Slider

സൈക്കിൾ

0
Image may contain: 1 person, smiling, selfie and closeup

അച്ഛായി...ഇന്ന് ശൈക്കിള് വാങ്ങോ...
ഓട്ടോ സ്റ്റാർട്ട് ചെയ്ത് അതിന്റെ എൻഞ്ചിൻ ഇരപ്പിച്ച് കൊണ്ട് ഇരുന്നപ്പോൾ എന്നത്തെയും പോലെ ആ പതിവ് ചോദ്യം സുമയുടെ കൈയ്യിൽ ഇടുപ്പിലിരുന്ന രണ്ടു വയസ്സുകാരൻ കിച്ചുവിൽ നിന്നും വന്നു.
അവന്റെ കണ്ണിലെ പ്രതീക്ഷയുടെ ഒരു തിളക്കവും സുമയുടെ കണ്ണുകളിലെ നിസ്സഹായതയും
അവൻ ഓട്ടോയിലിരുന്ന് കൈകൾ നീട്ടിയപ്പോൾ അവൾ അവനെ അടുത്തേക്ക് നീട്ടി
ആ കവിളുകളിൽ ഓരോ ഉമ്മയും കൊടുത്തവൻ ഓട്ടോയുമായിറങ്ങി പോകുന്നതും നോക്കിയവർ കണ്ണിൽ നിന്ന് മായുന്നത് വരെ നിന്നു.
അച്ഛായി പോയല്ലോ മോനെ ഇനി മതി
അവൻ പോയ വഴി നോക്കി അപ്പൊഴും ടാറ്റാ കാണിച്ച് കൊണ്ടിരുന്ന കിച്ചുവിന്റെ കൈയ്യിൽ പിടിച്ചു പറഞ്ഞു കൊണ്ടവൾ വീട്ടിലേക്ക് കയറി.
"ആളിന് അനക്കം ഒന്നുമില്ലല്ലോ എന്തായോ ആവോ...
ഷാഫിയെ നീ ബെക്കം വിട്ടോളി വണ്ടി ഏതേലും മുന്തിയ ആശൂത്രിലേക്ക്."
ഓട്ടോ ലൈറ്റിട്ട് പായുകയായിരുന്നു
"ഇത് എന്തു പറ്റിയതാ കാദറേട്ടാ ഓരോ വണ്ടികളുടെ ഇടയിലൂടെ വെട്ടിച്ച് പായുന്നതിനടയിൽ ഷാഫി ചോദിച്ചു.
"എന്തു പറയാനാ മോനെ ഇയ്യാൾ സ്കൂട്ടറുമായി വന്ന് ഞമ്മള വായനശാലയുടെ മുമ്പിലെ കുഴീല് ബീണ് നെറ്റിയും പൊട്ടി മൂക്കീന്നും ചോരയൊക്കെ വന്ന് കിടക്കണ കണ്ടു ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല ഭാഗ്യത്തിനു നീയ് അപ്പോൾ ബണ്ടിയും കൊണ്ട് അതുവയി വന്നത് "
കാദർ പറഞ്ഞു നിർത്തി.
"കാദറേട്ടന് അറിയാമോ ഇയാളെ...
ആരാ ഇത്.... "ഷാഫി വീണ്ടും ചോദിച്ചു.
"അനക്ക് അറിയില്ലേ...ഇത് ഒറ്റയാൻ ജോജി
കാദറിന്റെ മറുപടി കേട്ട് ഷാഫി ഓട്ടോ ഒന്നു സ്പീഡ് കുറച്ച് തിരിഞ്ഞ് പുറകിലേക്ക് നോക്കി കാദറിന്റെ മടിയിൽ കിടക്കുന്ന ആളിന്റെ മുഖം ചോര പറ്റി തിരിച്ചറിയാൻ വയ്യ എന്നാലും തുറന്നിരിക്കുന്ന വായിലെ മുൻ നിരയിലെ സ്വർണ്ണപ്പല്ലവൻ കണ്ടു.
അവന്റെ ഓർമ്മ പിന്നിലേക്കും ഓട്ടോ മുന്നിൽ പോയ കാറിനെ ഓവർ ടേക്ക് ചെയ്ത് മുന്നിലേക്ക് പാഞ്ഞു
"എത്ര രൂപയായി... "ബാറിന്റെ മുന്നിൽ ഓട്ടോ നിന്നു അയാൾ ചോദിച്ചു
മീറ്റർ നോക്കിയപ്പോൾ പതിനഞ്ച് രൂപ ആയിട്ടുണ്ട്.
"ഇരുപത് ആയി മാഷെ " അവനത് പറയുമ്പോൾ എന്നും രാത്രിയിൽ വീട്ടിലേക്ക് ചെല്ലുമ്പോൾ പ്രതീക്ഷയോടെ തന്റെ കൈകളിലേക്ക് നോക്കി നിരാശയാകുന്ന രണ്ടു കണ്ണുകൾ ഓർമ്മയിൽ തെളിഞ്ഞിരുന്നു.
അയാൾ തലയെത്തിച്ച് മീറ്ററിലേക്കൊന്നു നോക്കി "അത്ര ആയില്ലല്ലോ ദാ ഇതുമതി" എന്നു പറഞ്ഞ് കുറച്ച പൈസ അവന്റെ കൈയ്യിൽ വച്ച് കൊടുത്തു.
സ്വർണ്ണ പല്ലും കാട്ടി ചിരിച്ച് കാണിച്ച് ബാറിനുള്ളിലേക്ക് നടന്നു പോയി.
കൈയിലെ പൈസ അവൻ നോക്കി
പതിനാലെ ഉള്ളു പഴ്സ് തുറന്ന് പത്ത് ഒരു അറയിലേക്ക് വച്ചിട്ട് ബാക്കി മറ്റൊരു അറയിലെ ഒന്നിന്റെയും രണ്ടിന്റെയും ഒക്കെ നോട്ടുകൾ ഇരിക്കുന്നതിന്റെ കൂട്ടത്തിലേക്ക് വച്ചു.
എത്ര രൂപ ആയിട്ടുണ്ടാകും സൈക്കിളിനുള്ളത് ആയിക്കാണുമോ....
"ഈ ബില്ലടയ്ക്കണം എക്സ്റേ എടുക്കണം ചിലപ്പോൾ ബ്ലഡും വേണ്ടിവരും "
നഴ്സ് കൊണ്ട് കൊടുത്ത കടലാസ്സും കയ്യിൽ പിടിച്ച് കാദറേട്ടൻ മിഴിച്ചു നിൽക്കുന്നു.
"എന്താ കാദറേട്ടാ..."ഷാഫി ചോദിച്ചു.
" എന്റടുത്ത് കാശ് ഒന്നുമില്ല മോനെ നിന്റെ കൈയ്യിൽ എന്തേലും ഉണ്ടോ...
കാദറിന്റെ മറുപടി കേട്ടവൻ
"എന്റെ അടുത്ത്...."ഷാഫി ഒന്നു മടിച്ചങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ
"മോനെ ഇയ്യാളുടെ ആരേലും വന്നാൽ പൈസ കിട്ടും ലക്ഷപ്രഭു അല്ലേ
പക്ഷേ ഇപ്പൊ ഈ ജീവൻ നിലനിർത്താൻ പൈസ വേണം എന്താ ചെയ്ക... "
കാദറേട്ടൻ ഇങ്ങനെ പറഞ്ഞു നിർത്തിയപ്പോഴേക്കും കൈയ്യിലിരുന്ന ആ കടലാസ്സും വാങ്ങികൊണ്ട് ഷാഫി കാഷ് കൗണ്ടറിലേക്ക് പോയി.
എത്ര നാളത്തെ കൂട്ടിവയ്പ് ആയിരുന്നു കാലി ആയ പഴ്സ് കൊണ്ട് വന്ന് ഓട്ടോയിലേക്കിട്ട് ഷാഫി നിരാശയോടെ ഓട്ടോയിലേക്ക് കയറി ഇരുന്നു.
"സവാരി പോകാമോ അത്യാവശ്യമാണ് " ഒരാൾ പുറകിൽ ഓടി വന്നു കയറി പറഞ്ഞു
"എവിടേക്കാ സാറെ... "തളർന്ന ശബ്ദത്തോടെ ആട്ടോയിലെ കിക്കർ അടിച്ച് സ്റ്റാർട്ട് ചെയ്യുമ്പോൾ ഷാഫി ചോദിച്ചു.
"ബ്ലഡ് ബാങ്കിലേക്ക് വിട്ടോ പെട്ടെന്ന് വേണം.. "
"തനിക്കെന്താടോ ഒരു വിഷമം പോലെ ആശുപത്രിയിൽ തന്റെ ആരെങ്കിലും ഉണ്ടോ..."
യാത്രയ്ക്കിടയിൽ ഷാഫിയുടെ മ്ലാനമായ മുഖം കണ്ടിട്ടാകണം അയാളങ്ങനെ ചോദിച്ചത് "ആരുമില്ല സാറെ "ഷാഫി മറുപടി പറഞ്ഞു "പിന്നെന്തിനാ അവിടെ വന്നത് എന്താ കാര്യം." അപ്പൊ ഞാൻ പറഞ്ഞു
"അത് സാറെ ഞാനൊരു............
"മതി ചേട്ടാ എനിക്ക് സങ്കടം വരുന്നു... "
സുമ വിരൽ വച്ച് ആ ചുണ്ടുകൾ തടഞ്ഞിട്ട് അവന്റെ ചുമലിലേക്ക് ചാരി.
"അച്ഛായി കണ്ടോ ഞാൻ സൈക്കിള് ചവിട്ടി പഠിച്ചൂല്ലോ.... "
എന്നു പറഞ്ഞ് മൂന്ന് വീലുള്ള സൈക്കിൾ
വള്ളം തുഴയുംപോലെ രണ്ട് കാലുകളും നിലത്തൂന്നി കൈകളിൽ പൊക്കി കൊണ്ട് നടന്ന് കിച്ചു മുറ്റത്ത് കൊഞ്ചി കൊണ്ട് നടക്കുന്നത് കണ്ട് ആ നാലു കണ്ണുകളും നിറഞ്ഞ് അവൻ അവളെ ചേർത്തു പിടിച്ചപ്പോൾ
ആ കൈയ്യിലെ ഞരമ്പിന് മുകളിൽ ഒട്ടിച്ചിരുന്ന കുഞ്ഞ് പ്ലാസ്റ്ററിൽ അവൾ ചുണ്ടുകൾ ചേർത്തു കണ്ണീരിന്റെ നനവോടെ....
ജെ.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo