'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
Part 11
മാഡത്തിന്റെ വീട്ടുകാരിൽ നിന്നും വളരെ വ്യത്യസ്തരാണ് കഫീലിന്റെ വീട്ടുകാർ അവിടെ കഫീലിന്റെ ഉമ്മമാത്രമേയുള്ളൂ പിന്നെയുള്ളത് ഒരു സഹോദരി മാത്രം അവളെ വിവാഹം കഴിച്ചയച്ചു ഇവർ രണ്ടുപേരുടെയും ഓട്ടങ്ങൾ എനിക്കു വളരെ അപൂർവമായേ ഉണ്ടാകാറുള്ളൂ അതിനു മാഡം സമ്മതം കൊടുക്കില്ല എന്ന് തന്നെ കാരണം എങ്കിലും ഇടയ്ക്ക് കഫീൽ എന്നെ വിളിച്ച് വീട്ടിലേക്ക് വല്ല സാധനങ്ങളും വാങ്ങി കൊടുക്കുവാനും ചിലപ്പോഴൊക്കെ ഉമ്മയെ അടുത്ത് എവിടെയെങ്കിലും കൊണ്ടുപോയി ആക്കാനും ഒക്കെ പറയും വല്ലപ്പോഴും ഓട്ടം പോവുകയാണെങ്കിൽ തന്നെ അമ്മായിയമ്മ ചോദിക്കുന്നതിനൊന്നും മറുപടി പറയരുത് എന്ന് മാഡം പറഞ്ഞതാണെങ്കിലും ഞാൻ ആ ഉമ്മയോട് കാണുമ്പോഴൊക്കെ സംസാരിക്കുമായിരുന്നു പെണ്ണ് എന്ന വർഗ്ഗം ആയതുകൊണ്ട് അമ്മായി അമ്മയും മരുമകളും പരസ്പരം അറിയേണ്ടതെല്ലാം എന്നോട് ചോദിക്കുമായിരുന്നു അവർക്കിടയിൽ ഞാൻ നുണ പറഞ്ഞു കഷ്ടപ്പെടാൻ പോകാറില്ല എന്നോട് ചോദിക്കുന്നതിൽ ഒക്കെ രണ്ടുപേരോടും പരമാവധി സത്യസന്ധമായി തന്നെ ഞാൻ മറുപടി പറഞ്ഞു
സത്യത്തിൽ ആ ഉമ്മയോട് സംസാരിക്കുമ്പോൾ പലപ്പോഴും എനിക്ക് സങ്കടം തോന്നാറുണ്ട് ഭർത്താവു മൊഴി ചൊല്ലി തന്റെ മകന്റെ കൂടെ കഴിയേണ്ടി വന്നതിനെ പുറമേ അവർ സൗദി അല്ലാത്തത് കാരണം സ്വന്തം മരുമകളുടെ അടുക്കൽനിന്നും അവളുടെ കുടുംബക്കാരിൽ നിന്നും ഒക്കെ വളരെ ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു ആ ഉമ്മ ഭാര്യയുടെ വാക്കിന് എതിരു പറയാത്ത മകൻ കൂടിയായപ്പോൾ എല്ലാം പൂർണമായി പലപ്പോഴും സംസാരത്തിൽനിന്ന് ഞാൻ അവരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി അവരുടെ കുടുംബം ഇവിടെയുണ്ട് അവിടേക്ക് മാത്രമാണ് അവർ ഇടയ്ക്കു് പോയിക്കൊണ്ടിരുന്നത് മാഡവും കുട്ടികളും അവളുടെ വീട്ടുകാരും ഏതെല്ലാം പാർക്കുകളിലും ഹോട്ടലുകളിലും മറ്റും പോകുന്നുണ്ട് പക്ഷേ ഇവരെ എങ്ങോട്ടും കൊണ്ടുപോകാറില്ല ' എന്റെ മോൻ പാവമാണ് എന്നോട് അല്പം സംസാരിക്കാൻ പോലും അവനു തിരക്കാണ് ജോലി കഴിഞ്ഞു വന്നാൽ ഭക്ഷണം കഴിച്ച ഉടനെ കിടക്കാൻ പോകും . വല്ലതും ചോദിച്ചാൽ ആ ആ എന്നു മാത്രം മറുപടി പറയും അവനൊന്നും കടുപ്പിച്ച് സംസാരിക്കാൻ പോലും പറ്റില്ല ഉടനെ അവൾ അവളുടെ വീട്ടിലേക്കു പോകും അവൾക്ക് വീടും ഉമ്മയും എല്ലാവരും ഉണ്ടല്ലോ ഞാനെവിടെ പോകാൻ എനിക്ക് ഉമ്മയും മറ്റും ഇല്ലല്ലോ '
സങ്കടത്തോടെ ഇത്രയും പറഞ്ഞപ്പോൾ ആ പാവം അമ്മയുടെ കണ്ണുകളിൽ ഞാൻ കണ്ട ഭാവം എന്തായിരുന്നു അതേ നിസ്സഹായവസ്ഥ തന്നെയല്ലേ കുറച്ചുകാലം മുമ്പ് എന്റെ ഉമ്മയുടെ കണ്ണുകളിലെ ഭാവം. അന്ന് ഞാൻ ഉമ്മയുടെ കണ്ണുകളിൽ കണ്ടത് ഇന്നും എനിക്കറിയില്ല അത് എന്താണെന്ന് പേടിയോ വിഷമമോ എന്തിനും കൂടെ നിൽക്കേണ്ട സ്വന്തം ഭർത്താവ് പോലും മകന്റെയും മരുമകളുടെയും ഭാഗം നന്നാക്കിയപ്പോൾ തോന്നിയ ഒറ്റപ്പെടലോ അറിയില്ല എന്തായിരുന്നെന്ന്. പലപ്പോഴും എന്റെ ഉമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് 'വിഷമം വരുമ്പോൾ രണ്ട് ദിവസം പോയി നിൽക്കാൻ എനിക്ക് വീടോ വീട്ടുകാരോ ഇല്ലല്ലോ' എന്ന് ഉമ്മയെ തള്ളിപ്പറഞ്ഞവർക്ക് വേണ്ടി തന്നെയല്ലേ ആകെ സ്വന്തം പേരിൽ ഉണ്ടായിരുന്ന കുറച്ചു ഭൂമി വിൽക്കാൻ ഉമ്മസമ്മതിച്ചത് എന്നിട്ടും സ്വന്തം മക്കളോട് ഉമ്മ കരുണയില്ലാതെ പെരുമാറി എന്നു പറയാൻ എല്ലാവരേയും സ്നേഹിക്കാൻ മാത്രം പഠിപ്പിച്ചവർക്ക് എങ്ങനെ സാധിച്ചു അറിയില്ല
അതുപോലെ അതേ നിസ്സഹായാവസ്ഥയിൽ ഉള്ള ഒരുമ്മ തന്നെയാണ് ഇവരും എവിടെയെങ്കിലും ഓട്ടം പോയി മടങ്ങിവരുമ്പോൾ എനിക്ക് വല്ലതുമൊക്കെ തരാറുണ്ടായിരുന്നു ആ ഉമ്മ വിളിക്കുമ്പോഴൊക്കെ ഞാൻ ചെല്ലാൻ വേണ്ടിയാകും എനിക്ക് ജൂസ് സാൻവിച്ച് ഒക്കെ വാങ്ങി തരും അല്ലെങ്കിൽ അഞ്ചോ പത്തോ റിയാൽ തരും ചിലപ്പോൾ ഞാൻ വേണ്ടെന്നു പറയും ചിലപ്പോൾ വാങ്ങും മകൻ കൊടുക്കുന്ന തല്ലാതെ അവർക്ക് വേറെ എവിടെ നിന്നാണ് പണം കിട്ടുന്നത് ഈ ഉമ്മക്കു കഫീലിനെ കൂടാതെ ഒരു മകൾ കൂടിയുണ്ട് സ്വഭാവത്തിന്റെ കാര്യത്തിൽ എന്നെ അത്ഭുതപ്പെടുത്തിയത് അവളാണ് ഇവിടെയുള്ളവരുടെ കൂട്ടത്തിൽ ഏറ്റവും നല്ല സ്വഭാവമുള്ളത് അവൾക്കായിരുന്നു അവളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് എന്നും ഓർമ്മ വരുന്നത് എന്റെ വലിയ പെങ്ങളെയാണ് രണ്ടുപേരും ഒരേ സ്വഭാവക്കാർ ആരോടും എതിർപ്പില്ല ഒന്നിനോടും വാശിയില്ല മറ്റുള്ളവർ എന്തെങ്കിലും വേദനിപ്പിച്ചാലും എല്ലാം സഹിക്കും ഒരു പെണ്ണിന് വേണ്ട സ്വഭാവഗുണങ്ങൾ ആയ അടക്കവും ഒതുക്കവും ക്ഷമയും വേണ്ടുവോളം ഉള്ളവർ
അമ്മായിയമ്മയോട് യുദ്ധം ചെയ്യുന്ന മാഡത്തിന് പോലും ഇവളോട് സ്നേഹമായിരുന്നു വല്ലപ്പോഴുമൊക്കെ മാഡത്തിന്റെ കൂടെ എന്റെ വണ്ടിയിൽ അവളും സൂക്കിലേക്കോ മറ്റോ ഒക്കെ വരുമായിരുന്നു അവളുടെ കല്യാണം അടുത്ത് കഴിഞ്ഞതാണ് ഞാൻ ഇവിടെ വരുമ്പോൾ ഗർഭിണിയായിരുന്നു ഭർത്താവിന്റെ കൂടെ കഫീലിന്റെ വീട്ടിൽ നിന്നും അല്പം ദൂരെ ആണ് താമസം ഇടക്ക് ഉമ്മയോട് ഒപ്പം താമസിക്കാൻ വരും അവൾക്ക് 'മദർ കെയർ' എന്ന സ്ഥാപനത്തിൽ ജോലിയും ഉണ്ട് വളരെ അപൂർവമായി അവളുടെ വല്ല ചെറിയ ഓട്ടവും പോകാൻ ചിലപ്പോൾ കഫീൽ എന്നെ ഏൽപ്പിക്കും വണ്ടിയിൽ വന്നു കയറിയാൽ ഉടനെ സലാം പറയും വിശേഷങ്ങൾ അന്വേഷിക്കും ജോലി എങ്ങനെയുണ്ടെന്ന് ചോദിക്കും വീട്ടിലെ എന്റെ മോളുടെ വിശേഷങ്ങളും അന്വേഷിക്കും അവളുടെ കവർ കീസ് ഒന്നും അവൾ എന്നെ കൊണ്ട് ചുമപ്പിക്കില്ല ഭക്ഷണം വാങ്ങുന്നുണ്ടെങ്കിൽ എന്നോടും എന്താണ് വേണ്ടതെങ്കിൽ വാങ്ങാൻ പറയും പക്ഷേ ഞാൻ അവൾക്കു വേണ്ടത് മാത്രം വാങ്ങും ഞാനൊന്നും വാങ്ങിയില്ല എന്ന് മനസ്സിലാക്കിയാൽ വണ്ടിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ എന്റെ കയ്യിൽ പണം വച്ചുതരും നന്നായിട്ട് പോയി ഭക്ഷണം കഴിക്കണം എന്നു പറയും ഇറങ്ങി പോകുമ്പോഴും ഞാൻ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുമ്പോഴും 'വളരെ നന്ദി നിന്നെ അല്ലാഹു രക്ഷിക്കട്ടെ അർഹമായ പ്രതിഫലം തരട്ടെ' എന്നൊക്കെ പറയും ആ ഒരു വാക്കു മാത്രം മതിയല്ലോ ഒരു ജോലിക്കാരനെ സംബന്ധിച്ച് അയാളുടെ എല്ലാ കഷ്ടപ്പാടുകളും മറക്കാൻ
ഒരിക്കൽ വണ്ടി നിറയെ ആളുകളുമായി ഒരു ഓട്ടം കഴിഞ്ഞ് വന്ന് ഞാൻ വണ്ടി നിർത്തി മാഡവും അവളുടെ അനിയത്തിമാരും വണ്ടി നിർത്തിയ ഉടനെ, മരുഭൂമിയിലെ കച്ചവട സംഘത്തിലെ ഒട്ടകങ്ങളെ പോലെ വരിവരിയായി ഫ്ലാറ്റിലേക്ക് കയറിപ്പോയി കുറച്ച് സാധനങ്ങൾ വണ്ടിയിലും കുറച്ച് വണ്ടിയുടെ ഡിക്കിയിൽ ഉം ഉണ്ട് എല്ലാം പെറുക്കി മുകളിൽ കൊണ്ടുപോയി കൊടുക്കാനായി ഞാൻ ഒരുങ്ങുമ്പോൾ കഫീലിന്റെ പെങ്ങൾ മാത്രം അവരോടൊപ്പം പോവാതെ ഓരോന്നു പെറുക്കി എടുക്കുന്നുണ്ടായിരുന്നു സത്യത്തിൽ സാധനങ്ങൾ മുഴുവനും മാഡത്തിന്റെയും അനിയത്തിമാരുടെയും ആണ് മാത്രമല്ല ഇവൾ ഗർഭിണിയും ആയത് കാരണം തനിച്ചു പടികൾ കയറി പോകാൻ തന്നെ പ്രയാസമാണ് ഞാനുടനെ അതെല്ലാം വാങ്ങി ഞാൻ കൊണ്ടുവന്ന് തരാം നീ പൊയ്ക്കോളൂ നീ ഗർഭിണിയല്ലേ എന്നു പറഞ്ഞു വളരെ നന്ദി നാസർ നിങ്ങൾക്ക് അള്ളാഹു നല്ലത് വരുത്തട്ടെ എന്നുപറഞ്ഞ് അവൾ പോയി ലോകത്തിന്റെ ഏതു കോണിലും ഇങ്ങനെയുള്ള ആളുകളെ കാണുമ്പോൾ നമുക്ക് വല്ലാത്ത ഒരു ആശ്വാസം ആണ് ലഭിക്കുന്നത്
കഷ്ടപ്പാടുകൾ മാത്രമല്ല ചില ചെറിയ ആശ്വാസങ്ങളും എനിക്കിവിടെ ഉണ്ടായിരുന്നു പ്രശ്നങ്ങളും പ്രയാസങ്ങളും മറക്കുവാനുള്ള ഒരു എളുപ്പവഴിയാണ് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കുന്നതും നമ്മളെക്കാൾ കഷ്ടപ്പാടുകൾ ഉള്ളവരെ കുറിച്ച് ആലോചിച്ചു സ്വയം സമാധാനിക്കുന്നതും പല സ്ഥലങ്ങളിലേക്കും ഓട്ടം പോകുമ്പോൾ അവിടെയുള്ള ഡ്രൈവർമാർ എല്ലാം പരസ്പരം പരിചയപ്പെടലും വിശേഷങ്ങൾ അന്വേഷിക്കലും സാധാരണമാണ് അത് പല രാഷ്ട്രത്തിൽ നിന്നുമുള്ള പല തരക്കാരായ ഡ്രൈവർമാർ ആയിരിക്കും കൂടുതലും അവർ സംസാരിക്കുന്നത് ജോലിചെയ്യുന്ന വീടുകളിലെ സൗദികളെ കുറിച്ചുള്ള കുറ്റങ്ങളും മറ്റുമായിരിക്കും ഞാനും മറ്റു ഡ്രൈവർമാരോട് സംസാരിക്കാറുണ്ടായിരുന്നു അവർ ജോലി ചെയ്യുന്ന വീട് എന്റെ മുതലാളിമാരെ കാൾ കഷ്ടപ്പാട് ആണെങ്കിൽ ഞാനെന്റെ അവസ്ഥയിൽ സന്തോഷിക്കുകയും അവരോടു ക്ഷമിക്കുവാനും മറ്റും പറഞ്ഞ് അവരെ ആശ്വസിപ്പിക്കും എല്ലാവരും ഇതുപോലെയൊക്കെ ആണെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിക്കും ചില ഡ്രൈവർമാർ കഴിയുന്നത് നല്ല സൗകര്യത്തിലും സുഖത്തിലും ആണെങ്കിലും മനസ്സിന് ആശ്വാസം തോന്നും ചിലർക്കെങ്കിലും ഇവിടെ വന്ന് ഇങ്ങനെയൊക്കെ കഴിയാൻ സാധിക്കുന്നുണ്ടല്ലോ എന്ന് ചിന്തിക്കും
മറ്റുപല ഡ്രൈവർമാരെയും ബന്ധപ്പെടുത്തി നോക്കുമ്പോൾ എനിക്കുള്ള സൗകര്യങ്ങൾ ഞാൻ മനസ്സിലാക്കി കഫീലും കൂട്ടരും ഫ്ളാറ്റിൽ താമസം ആയതു കാരണം എനിക്ക് വീടു കഴിക്കുക മുറ്റമടിക്കുക ചെടി നനയ്ക്കുക എന്നിങ്ങനെ ഒരു വീട്ടു വേലക്കാരന്റെ ജോലികൾ ഒന്നുമില്ല ഒരു വീട്ടിലാണ് ഞാൻ ഡ്രൈവർ ജോലി ചെയ്യുന്നതെങ്കിൽ ഇതെല്ലാം എന്റെ ജോലിയിൽ പെട്ടതായിരുന്നു കഫീലിന്റെ വീട്ടിൽ നിന്നും അല്പം മാറി താമസിക്കുന്നതു കൊണ്ട് എന്തെങ്കിലും ആവശ്യത്തിനു മാത്രമേ എന്നെ വിളിക്കൂ വെറുതെ തക്കാളി, ഉള്ളി എന്ന് പറഞ്ഞു ഓരോന്നിനും ഓരോ വട്ടം പോവേണ്ടി വരില്ല ദിവസത്തിന്റെ നല്ലൊരു ഭാഗവും ഞാൻ വണ്ടി ഓടിക്കുന്നത് കൊണ്ടും ഞാൻ ഇവിടെ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വണ്ടി കഴുകുവാനുള്ള ഒരു തുണിയോ ഫെയറിയോ വാങ്ങി തരാത്തത് കൊണ്ടും എല്ലാ ദിവസവും വണ്ടി കഴുകെണ്ട ബുദ്ധിമുട്ടും എനിക്കില്ല വണ്ടിയിൽ പൊടിയാണ് ചെളിയാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒരിക്കൽ ഒരു ബക്കറ്റും തുണിയും സോപ്മൊക്കെ തരാനും അവന്റെ ഫ്ലാറ്റിൻറെ താഴത്തെ പൈപ്പിൽനിന്ന് വെള്ളം പിടിക്കാനും ഒക്കെ പറഞ്ഞതാണ്
വെള്ളത്തിന്റെ കാര്യം ആ ബില്ഡിങ്ങിന്റെ ഹാരിസുമായി അവൻ സംസാരിച്ചു അയാൾ സമ്മതിച്ചില്ല എന്ന് തോന്നുന്നു ഹാരിസ് മാർക്ക് അങ്ങോട്ടു വല്ല ഉപകാരവും ചെയ്യുന്നവർക്ക് അവർ തിരിച്ചും സഹകരിക്കുകയുള്ളൂ ഒരിക്കൽ എന്നെ പരിചയപ്പെട്ട തൊട്ടടുത്ത ബിൽഡിങ്ങിലെ ഹാരിസ് എന്നോട് പറഞ്ഞത് 'എന്റെ 14 വർഷത്തെ സേവനത്തിനിടയിൽ ഇതു പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല അയാൾ ഇവിടെ വന്നിട്ട് പത്തുവർഷം ആയിട്ടുണ്ടാവും ഇന്നേ വരെ ഒരാൾക്കും ഒരു റിയാൽ പോലും കിട്ടിയിട്ടില്ല' എന്നാണ് അതൊക്കെ സത്യത്തിൽ എനിക്ക് ഉപകാരപ്പെട്ടു ജോലിത്തിരക്കിനിടയിൽ വണ്ടി കൂടി കഴുക്കേണ്ട ല്ലോ ആഴ്ചയിലോ മറ്റോ ഒരിക്കൽ മാഡത്തിന്റെ വീട്ടിൽ വച്ച് അവിടത്തെ യെമനി വാങ്ങിവച്ച തുണിയും സോപ്പും എടുത്തു കഴുകാനാണ് എന്നോട് പറഞ്ഞത്
എനിക്കുണ്ടായിരുന്ന പ്രധാന ആശ്വാസം ഒരുപാട് നാട്ടുകാരും ഒത്തുള്ള താമസം തന്നെയായിരുന്നു റൂമിലിരിക്കുന്ന സമയത്ത് മറ്റുള്ള എല്ലാ വിഷമങ്ങളും ഞാൻ മറന്നു പിന്നെയുള്ള ആശ്വാസം ജിദ്ദയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും മാഡം ഓട്ടം പോകുമായിരുന്നു മാളുകളിലേക്ക്, കടപ്പുറത്തേക്ക്, ദീപ് പോലുള്ള വില്ല കളിലേക്ക് , പാർക്കുകളിലേക്ക് ഇങ്ങനെ പല സ്ഥലങ്ങളിലേക്കും പോകുമ്പോൾ എനിക്കും അവിടെ കാണാനും ഇരിക്കാനും കറങ്ങാനും ഒക്കെ സമയം കിട്ടും അതും ഒരു തരത്തിൽ സന്തോഷം തന്നെ ഏതെങ്കിലുമൊരു കടയിൽ ആണ് ജോലിയെങ്കിൽ ഇത്രയും സ്ഥലങ്ങൾ കാണാനും സഞ്ചരിക്കാനും കഴിയില്ലല്ലോ പ്രത്യേകിച്ച് എന്നെപ്പോലെ യാത്രയെ സ്നേഹിക്കുന്ന ഒരാൾക്ക് ഇതും ഒരു വലിയ ആശ്വാസം തന്നെ സ്വഭാവം മോശമുള്ള മാഡവും അവളുടെ താളത്തിനു തുള്ളുന്ന കഫീലും ആണെങ്കിലും ഞാൻ ഇവിടെയുള്ള ഡ്രൈവർമാരുടെ കൂട്ടത്തിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നവൻ ഒന്നുമല്ല ചില ഡ്രൈവർമാരുടെ അവസ്ഥ കേട്ടാൽ അത്ഭുതപ്പെട്ടുപോകും
മാസങ്ങളായി ശമ്പളം കിട്ടാത്തവർ വന്നിട്ടു മാസങ്ങൾ കഴിഞ്ഞു ഇക്കാമ എടുത്തു കൊടുക്കാത്തവർ ലൈസൻസ് എടുത്തു കൊടുക്കാത്തവർ വണ്ടിയുടെ പേപ്പറോ ഇഖാമയോ ഇല്ലാത്തതിനു ഫൈൻ വന്നാൽ ഡ്രൈവർമാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുന്നവർ വണ്ടിക്കു വരുന്ന കേടുപാടുകൾ ടയർ പൊട്ടുക എന്നിവയ്ക്ക് ശമ്പളം കട്ട് ചെയ്യുന്നവർ ഇങ്ങനെ വിചിത്ര സ്വഭാവമുള്ള കഫിലൻമാരുള്ള വരുടെ അവസ്ഥയുമായി തട്ടിച്ചു നോക്കിയാൽ ഞാൻ ഒക്കെ എത്രയോ ഭാഗ്യവാൻ ഓരോ വീട്ടിലും ഓരോ തരത്തിൽ വ്യത്യസ്തമായ പ്രശ്നങ്ങളായിരിക്കും ചിലരുടെ കഫീൽ മാന്യൻ ആണെങ്കിൽ മാഡം മോശം ആയിരിക്കും ചിലർക്ക് നേരെ തിരിച്ചും വേറെ ചിലർക്ക് പ്രായമായവരെ കൊണ്ടുള്ള ശല്യം ആണെങ്കിൽ മറ്റുചിലർക്ക് ചെറുപ്പക്കാരികളുടെ ജാഡയും മറ്റും ആയിരിക്കാം ശല്യം ചില പണക്കാരായ പെണ്ണുങ്ങൾക്ക് ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങി പുറത്തു വന്നു വാതിൽ തുറന്നു കൊടുക്കണം എന്നാലെ അവരിറങ്ങു
അതുപോലെ ചില വീട്ടിൽ മൂന്നു നാലു പെൺമക്കൾ ഉണ്ടാകും അവർക്കൊക്കെ വ്യത്യസ്ത വണ്ടികളും കാണും ഒരാൾ അവളുടെ വണ്ടിയിൽ കയറി ഒരിടത്തു പോയി ഇറങ്ങും അടുത്ത ആൾ വേറൊരിടത്തേക്ക് വേറൊരു വണ്ടിയിൽ പോകും അത് കഴിഞ്ഞ് അടുത്ത ആൾ ഇങ്ങനെ പോകുന്നു ഇനി പോയവർക്ക് തിരിച്ചുപോരാനും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വണ്ടികൾ തന്നെ വേണം മാറ്റമില്ലാതെ എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്നത് ഡ്രൈവറെ മാത്രമാണ് ഇങ്ങനെ നാല് പെൺമക്കളും നാലു വണ്ടികളുമായി പണ്ട് ഒരു വീട്ടിൽ കഷ്ടപെട്ട കാര്യം ഒരിക്കൽ പരിചയപ്പെട്ട ഒരു മലയാളി എന്നോട് പങ്കു വച്ചു ഇതുപോലെയുള്ള പ്രശ്നങ്ങളൊന്നും എനിക്കില്ലല്ലോ എന്നും ചിന്തിച്ച് കിട്ടിയ സൗകര്യങ്ങൾ ക്കൊക്കെ പടച്ചവന് നന്ദി പറഞ്ഞു ഉള്ള പ്രയാസങ്ങളൊക്കെ മറക്കാൻ ശ്രമിച്ചു എന്റെ പ്രവാസം പതിയെ മുന്നോട്ടു പോയി കൊണ്ടിരുന്നു
മെയ് മാസം അവസാനിക്കുന്നതിനു മുമ്പായി മദ്രസകൾ എല്ലാം അടച്ചു ഇനി നോമ്പും പെരുന്നാളും വലിയ പെരുന്നാളും കഴിഞ്ഞ് മാത്രമേ മദ്രസ തുറക്കു നീണ്ട നാലു മാസത്തെ അവധിയാണ് മദ്രസ അടച്ചതോടെ ഒരു വലിയ ഭാരം ഇറക്കിവച്ച ആശ്വാസമായി എനിക്ക് കാരണം പയ്യനേയും കൂട്ടി ഒറ്റക്കുള്ള യാത്ര എനിക്ക് അത്രയ്ക്ക് കഷ്ടമായിരുന്നു കുട്ടികൾക്ക് രണ്ടുപേർക്കും അവധി ആയതോടെ മാഡവും അവരോടൊപ്പം കുറച്ചു ദിവസം അവധിയെടുത്തു സാധാരണ വെക്കേഷൻ സമയത്ത് എല്ലാ വർഷവും ഇവർ പുറത്തു പോകാറുണ്ട് ഇത്തവണ അതുണ്ടാകുമെന്നു തോന്നുന്നില്ല കാരണം മാഡം ഗർഭിണി ആണല്ലോ
ഒരിക്കൽ ഞാൻ കഫീലിന്റെ സമ്മതം വാങ്ങി അളിയാക്കാനെയും കൂട്ടി മറ്റൊരു അളിയന്റെ റൂമിൽ പോയി ഓട്ടം കഴിഞ്ഞ് വന്ന് രാത്രി ഉറങ്ങാൻ ഉള്ള സമയത്താണ് പോകുന്നതെന്നും എണ്ണ ഞാൻ എടുത്തോളാം എന്നുമൊക്കെ പറഞ്ഞ് ഒരു വിധത്തിൽ ഞാൻ സമ്മതം വാങ്ങുകയായിരുന്നു അതുകഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞു എണ്ണ അടിക്കാൻ പണം ചോദിച്ചപ്പോൾ കഫീലിന്റെ മറുചോദ്യം അപ്പോൾ താൻ അടിച്ചില്ലേ എന്ന് ഇയാളുടെ ഇത്തരം പിശുക്ക് കണ്ടപ്പോൾ എനിക്ക് ഒരിക്കൽ ഒരു സംശയം തോന്നി ഞാൻ നെറ്റിൽ വണ്ടി നമ്പർ അടിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് എന്റെ വണ്ടിക്ക് ഇൻഷുറൻസ് ഇല്ല എന്ന് ഇവിടുത്തെ നിയമം അനുസരിച്ച് ട്രാഫിക് പോലീസ് ചെക്ക് ചെയ്യുന്നത് വണ്ടിയുടെ രേഖയും ഡ്രൈവറുടെ ലൈസൻസും മാത്രമാണ് മറ്റുള്ള വണ്ടികളുമായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോഴാണ് ഇൻഷൂറൻസ് ഉപകാരപ്പെടുന്നത് ഇൻഷുറൻസ് ഇല്ലാത്ത വണ്ടിയാണ് മറ്റൊരു വണ്ടിക്ക് ഇടിച്ചതെങ്കിൽ വണ്ടി ഓടിച്ച ആൾ മറ്റു വണ്ടികൾക്ക് നഷ്ടപരിഹാരം കൊടുക്കണം
എല്ലാ കാര്യത്തിലും വളരെ കൃത്യത പാലിക്കുന്നവർ മാത്രമേ വണ്ടിക്ക് ഇൻഷുറൻസ് എടുക്കാറുള്ളൂ നല്ലൊരു ശതമാനം സൗദികളും ഇൻഷൂറൻസ് ഇല്ലാതെയാണ് വാഹനമോടിക്കുന്നത് വണ്ടി ഇടിക്കുന്നത് ഡ്രൈവറുടെ അടുത്ത് നിന്നാണെങ്കിൽ പോലീസ് കൊണ്ടുപോകുന്നത് ഡ്രൈവറെ ആയിരിക്കും മറ്റുള്ള വണ്ടികൾ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരം കൊടുക്കുന്നത് വരെ അയാൾക്ക് സൗദിയിലെ ജയിലിൽ കഴിയാം വണ്ടി പോയി ഇടിക്കുന്നത് വിലകൂടിയ മുന്തിയ ഇനം വാഹനങ്ങളിൽ ആണെങ്കിൽ അല്ലെങ്കിൽ ആളുകളുടെ ദേഹത്ത് ആണെങ്കിൽ നഷ്ടപരിഹാരത്തുക യും അതിനനുസരിച്ച് കൂടും ലക്ഷക്കണക്കിന് റിയാൽ നഷ്ടപരിഹാരം കൊടുക്കാൻ കഴിയാതെ സ്വന്തം കഫീലും കയ്യൊഴിഞ്ഞു ജയിലുകളിൽ കഴിയുന്ന എത്രയോ വിദേശികൾ ഉണ്ട് അവരിൽ ചിലർ മലയാളികളുമാണ് ചിലർ നാട്ടിലെ വീടും മറ്റും വിറ്റ് ആവശ്യപ്പെട്ട നഷ്ടപരിഹാരം കൊടുത്ത് ജയിലിൽ നിന്നും രക്ഷപ്പെടും മറ്റുചിലർ അതുകൊണ്ടും തീരാതെ ജയിലുകളിൽ വർഷങ്ങളോളം തള്ളിനീക്കും പ്രശ്നങ്ങൾക്ക് കാരണമായ വണ്ടിയോ ആ വണ്ടിയുടെ ഉടമസ്ഥനെയോ ഇവിടുത്തെ നിയമം ഒന്നും ചെയ്യില്ല ബലിയാടാകുന്നത് പാവം ഡ്രൈവർമാർ മാത്രമാണ്
ഞാൻ ഓടിക്കുന്ന വണ്ടിക്ക് ഇൻഷുറൻസ് ഇല്ല എന്ന് മനസ്സിലാക്കിയ ഉടനെ ഞാൻ കഫീലിനെ വിളിച്ച് കാര്യം പറഞ്ഞു അയാൾക്ക് അത് തമാശയായിരുന്നു 'എത്രയും പെട്ടെന്ന് ഇൻഷുറൻസ് എടുക്കണം വല്ല ആളുകളും വണ്ടിയുടെ മുന്നിലേക്ക് ചാടിയാൽ എനിക്കെന്റെ നാടു കാണാൻ കഴിയില്ല' എന്നൊക്കെ ഞാൻ നല്ല നിലയിൽ പറഞ്ഞു 'ഖൈർ ഇന്ഷാ അല്ലാഹ്' എന്നായിരുന്നു അയാളുടെ മറുപടി ദിവസങ്ങൾ കഴിഞ്ഞപ്പോയും ആ വിഷയത്തിൽ പിന്നീട് മറുപടിയൊന്നും കണ്ടില്ല പക്ഷേ മറ്റൊരു സംഭവം നടന്നു മദ്രസ അടച്ചു കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഞാൻ ഓടിക്കാറുള്ള ചെറിയ വണ്ടി വർക്ഷോപ്പിൽ കയറ്റി മുന്നിലും പിന്നിലുമായി കെട്ടി വെച്ചിരുന്ന പല ഭാഗങ്ങളും മാറ്റലും നന്നാക്കലും എല്ലാം നടത്തി വണ്ടി മൊത്തത്തിൽ പൈന്റും അടിച്ചു ഇപ്പോൾ പുറമേയുള്ള വണ്ടിയുടെ വൃത്തികേടൊക്കെ മാറി പക്ഷെ അപ്പോഴും എൻജിൻ പരമായി പണിയൊന്നും എടുപ്പിക്കാത്തതു കൊണ്ട് വണ്ടി ഓടിക്കാൻ ഒരു സുഖവും ഉണ്ടായിരുന്നില്ല അങ്ങനെയിരിക്കെ ഒരിക്കൽ ഞാനും കഫീലും തമ്മിൽ ഒരു വലിയ വഴക്ക് നടന്നു. അതിനൊരു കാരണം ഉണ്ടായി....
(തുടരും )
(തുടരും )
Abdul Naser
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക