
ഹൗസ് ഡ്രൈവർ 'എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 20
വിരഹത്തിന്റെ വേദനയിൽ പ്രവാസം മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ഒരുപാട് സുഹൃത്തുക്കളെ പരിചയപ്പെട്ടെങ്കിലും രണ്ടുമൂന്നു പേരുമായി കൂടുതൽ അടുക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു ആദ്യത്തെ രണ്ടുമൂന്നു മാസത്തിനുള്ളിൽ തന്നെ വളരെ അടുത്ത് പരിചയപ്പെട്ട സുഹൃത്തായിരുന്നു ഷുക്കൂർ പാലക്കാട് സ്വദേശിയായ ഹൗസ് ഡ്രൈവർ കടപ്പുറത്ത് ഒരു പാർക്കിൽ മാടത്തെ കാത്തുനിൽക്കുന്ന ഇടവേളയാണ് ഞങ്ങൾ പരിചയപ്പെട്ടത് അവനും എന്നെപ്പോലെ ഇതിനുമുൻപും സൗദിയിൽ ജോലി ചെയ്തിട്ടുണ്ട് എന്നാൽ ഇത്തവണ വന്നത് അല്പം കഷ്ടപ്പാടിലേക്കാണ് എന്നെപ്പോലെ തന്നെ വിശ്രമമില്ലാത്ത ജോലിയും വഴക്കും തെറിയും ഒക്കെ അവന്റെയും അനുഭവങ്ങളായിരുന്നു പോരാത്തതിന് ഒരിക്കൽ ഓട്ടം പോകുന്നതിനിടയിൽ വണ്ടിയുടെ ടയർ പൊട്ടിയതിന് അവന്റെ ശമ്പളത്തിൽ നിന്നും അതിന്റെ പണം കട്ട് ചെയ്യുകയും ചെയ്തു
അന്ന് ഞങ്ങൾ പരസ്പരം അനുഭവങ്ങൾ പങ്കുവെച്ചു പിരിഞ്ഞെങ്കിലും മൊബൈൽ വഴിയും നെറ്റ് വഴിയും സൗഹൃദം തുടർന്നു എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്ത് കടങ്ങൾ ഒക്കെ തീർത്ത് നാട്ടിലേക്കു തിരിച്ചുപോകണം എന്ന് തീരുമാനിച്ചിരുന്നെങ്കിലും കഷ്ടപ്പാടുകൾ സഹിക്കവയ്യാതെ ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ തന്നെ അവൻ നാട്ടിലേക്ക് പോയി പോകുമ്പോൾ തന്നെ മറ്റൊരു വീട്ടിലെ ആളുകളെ പരിചയപ്പെട്ടു തിരിച്ചുവരാൻ ഉദ്ദേശിച്ചാണ് പോയത് രണ്ടുമൂന്നു മാസം നാട്ടിൽ ചിലവഴിച്ച് ആ വീട്ടുകാർ അയച്ചുകൊടുത്ത വിസയും ടിക്കറ്റുമായായി അവൻ വീണ്ടും വന്നു ഇപ്പോൾ പഴയതിനേക്കാൾ കൂടുതൽ സമയം ജോലി ഉണ്ടെങ്കിലും കഷ്ടപ്പെടുത്തലോ ശല്യങ്ങളോ ഒന്നും ഇല്ല എന്നും മെച്ചപ്പെട്ട ശമ്പളം ഉണ്ടെന്നും അവൻ വിളിച്ചുപറഞ്ഞപ്പോൾ ആശ്വാസമായി
ഒരിക്കൽ മാഡത്തിന്റെ വീട്ടിൽ ഞാൻ കാത്തു നിൽക്കുന്ന സമയത്ത് അവൻ അവന്റെ വണ്ടിയുമായി എന്നെ കാണാൻ വരികയും ചെയ്തു പുതിയ വിശേഷങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കു വെച്ചപ്പോൾ അവന് അത്ഭുതമായിരുന്നു ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തിനാണെന്ന് കടിച്ചുതൂങ്ങി നിൽക്കുന്നതെന്നും പണി കളഞ്ഞു നാട്ടിൽ പോയി പുതിയ വിസക്ക് വന്നുകൂടെ എന്നുമൊക്കെയവൻ ചോദിച്ചു അതിനൊന്നും ധൈര്യമോ തന്റേടമോ ഇല്ലാത്തത് കൊണ്ടല്ല കാലാവധി പൂർത്തിയാക്കാതെ വീട്ടിലേക്ക് ചെല്ലാൻ ഉള്ള മടിയും പിന്നെ ഇനിയും വരാൻ പോകുന്ന വീടോ ജോലിയോ ഒന്നും ഇതിനേക്കാൾ ഒരുപക്ഷേ മോശമാവാൻ ഉള്ള സാധ്യതയും കൊണ്ട് ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ഞാൻ തീരുമാനിക്കുകയായിരുന്നു ഇതുപോലെ കഷ്ടപ്പാടുകൾ സഹിച്ച് രണ്ടുവർഷത്തിലധികം ജോലി ചെയ്തു നാട്ടിലേക്കു പോയ house ഡ്രൈവർ മാരുടെ കൂട്ടത്തിൽ ആദ്യത്തെ ആളൊന്നുമല്ല ഞാൻ എല്ലാവരുടെയും അനുഭവം ഇതു പോലെയോ ഇതിലും കഷ്ടപ്പാടോ ആണ്
എന്റെ നാട്ടുകാരനും അയൽവാസിയുമായ ഒരു സുഹൃത്ത് ഞാനിവിടെ വന്നത് അല്പം മാസങ്ങൾ കഴിഞ്ഞപ്പോൾ ആണ് കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് പോയത് ഫേസ് ബുക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും അവൻ എഴുതിയിരുന്ന വാക്കുകൾ സാഹിത്യ അക്കാദമി അവാർഡിന് പരിഗണിക്കാൻ പാകത്തിലുള്ളതായിരുന്നു കടുത്ത ജീവിതാനുഭവങ്ങൾ അവനെ ഒരു സാഹിത്യകാരനാക്കുകയിരുന്നു പുലർച്ചെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കി ആറുമണിക്ക് മാടത്തെ ജോലിക് കൊണ്ടുവരണം അവിടെനിന്നും റൂമിലേക്ക് തിരിച്ചു പോകാൻ അനുവാദമില്ല രാവിലെ പോരുമ്പോൾ തന്നെ പ്രഭാത ഭക്ഷണത്തിനുള്ള ഉപ്പുമാവോ മറ്റോ വണ്ടിയിൽ കരുതിയിട്ടുണ്ടാകും മാഡത്തെ ഓഫീസിൽ ഇറക്കിവണ്ടി പാർക്ക് ചെയ്തു കൊണ്ടുവന്ന പ്രഭാതഭക്ഷണവും കഴിച്ച് വണ്ടിയിൽ ഇരിക്കുകയോ കിടക്കുകയോ ഒക്കെയായി ഉച്ചകഴിഞ്ഞ് രണ്ടുമണിക്കോ 3 മണിക്കോ മാഡം പുറത്തേക്കു വരുമ്പോൾ ആണ് പിന്നീടുള്ള ഓട്ടം തുടങ്ങുന്നത് എല്ലാം സഹിച്ചും ക്ഷമിച്ചും രണ്ടുവർഷത്തിൽ കൂടുതൽ പിടിച്ചുനിൽക്കാൻ അവനു കഴിഞ്ഞു എന്നതാണ് സത്യം
എന്റെ അതേ അനുഭവം ഉള്ള മറ്റൊരു മലയാളി കൂടി ഈ മാസം പരിചയപ്പെട്ടു പട്ടാമ്പി സ്വദേശിയായ നൗഷാദ് ഫർഹാൻ കഴിഞ്ഞവർഷം പഠിച്ചിരുന്ന മദ്രസയിലേക്ക് ഏതോ പേപ്പർ വാങ്ങാൻ വേണ്ടി ചെന്നപ്പോൾ അവിടെ വച്ചാണ് ഞാൻ നൗഷാദിനെ പരിചയപ്പെടുന്നത് മദ്രസയുടെ പുറത്ത് ഒരു കസേരയിൽ ഇരിക്കുന്ന അവനെ കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു ഡ്രൈവർമാരും മറ്റും കുട്ടികളെയും അധ്യാപകരെയും മദ്രസ്സയിൽ ഇറക്കി തിരിച്ചു പോകുന്നുണ്ട് എല്ലാം കഴിഞ്ഞു നോക്കുമ്പോഴും അവൻ ആ കസേരയിൽ തന്നെഇരിക്കുകയാണ് രാവിലെയുള്ള കുട്ടികളുടെ വരവ് കഴിഞ്ഞപ്പോൾ മദ്രസ ജീവനക്കാരായ പാക്കിസ്ഥാനികൾ അപ്പുറത്ത് അവരുടെ റൂമിൽ പോയി പ്രാതൽ കഴിക്കാൻ തുടങ്ങി കൂട്ടത്തിൽ അവർ നൗഷാദിനെയും ക്ഷണിച്ചു അവനും അവരോടൊപ്പം ചെന്ന് ഭക്ഷണം കഴിച്ച് വീണ്ടും പഴയ സീറ്റിൽ തന്നെ വന്നിരുന്നു
മദ്രസയുടെ ഓഫീസിൽ നിന്നും ഇനിയും പേപ്പറുകൾ ശരിയായി കിട്ടാത്തത് കൊണ്ട് സമയം കളയാൻ വേണ്ടി ഞാൻ അവനെ ചെന്നു പരിചയപ്പെട്ടു അപ്പോഴാണ് ആളു മലയാളിയാണെന്നു ഞാൻ അറിയുന്നത് ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിച്ചു ഞാൻ അവനോട് സംസാരിച്ചതിനേക്കാൾ അവന്റെ സംസാരം ക്ഷമയോടെ കേൾക്കുകയായിരുന്നു അവന്റെ ഉള്ളിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടെന്നും അതൊന്നും പങ്കുവെക്കാൻ ഒരാളില്ലെന്നും അവന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി ഞങ്ങളുടെ അനുഭവങ്ങൾ ഏറെക്കുറെ ഒരുപോലെ ഉള്ളതായിരുന്നു അവന്റെ മാഡം മദ്രസയിലെ മുദീറ ആണ് രാവിലെ അവളെയും കുട്ടികളെയും കൂട്ടി മദ്രസയിലേക്ക് പൊന്നു ആദ്യം അവളെ ഈ മദ്രസയിൽ ഇറക്കി കുട്ടികളുമായി അവരുടെയൊക്കെ മദ്രസകളിലേക്ക് പോകുന്നു അവരെയെല്ലാം ഓരോ മദ്രസകളിൽ ആയി ഇറക്കി തിരിച്ചു മാടത്തിന്റെ മദ്രസയിൽ വന്നു കാത്തു കിടക്കണം
അവിടെ അവർക്ക് ഇടയ്ക്കിടെ പുറത്തുനിന്നും ഭക്ഷണമോ ചോക്ലേറ്റ് പോലെ വല്ല സാധനങ്ങളോ വാങ്ങിക്കൊടുക്കാൻ ഉണ്ടാകും ഉച്ച ആവുന്നതോടെ മക്കളെയൊക്കെ അവരവരുടെ മദ്രസകളിൽ പോയി കൊണ്ടുവന്നു മാടത്തിന്റെ അടുത്തേക്ക് ആക്കണം മദ്രസ ഒരുമണിക്ക് തീരും എങ്കിലും മാഡം പുറത്തുവരാൻ നാലുമണി യെങ്കിലും ആവും അവിടെ നിന്നും തിരിച്ചു വീട്ടിലേക്കു പോകണം എന്ന് നിർബന്ധമൊന്നുമില്ല ഒരുപക്ഷേ പോകുന്നത് നേരെ സൂഖ്‌കളിലേക്കോ പാർക്കുകളിലേക്കോ ആയിരിക്കാം അങ്ങനെ പുലർച്ചെ മുതൽ അർദ്ധരാത്രി വരെ നീളുന്ന ജോലി ഇതിനിടയിൽ ഡ്രൈവറുടെ ഭക്ഷണം പ്രാഥമിക കർമ്മങ്ങൾ ഇവക്കൊന്നും ഒരു സ്ഥാനവുമില്ല എന്നെപോലെ തന്നെ മണിക്കൂറുകൾ നീളുന്ന കാത്തു കിടക്കലുകളിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് സ്വന്തം പണത്തിൽ നിന്നു തന്നെ വേണം
അവനും ജോലിയിൽ പ്രവേശിച്ചിട്ട് എന്റെ അതേ കാലാവധിയാണ് അതായത് മാത്രമല്ല ഞങ്ങൾ തമ്മിലുള്ള പൊരുത്തം എന്തെന്നാൽ രണ്ടുപേരും എല്ലാം സഹിക്കുവാനും ക്ഷമിക്കുവാനും പരാതി പറയാതെ (പറഞ്ഞിട്ട് കാര്യമില്ല അത് കൊണ്ട് ) കാലാവധി പൂർത്തിയാക്കുവാനും തീരുമാനിച്ചവരാണ് എന്നതാണ് ഇങ്ങനെയുള്ള പലരുടെയും അനുഭവങ്ങൾ കേൾക്കുമ്പോഴാണ് മരുഭൂമിയിലെ ഒരു പരീക്ഷണ ഭൂമിയിൽ തനിച്ചല്ല എന്ന ഒരു തോന്നൽ ഉണ്ടാകുന്നത് മാത്രമല്ല പലരുടെ അനുഭവങ്ങളും ഞാൻ അനുഭവിക്കുന്നതിനേക്കാൾ എത്രയോ കൂടുതലാണ് എന്ന് അറിയുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ ജോലിയിൽ ഞാൻ അനുഭവിക്കുന്ന ആശ്വാസങ്ങളെ കുറിച്ചും ഓർമ്മ വരുന്നത് ഞാൻ പരിചയപ്പെട്ടവരിൽ ആർക്കും ഇല്ലാത്ത അവരെയൊക്കെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു കാത്തു കിടക്കുന്ന സമയത്ത് വണ്ടിയിൽ എ സി ഇട്ട് ഇരിക്കരുത് എന്ന് പറയുന്ന മാടത്തിന്റെ വിചിത്രമായ സ്വഭാവം അതെനിക്ക് മാത്രമുള്ള പ്രത്യേക അനുഭവമായിരുന്നു
ജോലിക്കാരി കല്യാണം കഴിക്കാൻ 20 ദിവസത്തെ ലീവിന് പോയപ്പോൾ മാഡത്തിന്റെ അനുജത്തിയായിരുന്നു വീട്ടിലുണ്ടായിരുന്നത് ഉച്ചക്ക് മദ്രസ കഴിഞ്ഞു വരുന്ന കുട്ടികളെ നോക്കലും അവർക്ക് ഭക്ഷണം കൊടുക്കലും ഒക്കെയായി വന്നതാണവൾ മദ്രസയിലേക്ക് പോകുന്ന വഴിയിൽ തന്നെയായിരുന്നു അവളുടെ ട്രെയിൻ ക്ലാസ് എന്നാലും മാഡം അവളെ കൊണ്ട് സ്ഥിരമായി എണ്ണ അടിപ്പിച്ചിരുന്നു ഉച്ചക്ക് 12 മണിയോടെ അവളെ പോയി കൊണ്ടുവരണം രണ്ടുദിവസം മാഡം പറഞ്ഞതനുസരിച്ച് ഞാൻ പോയി കൊണ്ടുവന്നു നാലാമത്തെ ദിവസം മാഡം വിളിച്ചു പറയാത്തതുകൊണ്ട് ഞാൻ അവളെ കൊണ്ടുവരാൻ പോയില്ല 12 മണി കഴിഞ്ഞപ്പോൾ അനിയത്തിയുടെ രണ്ടാമത്തെ നമ്പറിൽ നിന്നും എനിക്കു വിളിവന്നു 'നീ എവിടെയാണ്' 'ഞാൻ എന്റെ റൂമിൽ' 'എങ്കിൽ പെട്ടെന്ന് വാ 12 മണിക്ക് ക്ലാസ് കഴിയും എന്നു നിനക്ക് അറിയില്ലേ' 'നീ ആരാണ്' ' ഞാൻ അവളുടെ കൂട്ടുകാരിയാണ്' 'നീ വിളിച്ചിട്ടു കാര്യമില്ല ഓർഡർ കിട്ടേണ്ടത് മുകളിൽ നിന്നാണ് ഇതുവരെ കിട്ടിയിട്ടില്ല' 'ശരി ഞാൻ അവളോട് വിളിച്ചു പറയാം'
അല്പം കഴിഞ്ഞ് മാഡത്തിന്റെ വിളി വന്നു 'നാസർ എന്തേ അനിയത്തിയെ കൊണ്ടുവരാൻ പോയില്ല' 'നീയല്ലേ പറഞ്ഞത് നീ പറയാതെ എവിടെയും പോകരുതെന്ന് ഇന്ന് നീ എന്നെ വിളിച്ചില്ലല്ലോ' 'അതൊക്കെ ശരി പക്ഷേ ഇപ്പോൾ അവൾ എന്നോടൊപ്പം അല്ലേ താമസം' 'പണ്ടും അവൾ നിന്നോടൊപ്പം ആയിരുന്നല്ലോ താമസം അന്ന് ഞാൻ അവളെ കൊണ്ട് ആക്കിയതിന്റെ പേരിൽ നീ എന്നെ' ..'ശരി ശരി പെട്ടന്ന് അവളെ പോയി കൊണ്ടുവാ എന്റെ മൊബൈലിന്റെ ബാലന്സ് തീർന്നു ' ഫോൺ കട്ടായി എന്നെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിച്ചില്ല എന്നാലും പണ്ട് എന്നെ വഴക്കു പറഞ്ഞതിന്ന് ചെറിയ രൂപത്തിൽ തിരിച്ചു പണി കൊടുത്തപ്പോൾ എനിക്ക് ആശ്വാസമായി
ജോലിസമയം കൂടുതലാവുമ്പോഴും ഭക്ഷണം കഴിക്കാൻ റൂമിലേക്ക് പോവാനോ ഞാനിപ്പോൾ സമ്മതം ചോദിക്കാത്തത് കൊണ്ട് പലപ്പോഴും എന്റെ ജോലി കഠിനമായി തന്നെ അനുഭവപ്പെട്ടു ഇത്തരത്തിൽ ഒരു ദിവസം ആയിരുന്നു ഈ മാസം ഇരുപത്തിയേഴാം തിയതി രാവിലെ ആറ് മുപ്പതിന് റൂമിൽ നിന്നും ഇറങ്ങിയ ഞാൻ തിരിച്ചു വരുന്നത് ഉച്ചയ്ക്ക് 2 30 അല്പം കഴിഞ്ഞ് വൈകീട്ട് 5 മണിക്ക് റൂമിൽ നിന്നും പുറപ്പെട്ടു അർദ്ധരാത്രി ഓട്ടവും കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ സമയം പുലർച്ച മൂന്നു 30 ഈ അനുഭവങ്ങൾ ഒക്കെയാണ് ഹൗസ് ഡ്രൈവർ പണിയെ മറ്റു ജോലികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ബകാലകളിലും ബൂഫിയകളിലും ജോലി ചെയ്യുന്നവർക്ക് പന്ത്രണ്ടും പതിനാലും മണിക്കൂറുകൾ ഒക്കെ ജോലി ചെയ്യേണ്ടതായി വരും പക്ഷേ ആ സമയം കഴിഞ്ഞാൽ ഉള്ള ബാക്കിസമയം അവർക്ക് സ്വതന്ത്രമായി കുളിക്കുവാനോ ഉറങ്ങുവാനോ അത്യാവശ്യമായി എവിടെയെങ്കിലും പോകാനോ ഒക്കെ സാധിക്കും എന്നാൽ house ഡ്രൈവരുടെ ജോലിക്ക് നിശ്ചയിക്കപ്പെട്ട സമയമില്ല ഒരു പക്ഷെ ഇരുപതു ഇരുപത്തിരണ്ടു മണിക്കൂറുകൾ നീളുന്ന ജോലി ചില സമയങ്ങളിൽ മണിക്കൂറുകളോളം ഓട്ടമില്ലാതെ റൂമിലിരിക്കൽ പക്ഷേ ഏത് സമയവും ഓട്ടവും പ്രതീക്ഷിച്ചു മറ്റു സ്വാതന്ത്ര്യങ്ങൾ ഒന്നും അനുഭവിക്കാതെ ഇരിക്കണം
ഈ മാസം അവസാനത്തോടെ വിശ്രമമില്ലാത്ത ജോലിയായിരുന്നു ഒന്നും പരാതിയില്ലാതെ തന്നെ ഞാൻ ചെയ്തു മാത്രമല്ല എന്നെ പലപ്പോഴും ഉപദ്രവിചിട്ടുണ്ടെങ്കിലും നിറവയറുമായി എന്റെ കൂടെ ഓട്ടം വരുന്ന അവളെ ഞാൻ എന്നെക്കൊണ്ട് കഴിയുംവിധം ഒക്കെ സഹായിച്ചു പ്രസവത്തിനു മുൻപുള്ള രണ്ടു മൂന്നു മാസത്തെ പ്രയാസങ്ങൾ എത്രത്തോളമാണെന്ന് ഞാൻ എന്റെ ഭാര്യയിൽ നിന്നും മനസ്സിലാക്കിയിരുന്നു അതുകൊണ്ട് തന്നെ എവിടെ ഓട്ടം പോയാലും വണ്ടി പാർക്ക് ചെയ്തു ഞാനും കൂടെ ചെന്നു വാങ്ങുന്ന സാധനങ്ങൾ ഒക്കെ ഞാൻ ചുമന്ന് അവളുടെ പിറകേ നടക്കും ഈ വക കാര്യങ്ങളൊന്നും അവൾ നിർബ്ബന്ധ പൂർവ്വം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും എല്ലാം ഞാൻ കണ്ടറിഞ്ഞു ചെയ്തു കൊടുക്കുകയായിരുന്നു വഴക്കു പറയുന്നത് അല്പം കുറവുണ്ട് എന്നല്ലാതെ ആ പ്രവർത്തികളൊന്നും അവളിൽ നിന്നും എനിക്ക് പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല
പക്ഷേ എല്ലാത്തിനും ഉള്ള പ്രതിഫലം എനിക്ക് കഫീലിൽ നിന്നും കിട്ടി നവംബർ മാസത്തെ ശമ്പളം വന്നപ്പോൾ 100 റിയാൽ കുറവ് ദേഷ്യവും സങ്കടവും കാരണം ഞാൻ ആകെ അസ്വസ്ഥനായി എല്ലാ കഷ്ടപ്പാടിലും എന്നെ ഇവിടെ പിടിച്ചു നിർത്തിയത് മാസാമാസം കൃത്യമായി വരുന്ന ശമ്പളമായിരുന്നു ഇപ്പോളിതാ അതും പിടിക്കാൻ തുടങ്ങിയിരിക്കുന്നു എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആകെ കഷ്ടപ്പെട്ടു പല കാര്യങ്ങളും മനസ്സിൽ കൂട്ടിയും കിഴിച്ചും നോക്കി അവസാനം ഒരു തീരുമാനത്തിലെത്തി ശമ്പളത്തിൽ നിന്നും ഒരു റിയാലും കുറവുള്ള ജോലി എനിക്കു വേണ്ട ഫോണെടുത്തു അവനെ വിളിക്കുക കട്ട് ചെയ്ത ശമ്പളം ബാങ്കിലേക്ക് അയച്ചുതന്നാൽ ജോലിയിൽ തുടരാം അല്ലെങ്കിൽ എനിക്ക് നാട്ടിൽ പോയാൽ മതി എന്നു പറയാം ഇതിനുവേണ്ടി പല തവണ ഫോൺ എടുക്കാൻ ഒരുങ്ങി ഒന്നുരണ്ടുതവണ ഫോണെടുത്ത് നമ്പര് നെക്കിയെങ്കിലും വിളിച്ചില്ല ഒരു തീരുമാനത്തിലെത്താൻ എനിക്കു കഴിഞ്ഞില്ല
രണ്ടുമൂന്നു തവണ ഞാനൊടിച്ച വണ്ടിക്ക് ട്രാഫിക് ഫൈൻ വന്നിരുന്നു അന്നൊക്കെ കഫീൽ എന്നോട് ആ വിവരം പറഞ്ഞു അതു മുഴുവനും അവൾ പറയുന്ന സ്ഥലങ്ങളിൽ വണ്ടി നിർത്തിയത് കൊണ്ടാണ് എന്ന് ഞാനും പറഞ്ഞു ആദ്യത്തെ രണ്ടു തവണ അവൻ കണ്ണടച്ച് എങ്കിലും ഇത്തവണ ഫൈൻ വന്ന 100 റിയാൽ എന്റെ ശമ്പളത്തിൽ നിന്നും വെട്ടിച്ചുരുക്കി യിരിക്കുകയാണ് ഫോൺ വിളിക്കാൻ ഒരുങ്ങിയപ്പോൾ ഒക്കെ മനസ്സിൽ നിന്ന് ആരോ എന്നോട് പറയുന്നുണ്ടായിരുന്നു വേണ്ട വിളിക്കേണ്ട വിളിച്ചാൽ നിന്റെ നിയന്ത്രണം വിടും എല്ലാം സഹിക്കാനും ക്ഷമിക്കാനും നീ തീരുമാനിച്ചതല്ലേ ഇതുംകൂടി സഹിച്ചേക്കു എന്ന് ഫോൺ വിളിച്ചില്ലെങ്കിലും ഞാൻ കഫീലിന്ന് ഒരു വോയിസ് മെസ്സേജ് വിട്ടു ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഞാൻ അയച്ച മെസേജ് എന്റെ കഷ്ടപ്പാടുകളും പ്രയാസങ്ങളും ദേഷ്യവും സങ്കടവുമെല്ലാം അതിലുണ്ടായിരുന്നു എല്ലാ ഡ്രൈവർമാരെയും പോലെ ഓട്ടം കഴിഞ്ഞ് റൂമിലേക്ക് മടങ്ങാതെ എട്ടും ഒൻപതും മണിക്കൂർ ഒരേ സ്ഥലത്ത് വണ്ടിയിൽ ഇരിക്കാൻ പോലും അനുവാദമില്ലാതെ പുറത്തു കൊതുകു കടിയും കൊണ്ട് തന്റെ ഭാര്യയുടെ കൂടെ ജോലി ചെയ്തതിന്ന് അവസാനം എനിക്ക് കിട്ടിയ പ്രതിഫലം 100 റിയാൽ നഷ്ടം അല്ലേ എന്നും പറഞ്ഞാണ് ഞാൻ മെസ്സേജ് അവസാനിപ്പിച്ചത്
ശരി ശരി ഞാൻ വന്നിട്ട് നമുക്ക് ചർച്ച ചെയ്യാം എന്നു മാത്രം അയാൾ തിരിച്ചു മെസ്സേജ് വിട്ടു എനിക്കല്പം ആശ്വാസമായെങ്കിലും വീണ്ടും ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടി അവസാനം ഇതിങ്ങനെ പോയാൽ എന്റെ കയ്യിൽ നിന്നും കൈവിട്ടു പോകും എന്ന് തോന്നിയപ്പോൾ ഉമ്മാനോട് അഭിപ്രായം ചോദിക്കാൻ തീരുമാനിച്ചു ഉമ്മ എന്തു പറഞ്ഞാലും അതു പോലെ ചെയ്യാം എന്തായാലും ജോലി കളഞ്ഞ് പെട്ടെന്ന് നാട്ടിലേക്ക് വരാൻ ഉമ്മ പറയില്ലല്ലോ ക്ഷമിക്കുവാനേ പറയൂ എനിക്കറിയാമായിരുന്നു ഉമ്മയെ വിളിച്ചു കുറേനേരം സംസാരിച്ചു എല്ലാ കാര്യങ്ങളും ഉണ്ടായ സംഭവങ്ങളുമൊക്കെ അവനോടു പറഞ്ഞു നോക്കാൻ ഉമ്മ പറഞ്ഞു ഏതായാലും രണ്ടു വർഷം എങ്ങനെയെങ്കിലും പോവട്ടെ അതിനുശേഷം ആലോചിക്കാമെന്നും പറഞ്ഞു അല്പനേരം ഉമ്മയോട് സംസാരിച്ചപ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം ഞാൻ പതിവ് ഓട്ടങ്ങൾ ഒക്കെ തുടർന്ന് ഉച്ചക്ക് കുട്ടികളുമായി മദ്രസയിൽ നിന്നും വന്നപ്പോൾ വീട്ടിനടുത്തുവെച്ച് കഫീലിനെ കണ്ടു എന്തിനാണ് എന്റെ ശമ്പളം കട്ട് ചെയ്തത് എന്നു ചോദിച്ചു അത് നിനക്ക് മനസ്സിലായിക്കൊള്ളും എന്നായിരുന്നു അവന്റെ മറുപടി
മാഡത്തെ ഓഫീസിൽ നിന്നും കൊണ്ടുവരാൻ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ഉടനെ പോയി എന്റെ ദേഷ്യവും സങ്കടവും വീണ്ടും കൂടി 100 റിയാൽ നഷ്ടപ്പെട്ടതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് അവന്റെ മറുപടി ആയിരുന്നു ഇതെന്തു കഷ്ടമാണ് സംഭവിച്ചത് എന്താണെന്ന് അറിയുവാനുള്ള അവകാശം പോലും എനിക്കില്ലേ എന്റെ ഉള്ളിലെ വിപ്ലവകാരി ഉണർന്നു എന്റെ രക്തം തിളക്കാൻ തുടങ്ങി ഒരു വർഷം പോലും തികക്കാതെ വീട്ടിലേക്ക് കയറി ചെല്ലുന്നത് ആലോചിച്ചപ്പോൾ രക്തം തിളക്കൽ നിന്നു വിപ്ലവകാരിയെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നൂറിനു പകരം 200 റിയാൽ കഫീലിന്റെ അടുത്തുനിന്നും വസൂലാക്കാൻ എനിക്കറിയാം അവന്റെ ഫ്ളാറ്റിലേക്കും ഉമ്മാന്റെ ഫ്ലാറ്റിലേക്കും സാധനങ്ങൾ വാങ്ങാൻ വേണ്ടി പലപ്പോഴും അവൻ എന്റെ അക്കൗണ്ടിലേക്കാണ് പണം അയക്കാറ് അതിന് ഞാൻ പറയുന്നത് തന്നെയാണ് കണക്ക് പലപ്പോഴും ബാക്കിയുള്ള ചില്ലറ അവൻ മറക്കാറുണ്ടെങ്കിലും ഒരു റിയാൽ പോലും അതിൽ നിന്നും ഞാൻ എടുക്കാതെ കൃത്യമായ കണക്ക് ഞാൻ തന്നെ സൂക്ഷിക്കലാണ് പതിവ്
ഭാവിയിൽ പത്തോ ഇരുപതോ റിയാൽ വീതം പലപ്പോഴായി അവൻ അറിയാതെ അതിൽ നിന്നും എനിക്ക് എടുക്കാം പക്ഷേ അതുവേണ്ട മറ്റൊരാളുടെ പൊരുത്തമില്ലാത്ത ഒന്നും എനിക്കു വേണ്ട ചെറുപ്പത്തിൽ അയൽപക്കത്തെ മുറ്റത്തുനിന്നും ചെറിയ ഒരു പന്ത് ഞാൻ മോഷ്ടിച്ചു എന്ന് ഉമ്മ അറിഞ്ഞപ്പോൾ അത് യഥാസ്ഥാനത്ത് കൊണ്ടുപോയി ഇടുന്നതു വരെ ഉമ്മ എന്നെ പിറകെ വന്നു തല്ലി ചെറുപ്പത്തിൽ പല കളവും നടത്തിയിട്ടുണ്ടെങ്കിലും ബുദ്ധി ഉറച്ചശേഷം ഒരാളുടെ മുതലും അപഹരിച്ചിട്ടില്ല മാതാവിന്റെ ശിക്ഷണതോളം വരില്ലല്ലോ മറ്റൊരു പാഠശാലയും എങ്ങനെയൊക്കെയോ അന്ന് ഞാൻ രാത്രിയാക്കി ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നില്ല മനസ്സിൽ മുഴുവൻ ഇതേ ചിന്ത അവസാനം 12 മണിക്ക് ഫോണെടുത്ത് മറ്റൊന്നും ചിന്തിക്കാതെ കഫീലിനെ വിളിച്ചു വന്നിട്ട് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് താൻ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ എന്താണ് സംഭവം 100 റിയാൽ നീ പിടിച്ചതാണോ അതോ ഇനി മുതൽ 1600 റിയാൽ വീതമാണോ നീ ശമ്പളം തരാൻ ഉദ്ദേശിച്ചത് ഇതിനു വേണ്ടിയാണോ ഈ അർധരാത്രി നീ വിളിച്ചത് അതെ ഞാൻ നിന്റെ കീഴിൽ ജോലിചെയ്യുന്ന ആളല്ലേ എനിക്ക് അത് അറിയാൻ അവകാശമുണ്ട് പറയൂ എത്രയാണ് എന്റെ ശമ്പളം1700 റിയാൽ അപ്പോൾ ഈ മാസം 100 റിയാൽ നീ കട്ട് ചെയ്തതാണല്ലേ അതെ അത് നിനക്ക് പിന്നെ മനസ്സിലാകും
അയാളുടെ വായിൽ നിന്ന് തന്നെ ഇത്രയും കേട്ടപ്പോൾ എനിക്ക് അല്പം സമാധാനം ആയി ഞാൻ ഉറങ്ങാൻ കിടന്നു അരമണിക്കൂർ കഴിഞ്ഞപ്പോൾ കഫീൽ താഴെ വന്നു എന്നെ വിളിച്ചു ഞങ്ങൾ തമ്മിൽ ഒരുപാട് നേരം സംസാരിച്ചുഎന്റെ കൈയിൽ നിന്നും വലിയ വണ്ടി ഒരിക്കൽമുറ്റത്തെ തൂണിൽ ഉരസി അല്പം പെയിന്റ് പോയിരുന്നു അതിനൊന്നും അവൻ ഇതുവരെ പൈസ പിടിച്ചിട്ടില്ലെന്നും ഇതിനു മുൻപ് രണ്ടുതവണ വണ്ടിയുടെ fine അവനാണ് അടച്ചത് എന്നുമൊക്കെ അവൻ പറഞ്ഞു നിനക്ക് നിന്റെ 100 റിയാൽ ആണ് വലുതെങ്കിൽ ഇപ്പോൾ തന്നെ വിട്ടു തരാം എന്നും പറഞ്ഞു മൊബൈലിൽ നിന്നും നെറ്റ് വഴി എന്റെ അക്കൗണ്ടിലേക്ക് അപ്പോൾ തന്നെ 100 റിയാൽ വിട്ടു
പണം വിട്ടു തീരുന്നതു വരെ ഞാൻ പാവത്താനായി അഭിനയിച്ചെങ്കിലും അതിനു ശേഷം ഞാനെന്റെ ഭാഗവും പറഞ്ഞു വണ്ടിയുടെ പെയിന്റ് കളഞ്ഞത് അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും ഫൈൻ വന്നത് മുഴുവൻഅവൾ പറയുന്നതിനൊന്നും തിരിച്ചു പറയരുത് എന്നു നീ പറഞ്ഞതു കൊണ്ടാണ് എന്നും പറഞ്ഞു ഇനി ആര് പറഞ്ഞാലും നിർത്താൻ പാടില്ലാത്ത സ്ഥലത്തു വണ്ടി നിർത്തരുത് ഇനിവരുന്ന ഫൈൻ എന്റെ ശമ്പളത്തിൽ നിന്നും പിടിക്കും എന്നും പറഞ്ഞ് അവൻ പോയി ഉമ്മയുടെ വാക്കു കേട്ടതിന്നും ക്ഷമിച്ചതിന്നും ഉപകാരം കിട്ടിയത് ഞാൻ ശരിക്കും മനസ്സിലാക്കി പണി വിടേണ്ട ആവശ്യം വന്നതുമില്ല നഷ്ടപ്പെട്ട പണംതിരിച്ചു കിട്ടുകയും ചെയ്തു 100 റിയാൽ തിരിച്ചു തരുന്നതിനു മുൻപുതന്നെ ഈമാസം വീട്ടിലേക്കുള്ള പണം പതിനാറായിരം രൂപ ഞാൻ അയച്ചിരുന്നു
(തുടരും )
(തുടരും )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക