നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#രണ്ടാം #കെട്ട്


ഓനൊന്ന് കെട്ട്യാലെന്താ... ഓൻക് കണക്കില്ലാത്ത മൊതലുണ്ട്... ഇങ്ങടെ റസിയാനെ ഓന് പൊന്നു പോലെ നോക്കും... അപ്പൊ നാളെ ഞാൻ ഒാനേം കൂട്ടി രാവിലെ വരാം... ഇങ്ങള് ഓളോട് കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കിം.
നാട്ടിലെ ഒട്ടുമിക്ക പെൺകുട്ടികൾക്കും മനസ്സിനിണങ്ങിയ വരനെ കണ്ടെത്തുന്ന
മാട്രിമോണിയ നബീസാത്താടെ വാക്കുകൾ കേട്ടാണ് ഇന്നത്തെ ദിവസത്തെ തുടക്കം...
രാവിലെ തന്നെ ഒരു രണ്ടാം കെട്ടുകാരന്റെ ആലോചനയുമായി ഉപ്പാനെ സോപ്പിട്ട് പതപ്പിക്കാൻ വന്നിരിക്കാ മാട്രിമോണി..
എന്റെ വല്ലുമ്മ ആവാനുള്ള പ്രായമുണ്ട് അവർക്ക്..
ഇല്ലേൽ ഇതിനുള്ള മറുപടി അപ്പൊത്തന്നെ കൊടുത്തുവിട്ടേനേ എന്ന് മനസ്സിൽ പിറു പിറുത്ത് മുറ്റമടിക്കാൻ മുറ്റത്തേക്കിറങ്ങി..
വയസ്സ് ഇരുപത് ആവുന്നതേയുള്ളൂ എനിക്ക്... പഠിക്കാനും പോവുന്നുണ്ട്... വേറെ പ്രാരാബ്ദങ്ങളൊന്നും ഇല്ല... കുറച്ച് നിറം കുറവുണ്ടെന്നല്ലാതെ കാഴ്ചയിൽ വേറെ കോർങ്ങേടുകളൊന്നും ഇല്ല... ഞാൻ കോളേജിലേക്ക് പോകുന്ന വഴിയിലും വരുന്ന വഴിയിലും കമന്റടിക്കാൻ ചെക്കൻമാരും ഉണ്ടാവാറുണ്ട്...
പിന്നെന്തിനാപ്പൊ ഈ തള്ള ഒരു രണ്ടാം കെട്ടുകാരനേയും കൊണ്ട് എന്നെ കെട്ടിക്കാൻ നോക്കുന്നത്...?
ഒന്നാം കെട്ടുകാരനെ മതി എന്റെ കുട്ടിക്ക് എന്ന് എന്ത് കൊണ്ടാണ് എന്റെ ഉമ്മയും ഉപ്പയും നബീസാത്താനോട് പറയാതിരുന്നത്...?
ചിന്തകൾ കാട് കേറി, ചോദ്യങ്ങൾ തിരിച്ചും മറിച്ചും എന്നോട് ഞാൻ തന്നെ ചോദിച്ച സമയം കൊണ്ട് മുറ്റമടി പെട്ടെന്ന് കഴിഞ്ഞു കിട്ടി...
അല്ലേൽ മുറ്റമടിക്കാൻ നിന്നാൽ ഒന്നു തീർന്നു കിട്ടാൻ വേണ്ടി യാസീനോതാറുണ്ട്...
കോളേജിലേക്കുള്ള ഒരുക്കത്തിനിടയിൽ കണ്ണാടിയുടെ മുമ്പിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കീട്ടും എന്റെ കണ്ണിൽ എനിക്കൊരു കുറവും കാണുന്നില്ല...
ഉപ്പ _ മോളേ.. റസിയാ... ഇജ്ജ് നബീസാത്താ പറഞ്ഞത് കേട്ടില്ലേ...
കേട്ടിടത്തോളം നല്ലൊരു ആലോചനയാണ്..
രണ്ടാം കെട്ടുകാരനാണേലും പുത്യാപ്ലക്ക് അധികം പ്രായമൊന്നുമില്ല...
നാളെ ഓലോട് വരാൻ പറഞ്ഞിട്ടുണ്ട്... ഇജ്ജ് എതിരൊന്നും പറയരുത്...!
ഞാൻ _ എന്തിനാണ് ഇത്ര ധൃതി പിടിച്ച് ഇങ്ങനൊരു ആലോചന.. എന്റെ കല്യാണ പ്രായം കഴിഞ്ഞോ...?
അതോ മുടക്കചരക്കായി പൊര നിറഞ്ഞു നിക്കൊണോ ഞാൻ...?
ആ തള്ളക്ക് ഭ്രാന്താണ്... ഞാൻ സമ്മതിക്കൂല്ല.. പറഞ്ഞേക്കാം...
ഉപ്പ _ കൊറേ ആലോചനകൾ ഒന്നാം കെട്ടുകാരുടെ തന്നെ വന്നതല്ലേ അനക്ക്... അതൊക്കെ പെണ്ണിനേം കണ്ടു പോയി വിവരം തരാന്ന് പറഞ്ഞിട്ട് എന്തായി...?
അന്റെ താഴെയല്ലേ റംസി (എന്റെ അനിയത്തി റംസീന. പ്ലസ് ടൂ പഠിക്കുന്നു).
ഇപ്പൊ അന്നെ ചോദിച്ച് വരുന്നോർക്കൊക്കെ വേണ്ടത് ഓളെയാണ്...
അന്റെ കഴിഞ്ഞാലല്ലേ ഓളെ ഒരാൾക്ക് കാണിച്ചു കൊടുക്കാൻ പറ്റൂ...
അതോണ്ട് ഓല് നാളെ വരും... അന്നെ കാണേം ചെയ്യും... പറ്റുന്നതാണേൽ നടത്തേം ചെയ്യും...
ഉപ്പ അങ്ങനാണ്... പെട്ടെന്ന് ദേഷ്യം വരും.. പറഞ്ഞതനുസരിച്ചില്ലേൽ അടിക്കേം ചെയ്യും...
ഓർമ്മ വെച്ച കാലം മുതൽ ഇന്നോളം ഉപ്പാന്റെ അടുത്തു നിന്നും കുറേ അടിയും കുത്തുവാക്കുകളും വാങ്ങിക്കൂട്ടീട്ടുണ്ട് ഞാൻ... അന്നൊന്നും തോന്നാത്ത സങ്കടം ആണ് ഇന്നെനിക്ക് അനുഭവപ്പെട്ടത്...
ഞാൻ_ ഉമ്മാ... ഞാൻ ക്ലാസ്സിന് പോവാ... അസ്സലാമു അലെെക്കും...
മറുപടി കേൾക്കാൻ നിന്നില്ല... നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ ആർക്കും മുഖം കൊടുക്കാതെ ധൃതിയിൽ ഇറങ്ങി നടന്നു...
നടത്തത്തിനിടയിലും ഉപ്പാടെ ആ ദേഷ്യപ്പെട്ട മുഖം ആണ് തെളിയുന്നത്..
ഉപ്പ പറഞ്ഞത് ശരിയാണ്... കഴിഞ്ഞാഴ്ച വന്ന രണ്ട് ആലോചനയും വിവരം തരാമെന്ന് പറഞ്ഞ് മുങ്ങി...
പിന്നെ പറയുന്നതു കേട്ടു അനിയത്തിയെ ആണേൽ അവർക്ക് താൽപര്യമുണ്ടെന്ന്...
അന്നതെല്ലാം ഒരു തമാശയായി തള്ളിയെങ്കിലും ഇന്നാണതിന്റെ പൊരുൾ മനസ്സിലായത്...
ഞാൻ കല്യാണം ശരിയാവാതെ ഇങ്ങനെ പൊരനിറഞ്ഞ് നിന്നാൽ റംസിക്ക് നല്ലൊരു ജീവിതം ഉണ്ടാവൂല്ല...
അവളെന്നെപ്പോലെയല്ല... ഉമ്മാടെ നിറവും മൊഞ്ചും ഓൾക്ക് കിട്ടിയതു കൊണ്ട് ഓളെ കെട്ടാനും ആൾക്കാര് ക്യൂവിലുണ്ട്...
ഈ രണ്ടാം കെട്ടുകാരന്റെ ആലോചനക്ക് ഞാൻ സമ്മതിച്ചില്ലേൽ എന്റെ അനിയത്തിയും ചിലപ്പോ എന്നെ പ്രാകിത്തുടങ്ങും...
നബീസാത്ത പറഞ്ഞ വാക്ക് പാലിച്ചു...
രണ്ടാം കെട്ടുകാരനായതോണ്ട് കൂടുതൽ ഡിമാന്റൊന്നും ഉണ്ടായില്ല...
ഈ കല്യാണം നടന്ന് കഴിഞ്ഞാൽ
ചെക്കനെ മാത്രമല്ല രണ്ട് പെൺകുഞ്ഞുങ്ങളേയും എനിക്ക് ഫ്രീ ആയിട്ട് കിട്ടും...
ഇത്രേം വലിയ ഓഫറൊന്നും ഒന്നാം കെട്ടുകാരനുണ്ടാവില്ലല്ലോ... എന്ന് സ്വയം പറഞ്ഞ് സ്വയം സമാധാനിച്ചു...
വലിയ ആർഭാടങ്ങളൊന്നുമില്ലാത്ത വിവാഹപ്പന്തലിൽ നിന്ന് ഉറ്റവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ സന്തോഷം കോണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല ഉപ്പാടെ കരഞ്ഞു കലങ്ങിയ കണ്ണുകളാണ് എന്നെ തളർത്തിയത്...
ആ വലിയ വീട്ടിലേക്ക് വലതുകാൽ വെച്ച് ചെന്ന് കയറിയപ്പോഴേ ഒരു കാര്യം മനസ്സിലായി...
രണ്ടാം കല്യാണത്തിന് എന്നും രണ്ടാം സ്ഥാനമേ ഉണ്ടാവൂ എന്ന്...
കണക്കില്ലാത്ത മൊതലുണ്ട് പുത്യാപ്ലക്ക് എന്ന നബീസാത്താടെ വാക്കുകളായിരിക്കുമോ ഒരു പക്ഷേ എന്റെ ഉപ്പയേയും ഉമ്മയേയും ഈ ബന്ധത്തിൽ തന്നെ ഉറപ്പിച്ച് നിർത്തിയത്...?
എന്തായാലും മാട്രിമോണി നബീസാത്താടെ ആ വാക്കുകളിൽ കഴമ്പുണ്ടായിരുന്നു..
ആദ്യരാത്രി മണിയറ വാതിൽ തുറന്ന് പുതിയ ജീവിതം പടുത്തുയർത്താൻ ചെന്ന എനിക്ക് അവിടെയും അവഗണന നേരിടേണ്ടി വന്നു...
ആദ്യ രാത്രി എനിക്കാണല്ലോ... മൂപ്പരുടെ ആദ്യ രാത്രി മുമ്പേ കഴിഞ്ഞില്ലേ...
കെട്ട്യോൻ - ഞാൻ അന്നെ കല്യാണം കഴിച്ചത് എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല.. ആ കിടക്കുന്ന എന്റെ രണ്ട് കുട്ടികൾക്ക് വേണ്ടിയാണ്...
അതു കൊണ്ട് ഇന്നു മുതൽ ഈ വീട്ടിൽ നിനക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടാവും
ഒന്നൊഴിച്ച്...
ഒരിക്കലും നീ പ്രസവിക്കരുത്...
എന്റെ കുട്ടികളാവണം ഇനി മുതൽ നിന്റെ കുട്ടികൾ...
പ്രസവിക്കാതെ തന്നെ പെറ്റുമ്മയെ പോലെ നീ അവരെ വളർത്തണം...
അതിനപ്പുറത്തേക്ക് ഒന്നും മോഹിക്കുകയും ചെയ്യരുത്...
ആദ്യ രാത്രിയിൽ തന്നെ കെട്ട്യോന്റെ മാസ്സ് ഡയലോഗ് കേട്ടപ്പോ തന്നെ സംഭവം ക്ലിയറായി...
കുട്ടികളെ നോക്കാനുള്ള ഒരു ആയ...
പുറമേ നിന്ന് നോക്കിക്കാണുന്നവർക്ക് ഞാൻ ഭാഗ്യവതി...
വലിയ വീടും കണക്കില്ലാത്ത പണവും വില കൂടിയ കാറും ഒക്കെയുള്ള ഒരു കോടീശ്വരന്റെ രണ്ടാം ഭാര്യ...
പോരാത്തതിന് രാജകുമാരികളെ പോലെ രണ്ട് പെൺമക്കളും...
വർഷങ്ങൾ ഒരു പാട് കഴിഞ്ഞു... പ്രസവിക്കാതെ തന്നെ രണ്ട് പെൺമക്കളുടെ പ്രിയപ്പെട്ട ഉമ്മയായി...
തളർന്നു കിടക്കുന്ന ഭർത്താവിന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യ ആണ് ഇന്ന് ഞാൻ...!!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot