നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver - Part 24

Image may contain: 1 person, text
Use Nallezhuth Android App to read all parts



ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ് - 
പാർട്ട് 24

നഗരത്തെ മുഴുവൻ പൊടിയിൽ കുളിപ്പിച്ച് ജിദ്ദയിൽ പൊടിക്കാറ്റ് അടിച്ചു ഒന്നല്ല ഒരുപാട് തവണ ഓരോ കാറ്റിലും കാലാവസ്ഥയും മാറി മാറി വന്നു ആദ്യം ആദ്യം ചൂടു കുറഞ്ഞു വന്നു ക്രമേണ അത് ചെറിയ തണുപ്പിലേക്കും കുറച്ചു ദിവസത്തേക്കെങ്കിലും ശക്തമായ തണുപ്പിലേക്കും പിന്നീട് ഇളം ചൂടിലേക്കും അവസാനം കൊടും ചൂടിലേക്കും വഴിമാറി എല്ലാത്തിനും മൂകസാക്ഷിയായി എന്റെ പ്രവാസം മുന്നോട്ടു നീങ്ങി ജനുവരി 18 ന് കഫീലും ഭാര്യയും മക്കളും ഉമ്മയും അവന്റെ ഉമ്മയുടെ നാടായ ഇൻഡോനേഷ്യയിലേക്ക് യാത്ര പോയി പോകുന്ന വിവരമോ എവിടെക്കാണെന്നോ എന്നൊന്നും എന്നോട് പറഞ്ഞില്ല അവരെ എല്ലാവരെയും ഞാനാണ് എയർപോർട്ടിൽ കൊണ്ടുവിട്ടത് പോകുന്ന വഴിയിൽ വച്ച് വണ്ടികളും ഫ്ലാറ്റുകളും ഒക്കെ ശ്രദ്ധിക്കണമെന്നും മാടത്തിന്റെ ഉമ്മയുടെയും കഫീലിന്റെ പെങ്ങളുടെയും ഓട്ടങ്ങൾ പോകണമെന്നും എന്നെ പറഞ്ഞേല്പിച്ചു
ഡ്യൂട്ടിക്ക് പോവലും തിരിച്ചു വീട്ടിലേക്കു പോരലും മാത്രമായിരുന്നു കഫീലിന്റെ പെങ്ങളുടെ ഓട്ടം അതും കഴിവതും എന്നെ വിളിക്കാതെ ഭർത്താവിന്റെ കൂടെ പോകാൻ അവൾ ശ്രമിച്ചു അത്യാവശ്യമാണെങ്കിൽ മാത്രം എന്നെ വിളിക്കൂ പഴയതുപോലെ തന്നെ ഭക്ഷണവും ടിപ്പും എണ്ണ അടിക്കാൻ പണവും നല്ല വാക്കുകളും ഒക്കെ തന്നേ എന്നെ മടക്കിയയക്കൂ എന്നാൽ മാടത്തിന്റെ പിശുക്ക് തന്നെയാണ് അവളുടെ ഉമ്മയും പുറത്തെടുത്തത് എന്നെ കിട്ടിയതോടെ അവർ രാത്രികൾ പകലാക്കി കറങ്ങാൻ തുടങ്ങി വണ്ടിയിൽ മക്കളും പേരമക്കളുമായി ഒരു സമ്മേളനത്തിനുള്ള ആളുകളുമായി ഓട്ടം പോകുമ്പോഴും എണ്ണ അടിക്കാൻ മടിയാണ് ഒന്നുരണ്ടു തവണ 10 റിയാലിന് എണ്ണയടിച്ചു പിന്നീടത് അഞ്ചാക്കി ചുരുക്കി അന്ന് ഞാൻ ഒന്നും പറഞ്ഞില്ല അടുത്ത തവണ എണ്ണ അടിക്കാൻ നേരം 5 റിയാൽ തന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു
ഇതുകൊണ്ട് തികയില്ല ഉമ്മാ എന്റെ റൂമിൽ നിന്നും നിങ്ങളുടെ വീട് വരെ വരാൻ തന്നെ അഞ്ചു റിയാലിന്റെ എണ്ണ വേണ്ടിവരും
താനെന്താ ഞങ്ങളുടെ വീടിനു താഴെ യമനിയുടെ കൂടെ താമസിക്കാത്തത് എന്ന മറുചോദ്യമാണ് അവർ ചോദിച്ചത് ഞാനൊന്നും പറഞ്ഞില്ല ദേഷ്യം വരുമ്പോഴുള്ള എന്റെ മുഖഭാവം മറ്റാരും കാണാതിരിക്കാൻ ഞാൻ ശ്രമിച്ചു അതുപോലെ ഒരിക്കൽ അർദ്ധരാത്രി 2 30 ന് എന്റെ മൊബൈലിലേക്ക് അവർ വിളിച്ചത് ഉറക്കത്തിലായിരുന്ന ഞാൻ അറിഞ്ഞില്ല അത് മിനുട്ടുകൾക്കുള്ളിൽ തന്നെ മറ്റൊരു രാജ്യത്തുള്ള കഫീൽ അറിയുകയും പിറ്റേന്ന് അതിനുള്ള ശകാരം എനിക്ക് കഫീലിൽ നിന്ന് കിട്ടുകയും ചെയ്തു ഒരിക്കൽ കഫീലിന്റെ പെങ്ങളെ ജോലിസ്ഥലത്തുനിന്നും എടുക്കാൻ ഞാൻ അരമണിക്കൂറോളം വൈകിയാണ് എത്തിയത് വണ്ടിയുടെ ബാറ്ററി തീർന്നു ഓഫ് ആയതായിരുന്നു കാരണം കാര്യം പറഞ്ഞപ്പോൾ അവൾക്ക് മനസിലായി മാത്രമല്ല അതൊന്നും മറ്റൊരാൾ അറിയുകയോ അതിന്റെ പേരിൽ എനിക്ക് പഴികേൾക്കേണ്ടി വരികയോ ചെയ്തിട്ടില്ല
കഫീലും കുടുംബവും മടങ്ങി വരുന്നതിനു മുൻപുതന്നെ ഈ രണ്ട് ഓട്ടങ്ങളും നിർത്തിവയ്ക്കേണ്ടി വന്നു അതിന് കാരണമായ ഒരു സംഭവമുണ്ടായി ഒരിക്കൽ കഫീലിന്റെ പെങ്ങളെ ജോലിസ്ഥലത്തുനിന്ന് അടുത്തുള്ള ഒരു മാളിലേക്ക് കൊണ്ടു പോകുന്ന സമയം മാഡത്തിന്റെ ഉമ്മ വിളിച്ചു ചെല്ലാൻ പറഞ്ഞു ഞാൻ ഓട്ടത്തിൽ ആണെന്നും ഇത് കഴിഞ്ഞു വരാമെന്നും പറഞ്ഞപ്പോൾ ആരുടെ ഓട്ടം ആണെന്നും എവിടെക്കാണെന്നു മൊക്കെ ചോദിച്ചറിഞ്ഞു ഞാൻ എല്ലാം പറഞ്ഞു നിനക്ക് വേറെ ഓട്ടമുണ്ടെങ്കിൽ എന്നെ മാളിൽ ഇറക്കിയിട്ട് നീ പൊയ്ക്കോ എന്നു പറഞ്ഞു കഫീലിന്റെ പെങ്ങൾ അവളുടെ ഭർത്താവിനെ വിളിച്ചു വരാൻ പറഞ്ഞു എന്നെ പറഞ്ഞയച്ചു ഞാനുടനെ മാടത്തിന്റെ വീട്ടിലെത്തി ഉമ്മയെയും അണികളെയും കൂട്ടി എക്സിബിഷൻ നടക്കുന്ന സ്ഥലത്തേക്ക് ഓട്ടം പോയി വഴിയിൽവെച്ച് കഫീലിന്റെ വിളിവന്നു അവൻ പോയതിനുശേഷം ഞങ്ങൾ നെറ്റ് വഴി മെസ്സേജ് കൈമാറുകയല്ലാതെ ഇതുവരെ വിളിച്ചിട്ടില്ല മൊബൈലിൽ നിന്നും വിളിക്കണമെങ്കിൽ അത്ര അത്യാവശ്യമുള്ള വല്ലകാര്യവും ഉണ്ടാവണം ഞാൻ ഫോൺ എടുത്തു
താൻ എവിടെയാണ്
ഞാൻ ഓട്ടത്തിലാണ്
ആ ഏ ഏ
ഞാൻ നിന്റെ അമ്മായി അമ്മയുടെ ഓട്ടത്തിലാണ് ഓട്ടം ഓട്ടം (കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് )
ശരി ശരി ആ ഓട്ടം കഴിഞ്ഞാലുടനെ വണ്ടി വീട്ടിൽ കൊണ്ടുവന്നു വെക്കണം പിന്നീട് വണ്ടി എടുക്കരുത് ആരു വിളിച്ചാലും വണ്ടി രണ്ടും കേടാണ് ബാറ്ററിയില്ല ഇപ്പോൾ എടുക്കാറില്ല എന്നു പറയണം മനസ്സിലായോ ok
ഞങ്ങളുടെ ഈ സംസാരം മുഴുവൻ അവന്റെ അമ്മായിഅമ്മ പിറകിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു ആ ഓട്ടം കഴിഞ്ഞ ഉടനെ അവൻ പറഞ്ഞതുപോലെ ഞാൻ ചെയ്യുകയും ചെയ്തു എന്തുകൊണ്ടാണ് കഫീൽ അങ്ങനെ ദേഷ്യത്തിൽ വിളിച്ചതെന്ന് ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയാണ് കഫീലിന്റെ പെങ്ങളെയും കൊണ്ട് മാളിലേക്ക് ഓട്ടം പോകുകയാണ് എന്ന് അറിഞ്ഞ മാഡത്തിന്റെ ഉമ്മ അത് അപ്പോൾ തന്നെ അവളെ അറിയിച്ചിട്ടുണ്ട് അവൾ ആ പ്രശ്നം മുതലെടുത്ത് കഫീലുമായി വഴക്കിട്ടു അവസാനം ശല്യം സഹിക്കവയ്യാതെ അങ്ങനെയാണെങ്കിൽ ഇനി നമ്മുടെ ഡ്രൈവർ എന്റെ പെങ്ങളുടെയോ നിന്റെ ഉമ്മയുടെയോ ആരുടെ ഓട്ടവും പോകണ്ട എന്ന് തീരുമാനമെടുത്തു ഏതായിരുന്നാലും കഫീലും കുടുംബവും മടങ്ങിവരുന്നതിന്റെ മൂന്നുനാല് ദിവസം മുൻപുതന്നെ ആരുടെ ഓട്ടവും ഇല്ലാതെ ഞാനെന്റെ റൂമിലും പള്ളിയിലും ഒക്കെയായി ഒതുങ്ങിക്കൂടി അവർ തിരിച്ചുവരുന്നതിന് മുമ്പായി ഒരിക്കൽ മക്കത്ത് പോവുകയും ചെയ്തു
ജനുവരിയിലെ എന്റെ ശമ്പളം മാസം പൂർത്തിയായ ഉടനെ എന്റെ അക്കൗണ്ടിലേക്ക് വന്നു കഫീൽ സ്ഥലത്ത് ഇല്ലെങ്കിലും സാധാരണ പോലെ മൊബൈലിൽ നിന്നും നെറ്റ് വഴി അവൻ എന്റെ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു ഈ മാസം ഞാൻ നാട്ടിലേക്ക് അയച്ചത് 14,000 രൂപ ആണ് മൊബൈൽ വാങ്ങാൻ വിചാരിച്ചിരുന്നെങ്കിലും ഭാര്യക്ക് ഒരു മോതിരം വാങ്ങാൻ ആഗ്രഹം ഉണ്ട് എന്നറിയിച്ചപ്പോൾ അതു വാങ്ങാൻ പറഞ്ഞു അവളുടെ സ്വർണം ഞാൻ വിറ്റതിൽ ഇനി ഒരു ഗ്രാം കൂടി വാങ്ങിക്കൊടുക്കാൻ ഉണ്ട് മോതിരം വാങ്ങുന്നതോടെ എല്ലാ പ്രശ്നവും തീരും മാത്രമല്ല ഏപ്രിൽ 28 ഞങ്ങളുടെ വിവാഹ വാർഷികം ആണ് അതിലേക്കുള്ള എന്റെ സമ്മാനമായിട്ട് ഇത് കരുതാൻ പറഞ്ഞു സത്യത്തിൽ മോതിരം ഉടനെ വേണം എന്നവൾ പറഞ്ഞില്ല ഏപ്രിൽ മാസം വാങ്ങി തരുമോ എന്നാണ് ചോദിച്ചത് പക്ഷേ വിവാഹ വാർഷിക ദിനത്തിൽ സർപ്രൈസായി സമ്മാനം കൊടുക്കാനും ആളുകളെ വിളിച്ചു വരുത്തി കേക്ക് മുറിച്ച് പ്രിയതമയുടെ വായിലേക്കു വെച്ചു കൊടുത്തു ലോലനാവാനും ഒന്നും മുരടനായ എന്നെ കിട്ടാത്തതുകൊണ്ട് ഉള്ളതുകൊണ്ട് അവളും പൊരുത്തപ്പെട്ടു
അതുപോലെ കടങ്ങളൊക്കെ വീട്ടിയ ഉടനെ തവണ വ്യവസ്ഥയിൽ വീട്ടിലേക്ക് ഫ്രിഡ്‌ജും വാഷിങ് മെഷീനും ഞാൻ വാങ്ങി ഇവിടെയാവുമ്പോൾ മാസാമാസം അതിലേക്ക് ഉള്ളത് അടച്ചു കൊടുത്താൽ മതി നാട്ടിൽ നിന്ന് കൊണ്ട് അതൊന്നും വാങ്ങാൻ കഴിഞ്ഞെന്നുവരില്ല മാത്രമല്ല കടങ്ങളും ബാധ്യതകളും ഒന്നുമില്ലെങ്കിൽ ഒരുവർഷം കൂടി ഇവിടെ പിടിച്ചു നിൽക്കുന്നത് എങ്ങനെ ഫെബ്രുവരി 9 തീയതി കഫീലും കുടുംബവും മടങ്ങിവന്നു അവന്റെ ഉമ്മ വന്നിട്ടില്ല രണ്ടുമാസം കൂടി അവരുടെ നാട്ടിൽ കുടുംബക്കാരോടൊത്ത് കഴിഞ്ഞേ വരൂ യാത്ര കഴിഞ്ഞു വന്ന കഫീലിന്റെ സ്വഭാവത്തിൽ അല്പം സ്നേഹം വന്നോ എന്ന് സംശയം സ്വാതന്ത്ര്യങ്ങൾ ഒന്നുമില്ലെങ്കിലും വഴക്ക് പറച്ചിലിനും വിശ്രമമില്ലാത്ത ഓട്ടത്തിനും ഒക്കെ അല്പം കുറവു വന്നു യാത്ര കഴിഞ്ഞു വന്നപ്പോൾ എനിക്കു വേണ്ടി ഒരു പാന്റും ഷർട്ടും കഫീൽ കൊണ്ടുവന്നിരുന്നു പതിനഞ്ചാം തീയതി രാത്രി കഫീലിന്റെ പെങ്ങളും അവളുടെ ഭർത്താവും ഞങ്ങളുടെ ഫ്ലാറ്റിൽ വന്നിരുന്നു എന്റെ മോൾക്ക് വേണ്ടി അവൾ ഉടുപ്പും കളിപ്പാട്ടങ്ങളും ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും എല്ലാം വാങ്ങിയത് അവളുടെ ഭർത്താവ് എനിക്ക് തന്നു പാവം എട്ടുപത്തു ദിവസം അവളുടെ ഓട്ടം പോയതിന് അവളുടെ വകയായി എനിക്ക് തന്നതാണ് അതെല്ലാം
കുറച്ചുദിവസം കഴിഞ്ഞ് സാധാരണ പോലെ മാഡത്തിന്റെ ഓട്ടങ്ങൾ തുടങ്ങി ജോലിക്കാരി ഇല്ലാത്തതു കൊണ്ട് എനിക്ക് ഇടക്ക് ഗദ്ദാമയുടെ ജോലിയും ചെയ്യേണ്ടിവന്നു രാവിലെ സനയും ഫർഹാനും കഫീലിന്റെ കൂടെ മദ്രസയിലേക്ക് പോകും ഞാനും മാടവും അദ്നാനും എന്റെ വണ്ടിയിൽ ആദ്യം മാഡത്തിന്റെ ഓഫീസിൽ പോയി അവളെ അവിടെ ഇറക്കി അവനെയും കൊണ്ട് ഞാൻ അവളുടെ ഉമ്മയുടെ വീട്ടിലേക്ക് പോകും പിറകിലെ സീറ്റിൽ അപ്പോൾ അദ്നാൻ നല്ല ഉറക്കമായിരിക്കും ചിലപ്പോൾ വീട് എത്തുന്നതിന് മുമ്പ് അവൻ ഉണരും ഞാനെന്തെങ്കിലും ശബ്ദമൊക്കെ ഉണ്ടാക്കുമ്പോൾ അവൻ എന്നെ നോക്കി മോണ കാട്ടി ചിരിക്കും വീട്ടിലെത്തിയാൽ ഞാൻ തന്നെ അവനെ വാരിയെടുത്തു അവന്റെ സാധനങ്ങൾ നിറച്ച ബാഗും തോളിലിട്ട് മുകളിൽ മാടത്തിന്റെ ഉമ്മയുടെ അടുത്ത് ഏൽപ്പിക്കും
പിന്നീടുള്ള ഓട്ടം ഉച്ചക്കാണ് മദ്രസ പോയി കുട്ടികളെ രണ്ടിനെയും കൂട്ടി നേരെ മാഡത്തിന്റെ ഓഫീസിൽ ചെന്ന് അവളെയും കൂട്ടി ഉമ്മാന്റെ വീട്ടിലേക്ക് പോവും ജോലിക്കാരി ഇല്ലാത്തതുകൊണ്ട് ഉടനെ വീട്ടിലേക്ക് മടങ്ങില്ല മാടവും കുട്ടികളും അവിടെ നിന്ന് ഭക്ഷണവും കഴിച്ച് ഉറക്കവും കഴിഞ്ഞു രാത്രിയിലെ പുറത്തെവിടെയെങ്കിലും ഉള്ള മാഡത്തിന്റെ കറക്കവും കഴിഞ്ഞു രാത്രി ഭക്ഷണവും കഴിച്ചു കിടന്നുറങ്ങാൻ നേരം അർധരാത്രി ഒരു മണിക്കോ രണ്ടു മണിക്കോ ആണ് മക്കളെയും കൂട്ടി വീട്ടിൽ എത്തുന്നത് ഈ സമയമൊക്കെ എനിക്ക് പുറത്തു കാത്തു കിടക്കൽ ആണ് ജോലി ജോലിക്കാരി ഇല്ലാത്തത് എപ്പോഴും എന്റെ ജോലിയിൽ വലിയ പ്രയാസമാണ്
ഫെബ്രുവരിയിൽ ഒരിക്കൽ വണ്ടിയുടെ പാർട്സ് വാങ്ങാൻ കടയിൽ പോയപ്പോൾ വണ്ടിക്ക് 100 റിയാൽ ഫൈൻ വന്നു പാർക്ക് ചെയ്തത് അൽപ്പം റോഡിൽ ആയിപ്പോയി എന്നതാണ് ഇപ്പോഴത്തെ കാരണം അതുപോലെ 28 തിയതി രാവിലെ ഓട്ടം കഴിഞ്ഞ് ഞാൻ റൂമിലേക്ക് മടങ്ങുമ്പോൾ തിരക്കിൽ വച്ച് ഒരു ചെറുപ്പക്കാരൻ എന്റെ വണ്ടിയുടെ പിറകിൽ ഇടിച്ചു തെറ്റ് പൂർണമായും അയാളുടെ ഭാഗത്തായിരുന്നു തിരക്കിൽ മൊബൈലിലേക്ക് നോക്കി വന്നു മുന്നിൽ നിർത്തിയിട്ട എന്റെ വണ്ടിയുടെ പിറക്കുകയായിരുന്നു ഞാനുടനെ കഫീലിനെ വിളിച്ച് കാര്യം പറഞ്ഞു വണ്ടിയുടെ ബമ്പറിൽ ചെറിയ പൊട്ടലുണ്ട് തെറ്റ് അയാളുടെ ഭാഗത്തായതിനാൽ അയാൾ ശരിയാക്കിത്തരാം എന്നു പറഞ്ഞതുകൊണ്ട് ഞങ്ങൾ വണ്ടിയെടുത്തു വർക്ക് ഷോപ്പിലേക്ക് പോയി ഉച്ചക്ക് എനിക്ക് ഓട്ടം പോവാൻ ആവുമ്പോഴേക്കും വണ്ടി ശരിയാക്കിത്തരാമെന്ന് മെക്കാനിക്ക് പറഞ്ഞു പക്ഷേ അവിടെ നിന്നും റൂമിൽ പോയി ഭക്ഷണം കഴിച്ച് ഉച്ചക്ക് മടങ്ങിവരാനുള്ള ടാക്സിക്ക് കൊടുക്കാൻ പണം എന്റെ കയ്യിൽ ഇല്ലായിരുന്നു അവസാനം എന്റെ വണ്ടിയിൽ ഇടിച്ച ആ ചെറുപ്പക്കാരൻ തന്നെ എനിക്ക് പത്ത് റിയാൽ ടാക്സിക്കൂലി തന്നു ഞാനതുമായി റൂമിലേക്ക് മടങ്ങി
ഉച്ചക്ക് വർക്ക് ഷോപ്പിലേക്ക് പോവാൻ വേണ്ടി റൂമിൽ നിന്നും ഇറങ്ങി ടാക്സികൾ ഒക്കെ വരുന്ന റോഡിലേക്ക് രണ്ടുകിലോമീറ്റർ നടക്കാനുണ്ട് പൊരിവെയിലിൽ നടക്കാൻ തുടങ്ങുമ്പോൾ പെട്ടെന്ന് ഒരു ടാക്സിക്കാരനെ കണ്ടു അയാൾ 15 റിയാലിന് പോകാം എന്നു പറഞ്ഞു പത്ത് റിയാൽ തരാമെന്നും ഞാനും അതിന് പോരാൻ അയാൾ തയ്യാറായില്ല പക്ഷേ ആ നല്ല മനുഷ്യൻ എനിക്കൊരുപകാരം ചെയ്തു പണമൊന്നും വാങ്ങാതെ എന്നെ ഹൈവേ വരെ സൗജന്യമായി കൊണ്ടുപോയി വിട്ടു അയാളോടു നന്ദി പറഞ്ഞു ഞാൻ മറ്റൊരു ടാക്സിയിൽ കയറി അതൊരു ബംഗാളിയായിരുന്നു 10 റിയാലിന് ഓട്ടം പറഞ്ഞുറപ്പിച്ച്‌ വണ്ടി മുന്നോട്ടെടുത്ത അയാൾ തൊട്ടുമുന്നിൽ മറ്റൊരു ഓട്ടം കണ്ടപ്പോൾ വരാൻ പറ്റില്ലെന്നായി ഞാൻ ആ വണ്ടിയിൽ നിന്നും ഇറങ്ങി വേറെ ഒരു ടാക്സി വിളിച്ചു വർക്ക് ഷോപ്പിൽ എത്തി അയാളുടെ പണം കൊടുത്തു വണ്ടിയിൽ നിന്നിറങ്ങി അയാൾ കണ്മുന്നിൽ നിന്നും മറഞ്ഞപ്പോഴാണ് എന്റെ ചെറിയ മൊബൈൽ കൈയ്യിൽ ഇല്ല എന്ന് ഞാനറിയുന്നത്
കഫീൽ വാങ്ങിത്തന്ന മൊബൈൽ ആണ് അത് മാത്രമല്ല കഫീലും മാടവും മറ്റെല്ലാവരും വിളിക്കുന്ന നമ്പറും ആ മൊബൈലിൽ ആണ് അതിലേക്ക് വിളിച്ചു നോക്കാൻ എന്റെ കയ്യിലുള്ള നെറ്റ് ഉപയോഗിക്കുന്ന മറ്റൊരു മൊബൈലിൽ ബാലൻസ് ഇല്ല റൂമിൽ നിന്നും ഇവിടെയെത്താൻ ഞാൻ 3 വണ്ടികളിൽ കയറി ഇറങ്ങിയിട്ടുണ്ട് അതിൽ ഏത് വണ്ടിയിലാണ് എന്റെ മൊബൈൽ ഉള്ളത് എന്ന് എനിക്ക് അറിയില്ല ഒരു മണിക്കൂറിനുള്ളിൽ കുട്ടികളുടെ മദ്രസ വിടും അതിനു മുൻപ് അവിടെ എത്തുകയും വേണം പൊള്ളുന്ന മരുഭൂമിയിൽ ഒട്ടകത്തെ നഷ്ടപ്പെട്ട യാത്രക്കാരനെ പോലെയായി ഞാൻ മരുഭൂമി ജീവിതത്തിൽ ഇങ്ങനെ ചില ദിവസങ്ങൾ വരാറുണ്ട് ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങൾ ആയി മാറി സഹായിക്കാൻ ആരുമില്ലാതെ ആകപ്പാടെ ഒറ്റപ്പെട്ടു പോകുന്ന ചില ദിവസങ്ങൾ
എന്നെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ അല്ലാഹു പറഞ്ഞയച്ചത് വർക്ക് ഷോപ്പിലെ പാകിസ്താനിയെ ആയിരുന്നു അയാളുടെ മൊബൈലിൽ നിന്നും എന്റെ നമ്പറിലേക്ക് വിളിച്ചു അയാൾ തന്നെ സംസാരിച്ചു ഒരുപാട് സംസാരിച്ചതിന് ശേഷമാണ് ബംഗാളി ടാക്സിക്കാരന്റെ വണ്ടിയിലാണ് എന്റെ മൊബൈൽ എന്ന് മനസ്സിലായത് പാക്കിസ്ഥാനിയും ബംഗാളിയും ഈ പാവം ഇന്ത്യന് വേണ്ടി സംസാരിച്ചു കൊണ്ടേയിരുന്നു കാശ്മീർ മുഴുവനും പാക്കിസ്ഥാന് വിട്ടു കൊടുക്കണം എന്ന് എനിക്ക് ആ നിമിഷം തോന്നി ആദ്യമൊന്നും ബംഗാളി തിരിച്ചു വരാൻ തയ്യാറായില്ല അയാൾ ഏതോ ഓട്ടം പോവാൻ തയാറായി നിൽക്കുകയാണെന്നും ഒരുപാട് ദൂരെയാണെന്നു ഒക്കെ പറഞ്ഞു ഉടനെ മൊബൈലുമായി തിരിച്ചുവന്നില്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കും എന്ന് പറഞ്ഞ് പാകിസ്താനി ദേഷ്യപ്പെടാൻ തുടങ്ങി അങ്ങനെയൊന്നും പറയണ്ട അയാൾക്ക് ഇങ്ങോട്ട് വരാൻ ആവശ്യമുള്ള ദൂരത്തിന്റെ ടാക്സി ചാർജ് നമുക്ക് കൊടുക്കാം എന്നു ഞാൻ പറഞ്ഞു
പത്തു പതിനഞ്ച് മിനിറ്റിനുശേഷം മൊബൈലുമായി ബംഗാളി വന്നു 15 റിയാലാണ് അയാൾ പറഞ്ഞ ടാക്സി കൂലി പക്ഷേ എന്റെ കൈയ്യിൽ റൂമിൽ നിന്നും അവസാനത്തെ റിയാലിന്റെ ചില്ലറയും പെറുക്കിയതിൽ ഇനിയുള്ളത് 9 റിയാലാണ് അവസാനം ആ ഒൻപതു റിയാൽ പാകിസ്ഥാനി വാങ്ങി അയാളുടെ കയ്യിൽ നിന്നുമൊരു 10 റിയാലിന്റെ നോട്ടു കൊടുത്തു ബംഗാളിയെ കൊണ്ടു സമ്മതിപ്പിച്ചു ഞാൻ വണ്ടിയുമായി മടങ്ങാൻ നേരം പാകിസ്താനി അടുത്ത ഒരു സ്ഥലം വരെ പോകാനുണ്ടെന്നും എന്നോട് അവിടം വരെ ആക്കി കൊടുക്കാമോ എന്ന് ചോദിച്ചു ഇല്ല എന്നു പറയാൻ കഴിഞ്ഞ അര മണിക്കൂർ നേരം മുൻപ് അയാളിൽ നിന്നു വാങ്ങിയ സഹായവും സഹകരണവും എന്നെ അനുവദിച്ചില്ല മദ്രസ വിടാൻ അരമണിക്കൂറിലധികം ഉണ്ട് ഞാൻ അയാളെയും കൂട്ടി അയാൾ പറഞ്ഞ സ്ഥലത്തേക്ക് തിരിച്ചു വഴിയിൽവെച്ച് മാഡത്തിന്റെ വിളിവന്നു എന്തോ പറയാൻ തുടങ്ങിയ അവൾ ഫോണിലൂടെ വണ്ടിയുടെ ശബ്ദം കേട്ടതും ദേഷ്യപ്പെടാൻ തുടങ്ങി
താൻ എവിടെയാണ്
ഞാൻ മദ്രാസിലേക്കുള്ള വഴിയിൽ റോഡിലാണ്
എന്തിന് ഇത്ര നേരത്തെ റൂമിൽ നിന്നും ഇറങ്ങി
പിന്നെയെപ്പോഴോ ഇറങ്ങണം വൈകിയാലും പരാതി നേരത്തെ ആയാലും പരാതി
താൻ വണ്ടിയെടുത്ത് വേറെ എവിടെയോ ഓട്ടം പോയില്ലേ അതിനു വേണ്ടിയല്ലേ നേരത്തെ റൂമിൽ നിന്ന് ഇറങ്ങിയത്
ഞാൻ രാവിലെ മുതൽ വർക്ക് ഷോപ്പിലും പ്രശ്നങ്ങളുമായി നടക്കുകയായിരുന്നു നീ നാളെ മുതൽ ഒരു കാര്യം ചെയ്യൂ എപ്പോഴാണ് വണ്ടി വീട്ടിൽ നിന്നും എടുക്കേണ്ടതെന്നും തിരിച്ചു വരേണ്ടത് എന്നുമൊക്കെ അപ്പോൾ എന്നെ വിവരം അറിയിക്ക്
അല്ലാതെ മറ്റെന്തു ചെയ്യും ഫോൺ കട്ടായി ഇനി ഭർത്താവിനെ ഒക്കെ വിളിച്ചു സത്യം ബോധ്യപ്പെട്ടാലേ അവൾ അടങ്ങൂ ഇത്രയും വിശ്വാസമില്ലാത്ത സംശയമുള്ള അവളുടെ ആ ചോദ്യങ്ങൾ മാത്രം മതി മനസ്സു മടുക്കാൻ രാവിലെ മുതൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായി വണ്ടി ഇടിച്ചു, പോലീസുകാരൻ വന്നു, റൂമിലേക്ക് മടങ്ങാൻ പണമില്ലാത്ത പ്രശ്നം ,റൂമിൽ നിന്നും ഹൈവേ വരെ വരാൻ സഹായിച്ച ആൾ , മൊബൈൽ മറക്കലും തിരിച്ചുകിട്ടുലും ,ഇതിനിടയിൽ എല്ലാം ഞാൻ എത്രയോ പേരുമായി ഇടപഴകി അവരാരും ഞാനുമായി ഒരു ബന്ധമില്ലാത്ത വരും എന്നെ ആദ്യമായി കാണുന്നവരും ആയിരുന്നു എന്നിട്ടും അവർ എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ഒരു ലാഭവും പ്രതീക്ഷിക്കാതെ എന്നെ സഹായിച്ചു എന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും അവർ ഏറ്റെടുത്ത് പരിഹാരം കണ്ടു എന്നെ സംശയിച്ചതും ശകാരിച്ചതും എന്നെക്കൊണ്ട് വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്ന അവൾ മാത്രം ഏതായാലും അന്നത്തെ ദിവസം മറക്കാനാവാത്ത ദിവസമായി ഓർമ്മയിൽ നിന്നു
മാർച്ച് മാസം ആദ്യം ശമ്പളം വന്നപ്പോൾ വണ്ടിക്കു വന്ന ഫൈൻ കഫീൽ പിടിച്ചിട്ടുണ്ടായിരുന്നില്ല എനിക്ക് ആശ്വാസമായി ഒമ്പതാം തീയതി ഒരുപാട് നേരത്തിനുശേഷം മാഡം ഹോട്ടലിൽ ഇറങ്ങിയപ്പോൾ എനിക്ക് പത്തു റിയാൽ തന്നു ഏകദേശം ഒരു വർഷത്തിനു ശേഷം അവളിൽ നിന്നും കിട്ടിയ ആ പത്ത് റിയാലിന് ഞാനൊരു ബ്രോസ്റ്റ് കഴിച്ചു
(തുടരും )

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot