നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പെൺ നോവ്

ഒരു പെൺ നോവ്
*********************
''ഈ താലിച്ചരടിന്റെ ബലത്തിൽ ഇങ്ങള് കാണിക്കുന്ന കോപ്രായങ്ങളൊന്നും ഇനിയും എനിക്ക് സഹിക്കാൻ വയ്യ... ഞാൻ എന്റെ അച്ഛനെ വിളിച്ചിട്ടുണ്ട്... എന്റെ വീട്ടിലേക്കു പോവാണ്... എന്നെങ്കിലും ഇങ്ങക്ക് എന്നെ വേണമെന്ന് തോന്നുമ്പോൾ എന്റെ വീട്ടിലേക്ക് വരാം... രണ്ട് കെെയും നീട്ടി സ്വീകരിക്കാൻ ഞാൻ വീട്ടിൽ തന്നെയുണ്ടാവും...''
ഇടനെഞ്ച് പൊട്ടുന്ന വേദനയോടെ അത്രേം പറഞ്ഞൊപ്പിച്ചിട്ടും ഒരു ഭാവഭേദവും ആ മുഖത്ത് പ്രസന്നമായില്ല...
ഒരു മനുഷ്യന് ഇത്രത്തോളം കഠിനഹൃദയം ദെെവം കൊടുക്കുമോ...?
സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ ശ്രമിച്ചിട്ടും മാറാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു ഭീഷണി സ്വരം ഉയർത്തിയത്...
എന്നിട്ടും...?
എല്ലാം കേട്ട് കൊണ്ട് വരാന്തയിൽ നിറകണ്ണുമായ് നിൽക്കുന്ന അമ്മയുടെ അടുത്തേക്ക് കണ്ണീരടക്കിപ്പിടിച്ച് ഞാൻ ചെന്ന് പറഞ്ഞു...
''അമ്മാ... ഞാൻ പോവാണ്... ഒരു ഭാര്യ എന്ന പദവി ഈ നാല് വർഷത്തിനിടക്ക് ഒരു തവണയെങ്കിലും അലങ്കരിക്കാൻ എനിക്ക് കഴിഞ്ഞില്ല... ഇനിയും ഈ അവസ്ഥയിൽ ഈ വീട്ടിൽ ഞാൻ തുടർന്നാൻ എനിക്ക് ഭ്രാന്താവും... അമ്മയുടെ സ്നേഹത്തിന്റെ മുമ്പിൽ എന്നും തോറ്റു തന്നിട്ടേയുള്ളൂ ഞാൻ... ഇനി എനിക്ക് വയ്യ... ഏട്ടന് ഒരു ഭാര്യയുടെ ആവശ്യമില്ല... ഇനി ഉണ്ടാവുകയും ഇല്ല...
ഓരോ ദിവസവും ഇന്നു ശരിയാവും നാളെ ശരിയാവും എന്ന പ്രതീക്ഷയെല്ലാം അസ്തമിച്ചു...''
''മോളേ.... എനിക്കറിയില്ലായാരുന്നു ഒന്നും... ഒരു സൂചനയെങ്കിലും കിട്ടിയിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനൊരു ചതിക്കുഴിൽ ഈ അമ്മ എന്റെ മോളേ വീഴിക്കില്ലായിരുന്നു... എന്റെ മോള് എന്നോട് പൊറുക്കണം...
അമ്മ മുൻ കയ്യെടുത്ത് നടത്തിയ കല്യാണമാണിത്... ഒരിക്കലും അതിന്റെ പേരിൽ എന്റെ മോള് എന്നെ ശപിക്കരുത്...''
എന്തു പറയണമെന്നറിയാതെ നിറ കണ്ണുമായ് നിൽക്കുന്ന അമ്മയുടെ മുന്നിൽ നിന്ന് ഞാൻ റൂമിലേക്ക് പോന്നു...
സ്വന്തം ഭർത്താവിനോട് അറപ്പും വെറുപ്പും തോന്നിയ സമയം....
ഡിഗ്രി പഠനം പോലും ഉപേക്ഷിച്ചാണ് ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചത്...
നാല് പെൺമക്കളിൽ മൂത്തവളായത് കൊണ്ട് സ്ത്രീധനമൊന്നും വേണ്ട എന്നും പറഞ്ഞ് വന്ന കല്യാണാലോചന ഒരു മുടക്കും പറയാതെ അച്ഛൻ മുന്നോട്ടു കൊണ്ടുപോയപ്പോൾ
പെൺ മക്കളുള്ള ഏതൊരച്ഛന്റേയും മനസ്സിലുള്ള ഉദ്ദേശം മാത്രമേ എന്റെ അച്ഛനും ഉണ്ടായിരുന്നുള്ളൂ....
വളർന്നു വരുന്ന അനിയത്തിമാരുടെ ഭാവിയും നോക്കണ്ടേ...
അച്ഛനും ഇളയച്ഛനും കൂടി നല്ലവണ്ണം അന്വേഷണം നടത്തിയിട്ട് തന്നെയാണ് വലിയ ആർഭാടങ്ങളൊന്നുമില്ലാതെ കല്യാണം നടത്തിയതും...
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ ഭർത്താവിന്റെ അകൽച്ച എന്നെ വല്ലാതെ തളർത്തിയിരുന്നു....
ഒരു നോട്ടം കൊണ്ട് പോലും ഒരു ഭാര്യ എന്ന നിലയിൽ അയാളെന്നെ കണ്ടില്ല...
ആരെയും ഒന്നും അറിയിക്കാതെ ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമേ സന്തോഷം പ്രകടിപ്പിച്ച് ഒരു വർഷത്തോളം കഴിച്ചു കൂട്ടി...
വീട്ടുകാരും നാട്ടുകാരും കല്യാണം കഴിഞ്ഞ് ഒരു വർഷായിട്ടും വിശേഷം ഒന്നും ആയില്ലേ എന്നു ചോദിച്ചു തുടങ്ങിയപ്പോഴാണ് എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങിയത്...
ഒരു സ്പർശനം കൊണ്ട് പോലും ഭർത്താവിന്റെ സുഖം അറിയാതെ ഞാനെങ്ങനെ ഗർഭിണിയാവും...?
ചിന്തകൾ കാട് കേറി എന്നെ ഞാനല്ലാതാക്കിയ ആ രാത്രിയിലാണ് ഒരു ഭാര്യ എന്താണെന്ന് ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചത്...
''എനിക്കൊരിക്കലും ഒരു ഭാര്യയെന്ന നിലയിൽ നിന്നെ എന്നല്ല ഒരു പെണ്ണിനേയും കാണാൻ കഴിയില്ല...
അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ഇൗ കല്യാണത്തിന് സമ്മതിച്ചത്...
എനിക്ക് എന്റെ ലിംഗമുള്ളവരോടാണ് താൽപര്യം...
ഒരിക്കലും ഒരു പെണ്ണുമായി എനിക്ക് ചേരാൻ കഴിയില്ല...
ഈ ഒരു കാരണം പറഞ്ഞ് ഇനിയൊരു പ്രശ്നം ഉണ്ടാവരുത്...
നിനക്ക് എപ്പൊ വേണേലും നിന്റെ വഴിയേ പോവാം... ഞാൻ തടയില്ല....''
എന്റെ ചോദ്യത്തിനുള്ള മറുപടി കേട്ടപ്പോൾ കണ്ണുകളിലൂടെ ഇരുട്ട് കയറിയ പോലെ അനുഭവപ്പെട്ടു...
ആ രത്രി ലോകം അവസാനിച്ചെങ്കിലെന്ന് ആഗ്രഹിച്ചു പോയി...
ഒരിക്കലും ഒരു ഭാര്യയും തന്റെ ഭർത്താവിൽ നിന്ന് കേൾക്കാൻ ആഗ്രഹമില്ലാത്തത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി....
ഒരു വർഷം വേണ്ടി വന്നു എല്ലാം തിരിച്ചറിയാൻ എന്ന് ഓർത്തപ്പോൾ എന്നോട് തന്നെ ലജ്ജ തോന്നി....
ആ രാത്രിയിൽ എടുത്ത എന്റെ തീരുമാനമായിരുന്നു ആരേയും ഒന്നും അറിയിക്കാതെ സ്നേഹം കൊണ്ട് എന്റെ ഭർത്താവിനെ മാറ്റിയെടുക്കാമെന്ന്...
പക്ഷേ കാലം എന്നെ അവിടേയും തോൽപിച്ചു...
എന്റെ ശ്രമങ്ങളെല്ലാം ഒാരോന്നായി പരാജയപ്പെട്ടു...
സ്നേഹത്തോടെ അടുക്കാൻ ശ്രമിക്കുംതോറും പഴി വാക്കുകൾ പറഞ്ഞ് എന്നെ അകറ്റി....
എല്ലാം സഹിക്കാൻ പഠിച്ചിട്ടും ചില സമയങ്ങളിൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു കൊണ്ടിരുന്നു...
പെണ്ണെന്ന നിലയിൽ ഒരു വൻ പരാജയമായി ജീവിതം തള്ളി നീക്കിയപ്പോൾ ദെെവത്തിനെ പോലും ശപിച്ചു തുടങ്ങിയിരുന്നു...
സ്വവർഗരതിയോട് താൽപര്യമുള്ള ഒരാളുടെ ഭാര്യയാണ് ഞാനെന്ന് ലോകം അറിഞ്ഞാൽ ഏത് കണ്ണിലൂടെ ആയിരിക്കും എന്നെ നോക്കിക്കാണുക എന്നോർത്ത് ആരോടും ഒന്നും പറഞ്ഞില്ല...
അമ്മയോട് പോലും പറയാൻ എന്റെ നാവ് പൊങ്ങിയിട്ടില്ല...
അമ്മ അറിഞ്ഞതും സ്വന്തം മകന്റെ നാവിൽ നിന്ന് തന്നെയാണ്...
അത്യാവശ്യം ഉടുക്കാനുള്ള ഡ്രെസ്സുകൾ മാത്രം ബാഗിലാക്കി റൂം വിട്ടിറങ്ങുമ്പോൾ ഒരു പാട് സ്വപ്നങ്ങളുമായി വലതുകാൽ വെച്ച് കയറിയ എന്റെ മണിയറ എന്നെ നോക്കി ഒരു നെടുവീർപ്പ് ഇട്ടില്ലേ എന്നൊരു സംശയം...
പൂമുഖത്തേക്ക് എന്നെ യാത്ര അയക്കാൻ വന്ന അമ്മയുടെ കണ്ണുകൾ അപ്പോഴും ഈറനണഞ്ഞിരുന്നു...
എല്ലാം ശരിയായി ഇന്നല്ലെങ്കിൽ നാളെ തിരിച്ചു വരാം എന്ന പ്രതീക്ഷയിൽ ആ വലിയ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെ സ്വപ്നങ്ങളെല്ലാം അസ്തമിക്കും പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്...
ഇനിയൊരു പെണ്ണിനും ഇതു പോലൊരു അനുഭവം ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മറ്റുള്ളവരുടെ താൽപര്യങ്ങൾക്ക് വേണ്ടി വിവാഹത്തെ കച്ചവടച്ചരക്കാക്കി മാറ്റരുതെന്ന് നൂറാവർത്തി ഉരുവിട്ടു കൊണ്ട് ഈ രചന നിങ്ങളിലേക്ക് സമർപ്പിക്കുന്നു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot