നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശകുനി..

Image may contain: 1 person, sunglasses and beard

ഞാൻ ശകുനി ഗാന്ധാരദേശത്തെ യുവരാജാവ്..സുബല രാജാവിന്റെ മകൻ...നൂറ്റിയൊന്ന് കൗരവന്മാരുടെ ഏക മാതൂലൻ....ഗാന്ധാരിയുടെ ഇളയ സഹോദരൻ...
വിശേഷണങ്ങൾ ഇനിയുമുണ്ട്
പഞ്ചപാണ്ഡവരെ കള്ള ചൂതിൽ തോല്പിച്ച് വനവാസത്തിന് അയച്ചവൻ,ദ്രോണരുടെ ഗുരുകുലത്തിൽ വെച്ച് ഭീമസേനനെ കൊല്ലാൻ പായസത്തിൽ വിഷം ചേർക്കാൻ സുയോധനനെ പ്രേരിപ്പിച്ചവൻ.അത് മൂലം ഭീമസേനന് ഇരട്ടി ബലം കിട്ടിയെന്നത് മറ്റൊരു സത്യം..പാണ്ഡവരെ വാരാണവതത്തിലേക്ക് ഉല്ലാസത്തിനയച്ചു .എന്നിട്ടവരെയും കുന്തിയേയും കൊല്ലാൻ അരക്കില്ലം നിർമ്മിക്കാൻ പുരോച്ചനനെ ഏർപ്പാടാക്കിയവൻ...വനവാസക്കാലത്ത് പാണ്ഡവർക്ക് സൂര്യഭഗവാൻ നല്കിയ അക്ഷയ പാത്രത്തെ കുറിച്ച് അറിവുള്ളവൻ...ദ്രൗപതി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ആ പാത്രത്തിൽ ആഹാരം ഒന്നും കാണില്ലെന്നറിഞ്ഞ് കൊണ്ട് ഉഗ്രകോപിയായ ദുർവ്വാസാവിനെയും അനുചരന്മാരെയും പാണ്ഡവരുടെ ആതിഥ്യം സ്വീകരിക്കാൻ പറഞ്ഞയച്ചവൻ.....മഹാഭാരത യുദ്ധത്തിൽ അർജ്ജുന പുത്രനും യുദ്ധതന്ത്രജ്ഞനുമായ കൗമാരക്കാരനായ അഭിമന്യുവിനെ കൊല്ലാൻ പത്മവ്യൂഹം എന്ന സൂത്രം കൗരവപടക്ക് പറഞ്ഞ് കൊടുത്തവൻ..ആയുധം നഷ്ടപ്പെട്ട് ചതിയിലൂടെ അവൻ വധിക്കപ്പെടുമ്പോൾ ആർത്തട്ടഹസിച്ചവൻ..
മതിയോ വിശേഷണങ്ങൾ?....
മഹാഭാരതകഥയിലെ ഏറ്റവും ബുദ്ധിശാലി,മായാവി ,തന്ത്രങ്ങൾ അറിയാവുന്നവൻ പക്ഷെ അവയൊക്കെയും തിന്മക്ക് മാത്രം ഉപയോഗിച്ചവൻ...കൗരവപടക്ക് തന്ത്രങ്ങൾ മെനഞ്ഞ് കൊടുക്കുന്നവൻ..സ്വന്തം നന്മ എന്നതിലുപരി മറ്റുള്ളവരുടെ തകർച്ച കാണാൻ ആഗ്രഹിച്ചവൻ.
വിശേഷണങ്ങൾ ഇനിയും ഏറെയുണ്ട്.പക്ഷെ ഞാനുമൊരു മനുഷ്യനാണ്..അസൂയയും കുശുമ്പും സ്വാർത്ഥതയുമുള്ള സാധാരണ മനുഷ്യൻ... അതില്ലാത്ത മനുഷ്യരെ ഒന്ന് കാണിച്ചു തരാൻ പറ്റുമോ...
ഞാൻ ചെയ്ത തെറ്റുകളിൽ ഒന്നിനും പ്രായച്ഛിത്തമോ പശ്ചാത്താപമോ ഇല്ല...
ഞാനെന്റെ സഹോദരി ഗാന്ധാരിയെ ജീവന് തുല്ല്യം സ്നേഹിച്ചിട്ടും ആ സഹോദരിയുടെ സ്നേഹം തിരിച്ചു കിട്ടാത്ത ഹതഭാഗ്യനാണ്.എൻ്റെ സഹോദരിയെ,ഹസ്തിനപുരത്തിൻ്റെ റാണിയായ ഗാന്ധാരിയെക്കാൾ കുന്തിദേവിയെ സ്നേഹിച്ച ഭീഷ്മപിതാമഹനെ ഞാൻ വെറുത്തത് എൻ്റെ സഹോദരിക്ക് വേണ്ടത്ര പരിഗണന കൊടുക്കാത്തത് കൊണ്ടല്ലേ?
തൻ്റെ ഭാഗിനേയൻ ദുര്യോധനൻ ഹസ്തിനപുരിയുടെ യുവരാജാവായി പട്ടാഭിഷേകം ചെയ്യുന്നത് കാണാൻ ഒരു മാതുലൻ എന്ന നിലയിൽ ആഗ്രഹം കാണില്ലേ?എൻ്റെ സ്വന്തം മകനായ ഉലൂകനെക്കാൾ ഞാൻ സ്നേഹിച്ചത് എൻ്റെ ഭാഗിനേയൻ ദുര്യോധനനെ ആയിരുന്നു.. അതിന് കാരണം ഞാൻ ജീവനെക്കാൾ സ്നേഹിച്ച എൻ്റെ സഹോദരി ഗാന്ധാരിയുടെ സീമന്ത പുത്രനാണവൻ...
കള്ളചൂത് കളിച്ച് ഞാൻ പാണ്ഡവരെ തോല്പിച്ചു എന്ന് പറയുന്നതിനെക്കാളും പാണ്ഡവർക്ക് ചൂത് കളിയെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതായിരുന്നില്ലേ പാണ്ഡവർ ചൂത് കളിയിൽ തോല്ക്കാൻ കാരണം!!!സ്വന്തം ഭാര്യയായ ദ്രൗപതിയെ പോലും അവർക്കതിനായി പണയം വെക്കേണ്ടി വന്നില്ലേ...
എന്നെ നിങ്ങൾ ക്രൂരനായ മനുഷ്യൻ എന്ന് വിളിക്കുമായിരിക്കും.പക്ഷെ ഞാൻ കാണിച്ച ക്രൂരത മാത്രമേ നിങ്ങൾ കാണു..കൗരവ പാണ്ഡവ യുദ്ധത്തിന് മുമ്പ് എന്താണ് എല്ലാവരും പറഞ്ഞിരുന്നത് 'എവിടെ ധർമ്മമുണ്ടോ അവിടെ വിജയമുണ്ടെന്ന്'...എന്നിട്ട് എവിടെയാണ് ധർമ്മം ജയിച്ചത്?..ധർമ്മ പ്രവർത്തിയിലൂടെയാണോ പാണ്ഡവർ ജയിച്ചത്?
യുദ്ധ നിയമം മറികടന്ന് എൻ്റെ സുയോധനൻ്റെ തുടയിൽ ഗദ കൊണ്ട് വൃകോദരൻ അടിച്ച് തുട തകർത്ത് വധിച്ചത് ഏത് ധർമ്മമാണ്..ഗദായുദ്ധത്തിൽ അരക്ക് കീഴപ്പോട്ട് മർദ്ദിക്കരുതെന്ന് ഗദായുദ്ധത്തിൽ അഗ്രഗണ്യനായ ഭീമസേനന് അറിവുള്ളതല്ലേ..നേർക്കുനേർ നിന്ന് എൻ്റെ ദുര്യോധനനെ ഗദായുദ്ധത്തിൽ തോല്പിക്കാൻ പറ്റില്ലെന്ന് ആരെക്കാളും അറിവുള്ള കൃഷ്ണൻ ആ സൂത്രം ഭീമസേനന് പകർന്ന് കൊടുത്തത് ധർമ്മമാണോ?
ഭീഷ്മപിതാമഹനെ നേരിട്ടെതിരടാൻ ഭയന്ന് ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്ത് അദ്ദേഹത്തെ ശരശയ്യയിൽ കിടത്തിയത് എന്ത് ധർമ്മമാണ്..സ്ത്രീകൾക്കെതിരെ താൻ യുദ്ധം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത ഭീഷ്മർക്കെതിരെ പാതി സ്ത്രീയും പാതി പുരുഷനുമായ ശിഖണ്ഡിയെ മുന്നിൽ നിർത്താൻ അർജ്ജുനനെ ഉപദേശിച്ച കൃഷ്ണൻ എന്തെ ധർമ്മം മറന്നുപോയി..
തനിക്ക് അറിവിന്റെ വെളിച്ചം പകർന്നു നല്കിയ സ്വന്തം ഗുരുനാഥനായ ദ്രോണരെ വധിക്കാൻ ജീവിതത്തിൽ സത്യം മാത്രം കൊണ്ടുനടന്നവനായ പാണ്ഡവരിൽ മൂത്തവനായ ധർമ്മപുത്രർക്ക് എന്തെ കളവ് പറയേണ്ടി വന്നു?..
'അശ്വത്ഥാ മാ ഹഥഃ' എന്ന് ദ്രോണരെ നോക്കി സത്യസന്ധനായ യുധിഷ്ഠിരൻ വിളിച്ചു പറഞ്ഞപ്പോൾ തൻ്റെ മകനായ, ചിരംജീവിയായ,അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന് കരുതി തളർന്നു വീണ ദ്രോണരെ വധിക്കുമ്പോൾ എന്ത് ധർമ്മമാണ് ധർമ്മപുത്രർ പാലിച്ചത്?..
'നാ കുഞ്ചര' എന്ന് ശബ്ദം കുറച്ച് പറഞ്ഞാൽ അത് തൻ്റെ മകനല്ല അശ്വത്ഥാമാവ് എന്ന ആനയാണെന്ന് ദ്രോണർ എങ്ങനെ മനസ്സിലാക്കാനാണ്..
സ്വന്തം സഹോദരനായ കർണ്ണനെ ഏത് യുദ്ധധർമ്മത്തിലൂടെയാണ് അർജ്ജുനൻ കൊലപ്പെടുത്തിയത്?
തൻ്റെ രഥം മണ്ണിൽ പൂണ്ടപ്പോൾ അത് ഉയർത്താൻ ആയുധം താഴെ വച്ച സൂതപുത്രനെ,അവൻ കുന്തിയുടെ ആദ്യ പുത്രനാണെന്നത് പോകട്ടെ,ആ അവസരം മുതലാക്കി വധിച്ചതിലൂടെ എന്ത് ധർമ്മമാണ് അർജ്ജുനൻ സംരക്ഷിച്ചത്?..അതിന്റെ പാപം ഞാൻ ഏറ്റെടുത്തു കൊള്ളാമെന്ന് ദേവകിനന്ദനൻ പറഞ്ഞിരുന്നെങ്കിലും അത് ഏത് ധർമ്മത്തിൽ ഉൾപ്പെടുത്തണം?
എൻ്റെ അവസാനം പാണ്ഡവരിൽ ഇളയവനായ സഹദേവൻ്റെ കൈകൊണ്ട് തന്നെ ആയിരിക്കും എന്നെനിക്കറിയാമായിരുന്നു..ഹസ്തിനപുരി രാജധാനിയിൽ വച്ച് സഹദേവൻ എന്നെ വധിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നല്ലോ..എന്നെ വധിക്കാൻ എന്നെക്കാൾ ജ്ഞാനവും ബുദ്ധിസാമർത്ഥ്യവും ഉള്ളവൻ തന്നെ വേണമായിരുന്നില്ലെ..പാണ്ഡവരിൽ ഏറ്റവും ജ്ഞാനി സഹദേവൻ അല്ലാതെ മറ്റാര്?മഹാഭാരത യുദ്ധത്തിൻ്റെ പതിനെട്ടാം ദിനം എൻ്റെ ശിരസ്സ് എൻ്റെ ഉടലിൽ നിന്ന് സഹദേവൻ വേർപ്പെടുത്തുമ്പോൾ സഹദേവൻ്റെ പ്രതിജ്ഞ നടപ്പിലായില്ലേ..എനിക്ക് അർഹമായ ശിക്ഷ തന്നെയാണ് കിട്ടിയത്..മഹാഭാരതയുദ്ധത്തിന് കാരണഭൂതനായ ഒരുത്തൻ്റെ അന്ത്യം കണ്ട് എല്ലാവരും സന്തോഷിച്ചു..പക്ഷെ ആ സന്തോഷത്തെ ദ്രോണപുത്രനായ അശ്വത്ഥാമാവ് ഇല്ലായ്‌മ ചെയ്തില്ലേ..പാണ്ഡവർക്കും ഉണ്ടായില്ലെ നഷ്ടങ്ങൾ..അവസാനം ആ യുദ്ധഭൂമിയിൽ പാണ്ഡവർ അഞ്ചു പേർ അല്ലാതെ ബാക്കി ആരാണുണ്ടായത്?
യുദ്ധാനന്തരം തൻ്റെ സഹോദരി ഗാന്ധാരിക്ക് ആ യുദ്ധ ഭൂമി കാണിച്ചു കൊടുക്കാൻ കൃഷ്ണൻ ദയ കാട്ടി..എന്തിനായിരുന്നു കൃഷ്ണൻ ആ ദയ കാട്ടിയത്.. നൂറ് മക്കളെ നഷ്ടപ്പെട്ട ആ അമ്മ യുദ്ധഭൂമികയിലിരുന്ന് പൊട്ടികരയുന്നത് കണ്ട് ചിരിക്കാനോ..ശിരസ്സറ്റതും ഉടലറ്റതുമായ കബന്ധങ്ങൾ കണ്ട് എൻ്റെ ഗാന്ധാരി എന്തിനായിരുന്നു കൃഷ്ണനെ ശപിച്ചത്?യുദ്ധത്തിന് പുറപ്പെട്ട പാണ്ഡവർ അനുഗ്രഹം തേടി വന്നപ്പോൾ 'ധർമ്മം ജയിക്കട്ടെ'എന്ന് പറഞ്ഞ് അനുഗ്രഹിച്ച് വിട്ട ഗാന്ധാരിക്ക് 'ഇതാണോ നിങ്ങളുടെ ധർമ്മം'എന്ന് പാണ്ഡവരെ നോക്കി വിലപിക്കേണ്ടി വന്നത് എന്തിനാണ്..
കൃഷ്ണനും പാണ്ഡവരും നടത്തിയത് ധർമ്മവും ശകുനിയും കൗരവരും നടത്തിയത് അധർമ്മവും ആകുന്നതെങ്ങനെ?എവിടെയാണ് ധർമ്മം ജയിച്ചത്..എങ്ങനെയാണ് ധർമ്മം ജയിച്ചത്?ഇതിലൂടെ ആര് എന്ത് നേടി?ഒരുപാട് ചോദ്യങ്ങൾ ഇനിയും എൻ്റെ മനസ്സിലുണ്ട്..പക്ഷെ ആ ചോദ്യങ്ങൾ ചോദിക്കാൻ എനിക്ക് എന്ത് യോഗ്യതയാണുള്ളതല്ലേ?
ശകുനിയെ നിങ്ങൾക്ക് വെറുക്കാം..കാരണം ശകുനി വെറുക്കപ്പെട്ടവനാണ്...അത് അങ്ങനെ തന്നെ തുടരട്ടെ...എന്നിരുന്നാലും ഇനിയും ശകുനിമാർ പുനർജനിക്കും.. നിങ്ങളിലൂടെ ..ധർമ്മത്തിന് ച്യുതി സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഏതെങ്കിലും ഒരു അവതാര പുരുഷൻ ജനിക്കുമോ?
അന്നത്തെ അതേ അധർമ്മം ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു..ഒരു മാറ്റവുമില്ലാതെ.. പക്ഷെ അത് ധർമ്മമാണോ അധർമ്മമാണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് മാത്രം...അത് തിരിച്ചറിയാതിടത്തോളം കാലം എന്നെ മാത്രം നിങ്ങൾ കല്ലെറിയുക...
അത് തുടർന്ന് കൊണ്ടേയിരിക്കുക....
ബിജു പെരുംചെല്ലൂർ

1 comment:

  1. ശകുനി അനുഭവിച്ച ദുരന്തങ്ങൾ കൂടി പറയാമായിരുന്നു

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot