Slider

സ്നേഹത്തിന്റെ അടയാളങ്ങൾ

0
Image may contain: 1 person, motorcycle

ഷൈനൂ ആ ടവ്വൽ ഇങ്ങെടുത്തേ.."
കുളിമുറിയിൽ കയറിയാൽ എന്നുമുള്ളതാണീ വിളിച്ച്‌ കൂവൽ.
"വരുന്ന് കൊരങ്ങാ..
തലയിൽ എണ്ണ പൊത്തട്ടെ "....
"കള്ളൻ എനിക്കറീല്ലേ ടവ്വലിനൊന്നുമല്ലാന്ന്."
മൂക്കിൻ തുമ്പിൽ പിടിച്ച്‌ കശക്കി കൊണ്ട്‌ അവൾ പരിഭവിക്കും.
ഷവ്വറിൽ നിന്ന് വീഴുന്ന തണുത്ത വെള്ളത്തിനു കീഴെ ഒരു ശരീരമായി ഒട്ടി
നിൽക്കുമ്പോൾ അവളോട്‌ അവൻ മന്ത്രിക്കും.
"നമുക്ക്‌ കുളിക്കാൻ എന്തിനാടീ രണ്ട്‌ ബക്കറ്റിലെ വെള്ളം.. "
അവളെ ഒന്ന് കൂടി പുണർന്ന് അവനും.
"ഇക്ക ഒന്നീ ഹുക്ക്‌ ഇട്ട്‌ തന്നേ.."
" കിണുങ്ങല്ലേ കെട്ടുന്നതിനു മുന്നെ
ഇതൊക്കെ ആരാ ഇട്ട്‌ തന്നോണ്ടിരുന്നെ നിനക്ക്‌?"
ഇത്തിരി ഗൗരവം വരുത്തി അവൻ.
"ബഡായി പറയാണ്ട്‌ അത്‌ ഒന്നിട്ടൂട്‌ മനുഷ്യാ..
അന്നൊന്നും ഇത്രക്ക്‌ ടൈറ്റുണ്ടായിരുന്നില്ല"
അവളുടെ കൊഞ്ചലിനിടയിൽ
പിൻ കഴുത്തിലെ
കറുത്ത പുള്ളിയിൽ ചുണ്ടമമർത്തുമ്പോൾ ഒന്ന് പിടഞ്ഞ്‌ അവൾ പറയും.
"പത്ത്‌ മണിയുടെ ബസ്സിനു പോണേൽ വേഗായിക്കോ സമയം ഒമ്പതര കഴിഞ്ഞു."
"ഇന്നിനി പതിനൊന്ന് മണിയുടെ ബസ്സ്‌
നോക്കിയാ മതി"
ഹുക്കും വലിച്ചെറിഞ്ഞ്‌ അവളെയുമെടുത്ത്‌ ബെഡിലേക്ക്‌ വീഴുമ്പോ
അവൾ ചോദിക്കും.
"എന്ന് തീരും ഈ കൊതി."
"എടീ ആ കർട്ടൻ ഇത്തിരി നീക്കി ഇടൂ നാണമില്ലേ നിനക്ക്‌ ഈ പകൽ വെളിച്ചത്തിൽ."
"പൊട്ടാ.. കല്ല്യാണം കഴിഞ്ഞ ആണിനും പെണ്ണിനുമിടയിൽ നാണമെന്ന പദമില്ലാന്നറിയില്ലേ ഇനിക്ക്‌."
ഒടുവിൽ ആ ആലില വയറിലെ നനുത്ത
രോമത്തിൽ മുഖമമർത്തി കിടക്കുമ്പോൾ അവൻ മന്ത്രിക്കും.
"എടീ അഥവാ ഞാൻ പെട്ടെന്നെങ്ങാലും മയ്യത്തായാൽ പള്ളീൽ ഖബറിൽ കോണ്ടോകുന്നതിനിടയിൽ ‌ ഒരു പത്ത്‌ മിനുട്ട്‌ നീയീ വയറിൽ എന്റെ മുഖം ചേർത്ത് കിടത്തണേടീ"
"പോ ശെയ്ത്താനേ അതിനു ഇഞ്ഞി പോകുമ്പോ ഈ വയറും കൂടി കൊണ്ടോയിക്കോ"
അവളുടെ ഒരു കിഴുക്ക്‌ തലക്ക്‌ കിട്ടിയാലും പിന്നെയും കിടക്കും കുറേ നേരം ആ സ്നേഹത്തിന്റെ നൈർമ്മല്ല്യമുള്ള ആ
അടിവാരത്തിൽ..
ആ പെണ്ണാ എന്നോട് ഇപ്പൊ ‌ ഇങ്ങനെ കാണിക്കുന്നേ..
ഷാഹുലിനു സങ്കടം സഹിക്കാൻ പറ്റാണ്ടായിട്ടുണ്ട്‌.
അവൾ വല്ലാതെ അകറ്റി നിർത്തും പോലെ.
കടിഞ്ഞൂൽ പ്രസവം കഴിഞ്ഞു ആറു മാസം കഴിഞ്ഞു വരാൻ.
സിസേറിയനായിരുന്നു.
ഒരു പാട്‌ ആളുകളുള്ള അവളുടെ വീട്ടിൽ ചെന്നാൽ കുട്ടിയേയോ അവളെയോ ഒന്ന് നേരെ ചൊവ്വേ കാണാൻ പോലും പറ്റില്ല.
‌ ഇങ്ങോട്ട്‌ വരാൻ നാളെണ്ണി കാത്തിരുന്ന എന്റെ കുസൃതികൾക്കൊന്നും അവൾക്കിപ്പൊ പഴയ താൽപര്യമില്ലാത്തത്‌ പോലെ.
എന്ത്‌ പറ്റി എന്റെ ഷാഹിനക്ക്‌??
എന്തൊക്കെ മറന്നാലും ഇന്ന് കുളിക്കാൻ കയറുന്നതിനു മുന്നെ ടവ്വൽ കുളിമുറിയിൽ റെഡിയാക്കുന്നു.
എവിടെ എങ്കിലും പോകണമെങ്കിൽ അവൾ ഒരുങ്ങുന്നതിനു മുന്നെ മുറി അകത്ത്‌ നിന്ന് കുറ്റിയിടുന്നു.
ഒന്നിനും ഇപ്പൊ തന്റെ ആവശ്യങ്ങൾക്ക്‌ വേണ്ടി പഴയ പോലെ കെഞ്ചി അവൾ വരാറില്ല.
ഒന്നിച്ച്‌ കിടക്കാൻ അനുവദിക്കുന്നത്‌ പോലും രാത്രി മാത്രം.
പല ഇഷ്ടങ്ങളും മന: പൂർവ്വം
ഉള്ളിലൊതുക്കി കഴിഞ്ഞു കൂടിയെങ്കിലും
ബെഡ്‌ മുറിയിൽ ഒരു അന്യനായി പോയത്‌ പോലെ ഷാഹുലിനു തോന്നി.
എന്ത്‌ പറ്റി അവൾക്ക്‌?
എന്തോ ഒരു അകൽച്ച അവൾ കാണിക്കുന്നത്‌ പോലെ.
ബെഡ്‌ റൂമിൽ വന്നാലും മിക്കസമയവും കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ മുഴുവൻ. താനിങ്ങനൊരാൾ ഉള്ള കാര്യം പോലും മറന്നത്‌ പോലെ.
ഒരു ദിവസം രാത്രി കുഞ്ഞുറങ്ങിയതിനു ശേഷം മെല്ലെ മുഖം അവളുടെ വയറിലേക്കെത്തിച്ചപ്പോൾ വല്ലാത്ത ദേഷ്യത്തിലാ അവൾ മുഖം പിടിച്ച്‌ മാറ്റിയത്‌. അത്‌ ഒത്തിരി വല്ലാതെ അവനെ ചൊടിപ്പിച്ചു.
ദേഷ്യം വന്ന് രണ്ട്‌ വർത്തമാനം അവളോട്‌ പറയാൻ വേണ്ടി തന്നെയാ ലൈറ്റിടാൻ നോക്കിയത്‌.
തടഞ്ഞ അവളുടെ കൈ തട്ടി മാറ്റി ലൈറ്റിട്ടപ്പൊ സാരി കൊണ്ട്‌ വയർ മറക്കാനുള്ള വിഫല ശ്രമം നടത്തിയ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഒരു മാത്ര അവളുടെ വയറിലേക്ക്‌ നോക്കിയ അവന്റെ മുഖവും ചുളിഞ്ഞു പോയി. അതവൾ കണ്ടു എന്ന് തോന്നിയപ്പൊ മെല്ലെ അവളുടെ മുഖം കൈയ്യിലേക്കെടുത്ത്‌ അവൻ ചോദിച്ചു.
"എന്തു പറ്റിയെന്റെ മുത്തിനു? "
അവൾ അവന്റെ കൈകളിൽ മുഖം ചേർത്ത്‌ വിതുമ്പി.
"എന്റെ വയർ കാണുമ്പോ എനിക്ക്‌ തന്നെ വല്ലാണ്ട്‌ തോന്ന്വാ ഇക്കാ.. അതോണ്ടാ ഞാൻ ഇക്കാനോട്‌ ലൈറ്റിടല്ലേന്ന് പറഞ്ഞേ"
മെല്ലെ അവളുടെ വയറിൽ കൈകൾ
തലോടി ഒടുവിൽ ആ
വയറിൽമുഖമമർത്തി അവൻ പറഞ്ഞു.
"ന്റെ ഷൈനൂ ഞാനും നീയും നമ്മുടെ ഉമ്മമാരുടെ ഇത്തരം ഒരുപാട്‌ വേദനകളിലൂടെയും സങ്കടങ്ങളിലൂടെയും
തന്നെയാ ഇത്രക്ക്‌ വണ്ണം വച്ച്‌ വലുതായത്‌.
അങ്ങോട്ട്‌ നോക്കിയാ നമ്മുടെ കുഞ്ഞിനെ, അതിനു വേണ്ടി ഇനിയും നമ്മൾ ഒരു പാട്‌ സഹിക്കുകയും നഷ്ടപ്പെടുത്തേണ്ടിയും വരും അതൊന്നും വല്ല്യ കാര്യല്ല പെണ്ണേ.. മനസ്സിലെ സ്നേഹല്ലേ ഏറ്റവും വലുത്‌. "
അവിടെ ശരീരത്തിന്റെ ഇത്തരം കലകൾക്കെന്ത്‌ സ്ഥാനം?.
അതും പറഞ്ഞ്‌ അവളുടെ വയറിലെ ചുളിഞ്ഞ കലകൾക്കിടയിൽ മുഖം ചേർക്കുമ്പോ അവൻ പിന്നെയും പറഞ്ഞു.
"ന്നാലും മയ്യത്തായാൽ ഒരു പത്ത്‌ മിനുട്ടും കൂടി..."
"ഇഞ്ഞി പോ ശെയ്ത്താനേ"ന്നും പറഞ്ഞ്‌ അവളുടെ ഒരു കിഴുക്കും....
✍️ഷാജി എരുവട്ടി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo