നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

House Driver - പാർട്ട് 16

'ഹൗസ് ഡ്രൈവർ, എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 16
ജൂലൈ ഇരുപത്തി രണ്ടാം തിയതി വെള്ളിയാഴ്ച ആയതു കൊണ്ട് രാവിലെ ഓട്ടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല തലേന്ന് രാത്രി സത്യം ചെയ്യിക്കലും തെളിവെടുപ്പും ഒക്കെ കഴിഞ്ഞു വന്നു കിടന്നപ്പോൾ തന്നെ രണ്ടു മണി ആയിരുന്നു വൈകുന്നേരം ആറുമണിക്ക് മാഡം വിളിച്ചതനുസരിച്ച് ഞാൻ കഫീലിന്റെ വീട്ടിലെത്തി മുകളിലേക്ക് ചെല്ലാൻ മാഡം പറഞ്ഞു ഞാൻ മുകളിൽ എത്തിയപ്പോൾ കുറെ സാധനങ്ങൾ ഒക്കെ കെട്ടിപ്പെറുക്കി വച്ചിരിക്കുന്നു വലിയ ഒരു പെട്ടിയും ഒന്നോ രണ്ടോ ചെറിയ പെട്ടികളും കീസുകളുമായി സാധനങ്ങൾ എല്ലാം തയ്യാറാക്കി വച്ചിരിക്കുന്നു ഞാൻ ഓരോന്നായി വണ്ടിയിൽ കയറ്റാൻ തുടങ്ങി അതിനിടയിൽ ഒരിക്കൽ ഞാൻ മുകളിൽ നിന്ന് ഇറങ്ങി വന്നപ്പോൾ താഴെയുള്ള മാഡം ഹയവാൻ എന്ന് പറയുന്നത് കേട്ടു എന്നെയാണോ അവളുടെ ഭർത്താവ്നെയാണോ എന്തോ
സാധനങ്ങളൊക്കെ കേറ്റി കഴിഞ്ഞപ്പോൾ വണ്ടി മാഡത്തിന്റെ വീട്ടിലേക്ക് വിടാൻ പറഞ്ഞു ഞാൻ വണ്ടി സ്റ്റാർട്ട് ആക്കുന്നതിനു മുമ്പുതന്നെ അവരെ കൊണ്ടാക്കിയിട്ട് വണ്ടി തിരിച്ചു ഇവിടെ കൊണ്ടുവന്ന് തരണം എന്ന് കഫീലും പറഞ്ഞു എനിക്ക് ചെറിയ രൂപത്തിൽ കാര്യങ്ങൾ പിടികിട്ടി പിണങ്ങിപ്പോക്കാണ് ഇവിടെ നടക്കാൻ പോകുന്നത് മാഡത്തിന്റെ വീട് എത്തുന്നതിന്റെ മുൻപായി കഫീലിന്റെ വിളിവന്നു എവിടെയെത്തിയെന്ന് ചോദിച്ചു വീടെത്തിയില്ല കുറച്ചു കൂടി ബാക്കി ഉണ്ടെന്നു പറഞ്ഞു പോകുന്ന വഴിയിൽ വെച്ച് എണ്ണ അടിക്കാൻ വേണ്ടി പമ്പിൽ കയറി സാധാരണ 20ന് 25ന് അടിക്കാറുള്ള മാഡം വെറും പത്ത് റിയാൽന്നാണ് എണ്ണ അടിച്ചത് ആ യാത്രയിൽ മാഡത്തിനെ കൊണ്ട് മറ്റ് ശല്യങ്ങൾ ഒന്നും ഉണ്ടായില്ല എണ്ണ അടിക്കാൻ നേരം എന്നെ വഴക്കു പറഞ്ഞില്ല വണ്ടി ഓടിക്കുന്നതിനിടയിൽ പിറകിൽനിന്ന് എന്റെ വെറുപ്പിച്ചില്ല വീട് എത്തുന്നത് വരെ മറ്റ് ശല്യങ്ങൾ ഒന്നും ഇല്ല അങ്ങനെയൊരു യാത്ര അടുത്ത കാലത്തൊന്നും ഞാൻ പോയിട്ടില്ല
മാഡത്തെ അവളുടെ വീട്ടിൽ വിട്ട് ഞാൻ കഫീലിന് വിളിച്ചു എന്നോട് എന്റെ റൂമിലേക്ക് പോവാനും വണ്ടി അവൻ പിന്നീട് വാങ്ങിക്കൊള്ളാം എന്നും പറഞ്ഞു മാഡമോ അവളുടെ വീട്ടുകാരോ ആരു വിളിച്ചാലും എന്റെ കയ്യിൽ വണ്ടി ഇല്ലെന്നും വണ്ടിയും ചാവിയും കഫീൽ വാങ്ങിയിരിക്കുകയാണ് എന്നും പറയാൻ പറഞ്ഞു പിറ്റേന്ന് ഉച്ചതിരിഞ്ഞ് എന്റെ മൊബൈലിലേക്ക് മാഡത്തിന്റെ കോൾ വന്നു 'ആ നാസർ കൈഫ് ഹാലക് 'ഞാൻ മൊബൈലിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി അതെ മാഡത്തിന്റെ നമ്പര് തന്നെ പിന്നെന്തു പറ്റി ആറുമാസത്തിലധികം ഞാൻ അവളോടൊപ്പം ജോലി ചെയ്തിട്ട് ഇത്തരം മയത്തിൽ ഒരു ഫോൺ വിളിയും എന്റെ വിശേഷങ്ങൾ അന്വേഷിക്കലും ഇതാദ്യമാണ് 'ഹലോ നല്ല വിശേഷം അൽഹംദുലില്ലാഹ് ' 'വണ്ടി നിന്റെ അടുത്തുണ്ടോ ' 'ഇല്ലല്ലോ വണ്ടിയും ചാവിയുമൊക്കെ കഫീൽ വാങ്ങിയല്ലോ ' 'ഓ എങ്കിൽ ശരി ' സ്വന്തം കാര്യം നേടാൻ വേണ്ടി എത്ര താഴ്ന്നു കൊടുക്കാനും ഏതു സൂത്രം പ്രയോഗിക്കാനും മടിയില്ലാത്ത സൗദി സ്ത്രീകളുടെ കഴിവ് സമ്മതിച്ചു കൊടുക്കാതെ വയ്യ
ആ മാസത്തിൽ ബാക്കിയുള്ള ദിവസങ്ങൾ പിന്നെ അധികം ഓട്ടം ഒന്നുമുണ്ടായിരുന്നില്ല മാഡം അവളുടെ വീട്ടിൽ നിന്ന് തന്നെ ജോലിക്ക് പോകും ജോലിസ്ഥലത്തു നിന്നും തിരിച്ച് അവളുടെ വീട്ടിലേക്ക് ഞാൻ കൊണ്ടാക്കി കൊടുക്കും അവളുടെ വീട് എത്തുന്നതിനു മുൻപേ എന്നും കഫീൽ എന്നെ വിളിക്കും അവളെ വീട്ടിൽ ആക്കിയാൽ ഉടനെ തിരിച്ചു വന്നു വണ്ടി കൊണ്ടുവന്നു തരണം എന്നു പറയും ഒന്നുരണ്ടു ദിവസം കഫീലിന്റെ വിളി വന്നപ്പോൾ എനിക്ക് കാര്യം മനസ്സിലായി അവർ രണ്ടുപേരും തെറ്റിൽ ആയതു കൊണ്ട് അവൾ കേൾക്കാൻ വേണ്ടിയാണ് എന്നും ഇവൻ എന്നെ വിളിച്ച് ഇതൊക്കെ പറയുന്നത് അവളുടെ ജോലികഴിഞ്ഞ് വീട്ടിൽ എത്തിയിട്ടില്ലെന്ന് ഏതൊരാൾക്കും അറിയാവുന്ന സമയത്തു തന്നെയാണ് അവൻ വിളിക്കുക എന്നിട്ട് ഗൗരവത്തിൽ ഒരു ചോദ്യമാണ് താൻ എവിടെയാണ് ഞാൻ പറയുന്ന മറുപടി വ്യക്തമായി കേട്ടാലും ആ,ആ , ഏ ,എന്നൊക്കെ പറഞ്ഞു പെട്ടെന്ന് തിരിച്ചു വാ എന്ന് പറയും ഭാര്യയോട് നേരിട്ടു ദേഷ്യപ്പെടാൻ പറ്റാത്തതുകൊണ്ടാണ് എന്നെ വിളിച്ച് ദേഷ്യപ്പെടുന്നത് ഇത് മനസ്സിലാക്കിയ ശേഷം എന്റെ മറുപടിയും അല്പം കോമഡി യായിരുന്നു
താൻ എവിടെയാ എന്ന ഗൗരവത്തിലുള്ള അവന്റെ ചോദ്യത്തിന് ഞാൻ സാവധാനം മറുപടി പറയാൻ തുടങ്ങി 'ഞാനോ ഞാൻ മാഡത്തെ ഓഫീസിൽ നിന്നും എടുത്തു വീട്ടിലേക്കുള്ള വഴിയിൽ മദീന റോഡിൽ നിന്നും ഇറങ്ങി പാലത്തിന്റെ ചുവട്ടിൽ സിഗ്നലിൽ വലത്തേക്ക് തിരിയാൻ വേണ്ടി കാത്തു നിൽക്കുകയാണ് ' നീട്ടി പരത്തിയുള്ള ഈ മറുപടി പൂർത്തിയാകുന്നതിനു മുൻപേ ആഹ് , ഏ എന്ന് ചോദിക്കും ഞാൻ വീണ്ടും തുടങ്ങും 'ഞാനോ ഞാൻ മാഡത്തിന്റെ ഓഫീസിൽ നിന്നും വന്ന് മദീന റോഡിലൂടെ' ' ശരി ശരി കൊണ്ടാക്കി പെട്ടെന്ന് വാ എന്നവൻ പറഞ്ഞു ഫോൺ കട്ട് ചെയ്യും അവരുടെ പിണക്കം അൽപകാലം അങ്ങനെ മുന്നോട്ടു പോയി എനിക്ക് ജോലിയിൽ അൽപം ആശ്വാസവും കിട്ടി നോമ്പിന് ഉറങ്ങാൻ കഴിയാത്ത ഉറക്കം ഒക്കെ ആ ദിവസങ്ങളിൽ ഞാൻ ഉറങ്ങി തീർത്തു ഓട്ടം കുറവാണെങ്കിലും മാസം തികഞ്ഞപ്പോൾ പതിവുപോലെ എന്റെ ശമ്പളം കൃത്യമായി വന്നു
ആഗസ്റ്റ് മാസത്തിൽ വീട്ടിലേക്ക് 21,000 രൂപ അയച്ചു പതിനായിരം രൂപ ഉമ്മാക്ക് കൊടുക്കാനുള്ളതാണ് നാട്ടിലായിരിക്കുമ്പോൾ പലപ്പോഴായി വാങ്ങിയതാണ് വീട്ടിലെ ആരുടെ കയ്യിൽ നിന്നു കടം വാങ്ങിയാലും കണക്ക് ഞാൻ കൃത്യമായി സൂക്ഷിക്കുകയും അത് പോലെ തിരിച്ചു കൊടുക്കുകയും ചെയ്യും പലപ്പോഴായി നാട്ടിൽ പണിയില്ലാതെ നടന്നപ്പോൾ ഉമ്മയിൽ നിന്നും വാങ്ങിയതാണ് ഇരുപതിനായിരം രൂപ ഇപ്പോൾ കൊടുത്തത് കൂടാതെ ഇനി പതിനായിരം രൂപ കൂടി കൊടുക്കണം ബാക്കി പണം നാട്ടിലെ കുറിയും വീട്ടു ചെലവും ഒക്കെയായി വീതിക്കാൻ പറഞ്ഞു സ്ഥിരമായിട്ട് ഉമ്മക്കും ഭാര്യക്കും മാസത്തിൽ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കു കൊടുക്കാറുള്ള 1000 രൂപ ഇത്തവണ 500 രൂപയാക്കി ചുരുക്കി ഈമാസം അല്പം കൂടുതൽ പണം നാട്ടിലേക്ക് അയച്ചത് കൊണ്ട് മെസ്സിന്റെ അഡ്വാൻസ് കൊടുക്കാൻ കാര്യമായി ഒന്നുമില്ല എങ്കിലും കൈയിലുള്ളത് കൊടുക്കാമെന്നു കരുതി നിൽക്കുമ്പോൾ ഇത്തവണ മെസ്സ് നടത്തുന്ന സുഹൃത്ത് ഇങ്ങോട്ട് പറയുകയായിരുന്നു 'നീ അഡ്വാൻസ് ആയിട്ട് ഒന്നും തരേണ്ട' എന്ന് അത് വലിയ ആശ്വാസമായി
നാട്ടിൽ നിന്നും മോളുടെ ഫോട്ടോ ഭാര്യ സ്ഥിരമായി മൊബൈലിലേക്ക് അയച്ചുകൊണ്ടിരുന്നു അവൾക്ക് ഇപ്പോൾ ഏഴ് മാസം കഴിഞ്ഞു സ്വന്തമായി ഇരിക്കാൻ തുടങ്ങിയിരിക്കുന്നു മാതാപിതാക്കൾ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് നമുക്ക് മക്കൾ ഉണ്ടാകുമ്പോഴാണ് മനസ്സിലാകുന്നത് എന്ന് പറയുന്നത് എത്ര ശരിയാണ് ഇന്ന് ഞാൻ അത് ശരിക്കും മനസ്സിലാക്കുന്നു എന്റെ മോളെ ഒന്ന് കാണാനും അവളുടെ കളിയിലും ചിരിയിലും അവളോടൊപ്പം ഉണ്ടാകുവാനും ഞാനിന്ന് എത്രത്തോളം ആഗ്രഹിക്കുന്നു അതുപോലെ തന്നെ ആയിരിക്കില്ലേ എന്നെയും എന്റെ മാതാപിതാക്കൾ സ്‌നേഹിച്ചിട്ടുണ്ടാവുക അവളെ പോലെ തന്നെ ജേഷ്ടന്റെ ചെറിയ മോനെ കാണാനും മനസ്സിൽ പലപ്പോഴും അടങ്ങാത്ത കൊതിവരും നാട്ടിലുള്ളപ്പോൾ അവനായിരുന്നു എൻറെ കൂട്ട് അവന് ഇപ്പോൾ നാലു വയസ്സ് ആയിട്ടുണ്ടാവും ഞാൻ എവിടെ പോകുമ്പോഴും എന്റെ കൂടെ വരും ഞാൻ ചെയ്യുന്നതൊക്കെ ചോദിച്ചറിയും ഞാനിങ്ങോട്ട് പോരുന്നതിന്റെ രണ്ട് മാസങ്ങൾക്ക് മുമ്പ് സാമ്പത്തിക പ്രയാസം കാരണം എന്റെ ബൈക്ക് വിറ്റപ്പോൾ അവനായിരുന്നു ഏറ്റവും കൂടുതൽ സങ്കടം പിന്നീട് ഞാൻ വീട്ടിലേക്കു കയറി വന്നാൽ ഉടനെ അവൻ ചോദിക്കും 'എപ്പോഴാ വന്നത്, എങ്ങനെയാ വന്നത്, നാണിയാപ്പക്ക് ബൈക്കില്ലേ, ഇനി പുതിയത് വാങ്ങണ്ടേ' എന്നൊക്കെ.
കഫീലിന്റെയും ഭാര്യയുടെയും തെറ്റ് തുടർന്നു പോയികൊണ്ടിരുന്നു ഈ കാലഘട്ടങ്ങളിൽ ഒക്കെ ഞാൻ കഫീലിന്റെ ചാരനായി പ്രവർത്തിക്കുകയായിരുന്നു അവൾ എവിടെ പോയാലും അവനെ വിളിച്ചു പറയണം എന്നാണ് കൽപ്പന അത് ഞാൻ മുറപോലെ ചെയ്തു മാത്രമല്ല അവന്റെ പണം എന്റെ കൈയിൽ ഉണ്ടെങ്കിലും ഞാനതിന് എണ്ണ അടിക്കില്ല എപ്പോഴും അവളെ കൊണ്ട് എണ്ണ അടിപ്പിക്കും കുറച്ചുകാലം ഇതു തുടർന്നപ്പോൾ അവൾക്കു കാര്യം മനസ്സിലായി പിന്നീട് അവൾ എണ്ണ അടിക്കാതെ യായി അവൾ അടിക്കുന്നില്ലെങ്കിൽ എന്റെ കയ്യിലുള്ള അവന്റെ പണംകൊണ്ട് അടിക്കാൻ ആണ് കഫീൽ എന്നോട് പറഞ്ഞത് ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് കൊണ്ട് ആക്കുന്ന ഒരു ഓട്ടം മാത്രമേ അവൾക്ക് അവൻ അനുവദിച്ചിട്ടുള്ളൂ എങ്കിലും അവൾക്ക് ആവശ്യമുള്ളിടത്ത് ഒക്കെ ഓരോ നുണകൾ പറഞ്ഞ് അവൾ എന്നെ കൊണ്ട് വണ്ടി ഓടിച്ചു അവൾ പറയുന്ന നുണകൾ വിശ്വസിക്കുവാൻ അല്ലാതെ അവനു മറ്റൊന്നിനും ധൈര്യവുമില്ല അവൾക്കും അനിയത്തിമാർക്കും ഒരിക്കൽ ദൂരെ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ വേണ്ടി അവൾ അവനോടു പറഞ്ഞത് മോളെയും കൊണ്ട് ആശുപത്രിയിൽ പോവുകയാണ് എന്നാണ് അവൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ പോയി 10 മിനുട്ട് നേരം അവിടെ ചിലവഴിച്ചു നേരെ ഹോട്ടലിലേക്ക് വിടാൻ പറഞ്ഞു ഹോട്ടലിൽ എത്തിയ ഉടനെ ഞാൻ കഫീലിന് വിളിച്ചുപറഞ്ഞു അവളും അനിയത്തിമാരും ഹോട്ടലിൽ വന്നിട്ടുണ്ട് എന്ന്
ഈ ചാര പ്രവർത്തികൾക്കുള്ള ശിക്ഷ എനിക്ക് അവളിൽ നിന്നും കിട്ടും എന്നുള്ളതിനു യാതൊരു സംശയവുമില്ല അവരുടെ പിണക്കം മാറിയാൽ എന്നോടായിരിക്കും അവൾക്ക് വൈരാഗ്യം മുഴുവൻ സംഭവിക്കുന്നതെല്ലാം കഫീലിനെ വിളിച്ച് അറിയിച്ചത് കൊണ്ട് അവനിൽ നിന്ന് എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല എങ്കിലും അവളെന്നോട് ചെയ്തതിന് ഒക്കെ ഇങ്ങനെയെങ്കിലും അല്പം പ്രതികാരം ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു അവളുടെ വീട്ടുകാർക്കോ അവൾക്കോ അവനെ ഒരു നാൽക്കാലിയുടെ വില പോലും ഉണ്ടായിരുന്നില്ല കുട്ടികളെ ആഴ്ചയിൽ രണ്ടുദിവസം അവന്റെ വീട്ടിൽ കൊണ്ടുപോയി നിർത്താറുണ്ടായിരുന്നു അതിനു വേണ്ടി അവൻ അവളുടെ വീടിനു പുറത്ത് എത്രയോ സമയം കാത്തുനിൽക്കണമായിരുന്നു അതുപോലെ കുട്ടികളുടെ ചില വസ്ത്രങ്ങൾ വാങ്ങാൻ വേണ്ടി ഒരിക്കൽ എന്നെ പറഞ്ഞുവിട്ടു അത് വിട്ടു തരാൻ അവർ കൂട്ടാക്കിയില്ല ഞാൻ കഫീലിനെ വിളിച്ചു കാര്യം പറഞ്ഞു
കുറച്ചു നേരം കാത്തു നിൽക്കാൻ പറഞ്ഞു അൽപ്പം കഴിഞ്ഞ് അവൻ വിളിച്ചു ഒന്നുകൂടെ മുകളിൽ ചെന്നു നോക്കാൻ പറഞ്ഞു അങ്ങിനെ ഒരു ദിവസം തന്നെ രണ്ടും മൂന്നും വട്ടം ഞാൻ അവരുടെ വാതിൽക്കൽ ചെന്ന് കാര്യം പറയും എന്നോട് മറുപടി പറയാൻ പോലും അവളോ അവളുടെ വീട്ടുകാരോ തയ്യാറാവില്ല ചെറിയ അനിയനേയോ അനിയത്തിയേയോ വാതിൽക്കലേക്ക് പറഞ്ഞുവിടും ഒരിക്കൽ രണ്ടു മൂന്നു പ്രാവശ്യം ഒരേ ആവശ്യവുമായി ചെന്നപ്പോൾ അവളുടെ ഉമ്മഎന്നോട് ദേഷ്യപ്പെട്ടു ഇവിടെ വസ്ത്രവും 'ഇല്ല കവറും ഇല്ല' 'ശരി കഫീൽ വിളിച്ചു എന്നോട് വീണ്ടും വീണ്ടും വാതിലിൽ മുട്ടാൻ പറഞ്ഞു അതുകൊണ്ടാണ് ഞാൻ വന്നത്' 'പോയി നിന്റെ കഫീലിനോട് പറഞ്ഞേക്ക് ഇവിടെ ഒന്നും ഇല്ലെന്നു ഉണ്ടെങ്കിൽ തന്നെ തരുന്നും ഇല്ല എന്ന്' ഞാൻ കഫീലിനെ വിളിച്ചു പറഞ്ഞു എന്നോട് തിരിച്ചു പോരാൻ പറഞ്ഞു
അവനു വേറെ മാർഗമൊന്നുമില്ല ഈ നാട് അത്രത്തോളം പെണ്ണിന്റെയും പണത്തിന്റെയും ചുവട്ടിൽ ആയിരിക്കുന്നു ജീവിതകാലം മുഴുവൻ അധ്വാനിച്ചു ഒരു കല്യാണം കഴിച്ചാൽ പിന്നെ ഭാര്യ പറയുന്നത് കേട്ട് ഒതുങ്ങിക്കഴിഞ്ഞോണം അല്ലെങ്കിൽ അവൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല പക്ഷെ ആണുങ്ങൾക്ക് തന്റെ സമ്പാദ്യം നഷ്ടപ്പെടുകയും പിന്നീട് വിവാഹം ചെയ്യാൻ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയും വേണം എനിക്ക് കഫീലിനോട് സഹതാപം തോന്നി ജോലിത്തിരക്കിനു പുറമേ സ്ഥിരമായി ഓവർടൈം ജോലി യും ചെയ്തു ഉമ്മയെയും ഭാര്യയെയും മക്കളെയും ഒരു വിധത്തിൽ ഒരു കുറവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്ന ഒരു കുടുംബനാഥനാണ് അയാൾ ഭാര്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും ഇല്ലാത്ത പണം കൊടുത്ത് അവൾക്ക് ഒരു ഡ്രൈവറെയും വച്ചുകൊടുത്തു അവന്റെ ശമ്പളം കൂടി ഇപ്പോൾ ഒരു അധിക ചിലവായി എന്നിട്ടും അവളുടെ തിരിച്ചുള്ള പെരുമാറ്റം വെറും രക്തം കുടിക്കുന്ന ഡ്രാക്കുളയുടെതായിരുന്നു അവൻ എന്നോട് ചെയ്തതൊക്കെ ഞാൻ മറക്കാൻ ശ്രമിക്കുകയും ഇനി അവനോട് പരമാവധി ആത്മാർത്ഥമായി ജോലി ചെയ്യണം എന്നൊക്കെ തീരുമാനിക്കുകയും ചെയ്തു അത്രക്കും എനിക്കയാളെ പാവം തോന്നി ആ പാവം തോന്നലിന് വെറും ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ
പിറ്റേദിവസം അവളെയും മക്കളെയും കൂട്ടി ഞാൻ കടപ്പുറത്തേക്ക് ഓട്ടം പോയതായിരുന്നു അവരെ ഇറക്കി വണ്ടി അവർക്ക് കാണുന്ന രൂപത്തിൽ പാർക്ക് ചെയ്ത് ഞാൻ നടന്നു പള്ളിയിലേക്ക് പോയി പള്ളിയിലെത്തി നിസ്കാരം കഴിഞ്ഞു നോക്കുമ്പോൾ അടുത്ത ബാങ്കിന് കുറച്ചുസമയം കൂടിയേ ബാക്കിയുള്ളൂ ഞാൻ അവിടെ തന്നെ ഇരുന്നു ബാങ്ക് വിളിയും നിസ്കാരവും ഒക്കെ കഴിഞ്ഞ് പുറത്തിറങ്ങി നോക്കുമ്പോൾ കഫീലും മാഡവുമൊക്കെ മൊബൈലിലേക്ക് വിളിച്ചിരുന്നു എന്ന മെസ്സേജ് വന്നു പള്ളിയിൽ റേഞ്ച് ഇല്ലാഞ്ഞിട്ടോ എന്റെ മൊബൈലിന്റെ പ്രശ്നമായി ട്ടോ എന്താണെന്നറിയില്ല ഞാൻ കഫീലിനെ വിളിച്ചു ഉടനെ വന്നു ഒരു വർഷത്തേക്കുള്ള വഴക്ക് എവിടെയെങ്കിലും പോകുമ്പോൾ പറഞ്ഞിട്ടു പോയി കൂടെ രണ്ടു മണിക്കൂർ ആയി ഞാൻ വിളിക്കുന്നു മാഡത്തിനും കുട്ടികൾക്കും പോവാൻ വേണ്ടി വേറെ വണ്ടി വിളിക്കേണ്ടി വന്നില്ലേ എന്നു തുടങ്ങി അയാൾ ഒരു വലിയ കിണറ്റിൽ നിന്നും തുടങ്ങി
പള്ളിയിൽ റേഞ്ച് ഇല്ലായിരുന്നു ക്ഷമിക്കണമെന്നു മാത്രം ഞാൻ മറുപടി പറഞ്ഞു അവൻ പറഞ്ഞത് അധികവും നുണയായിരുന്നു ഞാൻ പോയിട്ട് ഒരു മണിക്കൂർ പോലും തികഞ്ഞിട്ടില്ല അവൾ കൂട്ടുകാരിയോടൊപ്പം ആയിരുന്നു കടപ്പുറത്ത് ഇരുന്നിരുന്നത് അവർക്ക് അൽപം അപ്പുറത്തേക്ക് മാറാൻ വേണ്ടിയാണ് എന്നെ വിളിച്ചത് എന്നെ കാണാത്തപ്പോൾ എല്ലാവരും കൂടി കൂട്ടുകാരിയുടെ വണ്ടിയിൽ കുറച്ചപ്പുറത്ത് ചെന്ന് ഇരിക്കുന്നുണ്ടായിരുന്നു എനിക്കിതൊന്നും പുതിയ അനുഭവം അല്ലല്ലോ ഒരു കാരണവും കൂടാതെ ഞാൻ എത്ര കേട്ടിരിക്കുന്നു അപ്പോൾ ചെറിയ കാരണത്തിനു വേണ്ടിയാകുമ്പോൾ മുഴുവനും സന്തോഷത്തോടെ കേൾക്കുക തന്നെ ഞാൻ അവൾ ഇരിക്കുന്ന സ്ഥലം വിളിച്ചു ചോദിച്ചു അവിടേക്കു ചെന്നു പിന്നീട് അവിടെ നിന്നും മണിക്കൂറുകൾ കഴിഞ്ഞാണ് അവർ തിരിച്ചു പോകുന്നത് അതുവരെ അവിടെ കാത്തു കിടക്കലാണ് ജോലി അതിനാണ് ഈ ഒച്ചയും ബഹളവും മുഴുവനും അവരുടെ സംസാരം കേട്ടാൽ തോന്നും ഞാൻ പത്തു മിനുട്ട് മാറി നിന്നപ്പോഴേക്കും എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന് ഭാര്യ പിണക്കത്തിൽ ആയതു കൊണ്ട് അവൾക്ക് ഒരു കുറവും വരാതെ നോക്കുക യായിരിക്കും അയാൾ പക്ഷേ അവളുണ്ടോ അതു വല്ലതും മനസ്സിലാക്കുന്നു
നാട്ടിൽ മറ്റൊരു പെങ്ങളുടെ മകളുടെ കല്യാണം ആയതുകൊണ്ട് അളിയാക്ക ഈ മാസം നാട്ടിലേക്ക് പോവുകയാണ് അളിയൻ വന്നിട്ട് ആറ് മാസമേ ആയിട്ടുള്ളൂ കല്യാണം പ്രമാണിച്ചുള്ള ചെറിയ അവധിയാണ് നാട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഷറഫിയയിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു ഈ മാസം എനിക്ക് അധികം ഓട്ടം ഇല്ലാത്തതുകൊണ്ട് അളിയൻ ഷറഫിയയിൽ വരുമ്പോൾ പോയി കാണണമെന്നും മോൾക്ക് കുറച്ച് ഡ്രസ്സ്ഓ കളിപ്പാട്ടമോ വാങ്ങി അളിയാക്കാനെ ഏൽപ്പിക്കാമെന്നും വിചാരിച്ചു അളിയാക്ക വരുന്നതിന്റെ തലേദിവസം രാത്രിയിൽ കഫീൽ റിയാദിലേക്ക് പോയതായിരുന്നു ഞാനാണ് അവനെ കൊണ്ടുപോയി വിട്ടത് അളിയക്ക വരുന്നത് അറിഞ്ഞപ്പോൾ ഞാൻ കഫീലിനെ വിളിച്ചു എന്റെ അളിയൻ നാട്ടിലേക്ക് പോകുന്നുണ്ട് കുറച്ചു സാധനങ്ങൾ വാങ്ങി വിടാൻ ആഗ്രഹമുണ്ട് കയ്യിൽ കാശൊന്നുമില്ല ഈ മാസത്തെ ശമ്പളത്തിൽ നിന്നും ഒരു 200 റിയാൽ അഡ്വാൻസായി തരികയാണെങ്കിൽ വളരെ ഉപകാരമായിരുന്നു എന്നു പറഞ്ഞു
ഞാനൊന്നു നോക്കട്ടെ ബാങ്കിൽ പണം ഉണ്ടോ എന്നൊക്കെ ഒന്ന് ആലോചിക്കട്ടെ എന്നായിരുന്നു അയാളുടെ മറുപടി ആ ആലോചന അടുത്തകാലത്തൊന്നും തീരില്ല എന്നെനിക്ക് അറിയാമായിരുന്നു അവന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ ഞാൻ റൂമിലെ സുഹൃത്തുക്കളിൽ രണ്ടു പേരിൽ നിന്നായി 150 ഉം അൻപതും വീതം കടംവാങ്ങി വണ്ടിയുമെടുത്ത് ഷറഫിയ്യയിൽ പോയി ഞാനും എന്റെ രണ്ട് അളിയന്മാരും കൂടി സാധനങ്ങളൊക്കെ വാങ്ങി മോൾക്ക് രണ്ടുമൂന്ന് ഉടുപ്പുകളും ഭാര്യക്ക് പർദ്ദയും ഉമ്മാക്കും മറ്റും ഷാളും കുട്ടിക്ക് കളിപ്പാട്ടവും ഉപ്പാക്ക് അത്തറും എല്ലാം കൂടിയായപ്പോൾ കടംവാങ്ങിയ ഇരുന്നൂറും കയ്യിലുള്ള അൻപതും തീർന്ന് അളിയന്റെ കയ്യിൽ നിന്നും 30 റിയാൽ കടം വാങ്ങേണ്ടി വന്നു ഈ മാസം തീരാൻ ഇനിയുമുണ്ട് ദിവസങ്ങൾ അതുവരെ എങ്ങനെ മുന്നോട്ടു പോകും എന്ന് ഒരു പിടിയും ഇല്ലെങ്കിലും തൽക്കാലത്തെ ആവശ്യങ്ങളൊക്കെ ഭംഗിയായി കഴിഞ്ഞു അളിയാക്കാനോട് യാത്രയും പറഞ്ഞ് തിരിച്ചു റൂമിലേക്ക് വന്നു
അപ്പോഴും എന്റെ കഫീലിന്റെ ആലോചന തീർന്നിട്ടില്ലായിരുന്നു എന്നാൽ അന്ന് വൈകുന്നേരം തന്നെ അവൻ എന്റെ അക്കൗണ്ടിലേക്ക് നൂറും അമ്പതും ആയി ഒരുപാടു തവണ പണം വിട്ടിരുന്നു എല്ലാം അവന്റെ ആവശ്യങ്ങൾക്കായി രുന്നു അവന്റെ ഉമ്മാക്ക് സാധനങ്ങൾ വാങ്ങലും വീട്ടിലേക്കുള്ള മറ്റ് ആവശ്യങ്ങൾക്കും ആയിരുന്നു അതെല്ലാം മാസം പൂർത്തിയാവാതെ പണം ചോദിക്കാൻ എനിക്ക് അവകാശമില്ലല്ലോ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ പണം ഞാൻ ഒരുപാട് തവണ അവന്നുവേണ്ടി ചിലവഴിച്ചിട്ടുണ്ട് പലപ്പോഴും അവൻ വിളിച്ചു പറയുന്ന സമയത്ത് എന്റെ കയ്യിലെ കാശ് കൊണ്ടാണ് ഞാൻ അവന്റെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി കൊടുത്തിരുന്നത് അങ്ങനെ വിളിക്കുന്ന സമയത്ത് തന്നെ മനസ്സിലാക്കാം എന്തോ ആവശ്യത്തിനാണെന്ന് കാരണം വളരെ മയത്തിൽ സലാം പറഞ്ഞു കാര്യങ്ങൾ പറയും സ്വന്തം ആവശ്യങ്ങൾക്ക് വിളിക്കുമ്പോൾ ഉള്ള ഈ കരുണയൊന്നും മറ്റു പലപ്പോഴും കാണാറില്ല മാത്രമല്ല ഞാൻ ചിലവാക്കിയ പണം പിന്നീട് കിട്ടുന്നത് ഏറെ വൈകി യാകും എന്നു ചിലവാക്കി എന്തിനു ചിലവാക്കി എന്നൊക്കെയുള്ള ചോദ്യങ്ങൾ വേറെയും
ഞാൻ മാത്രമല്ല മറ്റു പല ആളുകളും അവന്റെ പിശുക്കൻ സ്വഭാവംകൊണ്ട് കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട് വർക് ഷോപ്പിലെ യും സ്പെയർ പാർട്സ് കടയിലേയും പലരും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട് നിന്റെ കഫീലിനെ കൊണ്ട് ഞങ്ങൾ തോറ്റു പോയി എന്ന് വർക്ഷോപ്പിലേക്കും മറ്റും എന്നെ പറഞ്ഞു വിടുന്നത് വെറും കയ്യോടെയാണ് അവിടെയുള്ള ആളിനെ അവനു മുമ്പ് ചെറിയ പരിചയമുണ്ടാകും ആ പരിചയം വച്ച് ഞാൻ അവിടെ എത്തിയാൽ അവൻ അവർക്ക് വിളിച്ച് കാര്യങ്ങൾ ഫോണിലൂടെ സംസാരിക്കും പണം അപ്പോഴൊന്നും കൊടുക്കാൻ ഇല്ലെന്നുമാത്രമല്ല വിലയുടെ കാര്യത്തിലും മറ്റും ഫോണിലൂടെ തർക്കിച്ചും വിലപേശിയും എന്താണ് ചെയ്യേണ്ടതെന്ന് കടക്കാരന് ഒരു പിടിയുമില്ലാത്ത രൂപത്തിലാകും പലപ്പോഴും വർക്ക്ഷോപ്പിലെ ആളിൽ നിന്നും പണം വാങ്ങിയാണ് വല്ല സാധനങ്ങളും മറ്റു കടകളിൽനിന്നു വാങ്ങിയിരുന്നതും ചിലപ്പോഴൊക്കെ വർക്ക് ഷോപ്പിൽ നിന്നും തിരിച്ചു പോരാൻ വണ്ടിയിലേക്ക് എണ്ണ അടിച്ചിരുന്നതും ഈ കാര്യങ്ങളൊക്കെ അറിയാവുന്നതു കൊണ്ടാവണം ഞാൻ വണ്ടിയുമായി വർക്ക് ഷോപ്പിലേക്ക് ചെന്നാൽ അവിടെയുള്ളവരുടെ ഒക്കെ മുഖം ചുളിയുന്നത്
ഈ മാസത്തിൽ പള്ളിയിൽ പോയ സമയത്ത് മൊബൈലിന് റേഞ്ച് ഇല്ലാത്തതിനു പുറമേ എന്റെ ഭാഗത്തു നിന്ന് മറ്റൊരു പിഴവുകൂടി സംഭവിച്ചു ഇരുപത്തി ഒമ്പതാം തീയതി ഉച്ച ഭക്ഷണം കഴിഞ്ഞു അല്പം മയങ്ങി അത് പതിവുണ്ടായിരുന്നു കഫീലും ഭാര്യയും തെറ്റിൽ ആണെങ്കിലും തലേന്ന് എനിക്കല്പം ഓട്ടം കൂടുതലുണ്ടായിരുന്നു അതിന്റെ ക്ഷീണം കാരണം ഞാൻ നന്നായി ഉറങ്ങി നാലു മണിയാവുമ്പോൾ നിസ്കരിക്കാൻ പള്ളിയിൽ പോകേണ്ടതിനാൽ ഞാൻ ഉണർന്നില്ലെങ്കിലും റൂമിലെ മറ്റൊരു സുഹൃത്ത് എന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു എന്നാൽ അന്ന് അയാൾക്ക് അസുഖം ആയതിനാൽ അയാൾ ജോലിക്ക് പോയിട്ടുമില്ല നിസ്കാര സമയത്ത് ഉണർന്നിട്ടും ഇല്ല ഞാൻ ഉണർന്നപ്പോൾ സമയം അഞ്ചുമണി യാവാൻ ഏതാനും മിനുട്ടുകൾ മാത്രം ബാക്കി
മുഖം കഴുകാൻ തുടങ്ങിയപ്പോഴേക്കും മാഡത്തിന്റെ വിളിവന്നു ഞാൻ അവിടെ എത്തിയോ എന്ന് അറിയാൻ ക്ഷമിക്കണം ഞാൻ ഉറങ്ങിപ്പോയി 10 മിനിറ്റിനുള്ളിൽ എത്താം എന്നു പറഞ്ഞു 'താനിപ്പോൾ എവിടെയാണ്' 'ഞാൻ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങുകയാണ്' ഫോൺ കട്ടായി പാന്റും ഷർട്ടും വാരിവലിച്ചിട്ടു മുഖത്തേക്ക് അല്പം വെള്ളം തെളിച്ചു ഞാൻ വണ്ടിയുടെ അടുത്തേക്ക് ഓടി വണ്ടി സ്റ്റാർട്ട് ആകുന്നതിന്റെ മുൻപേ വിഷയം കഫീലിന്റെ ചെവിയിലെത്തി അയാളുടെ വിളിവന്നു അയാളോടും കാര്യം പറഞ്ഞു അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഞാൻ അവിടെ എത്തുന്നതിനു മുൻപുതന്നെ അവൾ എങ്ങനെയെങ്കിലും അവിടെ നിന്ന് പോവും എന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും ഞാൻ പരമാവധി വേഗത്തിൽ വണ്ടി ഓടിച്ചു അവിടെ എത്തുന്നതിനു മുൻപായി ഒന്നുരണ്ടു തവണ കഫീൽ വിളിക്കുകയും വീണ്ടും എന്തൊക്കെയോ ശകാരിക്കുകയും ചെയ്തു കൃത്യം 5 20ന് ഞാൻ അവിടെയെത്തി 5 മണിക്ക് ജോലി കഴിഞ്ഞാലും പല ദിവസങ്ങളിലും മാഡം വണ്ടിയിലേക്ക് വരുന്നത് 5.15 നും 5 20നും ഒക്കെയാണ് എങ്കിലും ഇന്ന് അടിമയുടെ വീഴ്ച കാരണം അല്പം വൈകിയില്ലേ അതിനാണീ വഴക്കും തെറിയുമെല്ലാം
ജോലിസ്ഥലത്ത് എത്തുന്നതിനു തൊട്ടു മുൻപും അവിടെ എത്തിയതിനു ശേഷവും അവളുടെ മൊബൈലിലേക്ക് ഞാൻ ഒരുപാട് തവണ വിളിച്ചു അവൾ ഫോൺ എടുക്കുകയോ കട്ടാക്കി തിരിച്ചു വിളിക്കുകയോ ചെയ്തില്ല എനിക്കു കാര്യം പിടികിട്ടി ഉറങ്ങിപ്പോയതിന് എനിക്കുള്ള ശിക്ഷയാണ് എന്നെ വെറുതെ കുറെ നേരം അവിടെ നിർത്താനായി ചെയ്യുന്നത് കഫീലിന് വിളിച്ചപ്പോൾ അവൾക്ക് വിളിച്ചു നോക്കാൻ പറയുക മാത്രം ചെയ്തു ഞാൻ ഒരു നിമിഷവും പാഴാക്കിയില്ല വണ്ടി പാർക്ക് ചെയ്ത് ഒന്നാം നിലയിലെ നിസ്ക്കാര റൂമിൽ ചെന്ന് വുളൂ എടുത്തു നിസ്ക്കരിച്ചു പുറത്തിറങ്ങി വണ്ടിയുമെടുത്ത് തിരിച്ചുപോന്നു പോരുന്ന വഴിയിൽ ഷറഫിയയിൽ ഇറങ്ങി മൊബൈൽ ശരിയാക്കാൻ കൊടുത്തു തിരിക്കാൻ നേരം അടുത്ത് ബാങ്ക് വിളിച്ചു അവിടെനിന്നുതന്നെ നിസ്ക്കരിച്ചു പുറത്തിറങ്ങുമ്പോൾ കഫീലിന്റെ വിളിവന്നു എന്തായി എന്നു ചോദിച്ചു അവൾ വിളിച്ചിട്ട് ഫോൺ എടുത്തില്ല ഞാൻ തിരിച്ചുപോന്നു 'എന്നിട്ടിപ്പോൾ താൻ എവിടെ' 'ഞാൻ ഇപ്പോഴും റൂമിൽ തിരിച്ചെത്തിയിട്ടില്ല ഷറഫിയയിൽ എത്തിയിട്ടേ ഉള്ളൂ ഇവിടെ നിസ്കരിക്കാൻ കയറിയതാണ് '
അതുതന്നെയായിരുന്നു അവർക്കും ആവശ്യം എന്തുചെയ്യണമെന്നറിയാതെ മണിക്കൂറുകൾ ഞാനവളെ ജോലിസ്ഥലത്ത് കാത്തു നിന്നു എന്നാണ് അവർ കരുതിയത് പേടിച്ച് പേടിച്ച് പിന്നെയും പേടിച്ചാൽ അവസാനം സ്വയം ഒരു ധൈര്യം തോന്നാറുണ്ട് ആ അവസ്ഥയിലായിരുന്നു അപ്പോൾ ഞാൻ ഉറങ്ങി ഉറങ്ങി മണിക്കൂറുകൾ വൈകി ജോലിക്ക് ചെല്ലുകയും അവിടെ ചെന്ന് ഉറങ്ങുകയും ചെയ്യുന്ന അവരുടെ ഡ്രൈവർ ജീവിതത്തിൽ ഒരിക്കൽ പത്തുമിനുട്ട് ഉറക്കത്തിൽ പെട്ടുപോയതിന്ന് അവർക്ക് കഴിയുന്നത് അവർ ചെയ്യട്ടെ അല്ല പിന്നെ അല്ലെങ്കിലും ജോലിക്കിടയിലെ ഉറക്കം എനിക്ക് ഇത് ആദ്യത്തെ അനുഭവം അല്ല നാട്ടിൽ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉച്ചക്കുള്ള ഒരുമണിക്കൂർ നേരത്തെ ഒഴിവു സമയത്ത് പള്ളിയിൽ പോയി നിസ്കരിച്ച്‌ അവിടെ അല്പം മയങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നു ഒരു ദിവസം പള്ളിയിൽ കിടന്ന ഞാൻ നന്നായി ഉറങ്ങി മൊബൈൽ സൈലന്റ് ആയതിനാൽ കൂട്ടുകാർ വിളിച്ചിട്ടും ഞാൻ അറിഞ്ഞില്ല
ഞാൻ ഉണർന്നപ്പോഴേക്കും എന്റെ ബസ് കണ്ടക്ടറും ബാഗും ഇല്ലാതെ പെരിന്തൽമണ്ണ സ്റ്റാൻഡിൽ നിന്നും ചെറുപ്പുളശേരി യിലേക്ക് പോയിട്ടുണ്ട് ചില്ലറ പോലും കയ്യിൽ ഇല്ലാത്തതുകൊണ്ട് ആ ട്രിപ്പിൽ പൈസ പിരിക്കാൻ എന്റെ സുഹൃത്തുക്കൾ വളരെ ബുദ്ധിമുട്ടി പിന്നീട് എനിക്ക് ആ കാലങ്ങളിൽ 'ഉറങ്ങിയ കണ്ടക്ടർ' എന്നൊരു പേരും വീണു . ഈ മാസത്തിൽ ഒന്നോ രണ്ടോ തവണ കഫീലിന്റെ അനിയത്തിയുടെ ഓട്ടം ഉണ്ടായിരുന്നു അതിനു പോകുമ്പോൾ തന്നെ കഫീൽ പറയാറുണ്ട് മാഡം വിളിച്ചാൽ അനിയത്തിയുടെ ഓട്ടത്തിൽ ആണെന്ന് പറയരുത് നീ എന്റെ കൂടെ ആണെന്നു പറഞ്ഞാൽ മതി എന്ന് ഇത്ര പേടിച്ചു ഇവനൊക്കെ എന്തിനു ജീവിക്കണം പറഞ്ഞാൽ അനുസരിക്കാത്ത ആളുകളുടെ മുന്നിൽ വച്ചുപോലും തർക്കുത്തരം പറയുന്ന അഹങ്കാരിയും തന്നിഷ്ടക്കാരിയും ആയ അവളോടൊപ്പം ജീവിക്കുന്ന ഇയാൾക്ക് പരമവീരചക്രം കൊടുത്ത് ആദരിക്കണം
ഒന്നുരണ്ടു തവണ മാത്രമേ കഫീലിന്റെ അനിയത്തിയുടെ ഓട്ടം ഉണ്ടായിരുന്നുള്ളൂ ആ സമയത്തൊന്നും യാതൊരു മാനസിക സമ്മർദ്ദവും ഉണ്ടാവാറില്ല ഞാൻ എത്തുന്നതുവരെ അവൾ കാത്തുനില്ക്കും പരാതിയും പരിഭവും ചീത്തവിളിയും മുതലാളി ചമയലും ഒന്നുമില്ല മാന്യമായ സംസാരം പെരുമാറ്റം ഇവളുടെ അതേ സ്വഭാവം തന്നെയാണ് കഫീലിന് പക്ഷേ കല്യാണം കഴിഞ്ഞതോടെ മറ്റവളുടെ അടിമയായി മാറി അയാളും അവളെപ്പോലെ ആയി മാറുകയായിരുന്നു രണ്ടാമത്തെ ദിവസം രാവിലെ ഓട്ടത്തിനിടയിൽ കഫീലിന്റെ അനിയത്തി എനിക്ക് 10 റിയാലും തന്നു ഒരുപാട് കാലത്തിനു ശേഷമാണ് ശമ്പളത്തിന് പുറമേ എനിക്ക് ഒരു റിയാൽ കിട്ടുന്നത് മാസം തികയാൻ നേരത്തു കിട്ടുന്ന ആ 10 റിയാലിന് 100 റിയാലി നേക്കാൾ മൂല്യമായിരുന്നു അത് തരാൻ തോന്നിയ ആ നല്ല മനസ്സിന്റെ ഉടമക്ക് വേണ്ടി പ്രാർഥിക്കുക മാത്രമേ എനിക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ
(തുടരും)

Abdul Nasar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot