Slider

പ്രവാസി

0

ജോലി നഷ്ടപ്പെട്ട് റൂമിലിരിക്കുന്ന സുഹൃത്തിനെ ഒന്നാശ്വസിപ്പിക്കണം എന്ന് കരുതിയാണ് അവനെ വിളിച്ചത്.
എന്തു പറഞ്ഞ് സമാധാനിപ്പിക്കും എന്നൊന്നും നിശ്ചയമില്ലായിരുന്നു.
നല്ല ജോലി, ശമ്പളം , മറ്റാനുകൂല്യങ്ങൾ എല്ലാം ഉണ്ടായിരുന്നു. എല്ലാം പെട്ടെന്നാണ് നഷ്ടമായത്..
മൊബൈൽ ഒറ്റ വട്ടം റിംഗ്ചെയ്തപ്പോഴേക്കും അവൻ ഫോണെടുത്തു.
ഹലോ..
അസ്സലാമു അലൈക്കും..
വ അലൈക്കു മുസ്സലാം.. എന്തൊക്കെയുണ്ട് മാഷേ വിശേഷങ്ങൾ.. ?
സുഖമാണ് , അൽഹംദുലില്ലാഹ്..
എന്താ നിന്റെ വിവരങ്ങൾ?
അങ്ങനെ പോണൂ. പണിയിൽ നിന്ന് ഇറങ്ങിയിട്ട് ഒരു മാസമാവുന്നു.
ഇനി എന്താ ചെയ്യുക? ഒരെത്തും പിടിയും കിട്ടുന്നില്ല. ഇനിയിപ്പൊ ഒരു പുതിയ ജോലിയൊക്കെ കിട്ടാൻ പ്രയാസമാണ്. നേരാം വണ്ണം ഉറങ്ങിയിട്ട് തന്നെ കുറേയായി.....
ഇങ്ങനെയുള്ള പരാതിയും വേവലാതികളും കേൾക്കാനുള്ള മാനസികമായ തയ്യാറെടുപ്പോടെയാണ് ഞാൻ ആ ചോദ്യം ചോദിച്ചത്.
പക്ഷേ ...!
പരമസുഖമാണ്.. അലാറം വെക്കാതെ സുഖമായി ഉറങ്ങുന്നു..
വൈകുന്നേരത്തെ നടത്തം ഇപ്പോൾ രാവിലെയാക്കി. നടത്തം കഴിഞ്ഞ് നേരെ താമസസ്ഥലത്തിനടുത്തുള്ള ഹോട്ടലിൽ കേറി നാട്ടിലെ പോലെ സമാവറിൽ ഉണ്ടാക്കിയ ഒരു സ്ട്രോംഗ് ചായ കുടിച്ച് റൂമിലെത്തും. വിയർപ്പ് മാറി നേരെ പോയി കുളിക്കും.
പിന്നെ നാശ്ത കഴിക്കും.
റൂമിൽ സഹമുറിയന്മാർ ആരുമില്ലാത്തോണ്ട് കുറച്ച് ഫേസ് ബുക്ക്, വാട്ട്സ് ആപ്പ്, യൂട്യൂബിലെ ചില ഇൻസ്പിരേഷൻ ക്ലാസ്സുകൾ,
ഉപ്പും മുളകും, അന്ന് അവധി കഴിഞ്ഞ് പോന്നപ്പോൾ കൊണ്ട് വന്ന പുസ്തകങ്ങളിൽ നിന്ന് ചില വായന,
വീട്ടിലേക്കുള്ള വിളി....
ആകെ മൊത്തം ഹാപ്പി...
ഞാനാകെ പകച്ചു പോയി..
ഇടയ്ക്ക് കേറി ഞാൻ പറഞ്ഞു.
നല്ല ശമ്പളമുള്ള എല്ലാ ആനുകൂല്യവുമുള്ള ഒരു ജോലി നഷ്ടപ്പെട്ടിട്ടും ഇങ്ങനെ പറയുന്ന ഒരാൾ നീയേ കാണൂ...
ഹ ഹ അവൻ ഒരു വലിയ ചിരി ചിരിച്ചു...
എന്നിട്ട് തുടർന്നു..
ഞാൻ ഈ കമ്പനിയിൽ ജോലിക്ക് കേറിയ അന്നേ ദൈവം തമ്പുരാൻ നിശ്ചയിച്ചു കാണും. ഇവന് ഇത്ര കൊല്ലം ഇത്ര മാസം ഇത്ര ദിവസം എന്ന്.. ഈ ലോകത്ത് നമ്മുടെ ആയുസ്സ് നിശ്ചയിച്ച പോലെ..
അന്നേ കണക്ക് കൂട്ടി വെച്ചിട്ടുണ്ടാവും സൗദിവത്ക്കരണം വരും, സാമ്പത്തിക മാന്ദ്യം വരും, ജോലി പോകും.. റൂമിലിരിക്കേണ്ടി വരും.. എന്നൊക്കെ...
അതല്ലേ സംഭവിച്ചുള്ളൂ..
അത് നമ്മൾ ദുഃഖിച്ചാലും വിഷമിച്ചാലും ആധിപിടിച്ചാലും നടക്കും.. തീരുമാനിക്കപ്പെട്ടത് നടന്നു.. ഇനി ചെറിയ ഒരു ബ്രേക്ക് നിശ്ചയിച്ചു കാണും...
അതാണിപ്പോൾ സംഭവിക്കുന്നത്..
അവന്റെ വാക്കുകൾ എന്നിൽ വല്ലാത്ത ഒരു പോസിറ്റീവ് എനർജി പകർന്നു.. കൂടുതൽ അവനെ കേൾക്കാൻ ഞാൻ നല്ല ഒരു കേൾവിക്കാരനായി...
ഞാനിപ്പോൾ ഈ പ്രതിസന്ധി ആസ്വദിക്കുകയാണ്..
നാട്ടിൽ അവധിക്ക് പോയി അവധി ആഘോഷിക്കുന്നതും ഇവിടെ ജോലിക്കു പോകാതെ ഇരിക്കുന്നതും രണ്ടു തരം അനുഭവമാണ്.
ഒരു കണക്കിൽ ഇവിടെയാ ലാഭം..
നാട്ടിൽ ഒരു മാസം കഴിഞ്ഞുകൂടാൻ എത്ര കാശ് വേണം?
ഇവിടെ റൂമും ചെലവും... മാത്രം നോക്കിയാൽ മതി.... നാട്ടിൽ എന്തൊക്കെ ചെയ്യണം, കാണണം, ഏറ്റെടുക്കണം, എവിടെയൊക്കെ പോകണം.... ഇവിടെ പരമ സുഖം...
അപ്പോൾ ജോലി പോയതിൽ സങ്കടമൊന്നും ഇല്ലേ?
സങ്കടപ്പെട്ടിട്ട് എന്തു കാര്യം?
അവര് തിരിച്ചെടുക്കുമോ?
ഇല്ല. വിഷമിച്ചിട്ട് എന്തുണ്ട് മെച്ചം? ഇത്ര കാലം സുഖമായി ജോലി ചെയ്തില്ലേ? കൃത്യമായി ശമ്പളം കിട്ടിയില്ലേ? ആനുകൂല്യങ്ങൾ ലഭിച്ചില്ലേ? കുടുംബം സുഖമായി കഴിഞ്ഞില്ലേ?
ഈ പ്രതിസന്ധി കുറച്ച് മുമ്പ് വന്നിരുന്നെങ്കിലോ...?
ഒന്നും വേണ്ട... ജോലിക്കിടെ നമുക്ക് വല്ല അത്യാഹിതം വന്നിരുന്നെങ്കിലോ?
മാരകമായ രോഗം ബാധിച്ച് ജോലിയിൽ നിന്ന് രാജി വെച്ച് നാട്ടിൽ പോയി ഭീമമായ സംഖ്യ ചെലവഴിച്ച് നരകിച്ചു ജീവിക്കേണ്ടി വന്നിരുന്നെങ്കിലോ?
നമ്മുടെ സമദിന്റെ കാര്യം തന്നെ ആലോചിച്ചു നോക്കിയേ....
അപ്പോൾ അങ്ങനെയൊന്നും വന്നില്ലല്ലോ... അതിലൊക്കെ ആശ്വസിക്കാമല്ലോ..
പിന്നെ ജോലി പോയി... മക്കൾ എന്താകും? ഭാവി എന്താകും എന്നൊക്കെ ആലോചിച്ച് ഉറക്കം കളഞ്ഞ് ടെൻഷനടിച്ച് നമ്മെ നമ്മൾ തന്നെ പീഡിപ്പിച്ചിട്ട് എന്തു കാര്യം?
നമ്മുടെ ആരോഗ്യം കൂടി നശിപ്പിക്കാം എന്നല്ലാതെ...
ശരിയാ...
ആട്ടേ... വേറെ ജോലിയൊന്നും നോക്കുന്നില്ലേ...?
ഉണ്ട്.. സുഹൃത്തുക്കളോടും ഗുണകാംക്ഷികളോടും പറഞ്ഞിട്ടുണ്ട്. അന്വേഷിക്കുന്നുണ്ട്.
കിട്ടിയാൽ തുടരും... ഇല്ലെങ്കിൽ ഒറ്റയടി. ഖുറൂജ് നിഹായി...
നമ്മളേക്കാൾ ഒന്നുമില്ലാത്തവരും നാട്ടിൽ സുഖമായി കഴിയുന്നില്ലേ...
ഒരു വാതിൽ അടഞ്ഞാൽ തുറക്കും മറ്റൊന്ന്!
ഇനിയുള്ള കാലം നാട്ടിലെ ശുദ്ധമായ വായുവും വെള്ളവുമാണ് നമുക്ക് നിശ്ചയിച്ചത് എങ്കിൽ അത് നടക്കും. അത് നടക്കും എന്നല്ല അതേ നടക്കൂ...
ദൈവത്തിന്റെ തിരക്കഥക്കനുസരിച്ച് നമുക്ക് അഭിനയിക്കാനേ പറ്റൂ...
തിരുത്താനോ മാറ്റി എഴുതാനോ പറ്റില്ല.
നിരാശയോടും സങ്കടത്തോടും വിഷമങ്ങളോടും കടക്ക് പുറത്ത് എന്ന് പറഞ്ഞ് കിട്ടിയ സമയം ഹാപ്പിയായി ജീവിക്കുക...
കിട്ടിയതിലൊക്കെ സംതൃപ്തിയടയുക...
അതിനൊക്കില്ല!
ഓകെ... വിളിച്ചതിന് നന്ദി...
ഉച്ചഭക്ഷണത്തിന് നേരമായി...
പത്തുകൊല്ലത്തിനിടക്ക് ഇവിടെ നിന്ന് ചൂടോടെ ഉച്ചഭക്ഷണം കഴിച്ചിരുന്നത് ആഴ്ചയിൽ ഒരിക്കൽ വെള്ളിയാഴ്ച മാത്രമായിരുന്നു...
ഇപ്പോൾ ഒരു മാസമായി ചൂടോടെ സ്വാദോടെ കൃത്യസമയത്ത്.....!
എങ്കിൽ ഓ കെ.. വീണ്ടും കാണാം...
അസ്സലാമു അലൈക്കും...
ഫോൺ കട്ട് ചെയ്തപ്പോൾ ഞാനെന്റെ മനസ്സിൽ പറഞ്ഞു.
പരീക്ഷണങ്ങൾ പതറാനുള്ളതല്ല
ശക്തിയാർജ്ജിക്കാനുള്ളതാണ്.
സങ്കടപ്പെടാനുള്ളതല്ല
മുൻ കാലത്തെയോർത്ത് സംതൃപ്തിയടയാനുള്ളതാണ്..
വഴിമുടക്കാനുള്ളതല്ല
വഴിത്തിരിവിനുള്ളതാണ്.
Usman Iringattiri
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo