നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver- Part 29




ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 29
പ്രവാസികൾക്ക് അവർ ജോലിചെയ്യുന്ന ഗൾഫ് നാടുകളിൽ പ്രതിസന്ധിയും മാന്ദ്യവും എല്ലാം പ്രവാസം തുടങ്ങിയ കാലം മുതൽക്കുതന്നെ തുടങ്ങിയതാണെങ്കിലും ഇവിടെ സൗദി അറേബ്യയിൽ ഈയിടെയായി ഈവക പ്രശ്നങ്ങളെല്ലാം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ആണ് കുറച്ചു വർഷങ്ങൾക്കു മുൻപ് ഇവിടത്തെ ഭരണാധികാരികൾ സ്വന്തം പൗരന്മാരുടെ സാമ്പത്തികസ്ഥിതിയും തൊഴിൽ മേഖലയും മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രഖ്യാപിച്ച നിതാഖാത്ത് മുഖേന അനേകം പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുകയും പിടിച്ചുനിൽക്കാൻ ഒരു വഴിയും കാണാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തു അതിനുശേഷം ഇവിടെയുള്ള സ്വദേശി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഭരണാധികാരികളെ സ്വദേശിവൽക്കരണത്തിലേക്ക് കൂടുതൽ പ്രേരിപ്പിക്കുകയും ചെയ്തു
നിതാഖാത്ത് പ്രതിസന്ധിക്ക് ശേഷം പ്രവാസികൾക്ക് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കേണ്ടി വന്ന ഒരു കാലഘട്ടമാണ് ഈ അടുത്ത കാലത്ത് സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വന്ന മൊബൈൽ ഷോപ്പുകളുടെ സ്വദേശവൽക്കരണം വിദേശികൾ നടത്തിവന്ന ആയിരക്കണക്കിന് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും സാധനങ്ങൾ കിട്ടിയ വിലക്ക് വിൽക്കേണ്ടിയും വന്നു ആ മേഖലയിൽ ഉയർന്ന വിദ്യാഭ്യാസം നേടി സൗദിയിലേക്ക് വന്ന ലക്ഷക്കണക്കിന് വിദേശികൾക്ക് അവരുടെ ഭാവി ഇരുട്ടാകുന്ന അനുഭവമാണ് സമ്മാനിച്ചത് പലരും തുച്ഛമായ ശമ്പളത്തിന് മറ്റു പല തൊഴിലും തേടിയപ്പോൾ ഒരുപാട് ആളുകൾ ഗൾഫ് എന്ന സ്വപ്നം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു
എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി സർക്കാർ നടപ്പിലാക്കിയ വിഷൻ 2030 പദ്ധതി 2030 ആകുന്നതോടെ എണ്ണവില ആശ്രയിക്കാതെ തന്നെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി നിലനിർത്തുന്നതായിരുന്നു ഇതിനായി സർക്കാർ തലത്തിൽ നടപ്പിലാക്കിയ പല പദ്ധതികളും വിദേശികളെ മാത്രമല്ല സ്വദേശികളായ സാധാരണക്കാരെയും സാമ്പത്തികമായി പിന്നോട്ടു നയിച്ചു ഇത്രയും കാലം നികുതി ഈടാക്കാതെതിരുന്ന പല സാധനങ്ങൾക്കും വലിയ രൂപത്തിൽ നികുതി അടക്കേണ്ടി വന്നു പുകയില ഉൽപ്പന്നത്തിന്റെ ഉപയോഗം കുറക്കാൻ വേണ്ടി സിഗരറ്റിനും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില 100 ശതമാനത്തിലധികം വർധിച്ചു പഴയ വിലയുടെ ഇരട്ടിയായി പെപ്സി പോലെയുള്ള ശീതള പാനീയങ്ങളുടെ വില 50 ശതമാനം വർധിച്ചു വിദേശിയായ ഒരാൾ ഒരുമാസം സർക്കാറിന് 200 റിയാൽ വീതം ഒരുവർഷത്തിൽ 2400 റിയാൽ വച്ച് സ്വന്തം ഇഖാമ പുതുക്കുമ്പോൾ കെട്ടിവെക്കണമെന്ന നിയമം അൽപ്പം മുമ്പ് ഉണ്ടായിരുന്നത് ഭാവിയിൽ അതിൻറെ ഇരട്ടിയാക്കാനുള്ള സാധ്യതയിലേക്കാണ് പുതിയ വാർത്തകൾ
വിദേശികളുടെ ആശ്രിതർക്ക് ഒരുമാസം സൗദിയിൽ തങ്ങാൻ 100 റിയാൽ വീതം സർക്കാരിലേക്ക് നികുതി അടക്കാൻ ഉള്ള നിയമം കൂടി വന്നതോടെ കുടുംബമായി താമസിച്ചിരുന്നവർ മുഴുവൻ അവരെ നാട്ടിലേക്ക് കയറ്റി അയക്കാൻ തുടങ്ങി കിട്ടുന്ന ശമ്പളത്തിൽ നിന്നും ഇവിടെയുള്ള ചിലവും കഴിഞ്ഞ് കൂടെയുള്ള ഭാര്യക്കും വലിപ്പച്ചെറുപ്പമില്ലാതെ മക്കൾക്കും മാസം 100 റിയാൽ വച്ച് നൽകേണ്ടി വരിക എന്നത് ഒരു ശരാശരി പ്രവാസിക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല ബാക്കി ഇപ്പോൾ സൗദിയിലുള്ള കുടുംബങ്ങൾ മൂന്നു നാലു വർഷത്തിനുള്ളിൽ മുഴുവനായും വീടണയും എന്നതിൽ സംശയമില്ല കാരണം 2017 ൽ ഒരുമാസം ഒരാൾക്ക് 100 റിയാൽ എന്നുള്ളത് 2020 ൽ 200 റിയാലും 2022 ൽ 400 റിയാലും ആയി മാറും എന്നുള്ള വാർത്തകൾ പല കേന്ദ്രങ്ങളിൽ നിന്നും കേട്ടു തുടങ്ങി അങ്ങനെ വരുമ്പോൾ ശമ്പളം മുഴുവനായും ഈയിനത്തിൽ മാറ്റിവെച്ചാലും തികയാത്ത അവസ്ഥയാണ് ഇനി കുടുംബമായി കഴിയുന്ന പ്രവാസികളെ കാത്തിരിക്കുന്നത്
ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രയാസം കച്ചവടസ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും എല്ലാം വളരെ വ്യക്തമായിത്തന്നെ പ്രകടമായിരുന്നു കടകളിലൊന്നും കച്ചവടം നടക്കുന്നില്ല വലിയ വലിയ ഷോപ്പിംഗ് മാളുകളിൽ ഉണ്ടായിരുന്ന തിരക്കുകൾ ഒക്കെ പഴങ്കഥയായി പുതിയ കടകൾ തുറക്കുവാനോ ബിസിനസ് തുടങ്ങുവാനോ ആളുകൾ ഈ കാലത്ത് ശ്രമിക്കുന്നുമില്ല വിദേശി കുടുംബങ്ങൾ ഒഴിഞ്ഞു പോയതോടെ ഫ്ളാറ്റുകളും കെട്ടിടങ്ങളും കാലിയായി എവിടെയും വാടകക്ക് വില്പനക്ക് എന്ന ബോർഡ്കൾ മാത്രം വൻകിട കമ്പനികൾ പലതും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിട്ടതിനു പിന്നാലെ പല കമ്പനികളും അടച്ചുപൂട്ടേണ്ടിവന്നു ജോലി നഷ്ടപ്പെട്ട് അല്ലെങ്കിൽ ഉള്ള ജോലിയിൽ ശമ്പളം ലഭിക്കാത്ത അനേകായിരം പ്രവാസികൾ നിത്യ വാർത്തകളായി സുഹൃത്തുക്കളും മറ്റും വിളിക്കുമ്പോൾ പുതിയ വല്ല ജോലിയും അന്വേഷിക്കണം ഇപ്പോഴുള്ള ജോലി ഏത് സമയവും നഷ്ടപ്പെടും എന്ന സംസാരമാണ് അധികം പേർക്കും പറയാനുള്ളത്
രണ്ടും രണ്ടരയും വർഷം കഴിഞ്ഞ് മുതലാളിമാരുടെയും മാനേജർമാരുടെ യും കാലുപിടിച്ച് ഒന്നോ രണ്ടോ മാസം ലീവൊപ്പിച്ചു നാട്ടിൽ പോയിരുന്ന പ്രവാസികളെ കൊണ്ട് ഇന്ന് അതേ മുതലാളിമാർ നിർബന്ധിപ്പിച്ച് ലീവെടുപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത് അതും നീണ്ട ആറു മാസമോ അതിലധികമോ പ്രവാസം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് വരുംകാലങ്ങളിൽ സൗദി അറേബ്യയിൽ വരാൻ പോകുന്നത് എന്ന കാര്യത്തിൽ തർക്കമില്ല ഇത്രയും കാലം വിദേശികളെ സ്വന്തം പൗരന്മാരെ പോലെ തീറ്റിപ്പോറ്റിയ നാട് ഇപ്പോൾ അവരുടെ പൗരന്മാരുടെ കാര്യത്തിൽ അല്പം മുൻകരുതൽ സ്വീകരിക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ല ഇത്രയും കാര്യങ്ങൾ കൂടുതലായി ബാധിച്ചത് വിദേശികളെ യാണെങ്കിൽ ഇവിടെയുള്ള എന്റെ കഫീൽ അടക്കമുള്ള സാദാരണക്കാരായ സൗദികളുടെ മേലിലും ഒരുപാട് നിയമങ്ങളും നികുതികളും വന്നു
ഞാൻ ഇവിടെ വരുന്ന അവസരത്തിൽ എട്ടു മണിക്കൂർ ജോലിയും 5 മണിക്കൂറിലധികം ഓവർടൈംമും ഉണ്ടായിരുന്ന സാമ്പത്തികപരമായി നല്ല അവസ്ഥയിലായിരുന്ന എന്റെ കഫീലിന്റെ ഇപ്പൊഴത്ത അവസ്ഥ അല്പം മോശം തന്നെയാണ് സർക്കാർ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം 20% ഈ അടുത്തകാലത്ത് സർക്കാർ വെട്ടിച്ചുരുക്കി രാജഭരണം ആയതുകൊണ്ട് ഒറ്റപ്പാടും ബഹളവും ഒന്നും തന്നെ ഉണ്ടായില്ല നമ്മുടെ നാട്ടിലായിരുന്നെങ്കിൽ കത്തിയ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ വാഹനങ്ങൾക്കും കയ്യും കണക്കും ഉണ്ടാവില്ല ശമ്പളം കുറച്ചതിനു പുറമേ മുൻപ് ഉണ്ടായിരുന്ന ഓവർടൈം ജോലിയും ഇപ്പോൾ കഫീലിന് ഇല്ലാതെയായി ഫ്ലാറ്റ് രണ്ടെണ്ണം പുതിയത് വാങ്ങിയെങ്കിലും അതിന്റെയും അതിലേക്ക് വാങ്ങിയ ഫർണിച്ചറുകളുടെയും ഒക്കെയായി പലസ്ഥലങ്ങളിലും ബാങ്കിലും ഒക്കെ ഒരു നല്ല സംഖ്യ മാസാമാസം അടയ്ക്കേണ്ടിവരും പിന്നെ എന്റെ ശമ്പളം മക്കളുടെ പഠിപ്പ് സ്വന്തം ഫ്ലാറ്റിലേക്കും ഉമ്മയുടെ ഫ്ളാറ്റിലെക്കുമുള്ള ഭക്ഷണ ചിലവ് എല്ലാം തന്റെ ശമ്പളത്തിൽനിന്നും കഴിഞ്ഞുപോകുക എന്നത് അയാളെ സംബന്ധിച്ച് ഒരു കടമ്പ തന്നെയാണ് ശമ്പള ഇതര വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി കഫീലും ചില സുഹൃത്തുക്കളും ചേർന്ന് ചെറിയ ചില കച്ചവടങ്ങൾ ഒക്കെ തുടങ്ങാനുള്ള ശ്രമത്തിലാണ്
######
ആഗസ്റ്റ് മാസം എന്റെ ചെറിയ വണ്ടി അവശനായി വഴിയിൽനിന്നു ഇനി ഒരടി മുന്നോട്ടുപോകാൻ കഴിയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വണ്ടിയുടെ എഞ്ചിനിൽ നിന്നും വലിയ ശബ്ദം ഉണ്ടാവാൻ തുടങ്ങി ശബ്ദങ്ങൾ പലതും പണ്ടുമുതൽക്കേ വണ്ടിയിൽനിന്നും പലഭാഗങ്ങളിൽ നിന്നായി കേൾക്കുന്നുണ്ടെങ്കിലും എൻജിനിൽ നിന്നും ഇത്ര വലിയ ശബ്ദം ആദ്യമായിരുന്നു 15 വർഷം പഴക്കമുള്ള ആ വണ്ടി എന്റെ കയ്യിൽ ഏല്പിക്കുന്ന അന്നുതന്നെ വണ്ടിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു അതിനൊന്നും വർക്ക് ഷോപ്പിൽ കൊണ്ടു പോയില്ല എന്ന് മാത്രമല്ല മാഡം വണ്ടി യെക്കൊണ്ട് തന്റെയും തന്റെ വീട്ടുകാരുടെയും സകല ഭാരങ്ങളും വലിപ്പിക്കുകയും ചെയ്തു രണ്ടു വർഷത്തിലധികം ഇത്രയും പ്രശ്നങ്ങളുമായി വണ്ടിയോടിച്ച എന്റെ കാലിന്റെയും മുതുകിന്റെയും അവസ്ഥ വല്ലാതായി ഇതാ ഇപ്പോൾ വണ്ടി തന്നെ സ്വയം പറഞ്ഞിരിക്കുന്നു ഇനി വയ്യ എന്ന്
അന്ന് കഫീലിന്റെ ഓഫീസിൽ പോയി വലിയ വണ്ടി വാങ്ങി ഞാൻ രണ്ടുപേരുടെയും ഓട്ടങ്ങൾ ഓടി എന്നാൽ രണ്ടു ദിവസം കഴിഞ്ഞു കഫീലിന് അവന്റെ വണ്ടി അത്യാവശ്യമായി വന്നപ്പോൾ എന്നെക്കൊണ്ട് വീണ്ടും ആ ചെറിയ വണ്ടിതന്നെ എടുപ്പിച്ചു ഹെലികോപ്റ്റർ പറന്നുയരാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന ശബ്ദമായിരുന്നു വണ്ടി സ്റ്റാർട്ട് ആക്കിയാൽ ഉടനെ അടുത്ത പ്രദേശത്തുകാരൊക്കെ ഇത്രയും വലിയ ശബ്ദം കേൾക്കുമ്പോൾ ഞങ്ങളെയും വണ്ടിയെയും ശ്രദ്ധിക്കും എന്നാൽ നമ്മുടെ കക്ഷിക്കുണ്ടോ വല്ല കുലുക്കവും രണ്ട് ദിവസത്തോളം ആ ഭയാനകമായ ശബ്ദവും വച്ച് അവൾ എന്നെ കൊണ്ട് വണ്ടി ഓടിച്ചു എല്ലാവരും ഞങ്ങളെ സർക്കസിലെ മരണക്കിണറിലെ അഭ്യാസിയെ നോക്കുന്നപോലെ നോക്കിക്കൊണ്ടിരുന്നു മൂന്നാം നാൾ രാവിലെ മാഡത്തെ ഡ്യൂട്ടിക്ക് കൂട്ടിക്കൊണ്ടുപോയി വിടാൻ വേണ്ടി വീട്ടിൽ നിന്നും പുറപ്പെട്ടു ഹൈവേയിൽ എത്തി അല്പം ഓടിയതേയുള്ളൂ അപ്പോഴേക്കും വണ്ടിയിൽ നിന്നും ഭയാനകമായ ശബ്ദവും പുകയും വരാൻ തുടങ്ങി എന്നുമാത്രമല്ല ഇനിയെങ്കിലും എന്നെ വെറുതെ വിടൂ എന്നും പറഞ്ഞു വണ്ടി ഓഫ് ആവുകയും ചെയ്തു
വണ്ടിയുടെ സ്വഭാവമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ഞാൻ പെട്ടെന്ന് സർവീസ് റോഡിലേക്ക് തിരിച്ചു റോഡിന്റെ ഓരം ചേർത്തു നിർത്തി അവിടെനിന്നും ഞാൻ വണ്ടിയുടെ ബോണറ്റും മറ്റും തുറന്നു പരിശോധിക്കുമ്പോഴും മാഡം വണ്ടിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു വണ്ടി മുന്നോട്ടു പോവാൻ ഒരു വഴിയുമില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ അവൾ ടാക്സി വിളിച്ചു ജോലിക്കു പോയി എനിക്ക് വീട്ടിലേക്ക് മടങ്ങാൻ ടാക്സിക്ക് പണം തരികയോ ഞാൻ എന്തുചെയ്യണമെന്നു പറയുകയോ ചെയ്തില്ല അല്പം കഴിഞ്ഞു ഞാൻ ഒരു ടാക്സി പിടിച്ച് റൂമിലേക്ക് പോന്നു പണം പിന്നീട് കഫീലിൽ നിന്നും കിട്ടിയാൽ വാങ്ങാം എന്ന് തീരുമാനിച്ചു അങ്ങനെ ആ പാവം വണ്ടിയുടെ കഥ കഴിഞ്ഞു പണ്ടൊരിക്കൽ വണ്ടി മെക്കാനിക്കിനെ കാണിച്ചപ്പോൾ പറഞ്ഞതാണ് ഈ വണ്ടി എൻജിൻ പണി എടുക്കുകയാണെങ്കിൽ മാറ്റേണ്ടത് അല്ലാതെ ഇതിനകത്ത് ഒന്നും കാണില്ല എന്ന് അതുകൊണ്ട് എത്രയും പെട്ടെന്ന് പഴയ എൻജിൻ വാങ്ങി വയ്ക്കുന്നതാണ് നല്ലത് എന്നും
ചെറിയ വണ്ടി നിന്നതോടെ ഞാൻ വലിയ വണ്ടിയുമായി രണ്ടുപേരുടെ ഓട്ടവും ഓടാൻ തുടങ്ങി ജോലി എല്ലാം കഴിഞ്ഞു വന്നു കഫീൽ വീട്ടിലിരിക്കുമ്പോൾ മാഡം എന്നെയും കൂട്ടി പുറത്തെ കറക്കങ്ങൾ ഒക്കെ നടത്തും അപൂർവ്വം ചില ദിവസങ്ങളിൽ കഫീൽ വണ്ടിയുമായി പുറത്തു പോകും പക്ഷെ വണ്ടി ഇല്ല എന്നു വിചാരിച്ച് മാഡം വെറുതെയിരിക്കാൻ തയ്യാറല്ല എന്നെ കടകളിലേക്ക് നടത്തി ഓരോ സാധനങ്ങൾ വാങ്ങിക്കും ഒരുദിവസം കഫീൽ വണ്ടിയുമായി പുറത്തുപോയ സമയം അവൾക്ക് ടൈലറിങ് ഷോപ്പ് വരെ അത്യാവശ്യമായി പോകേണ്ടതായി വന്നു മറ്റു മാർഗങ്ങളൊന്നുമില്ലാതെ വന്നപ്പോൾ ടാക്സി വിളിച്ചു പോകാൻ തീരുമാനിച്ച അവൾ എന്നോടും കൂടെ ചെല്ലാൻ പറഞ്ഞു കാരണം രാത്രിയിൽ തനിച്ചു ടാക്സിയിൽ യാത്ര ചെയ്യാനുള്ള പേടി തന്നെ
ഇന്റർനെറ്റ് യുഗം ആയതുകൊണ്ട് ടാക്സി വിളിക്കൽ ഒക്കെ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഓർഡർ കിട്ടിയാൽ നിമിഷങ്ങൾക്കകം ടാക്സി നമ്മുടെ വീടിനു മുമ്പിലെത്തും അങ്ങനെ ഞങ്ങൾ രണ്ടുപേരുംകൂടി കടയിൽ പോയി വീടിനടുത്തുള്ള കട തന്നെ ആയിരുന്നു അവിടെയുള്ള പണികളൊക്കെ തീർത്തു മടങ്ങാൻ നേരം വീണ്ടും ടാക്സി വിളിക്കാൻ അവൾക്കൊരു മടി ഇത് ശ്രദ്ധയിൽപ്പെട്ട ഞാൻ അവളോട് അങ്ങോട്ട് പറഞ്ഞു 'വണ്ടി വേണമെന്നില്ല നമുക്ക് നടക്കാം' അത് അവൾക്ക് പെരുത്ത് ഇഷ്ടപ്പെട്ടു 8 റിയാൽ ലാഭം കിട്ടുകയാണല്ലോ ഞാൻ അങ്ങനെ പറയാൻ മറ്റൊരു കാരണമുണ്ട് ആ വഴിയൊക്കെ ഞാൻ സ്ഥിരമായി പള്ളിയിൽ പോകുമ്പോൾ നടക്കുന്ന വഴിയാണ് അവൾ അങ്ങനെ അല്ലല്ലോ ഫ്ളാറ്റിൽനിന്ന് കാറിലേക്കും കാറിൽ നിന്ന് ഓഫീസിലേക്കും മാത്രമാണല്ലോ അവളുടെ നടത്തം അങ്ങനെ ഞാൻ മുൻപിലും എന്റെ അല്പം പിന്നിൽ ഉരുണ്ടുരുണ്ട് അവളും നടക്കാൻ തുടങ്ങി ഞാനെന്റെ നീണ്ട ബലിഷ്ഠമായ കാലുകൾ നീട്ടിവെച്ചു എന്റെ കൂടെയെത്താൻ അവൾ നന്നേ കഷ്ടപ്പെട്ടു അങ്ങനെ 8 റിയാൽ ലാഭം കിട്ടിയ സന്തോഷത്തിൽ അവളും അവൾക്ക് ചെറിയ രൂപത്തിൽ പണികൊടുത്ത സന്തോഷത്തിൽ ഞാനും വീട്ടിലെത്തി അതോടെ വണ്ടി ഇല്ലെങ്കിൽ പോലും എന്നെ വെറുതെ വിടില്ലെന്ന് എനിക്ക് മനസ്സിലായി
ആഗസ്റ്റ് ഇരുപത്തി മൂന്നാം തീയതി എൻറെ നാട്ടിൽ പോകൽ ഞാൻ കഫീലിനെ ബോധിപ്പിച്ചു നേരിട്ട് സംസാരിക്കുമ്പോൾ ഒന്നും വ്യക്തമായി കേൾക്കാൻ അയാൾക്ക് സമയമുണ്ടാവില്ല എന്നറിയാവുന്നതുകൊണ്ട് ഞാൻ വിവരങ്ങളെല്ലാം റെക്കോർഡ് ചെയ്തു മൊബൈലിലേക്ക് മെസേജ് അയക്കുകയാണ് ചെയ്തത് 'ഇന്ന് ദുൽഹിജ്ജ ഒന്നാണ് ഇന്ന് മുതൽ നാലുമാസം കൂടി കടന്നുപോയാൽ ഞാൻ നിന്റെ കൂടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ടുവർഷം തികയും രണ്ടുവർഷം പൂർത്തിയാകുന്നതോടെ ഞാൻ നാട്ടിലേക്ക് പോകും തിരിച്ചുവരാനുള്ള സാധ്യതയില്ല കാരണം ഉപ്പാക്ക് ചെറിയ സഹായങ്ങൾ ഒക്കെ ചെയ്തുകൊടുത്തു നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നത് 2 വർഷം തികയുന്നത് ഡിസംബർ 23 ഓ അതിനു മുൻപോ ആയിരിക്കും എന്റെ ശമ്പളം ഇംഗ്ലീഷ് മാസം കണക്ക് ആയത് കൊണ്ട് ഡിസംബർ 31 വരെ ഞാൻ ജോലി ചെയ്യാം അതിനുശേഷം ജനുവരി ഒന്നിനോ രണ്ടിനോ നീ എനിക്കുള്ള ടിക്കറ്റ് എടുത്ത് തരുവാൻ അപേക്ഷിക്കുന്നു' ഇത്രയും പറഞ്ഞു നാട്ടിലെ 2 എയർപോർട്ടുകളുടെ പേരും അയാൾക്ക് ഞാൻ മെസേജ് വിട്ടു
ഞാൻ പറഞ്ഞ കണക്ക് അറബി മാസം കണക്കാക്കിയാണ് ഇംഗ്ലീഷ് വർഷം കണക്കാക്കിയാൽ രണ്ടു വർഷം തികയുന്ന തീയതി ജനുവരി 14നാണ് ഇഖാമയുടെ തീയതിയും ഇവിടെ പൊതുവേ ഉപയോഗിക്കുന്നതും അറബിമാസം ആയതുകൊണ്ട് ഞാൻ അത് അനുസരിച്ച് പറഞ്ഞതാണ് രണ്ടു ദിവസം കഴിഞ്ഞു ഞാനും കഫീലും തനിച്ചു ഒരു ഓട്ടം പോയപ്പോൾ ഇക്കാമ യുടെ തീയതി എന്നാണ് തീരുന്നത് എന്ന് ചോദിച്ചു മാർച്ച് 23 നായിരുന്നു അത് അതു വരെ തനിക്കു നിന്നുകൂടേ എന്ന് അയാൾ ചോദിച്ചു ഞാനൊരുപാട് മുൻപേ പോവാൻ തീരുമാനിച്ചതാണ് പിന്നെ ഇവിടെ വരാൻ വന്ന ചിലവും എനിക്കുവേണ്ടി നിനക്ക് വന്ന ചിലവുകളും എല്ലാം പരിഗണിച്ച് 2 വര്ഷം തികയ്ക്കാൻ തീരുമാനിച്ചതാണ് അതിൽ കൂടുതൽ നിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞു ഒരുപക്ഷേ നാട്ടിൽ പോക്ക് രണ്ടുമാസം കൂടി നീണ്ടു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല അങ്ങനെ ഒരവസരം വന്നാൽ അപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാം എന്ന് ഞാൻ തീരുമാനിച്ചു
(തുടരും)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot