ദി തിയറി ഓഫ് മര്‍ഡര്‍ :വെളുപ്പും ചുവപ്പും
************************************************
തിരുനക്കര അമ്പലമൈതാനത്തിലെ ചന്ദനം മണക്കുന്ന സന്ധ്യയില്‍ നിന്ന് ഭീമ ജുവലറിയുടെ മുന്നിലൂടെ നിറങ്ങള്‍ വാരിയെറിയുന്ന കുസൃതി പെണ്‍കുട്ടിയെ പോലെ രാത്രി കോട്ടയം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റാന്‍ഡിലേക്ക് പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി വന്നു.ഫസ്റ്റ് ഷോ കഴിഞ്ഞു അഭിലാഷ് തിയേറ്റര്‍ വിട്ടു കുമളി വണ്ടി പിടിക്കാന്‍ വരുന്നവരെ അവള്‍ പതുങ്ങിയിരുന്നു കറുപ്പ് വാരിയെറിഞ്ഞു.കണ്‍തടങ്ങളില്‍ പുരണ്ട ഇരുട്ട് തടവി ,സിനിമയില്‍ കണ്ട രംഗങ്ങള്‍ ഉറക്കം തൂങ്ങുമ്പോള്‍ കാണുവാനുള്ള സ്വപ്നങ്ങളാക്കുവാന്‍ ശ്രമിച്ചു കൊണ്ട് മനുഷ്യര്‍ സ്റ്റാന്‍ഡിലേക്ക് മെല്ലെ നടന്നു.അവരുടെ മുഖങ്ങള്‍ നഗ്നമാക്കി കുമളി വണ്ടിയുടെ ഹെഡ് ലൈറ്റുകള്‍ പുറപ്പെടാന്‍ നേരമായെന്നു സൂചിപ്പിച്ചു മിന്നി.ആ ബസിന്റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു കൊണ്ട് ഞാന്‍ ചുവപ്പും വെളുപ്പും ഓടി ഓടി വരുന്നതു കണ്ടു.
************************************************
തിരുനക്കര അമ്പലമൈതാനത്തിലെ ചന്ദനം മണക്കുന്ന സന്ധ്യയില്‍ നിന്ന് ഭീമ ജുവലറിയുടെ മുന്നിലൂടെ നിറങ്ങള്‍ വാരിയെറിയുന്ന കുസൃതി പെണ്‍കുട്ടിയെ പോലെ രാത്രി കോട്ടയം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റാന്‍ഡിലേക്ക് പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി വന്നു.ഫസ്റ്റ് ഷോ കഴിഞ്ഞു അഭിലാഷ് തിയേറ്റര്‍ വിട്ടു കുമളി വണ്ടി പിടിക്കാന്‍ വരുന്നവരെ അവള്‍ പതുങ്ങിയിരുന്നു കറുപ്പ് വാരിയെറിഞ്ഞു.കണ്‍തടങ്ങളില്‍ പുരണ്ട ഇരുട്ട് തടവി ,സിനിമയില്‍ കണ്ട രംഗങ്ങള്‍ ഉറക്കം തൂങ്ങുമ്പോള്‍ കാണുവാനുള്ള സ്വപ്നങ്ങളാക്കുവാന്‍ ശ്രമിച്ചു കൊണ്ട് മനുഷ്യര്‍ സ്റ്റാന്‍ഡിലേക്ക് മെല്ലെ നടന്നു.അവരുടെ മുഖങ്ങള്‍ നഗ്നമാക്കി കുമളി വണ്ടിയുടെ ഹെഡ് ലൈറ്റുകള്‍ പുറപ്പെടാന്‍ നേരമായെന്നു സൂചിപ്പിച്ചു മിന്നി.ആ ബസിന്റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു കൊണ്ട് ഞാന്‍ ചുവപ്പും വെളുപ്പും ഓടി ഓടി വരുന്നതു കണ്ടു.
തിരക്കിനിടയില്‍ അവര്‍ എങ്ങനെയോ കയറിപ്പറ്റി.ചുവപ്പും വെളുപ്പും ഇപ്പോള്‍ ബസ്സില്‍ നില്‍ക്കുകയാണ്.വെളുപ്പിന്റെ കയ്യില്‍ ഒരു മുഷിഞ്ഞ കൂടുണ്ടായിരുന്നു. പണിസാമാനങ്ങള്‍ നിറഞ്ഞ കൂടില്‍ നിന്ന് അയാള്‍ പകല്‍ ഉടുത്ത തവിട്ടു കളങ്ങള്‍ ഉള്ള കൈലി മുണ്ടിന്റെ ഒരു ഭാഗം ശവപ്പെട്ടിയില്‍ നിന്ന് പുറത്തു ചാടിയ വയസ്സന്റെ കൈ പോലെ പുറത്തേക്ക് പൊന്തിക്കിടന്നു.ചുവപ്പ് സീറ്റില്‍ ഇരിക്കുന്നയാളുടെ കയ്യില്‍ ഉള്ള അന്തിപത്രത്തിലേക്ക് എത്തി നോക്കുന്നുണ്ട്.അയാള്‍ നാക്കിനടിയില്‍ ഹാന്‍സ് വച്ചു ചവക്കുന്നുണ്ടായിരുന്നു.എനിക്ക് വീണ്ടും അവരെകണ്ടപ്പോള്‍ ചിരി വന്നു.രണ്ടു ദിവസം മുന്‍പത്തെ പോലെ.
“ജയിലില്‍ നിന്നിറങ്ങിയോരെയാ നായിന്റെ മോന്‍ കൊല്ലുന്നത്.അത് കൊണ്ടായിരിക്കും പോലീസിന് അവനെ പിടിക്കാന്‍ അത്ര ഉല്‍സാഹമില്ലാത്തത്.” അയാള്‍ തുറന്നു പിടിച്ച പത്രത്തിലെ തലക്കെട്ട് വായിച്ചു മുറുമ്മി.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു.മൂന്നു പുരുഷന്‍മാരും,ഒരു സ്ത്രീയുമാണ് മരിച്ചത്.വാര്‍ത്ത ഞാനും കേട്ടിരുന്നു.പോരാത്തതിനു ചാനലുകളിലും ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു.നാല് കൊലപാതകങ്ങളിലും ചുറ്റിക ഉപയോഗിച്ചാണ് കൊല നടന്നത്.നാലും വിവിധ കുറ്റങ്ങളില്‍ ജയില്‍ കഴിഞ്ഞവരായിരുന്നു.ഞാന്‍ വെളുപ്പിന്റെ റിയാക്ഷനു വേണ്ടി അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കി.
അയാളുടെ മുഖഭാവം അവരെ ആദ്യം കണ്ട ദിവസത്തെ പോലെ തന്നെയായിരുന്നു.എനിക്ക് വീണ്ടും അന്നത്തെ പോലെ ചിരിവന്നു.
കല്യാണ്‍ സില്‍ക്ക്സിന് സമീപമുള്ള ബിവറേജിന് മുന്‍പില്‍ വച്ചായിരുന്നു ഞാന്‍ അവരെ ആദ്യം കണ്ടത്.വാഹനങ്ങളുടെയും മനുഷ്യരുടെയും ശബ്ദത്തില്‍ മടുത്ത നഗരം ഒരു നരച്ച വൈകുന്നേരത്തിലേക്ക് കടക്കുകയായിരുന്നു.ചുവന്ന ഷര്‍ട്ടിട്ട മനുഷ്യന്‍ എനിക്ക് മുന്‍പില്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു.അയാള്‍ നീണ്ട ക്യൂവിലും വാഹനങ്ങള്‍ ഉയര്‍ത്തുന്ന പൊടിയിലും സമയം വൈകുന്നതിലും ദേഷ്യം പൂണ്ടു ഉറക്കെ തെറി വിളിക്കുകയായാണ്.ദേഷ്യം കൊണ്ട് അയാളുടെ മുഖം ചുവന്നു തുടുത്തിരികുന്നു.
“ഡാഷ് മക്കള്‍ക്ക് വേഗം സാധനം കൊടുത്തു വിട്ടുകൂടേ...മനുഷ്യന്‍ മുടിഞ്ഞ ചൂടത്തു നിന്ന് ഊപ്പാടിളകി.” അയാള്‍ പ്രാകി ക്കൊണ്ട് കൂട്ടുകാരനെ നോക്കി.
വെളുത്ത ഷര്‍ട്ട് അണിഞ്ഞ അയാളുടെ കൂട്ടുകാരന്‍ മതിലില്‍ ഒട്ടിച്ച പുലിയെ വേട്ടയാടുന്ന മോഹന്‍ലാലിന്റെ തലയില്‍ ചാരി അലക്ഷ്യമായി ബീഡിപ്പുക ഉയര്‍ത്തി വിട്ടുകൊണ്ട് കല്യാണിന്റെ മുകളിലെ ആകാശത്തിലേക്ക് നോക്കിനില്‍ക്കുകയായിരുന്നു.ഞാനും അങ്ങോട്ട് നോക്കി.ദൈവത്തിന്റെ ഒറ്റക്കണ്ണു പോലെ ഒരു ചെറുമേഘം അവിടെ തൂങ്ങിനിന്ന് പാപികളെയെന്ന പോലെ ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
ഞാന്‍ വീണ്ടും ആ രണ്ടു പേരേയും ശ്രദ്ധിച്ചു.അപ്പോഴാണ് എനിക്ക് മുകളില്‍ പറഞ്ഞ ചിരി വന്നത്.ഞാന്‍ അവര്‍ക്ക് അവരുടെ ഷര്‍ട്ടിന്റെ നിറം അനുസരിച്ചുള്ള പേരിട്ടു.ചുവപ്പും വെളുപ്പും.ഇനി ചിരി വന്നതിന്റെ കാരണം മനസ്സിലാകണമെങ്കില്‍ ഇപ്പോള്‍ ഞാന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന തിയറിയെ ക്കുറിച്ച് പറയാം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ ബിസിനസ് സംബന്ധമായ ആവശ്യങ്ങളുമായി കോട്ടയം നഗരത്തിലെ ഒരു ലോഡ്ജിലെ കുടുസ്സു മുറിയില്‍ കഴിയുന്നുണ്ടായിരുന്നു.ചൂടിൽൽ മഞ്ഞച്ച ആ നഗരമധ്യാഹ്നങ്ങളില്‍ ഞാന്‍ വായിച്ചു കൊണ്ടിരുന്നത് “ദി മിത്ത് ഓഫ് സിസിഫസ്” എന്ന പുസ്തകമായിരുന്നു.ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ തത്വചിന്തകന്‍ ആല്‍ബര്‍ട്ട് കാമുസിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം.അത് വായിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ എന്റെ തിയറി വികസിപ്പിക്കാന്‍ തുടങ്ങിയത്.
കാമുസ് അവതരിപ്പിക്കുന്ന ഫിലോസഫിക്ക് തിയറി ഓഫ് അബ്സര്‍ഡ് [theory of absurd]എന്നാണ് പറയുന്നത്.അസംബന്ധത്തിന്‍റെ സിദ്ധാന്തം.ജീവിതത്തിന് അര്‍ത്ഥം നഷ്ടപെടുമ്പോഴാണ് മനുഷ്യന്‍ ആത്മഹത്യയിലേക്ക് നടക്കുന്നത്.പക്ഷെ ജീവിതത്തിന്റെ അര്‍ത്ഥം ,നാം ആഗ്രഹിക്കുന്ന അര്‍ത്ഥം ,ഒരിക്കലും കണ്ടെത്താന്‍ നമ്മുക്ക് കഴിയില്ല.ഒന്നുകില്‍ നാം ദൈവത്തില്‍ വിശ്വസിച്ചു പ്രതീക്ഷാപൂര്‍വ്വം ജീവിക്കാം.അതുമല്ലെങ്കില്‍ അര്‍ത്ഥരഹിതമായ ജീവിതം അംഗീകകരിച്ചു ജീവിതം മുന്നോട്ടു നയിക്കാം.
ഞാന്‍ വികസിപ്പിക്കുന്ന തിയറി മറൊന്നാണ്. ഈ തിയറി അനുസരിച്ച് മനുഷ്യരെ രണ്ടായി തരം തിരിക്കാം.സ്വയം മരിക്കാന്‍ തുടങ്ങുന്ന മനുഷ്യനും മറ്റൊരാളെ കൊല്ലാന്‍ തയ്യാര്‍ എടുക്കുന്ന മനുഷ്യനും.ജീവിതത്തിലെ അനിവാര്യമായ ചെറുതും വലുതുമായ പരാജയങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങളാണ് ഈ തരം തിരിവിന് അടിസ്ഥാന കാരണം.ആത്മഹത്യയിലേക്ക് അടുക്കുന്ന മനുഷ്യന്റെ നിറം ദു:ഖപൂര്‍ണ്ണമായ വെളുപ്പാണ്.ഉള്ളില്‍ പതയുന്ന രോഷം കൊണ്ട് ചുവന്ന നിറമാണ് കൊലപാതകത്തിലേക്ക് അടുക്കുന്ന മനുഷ്യന്റെത്.എല്ലാ മനുഷ്യരിലും ഇതിന്‍റെ നിറഭേദങ്ങളില്‍ ഒന്ന് ഉറപ്പായിക്കാണും.കണക്കിന് മാര്‍ക്ക് കുറഞ്ഞതില്‍ സങ്കടപ്പെടുന്ന ഒരു സ്ക്കൂള്‍ കുട്ടിക്ക് ആ നിമിഷങ്ങളില്‍ ഒരു നേര്‍ത്ത വെളുപ്പിന്റെ ച്ഛായയും അതേ കാരണത്തില്‍ അധ്യാപകനോട് വിദ്വേഷം തോന്നുന്ന കുട്ടിക്ക് നേര്‍ത്ത ചുവപ്പുമായിരിക്കും നിറങ്ങള്‍.ജീവിതത്തിലെ സംഭവങ്ങളോട് നിങ്ങള്‍ എങ്ങിനെ പ്രതികരിക്കുന്നതിലെ കടുപ്പം അനുസരിച്ച് നിങ്ങളില്‍ അന്തര്‍ലീനമായി കിടക്കുന്ന ഈ നിറത്തിന്‍റെ കടുപ്പവും മാറുന്നു.തീരെ ചെറിയ പോറല്‍ പോലും താങ്ങാന്‍ കഴിയാത്ത മനസ്സാണ് നിങ്ങളുടെതെങ്കില്‍ ഈ നിറങ്ങളുടെ കടുപ്പവും അതിവേഗം ഏറിവരും.ആത്മഹത്യയും കൊലപാതകവും ഒരു തരത്തില്‍ കൊലപാതകം തന്നെയായതിനാല്‍ ഞാന്‍ ഇതിനെ തിയറി ഓഫ് മര്‍ഡര്‍ എന്ന് വിളിക്കുന്നു.
ഇപ്പോള്‍ നിങ്ങള്‍ ഒരു നുണ പറയാന്‍ തുടങ്ങും.നിങ്ങള്‍ സന്തോഷ ചിത്തരാണ്.നിങ്ങള്‍ക്ക് ഈ രണ്ടു നിറവും അല്ലെന്ന്.അതുമല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കാന്‍ തുടങ്ങും ഈ നിറം ആര്‍ക്ക് കാണാന്‍ കഴിയുമെന്ന്?.വെയിറ്റ്.ദെയര്‍ ഈസ് ലോട്ട് ഓഫ് ടൈം ഇന്‍ കോട്ടയം കുമളി റോഡ്.യാത്രകള്‍ പല ചോദ്യങ്ങളുടെയും ഉത്തരം ആണ്.ഇത് ഞാന്‍ പറഞ്ഞതല്ല.ഒഡീസി എഴുതിയ ഹോമര്‍ പറഞ്ഞതാണ്.ഈ തിയറിയുടെ ബാക്കി ഞാന്‍ പുറകെ പറയാം.
അന്ന് ചുവപ്പിനേയും വെളുപ്പിനെയും ആദ്യം കണ്ടപ്പോള്‍ എനിക്ക് ചിരി വന്നത് അത് കൊണ്ടാണ്.അവരുടെ നിറങ്ങള്‍ തന്നെയായിരുന്നു അവരുടെ ഷര്‍ട്ടിന്റെ നിറവും.ആന്‍ അണ്‍കോഷ്യസ് അബ്സൊല്യൂട്ട് ചോയിസ്.
ഓര്‍മ്മകള്‍ ഉറങ്ങുന്ന സമ്മര്‍സാന്റ് ബാറിന് മുന്‍പിലൂടെ കെ.എസ്.ആര്‍ .റ്റി.സി പാമ്പാടിയിലേക്ക് കയറി.അടച്ചിട്ട ബാറിനു നേര്‍ക്ക് മദ്യപരുടെ ദു:ഖഭരിതമായ നോട്ടങ്ങള്‍ വീണു രാത്രി കനത്തു തുടങ്ങിയിരിക്കുന്നു.ശനിയാഴ്ച വൈകുന്നേരത്തിന്റെ ആലസ്യത്തിലേക്ക് ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ നിന്ന് മോചനം പ്രാപിച്ച നരച്ച ജീവിതങ്ങള്‍ ബിഗ്‌ഷോപ്പറുകള്‍ നിറയ്ക്കുവാന്‍ കടകള്‍ക്ക് മുന്‍പില്‍ തൂക്കിയിട്ട നിയോണ്‍ ലൈറ്റുകളുടെ മഞ്ഞവെളിച്ചത്തില്‍ നടക്കുന്നത് കാണാം.ബസ് നിര്‍ത്തി.സീറ്റുകള്‍ ശൂന്യമായി.എന്റെ മുന്‍പിലെ സീറ്റില്‍ ചുവപ്പും വെളുപ്പും ഇരുന്നു.
വെളുപ്പ് ഷട്ടര്‍ തുറന്നു പുറത്തേക്കു നോക്കിയിരിക്കുകകയാണ്.ചെങ്കല്‍ പള്ളിയുടെ ഉയര്‍ന്നു നില്‍ക്കുന്ന കുരിശു ഒരു മിന്നായം പോലെ ഇരുട്ടില്‍ അവസാനനാളിലെ അന്തിമവിധിയെ ഓര്‍മ്മിപ്പിച്ചു കടന്നു പോയി.മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു.പുറത്തു ഇരുട്ടിന്റെ പല ആകൃതിയില്‍ ഉള്ള കൂനകള്‍ ,കടന്നു പോകുന്നത് വെളുപ്പ് ചത്ത കണ്ണുകള്‍ കൊണ്ട് നോക്കിയിരിക്കുന്നത് ഞാന്‍ കണ്ടു.അനന്തമായ ദു:ഖത്തിന്റെ തുളകള്‍ അയാളുടെ ആത്മാവിലെ ജനാലവിരികളില്‍ രൂപം കൊള്ളുന്നുത് എനിക്ക് മനസ്സിലായി.പൊടുന്നനെ ചുവപ്പ് അയാളുടെ തോളില്‍ കയ്യിട്ടു പറഞ്ഞു.
“ഡാ ,നീ അത് വിട്ടുകള....നീ ചാകാന്‍ തുടങ്ങുവായിരുന്നോ വേണ്ടത്..ഞാന്‍ വന്നില്ലായിരുന്നെകില്‍.”
പുഴുക്കുത്തേറ്റതു പോലെ വെളുപ്പ് ഒന്ന് പിടഞ്ഞു.അദൃശ്യമായ വെള്ള ശലഭങ്ങള്‍ ആത്മാവില്‍ പേടിച്ചു പറന്നത് പോലെ അയാള്‍ വെട്ടിത്തിരിഞ്ഞു എന്നെ നോക്കി.ചുവപ്പും പുറകിലേക്ക് തിരിഞ്ഞു എന്നെ കണ്ടു.അയാളുടെ മുഖം കൂടുതല്‍ ചുവന്നു.ഞാന്‍ പൊടുന്നനെ എന്റെ നോട്ടം പുറത്തേക്കു മാറ്റി.
“നീയൊന്നു മിണ്ടാതിരിക്ക്...ആളുകള്‍ കേള്‍ക്കും.” വെളുപ്പ് പറയുന്നത് ഞാന്‍ കേട്ടു.
ചുവപ്പ് ഒന്ന് മുന്നോട്ടും പുറകോട്ടും നോക്കിയതിന് ശേഷം കയ്യില്‍ ഇരുന്ന കവറില്‍ നിന്ന് ഒരു കുപ്പി പുറത്തെടുക്കുന്നത് ഞാന്‍ കണ്ടു.അത് ഓള്‍ഡ് മങ്ക് എന്ന ബ്രാന്‍ഡ് ആയിരുന്നു.ഒരു മിന്നല്‍ പോലെ അയാള്‍ അതിന്റെ അടപ്പ് തുറന്നു വായിലേക്ക് കമിഴ്ത്തി.പിന്നെ വെളുപ്പിന്റെ നേര്‍ക്ക് നീട്ടി.അയാള്‍ വേണ്ടെന്നു തലയാട്ടി പുറത്തേക്ക് നോക്കിയിരുന്നു.പിന്നെ എന്തോ ഓര്‍ത്തിട്ടെന്നതു പോലെ അയാളും ആ കുപ്പി വാങ്ങി തൊണ്ടയിലേക്ക് ഒഴിച്ചു.ഇതെല്ലാം സെക്കന്‍ഡുകളുടെ ഇടവേളയില്‍ സംഭവിക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു.മദ്യത്തിന്‍റെ രൂക്ഷഗന്ധം ചുവപ്പിന്റെയും വെളുപ്പിന്റെയും ഇടയില്‍ നിന്ന് ഒരു ചെകുത്താനെ പോലെ പറന്നുയര്‍ന്നു .തണുത്തകാറ്റില്‍ ആ ഗന്ധം ബസ്സില്‍ നിന്ന് പുറത്തെ ഓടിമറയുന്ന റബ്ബര്‍തോട്ടങ്ങളുടെ ഇരുട്ടിലേക്ക് പാഞ്ഞു പോകുന്നത് ഞാന്‍ അറിഞ്ഞു.
അവര്‍ക്ക് ഇനി പരസ്പ്പരം സംസാരിക്കണം.അതിനുള്ള ഏക തടസ്സം തൊട്ടു പുറകില്‍ ഇരിക്കുന്ന ഞാനാണ്.ഞാന്‍ ഉടനെ ഫിലിപ്പ്സിന്റെ കറുത്ത നെക്ക്ബാന്‍ഡ് ഹെഡ്സെറ്റ് മൊബൈലില്‍ കുത്തി ചെവികളില്‍ ചേര്‍ത്ത് വച്ചു പാട്ട് കേള്‍ക്കുന്നതായി നടിച്ചു.ഞാന്‍ ഊഹിച്ചത് പോലെ പതിനെട്ടാം മൈലിലെ നിത്യ സഹായ മാതാവിന്റെ കപ്പേളയില്‍ വണ്ടിയെത്തിയപ്പോള്‍ ചുവപ്പ് പതുക്കെ എന്നെ തിരിഞ്ഞു നോക്കി.ഞാന്‍ പാട്ട് കേള്‍ക്കുന്നത് കണ്ട് അയാളുടെ മുഖത്ത് ഒരു ആശ്വാസം മാതാവിന്റെ മുന്നിലെ മെഴുകുതിരി വെട്ടം കാറ്റിലാടുന്നത് പോലെ മിന്നിമാഞ്ഞു.
ഞാന്‍ പതുക്കെ എന്റെ തല മുന്‍പിലെ കമ്പിയിലെ ചായിച്ചു.
“നീ ചാകുവല്ല വേണ്ടത്,അയാളെ കൊല്ലുവാ വേണ്ടത്.പള്ളീല്‍ അച്ചനാന്നു പറഞ്ഞിട്ട് കാര്യമില്ല.തട്ടിക്കളയണം.ഇന്ന് രാത്രി ....ഇന്ന് രാത്രി തന്നെ അയാളെ തട്ടണം.”ചുവപ്പിന്റെ ശബ്ദം.
വണ്ടി കാഞ്ഞിരപ്പള്ളി കഴിഞ്ഞിരുന്നു.ഇരുട്ടിനു നിറം കൂടി.വെളിച്ചങ്ങളുടെ നിറങ്ങള്‍ കുറയുന്നു. ഓള്‍ഡ് മങ്ക് പങ്കു വച്ച് കൊണ്ട് ചുവപ്പും വെളുപ്പും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങള്‍ ഞാന്‍ കേട്ടു കൊണ്ടിരുന്നു.ചിതറി വീണ വാക്കുകള്‍ വച്ച് ജിഗ്സോ പസില്‍ പൂരിപ്പിക്കുന്നത് പോലെ , കുറച്ചു വിവരങ്ങള്‍ ഞാന്‍ മനസ്സിലാക്കി.
വെളുപ്പും ചുവപ്പും കെട്ടിടം പണിക്കാരാണ്.ചുവപ്പ് മേസ്തിരിയും വെളുപ്പ് മൈക്കാടുമാണ്.വെളുപ്പിന്റെ സഹോദരി ആത്മഹത്യ ചെയ്തു.നഴ്സ് ആയി പഠനം പൂര്‍ത്തിയാക്കിയ അവളെ കാനഡയില്‍ ജോലി ശരിയാക്കിത്തരാം എന്ന് പ്രലോഭിപ്പിച്ചു പീഡിപ്പിച്ചത് ഒരു നിസ്സാരക്കാരനല്ല .ഒരു പുരോഹിതനാണ്.സഹോദരി മരിച്ചതില്‍ ദു:ഖിതനായ വെളുപ്പ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചു.ഭാഗ്യവശാല്‍ കൃത്യസമയത്ത് ചുവപ്പ് എത്തിയത് കൊണ്ട് കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.
വെളുപ്പിനെയും ചുവപ്പിനേയും അവരുടെ നിറങ്ങളെയും കുറിച്ച് ഞാന്‍ കരുതിയത് ശരിയാണെന്ന് മനസ്സിലായപ്പോള്‍ എനിക്ക് സന്തോഷം തോന്നി.നമ്മുടെ തിയറി ശരിയാണ് എന്ന് പിന്നീട് മനസ്സിലാകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം.അപ്പോള്‍ എനിക്ക് ഐന്‍സ്തീനെ ഓര്‍മ്മ വന്നു.
ഐന്‍സ്റീന്‍ പ്രകാശത്തിനു ഭാരം ഉണ്ടെന്നു കണ്ടെത്തിയ തിയറി ഓഫ് റിലേറ്റിവിറ്റി പ്രസിദ്ധികരിച്ചത് 1911-ലാണ്.നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം സൂര്യന്റെ ഗുരുത്വാകര്‍ഷണ ബലത്തില്‍ വളയുമെന്നു അദ്ദേഹം പ്രവചിച്ചു.ആര്‍ക്കും വിശ്വസിക്കുവാന്‍ കഴിയാതിരുന്ന ആ തിയറി എട്ടു വര്‍ഷത്തിന് ശേഷം 1919ല്‍ നടന്ന സൂര്യഗ്രഹണ സമയത്ത് സത്യമാണെന്ന് കണ്ടെത്തി.
ഇപ്പോള്‍ ഈ ബസിലെ ഐന്‍സ്റീന്‍ ഞാനാണ്.ആ സന്തോഷത്തില്‍ ഞാന്‍ മൊബൈലില്‍ ഒരു പാട്ട് വച്ചു.പഴയ ഗാനങ്ങളാണ് എന്റെ ഇഷ്ടം.
അപ്പോള്‍ ബസ് പെരുവന്താനം കഴിഞ്ഞു പോത്ത്പാറ വളവു തിരിയുകയായിരുന്നു .തണുത്ത ഇരുട്ടില്‍ മലകള്‍ മയങ്ങിക്കിടന്നു.നേരിയ ചന്ദ്രപ്രകാശത്തില്‍ മഞ്ഞു പടലങ്ങള്‍ തെന്നി നീങ്ങുന്ന വിജനപാതയിലൂടെ ബസ് നീങ്ങിക്കൊണ്ടിരുന്നു.ചുവപ്പും വെളുപ്പും ഞാനും ഒഴികെയുള്ളവര്‍ നല്ല ഉറക്കത്തിലാണ്.
എങ്കിലും എനിക്ക് ഇനിയും ചോദ്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു.
സഹോദരി ആത്മഹത്യ ചെയ്ത വെളുപ്പിന്റെ മുഖം ചുവക്കുകയല്ലേ വേണ്ടത്.?എന്ത് കൊണ്ട് അയാള്‍ ആത്മഹത്യക്ക് ഒരുങ്ങി?എന്തിനാണ് ചുവപ്പ് പ്രതികാരത്തിനു വേണ്ടി ചുവക്കുന്നത്?”അവരില്‍ ആര്‍ക്കാണ് ഏറ്റവും ദു:ഖം ?
ചെവിയില്‍ ബ്രഹ്മാനന്ദന്റെ പഴയ ഹിറ്റ് ഗാനം ഇറ്റ് വീഴുന്നു.
“.പ്രിയമുള്ളവളെ.. നിനക്ക് വേണ്ടി..പിന്നെയും നവ സ്വപ്നോപാഹാരം ..ഒരുക്കി..ഒരുക്കി ഞാന്‍ ....ശാരദ പുഷ്പവനത്തില്‍ വിരിഞ്ഞൊരു ശതാവരി മലര്‍ പോലെ...”
രാജാങ്കണത്തില്‍ വിടര്‍ന്നു കൊഴിഞ്ഞ ആ ശതാവരി മലര്‍ ആരെയാണ് കൂടുതല്‍ വേദനിപ്പിച്ചത്.അത് കണ്ടുപിടിക്കണമെങ്കില്‍ കൂടുതല്‍ ചിന്തയും സാഹസികതയും ഇവിടെ ആവശ്യമാണ്.ഞാന്‍ ബാഗ് തുറന്നു ജെ.ഡി.എഫിന്റെ ബോട്ടില്‍ തുറന്നു.മദ്യത്തിന്‍റെ ഗന്ധത്തില്‍ ചുവപ്പും വെളുപ്പും എന്നെ തിരിഞ്ഞു നോക്കി.ഞാന്‍ ബോട്ടില്‍ ഒന്ന് വീശി കാണിച്ചു അവരെ പുഞ്ചിരിയോടെ നോക്കി.അവര്‍ ഇപ്പോള്‍ തന്നെ നല്ല ലഹരിയിലാണ്.
അവര്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന എന്റെ സീറ്റിലേക്ക് കടന്നിരുന്നു.
അവര്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന എന്റെ സീറ്റിലേക്ക് കടന്നിരുന്നു.
“ഞങ്ങള്‍ പറഞ്ഞത് നിങള്‍ കേട്ടുവെന്നു എനിക്ക് അറിയാമായിരുന്നു.പക്ഷേ എനിക്ക് ഒരു ചുക്കുമില്ല.” എന്‍റെ കയ്യില്‍ ഇരുന്ന മദ്യം വായിലേക്ക് ഒഴിച്ചു കൊണ്ട് ചുവപ്പ് പറഞ്ഞു.
ഞാന്‍ ഒന്ന് ഞെട്ടി.പക്ഷെ ഒന്നും പറഞ്ഞില്ല.ഒരു പക്ഷെ അത് അയാളുടെ നമ്പര്‍ ആയിരിക്കും.
“നിങ്ങളെ കണ്ടാല്‍ ഒരു പള്ളിയില്‍ അച്ചനെ പോലെയുണ്ട്.നല്ല കറുത്ത താടിയും മുടിയും.മുടിക്ക് അല്പം നീളം കൂടിയുണ്ടായിരുന്നേല്‍ നിങ്ങള്‍ ക്രിസ്തുവിനെ പോലെ തന്നെയുണ്ട്.” ചുവപ്പ് പറഞ്ഞു.
“ഇയാള്‍ക്ക് സുകുമാരക്കുറുപ്പിന്റെ ച്ഛായ പോലെയാണ് എനിക്ക് തോന്നിയത്.” വെളുപ്പ് പറഞ്ഞു.
ഞാന്‍ മദ്യം കഴിച്ചില്ല.രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ വെളുപ്പിനെ മുന്‍പിലെ സീറ്റില്‍ തന്നെ ഇരുത്തി . ചുവപ്പ് മനസ്സ് തുറന്നു എനിക്ക് അറിയേണ്ട കാര്യങ്ങള്‍ ചെവിയില്‍ പറഞ്ഞു.അത് ഒരു കൊലപാതക ഗൂഡാലോചനയായിരുന്നു.
വെളുപ്പിന്റെ പെങ്ങളെ രഹസ്യമായി ചുവപ്പ് സ്നേഹിച്ചിരുന്നു.എങ്കിലും പെങ്ങള്‍ ഗള്‍ഫില്‍ പോകുവാണെങ്കില്‍ തനിക്കും രക്ഷപെടാം എന്ന വെളുപ്പിന്റെ സ്വാര്‍ത്ഥ മോഹമാണ് ആ യുവതിയുടെ ആത്മഹത്യയില്‍ എത്തിച്ചത്.ആ പുരോഹിതന്റെ സ്വഭാവം പലരില്‍ നിന്നും അറിയാവുന്ന ചുവപ്പ് കൂട്ടുകാരന് മുന്നറിയിപ്പ് നല്‍കിയതാണ്.പക്ഷെ വെളുപ്പ് സമ്മതിച്ചില്ല.തന്റെ പെങ്ങളുടെ മരണത്തിന് ഉത്തരവാദി താന്‍ തന്നെയാണ് എന്ന് വെളുപ്പ് കരുതുന്നു.അതാണ് അയാളുടെ വെളുപ്പിന്റെ കാരണം.ആ പുരോഹിതനോട് ഉള്ള പകയാണ് ചുവപ്പിന്റെ ചുവപ്പിന്റെ കാരണം.
“ അയാള്‍ ഇന്ന് കുമളിയില്‍ നിന്ന് ഒരു മണിക്കൂര്‍ തേനി റൂട്ടില്‍ യാത്ര ചെയ്താല്‍ ഉള്ള ബ്ലൂമൌണ്ടന്‍ റിസോര്‍ട്ടില്‍ ഉണ്ടെന്നു ഞങ്ങള്‍ അറിഞ്ഞു.അവിടെ അയാള്‍ തനിച്ചാണ്.അത് അയാളുടെ രഹസ്യ കേന്ദ്രമാണ്.ഇന്ന് രാത്രി അയാളെ ഞങ്ങള്‍ ഇല്ലാതാക്കും.പക്ഷെ അതിനു ജയിലില്‍ പോകാന്‍ ഞങ്ങള്‍ക്ക് ഉദേശമില്ല.”
ഞാന്‍ മനസ്സിലാകാതെ ചുവപ്പിനെ നോക്കി.അയാള്‍ കൂടിലെ പൊന്തികിടന്ന ലുങ്കിയുടെ തവിട്ടു നിറമുള്ള ചതുരക്കളങ്ങളുടെ ഇടയില്‍ നിന്ന് ഒരു ചുറ്റിക പുറത്തെടുത്തു.പുരോഹിതന്റെ കൊലപാതകം ആ അജ്ഞാത കൊലപാതകിയുടെ തലയില്‍ വരുത്തുകയാണ് അവരുടെ പ്ലാന്‍.അയാളുടെ കണ്ണുകള്‍ കണ്ടപ്പോള്‍ അത് അവര്‍ ചെയ്തേക്കുമെന്ന് എനിക്ക് ഉറപ്പായി..ഞാന്‍ വീണ്ടും വീണ്ടും മദ്യം അയാള്‍ക്ക് നല്‍കി.
അപ്പോള്‍ എനിക്ക് ഫോണ്‍ വന്നു.കുമളിയില്‍ എന്നെ കാത്തു നില്‍ക്കുന്ന ജോലിയിലെ പങ്കാളിയാണ് വിളിച്ചത്.
“സ്റ്റാന്‍ഡില്‍ നല്ല പോലീസ് നല്ല ചെക്കിംഗ് ഉണ്ട്.സൂക്ഷിക്കണം.റിസ്ക്ക് ആണെങ്കില്‍ നമ്മുക്ക് ഇടപാട് പിന്നെയാക്കാം.” ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞു.
എന്‍റെ ട്രാവല്‍ ബാഗിലെ അടുക്കി വച്ചിരിക്കുന്ന ഹാഷിഷ് പാക്കറ്റുകള്‍ ഏറ്റുവാങ്ങുവാന്‍ വേണ്ടിയാണ് അയാള്‍ വിളിച്ചത്.ഒരു മയക്കുമരുന്ന് കടത്തുകാരനാണ് ഞാന്‍ എന്നറിഞ്ഞു നിങ്ങള്‍ക്ക് ഇപ്പോള്‍ എന്നോട് വെറുപ്പ് തോന്നുന്നുണ്ടാവും.പക്ഷെ വളരെ സാഹസികതയും ധൈര്യവും ആവശ്യമുള്ള ഒരു ജോലിയാണ് എന്റെത്.ഇനിയും എന്നെ വെറുക്കാന്‍ വരട്ടെ.. എന്റെ പ്രശ്നത്തെക്കാള്‍ എനിക്ക് ഗൌരവമായി തോന്നിയത് ബസില്‍ വച്ച് വീണ്ടും കണ്ടുമുട്ടിയ വെളുപ്പിന്റെയും ചുവപ്പിന്റെയും കാര്യമായിരുന്നു.അവര്‍ ആ കൊലപാതകം ചെയ്തേക്കുമെന്നും അവര്‍ പിടിക്കപെടുമെന്നും എനിക്ക് മനസ്സിലായി.അതില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ,അവര്‍ അറിയാതെ മദ്യത്തില്‍ അല്പം മയക്കുമരുന്ന് കലര്‍ത്തിയാണ് ഞാന്‍ അവര്‍ക്ക് നല്‍കിയത്.ബസ്സില്‍ വച്ച് കാണുന്ന ഒരു അപരിചിതനെ രക്ഷിക്കാന്‍ നിങ്ങള്‍ ഇത്ര കരുതല്‍ കാണിക്കുമോ?
വണ്ടി കുമളി സ്റ്റാന്‍ഡില്‍ എത്തി.ചുവപ്പും വെളുപ്പും ബോധം കെട്ടു ബസ്സില്‍ ഉറങ്ങുകയാണ്.ഇനി നേരം പുലരാതെ അവര്‍ എണീക്കുകയില്ല.ഞാന്‍ സ്റ്റാന്‍ഡിലേക്ക് ഇറങ്ങിയതും രണ്ടു പോലീസുകാര്‍ എന്റെ അരികിലേക്ക് വന്നു.അവര്‍ മഫ്തിയിലായത് കൊണ്ട് എനിക്ക് മനസ്സിലായില്ല.അവര്‍ ബാഗ് പരിശോധിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് സബ് ഇന്‍സ്പെക്ടര്‍ വന്നു.
“എന്താണ് നിങ്ങളുടെ ജോലി..”അയാള്‍ ചോദിച്ചു.
“ഞാന്‍ ഒരു വൈദികനാണ്..ബാഗ് പരിശോധിക്കാം.” ഞാന്‍ ബാഗ് തുറന്നു മുകളില്‍ ഇരുന്ന കറുത്ത തുകല്‍ചട്ടയിട്ട ബൈബിള്‍ അയാളുടെ കയ്യില്‍ കൊടുത്തു.
“ക്ഷമിക്കണം.നിങ്ങളെ കണ്ടപ്പോള്‍ തന്നെ ഒരു അച്ചന്‍ ലുക്ക് തോന്നിയിരുന്നു.ഇതൊരു റൂട്ടീന്‍ പരിശോധനയാണ്.റിപ്പര്‍ മോഡല്‍ കൊലപാതകം നടക്കുന്നത് കൊണ്ട് രാത്രിയില്‍ പരിശോധന കര്‍ശനം ആക്കിയതാണ്.” അയാള്‍ ക്ഷമ ചോദിച്ചു.അവര്‍ എന്റെ പരിശോധന മതിയാക്കി മുന്‍പോട്ടു നടന്നു.
നുണ പറയാന്‍ ഞാന്‍ ഒരു മിടുക്കനാണ് എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.പക്ഷെ അത് മുഴുവന്‍ നുണയല്ല.ഞാന്‍ ഒരിക്കല്‍ സെമിനാരിയില്‍ പഠിച്ചിരുന്നു.അന്ന് ആ പഠനം മുഴുമിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.ചുവപ്പും വെളുപ്പും കൊല്ലാന്‍ ആഗ്രഹിക്കുന്ന ആ പുരോഹിതനെ പോലെ മറ്റൊരാള്‍ എന്റെയും ജീവിതം തകര്‍ത്തു.പക്ഷെ ഇപ്പോഴും അന്നത്തെ ശീലമായ ബൈബിള്‍ എന്റെ സന്തതസഹചാരിയാണ്.അത് കൊണ്ടായിരിക്കും ഈ നിറങ്ങള്‍ തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നത്.
തട്ട് കടയില്‍ ഒരു കടുംകാപ്പി കുടിച്ചു കൊണ്ട് നില്‍ക്കെ എന്റെ ഇടപാടുകാരന്‍ വന്നു.അയാള്‍ക്ക് ബാഗിലെ പാക്കറ്റുകള്‍ ഗോപ്യമായി കൈമാറിയത് കൊണ്ട് ബാഗിലെ ഭാരം കുറഞ്ഞു.
പുലരാന്‍ ഇനിയും സമയം ബാക്കിയുണ്ട്.എന്താണ് ചെയ്യേണ്ടത്?
ബസ്സില്‍ തളര്‍ന്നു കിടന്നുറങ്ങുന്ന വെളുപ്പും ചുവപ്പും. .അകലെ ബ്ലൂമൌണ്ടന്‍ റിസോര്‍ട്ടില്‍ സുഖമായി ഉറങ്ങുന്ന അവരുടെ ശത്രു.
ഞാന്‍ ബൈബിള്‍ തുറന്നു വായിച്ചു.അത് യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യമായിരുന്നു.ക്രിസ്തു അന്ത്യ അത്താഴ വേളയില്‍ യൂദാസിനോട് പറയുന്ന ആ വചനം ഇതായിരുന്നു.
“നീ എന്താണോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അത് വേഗം ചെയ്യുക.”
ഞാന്‍ ബൈബിള്‍ തിരികെ ബാഗില്‍ വച്ചു.ഇനി എന്റെ ബാഗില്‍ അവശേഷിക്കുന്നത് ഒരു ചുറ്റികയാണ്.തേനിയിലെക്കുള്ള പാതയില്‍
മഞ്ഞു മാറുന്നത് പുഞ്ചിരിയോടെ കണ്ടു കൊണ്ട് ഞാന്‍ കടുംകാപ്പി കുടിച്ചു കൊണ്ടിരുന്നു.
മഞ്ഞു മാറുന്നത് പുഞ്ചിരിയോടെ കണ്ടു കൊണ്ട് ഞാന്‍ കടുംകാപ്പി കുടിച്ചു കൊണ്ടിരുന്നു.
(അവസാനിച്ചു)
Date of publication:25/8/2017
Name of the author:Anish Francis
Name of the author:Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക