നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്യാണി (കഥ )

കല്യാണി (കഥ )
" അമ്മൂട്ട്യേ.. ആരാ ഉമ്മറത്ത് ? നോക്ക്യേ കുട്ട്യേ .." അടുക്കളയിൽ നിന്നും അമ്മയുടെ ഒച്ച കേട്ട് തലതുവർത്തി കൊണ്ട് ഞാൻ തിണ്ണയിലേക്കു നടന്നു.. അവിടെ മുറ്റത്ത് കറുത്ത ബ്ലൗസിട്ട ചടച്ച രൂപം പുറം തിരിഞ്ഞു നിൽക്കുന്നു..
“ ആരാ ?”
ഒച്ച കേട്ട് അവർ തിരിഞ്ഞു. മാറു മറക്കാൻ തോളിലിട്ടിരുന്ന മുഷിഞ്ഞ തോര്ത്തു കൊണ്ട് മുഖത്തിന്റെ ഇടതു ഭാഗം മറച്ചു പിടിച്ചിട്ടുണ്ട്...
കണ്ടപ്പോൾ പല്ലു പോയ മോണ കാട്ടി ചിരിച്ചു .
" അമ്മൂട്ടീ വല്യ ആളായീന്നു കേട്ടു .കഥയൊക്കെ എഴുതുമെന്നും വല്യ ഉദ്യൊഗമായീന്നും.. നന്നായിരിക്കട്ടെ... കല്യാണമായീലെന്നു വെച്ച് നിരാശ വേണ്ട കുട്ട്യേ .. അതൊന്നുമല്ല ജീവിതം.. "മുപ്പത്തിയെട്ടിന്റെ ചുളിവ് വീണ മുഖത്തേക്ക് നോക്കി അവർ പറഞ്ഞപ്പോൾ ഞാൻ അന്തം വിട്ടു.
ശെടാ ഇതിപ്പ നല്ല കഥയായി... വിരുന്നുകാരിക്ക് എന്നെ നല്ലോണം അറിയാലോ
?എനിക്കൊട്ടു ആളെ ഓർമയും വരണില്ല .. അടുക്കളയിൽ നിന്നും നേരിയതിൽ കൈ തുടച്ചു അമ്മ ഉമ്മറത്തേക്ക് വന്നു.. ആളെ കണ്ടതും അകത്തേക്ക് പോവാൻ എന്നെ കണ്ണ് കാണിച്ചു...
“ കല്യാണിയേ …..നീ എവിടായിരുന്നെടീ .?.”
അമ്മയുടെ നീട്ടിയ വിളി കേട്ട് ഒരു നിമിഷം നിന്ന് പോയി.. കല്യാണി !
കല്യാണിയെ മറക്കാൻ പാടില്ലായിരുന്നു... വാതിൽപാളിയിലൂടെ ഞാൻ കല്യാണിയെ നോക്കി.. എനിക്കോര്മയുള്ള രൂപം ഇതല്ല.
കണ്ണാടിക്കു മുന്നിൽ നിന്ന് ഒരുങ്ങുമ്പോഴും, പ്രാതൽ കഴിച്ചു സ്കൂളിലേക്ക് പോവുമ്പോഴും കല്യാണിയും ഓർമകളും കൂടെ കൂടി .
ആറിലോ ഏഴിലോ പഠിക്കുന്ന സമയത്താണ് കല്യാണി മുറ്റം തൂക്കാനും അടുക്കളയിൽ സഹായിക്കാനും വീട്ടിലെത്തിയത്. അക്കാലത്തു നാട്ടിൽ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും കല്യാണിക്കു വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട്. പ്രായഭേദമന്യേ എല്ലാവരും അവരെ കല്യാണി എന്ന് വിളിച്ചു , ഞാനും.
കല്യാണി സുന്ദരിയായിരുന്നു. നന്നേ കറുത്ത ദേഹം. ശരീരത്തിലെവിടെ തൊട്ടാലും എണ്ണ കിനിയും.. നീണ്ട മുടി വിടർത്തി ഇടും . പണി ചെയ്യുമ്പോൾ ഉച്ചിയിൽ ഉയർത്തി കെട്ടി വെക്കും... പണിക്കു വരുമ്പോൾ ചുവപ്പിൽ നിറയെ പുള്ളിക്കുത്തുള്ള ഒരു ബ്ലുസും കൈലിയും വെള്ള കടലാസ്സിൽ പൊതിഞ്ഞു കൊണ്ട് വരും....
വീട്ടിൽ വരുമ്പോൾ കല്യാണി വിവാഹം കഴിച്ചിരുന്നു. രണ്ടു കുട്ടികളും ഉണ്ടായിരുന്നു. വീണ്ടും അവൾ പുതിയ ഒരുത്തന്റെ കൂടെ താമസമെന്നു അമ്പല കുളത്തിൽ പെണുങ്ങൾ കുശുകുശുത്തു.
ഒരാൾ പോലും കല്യാണിയെ കുറ്റപ്പെടുത്തുകയോ ചീത്ത പറയുകയോ ചെയ്തില്ല. എന്റെ അമ്മയടക്കമുള്ള എല്ലാവരുടെയും ആരാധന പാത്രമായിരുന്നു കല്യാണി.
വിവാഹിതകളായ സ്ത്രീകൾ വലിയ സിന്ദൂരം നെറ്റിയിൽ ചാർത്തുമ്പോൾ തന്റെ വിശാലമായ നെറ്റി കല്യാണി ഒഴിച്ചിട്ടു.. അക്കാലത്തു നസ്രാണി സ്ത്രീകളും മുസ്ലിം സ്ത്രീകളുമാണങ്ങിനെ ചെയ്തിരുന്നത്. കല്യാണി എന്താണ് പൊട്ടു തൊടാത്തതെന്നു ഞാൻ ആലോചിച്ചിട്ടുണ്ട്. വലിയ ചുവന്ന സിന്ദൂരമണിഞ്ഞാൽ അതവളുടെ സൗന്ദര്യം കൂട്ടുകയേ ഉള്ളു. എന്നിട്ടും കല്യാണി പൊട്ടിനോട് വഴക്കിട്ടു.
അന്നൊക്കെ സ്ത്രീകളുടെ വിവാഹം അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിന് മാത്രമായി ഭവിച്ചിരുന്നതാണ്. അവിടെയാണ് കല്യാണി തനിക്കിഷ്ടമുള്ള പുരുഷന്മാരോടൊപ്പം താമസിച്ചിരുന്നത്. ... പുരുഷനൊപ്പം അവൾ സ്ത്രീ സ്വാതന്ത്ര്യം ആഘോഷിച്ചു. ഒരു ഓണ പുടവക്ക് ഭർത്താവിന്റെ മുന്നിൽ, അച്ഛന്റെ മുന്നിൽ കൈ നീട്ടുമ്പോൾ അത്തം തുടങ്ങി പത്തു ദിനം പല നിറത്തിലെ കസവു നേരിയത് അണിഞ്ഞു അവൾ മറ്റുള്ളവരെ കൊതിപ്പിച്ചു... ആ ദിനങ്ങളിൽ അവളുടെ നെറ്റിയിൽ ചന്ദന കുറിയുണ്ടാവും.. അപ്പോൾ കല്യാണിയെ കാണാൻ ഏഴഴകാണ്..
ഒരിക്കൽ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ 'അമ്മ ചോദിച്ചു-“ കല്യാണിയേ ഈ കസവു മുണ്ടെല്ലാം നീ എന്തോ ചെയ്യും..?”
കല്യാണി മനോഹരമായി ചിരിച്ചു...
ജോലി ചെയ്യുന്നത് കൊണ്ട് കല്യാണിയുടെ മടിക്കുത്തിൽ എന്നും നോട്ടു കാണും.. പുതിയതും പഴയതും. പുരുഷന്മാരോട് തന്റേടത്തോടെ അവൾ സംസാരിച്ചു... എടീ എന്ന് വിളിച്ചാൽ എടാ എന്ന് തിരിച്ചു ചോദിക്കും. ഭർത്താവായാലും ദേഹം നോവിച്ചാൽ അവൾ പത്തി വിടർത്തിയ പാമ്പിനെ പോലെയാവും...
കല്യാണിയെ പോലെയാവാൻ അന്നത്തെ നാട്ടിലെ സ്ത്രീകൾ കൊതിച്ചു കാണും.
ഒരു കൂട്ടം നാട്ടു വിശേഷങ്ങളുമായാണ് കല്യാണിയെത്തുക.... പണി കഴിഞ്ഞു കോലായിൽ തിണ്ണക്കരികെയിരുന്നു അച്ഛമ്മയോടു വിശേഷങ്ങൾ പറയും. തിണ്ണയുടെ അരഭിത്തിയിൽ കാലുനീട്ടിയിരുന്നു മുറുക്കി ചുവപ്പിച്ചു അച്ഛമ്മ കല്യാണിയുടെ വിശേഷങ്ങൾക്ക് കാതോര്ക്കും... അച്ഛമ്മ നീട്ടുന്ന മുറുക്കാൻ ബഹുമാനത്തോടെ വാങ്ങി വായ പൊത്തി പിടിച്ചു കല്യാണി മുറുക്കും.. കറുത്ത ദേഹത്തു മുറുക്കി ചുവന്ന ചുണ്ടുകൾ അഴക് കൂട്ടും... പ്രമാണിമാരുടെ ഒളിസേവ മുതൽ നാട്ടിലെ പെൺകുട്ടികൾ വയസ്സറിയിച്ച കഥകൾ വരെ കല്യാണി കൈമാറും...
ഒമ്പതാം ക്ലാസ്സിലെ വലിയ അവധിക്കു വയസറിയിച്ചു മാറി നിൽക്കുമ്പോൾ കല്യാണി കള്ള ചിരി ചിരിച്ചു അത് വഴി വന്നു- “ അമ്മൂട്ട്യേ വല്യ കുട്ട്യേ ആയേ”
കല്യാണി ഈ കാര്യം നാട് മുഴുവൻ പാട്ടാക്കുമല്ലോ, ഞാൻ വേവലാതിപ്പെട്ടു... പിറ്റേന്ന് കണ്ടപ്പോൾ കല്യാണി അക്കാര്യം മറന്നു . അല്ലെങ്കിൽ തന്നെ കല്യാണിക്കു പുതിയ വിഷയത്തിന് എന്താണ് ക്ഷാമം ?
പത്തിലെഅവധി ക്കാണെന്നു തോന്നുന്നു.. കല്യാണി അവളെക്കാൾ പ്രായം കുറഞ്ഞ ഒരു പുരുഷനുമായി നാട് വിട്ടത്. അന്നും 'അമ്മ കല്യാണിയെ കുറ്റപ്പെടുത്തിയില്ല-
“എവിടെയെങ്കിലും പോയി ജീവിക്കട്ടെ, പാവം !”
പുരുഷന്മാരേക്കാൾ സ്ത്രീകളെ വശത്താക്കാൻ കല്യാണി മിടുക്കിയായിരുന്നു.
ക്രമേണ കല്യാണിയെ എല്ലാവരും മറന്നു. കഥയെഴുതാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ട സ്ത്രീ രൂപങ്ങളിൽ പലതിലും കല്യാണി വന്നെന്നെ കൊതിപ്പിച്ചു. പലപ്പോഴും മങ്ങിയ ചിത്രം പോലെ കല്യാണിയെ അവിടവിടെയായി ഞാൻ കോറിയിട്ടു .ഒരിക്കലുമവൾക്കു പൂർണ്ണമായും നിറമേകാൻ കഴിഞ്ഞില്ല.
ആ കല്യാണിയാണ് ഇപ്പോൾ വീട്ടു വാതിൽക്കൽ വന്നത്...
എത്ര വര്ഷം കഴിഞ്ഞു കാണും. ഇരുപതു .. അതോ അതിൽ കൂടുതലോ.....
വൈകിട്ട് വീട്ടിലെത്തിയപ്പോഴും ഞാൻ കല്യാണിയെ ഓർത്തു..."കല്യാണമായീലെന്നു വെച്ച് നിരാശ വേണ്ട കുട്ട്യേ .. അതൊന്നുമല്ല ജീവിതം.. " മൂന്ന് പുരുഷന്മാരുടെ കൂടെ, അതോ അതിൽ കൂടുതലോ, ജീവിച്ചിട്ടും അതൊന്നുമല്ല ജീവിതം എന്ന് പറയാൻ എന്താവും കല്യാണിയെ പ്രേരിപ്പിച്ചത്?
കല്യാണി എന്റെ മുഖത്തു നിന്നും നിരാശ വായിച്ചെടുത്തോ.. ?
പ്രായത്തിലുള്ളവരെല്ലാം കുട്ടികളുമായി കഴിയുമ്പോൾ എനിക്ക് അതിൽ അസൂയ തോന്നിയിട്ടില്ല. എങ്കിലും ചിലപ്പോഴെങ്കിലും ഒരു കൂട്ട് വേണമെന്ന് തോന്നിയിട്ടുണ്ട്..
പലതും മാറി മറിയുമ്പോൾ ഞാൻ മാത്രം മാറ്റമില്ലാതെ തുടരുന്നു എന്ന ചിന്ത അസ്വസ്ഥ ഉണ്ടാക്കുന്നു. അപ്പോഴാണ് ഞാൻ അക്ഷരങ്ങളെ കൂട്ടുപിടിക്കുന്നത്..
പിറ്റേന്ന് സ്കൂളിലേക്കുള്ള വഴിയിൽ അമ്പല കുളത്തിനടുത്തു ആൾ കൂട്ടം കണ്ടു എത്തിനോക്കിയതാണ്... അവിടെ കറുത്ത ബ്ലൗസ് ധരിച്ച സ്ത്രീ രൂപം കമിഴ്ന്നു കിടക്കുന്നു.. ഒന്നേ നോക്കിയുള്ളൂ...
അത്താഴ സമയത്തു കഞ്ഞിയും ചുട്ട പപ്പടവും ചമ്മന്തിയും വിളമ്പിയപ്പോൾ 'അമ്മ കല്യാണിയുടെ വിശേഷങ്ങളും വിളമ്പി...
അവൾക്കു വായിൽ ക്യാന്സറായിരുന്നു എന്നും ചികിൽസിക്കാൻ വകയില്ലാതെ വന്നു വെന്നും അമ്മ പറഞ്ഞു കേട്ടു .. അവളുടെ ആത്മഹത്യയും അമ്മ ന്യായീകരിച്ചു." വേദന സഹിക്കാൻ വയ്യാതെയാവും.. പാവം..."
കഞ്ഞി കുടിക്കാതെ ഞാനെഴുന്നേറ്റപ്പോൾ അപ്പു അമ്മയെ ശകാരിച്ചു ” അത്താഴ സമയത്തു വേറെ ഒന്നും കിട്ടിയില്ലേ അമ്മെ ?”
പതിവുള്ള വായനയും കുത്തികുറിക്കലുമില്ലാതെ നേരെ കിടക്കയിലേക്ക് ചാഞ്ഞു....
കല്യാണി മരിച്ച ദിവസമാണെന്നും അവൾക്കു വേണ്ടി കരയാനാരെങ്കിലും ഉണ്ടോയെന്നുമോർത്ത് കിടക്കെ, നാളുകൾക്കു ശേഷം എന്റെ തലയണ നനഞ്ഞു….
ഒരു പുരുഷനുമെന്ന പോലെ ഒരു വേദനക്കും കീഴടങ്ങേണ്ടവളായിരുന്നില്ല കല്യാണി....** Sanee John.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot