ജോലി സംബന്ധമായി ഇവിടെ നിന്നും കുറച്ചുനാള്‍ മാറിനില്ക്കേണ്ട ആവശ്യം വന്നുചേര്‍ന്നു. ആ സമയങ്ങളില്‍ അവളെ കാണാനോ സംസാരിക്കാനോ തനിക്ക് കഴിഞ്ഞിരുന്നില്ല.
കുഴപ്പമില്ലാതെ ജീവിതം നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് അടുത്ത ബോംബ്‌ അമ്മയുടെ ഫോണ്‍കോളിന്റെ രൂപത്തില്‍ എത്തിയത്. തന്റെ വിവാഹം നടത്താന്‍ അമ്മ തീരുമാനിച്ചിരിക്കുന്നു.
തന്റെ മാത്രമല്ല,തന്റെ അനിയത്തിയുടെയും.
ഒരു മാറ്റകല്യാണം അതാണ് ഉദ്ദേശം.
സമ്പന്നനായ ശേഖരന്റെ മകള്‍ അശ്വതി അവളാണ് പെണ്ണ്.അവളുടെ സഹോദരന്‍ അനിയത്തിയെ താലിചാര്‍ത്തും .. സാമ്പത്തികമായി തളര്‍ന്നിരുന്ന അമ്മ ശേഖരന്റെ വ്യവസ്ഥ അംഗീകരിച്ചു.
അശ്വതിക്ക് തന്നെ ഇഷ്ടമാണത്രെ.അതിലുമുപരി മകളുടെ വിവാഹവും നടക്കും എന്നത് കൊണ്ട് അമ്മ എന്റെ അനുവാദം പോലും കാത്തുനില്‍ക്കാതെ അയാള്‍ക്ക് വാക്ക് കൊടുത്തത്രേ..
അമ്മയോട് താനൊരു പ്രണയത്തില്‍ ആണെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറക്കാന്‍ ആയിരുന്നു ഉപദേശം.
കല്യാണം നടന്നില്ലായെങ്കില്‍ എന്റെ മരണം കാണേണ്ടിവരും എന്ന അമ്മയുടെ ഭീഷണിയില്‍ വഴങ്ങിപോകുവായിരുന്നു.
അല്ലെങ്കില്‍,പണമായിരുന്നോ പ്രധാനം.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ തത്രപാടില്‍ അശ്വതിയും അവള്‍ടെ സഹോദരനും ഒരു ബമ്പര്‍ലോട്ടറിയായി എനിക്കും എന്റെ വീട്ടുകാര്‍ക്കും തോന്നിയതില്‍ അതിശയമില്ല ..
ഞാനവളെ മനപൂര്‍വം മറക്കുകയായിരുന്നു രേവതിയെ..
തന്റെ കുടുംബത്തിനു വേണ്ടി..
ഉയര്‍ച്ചയ്ക്കുവേണ്ടി..
തന്ത്രപൂര്‍വ്വം അവളില്‍ നിന്നും അകന്നു..
അവസാനമായി അവളെയൊന്നു കാണാന്‍ ചെന്നപ്പോള്‍ കുറേ നാളുകള്‍ക്കുശേഷം കണ്ടതിലാകണം വളരെ സന്തോഷത്തോടെയാണ് അവള്‍ പെരുമാറിയത്. തന്റെ അവസ്ഥ എല്ലാം അറിയിച്ചുകഴിഞ്ഞപ്പോള്‍ അവളില്‍ നിന്നും ആ സന്തോഷം മാഞ്ഞെങ്കിലും ഒരു പ്രതികരണവും കണ്ടില്ല.തികച്ചും നിസ്സംഗതാഭാവം.
'നന്മയുണ്ടാകട്ടെ 'എന്നുമാത്രം ആശംസിച്ച് തിരിഞ്ഞുനടന്നു അവള്‍..
പിന്നവളെ കണ്ടിട്ടില്ല .
ഓരോന്ന് ചിന്തിച്ച് അവന്‍ മരണവീട്ടിലെത്തി.അവളുടെ അച്ഛനും അമ്മയും സങ്കടം സഹിക്കവയ്യാതെ അലമുറയിടുന്നു.ബന്ധുക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു.
വരാന്തയില്‍ തന്റെ എല്ലാം എല്ലാമായിരുന്നവളെ വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്നു.
തന്നെ ജീവനെക്കാളേറെ സ്നേഹിച്ച പെണ്ണാണ്‌ ജീവനറ്റുകിടക്കുന്നത്.
നെഞ്ചിനകത്തൊരു നെരിപ്പോട് കത്തുന്നപ്പോലെ..
കണ്ണിലാകെ ഇരുട്ട് കയറുമ്പോലെ..
കണ്ണില്‍ നിന്നും നീര്‍ വരാന്‍ തുടങ്ങിയപ്പോള്‍ അവന്‍ തിരിഞ്ഞുനടന്നു.
ഇല്ല.. ആരുമറിയാന്‍ പാടില്ല..
താന്‍ കാരണമാണ് അവള്‍ക്കിങ്ങനെ സംഭവിച്ചതെന്ന്..
ഇനിയുമേറെ തനിക്ക് ജീവിതത്തില്‍ നേടാനുണ്ട്..
തന്റെ കുടുംബം...
ഭാവിജീവിതം...
താനിത്രയ്ക്ക് ദുഷ്ടനും സ്വാര്‍ത്ഥനും ആയിപോയെന്നോര്‍ത്ത് അവന് അതിശയം തോന്നി.
പെണ്ണേ..മാപ്പ്..
എന്റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി എനിക്കുനിന്നെ മറക്കേണ്ടി വന്നു..
കുറ്റബോധവും പേറി ഈ ജന്മം മുഴുവന്‍ ഞാന്‍ ...
മരണവീട്ടിലെ തിരക്കില്‍ അവനും അലിഞ്ഞുചേര്‍ന്നു..
Krishnendu Rajendran

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot