Showing posts with label Shabna Latheef. Show all posts
Showing posts with label Shabna Latheef. Show all posts

അപ്രതീക്ഷിതം

അപ്രതീക്ഷിതം
===========
ഇക്കാ .. ഞാൻ മരിച്ചാൽ വേറെ പെണ്ണു കെട്ടോ?
ഉം.. എന്തേ നീ ഇപ്പോൾ മരിക്കാൻ പോവ്വാണോ?..
ഞാനൊന്നുടെ ആ നെഞ്ചിലേക്ക് ചേർന്നു കിടന്നു...
ഞാൻ മരിച്ചാൽ ഇക്ക വീണ്ടും കെട്ടണം.. നമ്മുടെ മോളെ നന്നായി നോക്കണം.
സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ആ മുഖഭാവം മാറുന്നത് ഞാനറിഞ്ഞു ..
നിന്നെ കെട്ടിയ കാലം മുതൽക്കേ തുടങ്ങിയതാണ് എന്നെ പെണ്ണുകെട്ടിക്കല്.. നിനക്കെന്നെ വേണ്ടേൽ പോയ്ക്കോ.. പറയലും എന്നെ തട്ടിമാറ്റി പുറം തിരിഞ്ഞ് കിടന്നു.സംഗതി ഞാനെപ്പോഴും തമാശക്ക് പറയാറുണ്ടെങ്കിലും ഇത്തവണ ഞാൻ സീരിയസായിരുന്നു .ആവശ്യം എന്റെതായതു കൊണ്ട് ഞാൻ വീണ്ടും പുറകിലുടെ കെട്ടിപ്പിടിച്ചു.
ഇനി മേലാൽ നീ ഈ വർത്തമാനം പറയരുത് ,എന്താ നിന്റെ പ്രശ്നം?
എനിക്കെന്തോ കാര്യമായിട്ട് അസുഖമുണ്ട് ഇക്കാ... ഞാനിനി അധികകാലമൊന്നുമുണ്ടാവില്ല. ഞാനില്ലാതായാലും നമ്മുടെ മോളും ഇക്കയും വിഷമിക്കരുത്. നമ്മുടെ മോളെ നന്നായി നോക്കണം.
നിനക്കെന്ത് അസുഖം'? പ്രഷർ കുറഞ്ഞിട്ടാണ് തല കറക്കമുണ്ടാവുന്നതെന്ന് ഡോക്ടർ പറഞ്ഞതല്ലേ..
എന്റെ വയറു കുറച്ച് ദിവസങ്ങളായിട്ട് വലുതാകുന്നത് പോലെ തോന്നുന്നു , ചിലപ്പോൾ വല്ല മുഴയുമാണെങ്കിൽ ... എനിക്കാണെങ്കിൽ ഇപ്പോൾ ഇത്തിരി ക്ഷീണം കൂടുതലുമാണ്.
നീ വെറുതെ ഓരോന്നാലോചിച്ച് കൂട്ടല്ലെ, നാളെത്തന്നെ നിന്റെ മുഴക്കൊരു തീരുമാനമുണ്ടാക്കാം, നല്ലൊരു ലേഡീ ഡോക്ടറെ കാണിക്കാം, ഇംഗ്ലീഷ് മരുന്ന് കഴിക്കാനാവില്ലെന്നും പറഞ്ഞ് നീ ആയുർവേദം നോക്കിയതൊക്കെ മതി. നാളെ രാവിലെ റെഡിയായിക്കോണം.
ടൗണിലെ അറിയപ്പെടുന്ന ലേഡീ ഡോക്ടറായതിനാൽ അത്യാവശ്യം നല്ല തിരക്കുണ്ട് ,എങ്കിലും ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു.. എന്റെ വിധി നിർണയത്തിനായി.
ആറു മാസത്തെ ലീവിനു നാട്ടിലെത്തിയതാണ് ഇക്ക. ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു.കഴിഞ്ഞ പ്രാവശ്യം ലീവിനു നാട്ടിലെത്തിയപ്പോഴാണ് സ്ഥലം വാങ്ങിയതും അതിലൊരു തറയിട്ടതും. ഇപ്രാവശ്യത്തെ ലീവു തീരുന്നതിനു മുന്നെ വീട് വാർത്ത് തേപ്പെങ്കിലും കഴിക്കണം. എല്ലാ പ്രവാസികളെയും പോലെ ലോണെടുക്കാൻ കുറെ ഓടി നടന്നു.അതിന്റെ കൂടെ വീട് പണിയുടെ തിരക്കും .
വന്ന് ഒരു മാസത്തോളം എനിക്കൊരു കുഴപ്പവുമല്ലായിരുന്നു.പിന്നെ ഓരോരോ അസുഖങ്ങൾ തലപൊക്കാൻ തുടങ്ങി. നടുവേദന ,തലവേദന, ഛർദിൽ, ....
അതിനിടയിൽ ഒന്നു രണ്ടു പ്രാവശ്യം തല കറങ്ങിവീഴുകയുംചെയ്തു.എനിക്കാണേൽ അലോപ്പതി യോട് അത്ര താല്പര്യമില്ല. ആയുർവേദിക് ഡോക്ടറെ കാണിച്ചപ്പോൾ രക്തക്കുറവും പ്രഷർ കുറയുന്നതു കൊണ്ടുമാണെന്നാണു പറഞ്ഞത്. മരുന്ന് കഴിച്ചിട്ടും അസുഖം കൂടുന്നതല്ലാതെ കുറഞ്ഞില്ല. മാത്രമല്ല പച്ച മാങ്ങ കണ്ടാൽ പല്ലു പുളിച്ചിരുന്ന എനിക്ക് മാങ്ങ ഉപ്പും മുളകും ചേർത്ത് ഞരടി കഴിക്കാൻ വല്ലാത്ത കൊതി, ഉപ്പിലിട്ട നെല്ലിക്ക, ലൈസ്, ഐസ് ക്രീം തുടങ്ങി ഒരു പാട് സാധനങ്ങളോട് അടങ്ങാത്ത കൊതി.
പാവം ഇക്ക വീട്ടുകാരറിയാതെ പാത്തും പതുങ്ങിയും എനിക്കെല്ലാം എത്തിച്ചു തന്നു.
ചില ഭക്ഷണങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടവും വിട്ടൊഴിയാതെ എന്നെ ക്ഷീ ണിപ്പിക്കുന്ന അസുഖങ്ങളും എല്ലാം കൂടി കൂട്ടിയും കിഴിച്ചും എനിക്കെന്തോ കാര്യമായ അസുഖമുണ്ടെന്ന് ഞാൻ മനസിലാക്കി.
കുറെ സമയമിരുന്ന് മുഷിഞ്ഞെങ്കിലും ഡോക്ടറെ കണ്ടപ്പോൾ ഒരാശ്വാസം. രോഗ വിവരണവും പരിശോധനയും കഴിഞ്ഞ് കുറച്ച് ടെസ്റ്റുകൾക്കെഴുതി തന്നു.രക്തവും യൂറിനും ലാബിൽ കൊടുത്ത ശേഷം അവിടെയും കാത്തിരിപ്പ്. പത്രമാസികകളെല്ലാം മറിച്ചു നോക്കി അവിടിരുന്ന് സമയം കളയുന്നതിനിടയിൽ ലാബിലെ പെൺകുട്ടി ഞങ്ങളുടെയടുത്ത് വന്ന് പറഞ്ഞു നിങ്ങളുടെ റിസൽറ്റ് പോസിറ്റീവാണ് ട്ടൊ..
എനിക്ക് തല കറങ്ങി, നാവു വരണ്ടു, ശരീരം തളർന്നു ,ഞാൻ ഭാരമില്ലാതെ മുകളിലേക്കുയരുന്ന പോലെ....
എന്തു പോസിറ്റീവ് ?എന്താ പ്രശ്നം ഇക്ക ചോദിക്കുന്നു..
നിങ്ങളുടെ റിസൽറ്റ് പോസിറ്റീവാണ്, ഇവരു പ്രഗ്നന്റാണ്.
ഞങ്ങൾ രണ്ടു പേരും അന്തം വിട്ട് മുഖത്തോട് മുഖം നോക്കി, പ്രഗ്നന്റോ? നിങ്ങൾക്ക് തെറ്റുപറ്റിയതാവും ടെസ്റ്റ് ഒന്നൂടെ നോക്കൂ ..
ആ പെൺകുട്ടിക്ക് ദേഷ്യം വന്നു. ഞങ്ങൾക്കൊരു തെറ്റും പറ്റിയിട്ടില്ല. നിങ്ങളെന്താ കല്യാണം കഴിക്കാതെ വല്ല ചുറ്റിക്കളിയുമാണോ ?, എന്തായാലും ഡോക്ടറെ കണ്ടോളൂ അവർ റിസൽട്ട് തന്നു.
എല്ലാ മാസവും മുടങ്ങാതെ മാസക്കുളിയുള്ള ഞാനെങ്ങനെ പ്രഗ്നന്റാവും എനിക്കാകെ തല പെരുത്തു .
റിസൽട്ട് കണ്ട ഡോക്ടറുടെ മുഖത്ത് പുഞ്ചിരി ,എനിക്ക് അപ്പോഴേ സംശയമുണ്ടായിരുന്നു. ഒന്നുടെ ഉറപ്പിക്കാനാണു ടെസ്റ്റിനെഴുതിയത്.നിന്റെ വയറ്റിൽ മുഴയൊന്നുമില്ല. നിങ്ങൾ ഗർഭിണിയാണ്.കഞ്ഞിന് രണ്ട് മാസത്തെ വളർച്ചയുണ്ട്. നന്നായി റെസ്റ്റ് എടുക്കണം. ഭക്ഷണം കഴിക്കണം. രക്തക്കുറവുണ്ട്. മരുന്നെഴുതിത്തന്നു.
അങ്ങനെ എന്റെ മുഴക്കൊരു തീരുമാനമായി. ഒരു ജീവന്റെ തുടിപ്പ് എന്നുള്ളിൽ വളരുന്നതറിയാതെ എന്റെ മരണത്തെ മുന്നിൽ കാണുകയായിരുന്നു ഞാൻ. മാസക്കുളി മുടങ്ങാതെ ചിലർക്ക് ഇങ്ങനെയും ഗർഭധാരണം ഉണ്ടാവാറുണ്ടത്രെ.
അപ്രതീക്ഷിത ഗർഭവുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ ഇക്ക പറഞ്ഞു, അപ്പോൾ ഈ പച്ച മാങ്ങക്ക് പിന്നിലും ചില സത്യങ്ങളുണ്ടല്ലെ...

Shabna Latheef,

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo