നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver - Part 30



'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 30
ആഗസ്റ്റ് 26 ന് കഫീലും ഭാര്യയും മക്കളും ഈജിപ്തിലേക്ക് ടൂർ പോയി പതിവുപോലെ പോകുന്ന വിവരമോ എവിടെക്കാണെന്നോ എന്നു വരുമെന്നോ എന്നൊന്നും എന്നോട് പറഞ്ഞില്ല പക്ഷേ അവർ വണ്ടിയിൽ വച്ചു പോകുന്ന പല പേപ്പറുകളിൽ നിന്നും അവരുടെ ഫോൺ വിളികളിൽ നിന്നും എല്ലാം കൃത്യമായി ഞാൻ നേരത്തെ അറിഞ്ഞിരുന്നു മാഡം യാത്ര പോകാൻ തീരുമാനിച്ചാൽ പിന്നെ ഭയങ്കര രസമാണ് വണ്ടിയിലിരിക്കുമ്പോൾ വരുന്ന ഫോൺ കോളുകൾക്ക് മറുപടി കൊടുക്കാനും വയ്യ കൊടുക്കാതിരിക്കാനും വയ്യ എന്ന അവസ്ഥയിലാവും അവൾ അവര് പറയുന്നത് ഞാൻ കേട്ടാൽ അവരുടെ യാത്ര വിവരമൊക്കെ ഞാൻ മനസ്സിലാക്കുമല്ലോ അതിനുവേണ്ടി അവൾ ആദ്യം ചെയ്യുന്നത് ശബ്ദം താഴ്ത്തി 'നാസർ വണ്ടിയിൽ ഉണ്ട് പിന്നെപ്പറയാം' എന്നു പറയും എന്നിട്ട് ഞാൻ കേൾക്കാൻ ഉറക്കെ പറയും 'അത് ചിലപ്പോഴേ പോവുകയുള്ളൂ പോയാലും പിറ്റേന്നു തന്നെ തിരിച്ചു വരും' ഹോ എന്തൊരു ബുദ്ധി
ഇത്തവണ കഫീലും മക്കളും പോയാൽ പിന്നെ ബാക്കിയുള്ളത് കഫീലിന്റെ ഉമ്മയുടെ ഓട്ടം മാത്രമാണ് മാഡത്തിന്റെ കുടുംബം മുഴുവൻ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ് വീട്ടിൽ ഒരാൾ എയർപോർട്ടിൽ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ ഇവർക്ക് സൗദി എയർലൈൻസിൽനിന്നും വളരെ തുച്ഛമായ തുകക്കു ടിക്കറ്റ് കിട്ടും ചെല്ലുന്ന സ്ഥലത്ത് സ്വന്തക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അവിടെയും പണത്തിന് അധികം ചിലവില്ലല്ലോ അതുകൊണ്ടാണ് അറുപിശുക്കന്മാരായ ഇവരിങ്ങനെ ഇടയ്ക്കിടക്ക് പുറത്തുപോകുന്നത് പതിവുപോലെ ഞാനവരെ എയർപോർട്ടിൽ കൊണ്ടുപോയി വിട്ടു ഉമ്മയുടെ ഓട്ടങ്ങൾ എല്ലാം ഓടണം എന്നു പറഞ്ഞു കഫീൽ യാത്ര പറഞ്ഞു രണ്ടുദിവസം കഴിഞ്ഞപ്പോൾ പതിവുപോലെ എന്റെ ശമ്പളം അക്കൗണ്ടിലേക്ക് അയച്ചുതന്നു
29 തീയതി ഞാൻ നാട്ടിലേക്ക് പണം അയച്ചു 15,000 രൂപ കഫീലും മാഡവും പോയതോടെ എന്റെ ജോലിയിൽ വലിയ കുറവു വന്നു അവന്റെ ഉമ്മയെ കൊണ്ട് യാതൊരു ശല്ല്യവും ഉണ്ടാകാറില്ല അപൂർവമായി ചില ഓട്ടങ്ങൾ ഉണ്ടാകും അത് നേരത്തെ പറയുകയും കൊണ്ടുപോയി വിട്ടു തിരിച്ചു റൂമിലേക്ക് വരികയും ചെയ്യാം ഏതായാലും കുറച്ചുദിവസം നന്നായി ഉറങ്ങി ഇഷ്ട ഭക്ഷണങ്ങളും പലഹാരങ്ങളും ഒക്കെ പാചകം ചെയ്തു കഴിച്ചു ഒരുദിവസം രാത്രി അളിയന്മാരെയും അളിയന്റെ മരുമകനെയും ഒക്കെ കൂട്ടി ഞങ്ങൾ വണ്ടിയുമെടുത്ത് കടപ്പുറത്ത് ഒക്കെ ഒന്ന് കറങ്ങി ഇങ്ങനെയൊക്കെ സ്വാതന്ത്രത്തിൽ കുറച്ചു ദിവസം ജോലി ചെയ്യാനും അവസരം കിട്ടി
സെപ്റ്റംബർ ഒന്നാം തീയതി വലിയ പെരുന്നാളായിരുന്നു നാട്ടിൽ നിന്നും വന്നിട്ട് രണ്ട് ചെറിയ പെരുന്നാളും രണ്ടു വലിയ പെരുന്നാളും കഴിഞ്ഞുപോയി പതിവ് പോലെ പള്ളിയിലേക്ക് പെരുന്നാൾ നിസ്കാരത്തിന് പോയി വന്നു ഒരു കൂട്ടുകാരന്റെ റൂമിൽ പോയി ഭക്ഷണം കഴിച്ചു ഉച്ചക്ക് കഫീലിന്റെ ഉമ്മഅവരുണ്ടാക്കിയ ചോറും തന്നു അത് ഞാനും അടുത്തുള്ള ഒരു സുഹൃത്തും കഴിച്ചു അസർ നിസ്കാരം കഴിഞ്ഞപ്പോൾ കഫീലിന്റെ ഉമ്മയെ ഷറഫിയയിൽ ഉള്ള അവരുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞു അവിടെ വിട്ടു എന്നോട് മടങ്ങാൻ പറഞ്ഞു വിളിക്കുകയാണെങ്കിൽ വന്നാൽ മതിയെന്നും ഇല്ലെങ്കിൽ മകളും മരുമകനും വരുമ്പോൾ അവരുടെ കൂടെ വരാം എന്നും പറഞ്ഞു എനിക്കാണെങ്കിൽ തേടിയ വള്ളിയായിരുന്നു ഈ ഷറഫിയയിലെക്കുള്ള ഓട്ടം
ഞാൻ നേരെ മലയാളികൾ ഒരുമിച്ച് കൂടുന്ന സ്ഥലത്തേക്ക് പോയി ഉമ്മയുടെ ഓട്ടം പോയതുകൊണ്ട് ശറഫിയയിലെക്കു പോയി നാട്ടുകാരെ കാണട്ടെ എന്ന് കഫീലിനോട് സമ്മതം ചോദിക്കേണ്ടി വന്നില്ല റൂമിലേക്ക് തിരിച്ചു വന്നിട്ട് പ്രത്യേകിച്ച് ഓട്ടങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് പെരുന്നാൾ ഞാൻ നാട്ടുകാരോടൊപ്പം കൂടി നാട്ടുകാരെയും കുടുംബക്കാരെയും സുഹൃത്തുക്കളെയും ഒക്കെ കണ്ടു സംസാരിച്ചു വിശേഷങ്ങൾ പങ്കുവച്ചു രാത്രി ഒരു മണിക്ക് മുൻപായി ഞാൻ റൂമിലെത്തി സൗദിയിലെ മാന്ദ്യവും പ്രവാസികളുടെ കൊഴിഞ്ഞുപോക്കും എല്ലാ സ്ഥലത്തും എന്നപോലെ ശറഫിയ്യയിലും പ്രകടമായിരുന്നു കഴിഞ്ഞ പെരുന്നാളിന്റെ പകുതി ആളുകളെ ഇപ്പ്രാവശ്യം ഉള്ളൂ എന്നാണ് എല്ലാവരും പറയുന്നത് രണ്ടാം പെരുന്നാളിന്ന് മാഡത്തിന്റെ കുടുംബം അമേരിക്കയിൽനിന്നും വരുന്നുണ്ടെന്നും ഉച്ചക്ക് ഒരുമണിക്ക് എയർപോർട്ടിൽ എത്തണം എന്നും കഫീൽ മെസ്സേജ് വിട്ടത് അനുസരിച്ച് ഞാൻ ചെന്നു
കൃത്യം ഒരു മണിക്ക് പുറത്തുവന്ന അവരെയും അവരുടെ പെട്ടികളും എല്ലാമെടുത്ത് ഞാൻ അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു വരുന്ന വഴിയിൽ എണ്ണ അടിക്കാൻ പമ്പിൽ കയറിയെങ്കിലും അവളുടെ ഉമ്മയോ ഉപ്പയോ എണ്ണ അടിക്കാൻ തയ്യാറായില്ല രണ്ടുപേരും പണമില്ല എന്ന് പറഞ്ഞു കൈമലർത്തി വലിയ വണ്ടി ആയതുകൊണ്ട് ഇപ്പോൾ പഴയതിനേക്കാൾ എണ്ണചെലവ് കൂടുതലാണ് മാത്രമല്ല കഫീൽ പോകുമ്പോൾ വണ്ടിയിൽ എണ്ണ കാലിയാക്കി ആണല്ലോ പോകാറുള്ളത് പിന്നെയുള്ളത് കഫീലിന്റെ ഉമ്മയാണ് അവര് പാവം ആയതുകൊണ്ട് ഞാൻ പറയുന്നത് തന്നെ ആണ് അവർക്ക് ശരി ഏത് ഓട്ടം പോവുകയാണെങ്കിലും പമ്പിൽ കയറിയാൽ എണ്ണ അടിക്കും അധികം വേണമെന്ന് ഞാൻ പറഞ്ഞാൽ അതിനും അവർക്ക് സമ്മതമാണ് അങ്ങനെ അടിക്കുന്ന എണ്ണയിൽനിന്നും അല്പസ്വല്പം ബാക്കിയുള്ളത് കൊണ്ടാണ് ഞാൻ എന്റെ ചെറിയ ചെറിയ ഓട്ടങ്ങൾ പോകുന്നത് ഇന്ന് എന്റെ വീട്ടിൽ നിന്നും എയർപോർട്ട് വരെയും എയർപോർട്ടിൽനിന്ന് മാഡത്തിന്റെ വീട് വരെയും ഓടിയത് ഇന്നലെ കഫീലിന്റെ ഉമ്മ നിറച്ച എണ്ണ കൊണ്ടാണ് അത് തിരിച്ചു നിറക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന് പോലും ഓർക്കാതെ മാഡത്തിന്റെ വീട്ടുകാർ പണമില്ല എന്ന പല്ലവി ആവർത്തിച്ചു
സത്യത്തിൽ അവർ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ പുറത്തെവിടെയെങ്കിലും പോയി എയർപോർട്ട് വഴി മടങ്ങി വരുമ്പോൾ തങ്ങളെയും സാധനങ്ങളും എടുക്കാൻ വരുന്ന വണ്ടിക്ക് കൊടുക്കേണ്ട പാർക്കിംഗ് ഫീസ് 3 റിയാൽ ലാഭിക്കാൻ വേണ്ടി അവർ ചെയ്യുന്ന സൂത്രം കേട്ടാൽ തന്നെ ആർക്കും അവരുടെ പിശുക്കിനെ കുറിച്ച് മനസ്സിലാകും ജിദ്ദയിലെ എയർപോർട്ട് 'സൗദി എയർലൈൻസ്' എന്നും 'ഫോറിൻ എയർലൈൻസ്' എന്നും വേർതിരിച്ചു രണ്ടുവിഭാഗം ആക്കിയിരിക്കുകയാണ് ഇതിൽ ഫോറിൻ എയർലൈൻസിൽ ആളുകൾ വരുന്നതും പോകുന്നതും എല്ലാം ഒരേ നില യിലൂടെയാണ് അവിടേക്ക് ചെല്ലുന്ന വാഹനങ്ങൾ 15 മിനിറ്റിലധികം താമസിച്ചാൽ മണിക്കൂറിന് 3 റിയാൽ വച്ച് ചാർജ് ഈടാക്കും സൗദി എയർലൈൻസിൽ ആളുകൾ പോകുന്നത് മുകൾ ഭാഗത്ത് കൂടി ഒന്നാം നിലയിലാണ് ഇവിടെ 15 മിനിറ്റിനുള്ളിൽ ആളെ ഇറക്കി വാഹനങ്ങൾ തിരിച്ചു പോന്നാൽ സൗജന്യവും താമസിക്കുന്ന ഓരോ മണിക്കൂറിനും 3 റിയാൽ വീതവും ആണ്
അവിടെ യാത്ര കഴിഞ്ഞു വരുന്ന ആളുകൾ പുറത്തേക്ക് വരുന്നത് താഴെ നിലയിലൂടെയാണ് ഇവിടെ 15 മിനിട്ട് സൗജന്യം ഇല്ലാതെ ഓരോ വാഹനത്തിനും മണിക്കൂറിനു 3 റിയാൽ വീതം നൽകണം മാഡത്തിന്റെ വീട്ടുകാർ യാത്ര കഴിഞ്ഞു വരുന്ന സമയത്ത് എന്നോട് പറയുന്നത് എയർപോർട്ടിന് പുറത്ത് കാത്തു നില്ക്കാനാണ് പിന്നെ അവർ പുറത്തേക്ക് വരുന്നത് താഴെ നിലയിലൂടെ അല്ല അതിലൂടെ പുറത്തു കടന്നാൽ വാഹനത്തിന് 3 റിയാൽ പാർക്കിംഗ് ഫീസ് കൊടുക്കുന്നത് ലാഭിക്കാൻ വേണ്ടി എയർപോർട്ടിൽ ജോലി ചെയ്യുന്ന മാഡത്തിന്റെ ഉപ്പയുടെ സ്വാധീനം വെച്ച് ലഗേജുകളും കുട്ടികളെയുമൊക്കെ താങ്ങിപ്പിടിച്ച് മുകൾനിലയിൽ ആളുകൾ യാത്ര പോവാനുള്ള പ്രവേശന കവാടത്തിലൂടെയാണ് അവർ പുറത്തേക്കു വരുന്നത് ഫലം 3 റിയാൽ ലാഭം അങ്ങനെയുള്ള അവർ എന്റെ വണ്ടിയിലേക്ക് എണ്ണ അടിക്കും എന്ന് വിചാരിച്ച ഞാനല്ലേ യഥാർത്ഥ വിഡ്ഢി
സെപ്തംബർ ആറാം തീയതി കഫീൽ മടങ്ങിവന്നു വന്നപ്പോൾ എനിക്ക് ഒരു ഷർട്ട് കൊണ്ടുവന്നിരുന്നു എന്റെ ജോലി വീണ്ടും പഴയപോലെ തന്നെ തുടർന്നുകൊണ്ടിരുന്നു നാട്ടിലേക്ക് പോയ എന്റെ ഇവിടുത്തെ അയൽവാസി പാക്കിസ്ഥാനി തിരിച്ചുവന്നു വീട്ടിലെ പ്രാരാബ്ദം വെച്ചുനോക്കുമ്പോൾ ഇവിടെയുള്ള കഷ്ടപ്പാടുകൾ ഒന്നും പ്രശ്നമല്ല എന്ന് തോന്നിക്കാണും എന്റെ സുഹൃത്തായ നൗഷാദും അവന്റെ കഫീലിൽ നിന്നും എക്സിറ്റുവാങ്ങി നാട്ടിൽ പോയി അവന്റെ ഭാഗ്യം പ്രശ്നങ്ങളൊന്നും കൂടാതെ എക്സിറ്റ് അടിച്ച് ടിക്കറ്റ് എടുത്തു കൊടുത്തു എന്നു പറയുന്നതുതന്നെ ഒരു ഭാഗ്യം ആണല്ലോ അവധി കഴിഞ്ഞ് സെപ്റ്റംബർ 19 ന് മദ്രസകൾ തുറന്നു പതിവുപോലെ തന്നെ റോഡുകൾ നിറഞ്ഞുകവിഞ്ഞു തിക്കും തിരക്കുമായി മദ്രസ തുറക്കുന്നതിനു മുമ്പ് തന്നെ എന്റെ പഴയ വണ്ടി എൻജിൻ മാറ്റി വർക്ക് ഷോപ്പിൽ നിന്നും ഇറക്കിയിരുന്നു
നാലഞ്ച് ദിവസം വർക്കു ഷോപ്പിലും മറ്റുമായി കൃത്യമായ ഭക്ഷണവും വിശ്രമവുമില്ലാതെ ചുറ്റിത്തിരിഞ്ഞതു കൊണ്ടും മദ്രസ തുറന്ന് ഒരാഴ്ച കുട്ടികളുടെ ക്ലാസ് മാറലും സമയം മാറലും തുടങ്ങി ഒന്ന് ശരിക്ക് ശ്വാസം വിടാൻ പോലും ഒഴിവില്ലാതെ ജോലി ഉണ്ടായതു കൊണ്ടും എന്റെ ശരീരം വളരെ ക്ഷീണിക്കുകയും തൊണ്ടവേദനയും പനിയും പിടിപെടുകയും ചെയ്തു ഒരിക്കൽ അർധരാത്രി ഏറെ വൈകി മാഡം വിളിച്ചത് ഞാൻ കണ്ടെങ്കിലും ഫോണെടുത്തില്ല ഫോണെടുത്ത് സംസാരിക്കാൻപോലും കഴിയാത്ത രൂപത്തിൽ എനിക്ക് അപ്പോൾ വിറച്ച് പനിക്കുന്നുണ്ടായിരുന്നു ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ എഴുന്നേറ്റ് അല്പം ചായ ഉണ്ടാക്കി കുടിക്കുമ്പോൾ കഫീലിനെ വിളിച്ച് കാര്യം പറഞ്ഞു ഗുളിക വല്ലതും ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് പറഞ്ഞപ്പോൾ നോക്കട്ടെ കുറച്ചു കഴിഞ്ഞു വിളിക്കാം എന്നുപറഞ്ഞു അല്പം കഴിഞ്ഞ് ഉമ്മയുടെ ഫ്ലാറ്റിലേക്ക് ചെല്ലാൻ പറഞ്ഞു അവിടെനിന്നും ഒന്ന് രണ്ട് വിധം ഗുളികകൾ തന്നു ആദ്യം അന്വേഷിച്ചത് മാഡത്തിന്റെ ഫ്ലാറ്റിലാണെങ്കിലും ഞാൻ നുണ പറയുകയാണെന്നും മറ്റും പറഞ്ഞ് അവൾ ഗുളിക ഒന്നും കൊടുത്തിട്ടുണ്ടാവില്ല അതുകൊണ്ടാണ് ഉമ്മയുടെ ഫ്ലാറ്റിൽ നിന്നും അയാൾ ഉള്ളത് തന്നത്
സെപ്റ്റംബർ ഇരുപത്തിയേഴാം തിയതി സൗദി അറേബ്യയിൽ ഭാവിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകിക്കൊണ്ട് രാജാവിന്റെ ഉത്തരവ് ഇറങ്ങി മറ്റ് അറബ് രാഷ്ട്രങ്ങളിലെ പോലെ ഇവിടെയും ഇനി കുറച്ചു കാലങ്ങൾക്ക് ശേഷം സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ വാഹനങ്ങൾ ഓടിക്കാം നാട്ടിൽ പോകുന്ന വിവരവും എക്സിറ്റ് വേണമെന്നും കഫീലിനെ അറിയിച്ചതിനുശേഷം രണ്ടുമാസത്തോളം ആ വിഷയത്തിനൽ പ്രതികരണം ഒന്നും വന്നില്ല പക്ഷേ ഞാൻ എങ്ങനെയെങ്കിലും തീരുമാനം മാറ്റാൻ വേണ്ടിയായിരിക്കണം മാഡം സ്വഭാവത്തിൽ കഴിവിന്റെ പരമാവധി മാറ്റം വരുത്തിയിട്ടുണ്ട് എന്നെനിക്കു മനസ്സിലായി എത്ര മാറിയാലും അവൾക്ക് അവൾ ആവാനേ കഴിയൂ ഒരു റിയാലിന്റെ ഉപകാരം മറ്റൊരാൾക്ക് ചെയ്യുവാനോ എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ അല്പം ക്ഷമിക്കുവാനോ ഒന്നും അവൾക്ക് കഴിയില്ലായിരുന്നു
ഒക്ടോബർ 12-ആം തീയതി എന്റെ ഭാര്യയും മോളും ഉംറ വിസയിൽ ഒരു മാസത്തേക്ക് സൗദിയിലേക്ക് വന്നു കഷ്ടപ്പാടുകളെക്കാൾ കൂടുതൽ അനുഗ്രഹങ്ങൾ എനിക്കു തന്നു കൊണ്ട് എന്റെ രക്ഷിതാവ് എന്നെ വീണ്ടും അത്ഭുതപ്പെടുത്തി കാരണം കാലങ്ങളായി അത്യാവശ്യം നല്ല ശമ്പളത്തിൽ ജോലി ചെയ്യുന്നവർ പോലും പലവിധ പ്രശ്നങ്ങൾ കാരണം കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിട്ടും നടക്കാതെ അതിനുവേണ്ടി കാത്തിരിക്കുന്നവരാണ് അവർക്കിടയിൽ 1700 റിയാൽ ശമ്പളത്തിൽ ഹൗസ് ഡ്രൈവറായി ഇതുപോലെയുള്ള ഒരു വീട്ടിൽ ജോലി ചെയ്യുന്ന ഞാൻആദ്യത്തെ രണ്ടുവർഷം പൂർത്തിയാകുന്നതിനു മുൻപുതന്നെ കുടുംബത്തെ ഇവിടെ കൊണ്ടു വന്നു എന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ് മനസ്സിൽ ഒരുപാട് ആഗ്രഹിക്കുകയുംപ്രാർത്ഥിക്കുകയും ചെയ്തിരുന്നതും എന്നാൽ ഇപ്പോൾ ഒന്നും നടന്നുകിട്ടാൻ സാധ്യതയില്ല എന്ന്‌ കരുതിയതുമായ ഒരു കാര്യമായിരുന്ന ഭാര്യയുടെ വരവിന് ആദ്യമായി വഴിയൊരുക്കുന്നത് ഉമ്മയായിരുന്നു
നീ രണ്ടു വർഷം കഴിഞ്ഞു തിരിച്ചുപോരുമ്പോൾ എക്സിറ്റിലാണ് പോരുന്നതെങ്കിൽ അതിനുമുമ്പ് നിന്റെ ഭാര്യയെയും ഒന്നര വയസ്സായ മോളെയും അങ്ങോട്ടു കൊണ്ടു പോയി മക്കയും മദീനയും എല്ലാം കാണിച്ചു കൊടുത്തേക്ക് എന്ന് ഉമ്മയുടെ ഉപദേശം ആയിരുന്നു അന്ന് ഞാൻ ഉമ്മയുടെ മുൻപിൽ അവതരിപ്പിച്ചത് 2 പ്രതിസന്ധികളാണ് 1 സാമ്പത്തികം 2 മുതലാളിമാരുടെ സ്വഭാവം ആദ്യമായി നീ തയ്യാറെടുത്തു പടച്ചവനോട് പ്രാർത്ഥിക്ക്‌ വഴിയെ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും എന്നും അന്ന് ഉമ്മ എന്നോട് പറഞ്ഞു അങ്ങനെ ഞാൻ അതിനു വേണ്ടി കഴിഞ്ഞ രണ്ടുമൂന്നു മാസമായി ശ്രമിക്കുന്നു അളിയന്മാർ തരാനുണ്ടായിരുന്ന പണം തിരിച്ചു വാങ്ങിയും അല്പം കടംവാങ്ങിയും സാമ്പത്തികം ഞാൻ തരപ്പെടുത്തി ഭാര്യയും മകളും ഗ്രൂപ്പ് വഴിയാണ് വരുന്നതെന്നും അവരു വന്നാലും എന്റെ ജോലിക്ക് ഞാൻ ഒരു മുടക്കവും വരുത്തില്ലെന്നും പറഞ്ഞപ്പോൾ കഫീലിനും സമ്മതമായിരുന്നു
അവരുടെ വരവും പോക്കും ഗ്രൂപ്പ് വഴിയാണെങ്കിലും താമസവും ഭക്ഷണവും ഇവിടെയുള്ള യാത്രകളുമെല്ലാം എന്റെ അടുത്തു നിന്ന് ആക്കാൻ വേണ്ടി പാക്കേജിൽ ഉൾപ്പെടാതെയാണ് ഞാനവരെ കൊണ്ടുവന്നത് അങ്ങനെ ഒക്ടോബർ 12-ആം തിയതി വ്യാഴാഴ്ച വൈകിട്ട് സാധാരണയുള്ള മദ്രസ ഓട്ടങ്ങളെല്ലാം തീർത്ത് ആറുമണിയോടെ ഞാൻ മക്കത്തേക്ക് ചെന്നു രാവിലെ 10 മണിക്ക് ജിദ്ദയിൽ ഇറങ്ങിയ ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളും അവിടെ എത്തിയിരുന്നു അവിടെവച്ച് 21 മാസങ്ങൾക്കുശേഷം ഞാനെന്റെ മോളെ കണ്ടു ഭാര്യയേയും മോളെയും കൂട്ടി ഹറമിൽ പോയി ഉംറ ചെയ്തു ആരോഗ്യമുള്ള നല്ല സമയത്തുതന്നെ ഭാര്യയുമൊത്ത് ഈ പുണ്യഭൂമി സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു ഉംറ ചെയ്യലും പ്രാർത്ഥനയും എല്ലാം കഴിഞ്ഞു അർദ്ധ രാത്രി ഒന്നരയോടെ ഞാൻ അവരെയും കൂട്ടി എന്റെ റൂമിൽ എത്തി പക്ഷേ നാട്ടിൽ നിന്നും കുടുംബം ഇവിടെ വന്ന ആ രാത്രി പോലും എന്നെ വെറുതെ വിടാൻ മാഡവും കഫീലും തയ്യാറായിരുന്നില്ല
അവരെ റൂമിലാക്കി ഓട്ടം തുടങ്ങിയ ഞാനും വണ്ടിയും പിന്നെ നിൽക്കുന്നത് പുലർച്ചെ ബാങ്കു വിളിക്കുന്നതിന് അല്പം മുമ്പായിരുന്നു പിറ്റേന്ന് മുതൽ ഞാൻ ഭാര്യയും മോളുമായി എന്റെ ആ റൂമിൽ താമസമാരംഭിച്ചു രാത്രിയും പകലുമായി തീരാത്ത എന്റെ ഓട്ടവും ഒരു മുടക്കവും വരുത്താതെ തുടർന്നു കുടുംബം കൂടെ ഉണ്ടായതുകൊണ്ട് ജോലിയിൽ ഒരു കുറവും വരാതിരിക്കാൻ ഞാനാദ്യം ചെയ്തത് കടയിൽ പോയി വലിയ ശബ്ദത്തിൽ അലാറം അടിക്കുന്ന ഒരു ക്ലോക്ക് വാങ്ങി ചെറിയ ഇടവേളയിലുള്ള ഉറക്കം കഴിഞ്ഞു ഉണരാൻ വേണ്ടി മൊബൈലിലെ എട്ടും പത്തും അലാറങ്ങളൊന്നും എനിക്ക് തികയാതെ വരാറുണ്ട് പലപ്പോഴും ഒരുദിവസം മാഡം ബലദിലേക്ക് ഓട്ടം പോകാനൊരുങ്ങിയപ്പോൾ എന്റെ ഭാര്യയെയും മോളെയും കൂടെകൂട്ടാൻ പറഞ്ഞു പുറത്തെവിടെയും ഇറങ്ങാൻ പറ്റാതെ ഒറ്റമുറി റൂമിലിരുന്ന് മുഷിഞ്ഞ അവർക്ക് ആശ്വാസം ആകട്ടെ എന്നു കരുതി ഞാൻ അവരെയും കൂടെ കൂട്ടി
മാഡത്തിന് ആവശ്യമുള്ള സ്ഥലങ്ങളിൽ ഒക്കെ പോയി അവിടെ കാത്തു നിൽക്കുന്ന സമയത്ത് ഞാനും കുടുംബവും പുറത്തൊക്കെ ഒന്നു നടന്നു കണ്ടു മാഡത്തിന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞു തിരിച്ചുവിളിച്ചപ്പോൾ ഞങ്ങളെല്ലാവരും കൂടി തിരിച്ചു പോരുകയും ചെയ്തു വീട്ടിലേക്കുള്ള വഴിയിൽ എണ്ണ തീർന്ന് പമ്പിൽ കയറ്റിയപ്പോൾ മാഡത്തിൽ നിന്ന് പ്രതികരണമൊന്നും ഇല്ല ഞാൻ പിറകിലേക്ക് നോക്കുമ്പോൾ അവൾ മൊബൈലിലേക്ക് നോക്കി ഒന്നുമറിയാത്തപോലെ അഭിനയിക്കുകയാണ് എനിക്ക് കാര്യം പിടികിട്ടി ഇന്ന് എന്റെ ഭാര്യയും മോളും കൂടി വണ്ടിയിൽ ഉയരുന്നതിന് ഞാൻ പണം മുടക്കി എണ്ണ അടിക്കേണ്ടിവരും അതിനാണ് ഈ അഭിനയം എന്ന് മനസ്സിലാക്കാൻ അവളോടൊപ്പം ഒന്നര വർഷത്തിലധികം ജോലി ചെയ്ത അനുഭവം തന്നെ എനിക്ക് ധാരാളമായിരുന്നു ഭാര്യയുടെ മുൻപിൽ വെച്ച് മറ്റൊരു സ്ത്രീയുടെ വായിൽ നിന്നും ശകാരം വരുന്നതിനു മുമ്പ് മറിച്ചൊന്നു ചിന്തിക്കാതെ ഞാൻ എന്റെ കയ്യിലുള്ള പണത്തിൽ നിന്നും 10 റിയാൽ മുടക്കി എണ്ണ അടിച്ചു
ഇത് നല്ല ഒരു സൂത്രം ആണെന്ന് മനസ്സിലാക്കിയ അവൾ പിറ്റേന്ന് ഓട്ടം പോയപ്പോൾ എന്നോട് ചോദിച്ചു ഇന്ന് നിന്റെ ഭാര്യയെയും മോളെയും കൂട്ടിയില്ലേ എന്ന് അവർക്ക് പുറത്ത് കറങ്ങാൻ പോകുന്നതെന്നും വലിയ ഇഷ്ടമില്ല എന്ന് ഞാൻ മറുപടി പറഞ്ഞു എന്റെ കുടുംബം കൂടെയുണ്ടെങ്കിലും ഏതു രാത്രിയിലും പുലർച്ചെയും എല്ലാം ഓട്ടങ്ങൾ പഴയപോലെ തന്നെ ഉണ്ടായിരുന്നെങ്കിലും റൂമിനടുത്തുള്ള സ്ഥലങ്ങളിലേക്ക് ഓട്ടം പോകുമ്പോൾ ചിലപ്പോഴൊക്കെ മാഡം എന്നെ റൂമിലേക്ക് മടക്കിയയച്ച്‌ എന്നോട് അല്പം കരുണ കാണിച്ചു
ഒക്ടോബറിലെ ശമ്പളം ഇരുപത്തിയെട്ടാം തീയതി തന്നെ എന്റെ അക്കൗണ്ടിലേക്ക് വന്നു ഇത്തവണ നാട്ടിലേക്ക് പണമയക്കാൻ ഇല്ല ഭാര്യയെയും മോളെയും കൂട്ടി മക്കയിലും മദീനയിലും പോകാനും ഒരുമാസം നല്ലനിലയിൽ ഭക്ഷണം കഴിക്കുവാനും (നാട്ടിൽ നിന്നും ഒരു മാസത്തേക്ക് ഗൾഫ് കാണാൻ വന്നവർക്ക് കുബ്ബൂസും പരിപ്പുകറിയും മാത്രം കൊടുക്കാൻ പറ്റില്ലല്ലോ) അവർ തിരിച്ചു പോകുന്നത് വരെയുള്ള മറ്റു ചിലവുകൾക്കുമായി ഈ മാസത്തെ ശമ്പളം ഞാൻ കയ്യിൽ കരുതി
(തുടരും )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot