നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver - Part 22

Image may contain: 1 person, text

'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 22
ഡിസംബർ എട്ടാം തീയതി പുതിയ റൂമിൽ നിന്നും തനിച്ചു ഞാൻ ഉംറക്ക് വേണ്ടി മക്കത്തേക്ക് പുറത്തെടുത്തു വ്യാഴാഴ്ച അർദ്ധരാത്രി ഒരു മണിയോടെ ഓട്ടം എല്ലാം കഴിഞ്ഞു കഫീലിന്റെ സമ്മതവും വാങ്ങി ഞാൻ റൂമിനു പുറത്തിറങ്ങി രാത്രിയായതു കൊണ്ട് ടാക്സികൾ വല്ലതും കാണണമെങ്കിൽ 2 കിലോമീറ്ററുകൾ നടന്നു ഹൈവേയിൽ എത്തണം ഞാൻ നടന്നു കൊണ്ടിരുന്നു എന്നെ ഉംറ വേഷത്തിൽ കണ്ടതുകൊണ്ടാവണം ഒരു സ്വദേശി എന്ന് തോന്നുന്ന ചെറുപ്പക്കാരൻ വണ്ടി നിർത്തി ഹൈവേ വരെ ഞാൻ കൊണ്ടു വിടാം കയറിക്കൊള്ളു എന്നു പറഞ്ഞു തനിച്ച് അതും അർദ്ദ രാത്രി അപരിചിതരോട് ഒപ്പം യാത്ര ചെയ്യാൻ പാടില്ല എന്ന് അറിയാമെങ്കിലും ജന്മനാ ഉള്ള അധിക ആത്മവിശ്വാസവും ധൈര്യവും കാരണം മറ്റൊന്നും ചിന്തിക്കാതെ ഞാൻ അയാളുടെ വണ്ടിയിൽ കയറി അയാൾ കൂടുതൽ സംസാരിച്ചതോ കാര്യങ്ങൾ അന്വേഷിച്ചതോ ഇല്ല ഹൈവേ എത്തിയപ്പോൾ വണ്ടി നിർത്തി അയാളോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു സലാം പറഞ്ഞു ഞാനിറങ്ങി
പഴയ താമസസ്ഥലത്തുനിന്നും മക്കത്തേക്ക് പോകുന്നതിനേക്കാൾ അല്പം ചെലവ് കൂടുതലാണെങ്കിലും പുതിയ റൂമിൽ നിന്നും പോകുന്ന വഴികളും മറ്റും ഞാൻ മനസ്സിലാക്കി ഇനി രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും മക്കത്ത് പോകണമെന്നും തീരുമാനിച്ചു ഉംറ ചെയ്യലും പ്രാർത്ഥനയും എല്ലാം കഴിഞ്ഞു വെള്ളിയാഴ്ച എട്ടുമണിയോടെ ഞാൻ തിരിച്ചു റൂമിലെത്തി പുതിയ താമസ സ്ഥലവും ആയി ഞാൻ കൂടുതൽ അടുത്തു ഇവിടുത്തുകാരനായി മാറിക്കൊണ്ടിരുന്നു സാധാരണ പോലെ സ്ഥിരമായി പോകാറുള്ള പള്ളിയിൽ വരുന്ന പ്രായമായ സൗദികളും മറ്റും എന്റെ പരിചയക്കാരായി മാറി ഞങ്ങളുടെ ബില്ഡിങ്ങിൽ മൊത്തം 16 ഫ്ളാറ്റുകളാണ് ഉള്ളത് താഴെ ഓരോ ഫ്ലാറ്റിനും ഓരോ ഡ്രൈവർ റൂമുകളും ഉണ്ട് വലതുഭാഗത്ത് 8 റൂമുകളും ആ എട്ടു റൂമുകൾക്കുമായി 2 ബാത്ത്റൂമുകളും അതുപോലെ ഇടതുഭാഗത്ത് എട്ടു റൂമുകളും 2 ബാത്ത്റൂമും ആണുള്ളത്
ബിൽഡിങ്ങിൽ ഇപ്പോൾ ആകെ 3 ഡ്രൈവർമാരെ ഉള്ളൂ ബാക്കിയുള്ള ഫ്ലാറ്റുകളിൽ ഒന്നും ഡൈവർമാർ ഇല്ലാത്തതുകൊണ്ട് ആ റൂമുകളൊക്കെ ഉടമസ്ഥർ സ്റ്റോക്ക് റൂമുകൾ ആയി ഉപയോഗിക്കുകയാണ് എന്റെ കഫീലിന്ന് രണ്ട് ഫ്ളാറ്റുകൾ ഉണ്ടായതുകൊണ്ട് അയാൾക്ക് 2 ഡ്രൈവർ റൂമുകളും ഉണ്ട് അതിലൊന്ന് എനിക്ക് താമസിക്കുവാനും മറ്റേത് അയാളുടെ വീട്ടിലും മറ്റും ഉള്ള പഴയ സാധനങ്ങൾ സൂക്ഷിക്കാനും ആണ് ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെ കൂട്ടത്തിൽ എന്നെ കൂടാതെ ഉള്ളത് ഒരു പാകിസ്താനിയും ഒരു ശ്രീലങ്കക്കാരനും ആണ് അവരുടെ അനുഭവങ്ങളും ആയി തട്ടിച്ചു നോക്കുമ്പോൾ ഞാനൊക്കെ എത്രയോ ഭാഗ്യവാനാണ് പാക്കിസ്ഥാനി യുടെ പേര് മുഹമ്മദ് അയാൾ ഇവിടെ എത്തിയിട്ട് ഏകദേശം എന്നപോലെതന്നെ ഒരുവർഷം തികയാറായി നാട്ടിൽ നിന്നും വന്നിട്ട് രണ്ടുമാസത്തോളം ജോലിയും കൂലിയും ഇല്ലാതെ ഒരു സുഹൃത്തിന്റെ റൂമിൽ കഴിയുകയായിരുന്നു ആ രണ്ടു മാസവും അയാളുടെ കഫീൽ അയാളെ അന്വേഷിക്കുകയേ ചെയ്തില്ല
രണ്ട് മാസത്തിനുശേഷമാണ് കഫീൽ അയാളെ അവിടെ നിന്നും കൂട്ടിക്കൊണ്ടുവന്നത് അതിനു ശേഷം ജോലിയിൽ പ്രവേശിച്ചിട്ട് ഒരു മാസത്തിലധികം കഴിഞ്ഞിട്ടും ശമ്പളം കൊടുത്തില്ല ചോദിച്ച് ചോദിച്ച് അവസാനം 1500 റിയാൽ ശമ്പളം പറഞ്ഞു വന്ന ആൾക്ക് ആദ്യത്തെ രണ്ടു മാസവും ശമ്പളമായി കൊടുത്തത് ആയിരം റിയാൽ വീതം ഈ ശമ്പളത്തിന് ആണെങ്കിൽ ജോലിയിൽ തുടരുന്നില്ലെന്നും നാട്ടിലേക്ക് പോയാൽ മതിയെന്നും പറഞ്ഞപ്പോൾ പിന്നീടുള്ള മാസം മുതൽക്കാണ് യഥാർത്ഥ ശമ്പളം കിട്ടിത്തുടങ്ങിയത് ഒരു വർഷം തികയാൻ ആയിട്ടും ലൈസൻസ് എടുത്തു കൊടുത്തിട്ടില്ല വണ്ടിക്ക് ഇൻഷൂറൻസും ഇല്ല കഫീലിന്റെ ഭാര്യയുടെ സ്വഭാവമാണെങ്കിൽ വളരെ വിചിത്രം അവൾ വരുന്നതു വരെ എവിടെയായാലും വണ്ടി സ്റ്റാർട്ട് ചെയ്തു ഏസിയും ഇട്ട് നിർത്തണം ആ സമയത്ത് ഡ്രൈവർ വണ്ടിക്കകത്ത് ഇരിക്കാൻ പാടില്ല ഡ്രൈവർ വണ്ടിയിൽ ഇരുന്നാൽ വണ്ടിയിൽ അയാളുടെ വാസന വരും എന്നാണ് അവളുടെ കണ്ടുപിടുത്തം
പാകിസ്താനികളെ കുറിച്ച് അങ്ങനെ പറയുന്നതിൽ തെറ്റുപറയാൻ പറ്റില്ല അവർ ദിവസവും കുളിക്കുകയോ വസ്ത്രം മാറുകയോ ഇല്ല ഒരിക്കൽ ബിൽഡിങ്ങിലെ ഹാരിസ് ആയ പാകിസ്താനോട് പല്ലുകളെല്ലാം ചുവന്നിരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു
താൻ പല്ലുതേക്കാറില്ലേ
ഉണ്ടല്ലോ എല്ലാ വെള്ളിയാഴ്ചയും തേക്കാറുണ്ട്
വെള്ളിയാഴ്ച മാത്രമോ ദിവസവും തേക്കാറില്ലേ
ദിവസവും തേച്ചിട്ട് കാര്യമില്ല ഞാൻ തമ്പാക്കും പോലെയും എല്ലാം വായിൽ വയ്ക്കുന്നതല്ലേ
കുളിയുടെ കാര്യമോ
ഒരു ദിവസം കുളിക്കും പിറ്റേന്നു കുളിക്കില്ല
അതെന്താ ദിവസവും കുളിക്കാത്തത്
ദിവസവും നമ്മുടെ ശരീരത്തിൽ വെള്ളം വീണാൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും
അതായിരുന്നു അയാളുടെ കണ്ടുപിടിത്തം
പിശുക്കിന്റെ കാര്യത്തിലും മുഹമ്മദിന്റെ മാഡം വളരെ മുന്നിലാണ് പണം നൽകാതെ ഓരോ സാധനങ്ങളും വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെടും അത് അയാൾ സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കി വാങ്ങും പിന്നീട് ചിലതൊക്കെ കഫീലിന്റെ കൈയിൽനിന്നും കിട്ടും ഇതുവരെ കിട്ടാ കുറ്റിയായി മുന്നൂറോളം റിയാൽ അയാൾക്ക് കിട്ടാനുണ്ട് അതുകൊണ്ട് ഇപ്പോൾ സാധനം ഓർഡർ ചെയ്താൽ അയാൾ പണം ഇല്ലെന്നു പറയും ഉടനെ മാടം കഫീലിനെ വിളിക്കാൻ പറയും അയാളുടെ മാടത്തിനും സ്വന്തമായി ജോലി ഉണ്ട് എന്നാലും ആവശ്യങ്ങളൊക്കെ ഭർത്താവിന്റെ കാശ് കൊണ്ട് നടത്താനുള്ള തന്ത്രമാണ് അവൾ കാണിക്കുന്നത് അവള് എന്നല്ല ഭൂരിഭാഗം സൗദി സ്ത്രീകളും ചെയ്യുന്നത് അതുപോലെ തന്നെയാണ് ഭർത്താവിനെ അവർ കാണുന്നത് തങ്ങളുടെ ആവശ്യ പൂർത്തീകരണത്തിനുള്ള ഒരു ഉപാധിയായി ട്ടു മാത്രമാണ്
ഭർത്താവിന്റെ സാമ്പത്തിക സ്ഥിതിയോ സാഹചര്യങ്ങളോ നോക്കാതെ രക്തം ഊറ്റിക്കുടിക്കുന്ന രക്തരക്ഷസ്സുകൾ ആയിട്ടാണ് ഇവരുടെ പെരുമാറ്റം ചുരുക്കം ചിലരൊക്കെ ഭർത്താവിന്റെ വാക്കിനു വില കൽപ്പിച്ചു അടങ്ങിയൊതുങ്ങി കഴിയുന്നവരും ഉണ്ട് അങ്ങനെയുള്ള സ്ത്രീകളെ വിവാഹം ചെയ്തവർ രക്ഷപ്പെട്ടു അല്ലാത്തവർ എല്ലാം സഹിച്ചും ക്ഷമിച്ചും ഒരുതരത്തിൽ ഭാര്യമാരുടെ അടിമകളായി കഴിയുന്നു ഉപദ്രവം സഹിക്കവയ്യാതെ ക്ഷമ നശിച്ചു ഒടുക്കം തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തി വീണ്ടും ഒരു വിവാഹം കഴിക്കാൻ പണമില്ലാതെ തനിച്ച് കഴിയുന്നവരും നിരവധിയാണ് ബിൽഡിങ്ങിൽ മൂന്നാമത്തെ ഡ്രൈവർ ശ്രീ ശ്രീലങ്കക്കാരൻ ഞാനിവിടെ വന്ന് ഒന്നോ രണ്ടോ മാസം മാത്രമേ ജോലിയിൽ തുടർന്നുള്ളൂ അതുകഴിഞ്ഞ് അയാൾ നാട്ടിൽ പോയി എന്ന് അറിഞ്ഞു
അയാളുടെ കഫീൽ അയാളുടെ മാഡം തന്നെയാണ് ഭർത്താവിൽ നിന്നും പിരിഞ്ഞു 20കാരനായ മകനോടും പതിനാലോ പതിനാറോ വയസ്സ് പ്രായമായ മകളോടും കൂടെയാണ് അവർ താമസം അവളുടെ സ്വഭാവങ്ങൾ ശ്രീലങ്കക്കാരൻ പറയുന്നത് കേട്ട് ഞാൻ ശരിക്കും ഞെട്ടി തികച്ചും ഭ്രാന്തമായ സ്വഭാവം എപ്പോഴും പ്രശ്നങ്ങൾ വഴക്ക് തെറി ഇതെല്ലാം അവളുടെ സ്ഥിരം പരിപാടികൾ ആയിരുന്നു ഒരിക്കൽ കടയിൽ കേക്ക് വാങ്ങാൻ കയറി എന്തോ പറഞ്ഞു കടക്കാരനുമായി തെറ്റി വാങ്ങിയ കേക്ക് കൊണ്ട് തന്നെ കടക്കാരനെ അടിച്ചുവെത്ര ചില സമയത്ത് കടിച്ചുപറിച്ചു ബാക്കിയായ ഭക്ഷണമൊക്കെ ഡ്രൈവർക്ക് തിന്നാൻ കൊടുക്കും അതിവിടെ ചില സൗദികളുടെ ഒക്കെ ശീലമാണ് ഭക്ഷണം കളയുന്നത് തെറ്റാണ് എന്ന് പഠിച്ച അവർ ഒരാൾക്ക് ദാനം കൊടുക്കുന്നത് ഉള്ളതിൽ വെച്ച് ഏറ്റവും നല്ലത് കൊടുക്കണമെന്ന് പഠിക്കാൻ മറന്നത് പോലെയാണ് പ്രവർത്തനം
എനിക്കും ചിലപ്പോഴൊക്കെ മാഡത്തിന്റെ വീട്ടിൽനിന്ന് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന കാത്ത് നിൽക്കലിൽ ചില പഴയ ഭക്ഷണമൊക്കെ കിട്ടിയിരുന്നു പഴയതാണെങ്കിലും ഭക്ഷണത്തോടുള്ള ബഹുമാനം കാരണം കേടു വന്നിട്ടില്ലെങ്കിൽ എനിക്ക് ആവശ്യമുണ്ടെങ്കിൽ ഞാനതു കഴിക്കാറുണ്ട് ഒരിക്കൽ വാസന വരാൻ തുടങ്ങിയ അൽപ്പം ചോറ് എനിക്ക് തന്നു അതു ഞാൻ അതു പോലെ തിരിച്ചു കൊടുത്തു എനിക്കിപ്പോൾ വിശപ്പില്ല എന്നു മാത്രം പറഞ്ഞു ഇനി റൊട്ടിയും കറിയുമാണ് കിട്ടിയതെങ്കിൽ കോഴിക്കറിയാണ് എന്നറിയിക്കാൻ പോലും അതിൽ ഒരു കശനവും കാണില്ല ഇതൊക്കെ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ
ശ്രീലങ്കക്കാരൻ രണ്ടുവർഷം തികയാൻ നാലു മാസം ബാക്കി നിൽക്കേയാണ് പെട്ടെന്ന് നാട്ടിലേക്ക് പോയത് ഒരിക്കൽ സൂക്കിൽ നിന്നും അയാൾ മാടത്തെ തിരിച്ചെടുക്കാൻ ചെന്നപ്പോൾ അവൾ അകത്തു നിന്നും തള്ളിവന്ന ഉന്തുവണ്ടി ഡ്രൈവർ ചെന്നു വാങ്ങിയില്ല എന്നും പറഞ്ഞു കാലിലെ ചെരുപ്പ് ഊരി അയാളെ അടിക്കുകയായിരുന്നു എത്ര എന്നിട്ട് അവൾ തന്നെ പോലീസിനെ വിളിച്ചുവരുത്തി അവളുടെ മകനും മറ്റാരൊക്കെയോ വന്നു തൽക്കാലം ഡ്രൈവറെ സുഹൃത്തിന്റെ റൂമിൽ പോവാൻ വേണ്ടി പറഞ്ഞുവിട്ടു കുറച്ചു ദിവസങ്ങൾക്കകം അയാളെ നാട്ടിലേക്ക് കയറ്റിവിട്ടു ഇതൊക്കെ പാകിസ്താനിയായ മുഹമ്മദ് പറഞ്ഞാണ് ഞാനറിഞ്ഞത് �� കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഹാരിസ് വഴി പാകിസ്താനിയായ ഒരു പുതിയ ഡ്രൈവറെ ശ്രീലങ്കക്കാരനു പകരമായി കൊണ്ടുവന്നു അയാൾക്ക് സൗദിയിൽ ജോലി ചെയ്ത് വലിയ പരിചയമില്ലാത്ത ആളായിരുന്നു
ഡിസംബർ 29 ആം തീയതി ഞാൻ മാഡത്തിന്റെ വീട്ടിൽ ഓട്ടങ്ങൾ ഒന്നും ഇല്ലാതെ വെറുതെ ഇരിക്കുകയായിരുന്നു രാത്രി പത്തുമണി ആയപ്പോൾ അവളുടെ ഉപ്പ അടുത്തുള്ള ഒരു ഓഡിറ്റോറിയത്തിലേക്ക് കല്യാണത്തിനു പോവുകയാണെന്നും രാത്രി ഭക്ഷണം അവിടെ നിന്നും കഴിക്കാൻ എന്നോടും കൂടെ ചെല്ലാൻ പറഞ്ഞു ഞാനില്ലെന്നു പറഞ്ഞെങ്കിലും ഇവിടെ ഇനി ഓട്ടങ്ങൾ ഒന്നുമില്ലെന്ന് അയാൾ പറഞ്ഞപ്പോൾ ഞാനും കൂടെ ചെന്നു അതിനുമുൻപ് സമ്മതം ചോദിക്കാൻ വേണ്ടി മാഡത്തിന്റെ മൊബൈലിലേക്ക് ഞാൻ വിളിച്ചെങ്കിലും അവൾ ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല സാധാരണ ഓട്ടങ്ങൾ ഒന്നുമില്ലാതെ രാത്രി ഒരുമണിവരെ അവിടെനിന്ന് ഞാൻ തിരിച്ചു റൂമിലേക്ക് പോരലാണ് പതിവ് ഞാനും അവളുടെ ഉപ്പയും ചെറിയ അനിയനും കല്യാണത്തിന് പോയി അവിടെ എത്തി അല്പം കഴിഞ്ഞപ്പോൾ മാഡത്തിന്റെ വിളിവന്നു ഞാൻ കല്യാണത്തിന് പോന്നതാണെന്നും നിന്റെ ഉപ്പ നിർബന്ധിച്ചതുകൊണ്ട് കൂടെ പോന്നതാണെന്നും പറഞ്ഞപ്പോൾ അവൾ തെല്ലൊന്ന് അടങ്ങി ഭക്ഷണം കഴിച്ചാലുടനെ തിരിച്ചുവരണമെന്നും ജോലിക്കാരിയെ അവളുടെ വീട്ടിലേക്കു കൊണ്ടുപോയി വിടാൻ ഉണ്ടെന്നും പറഞ്ഞു ഫോൺ കട്ടായി
എന്റെ സ്വസ്ഥത മുഴുവൻ നഷ്ടപ്പെട്ടു ഭക്ഷണം കിട്ടുമല്ലോ എന്നു കരുതി അയാളുടെ കൂടെ പോരാൻ തോന്നിയ നിമിഷത്തെ ഞാനൊരുപാട് വിഷമത്തോടെ മറക്കാൻ ശ്രമിച്ചു കല്യാണ വീട്ടിലെ പാട്ടും ബഹളവും കഴിഞ്ഞു ചോറ് വിളമ്പിയപ്പോഴേക്കും 12 മണിയായി അപ്പോഴേക്കും മാഡം മൂന്നുതവണ വിളിക്കുകയും എന്നെ പറയാവുന്നത് ഒക്കെ പറയുകയും ചെയ്തു ഭക്ഷണത്തിനൊന്നും എനിക്കൊരു രുചിയും തോന്നിയില്ല എന്തൊക്കെയോ അല്പം വാരിവലിച്ച് കഴിച്ച് രണ്ടുമൂന്നു മിനിറ്റിനുള്ളിൽ ഞാൻ പുറത്തു കടന്നു പിന്നെയും 20 മിനുട്ടോളം കഴിഞ്ഞാണ് അവളുടെ ഉപ്പയും അനിയനും പുറത്തേക്കു വന്നത് ആ സമയം ഞാൻ പുറത്ത് നിന്ന് അനുഭവിച്ചമാനസികസമ്മർദ്ദം എത്രത്തോളമാണെന്ന് ഒരു കണക്കുമില്ല നടന്നുപോകാവുന്ന ദൂരത്താണെങ്കിൽ അവളുടെ ആദ്യ വിളി വരുമ്പോൾ തന്നെ ഞാൻ തിരിച്ചുപോയിരുന്നു ഞങ്ങൾ വന്നത് അവളുടെ ഉപ്പയുടെ വണ്ടിയിൽ ആയതുകൊണ്ട് തിരിച്ചു പോവണമെങ്കിൽ 20 രൂപയെങ്കിലും ടാക്സിക്ക് കൊടുക്കണം
എല്ലാം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ സമയം 12 40 അതിനിടയിൽ മാഡം എത്ര തവണ വിളിചെന്നോ എന്തെല്ലാം പറഞ്ഞെന്നോ എനിക്കൊരു ഓർമ്മയുമില്ല വീടിനടുത്ത് എത്തിയപ്പോഴേക്കും ജോലിക്കാരിയോട് മുകളിൽ നിന്നും ഇറങ്ങാൻ വേണ്ടി ഞാൻ മാഡത്തെ വിളിച്ചു പറഞ്ഞു ഞങ്ങൾ വണ്ടി പാർക്ക് ചെയ്തപ്പോഴേക്കും അവൾ താഴെയെത്തി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു അവളെ അകത്തിരുത്തി യാമിനിയുടെ റൂമിലേക്ക് ഓടി അവിടെ ഞാൻ നേരത്തെ ചാർജ്ജ് ചെയ്യാൻ വെച്ചിരുന്ന എന്റെ ടാബ് എടുത്ത് തിരിച്ചുവന്ന് വണ്ടി എടുക്കുന്നതിനു മുൻപായി മൂത്രമൊഴിക്കാൻ വേണ്ടി തൊട്ടടുത്ത ബാത്ത് റൂമിലേക്ക് പോയി ആ സമയത്ത് ഞാൻ ടാബ് എന്റെ വണ്ടിയുടെ ബോണറ്റിന്റെ മുകളിൽ വച്ചു മൂത്രമൊഴിച്ച് തിരിച്ചുവന്നു ഞാൻ വണ്ടിയുമെടുത്ത് വേഗത്തിൽ ഓടിച്ചുപോയി ആദ്യമായി പോയത് പമ്പിലെക്കായിരുന്നു എണ്ണയടിച്ചു ജോലിക്കാരിയുടെ വീടു ലക്ഷ്യമാക്കിവണ്ടി ചീറിപ്പാഞ്ഞു
ആരേഴു മിനുട്ട് നേരത്തെ ഓട്ടത്തിനു ശേഷമാണ് എന്റെ ടാബ് വണ്ടിക്കകത്ത് ഇല്ലെന്ന് ഞാൻ മനസ്സിലാക്കിയത് അപ്പോഴേക്കും വണ്ടി പകുതിയിൽ അധികം ദൂരം പിന്നിട്ടിരുന്നു പതിയെ പതിയെ വെപ്രാളത്തിനിടയിൽ ഞാൻ ചെയ്ത ഓരോ കാര്യങ്ങൾ എന്റെ മനസ്സിലേക്കു വന്നു ഞാൻ എന്റെ ചെറിയ മൊബൈലിൽ നിന്നും ടാബിലുള്ള നമ്പറിലേക്ക് വിളിച്ചു കൊണ്ടിരുന്നു ആദ്യമൊന്നും റിംഗ് ചെയ്തിട്ടും പ്രതികരണം ഒന്നും ഇല്ലെങ്കിലും ജോലിക്കാരിയെ അവളുടെ വീട്ടിൽ ഇറക്കി രണ്ടു മിനിറ്റ് കഴിഞ്ഞു ഞാൻ വിളിച്ചപ്പോൾ മറുതലക്കൽ ഫോണെടുത്തു പക്ഷേ ഇങ്ങോട്ട് ഒന്നും സംസാരിക്കുന്നില്ല അത് ആരുടെയോ കയ്യിൽ പെട്ടു എന്നു തീർച്ചയായി ഞാൻ തിരിച്ചുവന്നു വഴികളിലൊക്കെ അന്വേഷിച്ചെങ്കിലും എല്ലാവരോടും ചോദിച്ചു നോക്കിയെങ്കിലും ഒരു തെളിവും കിട്ടിയില്ല ഒന്നു രണ്ടു മണിക്കൂർ നേരംവിളിക്കുമ്പോൾ ഫോണെടുത്ത് മിണ്ടാതെ നിന്നു അവസാനം ഫോൺ സ്വിച്ച് ഓഫാക്കുകയും ചെയ്തു
മൂത്രമൊഴിച്ച് തിരിച്ചുവന്നു ഞാൻ ബോണറ്റും കഴിഞ്ഞ് ഡ്രൈവിങ് സീറ്റിലേക്ക് പോയപ്പോൾ വെള്ള കാറിനുമുകളിൽ കറുത്ത കവറിൽ ഉള്ളഅത്യാവശ്യം കാണാൻ വലിപ്പമുള്ള ടാബ് കണ്ടില്ല എന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലപക്ഷേ അപ്പോഴത്തെ എന്റെ മാനസികാവസ്ഥ അതായിരുന്നു ഇനി ഞാൻമൂത്രമൊഴിക്കാൻ പോയ സമയത്ത് മറ്റാരെങ്കിലും അത് എടുത്തതാണെങ്കിൽ അത് ജോലിക്കാരി ആവാനേ സാദ്ധ്യതയുള്ളൂ കാരണം ആ സമയത്ത് അവൾ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു പോയത് പോയി അതിന്റെ പേരിൽ ആരെയും സംശയിക്കുന്നതിൽ അർത്ഥമില്ല തെറ്റ് എന്റേതാണ് മാടത്തിന്റെ വിളിയും വഴക്കും കേൾക്കുന്നതോടെ ഞാൻ എന്നെത്തന്നെ മറന്ന് പേടിച്ച് വെപ്രാളപ്പെട്ട് ഓരോന്നു ചെയ്യും ടാബ് നഷ്ടപ്പെട്ട ഈ സംഭവം മാത്രം മതി ഞാൻ അവളോടൊപ്പം എത്രത്തോളം പേടിച്ചാണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ
അവൾ വിചാരിക്കുന്ന സമയത്ത് വിചാരിക്കുന്നത് നടന്നിരിക്കണം ഇല്ലെങ്കിൽ അതു നടക്കുന്നതുവരെ വഴക്കും ശകാരവും തന്നെ തിരിച്ചൊന്നും പറയാനും പാടില്ല ഫോണടിക്കുമ്പോൾഎടുക്കാതിരിക്കാനും പാടില്ല ഉടനെ കഫീലിന്റെ കാതിൽ വിവരം എത്തും പിന്നെ കേന്ദ്രത്തിൽനിന്നുള്ള നടപടികൾ വരും എന്ത് ചെയ്യാൻ അള്ളാഹു ഉദ്ദേശിക്കുന്ന കാലാവധി എത്തുന്നതു വരെ ക്ഷമിക്കുക തന്നെ ടാബ് നഷ്ടപ്പെട്ട അന്നുതന്നെ എന്റെ അക്കൗണ്ടിലേക്ക് ഈ മാസത്തെ ശമ്പളം വന്നിരുന്നു ഒന്നുരണ്ട് ദിവസം പണം കയ്യിൽ വച്ചാൽ ഞാൻ ഒരു ടാബോ മൊബൈലോ വാങ്ങുമായിരുന്നതുകൊണ്ട് അന്നുതന്നെ പണം ഞാൻ നാട്ടിലേക്ക് അയച്ചു 18000 രൂപ ഇനിയുള്ള ഒരു മാസം ഇന്റർനെറ്റും നാട്ടിലേക്കുള്ള വിളികൾ ഒന്നുമില്ലാതെ കഴിയാമെന്നും അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ മാത്രം മൊബൈൽ വാങ്ങലിനെ കുറിച്ച് ചിന്തിക്കാം എന്നും ഞാൻ തീരുമാനിച്ചു
പക്ഷേ നാട്ടുകാരുടെ കൂടെയല്ലാതെ തനിച്ച് ഒറ്റപ്പെട്ട ഒരു സ്ഥലത്ത് താമസിക്കുന്ന എനിക്ക് മൊബൈലും നെറ്റും കൂടാതെ മുന്നോട്ടു പോകാൻ അത്ര എളുപ്പമായിരുന്നില്ല ഒന്നുരണ്ട് ദിവസം ഞാൻ വളരെ അസ്വസ്ഥനായിരുന്നു തനിച്ചു കഴിയുന്നതിന്റെ ഒറ്റപ്പെടൽ ശരിക്കും ആ ദിവസങ്ങളിലാണ് ഞാൻ അനുഭവിച്ചത് ഭക്ഷണം പാചകം ചെയ്യാനോ കഴിക്കാനോ ഒന്നിനും തോന്നുന്നില്ല റൂമിൽ കരുതിയിരുന്ന ബ്രഡോ മറ്റോ കഴിച്ചു രണ്ടു ദിവസം ഞാൻ കഴിച്ചു കൂട്ടി നിരന്തരം ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരു മൊബൈൽ പുഴു ഒന്നും ആയിരുന്നില്ല ഞാൻ നാട്ടിൽ വച്ച് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ശീലം എനിക്കില്ലായിരുന്നു വിദേശത്ത് ആയിരിക്കുമ്പോൾ നാട്ടിലേക്ക് വിളിക്കുവാനും മറ്റും ചിലവ് കുറഞ്ഞ മാർഗം എന്ന നിലയിലാണ് നെറ്റ് ഉപയോഗിക്കാൻ തുടങ്ങുന്നത് അതും സ്ഥിരമായി ഒന്നുമില്ല ജോലിക്കിടയിലെ ഒഴിവുസമയങ്ങളിൽ കുളിയും പാചകം ചെയ്യലും മറ്റെല്ലാ ജോലികളും തീർത് കിട്ടുന്ന അല്പസമയം മാത്രമായിരുന്നു ഞാൻ നെറ്റ് ഉപയോഗിച്ചിരുന്നത്
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അസ്വസ്ഥത നാട്ടിലെ 6000 7000 രൂപ വിലമതിക്കുന്ന എന്റെ ടാബ് നഷ്ടപ്പെട്ടതിലുള്ള സങ്കടം മാത്രമല്ല വീട്ടിലേക്ക് സ്ഥിരമായി വിളിക്കുവാനും നാട്ടിലെയും ഇവിടെയും ഉള്ള സുഹൃത്തുക്കളുമായി ബന്ധപ്പെടാനുമൊക്കെ യുള്ള എന്റെ ഏക മാർഗം ആ ടാബ് മാത്രമായിരുന്നു ജോലിക്കിടയിൽ ഉള്ള കഷ്ടപ്പാടിലും മാനസിക വിഷമങ്ങളിലും ഒക്കെ ഉള്ള ഏക ആശ്വാസവും നെറ്റ് വഴി പുറംലോകവുമായുള്ള ബന്ധവും മൊബൈലിലേക്ക് നാട്ടിൽ നിന്നും ഭാര്യ അയച്ചുതന്നിരുന്നു മോളുടെ ഫോട്ടോകളും ഒക്കെ ആയിരുന്നു എല്ലാം നഷ്ടപ്പെട്ടു സഹിക്കുകയും ക്ഷമിക്കുകയും അല്ലാതെ മറ്റൊന്നും ചെയ്യാനില്ല ടാബ് നഷ്ടപ്പെടുക മാത്രമല്ലേ ചെയ്തത് മറ്റു അത്യാഹിതങ്ങളോന്നും സംഭവിച്ചില്ലല്ലോ എന്നു കരുതി ഞാൻ അത് മറക്കാൻ ശ്രമിച്ചു മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ അളിയന്റെ അടുത്ത് പഴയ ഒരു മൊബൈൽ വെറുതെ കിടക്കുന്നുണ്ടെന്ന് അറിഞ്ഞു അൽപം ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും തൽക്കാല ഉപയോഗത്തിനായി ഞാനത് കൊണ്ടുവന്നു പഴയപോലെ നാട്ടിലേക്കുള്ള വിളിയും മറ്റുമൊക്കെ തുടർന്നു അതോടെ അല്പം ആശ്വാസം ഒക്കെ തോന്നി തുടങ്ങി
പ്രസവാനന്തര പാർട്ടികൾ മാടത്തിന്റെ ഉമ്മയുടെ വീട്ടിൽ വച്ചും ഞങ്ങളുടെ വീട്ടിൽ വെച്ചും സ്ഥിരമായി നടന്നുകൊണ്ടിരുന്നു ആകപ്പാടെ 100 150 രൂപ ചിലവിൽ നടത്തുന്ന പാർട്ടിക്ക് പിന്നിലുള്ള പ്രധാന ഉദ്ദേശം വരുന്നവർ കൊണ്ടുവരുന്ന വിലകൂടിയ സമ്മാനങ്ങൾ ആണ് അതിനാണ് പ്രസവിച്ചു എന്ന് ഒറ്റക്കാരണത്താൽ അറുപിശുക്കരായ മാടവും അവളുടെ വീട്ടുകാരും ഈ പാർട്ടികളൊക്കെ നടത്തുന്നത് ഒരൊറ്റ പാർട്ടിക്ക് പോലും തൊട്ടടുത്ത ഫ്ലാറ്റിൽ ഉള്ള കഫീലിന്റെ ഉമ്മയെ ക്ഷണിച്ചിട്ടില്ല അവര് എന്നെ കാണുമ്പോഴൊക്കെ സങ്കടം പറയും ഞാൻ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കും ആദ്യം ഉണ്ടായ കുട്ടികളുടെയൊക്കെ പാർട്ടികൾ വലിയ രൂപത്തിൽ കഫീലിന്റെ ഉമ്മാന്റെ കാശുകൊണ്ടാണ് നടത്തിയിരുന്നത് എന്നൊക്കെ ആ ഉമ്മ പറഞ്ഞിട്ട് ഞാൻ അറിഞ്ഞു
എണ്ണ അടിക്കാൻ നേരത്തുള്ള പ്രശ്നങ്ങളെല്ലാം പൂർവ്വാധികം ശക്തിയോടെ തന്നെ തുടർന്നു കൊണ്ടിരുന്നു ഒരിക്കൽ എന്റെ വണ്ടിയിൽ മാടവും അവളുടെ ഉമ്മയും ഒരു ഓട്ടം പോരുകയാണ് കഫീൽ അയാളുടെ വണ്ടിയിൽ ഞങ്ങളുടെ അല്പം മുന്നിലുണ്ട് അയാൾ എണ്ണ അടിക്കാൻ പമ്പിലെക്ക് കയറിയപ്പോൾ ഞാനും കൂടെ കയറി എന്റെ വണ്ടിയിലും എണ്ണ തീർന്നിരുന്നു ഭർത്താവിന്റെ കൺവെട്ടം കണ്ടതോടെ മാഡം പിശുക്കിന്റെ അവസാനത്തെ അമ്പ് പുറത്തെടുത്തു തന്റെ കൈയിൽ പണമില്ലെന്നും കഫീലിന്റെ അടുത്തുനിന്ന് ചെന്നു വാങ്ങാനും പറഞ്ഞു ഞാൻ വണ്ടിയിൽ നിന്നിറങ്ങി കഫീലിന്റെ വണ്ടിയുടെ അടുത്തേക്ക് ചെന്നു തലയിൽ ചൊറിഞ്ഞു ഭിക്ഷ യാജിക്കാൻ തുടങ്ങി പിശുക്കിന്റെ കാര്യത്തിൽ തന്റെ ഭാര്യക്ക് പോലും തന്നെ തോൽപ്പിക്കാൻ കഴിയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കഫീൽ പണമില്ലെന്ന് പറഞ്ഞ് കൈമലർത്തി
ഞാൻ തിരിച്ചു വണ്ടിയിലേക്ക് വന്നു എണ്ണ തീർന്ന് വഴിയിൽ നിൽക്കുന്നത് വരെ വണ്ടി ഓടിക്കാൻ ആയിരുന്നു എന്റെ തീരുമാനമെങ്കിലും വണ്ടിയിലുണ്ടായിരുന്ന അവളുടെ ഉമ്മതന്ന പത്ത് റിയാൽ കൊണ്ട് അന്നത്തെ കാര്യം രക്ഷപ്പെട്ടു ഒന്നുരണ്ടു തവണ കഫീൽ വിളിച്ചു പറഞ്ഞതു പ്രകാരം അവന്റെ ഉമ്മയെ കുട്ടികളെ മദ്രസയിൽ നിന്നും തിരിച്ചു കൊണ്ട് വരാൻ പോകുന്ന സമയത്ത് കൂടെ കൂട്ടി വഴിയിൽ അവരുടെ ബന്ധു വീട്ടിൽ ഇറക്കി കൊടുത്തിരുന്നു ഇത് മാഡം അറിഞ്ഞതോടെ എന്നോട് കയർക്കുവാൻ തുടങ്ങി ഞാൻ ഞാൻ അടിച്ച എണ്ണയും കൊണ്ട് താൻ നാട്ടുകാരുടെ മുഴുവൻ ഓട്ടവും പോവുകയാണല്ലോ എന്നൊക്കെ പറഞ്ഞു എന്നെ ശല്യം ചെയ്യാൻ തുടങ്ങി ഉമ്മാക്ക് വേണ്ടി പ്രത്യേകം ഓട്ടം പോയിട്ടില്ലെന്നും മദ്രസയിലേക്ക് പോകുന്ന വഴി കൂടെ കൊണ്ടു പോയതാണെന്നും ഒക്കെ ഞാൻ പറഞ്ഞു അവൾക്ക് അതൊന്നും കേൾക്കേണ്ടയിരുന്നു ടാക്സി വിളിച്ചു പോവുകയാണെങ്കിൽ പണം കൊടുക്കേണ്ടേ അപ്പോൾ പിന്നെ അവരെ കൊണ്ടു വണ്ടിയിലേക്ക് എണ്ണ അടുപ്പിക്കണം എന്നായിരുന്നു അവളുടെ കൽപ്പന
ഇനി എപ്പോൾ അവർ വണ്ടിയിൽ കയറിയാലും എണ്ണ അടിപ്പിക്കണമെന്ന നിയമം അന്നു മുതൽ പ്രാബല്യത്തിൽ വന്നു ഞാൻ സമ്മതം മൂളി എങ്കിലും ചെയ്തത് മറ്റൊന്നാണ് ആ പാവം ഉമ്മാന്റെ ഓട്ടം പോകുമ്പോൾ കഫിലിന്റെ പണം എന്റെ കയ്യിലുള്ള തിൽ നിന്നും ഞാൻ എണ്ണ അടിക്കും എണ്ണ അടിച്ചോ എന്ന മാഡത്തിന്റെ ചോദ്യത്തിന് സത്യസന്ധമായി മറുപടിയും പറയാം എനിക്ക് കേൾക്കേണ്ടിവരുന്ന വഴക്ക് ഇല്ലാതാക്കുകയും ചെയ്യാം പുതിയ കുട്ടി ജനിച്ചതിന്റെ പേരിൽ കഫീൽ ആടിനെ അറുത്ത് മാംസം വിതരണം ചെയ്തിരുന്നു എനിക്ക് കിട്ടിയോ എന്നവന്റെ ഉമ്മ ചോദിച്ചു ഇല്ലെന്നു പറഞ്ഞപ്പോൾ അവർക്ക് അത്ഭുതമായിരുന്നു എന്നാൽ അന്ന് വൈകുന്നേരം കഫീൽ എന്നെ മുകളിലേക്കു വിളിപ്പിച്ചു ഒരു ചെറിയ കഷണം ആട്ടിറച്ചി തന്നു വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നി കാരണം മുക്കാൽ പങ്കും ഉപയോഗശൂന്യമായ നെയ്യ് ആയിരുന്നു പിന്നീട് അവന്റെ ഉമ്മയെ കണ്ടപ്പോൾ ഇറച്ചി കിട്ടിയ കാര്യം ഞാൻ പറഞ്ഞു അപ്പോഴാണ് ഞാൻ അറിയുന്നത് ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി തന്നതാണെന്ന് നാട്ടുകാർക്ക് മുഴുവൻ ദാനം കൊടുത്ത താൻ തന്റെ കൺമുമ്പിലുള്ള ജോലിക്കാരനെ കണ്ടില്ലേ എന്നും ചോദിച്ചു കഫീലിന്റെ ഉമ്മ അയാളോട് ദേഷ്യപ്പെട്ടു അങ്ങിനെയാണ് ഗത്യന്തരമില്ലാതെ നെയ്യ് കവറിലാക്കി എനിക്ക് തന്നത്
ടാബ് നഷ്ടപ്പെട്ടതോടെ നിറം മങ്ങിയ പുതുവത്സരം ആയിട്ടാണ് 2017 എനിക്ക് തോന്നിയത് പക്ഷേ ഈ വർഷത്തിലേക്ക് പ്രവേശിച്ചു 14 ദിവസങ്ങൾ കൂടി കഴിഞ്ഞു പോയാൽ നാട്ടിൽ നിന്നും വന്നിട്ട് ഒരു വർഷം തികയും എന്നത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരുവർഷം ഇവരോടൊപ്പം തികക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല ഒന്നല്ല ഒരു നൂറു വർഷം കഴിഞ്ഞാലും എന്നോടുള്ള പെരുമാറ്റം ഒരു അടിമയോട് എന്നപോലെ തന്നെയാവും എന്ന് ഓർമിപ്പിക്കുന്ന ചില സംഭവങ്ങൾ അടുത്ത ദിവസങ്ങളിലായി നടന്നു സ്ത്രീകളുടെ പാർട്ടി നടത്തുന്ന ഒരു ദിവസം ഓരോരോ സാധനങ്ങൾ ആയി കടയിൽ പോയി വാങ്ങലും മുകളിലേക്ക് കൊണ്ടുപോയി കൊടുക്കലും നടന്നുകൊണ്ടിരിക്കേ താഴെ എന്റെ റൂമിൽ വന്നു ഞാനൊന്നു മൂത്രമൊഴിക്കാൻ പോയതായിരുന്നു സാധാരണ ചെറിയ മൊബൈൽ കൈയ്യിൽ കരുതാറുണ്ട് എങ്കിലും ഇത്തവണ മറന്നു റൂമിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ എന്റെ മൊബൈൽ ശബ്ദിക്കുന്നത് ഞാൻ കേട്ടിരുന്നു പക്ഷേ അടുത്തെത്തിയപ്പോഴേക്കും കട്ടായി മാഡമാണ് വിളിച്ചത് അടുത്ത വിളിക്കായി ഞാൻ കാത്തു നിന്നെങ്കിലും വിളി വന്നത് കഫീലിന്റെ തായിരുന്നു അതും രണ്ടു മിനിറ്റിനുള്ളിൽ
താൻ എവിടെയാണ്
ഞാൻ എന്റെ റൂമിൽ
എന്നിട്ട് താൻ എന്ത് കൊണ്ട് മാഡം വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നു താൻ അവിടെ എന്തെടുക്കുകയാണ്
ഇപ്പോൾ വിളിച്ചതേ ഉള്ളൂ ഞാനൊന്നു മൂത്രമൊഴിക്കാൻ പോയപ്പോഴേക്കും വിളിച്ചു കട്ടായി രണ്ടു മിനുട്ട് കഴിഞ്ഞ് ഒന്നുകൂടി വിളിച്ചു നോക്കിയാൽ പോരേ
നാസർ താൻ അധികം സംസാരിക്കണ്ട എന്താണ് ഫോൺ എടുക്കാത്തത് എന്നതിന് മൂത്രമൊഴിക്കാൻ പോയി എന്നു മാത്രം മറുപടി പറഞ്ഞാൽ മതി അല്ലാതെ സംസാരം അധികരിപ്പിക്കേണ്ട തനിക്ക് മനസ്സിലായോ
ദേഷ്യവും സങ്കടവും എല്ലാം വന്നിട്ടും ന്യായം എന്റെ ഭാഗത്താണ് എന്ന് അറിയാമായിരുന്നിട്ടും ഞാൻ അയാളോട് പറഞ്ഞത് ഒരേ ഒരു വാക്കു മാത്രം ആയിരുന്നു 'എന്നോട് ക്ഷമിക്കണം '
പിറ്റേന്ന് സമാനമായ മറ്റൊരു സംഭവമുണ്ടായി രാത്രി നിസ്കാരം കഴിഞ്ഞ് തൊട്ടടുത്ത പാകിസ്താനി ഹോട്ടലിലേക്ക് റൊട്ടി വാങ്ങാൻ ചെന്ന സമയത്ത് മാഡത്തിന്റെ വിളിവന്നു ഇപ്പോൾ വരാം രണ്ടു മിനിട്ട് എന്നു പറഞ്ഞതും അവൾ ചാടി വീണു എന്തിന് രണ്ടു മിനുട്ട് താനെവിടെക്കാ പോയത് ഞാനിവിടെ ഹോട്ടലിലാണ് ഹോട്ടലിലേക്ക് താൻ എങ്ങനെ വണ്ടി എടുത്താണോ അതോ നടന്നാണോ പോയത് ഞാനെവിടെ പോകാനും തന്റെ വണ്ടി എടുക്കാറില്ലെന്ന് തനിക്കറിയില്ലേ ഫോൺ കട്ടായി ഇനി മക്കളെ ആരെയെങ്കിലും താഴേക്ക് പറഞ്ഞയച്ചു വണ്ടി അവിടെ തന്നെ ഉണ്ടോ എന്നൊക്കെ നോക്കിയാലേ അവൾക്ക് സമാദാനമാവൂ ഇതാണ് സ്ഥിതി അതുകൊണ്ട് ഒരു വർഷം തികയുമ്പോഴും ജോലിയിൽ പ്രത്യേകിച്ച് ആശ്വാസം ഒന്നും പ്രതീക്ഷിക്കേണ്ട.
(തുടരും)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot