
അടുത്തവീട്ടിലെ ആറുവയസ്സുകാരി ഫർസാന ചെറിയൊരു പാത്രത്തിൽ ബിരിയാണിയും കൊണ്ട് വീട്ടിലേക്കു വരുമ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരുന്നു. ''ഉമ്മച്ചി ഇതിവിടെ തരാൻ പറഞ്ഞു '' അതും പറഞ്ഞ് അവൾ നിഷ്കളങ്കമായി ചിരിച്ചു. ഭാര്യ അതു വാങ്ങി അടുക്കളയിലേക്ക് പോയി. എൻ്റെ മോളുടെ കൂട്ടുകാരിയാണവൾ രണ്ടാൾക്കും ഒരേ പ്രായം. വൈകുന്നേരത്തെ കളിയൊക്കെ കഴിഞ്ഞ് പൊന്നു കുളിച്ചു സുന്ദരിക്കുട്ടിയായി നെറ്റിയിലൊരു ഭസ്മകുറിയൊക്കെ തൊട്ട് പക്വതയോടെ ഇരിക്കുന്നതു കണ്ടപ്പോൾ ഉള്ളിലൊരു സ്നേഹക്കടലിരമ്പി.
ഫർസാനയെ കണ്ടതും അവൾ സന്തോഷത്തോടെ അവളുടെ കൈപിടിച്ചു. രണ്ടുപേരും അവരുടെ ലോകത്തിലേക്ക്... എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു. ഞാൻ കൗതുകത്തോടെ നോക്കിനിന്നു. കഴിഞ്ഞ ദിവസം ഞാനവൾക്ക് രണ്ടു Dairy milk വാങ്ങികൊടുത്തിരുന്നു. കഴിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന അതിലൊന്ന് അവൾ ഫർസാനക്കു നേരെ നീട്ടി ആദ്യം ഒന്നു മടിച്ചെങ്കിലും സ്നേഹപൂർവ്വം അവളതു വാങ്ങി. ശേഷം രണ്ടുപേരും ഒരു കസേരയിൽ അഡ്ജസ്റ്റ് ചെയ്തിരുന്നു. ഒരച്ഛനെന്ന നിലയിൽ സന്തോഷം കൊണ്ട് എൻ്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. ഒരുപാടു സ്നേഹത്തോടെ ആ കാഴ്ച ഞാൻ നോക്കിനിന്നു.
ആരും നിർബന്ധിക്കാതെതന്നെ തനിക്ക് കിട്ടിയത് പങ്കുവെക്കാൻ കാണിച്ച ആ കുഞ്ഞുമനസ്സിനെ തെല്ലൊരഭിമാനത്തോടെ ഞാൻ കാണുകയായിരുന്നു. ഫർസാന കൊണ്ടുവന്ന ബിരിയാണി എടുത്തുവച്ച് ആ പാത്രത്തിൽ വീട്ടിലുണ്ടാക്കിയ ഇലയട കൊടുത്തു വിടുന്ന ഭാര്യയെയും ഞാൻ നോക്കികണ്ടു.
ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം 'ബാർട്ടർ' സമ്പ്രദായങ്ങളുണ്ട് ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനുമപ്പുറം സ്നേഹത്തിൻ്റെ കൈമാറ്റങ്ങൾ. കളങ്കമില്ലാത്ത മനുഷ്യരുടെ ജീവിതകാഴ്ചകൾ...
മോളെ ചേർത്തുപിടിച്ച് അവളുടെ കവിളിലൊരുമ്മകൊടുക്കുമ്പോൾ ഞാനും ഒരു കൊച്ചു കുട്ടിയായപോലെ....!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക