നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരുമകളുടെ ഉറക്കെയുള്ള ശകാരം

Image may contain: 2 people, closeup

മരുമകളുടെ ഉറക്കെയുള്ള ശകാരം കേട്ടാണ് ലക്ഷ്മി അമ്മ രാവിലെ എണീക്കുന്നത്.
"തള്ള ബാത്റൂം മുഴുവൻ വൃത്തികേടാക്കി ഇട്ടിരിക്കുന്നു" എത്ര കഴുകി ഇട്ടാലും പിന്നേം ചീഞ്ഞുനാറി കിടക്കും. അതെങ്ങനാ വൃത്തീം വെടിപ്പും ഇല്ലാല്ലോ.......
അതും പറഞ്ഞ് അടുക്കേഇലോട്ട് പോയ രമ്യ കുട്ടികളോട് ദേഷ്യപ്പെടുന്നതും അതിനു പുറകെ ഇളയവന്റെ കരച്ചിലും കേട്ടു....
അവളങ്ങനെയാണ് മറ്റുള്ളവരോടുള്ള ദേഷ്യം കുട്ടികളോട് തീർക്കും.....
ഇന്നലെ രാത്രി മുഴുവൻ ഉറങ്ങീട്ടില്ല.... നലഞ്ചു പ്രാവശ്യം കക്കൂസിൽ പോയി.... അകത്തെകക്കൂസ് ഉപയോഗിച്ചതിനാണ് ഇന്നത്തെ കോലാഹലം...
3 മക്കളുണ്ട് ലക്ഷ്മി അമ്മക്ക്. മൂത്തവരു രണ്ടു പേരും വീടുവെച്ച് മാറി താമസിക്കുന്നു....
ഇളയവൻ പഴയ വീട് പൊളിച്ച് പണിതിട്ടു 2 വർഷമായതേ ഉള്ളൂ.... ഇത് പണിതേ പിന്നെ അവിടെ ഇരിക്കരുത്, ഇവിടെക്കിടക്കരുത്, എന്നൊക്കെയുള്ള കർശന നിർദേശങ്ങളാണ് മരുമകൾക്ക്...
അവളെന്തു പറഞ്ഞാലും മോൻ ഒന്നും പറയില്ല... അമ്മയോടുള്ള ദേഷ്യത്തിന് കുഞ്ഞുങ്ങളെ തല്ലുന്നത് പോലും നോക്കി നിക്കും....
മൂത്തവരും ഒട്ടും മോശമല്ല....... മാസാമാസം കിട്ടുന്ന പെൻഷന്റെ ഒരു വിഹിതം കൊണ്ടു കൊടുത്തില്ലെങ്കിൽ പിന്നെ നേരെ കണ്ടാൽ ചിരിക്കുക പോലുമില്ല.....
പതുക്കെ എണീറ്റ് അടുക്കളേൽ വന്നു നോക്കി... ശരീരം കുഴഞ്ഞ് പോവുന്നുണ്ട്.. ഒരു ചൂടുവെള്ളം പോലും അടുക്കളയിലില്ല....വയ്യെങ്കിലും കുറച്ച് അരിയെടുത്ത് അടുപ്പത്ത് വച്ചു. രണ്ട് മാസം മുമ്പ് അവ ളുണ്ടാക്കിയ ബിരിയാണി കഴിക്കാതെ കഞ്ഞി വച്ചു കഴിച്ചേ പിന്നെ ഇനി സ്വന്തം ആവശ്യത്തിനുള്ളത് ഉണ്ടാക്കിക്കഴിച്ചാ മതി എന്ന നിലപാടിലാണ് മരുമകൾ.... അവളുണ്ടാക്കുന്നത് അവൾ എടുത്ത് വെക്കും. കഞ്ഞിയുണ്ടാക്കുന്ന വെള്ളം പോലും ഉടനെ എടുത്ത് കളയും...
പ്രഷറും, ഷുഗറും, കൊളസ്ട്രോളും പോരാത്തതിനു ഹാർട്ടിനു ചെറിയൊരു ബ്ലോക്കും ഉണ്ട്.... അവളുണ്ടാക്കി വക്കുന്നതൊന്നും വയറിനു പിടിക്കുന്നില്ല.. ഇറച്ചിയും മീനുമൊന്നും കഴിക്കാനെ പറ്റുന്നില്ല... അതു പറഞ്ഞാൽ അവൾക്കു മനസ്സിലാവൂല്ല.... പലപ്പോഴും കുട്ടികളേപ്പോലും മിണ്ടാൻ അനുവദിക്കാറൂല്ല.....
മൂത്തവർക്കു രണ്ടു പേർക്കും അമ്മേ കൊണ്ടുപോയി നോക്കാൻ വീട്ടിൽ സൗകര്യം പോരാത്രേ.... രണ്ടു മുറിയും അടുക്കളേ മുള്ള വീട്ടിൽ മൂന്ന് മക്കളെ ഒരു കുറവും വരുത്താതെയാണ് വളർത്തിയത്. അന്ന് ഒരു സൗകര്യക്കുറവും അമ്മയ്ക്കും അച്ചനും തോന്നീല്ലായിരുന്നു.... രണ്ടും മൂന്നും പൂച്ചകളേം പട്ടികളേം വളർത്താനൊക്കെ സൗകര്യങ്ങൾ ഉണ്ടാക്കീട്ടുണ്ട്.... അമ്മക്കു കിടക്കാൻ ഒരു മൂല തരാൻ സൗകര്യമില്ല.... അതു തന്നെയാണ് ഇളയവളുടെ പരാതിയും. അവൾക്കു മാത്രമായി ഒരു ബാധ്യത ഏൽക്കാൻ വയ്യ...
ഇന്നുവരെ മക്കൾക്ക് മൂന്ന് പേർക്കും അങ്ങോട്ടു കൊടുക്കുന്നതല്ലാതെ ഇങ്ങോട്ടു ഒന്നും അവരാരും തരേണ്ടി വന്നിട്ടില്ല.... അച്ചൻ രാജ്യത്തിനു വേണ്ടി ജീവിതവും ജീവനും ഹോമിച്ചതുകൊണ്ട് ചികിത്സ പോലും ഫ്രീയാണ്... എന്നിട്ടും മക്കൾക് അമ്മക്കു ഒരു നേരം കഞ്ഞി ഉണ്ടാക്കി തരാൻ പോലും വിഷമം... അവരുടെ നല്ല വീടുകൾക്ക് അമ്മ ഒരു ദുശ്ശകുനം.....
ഉണ്ടാക്കി വെച്ച കഞ്ഞി കുടിക്കാൻ തോന്നിയില്ല. വല്ലാത്ത ക്ഷീണം.. കുറച്ച് കഞ്ഞി വെള്ളം കുടിച്ച് പോയി കിടന്നു....
പിന്നെലക്ഷ്മി അമ്മ എണീറ്റില്ല. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവർ പോയിക്കഴിഞ്ഞിരുന്നു.....
അപ്പോൾ മക്കൾ അമ്മക്കു വേണ്ടി നല്ല സൗകര്യമുള്ള രണ്ട് ദിവസം വെക്കാൻ പറ്റിയ ഫ്രീസറും, നല്ല വീഡിയോഗ്രാഫറെയും അന്യേഷിച്ചു തുടങ്ങിയിരുന്നു..... ഒരു കുറവും അമ്മക്ക് വരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
Rinna Jojan

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot