നിലത്തിരുന്ന പ്ലേറ്റിലേക്ക് അവൾ കലത്തിലെ ചോറ് മുഴുവനായി തട്ടിയിടുന്നത് കണ്ടുകൊണ്ടാണ് അയാൾ മുറിയിലേക്ക് കയറിയത്. അയാളെ കണ്ടയുടൻ അവൾ കലം പുറകിലേക്ക് മാറ്റി.
"എനിക്ക് വേണ്ട. വരുന്ന വഴി രമേശന്റെ വീട്ടിൽ കയറിയിരുന്നു. അവിടന്ന് കപ്പ കഴിച്ചതാ. നീ കഴിക്ക് "
അയാൾ പുറത്തു നിന്നും കഴിക്കാറില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. അവൾ അയാളെ ഒന്ന് നോക്കി. എന്നിട്ട് ചമ്മന്തിയും മുളക് ചതച്ചതും ചോറിനരികിൽ വിളമ്പി കഴിക്കാൻ തുടങ്ങി.
കുറച്ച് കഴിച്ച് അവൾ നിർത്തി.
"എന്തേ? നിർത്തിയോ? "
"ചേട്ടൻ വൈകിയപ്പോൾ ഞാൻ നേരത്തേ കുറച്ച് കഴിച്ചിരുന്നു "
അവൾ എന്തു വന്നാലും നേരത്തേ കഴിക്കില്ല എന്ന് അയാൾക്കും അറിയാമായിരുന്നു. ബാക്കി കളയണ്ട എന്ന് പറഞ്ഞ് അയാൾ പാത്രം നീക്കി വെച്ച് കഴിക്കാൻ തുടങ്ങി. അതും നോക്കി അവൾ അരികിൽ ഇരുന്നു.
രാത്രി അയാളുടെ മാറിൽ തല ചായ്ച്ച് അവൾ കിടന്നു. അയാൾ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് മയങ്ങാൻ തുടങ്ങി. മനസ്സ് നിറഞ്ഞ സുഖത്തിൽ അവർ വിശപ്പൊക്കെ മറന്നിരുന്നു.
By: SwapnaRaj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക