Showing posts with label UsmanIringattiri. Show all posts
Showing posts with label UsmanIringattiri. Show all posts

ശ്ശൊ . ഇന്നലെ അറിഞ്ഞിരുന്നെങ്കിൽ


ഒരു ജോലി നമ്മൾ ഒരാളോട് അന്വേഷിക്കുമ്പോൾ അയാള് പറയും .
ശ്ശൊ . ഇന്നലെ അറിഞ്ഞിരുന്നെങ്കിൽ എന്റെ അറിവിൽ നല്ല ഒരു ജോലി ഉണ്ടായിരുന്നു .കുറെയായി ഒരാളെ തെരഞ്ഞു നടക്കുന്നു .
ഇന്നലെയാണ് ഒരാളെ പോസ്റ്റ്‌ ചെയ്തത് !
ഒരു റൂം അന്വേഷിച്ചു നോക്കൂ . അയാൾ പറയും : ഒരാഴ്ച മുമ്പ് നല്ല ഒരു റൂം ഉണ്ടായിരുന്നു . മിതമായ വാടക. എല്ലാ സൌകര്യങ്ങളും ഉള്ള റൂമായിരുന്നു . 
വെള്ള പ്രശ്നം ഇല്ല. നിനക്കൊന്നു നേരത്തെ പറഞ്ഞു
കൂടായിരുന്നോ ?
ഒരു കാർ വേണമായിരുന്നല്ലോ സുഹൃത്തേ , അറിവിൽ വല്ലതും ഉണ്ടോ ? സെക്കന്റ് ഹാന്റ് .
അപ്പോൾ പറയും :
നല്ല ഒരു കാർ ഉണ്ടായിരുന്നു . പുത്തൻ പോലെ . കുറഞ്ഞ വിലക്ക് കിട്ടുമായിരുന്നു .
അത് പോയി .
നീ ഇന്നലെ ഒന്ന് വിളിച്ചില്ലല്ലോ.
ഒരു സ്ഥലം അന്വേഷിച്ചു നോക്കൂ .
അപ്പോൾ പറയും : ഒരാഴ്ച മുമ്പാണ് . നല്ല കണ്ണായ സ്ഥലത്ത് വീട് വെക്കാൻ പറ്റിയ സ്ഥലം ആയിരുന്നു . വലിയ വിലയും ഇല്ലായിരുന്നു . ഒരാഴ്ച മുമ്പാണ് ഒരു പാർട്ടി എടുത്തത് .
ഇനി ഈ പറഞ്ഞതിൽ ഏതെങ്കിലും
നമ്മൾ എടുത്തു എന്ന് പറഞ്ഞു നോക്കൂ .
ഉടനെ വില ചോദിക്കും.
അയ്യോ അത്ര കൊടുത്തോ ? അതിലേറെ കുറഞ്ഞ വിലക്ക് നമ്മുടെ
കസ്റ്റഡിയിൽ ഒന്നുണ്ടായിരുന്നല്ലോ .
ഇത് ഭയങ്കര നഷ്ടത്തിനാണ് ആണല്ലോ നീ എടുത്തത് !
ഗൾഫുകാരൻ പെട്ടി കെട്ടും നേരവും കേൾക്കാം ഇത് പോലെയുള്ള ഡയലോഗ് !
ഹോ , നിഡോ ഒക്കെ അങ്ങോട്ട്‌ ഇവിടുന്നു കെട്ടിക്കൊണ്ടു പോകണോ ?
ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയാൽ പോരെ ?
സോപ്പോ ? നമ്മുടെ നാട്ടിൽ നിന്ന് ഇങ്ങോട്ട് വരുന്ന സാധനം ആണ് ഇതൊക്കെ . ഇതെന്തിനാ വലിയ വില കൊടുത്തു അങ്ങോട്ട്‌ കൊണ്ട് പോകുന്നത് ?
പിന്നെ ഓരോ സാധനങ്ങളും കയ്യിലെടുത്തു ചോദിക്കും .
ഇതിനു എത്രയായി ?
വില പറയുമ്പോൾ ഞെട്ടിക്കൊണ്ട് പറയും .
ഇതിനു എഴുപതു റിയാലോ ? ഇതിനു മറ്റേ കടയിൽ
ഇതേ കമ്പനി അറുപത്തി മൂന്നേയുള്ളൂ .. 
മറ്റുള്ളവരിൽ ആശയും പ്രതീക്ഷയും സന്തോഷവും സമാധാനവും പകരുന്നതിലേറെ നിരാശയും
നീരസവും വിഷമവും അസ്വസ്ഥതയും പകരാനാണ് നമുക്കൊക്കെ താത്പര്യം .
മറ്റുള്ളവരെ നിരാശ പ്പെടുത്തുമ്പോൾ നമുക്കൊക്കെ ഒരു സുഖമാണ് !
സന്തോഷിപ്പിക്കുമ്പോൾ കിട്ടാത്ത വല്ലാത്ത 'ഒരു ' സുഖം ' !!!
- ഉസ്മാൻ ഇരിങ്ങാട്ടിരി

സ്ത്രീ വെറുക്കുന്ന ചുംബനം



ഇഷ്ടമില്ലാത്ത പുരുഷന്റെ ചുംബനമാണ്
ഒരു സ്ത്രീ ഏറെ വെറുക്കുന്ന ചുംബനം.
പുരുഷനാവട്ടെ ഏത് സ്ത്രീയുടെ ചുംബനവും
സന്തോഷത്തോടെ സ്വീകരിക്കും.
സ്ത്രീ ഒരാളെ സ്നേഹിക്കുന്നതും കീഴ്പ്പെടുന്നതും മാനസികമായാണ്.
പുരുഷന്റെ ബാഹ്യ സൗന്ദര്യത്തിലേക്കല്ല
ആന്തരിക സൗന്ദര്യത്തിലേക്കാണ് സ്ത്രീയുടെ നോട്ടം.
പുരുഷന്റെത് തിരിച്ചും.
കീഴ്പ്പെടലിനും വഴങ്ങലിനും അനുസരണക്കും
മാനസികമായ ചില തലങ്ങളുണ്ട്.
ഇഷ്ടമില്ലാത്ത ഒരുത്തന് കീഴ്പ്പെടേണ്ടി
വരുന്നതാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ വലിയ
ദുരന്തം.
ഈ സ്ഥാനത്ത് പുരുഷനാവട്ടെ അതൊരു വിഷയമേ അല്ല താനും !!
പിടിച്ചടക്കുന്നവനും കീഴ്പ്പെടുത്തുന്നവനും
ആയതു കൊണ്ടാവാം പുരുഷൻ പൊതുവെ
'വികാര ജീവി' ആയത്.
നേടലും കീഴടക്കലും കാര്യം സാധിക്കലും
മാത്രമാണ് അവന്റെ ഉന്നം.
തന്റെ പുരുഷൻ മരണപ്പെട്ടാൽ ജീവിത കാലം മുഴുവനും
ഭർത്താവ് ഇല്ലാതെ ജീവിക്കാൻ സ്ത്രീക്ക് കഴിയുന്നതു
ഈ 'വൈചാരിക' ഭാവം കൊണ്ട് തന്നെ .
ഭാര്യ മരണപ്പെട്ട ഉടനെ മറ്റൊരു സ്ത്രീയെ വേൾക്കാൻ
തിടുക്കപ്പെടുന്ന പുരുഷന്മാരുടെ 'വൈകാരിക' നിലപാട്
സൂചിപ്പിക്കുന്നതും മറ്റൊന്നല്ല !
പുരുഷന് പൊതുവെ വികാരമാണ് മുമ്പിൽ.
വിചാരം പിറകിലും.
സ്ത്രീക്ക് വിചാരമാണ് മുമ്പിൽ
വികാരം പിന്നെയേ വരുന്നുള്ളൂ.
ഒരു ആണ് പെണ്ണിനെ നോക്കുന്നതും
ഒരു പെണ്ണ് ആണിനെ നോക്കുന്നതും
ഒരു പോലെയല്ല.
ആൺ നോട്ടം വേറെ
പെൺ നോട്ടം വേറെ !
പുരുഷന് കണ്ണ് കൊണ്ട് പോലും
വ്യഭിചരിക്കാൻ കഴിയും
സ്ത്രീക്ക് പറ്റില്ല.
പെട്ടെന്ന് ഉണരുകയും പെട്ടെന്ന് ഉറങ്ങുകയും ചെയ്യുക എന്നതാണ്
പുരുഷ പ്രകൃതം .
സാവധാനം ഉണരുകയും സാവധാനം തണുക്കുകയും ചെയ്യുകയാണ്
സ്ത്രീ പ്രകൃതം .
സ്വഭാവത്തിൽ പോലും കാണാം ഈ വ്യത്യാസം .
ആണും പെണ്ണും സൃഷ്ടിപ്പിൽ അടക്കം ഒരു പോലെയല്ല
പ്രകൃതത്തിലും സ്വഭാവത്തിലും ശേഷിയിലും കർമ്മത്തിലും
ധർമ്മത്തിലും എല്ലാം .
അവൻ ചെയ്യുന്ന പോലെയൊക്കെ അവൾക്കും ആവാം
അവൾ ചെയ്യുന്ന പോലെയൊക്കെ അവനും ആവാം
എന്നൊക്കെ വിചാരിക്കുന്നത് വെറുതെയാണ് .
ആണും പെണ്ണും തമ്മിലുള്ള സമത്വം ചിലയിടത്തൊക്കെ ആവാം എന്നല്ലാതെ
എല്ലാ കാര്യത്തിലും നടക്കില്ല എന്ന് ചുരുക്കം !!
- ഉസ്മാൻ ഇരിങ്ങാട്ടിരി

ബുക്ക് സ്റ്റാള്‍

ഏറെക്കാലത്തെ പ്രവാസത്തിനു ശേഷം എക്സിറ്റില്‍ നാട്ടിലേക്ക് പോയ എന്റെ പഴയ റൂം മേറ്റിനെ ഇന്നലെ ഞാനൊന്നു വിളിച്ചു .
ഇപ്പോള്‍ എന്താണ് പരിപാടി എന്ന് അന്വേഷിച്ചപ്പോള്‍
ഒരു ബുക്ക് സ്റ്റാള്‍ തുടങ്ങിയിട്ടുണ്ട് എന്ന് മറുപടി .
എങ്ങനെയുണ്ട് ?
'ങാ കുഴപ്പമില്ല .കാശ് കണ്ടമാനം ഇറക്ക്യാലെ വല്ലതും കിട്ടൂ .'
ഞാനപ്പോള്‍ പറഞ്ഞു . ബുക്ക് സ്റ്റാള്‍ ആയതു കൊണ്ട് സാധനങ്ങ ള്‍ ഒന്നും കേടുവരികയോ ചീഞ്ഞു പോവുകയോ ഇല്ലല്ലോ .. നോട്ടു ബുക്കും ഗ്രാഫ് ബുക്കും കോപ്പി ബുക്കും ഒക്കെയല്ലേ ..
ഇക്കൊല്ലം പോയില്ലെങ്കില്‍ അടുത്ത കൊല്ലം വില്‍ക്കാലോ ..
അത് കേട്ടപ്പോള്‍ അദ്ദേഹം ഒരു ചിരി ചിരിച്ചു .
എന്തേ ചിരിക്കുന്നു ?
''നിനക്ക് എന്തറിയാം ഉസ്മാനെ .. ഇപ്പോത്തെ കുട്ട്യാൾക്ക് ഈ കൊല്ലത്തെ മോഡലൊന്നും അടുത്ത കൊല്ലം പറ്റൂല . മൊബൈല്‍ തന്നെ മൂന്നു മാസം നാലു മാസമൊക്കെയാ കാലാവധി .
പിന്നെ അത് മാറ്റി പുതിയത് വാങ്ങും . അത് തന്നെയാ നോട്ടു ബുക്കിന്റെയും മറ്റു ബുക്ക്യാളെ യും ഒക്കെ കഥ''
സംസാരം കഴിഞ്ഞിട്ടും ഞാനാലോചിച്ചത് അത് തന്നെയായിരുന്നു .
ഒരു നല്ല നോട്ടു ബുക്കിനു , പുത്തന്‍ ടെക്സ്റ്റ് ബുക്കിനു ഒക്കെ പൂതി വെച്ച ഒരു കാലമുണ്ടായിരുന്നു .
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അയല്പക്കത്തെ കുട്ടിയോട് പറഞ്ഞു വെക്കും . പഴയ ടെക്സ്റ്റ് ബുക്ക് എനിക്ക് വേണം . മറ്റാര്‍ ക്കും കൊടുക്കരുത് . പഴയതാവുമ്പോള്‍ കുറഞ്ഞ പൈസക്ക് തരും . നോട്ടു ബുക്കുകള്‍ എഴുതി കഴിഞ്ഞു ബാക്കിയുള്ള പേജുകള്‍ തുന്നിക്കൂട്ടി പിന്നെയും ഉപയോഗിക്കും .
നമ്മുടെ ആ കാലം കടന്നു ഇന്ന് നമ്മുടെ മക്കള്‍ ഇവിടെ എത്തി .
ആരുടെയെങ്കിലും പഴയ പുസ്തകം പോയിട്ട് നമ്മുടെ തന്നെ പഴയത് ഒന്നും നമുക്ക് പറ്റാതായി .
അന്നത്തെ വിദ്യാര്‍ഥിയുടെ പ്രധാന വിഷയം പട്ടിണിയും പ്രാരബ്ധവും ആയിരുന്നു . ഇന്നത്തെ കുട്ടികളുടെ വിഷയം ഫാഷനും മോഡലും എന്ന 'നേരിയ' വ്യത്യാസമേയുള്ളൂ ..!
ഇന്നത്തെ മധ്യ വയസ്ക്കരായ ഭൂരിഭാഗം ആളുകള്ക്കും പറയാനുണ്ടാകും തികച്ചും ദരിദ്രമായ പഠന കാല അനുഭവങ്ങള്‍ .
വരവിനു ഒരു പാട് വഴികളുണ്ടാവുമ്പോള്‍
ചെലവിനു അതിലേറെ വഴികളുണ്ടാവും !!

usman

പ്രവാസി


ജോലി നഷ്ടപ്പെട്ട് റൂമിലിരിക്കുന്ന സുഹൃത്തിനെ ഒന്നാശ്വസിപ്പിക്കണം എന്ന് കരുതിയാണ് അവനെ വിളിച്ചത്.
എന്തു പറഞ്ഞ് സമാധാനിപ്പിക്കും എന്നൊന്നും നിശ്ചയമില്ലായിരുന്നു.
നല്ല ജോലി, ശമ്പളം , മറ്റാനുകൂല്യങ്ങൾ എല്ലാം ഉണ്ടായിരുന്നു. എല്ലാം പെട്ടെന്നാണ് നഷ്ടമായത്..
മൊബൈൽ ഒറ്റ വട്ടം റിംഗ്ചെയ്തപ്പോഴേക്കും അവൻ ഫോണെടുത്തു.
ഹലോ..
അസ്സലാമു അലൈക്കും..
വ അലൈക്കു മുസ്സലാം.. എന്തൊക്കെയുണ്ട് മാഷേ വിശേഷങ്ങൾ.. ?
സുഖമാണ് , അൽഹംദുലില്ലാഹ്..
എന്താ നിന്റെ വിവരങ്ങൾ?
അങ്ങനെ പോണൂ. പണിയിൽ നിന്ന് ഇറങ്ങിയിട്ട് ഒരു മാസമാവുന്നു.
ഇനി എന്താ ചെയ്യുക? ഒരെത്തും പിടിയും കിട്ടുന്നില്ല. ഇനിയിപ്പൊ ഒരു പുതിയ ജോലിയൊക്കെ കിട്ടാൻ പ്രയാസമാണ്. നേരാം വണ്ണം ഉറങ്ങിയിട്ട് തന്നെ കുറേയായി.....
ഇങ്ങനെയുള്ള പരാതിയും വേവലാതികളും കേൾക്കാനുള്ള മാനസികമായ തയ്യാറെടുപ്പോടെയാണ് ഞാൻ ആ ചോദ്യം ചോദിച്ചത്.
പക്ഷേ ...!
പരമസുഖമാണ്.. അലാറം വെക്കാതെ സുഖമായി ഉറങ്ങുന്നു..
വൈകുന്നേരത്തെ നടത്തം ഇപ്പോൾ രാവിലെയാക്കി. നടത്തം കഴിഞ്ഞ് നേരെ താമസസ്ഥലത്തിനടുത്തുള്ള ഹോട്ടലിൽ കേറി നാട്ടിലെ പോലെ സമാവറിൽ ഉണ്ടാക്കിയ ഒരു സ്ട്രോംഗ് ചായ കുടിച്ച് റൂമിലെത്തും. വിയർപ്പ് മാറി നേരെ പോയി കുളിക്കും.
പിന്നെ നാശ്ത കഴിക്കും.
റൂമിൽ സഹമുറിയന്മാർ ആരുമില്ലാത്തോണ്ട് കുറച്ച് ഫേസ് ബുക്ക്, വാട്ട്സ് ആപ്പ്, യൂട്യൂബിലെ ചില ഇൻസ്പിരേഷൻ ക്ലാസ്സുകൾ,
ഉപ്പും മുളകും, അന്ന് അവധി കഴിഞ്ഞ് പോന്നപ്പോൾ കൊണ്ട് വന്ന പുസ്തകങ്ങളിൽ നിന്ന് ചില വായന,
വീട്ടിലേക്കുള്ള വിളി....
ആകെ മൊത്തം ഹാപ്പി...
ഞാനാകെ പകച്ചു പോയി..
ഇടയ്ക്ക് കേറി ഞാൻ പറഞ്ഞു.
നല്ല ശമ്പളമുള്ള എല്ലാ ആനുകൂല്യവുമുള്ള ഒരു ജോലി നഷ്ടപ്പെട്ടിട്ടും ഇങ്ങനെ പറയുന്ന ഒരാൾ നീയേ കാണൂ...
ഹ ഹ അവൻ ഒരു വലിയ ചിരി ചിരിച്ചു...
എന്നിട്ട് തുടർന്നു..
ഞാൻ ഈ കമ്പനിയിൽ ജോലിക്ക് കേറിയ അന്നേ ദൈവം തമ്പുരാൻ നിശ്ചയിച്ചു കാണും. ഇവന് ഇത്ര കൊല്ലം ഇത്ര മാസം ഇത്ര ദിവസം എന്ന്.. ഈ ലോകത്ത് നമ്മുടെ ആയുസ്സ് നിശ്ചയിച്ച പോലെ..
അന്നേ കണക്ക് കൂട്ടി വെച്ചിട്ടുണ്ടാവും സൗദിവത്ക്കരണം വരും, സാമ്പത്തിക മാന്ദ്യം വരും, ജോലി പോകും.. റൂമിലിരിക്കേണ്ടി വരും.. എന്നൊക്കെ...
അതല്ലേ സംഭവിച്ചുള്ളൂ..
അത് നമ്മൾ ദുഃഖിച്ചാലും വിഷമിച്ചാലും ആധിപിടിച്ചാലും നടക്കും.. തീരുമാനിക്കപ്പെട്ടത് നടന്നു.. ഇനി ചെറിയ ഒരു ബ്രേക്ക് നിശ്ചയിച്ചു കാണും...
അതാണിപ്പോൾ സംഭവിക്കുന്നത്..
അവന്റെ വാക്കുകൾ എന്നിൽ വല്ലാത്ത ഒരു പോസിറ്റീവ് എനർജി പകർന്നു.. കൂടുതൽ അവനെ കേൾക്കാൻ ഞാൻ നല്ല ഒരു കേൾവിക്കാരനായി...
ഞാനിപ്പോൾ ഈ പ്രതിസന്ധി ആസ്വദിക്കുകയാണ്..
നാട്ടിൽ അവധിക്ക് പോയി അവധി ആഘോഷിക്കുന്നതും ഇവിടെ ജോലിക്കു പോകാതെ ഇരിക്കുന്നതും രണ്ടു തരം അനുഭവമാണ്.
ഒരു കണക്കിൽ ഇവിടെയാ ലാഭം..
നാട്ടിൽ ഒരു മാസം കഴിഞ്ഞുകൂടാൻ എത്ര കാശ് വേണം?
ഇവിടെ റൂമും ചെലവും... മാത്രം നോക്കിയാൽ മതി.... നാട്ടിൽ എന്തൊക്കെ ചെയ്യണം, കാണണം, ഏറ്റെടുക്കണം, എവിടെയൊക്കെ പോകണം.... ഇവിടെ പരമ സുഖം...
അപ്പോൾ ജോലി പോയതിൽ സങ്കടമൊന്നും ഇല്ലേ?
സങ്കടപ്പെട്ടിട്ട് എന്തു കാര്യം?
അവര് തിരിച്ചെടുക്കുമോ?
ഇല്ല. വിഷമിച്ചിട്ട് എന്തുണ്ട് മെച്ചം? ഇത്ര കാലം സുഖമായി ജോലി ചെയ്തില്ലേ? കൃത്യമായി ശമ്പളം കിട്ടിയില്ലേ? ആനുകൂല്യങ്ങൾ ലഭിച്ചില്ലേ? കുടുംബം സുഖമായി കഴിഞ്ഞില്ലേ?
ഈ പ്രതിസന്ധി കുറച്ച് മുമ്പ് വന്നിരുന്നെങ്കിലോ...?
ഒന്നും വേണ്ട... ജോലിക്കിടെ നമുക്ക് വല്ല അത്യാഹിതം വന്നിരുന്നെങ്കിലോ?
മാരകമായ രോഗം ബാധിച്ച് ജോലിയിൽ നിന്ന് രാജി വെച്ച് നാട്ടിൽ പോയി ഭീമമായ സംഖ്യ ചെലവഴിച്ച് നരകിച്ചു ജീവിക്കേണ്ടി വന്നിരുന്നെങ്കിലോ?
നമ്മുടെ സമദിന്റെ കാര്യം തന്നെ ആലോചിച്ചു നോക്കിയേ....
അപ്പോൾ അങ്ങനെയൊന്നും വന്നില്ലല്ലോ... അതിലൊക്കെ ആശ്വസിക്കാമല്ലോ..
പിന്നെ ജോലി പോയി... മക്കൾ എന്താകും? ഭാവി എന്താകും എന്നൊക്കെ ആലോചിച്ച് ഉറക്കം കളഞ്ഞ് ടെൻഷനടിച്ച് നമ്മെ നമ്മൾ തന്നെ പീഡിപ്പിച്ചിട്ട് എന്തു കാര്യം?
നമ്മുടെ ആരോഗ്യം കൂടി നശിപ്പിക്കാം എന്നല്ലാതെ...
ശരിയാ...
ആട്ടേ... വേറെ ജോലിയൊന്നും നോക്കുന്നില്ലേ...?
ഉണ്ട്.. സുഹൃത്തുക്കളോടും ഗുണകാംക്ഷികളോടും പറഞ്ഞിട്ടുണ്ട്. അന്വേഷിക്കുന്നുണ്ട്.
കിട്ടിയാൽ തുടരും... ഇല്ലെങ്കിൽ ഒറ്റയടി. ഖുറൂജ് നിഹായി...
നമ്മളേക്കാൾ ഒന്നുമില്ലാത്തവരും നാട്ടിൽ സുഖമായി കഴിയുന്നില്ലേ...
ഒരു വാതിൽ അടഞ്ഞാൽ തുറക്കും മറ്റൊന്ന്!
ഇനിയുള്ള കാലം നാട്ടിലെ ശുദ്ധമായ വായുവും വെള്ളവുമാണ് നമുക്ക് നിശ്ചയിച്ചത് എങ്കിൽ അത് നടക്കും. അത് നടക്കും എന്നല്ല അതേ നടക്കൂ...
ദൈവത്തിന്റെ തിരക്കഥക്കനുസരിച്ച് നമുക്ക് അഭിനയിക്കാനേ പറ്റൂ...
തിരുത്താനോ മാറ്റി എഴുതാനോ പറ്റില്ല.
നിരാശയോടും സങ്കടത്തോടും വിഷമങ്ങളോടും കടക്ക് പുറത്ത് എന്ന് പറഞ്ഞ് കിട്ടിയ സമയം ഹാപ്പിയായി ജീവിക്കുക...
കിട്ടിയതിലൊക്കെ സംതൃപ്തിയടയുക...
അതിനൊക്കില്ല!
ഓകെ... വിളിച്ചതിന് നന്ദി...
ഉച്ചഭക്ഷണത്തിന് നേരമായി...
പത്തുകൊല്ലത്തിനിടക്ക് ഇവിടെ നിന്ന് ചൂടോടെ ഉച്ചഭക്ഷണം കഴിച്ചിരുന്നത് ആഴ്ചയിൽ ഒരിക്കൽ വെള്ളിയാഴ്ച മാത്രമായിരുന്നു...
ഇപ്പോൾ ഒരു മാസമായി ചൂടോടെ സ്വാദോടെ കൃത്യസമയത്ത്.....!
എങ്കിൽ ഓ കെ.. വീണ്ടും കാണാം...
അസ്സലാമു അലൈക്കും...
ഫോൺ കട്ട് ചെയ്തപ്പോൾ ഞാനെന്റെ മനസ്സിൽ പറഞ്ഞു.
പരീക്ഷണങ്ങൾ പതറാനുള്ളതല്ല
ശക്തിയാർജ്ജിക്കാനുള്ളതാണ്.
സങ്കടപ്പെടാനുള്ളതല്ല
മുൻ കാലത്തെയോർത്ത് സംതൃപ്തിയടയാനുള്ളതാണ്..
വഴിമുടക്കാനുള്ളതല്ല
വഴിത്തിരിവിനുള്ളതാണ്.
Usman Iringattiri

പഠിപ്പിക്കാന്‍ സമ്മതമാണ്

പഠിപ്പിക്കാന്‍ സമ്മതമാണ്' എന്ന് പറഞ്ഞു വിവാഹം കഴിക്കപ്പെടുന്ന
പല പെണ്‍കുട്ടികളും വിവാഹ ശേഷം കബളിപ്പിക്കപ്പെട്ട കഥകള്‍ കുറെ കേട്ടിട്ടുണ്ട് . അറിയുകയും ചെയ്യും . അനുഭവത്തിലും ഉണ്ട് .
വിവാഹ വേളയില്‍ ഓരൊഴുക്കന്‍ മട്ടില്‍ 'പഠിപ്പിക്കും' എന്ന് പറയും . അടുത്ത വര്‍ഷം കുട്ടിക്ക് 'കുട്ടി' ആവും . പിന്നെ പ്രാരാബ്ധമായി . കുട്ടിയുടെ കാര്യം പറഞ്ഞു വഴക്കായി വക്കാണമായി . കുട്ടിയുടെ ഭാവി ഓര്‍ത്ത്‌ ആ പെണ്‍കുട്ടി തന്റെ എല്ലാ സ്വപ്നങ്ങളും കുഴിച്ചു മൂടി ആണ് പിന്നീടു ജീവിക്കുന്നത് .
പഠിപ്പിക്കാന്‍ താത്പര്യമില്ലാത്ത ചെക്കനും കുടുംബവും കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ വെറുതെ പറയും . എത്ര വേണമെങ്കിലും പഠിപ്പിക്കും എന്ന് . കാരണം അവര്‍ക്ക് അറിയാം ഒരു കൊല്ലം ആവുമ്പോഴേക്കും കുട്ടിക്ക് കുട്ടി ആവും പിന്നെ പഠനം ഒക്കെ കണക്കു തന്നെ ആവും എന്ന് .
ഇത് സത്യത്തില്‍ ആ പെണ്‍കുട്ടികളോട് ചെയ്യുന്ന ക്രൂരതയും ചതിയുമാണ്‌ .
പക്ഷേ താന്‍ കബളിക്കപ്പെട്ടു എന്ന് പെണ്‍കുട്ടി മനസ്സിലാവുമ്പോഴേക്കും കാര്യങ്ങളൊക്കെ പിടി വിട്ടിട്ടുണ്ടാവും .
അത് കൊണ്ട് ചെയ്യാവുന്നത് ഇതേ ഉള്ളൂ എന്റെ അഭിപ്രായത്തില്‍ .
പഠിക്കാന്‍ മിടുക്കിയായ / പഠിക്കണം എന്ന് വലിയ ആഗ്രഹമുള്ള / പഠിക്കാന്‍ പോകുന്നത് പ്രേമിക്കാനും ചാടി പോകാനും അല്ല എന്ന് കൃത്യമായി ബോധ്യമുള്ള / കുട്ടികളാണ് നമ്മുടെ പെണ്‍കുട്ടികള്‍ എന്ന് നമുക്ക് ഉറപ്പുണ്ടെങ്കില്‍ പഠിപ്പിക്കാന്‍ നമുക്ക് കഴിയുമെന്നുണ്ടെ ങ്കില്‍
അവരെ പഠിപ്പിക്കുക . ആണ്‍കുട്ടിയെ എന്ന പോലെ . അതിനിടയില്‍ കല്യാണം നടത്താതിരിക്കുക .
പഠിക്കേണ്ട കാലത്തെ പഠിക്കാന്‍ കഴിയൂ . പുതിയ കാലം പഴയ പോലെയല്ല . ജോലിക്ക് വേണ്ടിയല്ല . വിദ്യാഭ്യാസമുള്ള ഒരു തലമുറ വളര്‍ന്നു വരാന്‍ , ഇക്കാലത്ത് പെണ്‍കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൂടിയേ തീരൂ .
എന്നെങ്കിലും ഒരിക്കല്‍ അവള്ക്ക് സ്വന്തം കാലില്‍ നില്ക്കേണ്ട ഒരു ഗതി വന്നാല്‍ അന്ന് അവളെ സഹായിക്കാന്‍ ഇന്ന് അവള്‍ നേടിയ യോഗ്യത കൂടെ ഉണ്ടാകും .
മറ്റാരും അവളെ ഏതു നിമിഷവും കൈവിടാം . പക്ഷേ അവള്‍ നേടിയ യോഗ്യത - അത് ഏതു തരത്തിലുള്ളതായാലും - അവളെ സഹായിക്കാന്‍ അവളുടെ കൂടെ ഉണ്ടാകും . മരണം വരെ .
അത് കൊണ്ട് മിടുക്കികളായ പെണ്‍കുട്ടികളെ / പഠിക്കാന്‍ അതിയായ ആഗ്രഹം ഉള്ള കുട്ടികളെ / പെട്ടെന്ന് കെട്ടിച്ചു വിടരുത് . ആണ്‍കുട്ടിക്ക് പഠിക്കാന്‍ പണം ചെലവാക്കുന്ന പോലെ പെണ്‍കുട്ടിക്കും ചെലവാക്കുക . അത് ഒരിക്കലും നഷ്ടമാവില്ല . മാത്രമല്ല നമ്മുടെ കുട്ടിയുടെ ഭാവിക്ക് കൂടി അത് ഉപകാരപ്പെടും . ഇന്നല്ലെങ്കില്‍ നാളെ .
പഠിക്കാന്‍ താത്പര്യമില്ലാത്ത / മിടുക്കികള ല്ലാത്ത / കുട്ടികളെ നേരത്തെ കെട്ടിക്കാം . അവര്‍ക്ക് പറ്റിയ ആണ്‍കുട്ടികളെ കൊണ്ട് അവരെയും പഠനം കഴിഞ്ഞു ഇവള്‍ക്കു പറ്റിയ യോഗ്യതയും മിടുക്കും ഉള്ള പയ്യനെ കൊണ്ട് ഇവളെയും കെട്ടിക്കുക .
'പൊരുത്തം' എന്നത് ധനത്തിലോ സൌന്ദര്യത്തിലോ മാത്രം നോക്കിയാല്‍
പോരാ . വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നോക്കണം . പഠിപ്പുള്ള ഒരു കുട്ടിയെ പഠിപ്പില്ലാത്ത ഒരു ചെക്കനെ കൊണ്ട് ഒരിക്കലും കെട്ടിക്കരുത് .
അത് അവളോട്‌ ചെയ്യുന്ന ഏറ്റവും വലിയ അനീതി ആണ് .
ഇനി അനിയത്തി പഠിക്കാന്‍ മോശമാണെങ്കില്‍ അവളെ ആദ്യം കെട്ടിക്കുക .
അവളുടെ കാരണം പറഞ്ഞു ജ്യേഷ്ടത്തിയുടെ അവസരം നഷ്ടപ്പെടുത്തുന്നത് എന്തിനാണ് ? അതൊരു മോശമല്ലേ എന്നൊക്കെ തോന്നാം . ഒരു കുട്ടിയുടെ പഠിക്കാനുള്ള അവസരം
അവളുടേത്‌ അല്ലാത്ത കാരണത്താല്‍ നിഷേധിക്കുന്നതല്ലേ
അതിനേക്കാള്‍ മോശം ?
ഒരോ കുട്ടിയേയും അവളുടെ യോഗ്യതക്കും നിലവാരത്തിനും അനുസരിച്ചുള്ള പയ്യന്മാരെ കൊണ്ട് കെട്ടിക്കുക . അതാണ്‌ വേണ്ടത് .
പിന്നെ പഠിക്കാന്‍ വേണ്ടി വിവാഹം നീട്ടിക്കൊണ്ടു പോയി എന്ന് വരുന്നത് പ്ലസ് പോയിന്റ്‌ ആയിട്ടെ സാമാന്യ ബുദ്ധിയുള്ള ആരും മനസ്സിലാക്കൂ .
അങ്ങനെ യോഗ്യതക്കനുസരിച്ചുള്ള വിവാഹങ്ങള്‍ നടക്കട്ടെ . വിദ്യാഭ്യാസമുള്ള തലമുറ വളര്‍ന്നു വരട്ടെ . പഠിക്കാന്‍ താത്പര്യ മുള്ള , മിടുക്കുള്ള , പഠിപ്പിക്കാന്‍ കഴിവുള്ള രക്ഷിതാക്കളുടെ മക്കളായി പിറന്ന, ഒരു കുട്ടിയുടെയും പഠിക്കാനുള്ള സ്വപ്നം വിവാഹം കാരണമായി മുടങ്ങാതിരിക്കട്ടെ ..!!!
നിങ്ങളെന്തു പറയുന്നു ?
- ഉസ്മാന്‍ ഇരിങ്ങാട്ടിരി

സുന്ദരി


ഭാര്യയും ഭര്‍ത്താവും ബസ്സില്‍ കേറുന്നു .
ഭാര്യ അതീവ സുന്ദരി യാണ് .
ഡ്രൈവറുടെ പിറകില്‍ ആണ് ഭാര്യ നില്‍ക്കുന്നത് .
ഭര്‍ത്താവ് അല്പം പിറകിലും .
അവളെ കണ്ടതോടെ ഡ്രൈവര്‍ക്ക് വായ്‌ നോട്ടത്തിന്റെ 'അസുഖം ' തുടങ്ങി .
ഡ്രൈവിങ്ങിനിടെ അയാള്‍ ഇടയ്ക്കിടെ അവളെ തിരിഞ്ഞു നോക്കുന്നു ;
ഇതു ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെടുന്നു .
ആദ്യമാദ്യം കണ്ടില്ലെന്നു നടിക്കുന്നു .
നോട്ടം രൂക്ഷമാകുന്നു .
ഒടുവില്‍ സഹികെട്ട് ഭര്‍ത്താവ് മുന്നോട്ടു ചെന്ന് മെല്ലെ ഡ്രൈവറോട്
പറയുന്നു .
വണ്ടി ഒന്ന് സൈഡ് ആക്കാന്‍
ബസ്സ്‌ നിന്നു .
യാത്രക്കാരുടെ എല്ലാവരുടെയും ശ്രദ്ധ മുന്‍ഭാഗത്തേക്ക് !!!
അന്നേരം , ഭര്‍ത്താവ് ഭാര്യയെ മുന്നിലേക്ക്‌ ഉന്തി ത്തള്ളി കൊണ്ട് ചെന്നിട്ടു പറഞ്ഞു .. "ഇന്നാ മതിയാവോളം നോക്കിക്കോ .....
പൂതി മാറിയിട്ട് വണ്ടി എടുത്താല്‍ മതി .
ഇവളെ നോക്കിഈ ആളുകള്ടെ ജീവന്‍ കൊണ്ട്കളിക്കണ്ട . 

By: Usman Iringattiri

കടലമണിക്കവിതകൾ


1
ഇന്ന് ഉമ്മറകത്തും
ഉമ്മ ഉമ്മറത്തും.!
2
കൂടെ പൊറുക്കാന്‍
കൂടെക്കൂടെ പൊറുക്കണം
3
പാചകറാണി മാരേക്കാള്‍ ഇന്നുള്ളത്
വാചക റാണിമാരാണ്
4
നോളെജും ഏജും ഉണ്ടായിട്ടെന്ത് ?
ആള് വെറുമൊരു നോളയാണെങ്കില്‍!
5
മെയ് വഴക്കം മാത്രം പോര
മൊഴി വഴക്കം കൂടി വേണം
6
കടന്നലും കടങ്ങളും
കടന്നു കുത്തും ..!
7
നിവൃത്തിക്ക് പ്രവൃത്തി;
പ്രവൃത്തിക്ക് വൃത്തി
വൃത്തിയുള്ള പ്രവൃത്തിക്ക്
പ്രവൃദ്ധി.!
8
മഴയിലഴുകി
വഴുതും
വഴിയിലൂടിഴയും
പുഴുവിനും
വഴിയുമഴക് !
9
പുക
വ്യാപകമാവുന്നതിനേക്കാള്‍ അപകടമാണ്
പക
വ്യാപകമാവുന്നത്
10
പുഴ ഒഴുകുന്നു
പുഴു ഇഴയുന്നു
മഴ പെയ്യുന്നു
മഴു കൊയ്യുന്നു
Usman Iringattiri

മരുമകന്‍ മകളെ ഗള്‍ഫിലേക്ക് കൊണ്ട് പോകുന്നത്

മരുമകന്‍ മകളെ ഗള്‍ഫിലേക്ക് കൊണ്ട് പോകുന്നത് അറിഞ്ഞ് ഏറെ സന്തോഷിക്കുന്ന ഒരാള്‍ അവളുടെ അമ്മയായിരിക്കും .
എന്നാല്‍ ആ അമ്മ മകനോടൊപ്പം മരുമകള്‍ ഗള്‍ഫിലേക്ക് പോകുന്നു എന്നറിയുന്നത് തൊട്ടേ പിറുപിറുക്കാന്‍ തുടങ്ങും .
മകളും മരുമകനും ടൂറിന് പോകുമ്പോള്‍ മുഖം പ്രകാശിക്കുന്ന
അമ്മയ്ക്ക് മകനും മരുമകളും പോകുമ്പോള്‍ മുഖം കറുക്കും. 
മകളും മരുമകനും സിനിമക്ക് പോകുമ്പോള്‍ അമ്മ ഭയങ്കര
ഹാപ്പി ആവും .
മകനും മരുമകളും പോകുമ്പോള്‍ മുഖം വെട്ടിക്കും.
മകന്റെ മക്കളോട് കാണിക്കുന്നതിലേറെ സ്നേഹം മകളുടെ മക്കളോട് കാണിക്കുന്ന അമ്മമാരാണ് കൂടുതലും .
മകള്‍ക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകുമ്പോള്‍ വല്ലാതെ സന്തോഷിക്കുന്ന
അമ്മ മകനും മരുമകള്‍ക്കും സ്വന്തമായി വീട് ഉണ്ടാകുമ്പോള്‍
വല്ലാതെ അസഹിഷ്ണുത കാണിക്കും .
മകള്‍ക്ക് മരുമകന്‍ വിലകൂടിയ സാരിയോ ചുരീദാറോ വല്ല ആഭരണമോ
വാങ്ങിക്കൊടുത്തു എന്നറിഞ്ഞാല്‍ അമ്മയുടെ മുഖം പ്രസന്നമാകും
മകന്‍ മരുമകള്‍ക്ക് വാങ്ങി കൊടുത്താലോ അന്ന് വീട്ടിലെ അന്തരീക്ഷം മൂടിക്കെട്ടിയിരിക്കും.
മരുമകളെ അന്യ പെണ്ണായി കാണുന്നതാണ് ഇതിനു പിന്നിലെ മന:ശാസ്ത്രം
എന്ന് തോന്നുന്നു .
അമ്മായി അമ്മയെ സ്വന്തം അമ്മയായി കാണാനും
മരുമകളെ സ്വന്തം മകളായി കാണാനും ഉള്ള മാനസിക വിശാലത
അപൂര്‍വ്വം ചിലര്‍ക്കെ ഉള്ളൂ .
ഒരു കുടുംബത്തിലെ ശാന്തിയുടെയും സമാധാനത്തിന്റെയും അടിത്തറ അതാണ്‌ .
അത് ദുര്‍ബലം ആവുമ്പോഴാണ് വൃദ്ധ സദനങ്ങള്‍ പെരുകുന്നത് .
- ഉസ്മാന്‍ ഇരിങ്ങാട്ടിരി

നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന


നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള്‍ പ്രതികരിച്ചത്
ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്. വെറുതെയെന്തിനാ സുഖകരമായ ഒരു മണിക്കൂര്‍ വേസ്റ്റാക്കുന്നത്..'?
എന്നിട്ടും അയാള്‍ നാലരയ്ക്ക് തന്നെ അലാറം വെച്ചു .
അവളും മക്കളും ഒരുങ്ങിപ്പിടിച്ചു ഇറങ്ങുമ്പോള്‍ എന്തായാലും വൈകും .
മൈന ഏതാണ് നാളെ ഇടേണ്ടത് എന്ന് പോലും നിശ്ചയിട്ടുണ്ടാവില്ല . നൈന അവള്‍ക്കിടാനുള്ള തൊക്കെ നേരത്തെ ത്തന്നെ ഒരുക്കി വെക്കുന്നത് കണ്ടു .
'നല്ല കുട്ടികള്‍ ഇങ്ങനെയായിരിക്കു'മെന്നു ഒരു കോംബ്ലിമെന്റ് കൊടുത്തു
അയാള്‍ അവള്‍ക്ക്.
ഭാര്യക്കും മൂത്ത മോള്‍ക്കും തന്നെയാണ് ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണ്ടിവരിക .
'നീ ജീരകവെള്ളം എടുത്തുവെച്ചിട്ടുണ്ടോ ? അത് മറന്നാല്‍ പിന്നെ ഏതെങ്കിലും കുപ്പിവെള്ളം കുടിക്കേണ്ടിവരും . അത് നമ്മുടെ പോക്കറ്റിനെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും . ഏതെങ്കിലും വൃത്തികെട്ട പുഴ വെള്ളമോ കുളത്തിലെ അഴുക്കുവെള്ളമോ ഒക്കെയാണ് കുപ്പിയിലാക്കി കൊള്ളാവുന്ന ഒരു പേരും വെച്ച് കൊള്ളലാഭത്തിനു വില്‍ക്കുന്നത് ..'
അയാളുടെ അധികപ്രസംഗത്തിന് ചെവികൊടുക്കാതെ അവള്‍ എപ്പോഴോ ഉറങ്ങിക്കഴിഞ്ഞിരുന്നു .
അയാള്‍ മെല്ലെ കണ്ണടച്ച് കിടന്നു . വെളുപ്പിന് ഏഴിന് മുമ്പേ സ്റ്റേഷനില്‍ എത്തണം .
അതെങ്ങാനും മിസ്സായാല്‍ ഇന്നത്തെ യാത്ര തന്നെ അവതാളത്തിലാവും . രാത്രി ഏഴു മണിയാവും തിരുവനന്ത പുരത്തെത്താന്‍.
രണ്ടു പെണ്‍കുട്ടികളും ഭാര്യയും രാത്രിയും റെയില്‍വേ സ്റ്റേഷനും എല്ലാം കൂടി ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ആധി പെരുത്തു. ഒറ്റയ്ക്ക് യാത്ര പോകുന്ന പോലെയല്ല പെണ്‍മക്കളുമായുള്ള യാത്ര .
ഈ ആശങ്കകള്‍ അവളുമായി പങ്കുവെച്ചപ്പോള്‍ അവള്‍ അയാളെ കൊച്ചാക്കി പറഞ്ഞു:
'അതിനെന്താ നിങ്ങളില്ലേ കൂടെ ? അങ്ങനെയൊക്കെ പേടിച്ചും സങ്കല്‍പ്പിച്ചും ഇരുന്നാല്‍ വല്ലതും നടക്കുമോ? നിങ്ങള്‍ എങ്ങനെയിങ്ങനെ ഒരു പേടി ത്തൊണ്ടനായി എന്റെ മാഷെ ?
വെറുതെ കട്ടി മീശയും വെച്ച് നടന്നാല്‍ മതിയോ?
നിങ്ങള്‍ പേടിക്കേണ്ട , ഞാനുണ്ട് കൂടെ കൂള്‍ ഡൌണ്‍ .. '
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോവാമെന്നു വെച്ചത് . കാലമേറെയായി അവള്‍ പറയുന്നു. വസന്തചേച്ചിയെ ഒന്ന് കാണണമെന്ന്. ചേച്ചിക്ക് എന്തോ അസുഖം ഉണ്ടെന്നു കേട്ടത് മുതല്‍ അവള്‍ക്ക് തീരെ ഇരിക്കപ്പൊറുതിയില്ല .
ചേച്ചിയെന്നു പറഞ്ഞാല്‍ അവള്‍ക്ക് ജീവനാണ് .
കെട്ടിക്കൊണ്ടു വരുമ്പോള്‍ തന്നോട് ഏറ്റവും കൂടുതല്‍ അവള്‍ സംസാരിച്ചത് വസന്തയെ കുറിച്ചാണ്.
അവളുടെ ടീച്ചര്‍ ആയിരുന്നു വസന്തകുമാരി . വീടിനു തൊട്ടപ്പുറത്തെ വാടക വീട്ടിലെ താമസക്കാരി .
അവളുടെ കല്യാണത്തലേന്നു ബോംബെക്കാരി അമ്മായി രണ്ടുകൈകളിലും കാലുകളിലും മുട്ടോളം മൈലാഞ്ചിയിട്ട് ചുവപ്പിച്ചപ്പോള്‍ അവള്‍ക്ക് ചോറ് വാരിക്കൊടുത്തത് വസന്തേച്ചി യായിരുന്നുവത്രേ. അന്ന് ചേച്ചിയോടൊപ്പം അവരുടെ വാടക വീട്ടില്‍ ആണ് പോലും അവള്‍ കിടന്നത്.
വീട്ടില്‍ കല്യാണ ത്തിന്റെ ഒച്ചയും ബഹളവും ആയിരുന്നു.
ചേച്ചി തന്നെയാണ് അങ്ങനെയൊരു സജഷന്‍ മുന്നോട്ടു വെച്ചത് .
'ഇന്ന് ഏതായാലും നീ ഉറക്കമിളക്കണ്ട '
ചേച്ചി അങ്ങനെയാണ് . ചിലപ്പോള്‍ നല്ല ഒരു കൂട്ടുകാരി .
മറ്റു ചിലപ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു ജ്യേഷ്ടത്തി .
ചില നേരങ്ങളില്‍ സ്നേഹമുള്ള അമ്മ . ചിലപ്പോള്‍ ഗുണകാംക്ഷിയായ അധ്യാപിക .
അവളുടെ വലിയ വായിലെ വര്‍ണ്ണനകള്‍ കേട്ട് മെല്ലെമെല്ലെ വസന്ത ടീച്ചറെ അയാളും ഇഷ്ടപ്പെട്ടു തുടങ്ങി.
അവളുടെ വീട്ടിലേക്കു പോകുമ്പോള്‍ അവള്‍ ആദ്യം ഓടിച്ചെല്ലുക ടീച്ചറിന്റെ അടുത്തേക്കാണ് . അധികം സംസാരിക്കാനൊന്നും വരില്ല . കുലീനമായ കാണാന്‍ ഭംഗിയുള്ള ഒരു ചിരി തരും എപ്പോഴും.
അവളോടെ ഉള്ളു തുറക്കൂ .
'കല്യാണമൊന്നും വേണ്ടേ ഇങ്ങനെ മൂത്ത് നരക്കാന്‍ തന്നെയാണോ പരിപാടി '? എന്ന് അവള്‍ ഒരിക്കല്‍ ചോദിച്ചു പോലും ..
'നിങ്ങളെ പോലെ മുട്ടയില്‍ നിന്ന് വിരിയും മുമ്പേ യൊന്നും ഞങ്ങളെ കെട്ടിക്കില്ല . ഇനി നിനക്കൊരു കുട്ടിയൊക്കെ ആവട്ടെ . എന്നിട്ടേ ഞാന്‍ കല്യാണം കഴിക്കുന്നുള്ളൂ.. '
ടീച്ചറെ കുറിച്ച് പറയുമ്പോള്‍ നൂറു നാക്കാണ് അവള്‍ക്ക് . അവളെ ചൊടിപ്പിക്കാന്‍ ഇടയ്ക്ക് അയാള്‍ പറയും ..
നിന്റെ ആദ്യത്തെ പുത്യാപ്ല ആയിരുന്നോ വസന്ത ? നീയും നിന്റെ ഒരു കോഴിവസന്തയും ..
അത് കേള്‍ക്കെ അവള്‍ക്ക് കലിയിളകും . കോക്രികാട്ടിയും നല്ല മുഴുത്ത നുള്ള് വെച്ച് കൊടുത്തും അവള്‍ അയാളോട് കലി തീര്‍ക്കും .
പിന്നെയും കുറേക്കാലം കഴിഞ്ഞാണ് വിവരം അറിയുന്നത് . വസന്ത ച്ചേച്ചി സുമംഗലിയാവാന്‍ പോകുന്നു . വരന്‍ ആ സ്കൂളില്‍ തന്നെ യുള്ള മുരളി മാഷ്‌ . അവര്‍ പ്രേമത്തിലായിരുന്നുവത്രേ.
അതറിഞ്ഞപ്പോള്‍ അയാള്‍ അവളെ ശുണ്‍ഠി പിടിപ്പിച്ചു .
'നിന്റെ വസന്ത ആള് കൊള്ളാമല്ലോ , കണ്ടാല്‍ വെറും പാവം .. പുളിങ്കൊമ്പില്‍ കേറിയങ്ങ് പിടിച്ചല്ലോ ..
'അതിനെന്താ പ്രേമിച്ചു കല്യാണം കഴിക്കുന്നത് തെറ്റാണോ ? ചേച്ചി തെറ്റൊന്നും ചെയ്തിട്ടില്ല .'
മുരളി മാഷും അവളുടെ അധ്യാപകനാണ് . കണക്കു മാഷ്‌. കുട്ടികളുടെ പേടി സ്വപ്നം .
പക്ഷെ അവള്‍ക്കു മുരളി മാഷെ അത്ര ഇഷ്ടമല്ല . 'അത്ര നല്ല ടീച്ചര്‍ക്ക് എങ്ങനെ അയാളെ ഇഷ്ടമായി ? എനിക്ക് മാഷെ കാണുന്നതെ പേടിയാണ് ..'
'അയാള്‍ നിന്റെ രക്ഷകനല്ലേ . അയാളെ പറ്റി നീ ഇത് തന്നെ പറയണം .
അയാള്‍ തക്ക സമയത്ത് ഓടി വന്നില്ലായിരുന്നെങ്കില്‍ നീ ആയിരിക്കില്ല ഇന്ന് എന്റെ ഭാര്യ ..'
'അതോണ്ടെന്ത്യെ ങ്ങക്ക് നല്ലൊരു സുന്ദരിക്കുട്ടീനെ കിട്ടീലെ ..'.
'ഓ , ഒരു സുന്ദരിക്കോത ..'
അയാള്‍ എണീറ്റ് ചെന്ന് മണ്കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു . സമയം പന്ത്രണ്ട് പത്ത്.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ബക്കറ്റിനോടൊപ്പം അവളും വീണത്‌ . രാത്രിയില്‍ വെള്ളം കോരാന്‍ ഇറങ്ങിയതായിരുന്നു അവള്‍ . അന്ന് കിണറ്റില്‍ രണ്ടാള്‍ക്ക്‌ വെള്ളമുണ്ട് . അവള്‍ക്കു നീന്തല്‍ അറിയാമായിരുന്നത് ഭാഗ്യം . അവള്‍ മുങ്ങിപ്പൊങ്ങി കിണറിന്റെ ഒരു 'പാമ്പേരിയില്‍' പിടിച്ചു നിന്നു. ബഹളവും നിലവിളിയും കേട്ട് ആദ്യം ഓടിയെത്തിയത് മുരളി മാഷ് ആയിരുന്നു. കസേരയിരക്കി കിണറ്റിലിറങ്ങി അവളെ രക്ഷിച്ചതും മാഷ്‌ തന്നെ.
അത് കൊണ്ട് തന്നെ രണ്ടു പേരോടും അവള്‍ക്കു വല്ലാത്ത കടപ്പാടും വിധേയത്വവും ഉണ്ട് ..
ഓരോ സ്കൂള്‍ വെക്കേഷന്‍ സമയത്തും അവള്‍ പറയും :
'നമുക്കൊന്ന് പോകാം മാഷെ .. '
ഭാഗ്യത്തിന് വസന്തക്കും മുരളി മാഷ്ക്കും ഒരുമിച്ചാണ് അവരുടെ നാട്ടിലേക്ക് ട്രാന്‍സ്ഫെര്‍
ശരിയായത് . ഇടയ്ക്കു അവള്‍ ചേച്ചിക്ക് വിളിക്കാറുണ്ട് .
വിവരങ്ങളൊക്കെ അവളുടെയടുത്ത് അപ്ടുഡേറ്റ് ആണ്.
അയാള്‍ക്ക്‌ യാത്ര ഇഷ്ടമേയല്ല . അവള്‍ക്കാണെങ്കില്‍ യാത്ര ജീവനാണ് . യാത്രാ വേളകളില്‍ അവള്‍ പതിവിലേറെ പ്രസന്നവതിയായിരിക്കും . സ്റ്റേഷനില്‍ മുരളി മാഷ്‌ വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട് . പറ്റുമെങ്കില്‍ കോവളം , നാഗര്‍ കോവില്‍ , കന്യാകുമാരി ഇവിടെയൊക്കെ ഒന്ന് പോകണം . മക്കള്‍ക്കും ഒരു ചേഞ്ച്‌ ആവും .
സ്കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ നൈന ക്ക് വാക്ക് കൊടുത്തതാണ് കന്യാകുമാരിയിലേക്ക് കൊണ്ട് പോകാം എന്ന് . സത്യത്തില്‍ അയാളുടെ ഉള്‍ഭയം തന്നെയായിരുന്നു അതിനും കാരണം . പെണ്‍കുട്ടികളെ ടൂറിനു പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്ക് വല്ല മന:സമാധാനവും മുണ്ടാകുമോ അവര്‍ തിരിച്ചെത്തും വരെ ..?
ഇടയ്ക്കെപ്പോഴോ അയാളൊന്നു മയങ്ങി. പിന്നീട് എപ്പോഴോ അയാള്‍ ഞെട്ടിയുണര്‍ന്നു . സമയം നാല് മണിക്ക് പത്തു മിനിറ്റ് ബാക്കി . തന്റെ കുളിയും പ്രാഥമിക കാര്യങ്ങളും നടത്തിയാലോ ? റയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടാന്‍ ഒരു ഓട്ടോ ക്കാരനെ ഏര്‍പ്പാടാക്കിയിട്ടുണ്ട് . ഇനി അവന്‍ എഴുന്നേറ്റു വരാന്‍ വൈകുമോ എന്തോ? അഞ്ചു മണിക്ക് അവനെ ഒന്ന് വിളിക്കാം . ഒരുറപ്പിന്. അവന്‍ ഉറങ്ങിപ്പോയാല്‍ പോക്ക് കുളമാവും.
ട്രെയിനില്‍ വലിയ തിരക്കൊന്നും കണ്ടില്ല . ജനറല്‍ കമ്പാര്‍ട്ട് മെന്റ് മതിയെന്ന് അവളാണ് പറഞ്ഞത്. പകലല്ലേ യാത്രയുള്ളൂ . രാത്രിയാകുമ്പോഴേക്കും അവിടെ എത്തുകയും ചെയ്യും . അയാള്‍ക്ക്‌ സ്ലീപ്പര്‍ ക്ലാസ് ആയിരുന്നു ഇഷ്ടം . ടെന്‍ഷന്‍ കുറയും . അത് പറഞ്ഞു തര്‍ക്കിക്കാനൊന്നും നില്‍ക്കാതെ അയാള്‍ ടിക്കറ്റ് എടുത്തു . നാല് പേര്‍ക്കും ഒന്നിച്ചിരിക്കാന്‍ സീറ്റ് കിട്ടിയത് ഭാഗ്യം . മക്കളും വല്ലാത്ത സന്തോഷത്തിലാണ് .
യാത്രക്കാര്‍ ക്രമേണ വര്‍ധിച്ചു കൊണ്ടിരുന്നു . ഓരോ സ്റ്റോപ്പില്‍ നിന്നും കണ്ടമാനം ആളുകള്‍ കേറിത്തുടങ്ങി .
വട വടെ വട എന്ന കൊതിപ്പിക്കുന്ന വിളിച്ചു പറയലിനോടൊപ്പം അവരുടെ മുമ്പിലെത്തിയ നല്ല ചൂടുള്ള ഉഴുന്ന് വട കണ്ടപ്പോള്‍ അവള്‍ക്കും കുട്ടികള്‍ക്കും വാങ്ങിയെ തീരൂ .
അയാള്‍ പറഞ്ഞു: ട്രയിനിലെ ആഹാര സാധനങ്ങളൊന്നും കഴിക്കാന്‍ കൊള്ളില്ല . വെറുതെ വയറു കേടാക്കണ്ട . നമുക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാനുള്ളതാണ് .'
ഒടുവില്‍ അവള്‍ ഇടപെട്ടു .
'ഒന്നും സംഭവിക്കില്ലന്നേ .. എത്ര ആളുകള്‍ ആണിതൊക്കെ വാങ്ങിക്കഴിക്കുന്നത് . എന്നിട്ട് അവര്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ ?
അയാള്‍ ആവശ്യപ്പെടും മുമ്പേ അവള്‍ നാല് വടക്ക് ഓര്‍ഡര്‍ കൊടുത്തു .
അയാള്‍ വട വില്പനക്കാരനോട് പറഞ്ഞു : മൂന്നെണ്ണം മതി .
അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യ വയ്സ്ക്ക കേറി വന്നു സീറ്റ് കിട്ടാതെ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ മൈനയോടു പറഞ്ഞു : 'മോളെ ഒന്ന്
അഡ്ജസ്റ്റ് ചെയ്യാമോ? അവള്‍ അയാളെ ഒന്ന് നോക്കി , അവര്‍ക്ക് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു .
ഏതു തരക്കാരാണെന്ന് ആര്‍ക്കറിയാം . അയാള്‍ മനസ്സില്‍ പറഞ്ഞു.
അവരുടെ കണ്ണുകള്‍ മക്കളുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണ ചെയിനിലെക്കും കമ്മലിലേക്കും നീളുന്നുണ്ടെന്നു അയാള്‍ക്ക്‌ തോന്നി.
ദൂരയാത്രയാണ് ആഭരണമൊന്നും വേണ്ടെന്നു എത്ര പറഞ്ഞതാണ് ..
കേള്‍ക്കണ്ടേ . 'ചേച്ചിയൊക്കെ കാണുമ്പോള്‍ മോശമല്ലേ ? വല്ല ചന്ത ക്കമ്മ ലും ഇട്ടു ചെന്നാല്‍ അവരെന്തു വിചാരിക്കും ? കുറച്ചില്‍ നമുക്ക് തന്നെയല്ലേ ? ഇള്ളക്കുട്ടികള്‍ ഒന്നും അല്ലല്ലോ അവര് . അവരുടെ സാധങ്ങളൊക്കെ സൂക്ഷിക്കാന്‍ അവര്‍ക്ക് അറിയാം .. അവള്‍ ഇടപെട്ടത് അന്നേരം അയാള്‍ ഓര്‍ത്തു .
ഇപ്പോള്‍ നാല് ചെറുപ്പക്കാര്‍ ആണ് അവര്‍ക്ക് അഭിമുഖമായി ഇരിക്കുന്നത് . ഒരറ്റത്ത് ഒരു മധ്യവയസ്ക്കന്‍ . അയാള്‍ തൃശൂരില്‍ നിന്നാണ് കേറിയത്‌ . അയാളുടെ സ്യൂട്ട് കേസ് തന്റേതു പോലെയാണല്ലോ എന്ന ദുഷ്ചിന്ത അയാളിലപ്പോള്‍ ഉടലെടുത്തു .
ത്ന്റെതിനു അടുത്തു തന്നെ കല്പിച്ചു കൂട്ടി അയാള്‍ പെട്ടി വെച്ചത് എന്തിനാവും ? അയാളുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു കള്ളാ ലക്ഷണം ഉണ്ട് . ഇപ്പോഴത്തെ കാലത്ത് ആരെയാണ് വിശ്വസിക്കുക ? ഏതെല്ലാം വിധത്തിലാണ് തട്ടിപ്പ് നടത്തുകയെന്ന് ഒരു നിശ്ചയവും ഇല്ല .
ആ പെട്ടിയില്‍ എന്താവും ? കുഴല്‍പ്പണമാകുമോ? അതോ മാരകായുധങ്ങ ളോ ? ഇനി വല്ല ബോംബോ മറ്റോ ആവുമോ? ഭീകര വാദികളുടേയും തീവ്രവാദികളുടേയും കാലമാണ് . എന്തെങ്കിലും അപായം മണത്താല്‍ പെട്ടെന്ന് പെട്ടി മാറ്റി അയാളെങ്ങാനും കടന്നു കളഞ്ഞാലോ ? കുടുങ്ങാനും ആഴിയെണ്ണാനും പിന്നെ അതുമതി . തന്റെ പെട്ടിയില്‍ നിന്ന് എന്തോ എടുക്കാനെന്ന ഭാവേന അയാള്‍ പെട്ടി തനിക്കരികിലേക്ക് കൂടുതല്‍ ചേര്‍ത്തു വെച്ചു .
ചെറുപ്പക്കാര്‍ മക്കളെയും ഭാര്യയേയും ശ്രദ്ധി ക്കുന്നുണ്ടെന്ന് അയാള്‍ കണ്ടു പിടിച്ചത് അപ്പോഴാണ്‌ . അവരൊക്കെ തങ്ങളുടെ വിലകൂടിയ മൊബൈലുകളില്‍ വ്യത്യസ്തങ്ങളായ നേരം പോക്കുകളില്‍ മുഴുകിയിരുപ്പാണ് . അവരുടെ കണ്ണുകള്‍ ഇടയ്ക്കിടെ മക്കളെയും ഭാര്യയെയും ഉഴിയുന്നുണ്ട് . മൈനയുടെ തട്ടം തോളിലേക്ക് ഊര്‍ന്നു വീണു കിടക്കുന്നു . ഈ കുട്ടിക്ക് ഒരു ശ്രദ്ധയുമില്ല .
ബ്ലൂട്ടൂത്തിന്റെയും ഒളി കാമറയുടെയും കാലമാണ് . ബാത്ത് റൂം പോലും ഇന്നത്തെ കാലത്ത് സുരക്ഷിതമല്ല . നാളെ തന്റെ മക്കളുടെയും ഭാര്യയുടെയും നഗ്ന ചിത്രങ്ങള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരി ക്കില്ലെന്ന് ആര് കണ്ടു ? തന്റെ ഗ്രാമത്തിലെ ഒരു പ്ലസ്‌ ടു ടീച്ചറുടെ അശ്ലീല ചിത്രങ്ങള്‍ ഇയ്യിടെ നെറ്റിലൂടെ ഒഴുകി നടക്കുന്നുണ്ട് എന്ന് ആരോ പറഞ്ഞത് അയാള്‍ അന്നേരം ഓര്‍ത്തു .
അയാള്‍ ഭാര്യയോടു സ്വകാര്യം പറഞ്ഞു :
'ആ ചെക്കന്മാരെ സൂക്ഷിക്കണം . അവരുടെ ഇരിപ്പും ഭാവവും കയ്യിലിരുപ്പും അത്ര ശരിയല്ല .. '
അവള്‍ അല്പം പുച്ഛം കലര്‍ന്ന ഭാഷയില്‍ അയാളോട് പറഞ്ഞു :
'നിങ്ങള്ക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ , അങ്ങനെ സംശയിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് ജീവിക്കാന്‍ പറ്റുമോ? എങ്ങോട്ടെങ്കിലും പോകാന്‍ പറ്റുമോ? നിങ്ങള്‍ ഓരോന്ന് ആലോചിച്ചു ഈ യാത്രയുടെ രസം കളയാതിരുന്നാല്‍ മതി ...'
അയാള്‍ അവളുടെ മുമ്പില്‍ വീണ്ടും ചെറുതായി .
മക്കളും ഭാര്യയും യാത്ര നന്നായി ആസ്വദിക്കുകയാണ് .
ഇപ്പോള്‍ ട്രെയിന്‍ കുതിച്ചു പായുന്നത് അയാളുടെ മനസ്സിലൂടെയാണ് . തുരങ്കങ്ങളും പാലങ്ങളും വയലുകളും കുന്നുകളും മേടുകളുമൊക്കെ കടന്ന് , അകം നിറയെ കനലെരിഞ്ഞ് , തീതുപ്പി , കുതിച്ച് ,
വല്ലാതെ കിതച്ച്‌ ..!!
▬▬▬▬▬▬▬
കഥ : പാളങ്ങള്‍
ഉസ്മാൻ ഇരിങ്ങാട്ടിരി

ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും

ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും മാത്രം താമസിക്കുന്ന ആ വീടിന്റെ മുറ്റത്ത് രാത്രികാലങ്ങളില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുക പതിവായിരുന്നു .
രാത്രി വളരെ വൈകി അവിടെ കാണാം .
അതി രാവിലെ കാണില്ല
നാട്ടിലെ പ്രധാനപ്പെട്ട ഒരു നാരദന്‍ ഇത് എങ്ങനെയോ മണത്തറിഞ്ഞു .
അവളുടെ അടുത്തേക്ക്‌ രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ ‘എല്ലാം കഴിഞ്ഞ് ‘ കുളിച്ചു കുട്ടപ്പനായി 'അവന്‍ ' തിരിച്ചു പോകുന്നു .!! അയാള്‍ കണ്ടു പിടിച്ചു !! പറഞ്ഞു പരത്തി
കഥ നാടാകെ പരന്നു . വിശേഷം വിദേശത്തും എത്തി . ഭര്‍ത്താവിന്റെ പല സുഹൃത്തുക്കളും അറിഞ്ഞു . ഏറ്റവും ഒടുവിലാണ് ഭര്‍ത്താവിന്റെ ചെവിയിലെത്തിയത് .
സാധാരണ ഗതിയില്‍ ഇത്തരം അപവാദ കഥകള്‍ ആദ്യം അറിയേണ്ടവര്‍ അതറിയുക നാട് മുഴുവന്‍ അറിഞ്ഞ ശേഷം ഏറ്റവും അവസാനം ആയിരിക്കും .
ഭാഗ്യത്തിന് ആ ഭര്‍ത്താവ് ഒരു മന്തനായിരുന്നില്ല . അയാള്‍ക്ക്‌
വിദ്യാഭ്യാസമുണ്ട് . ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല .
ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല .
വിഷയം ഒന്ന് പഠിക്കാന്‍ നാട്ടിലുള്ള തന്റെ ആത്മ സുഹൃത്തിനെ ചുമതലപ്പെടുത്തി . നാട്ടിലും മറുനാട്ടിലും നടക്കുന്ന ഈ പുകിലൊന്നും ആ പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല .
അധികം വൈകാതെ സുഹൃത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു .
അതിങ്ങനെയായിരുന്നു .
അവന്‍ , ബൈക്കുകാരന്‍ അതിരാവിലെ പുറപ്പെട്ട് രാത്രിയില്‍ തിരിച്ചെത്തുന്ന ഒരു ദീര്‍ഘ ദൂര ബസ്സിലെ കണ്ടക്റ്റര്‍ ആണ് .
ബസ്സ് തൊട്ടടുത്ത നഗരത്തില്‍ ഹാള്‍ട്ട് ആക്കി രാത്രി തന്റെ വീട്ടിലേക്കു വരുന്നതും അതി രാവിലെ തിരിച്ചു പോകുന്നതും ബൈക്കിലാണ് .
അവന്റെ വീട്ടിലേക്ക് വയലുകളും ഊട് വഴികളും കടന്നു കുറച്ചു ഉള്ളോട്ട് പോകണം . രാത്രിയില്‍ ബൈക്ക് ആ വീടിന്റെ മുറ്റത്ത് ഒരരികില്‍ നിര്‍ത്തിയിടും .
വരാനും കാത്തിരിക്കാനും ആരുമില്ലാത്തത് കൊണ്ട് മൂന്നു കുട്ടികളും അവളും നേരത്തെ ഉറങ്ങും . അവര്‍ ഉറങ്ങിയിട്ടാണ് അവന്‍ വരിക . അവരുണരും മുന്‍പേ അവന്‍ ബൈക്കെടുത്ത് പോവുകയും ചെയ്യും . സത്യം അതായിരുന്നു .
പ്രത്യുല്പ്പ ന്നമതിയും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു ഭര്‍ത്താവ് ആയതു കൊണ്ടാണ് ഈ കഥാന്ത്യം ഇങ്ങനെ ആയത് .
അപവാദ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നും
ഇല്ല . അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .
പക്ഷേ 'കേട്ടീമേ കേട്ട' കഥകളില്‍ കുറെയേറെ , കാര്യം എന്തെന്നറിയാതെ കെട്ടിച്ചമക്കുന്നവയാണ് . അത്തരം കഥകള്‍ പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും വല്ലാത്ത ഒരു ആവേശമാണ് . ആര്‍ക്കു കിട്ടിയാലും അത് ആഘോഷിക്കും . അവ പരത്താനും സംപ്രേക്ഷണം ചെയ്യാനും ആയിരം പേരുണ്ടാവും .
കഥാ നായിക പ്രവാസി ഭാര്യ കൂടി ആണെങ്കില്‍ ആവേശം ഒന്നു കൂടി കൂടും .
എന്നാല്‍ സത്യം വെളിച്ചത്തു വരുമ്പോഴാവട്ടെ എല്ലാവരുടെയും നാവിറങ്ങിപ്പോവും . അന്നേരം അവരൊക്കെ മൌനം പാലിച്ചു വിദ്വാന്മാര്‍ ആവും .
അല്ലെങ്കിലും പരത്തുന്നതിനു കിട്ടുന്ന സുഖം തിരുത്തുന്നതിന് കിട്ടില്ലല്ലോ .
കൊതുകുകള്‍ ആവാതെ
കുതുകികള്‍ ആവുക !!!
- ഉസ്മാൻ ഇരിങ്ങാട്ടിരി
OO

സിസ്റ്റർ ആലീസ്!

സിസ്റ്റർ ആലീസ്!
ബോര്‍ഡിംഗ് പാസ്സ് കിട്ടി വിമാനം കാത്തിരിക്കുമ്പോഴാണ് ആ വിവരം അറിയുന്നത് . സാങ്കേതിക തകരാറു കാരണം ഇന്ന് പോകേണ്ട വിമാനം നാളെ രാവിലെയേ പുറപ്പെടൂ . എല്ലാ യാത്രക്കാരും അതറിഞ്ഞു ക്ഷുഭിതരായി . പലരും ബഹളം വെക്കുന്നു .
കൂട്ടത്തില്‍ എന്റെ മുഖാമുഖം ഇരുന്ന അദ്ദേഹം ഒരു വികാര പ്രകടനത്തിനും മുതിരാതെ ശാന്തനായി ഇരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു .
ഒരു മധ്യ വയസ്ക്കനാണ് . എനിക്ക് അദ്ദേഹത്തിനോട് വല്ലാത്ത മതിപ്പ് തോന്നി . ഒന്ന് പരിചയപ്പെടാം എന്ന് വിചാരിച്ചു .
ഞാന്‍ അയാളുടെ അടുത്തേക്ക്‌ ചെന്ന് അദ്ദേഹത്തിന്‍റെ തൊട്ടരികിലുള്ള കസേരയില്‍
ഇരുന്നു . . സലാം പറഞ്ഞപ്പോള്‍ അയാള്‍ സലാം മടക്കിയിട്ടു പറഞ്ഞു : 'ഒച്ചേം ബിളീം ണ്ടാക്കീട്ട് വല്ല കാര്യോംണ്ടോ . ഇതിപ്പോ ബിമാനം പൊങ്ങീ ട്ട് ആണെങ്കിലോ ?
പടച്ചോന്‍ കാത്തതല്ലേ ഞമ്മളെ ?
അയാളുടെ ആ ചിന്ത എനിക്കും വല്ലാതെ ഇഷ്ടമായി . കൂട്ടത്തില്‍ ഇങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരാളും ഉണ്ടല്ലോ .
ഒടുവില്‍ യാത്രക്കാരായ ഞങ്ങളെ ഒരു ലോഡ്ജിലേക്ക് കൊണ്ട്
പോയി . എനിക്കും അദ്ദേഹത്തിനും ഒരേ റൂം ആണ് കിട്ടിയത് .
ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങള്‍ സംസാരിച്ചിരിക്കേ അദ്ദേഹം ഒരു പാട് വര്‍ഷം മുമ്പത്തെ ഒരു കഥ പറഞ്ഞു തുടങ്ങി .
ചെറുപ്പത്തിലെ നാട് വിട്ടു പോയി . ഇന്ത്യയിലെ പല ഇടങ്ങളിലും കറങ്ങി . ജോലി നോക്കി . ഹോട്ടലില്‍ പാത്രം മോറലായിരുന്നു പണി . പിന്നെ പാചകമൊക്കെ പഠിച്ചു . അന്ന് പഠിച്ച ആ പണി കൊണ്ടാണ് ഇന്ന് ജീവിച്ചു പോകുന്നത് . അപ്പോഴാണ്‌ അദ്ദേഹം ഇവിടെ ഒരു കുക്ക് ആയി ജോലി നോക്കുകയാണ് എന്ന്
മനസ്സിലായത് .
ആദ്യമായി നാട് വിട്ടു ചെന്നിറങ്ങിയത് ബോംബെയിലാ . അന്ന് ഞമ്മളെ ഇന്ദിരാ ഗാന്ധിയാ പ്രധാന മന്ത്രി . സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധിത കുടുംബാസൂത്രണം ഒക്കെ കത്തി നിക്കുണ കാലം ..
ജോലി അന്വേഷിച്ചിട്ട് ഒന്നും കിട്ടീല . ഭാസീം അറീല . ഞാനാണെ ങ്കിലോ ഒരു ചെറുക്കന്‍ . ആര് എന്ത് പണി തരാന്‍ ? കയ്യിലുണ്ടായിരുന്ന കായീം കയിഞ്ഞു . പൈപ്പ് വെള്ളോം കുടിച്ചു ആകെ എടങ്ങേറായി കജ്ജുണ കാലം .
ഒരു ദിവസം ഞാനങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോ ഒരു ക്യൂ കണ്ടു . ഒരു ആസുപത്രിക്ക് മുമ്പിലാ . ക്യൂവിലെ എല്ലാരും ആണുങ്ങളാ .. ഞാന്‍ അതിലെ ഒരാളോട് ആംഗ്യം കാട്ടി ചോദിച്ചു . എന്താ ഇവിടെ ?
അപ്പൊ ആ ക്യൂ വിലുള്ള ഒരാള്‍ പറഞ്ഞത് , മുഴുവനും എനിക്ക് തിരിഞ്ഞില്ല . ഇത്രേം മനസ്സിലായി . ഈ ക്യൂവില്‍ നിന്നാല്‍ ഇരുന്നൂര്‍ ഉറുപ്പിക കിട്ടും . അത് കേട്ടപ്പോ ഇച്ചു ബയങ്കര സന്തോസായി . ഞാനും ക്യൂ നിന്നു . അന്ന് ഇരുന്നൂറൊക്കെ വലിയ സംഖ്യേണ് .
ഇനിക്ക് തോന്നുണൂ ആ ക്യൂവില്‍ നിന്ന ആളുകളില്‍ പ്രായം കുറഞ്ഞ ഒരു ചെക്കന്‍ ഞാനേ ണ്ടായിരുന്നുള്ളൂ ..
ക്യൂ തുടങ്ങുന്നോട്ത്ത് രണ്ട് സിസ്റ്റര്‍മാര്‍ ഇരിക്കുന്നുണ്ട്‌ .അതിലെ ഒരാള്‍ എന്നെ തന്നെ തറപ്പിച്ചു നോക്കുന്നത് ഞാന്‍ കണ്ടു . ഇബളെന്തിനാ ഞ്ഞെ ങ്ങനെ തുറിപ്പിച്ചു നോക്കുണൂ എന്ന് ഞാനാലോചിച്ചു .
കുറച്ചു കൂടി കയിഞ്ഞപ്പോ ആ നഴ്സ് എന്നെ മാടി വിളിച്ചു . ഞാന്‍ വിചാരിച്ചു എന്നെ ആവൂലാ . പക്ഷേ പിന്നെയും എന്നെ തന്നെ സൂക്ഷിച്ചു നോക്കിയിട്ട് അവര്‍ മാടി വിളിക്കുന്നു
അപ്പോള്‍ ഞാന്‍ എന്റെ തൊട്ടു മുമ്പിലും പിന്നിലും നില്‍ക്കുന്ന ആളുകളോട് 'ഇപ്പൊ വരാം 'എന്നും ആംഗ്യം കാണിച്ചു ആ സിസ്റ്ററുടെ അടുത്തേക്ക്‌ ചെന്നു . അവര്‍ എന്നോട് ഇങ്ങനെ ആംഗ്യം കാണിച്ചു എന്റെ കൂടെ വരൂ എന്നായിരുന്നു ആ ആംഗ്യത്തിന്റെ അര്‍ത്ഥം .
ഞാന്‍ ഒന്നും തിരിയാതെ ഓളെ പിന്നാലെ നടന്നു . ആളും മനുസനും ഒന്നും ഇല്ലാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അവള്‍ തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി നോക്കി .
എന്നിട്ട് എന്റെ മുഖത്ത് ഒരൊറ്റ അടി !
എന്റെ കണ്ണില്‍ നിന്ന് പൊന്നീച്ച പാറി !!
എനിക്ക് ഒന്നും മനസ്സിലായില്ല . ഞാന്‍ അന്തം വിട്ടു നിക്കുമ്പോ സിസ്റ്റര്‍ ഞ്ഞോട് ചോയിച്ചു .
ആ ക്യൂ എന്തിനുള്ളതാണ് എന്ന് നിനക്ക് അറിയുമോ ?
ആ ചോദ്യം എനിക്ക് നന്നായി മനസ്സിലായി .
കാരണം മറ്റൊന്നും അല്ല . അത് മലയാളത്തിലായിരുന്നു .
സിസ്റ്റര്‍ ഒരു മലയാളി ആണെന്ന് അപ്പോഴാണ്‌ എനിക്ക് തിരിഞ്ഞത് .
ഞാന്‍ പറഞ്ഞു . അറിയില്ല . പിന്നെ എന്തിനാ അറിയാത്ത കാര്യത്തിന് അവിടെ നിന്നത് ?
ഇരുനൂര്‍ ഉറുപ്പിക കിട്ടും എന്ന് പറഞ്ഞു . എന്റെ കാര്യം മഹാ മോസാണ് സിസ്റ്ററെ ഞാന്‍ ഒരു വിധം കാര്യങ്ങളൊക്കെ പറഞ്ഞൊപ്പിച്ചു .
അപ്പോള്‍ അവരുടെ വെളുത്ത കുപ്പയത്തിനെ കീശീന്നു ഇരുനൂര്‍ ഉറുപ്പിക എടുത്തു തന്നിട്ട് പറഞ്ഞു . ഇന്നാ ഇത് വെച്ചോ , മേലാല്‍ ഇത്തരം പണിക്കു നില്‍ക്കരുത് .
എന്റെ ഒരു പെങ്ങളാണ് ആ പറയുന്നത് എന്ന് എനിക്ക് തോന്നി . മുഖത്തേറ്റ അടിയുടെ വേദന പോയി അവിടെ വല്ലാത്ത ഒരു കുളിര് ണ്ടായി .
ഞാന്‍ പോരാന്‍ നേരം സിസ്റ്റര്‍ പറഞ്ഞു . അത് കുടുംബാസൂത്രണം ചെയ്യാനുള്ള ക്യൂ ആണ് . അത് ചെയ്‌താല്‍ പിന്നെ ജീവിതത്തില്‍ കുട്ടികളുണ്ടാവൂല ..
ആ സിസ്റ്റര്‍ ക്ക് നന്ദി പറഞ്ഞു തിരിച്ചു പോരുമ്പോള്‍
അവരെന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു .
പിന്നെയും കുറെ കാലം ഞാന്‍ ബോംബെയില്‍ കറങ്ങി .
കൊറേ ഹോട്ടലുകളിലും പണി എടുത്തു . അവസാനം നാട്ടിലേക്ക് വണ്ടി കേറും മുമ്പ് ഞാന്‍ ആ സിസ്റ്ററെ കാണാന്‍ ചെന്നു . അവര്‍ നാട്ടില്‍ കോട്ടയത്ത് ആണെന്നും പേര് ആലീസ് ആണെന്നും അവരുടെ ഗ്രാമത്തിന്റെ പേരും ഒക്കെ പറഞ്ഞു തന്നു .
നാട്ടിലെത്തി കല്യാണം ഒക്കെ കഴിഞ്ഞാണ് സൌദിയിലേക്ക് പലരും ഉംറ വിസക്ക് പോകുന്നുണ്ടെന്നും പണ്ടാരിപ്പണിക്ക് അവിടെ നല്ല സ്കോപ് ഉണ്ടെന്നും അറിഞ്ഞത് . അങ്ങനെയാണ് ഉമ്രവിസക്ക് വന്നത് .
അപ്പോഴേക്കും എന്റെ ഭാര്യ ഗര്‍ഭിണി ആയിരുന്നു . അടുത്ത വെക്കേഷന് നാട്ടില്‍ ചെല്ലുമ്പോള്‍ അവരുടെ വീട്ടില്‍ ചെല്ലണം എന്നും കുട്ടിയെയും ഭാര്യയേയും അവര്‍ക്ക് കൂടി കാണിക്കണമെന്നും ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു ..
അങ്ങനെയാണ് ഞാനും ഭാര്യയും കുട്ടിയും കൂടി കോട്ടയത്ത്‌ ചെല്ലുന്നത് അവര്‍ പെന്‍ഷന്‍ ആയിക്കാണും എന്നും കാണാന്‍ പറ്റും എന്നും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു .
അങ്ങനെ അന്വേഷിച്ചു ചെന്നു . കുറെ അന്വേഷങ്ങള്‍ക്കൊടുവിലാണ് അവരുടെ വീട് കണ്ടെത്തിയത് .. ചെന്ന് വാതില്‍ മുട്ടിയപ്പോള്‍ ഒരു സ്ത്രീ ഇറങ്ങി വന്നു . ഞാന്‍ ചോദിച്ചു . ആലീസ് സിസ്റ്റര്‍ അല്ലെ ?
അതെ .. ആരാ ?
ഞാന്‍ പറഞ്ഞു . 'മോന്തക്ക് ഒരു അടിയും ഇരുനൂറു ഉറുപ്പികയും' !!
അപ്പോള്‍ അവരുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം ഉണ്ടായി .
ഞാന്‍ മോനെ അവരെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു .
ഇവന്‍ നിങ്ങളുടെ കാരുണ്യം കാരണം എനിക്ക് കിട്ടിയ മോനാണ് ..
അവരവനെ സ്വന്തം മോനെ കൊഞ്ചിക്കും പോലെ കൊഞ്ചിച്ചു
ഉമ്മ വെച്ചു .
ഏറെ നേരം സംസാരിച്ചു കാപ്പിയൊക്കെ കുടിച്ചു പോരാന്‍ നേരം ഞാന്‍
അവരോടു ചോദിച്ചു . എവിടെ മക്കളൊക്കെ ?
അത് കേട്ടു അവരുടെ മുഖം വാടി . കണ്ണുകള്‍ നിറഞ്ഞു .
കൂടുതല്‍ ഒന്നും ചോദിക്കാതെ ഞങ്ങള്‍ അവിടെ നിന്നിറങ്ങി
അവര്‍ ഞങ്ങള്‍ മറയുന്നത് വരെ ഞങ്ങളെയും നോക്കി നില്‍ക്കുകയായിരുന്നു
വാതില്‍ക്കല്‍ ..!

usman

ഭാര്യയും ഭര്‍ത്താവും തമ്മില്‍

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം നടക്കുകയാണ്.
പറയാന്‍ പാടില്ലാത്തതും മറക്കാന്‍ പറ്റാത്തതുമൊക്കെ വിളിച്ചു പറഞ്ഞിട്ടൊടുവില്‍ ഭാര്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു:
''നിങ്ങളോടൊപ്പം ഇനി എനിക്ക് വയ്യ.
ഞാന്‍ എന്റെ വീട്ടിലേക്കു പോകുകയാ... എന്റെ തല വിധി ..
എത്ര നല്ല അന്വേഷണങ്ങള്‍ വന്നതാ..''
മൂക്കൊലിപ്പിച്ചും തേങ്ങിക്കരഞ്ഞും അവള്‍ തന്റെ കീറിയ ബാഗിലേക്ക് സാരിയുംu മാക്സിയുമൊക്കെ വാരിവലിച്ചു വെക്കുകയാണ്.
പുറത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ പത്രംവായിച്ചിരിപ്പാണ് അയാള്‍ .
ഒന്നും മിണ്ടുന്നില്ല.
അവസാനം അവള്‍ ബാഗും തോളിലിട്ട്‌ ഇറങ്ങി.
ഇടയ്ക്കിടെ അവള്‍ അയാളെ തിരിഞ്ഞു നോക്കുന്നുണ്ട്.
ഇപ്പോള്‍ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയിലാണ് നോട്ടം !
അയാള്‍ക്കുണ്ടോ വല്ല കുലുക്കവും?
അയാള്‍ കൂടുതല്‍ സീരിയസായി പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്..
ഒടുവില്‍ സഹികെട്ട് അവള്‍ പറഞ്ഞു : .
'ങ്ങള് വിളിക്ക് ണ് ണ്ടങ്കി അങ്ങട് വിളിക്യാ .. അല്ലെങ്കി ഞാനങ്ങ്ട് കേറി വരും..'
ഇത് കേട്ടപ്പോള്‍ അയാള്‍ക്ക്‌ ചിരി പൊട്ടി ..
'ന്നാ ന്റെ മോള് ങ്ങട് പോര്..'! 🙂
Usman Iringattiri

പ്രവാസിയായി ജിദ്ദയില്‍ എത്തിയിട്ട്........

പ്രവാസിയായി ജിദ്ദയില്‍ എത്തിയിട്ട് കഷ്ടി ഒരാഴ്ചയെ
ആയിട്ടുള്ളൂ . ഏഴാമത്തെ ദിവസം , നാട്ടില്‍ നിന്ന് പെട്ടെന്നുള്ള ഒരു വിളി വന്നു . 'പി.എസ്.സി.യില്‍ നിന്നും അഡ്വൈസ് മെമ്മോ വന്നിരിക്കുന്നു . കഴിവതും വേഗം വന്നു ജോയിന്റ് ചെയ്യണം ..'
ഇത്തരം ഒരു ഘട്ടത്തില്‍ ഏതൊരാളും വല്ലാതെ സന്തോഷിക്കും . നമ്മുടെ നാട്ടിലെ ഓരോ തൊഴിലന്വേഷകന്റെയും എക്കാലത്തെയും സ്വപ്നം ആണല്ലോ ഒരു സര്‍ക്കാര്‍ ജോലി . പക്ഷേ എനിക്ക്
വല്ലാത്ത ഒരു അങ്കലാപ്പാണ് ഉണ്ടായത് .
ഏകദേശം രണ്ടു ലക്ഷത്തോളം ‘സ്വാഹ ‘ ആക്കിയിട്ടാണ് ഇവിടെ വന്നണഞ്ഞി രിക്കുന്നത് . വിസക്ക് പണം കൊടുത്തിട്ട് തന്നെ കാലം കുറെ ആയി . ഏജന്റിന്റെ കളിപ്പിക്കലും കുഴപ്പിക്കലും കാരണം നീണ്ടു പോവുകയായിരുന്നു . ഇന്ന് ശരിയാകും നാളെ പോകാനാവും എന്നൊക്കെ വിചാരിച്ചു പോകലും വിളിക്കലുമായി മാസങ്ങള്‍ ഒരു പാട് കഴിഞ്ഞിട്ടാണ് കാര്യം നടന്നത് . ഇതിനിടയില്‍ പി.എസ്.സി യുടെ ഒന്ന് രണ്ടു എഴുത്ത് പരീക്ഷ കഴിഞ്ഞിരുന്നു . ഇന്റര്‍ വ്യൂ വും . നിയമനം കിട്ടിയാല്‍ ഭാഗ്യം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വിസ ശരിയാവുന്നതും രണ്ടും കല്‍പിച്ചു വിമാനം കേറുന്നതും .
സര്‍ ക്കാര്‍ ജോലിയാണ് . അതെങ്ങാനും നഷ്ടപ്പെട്ടാല്‍ പിന്നെ ഖേദിച്ചിട്ട്‌ കാര്യമുണ്ടാവില്ല . എത്രയേറെ പ്രയാസപ്പെട്ടിട്ടും പ്രാര്‍ ഥിച്ചിട്ടും ആണ് ഓരോരുത്തര്‍ക്ക് ഈ സൌഭാഗ്യം വന്നണയുന്നത് . ഈ ഭാഗ്യ ലക്ഷ്മി യെ തട്ടിത്തെറിപ്പിച്ചാല്‍ ആ സങ്കടം ജീവിത കാലം മുഴുവനും ഉണ്ടാകും .
സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ അഭിപ്രായം പറഞ്ഞു .
'ഇത്' കളഞ്ഞാലും 'അത്' കളയേണ്ട എന്ന് മറ്റു ചിലരും ..
ഇവിടുത്തെ കാര്യമൊക്കെ മോശമായി വരികയാണ് . സൗദി വത്ക്കരണം വരാനിരിക്കുന്നു . പലര്‍ക്കും ജോലി നഷ്ടമാകും . എന്ന് മറ്റു ചിലര്‍ . ഏതായാലും പെട്ടെന്നൊരു തിരിച്ചു പോക്കിന് സാധിക്കുമോ , റീ എന്ട്രി കിട്ടുമോ , സാമ്പത്തികാവസ്ഥ അനുവദിക്കുമോ തുടങ്ങി നൂറു കൂട്ടം ആശങ്കകള്‍ ആയിരുന്നു എന്റെ മനസ്സില്‍ .
കൂട്ടിയും ഗുണിച്ചും ഹരിച്ചും കിഴിച്ചും ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു .
എന്തോ ഭാഗ്യത്തിന് മലയാളി ഏജന്റിന്റെ കയ്യും കാലും പിടിച്ചതു കൊണ്ട് അയാള്‍ എനിക്ക് ആറുമാസത്തെ റീ എന്ട്രി അടിച്ചു തന്നു .
അവസരം നന്നായി മുതലെടുക്കാന്‍ മിടുക്കനായ അദ്ദേഹം
സര്‍ ക്കാര്‍ ജോലി കിട്ടി നാട്ടിലേക്ക് പോകുന്നവന്‍ എന്ന 'ശറഫാക്കപ്പെട്ട 'ലേബലില്‍ 'ശറഫിയ്യയില്‍' വെച്ച് എന്നെ നന്നായി പിഴിയുകയും ചെയ്തു .
അങ്ങനെ ആറു മാസത്തെ റീ എന്ട്രി ക്ക് , വന്നിറങ്ങിയതിന്റെ ഹാങ്ങോവര്‍ വിട്ടു മാറും മുമ്പ് നാട്ടിലേക്ക് .
വീട്ടിലെത്തി അഡ്വൈസ് മെമ്മോ നോക്കുമ്പോള്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ജി എല്‍ പി സ്ക്കൂള്‍ തിരുത്തിയിലാണ് നിയമനം ലഭിച്ചിരിക്കുന്നത് . വളാഞ്ചേരി മര്‍ക്കസ് ഹൈസ്കൂളില്‍ ദീര്‍ഘ കാലം ജോലി ചെയ്ത തു കൊണ്ട് തിരൂര്‍ ഭാഗങ്ങളിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളും ഒരു പരിധി വരെ അറിയാമായിരുന്നു . പക്ഷേ തിരുത്തി എവിടെയാണ് എന്ന് ഒരു പിടിയുമില്ല . ഞാനും മരുമകന്‍ അബ്ദുള്ള മാഷും സ്കൂള്‍ അന്വേഷിച്ചു കണ്ടു പിടിക്കുമ്പോള്‍ സമയം വൈകുന്നേരം മൂന്നു മണിയോടടുക്കുന്നു .
ഭാഗ്യത്തിന് ഞങ്ങള്‍ ചെല്ലുമ്പോള്‍ പ്രധാനാധ്യാപിക ഹാജരുണ്ട് . ശ്രീമതി കൊച്ചുട്ടി ടീച്ചര്‍ . പിന്നെ നെയ്യാറ്റിന്‍കരക്കാരി വിജി , കുന്ദംകുളം കാരി ഷീല , വളാഞ്ചേരിക്കാരി ബീന തുടങ്ങി മൂന്നു ടീച്ചര്‍ മാര്‍ വേറെയും . എന്റെ കണ്ണുകള്‍ അപ്പോള്‍ ഒരു ആണ്‍ തരിയെ പരതി. കണ്ടെത്തിയില്ലെന്നു മാത്രമല്ല ആകെയുള്ള ഒരു പ്യൂണും വനിതയായിരുന്നു . ലത !
അഞ്ചു സ്ത്രീ രത്നങ്ങള്‍ക്കിടയിലെ ഏക ആണ്‍ തരിയാണ് ഞാനെന്നും ഇവിടെ അധികവും അധ്യാപികമാരാണ് നിയമനം കിട്ടി വന്നിരിക്കുന്നത് എന്നുമൊക്കെയുള്ള വിശദമായ ഹിസ്റ്ററി പിന്നെയാണ് അറിയുന്നത് . ഏതായാലും റീ എന്ട്രിയുടെ കാലാവധി തീരും മുമ്പ് അഞ്ചു വര്‍ഷത്തെ ലീവെടുത്ത് സൌദിയിലേക്ക് തിരിച്ചു പറക്കണം . അത് വരെ ഇവര്‍ക്കിടയിലെ ഏക 'പുരുഷ കേസരി’യായി വിലസണം . ഞാന്‍ ഉള്ളില്‍ പറഞ്ഞു !
ഹെഡ് മിസ്ട്രസ്സ് ന്റെ ഓഫീസും സ്റ്റാഫ് റൂമും ഒക്കെ ഒന്നിച്ചു തന്നെ . ഇന്റര്‍ വെല്ലിനു ചായകുടിക്കുന്നതും , ഉച്ചയൂണും ഒക്കെ അവിടെ വെച്ചാണ് . വിജി ടീച്ചറുടെ മെഴുക്കു പുരട്ടിയും , ഷീല ടീച്ചര്‍ കൊണ്ടു വരുന്ന അവിയലും ബീന ടീച്ചറുടെ കണ്ണി മാങ്ങ ഉപ്പിലിട്ടതും ഒക്കെയായി ഒരു പാട് പെങ്ങന്‍മാര്‍ക്കിടയിലെ ഏക ‘ആങ്ങള ‘ യായി മൂന്നു നാല് മാസം എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയത് എന്ന് ഒരു നിശ്ചയവും ഇല്ല .
ആയിടക്കാണ് റമദാന്‍ വരുന്നത് . റമദാന്‍ ഒന്നിന് ഞാന്‍ സ്കൂളിലേക്ക് ചെല്ലുമ്പോള്‍ ഒരേ ഒരു നോമ്പുകാരനെ ആ സ്കൂളില്‍ ഉള്ളൂ . അന്നും ഉച്ചക്കഞ്ഞിയും പയറും ഒക്കെയുണ്ട് . മുസ്ലിം കുട്ടികളും ഉണ്ട് സ്കൂളില്‍ എങ്കിലും എല്ലാവരും കൊച്ചു മക്കള്‍ ആയതു കൊണ്ട് അവര്‍ക്ക് ആര്‍ക്കും നോമ്പുണ്ടാകാന്‍ വഴിയില്ല . .
സാധാരണ പോലെ അടുത്തുള്ള പള്ളിയില്‍ പോയി ളുഹ്ര്‍ നിസ്ക്കരിച്ച്‌ തിരിച്ചു വരുമ്പോള്‍ ടീച്ചര്‍മാര്‍ എന്നെയും കാത്തിരിക്കുകയാണ് . ഉണ്ണാന്‍ .
എനിക്ക് നോമ്പാണെന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നില്ല .
‘അയ്യോ മാഷ്‌ നോമ്പെടുക്കുമോ ? ‘ വിജിക്ക് അത്ഭുതം .
ഉവ്വ് , എന്തേ ? ‘മുമ്പ് ഒരു മാഷ്‌ ഉണ്ടായിരുന്നു . അയാള്‍ നോമ്പ് കാലത്തും ഉച്ചയ്ക്ക് ചോറൊക്കെ കൊണ്ട് വരുമായിരുന്നു .. ‘
ടീച്ചര്‍മാര്‍ നോമ്പിനെക്കുറിച്ചു വിശദമായി ചോദിച്ചു .
എങ്ങനെയാണ് മാഷേ പത്തും പതിമൂന്നും മണിക്കൂര്‍ ഒക്കെ വെള്ളം പോലും കുടിക്കാതെ ?
അതൊക്കെ വെറും സിമ്പിള്‍ അല്ലെ ? മാനസികമായി ഒരു തയ്യാറെടുപ്പ് നടത്തിയാല്‍ എന്തും നമുക്ക് സാധിക്കും .
നോമ്പ് മാനവികതയുടെ പ്രതീകമാണ് . ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ കഴിയുന്ന പാവങ്ങളുടെ വിശപ്പിന്റെ വേദന അറിയാനുള്ള ഒരു മാര്‍ഗം. അത് വഴി പാവങ്ങളെ സഹായിക്കാന്‍ ഉള്ള മനസ്ഥിതി ഉണ്ടാക്കിയെടുക്കുന്ന ആരാധന . പതിനൊന്നു മാസം വേണ്ടതും വേണ്ടാത്തതും വാരി വലിച്ചു തിന്നുന്നതല്ലേ ? അപ്പോള്‍ ഒരു മാസം പകല്‍ മുഴുവനും റസ്റ്റ്‌ . നോമ്പ് മാനസികമായി മാത്രമല്ല ശാരീരികമായും ഒരു പാട് ഗുണങ്ങള്‍ പ്രദാനം ചെയ്യും .
ഞാന്‍ ഒരു അധിക പ്രസംഗം തന്നെയങ്ങ് നടത്തി !
ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ഞങ്ങള്‍ എല്ലാവരും ഇന്‍റര്‍ വെല്ലിനു സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോള്‍ ഷീല ടീച്ചര്‍ എടുത്തടിച്ച പോലെ പറഞ്ഞു : ‘ നാളെ മാഷോട് ഐക്യം പ്രകടിപ്പിച്ചു കൊണ്ട് നമുക്കും നോമ്പ് എടുത്താലോ ? നാളെ ആരും ചോറ് കൊണ്ടുവരേണ്ട . എന്ത് പറയുന്നു ?
വിജിക്കും ആ ആശയം കൊള്ളാമെന്നു തോന്നി . ഓകെ . നാളെ തിരുത്തി സ്കൂളിന്റെ ചരിത്രം തിരുത്തി ക്കുറിക്കാന്‍ പോകുന്നു . ബീനയും ലതയും ഒക്കെ കൂടെക്കൂടി .
ഞാനത് വെറും ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ .
പിറ്റേന്ന് ഇന്റര്‍ വെല്‍ സമയത്ത് ചായ വന്നു കാണാത്തത് കൊണ്ട് ഞാന്‍ ലതയോട് ചോദിച്ചു . ഇന്നെന്താ ചായ കൊണ്ടു വരുന്നില്ലേ ?
‘ഇല്ല , മാഷ്‌ അറിഞ്ഞില്ലേ , ഇന്ന് ഞങ്ങള്ക്കും നോമ്പാണ്‌ ‘!
ഞാന്‍ ഒന്ന് ഞെട്ടി . കളി കാര്യമായോ ?
സമയം രണ്ടു മണിയോടടുത്തു .. ഷീല വാട്ടിയ വാഴയില പോലെ ഉഷാറില്ലാതെ താടിക്ക് കയ്യും കൊടുത്തിരിക്കുന്നു . വിജി ഇടയ്ക്കിടെ കോട്ടുവാ ഇടുന്നു . ബീന തല ഡസ്ക്കില്‍ വെച്ച് കിടക്കുന്നു .
ടീച്ചര്‍മാരുടെ നിയന്ത്രണം വിടുന്നുണ്ടെന്നും നോമ്പ് പൂര്‍ത്തി യാക്കാന്‍ അവര്‍ക്ക് നന്നെ പ്രയാസപ്പെടേണ്ടി വരുമെന്നും എനിക്ക് ബോധ്യപ്പെട്ടു .
ഞങ്ങള്‍ കുട്ടികള്‍ ആയിരുന്ന കാലത്ത് നോമ്പെടുക്കു മ്പോള്‍ ഉമ്മ പറഞ്ഞിരുന്ന പോലെ പകുതി നോമ്പായി . ഇനി ബാക്കി പകുതി പിന്നെ ഒരിക്കലാക്കാം '. എന്നും പറഞ്ഞു ഞാന്‍ ലതയോട് പീടികയില്‍ എന്താണ് ഉള്ളത് എങ്കില്‍ വാങ്ങി വരാന്‍ ആവശ്യപ്പെട്ടു . അതിനു വേണ്ട കാശും കൊടുത്തു . ഏറെ കൌതുകമുള്ള ഈ നോമ്പ് തുറ എന്റെ വകയാവട്ടെ എന്ന് കരുതി ..
അതു കേട്ടിട്ടും ആരും എതിരൊന്നും പറയുന്നില്ല .
ലത അങ്ങനെയൊരു വാക്കിനു കാത്തു നില്ക്കും പോലെ പീടികയിലേക്കോടി . നേന്ത്ര പ്പഴവും ബ്രഡും ലൈം ജ്യൂസും ബിസ്ക്കറ്റുമൊക്കെയായി ലത വന്നു .
ഞാന്‍ വിഭവ സമൃദ്ധമായ ഒരു മധ്യാഹ്ന ഇഫ്താറിന് സാക്ഷ്യം വഹിച്ചു കൊണ്ട് കിട്ടിയതൊക്കെ ആര്‍ത്തിയോടെ തിന്നുന്ന ടീച്ചര്‍മാരെ കൌതുക പൂര്‍വം നോക്കി നിന്നു .
- ഉസ്മാന്‍ ഇരിങ്ങാട്ടിരി
* ആദ്യത്തെ കമന്റ് കൂടി കാണുക *

നല്ല എഴുത്തും നല്ല വായനയും നല്ല പ്രതികരണങ്ങളും

എഴുതാനും വായിക്കാനും മാത്രം ഫേസ് ബുക്ക് ഉപയോഗിക്കുന്ന കുറെ ആളുകളുണ്ട് ഇവിടെ . അത്തരം സുഹൃത്തുക്കള്‍ ശ്രദ്ധിച്ചാല്‍ നന്നാവും എന്ന് തോന്നിയ ചില തോന്നലുകള്‍ ആണ് ഈ പോസ്റ്റ്‌ . ആദ്യമായി എന്നോട് . പിന്നെ മാത്രം നിങ്ങളോട് !!
എന്തും എഴുതാം എന്ന വലിയ ഒരു സൗകര്യം ആണ് ഫേസ് ബുക്ക് നമുക്ക് തുറന്നു തന്നത് . എന്ന് കരുതി 'എന്തും എഴുതാം' എന്ന് കരുതാതിരിക്കുക . നമ്മുടെ മുറിയിലെ ഒരു കോണിലിരുന്നു ആരും കാണാതെയാണ് നമ്മള്‍ എഴുതുന്നത്‌ എങ്കിലും അത് പോസ്റ്റ്‌ ചെയ്യുന്നതോടെ വലിയ ഒരു ജനാവലിയോട് ആണ് ആ എഴുത്ത്സം സാരിക്കുന്നത് എന്ന് എപ്പോഴും ഓ ര്‍ക്കുന്നത് നന്നായിരിക്കും
എന്തെങ്കിലും 'ഒന്ന്' എഴുത്തിലുണ്ടാവണം എന്ന നിര്‍ബന്ധ ബുദ്ധി ഉണ്ടായിരിക്കുന്നത് നല്ലതാണ് .
ഒരു സന്ദേശം , ഒരു തുള്ളി വെളിച്ചം , എന്തെങ്കിലും അറിവ് , അനുഭൂതി , തിരിച്ചറിവ് , ശ്രദ്ധ ക്ഷണിക്കല്‍ , സാമൂഹ്യ പ്രതിബദ്ധത , സാഹിത്യം , രാഷ്ട്രീയം , ഹാസ്യം , അനുഭവം , ഓര്‍മ്മ , ഇങ്ങനെ എന്തെങ്കിലും ഒരു 'ധര്‍മ്മം ' നിര്‍വഹിക്കുന്നവ ആകണം എഴുത്തുകള്‍ . തികച്ചും ബാലിശമായ എഴുത്ത് വെറും വേസ്റ്റ് മാത്രമാണ് എന്നും തിരിച്ചറിയണം .
എഴുതാനുള്ള കഴിവ് എല്ലാവര്‍ ക്കും ഒരു പോലെയല്ല . അത് കൊണ്ട് ഒരാളെ പോലെ നമ്മളും ആവണം എന്ന് ചിന്തിക്കാതിരിക്കുക . നമ്മുടെ വേറിട്ട സ്വരം നാം കേള്പ്പിക്കുക . അത് പരമാവധി നമ്മെ കൊണ്ട് കഴിയും വിധം മനോഹരവും മാന്യവും വശ്യവും ഗുണപരവും ആക്കാന്‍ ശ്രമിക്കുക
ഒരു പാട് തുരുതുരെ എഴുതുന്ന തിനേക്കാള്‍ ഒരു എഴുത്തില്‍ നിന്ന് അടുത്തതിലേക്ക് കുറച്ചു ദൂരം / സാവകാശം / സമയം ഉണ്ടായിരിക്കുന്നത് നല്ലതാണ് . എഴുതുന്നവനും വായിക്കുന്നവനും .
വ്യത്യസ്ത വിഷയങ്ങള്‍ ആവട്ടെ നമ്മുടെ എഴുത്തുകള്‍. ഒരേ വിഷയം തന്നെ തിരിച്ചും മറിച്ചും എഴുതാതെ മുമ്പ് കൈകാര്യം ചെയ്യാത്ത വിഷയങ്ങള്‍ ആവാന്‍ ശ്രമിക്കാം .
നമുക്ക് നമ്മെ തന്നെ നവീകരിക്കാം . എന്നും എന്തെങ്കിലും എഴുതണം എന്ന് തോന്നും . പക്ഷേ എന്നും 'എന്തെങ്കിലും ഉള്ളത്' എഴുതണം എന്ന തോന്നലാണ് നല്ലത് .
തുടക്കത്തെക്കാള്‍ ശ്രദ്ധിക്കേണ്ടത് ഒടുക്കം ആണ് . അവസാനമായി പറയുന്ന വാചകം / വരി / അതില്‍ നാം പറയാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ 'സത്ത' ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നതാണ് മിടുക്ക്
ഒരിക്കലും ഒരു നല്ല ആശയം പറഞ്ഞു ഒടുക്കം ശുഭ രാത്രി ശുഭ ദിനം എന്ന് ചേര്‍ക്കരുത് . അത് നമ്മുടെ പോസ്റ്റിലെ വിഷയത്തിന്റെ കഥ കഴിക്കും . ശുഭ രാത്രിക്കും ശുഭ ദിനത്തിനും പ്രത്യേകം പോസ്റ്റ്‌ ഇടുന്നതാണ് നല്ലത് .
നമ്മുടെ വാളില്‍ നമ്മെ വായിക്കാന്‍ വരുന്നവര്‍ നമ്മുടെ അതിഥികള്‍ ആണ് . അതുകൊണ്ട് അതിഥി കളോടെ ന്നപോലെ അവരോടു പെരുമാറുക . വിരുന്നു ചെന്ന നമ്മളും അവരോടു മാന്യമായി പെരുമാറുക . മറ്റൊരാളുടെ വീട്ടില് ചെന്ന് അവരെ അവഹേളിക്കാനോ പരിഹസിക്കാനോ ശ്രമിക്കാതിരിക്കുക . നല്ല അതിഥികളും നല്ല ആതിഥേയരും ആവുക .
ഇനി എഴുത്തുകളോടുള്ള പ്രതികരണങ്ങളെക്കുറിച്ച്
കമന്റുകളാണ് പോസ്റ്റുകളുടെ ജീവന്‍ . പോസ്റ്റുകളെ നില നി ര്‍ത്തുന്നത് കമന്റുകളാണ് . ശ്രദ്ധേയമാക്കുന്നതും . അത് കൊണ്ട് നല്ല എഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍ നല്ല കമന്റുകളുമായി പോസ്റ്റുകളോട് സഹകരിക്കാം . അതാവും എഴുത്തിനുള്ള പ്രേരണയും പ്രചോദനവും .
ഒരു പോസ്റ്റിന്റെ വിജയം കുറിക്കുന്നത് ഒരു പരിധി വരെ അതിലെ ആദ്യത്തെ കമന്റ് ആണ് . അത് കൊണ്ട് അത് പരമാവധി പോസി റ്റീവ് പ്രതികരണം ആവാന്‍ ശ്രമിക്കുക .
വലിയ പോസ്റ്റുകളില്‍ ഒരിക്കലും സ്മൈലി പോലുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക . സമയവും സൌകര്യവും ഇല്ലെങ്കില്‍ വെറും ലൈക്‌ ചെയ്താലും ചിഹ്നം ഇടാതിരിക്കുക . കാരണം ഒരാള്‍ ഒരു ചിഹ്നം ഇട്ടാല്‍ അത് അനുകരിക്കാനാവും ശേഷം വരുന്നവര്‍
ശ്രമിക്കുക . അക്ഷരങ്ങളോട് കഴിയുമെങ്കില്‍ അക്ഷരങ്ങളിലൂടെ തന്നെ പ്രതികരിക്കുക . ഫോട്ടോ കമന്റുകള്‍ കഴിയുന്നതും
ഉപയോഗിക്കാതിരിക്കുക .
വായിക്കാതെ ലൈക്‌ ചെയ്താലും വായിക്കാതെ ഒരിക്കലും കമന്റ് എഴുതാതിരിക്കുക . വിഷയത്തോടാവണം നമ്മുടെ പ്രതികരണം . അല്ലാതെ പോസ്റ്റിട്ട ആളോട് ആവരുത് .
ഉദാഹരണമായി കുടുംബ ബന്ധത്തെ ക്കുറിച്ച് പറയുന്ന പോസ്റ്റിനോട് ആ വിഷവുമായി ബന്ധപ്പെട്ട് സംസാരിക്കുക . അല്ലാതെ പോസ്റ്റിട്ട ആളുടെ 'അടുക്കള'യിലേക്കു പോസ്റ്റിനെ വലിച്ചിഴക്കാതിരിക്കുക . ഇതൊക്കെ താത്ത കാണൂലേ , ചേച്ചി വായിക്കില്ലേ , തുടങ്ങിയ പ്രതികരണങ്ങള്‍ അത്തരം വലിച്ചിഴക്കലുകള്‍ ആണ് . തമാശയ്ക്ക് ആണെങ്കില്‍ പോലും അവ കഴിവതും ഒഴിവാക്കുക .
ഒരു പോസ്റ്റ്‌ വായിച്ചു അതുമായി ബന്ധപ്പെട്ട നമ്മുടെ ചില വീക്ഷണ ങ്ങള്‍ കൂട്ടിച്ചേര്‍ക്കാം . സമാനമായ അനുഭവം പറയാം . ആശയവുമായ വിയോജിപ്പ് ഉണ്ടെങ്കില്‍ അതും മാന്യമായി പറയാം . അഭിനന്ദനവും വിമ ര്‍ശനവും ഗുണകാംക്ഷ യോടെ ആവാന്‍ ശ്രദ്ധിക്കാം . കൂട്ടത്തില്‍ നമ്മളെഴുതിയ നല്ല കമന്റുകള്‍ നമ്മുടെ വാളില്‍ ഒരു പോസ്റ്റായി ഇടാം . എഴുതി ശീലിക്കാന്‍ ഏറ്റവും നല്ല വഴി നല്ല കമന്റിലൂടെ സജീവമാകുക എന്നതാണ് .
പോസ്റ്റിലെ വിഷയങ്ങള്‍ ക്ക് അനുസരിച്ച് ആവട്ടെ കമന്റ് . സീരിയസ് വിഷയങ്ങളോട് സീരിയസ് ആയും ഹാസ്യ വിഷയങ്ങളോട് ന ര്‍ മ്മ പരമായും പ്രതികരിക്കുക . ഒന്നും 'അസ്ഥാനത്ത്' ആവാതെ സൂക്ഷിക്കാം
ഉത്സവ കാലങ്ങള്‍ , ആഘോഷ വേളകള്‍ , പ്രത്യേക ദിനങ്ങള്‍ ഇത്തരം ഘട്ടങ്ങളില്‍ കാണുന്ന എല്ലാ പോസ്റ്റിലും പോയി ആശംസകള്‍ നേരുന്നത് അരോചകമാണ് . അനുചിതവും . അത് കൊണ്ട് അതിനു മാത്രമുള്ള പോസ്റ്റു കളിലേ ആശംസിക്കാവൂ . ആഘോഷ വേളകളില്‍ നല്ല പോസ്റ്റുമായി ആരും മുന്നോട്ടു വരാത്തത് നമ്മുടെ ഈ 'സ്വഭാവ രീതി' കൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നു .
സീരിയസ് വായന ഇക്കാലത്ത് തുലോം കുറവാണ് .
ചെറിയ എഴുത്തും ചെറിയ വായനയും ആണ് ഇന്നത്തെ രീതി .
അന്നത്തെ വായന നേരെ പോകാനായിരുന്നു
ഇന്നത്തെ വായന നേരം പോകാനായി മാറിയിരിക്കുന്നു
എന്നാലും എഴുത്തിനും വായനക്കും വേണ്ടി മാത്രമായി നേരത്തെ പറഞ്ഞ പോലെ ഇവിടെ വരുന്ന കുറെ ആളുകളുണ്ട് .
അത് കൊണ്ട് നല്ല എഴുത്തും നല്ല വായനയും നല്ല പ്രതികരണങ്ങളും ആയി ഈ സംവിധാനം നമുക്ക് നന്നായി ഉപയോഗിക്കാം .
അക്ഷരങ്ങളെ സ്നേഹിച്ചു കൊണ്ട് അക്ഷരങ്ങളിലൂടെ പരസ്പരം അറിഞ്ഞും അറിയിച്ചും നമുക്ക് അക്ഷരക്കൂട്ടുകാരായി മുന്നോട്ടു പോകാം . അക്ഷരങ്ങളാണല്ലോ നമ്മെ അടുപ്പിച്ചത് .
നല്ല എഴുത്തും
നല്ല വായനയും
നല്ല സൌഹൃദവും
വളര്‍ത്തി യെ ടുത്തു ഈ സൗകര്യം നമുക്ക്
ഫല പ്രദമായും ഗുണപരമായും ഉപയോഗിക്കാം .
- ഉസ്മാന്‍ ഇരിങ്ങാട്ടിരി
OO
എന്റെ അഭിപ്രായം ഇങ്ങനെ . നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കുന്നു ♥
* എന്റെ വാളിൽ മുമ്പ് എഴുതിയതാണ് *


ഭര്‍ത്താവ് ഗള്‍ഫിലുള്ള ഭാര്യ


ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും മാത്രം താമസിക്കുന്ന ആ വീടിന്റെ മുറ്റത്ത് രാത്രികാലങ്ങളില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുക പതിവായിരുന്നു .
രാത്രി വളരെ വൈകി അവിടെ കാണാം .
അതി രാവിലെ കാണില്ല
നാട്ടിലെ പ്രധാനപ്പെട്ട ഒരു നാരദന്‍ ഇത് എങ്ങനെയോ മണത്തറിഞ്ഞു .
അവളുടെ അടുത്തേക്ക്‌ രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ ‘എല്ലാം കഴിഞ്ഞ് ‘ കുളിച്ചു കുട്ടപ്പനായി 'അവന്‍ ' തിരിച്ചു പോകുന്നു .!! അയാള്‍ കണ്ടു പിടിച്ചു !! പറഞ്ഞു പരത്തി
കഥ നാടാകെ പരന്നു . വിശേഷം വിദേശത്തും എത്തി . ഭര്‍ത്താവിന്റെ പല സുഹൃത്തുക്കളും അറിഞ്ഞു . ഏറ്റവും ഒടുവിലാണ് ഭര്‍ത്താവിന്റെ ചെവിയിലെത്തിയത് .
സാധാരണ ഗതിയില്‍ ഇത്തരം അപവാദ കഥകള്‍ ആദ്യം അറിയേണ്ടവര്‍ അതറിയുക നാട് മുഴുവന്‍ അറിഞ്ഞ ശേഷം ഏറ്റവും അവസാനം ആയിരിക്കും .
ഭാഗ്യത്തിന് ആ ഭര്‍ത്താവ് ഒരു മന്തനായിരുന്നില്ല . അയാള്‍ക്ക്‌
വിദ്യാഭ്യാസമുണ്ട് . ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല .
ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല .
വിഷയം ഒന്ന് പഠിക്കാന്‍ നാട്ടിലുള്ള തന്റെ ആത്മ സുഹൃത്തിനെ ചുമതലപ്പെടുത്തി . നാട്ടിലും മറുനാട്ടിലും നടക്കുന്ന ഈ പുകിലൊന്നും ആ പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല .
അധികം വൈകാതെ സുഹൃത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു .
അതിങ്ങനെയായിരുന്നു .
അവന്‍ , ബൈക്കുകാരന്‍ അതിരാവിലെ പുറപ്പെട്ട് രാത്രിയില്‍ തിരിച്ചെത്തുന്ന ഒരു ദീര്‍ഘ ദൂര ബസ്സിലെ കണ്ടക്റ്റര്‍ ആണ് .
ബസ്സ് തൊട്ടടുത്ത നഗരത്തില്‍ ഹാള്‍ട്ട് ആക്കി രാത്രി തന്റെ വീട്ടിലേക്കു വരുന്നതും അതി രാവിലെ തിരിച്ചു പോകുന്നതും ബൈക്കിലാണ് .
അവന്റെ വീട്ടിലേക്ക് വയലുകളും ഊട് വഴികളും കടന്നു കുറച്ചു ഉള്ളോട്ട് പോകണം . രാത്രിയില്‍ ബൈക്ക് ആ വീടിന്റെ മുറ്റത്ത് ഒരരികില്‍ നിര്‍ത്തിയിടും .
വരാനും കാത്തിരിക്കാനും ആരുമില്ലാത്തത് കൊണ്ട് മൂന്നു കുട്ടികളും അവളും നേരത്തെ ഉറങ്ങും . അവര്‍ ഉറങ്ങിയിട്ടാണ് അവന്‍ വരിക . അവരുണരും മുന്‍പേ അവന്‍ ബൈക്കെടുത്ത് പോവുകയും ചെയ്യും . സത്യം അതായിരുന്നു .
പ്രത്യുല്പ്പ ന്നമതിയും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു ഭര്‍ത്താവ് ആയതു കൊണ്ടാണ് ഈ കഥാന്ത്യം ഇങ്ങനെ ആയത് .
അപവാദ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നും
ഇല്ല . അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .
പക്ഷേ 'കേട്ടീമേ കേട്ട' കഥകളില്‍ കുറെയേറെ , കാര്യം എന്തെന്നറിയാതെ കെട്ടിച്ചമക്കുന്നവയാണ് . അത്തരം കഥകള്‍ പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും വല്ലാത്ത ഒരു ആവേശമാണ് . ആര്‍ക്കു കിട്ടിയാലും അത് ആഘോഷിക്കും . അവ പരത്താനും സംപ്രേക്ഷണം ചെയ്യാനും ആയിരം പേരുണ്ടാവും .
കഥാ നായിക പ്രവാസി ഭാര്യ കൂടി ആണെങ്കില്‍ ആവേശം ഒന്നു കൂടി കൂടും .
എന്നാല്‍ സത്യം വെളിച്ചത്തു വരുമ്പോഴാവട്ടെ എല്ലാവരുടെയും നാവിറങ്ങിപ്പോവും . അന്നേരം അവരൊക്കെ മൌനം പാലിച്ചു വിദ്വാന്മാര്‍ ആവും .
അല്ലെങ്കിലും പരത്തുന്നതിനു കിട്ടുന്ന സുഖം തിരുത്തുന്നതിന് കിട്ടില്ലല്ലോ .
പതിവ്രതകളായ സ്ത്രീകളെ അപവാദം പറയുന്നത് സപ്ത മഹാ പാപങ്ങളില്‍ ഒന്നായാണ് മതം ഗണിക്കുന്നത്. ‘പല ഊഹങ്ങളും തെറ്റാണ് . നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത് . പരസ്പരം പരദൂഷണം പറയരുത് . എന്ന് ഖുര്‍ആന്‍ .
ഇത്തരക്കാരോട് വിശുദ്ധ ഗ്രന്ഥം ചോദിക്കുന്ന
ഒരു ചോദ്യം ഉണ്ട് . 'നിങ്ങളാരെങ്കിലും നിങ്ങളുടെ സഹോദരന്റെ ശവം തിന്നാന്‍ ഇഷ്ടപ്പെടുമോ ? എന്ന് !!!
അത് കൊണ്ട്
കുറ്റപ്പെടുത്തും മുമ്പ്
തിട്ടപ്പെടുത്തുക
കൊതുകുകള്‍ ആവാതെ
കുതുകികള്‍ ആവുക !!!
- ഉസ്മാൻ ഇരിങ്ങാട്ടിരി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo