നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആട്ടുന്തല അമ്മച്ചി

Image may contain: 1 person, beard and closeup

നീ ഇത് എന്ത് ഭാവിച്ചാ... ? അല്ല ഞാൻ അറിയാൻ പാടില്ല്യാണ്ട് ചോദിക്ക്യാ...?'
'ഞാൻ ഒന്നും ഭാവിച്ചല്ല... അമ്മയ്ക്കിപ്പൊ എന്താ വേണ്ടേ...?'
'ഇനിക്ക് ഒന്നും വേണ്ട... ഈ വയസ്സ് കാലത്ത് ഒരാളേം തല്ല് കൊള്ളാൻ ഇനിക്ക് പറ്റൂലാ... അത്രേ ഞാൻ പറഞ്ഞൊള്ളൂ...'
'അതിനിപ്പൊ അമ്മേനെ ആരാ ഇവിടെ തല്ലിയത്...?'
'അതുശരി... അപ്പോ തല്ലാത്തതാണ് കൊഴപ്പം... എന്നാ നീ അവളെക്കൊണ്ട് എന്നെ തല്ലിക്കെടാ...'
'ഓ... ഈ അമ്മേടെ ഒരു കാര്യം.. എന്തെങ്കിലും മിണ്ടിയാ കുറ്റം മിണ്ടിയില്ലെങ്കി കുറ്റം... വെറുതെയല്ല രമ്യ പറഞ്ഞത്...'
'അത് ശരി... എന്തൂട്ട്ണ്ടാ അവള് പറഞ്ഞത്.. ? പറയെടാ... എടാ പറയാൻ..'
'ഒന്നൂല്ല്യ... നിങ്ങടെ തള്ളക്ക് തലക്ക് നല്ല സുഖല്ല്യ... വല്ല ഊളമ്പാറേലും കൊണ്ടിടാൻ.. അത്രന്നെ...'
'അത് ശരി... അവള് അത്രക്കായിലേ... വന്നു കേറീട്ട് ഒരു കൊല്ലം കൂടി ആയിട്ടില്ല... അപ്പഴക്കും അവളെന്റെ മോനെ പറഞ്ഞു പാട്ടിലാക്കി... അതും പോരാണ്ട് ഇപ്പോ എന്നെ ഊളമ്പാറേല് കൊണ്ടിടാൻ പറഞ്ഞിരിക്കണ്.. അപ്പ അവള് ആരാ മോള്.... എവടെ അവള്... ഇങ്ങട് വിളിക്കെടാ അവളെ.... ആ അളക്കിന്റെ ഉള്ളീന്ന് പൊറത്തിക്ക് വരാൻ പറ.... '
'അമ്മേ.... അവൾക്ക് വയ്യാത്തതല്ലെ... അവളവടെ കെടന്നോട്ടെ..'
'എന്ത് വയ്യായ അവള്ക്ക്.... ? ഈ ലോകത്ത് ആദ്യായിട്ടൊന്നല്ല ഒരു പെണ്ണ് പ്രസവിക്കാൻ പോണത്... അതിന് ഇത്രമാത്രം റെസ്റ്റ് ഒന്നും വേണ്ട... ഞാനും പെറ്റതാ നാലഞ്ചെണ്ണത്തിനെ... ഒരാളും ഇണ്ടായില്ല റെസ്റ്റിക്കാൻ... പടിഞ്ഞാപ്പെറത്ത് ഒരലില് നെല്ലുത്തുമ്പഴാ ദേവൂനെ പ്രസവിച്ചത്... ആ ഒരലും കടക്കല്... അറിയൊ നിനക്ക്...'
'ഓ.... ഈ പഴം പുരാണൊക്കെ ഞാൻ കൊറെ കേട്ടതാ...'
'നിങ്ങക്കത് പഴം പുരാണായി ഇപ്പൊ... അല്ലെങ്കിലും തൊലി വെളുത്ത പെണ്ണുങ്ങളെ കിട്ടിയാ നിന്നെപ്പോലെ ഒള്ളോര് അങ്ങനാ....'
'അമ്മ കൊറെ നേരായല്ലൊ.. തൊടങ്ങീട്ട്... എന്റെ തൊലി വെളുത്തത് എന്റെ കുറ്റം കൊണ്ടാണോ...?'
'ആ.... വന്നല്ല നേത്യാരമ്മ... '
'നേത്യാരമ്മ ഞാനല്ല.. നിങ്ങളാ...'
'അതേടീ... ഞാൻ നേത്യാരമ്മ തന്നെയാ.... എന്തെ നിനക്ക് പിടിക്കണില്ലേ...?
'ശ്ശൊ... എന്തൊരു കഷ്ടാ ഇത്... രമേശേട്ടാ നിങ്ങടെ അമ്മോട് ഒന്നു മിണ്ടാതിരിക്കാൻ പറ... ഒച്ച കേക്കുമ്പൊ എനിക്ക് തല വേദനിക്കുന്നു...'
'അ... അ... ആ... അത് ശരി... അപ്പ ഇനി നിന്ക്ക് എന്റെ ഒച്ചീംകൂടി ഇല്ലാണ്ടാക്കണം.. അല്ലേടി... അതിനൊള്ള പൊറപ്പാടാ....'
'ദേ... തള്ളെ.... ക്ഷമിക്കിണേനൊക്കെ ഒരു പരിധിണ്ട്.... ഞാൻ സീരിയലിലെ ശാലിനി ഒന്നും അല്ല...'
'കേട്ടടാ... അവള് വിളിച്ചത്... തള്ളേന്ന്.... വന്നപ്പൊ എന്തായിരുന്നു... അമ്മേ... എന്നങ്ങ്ട് വിളിക്കണ കേട്ടാ എന്റെ സ്വന്തം മക്കള് വരെ ദൂരെയിരിക്കും... ഇപ്പോ ഞാൻ തള്ളായി അവൾക്ക്...'
'അത് നിങ്ങടെ സ്വഭാവത്തിന്റെയാ...'
'എന്താടി എന്റെ സ്വഭാവത്തിന്... എന്താടി കൊഴപ്പം....?'
'ദേ... നിങ്ങൾ രണ്ടാളും ഒന്നു വെറുതെ ഇരിക്കണുണ്ടോ.. അപ്പറത്തുനിന്നും ഇപ്പറത്തൂന്നും ആൾക്കാര് എത്തി നോക്കിത്തൊടങ്ങി...'
'ആൾക്കാര് നോക്കട്ടെ... അതിനല്ലേ അവളിപ്പ എണീറ്റ് വന്നത്...'
'ഞാൻ വന്നതാണോ കൊഴപ്പം... നിങ്ങൾ അമ്മയും മോനും അതിന് മുമ്പേ തൊടങ്ങീതല്ലെ...'
'അതേടി... ഞങ്ങൾ അമ്മേം മോനും ആവുമ്പോ അങ്ങനെ പലതും പറയും... അതിന് നിനക്കെന്താ...'
'അതെന്റെ ഭർത്താവും കൂടിയാ.. അത് മറക്കണ്ട... '
'എന്നാടി നിന്റെ ഭർത്താവായത്... പത്തിരുപത്തെട്ട് കൊല്ലം എന്റെ മോനായതിന് ശേഷല്ലെ നിന്റെ ഒരു കർത്താവായത്....'
'ഹൊ... ഈ തള്ളേടെ നാക്കിന് ഒരു കൊഴപ്പോം ഇല്ലല്ലോ ദൈവമെ...'
'അതേടി.. എന്റെ മിണ്ടാട്ടം മുട്ടാൻ നീ വഴിപാട് നേര്. ..'
'അമ്മേ... ഒന്നു നിർത്തുണുണ്ടോ...?'
'നീ ആദ്യം അവളോട് പറയെടാ നിർത്താൻ...'
'രമ്യേ... നീയെങ്കിലും ദൈവത്തിനെ ഓർത്ത് ഒന്നു നിർത്തോ...?'
'ആ... അല്ലെങ്കിലും എനിക്ക് ഇവിടെ രണ്ടാം സ്ഥാനാ.... ഞാൻ ഒന്നും മിണ്ടുന്നില്ല...'
* * * * * * *
'രമേശേട്ടാ....'
'നീ ഒന്നു മിണ്ടാതെ കിടന്നെ..'
'രമേശേട്ടന് വെഷമായൊ...?'
'എന്തിന്....?'
'ഞാൻ അമ്മയോട് അങ്ങനെ പറഞ്ഞതിന്...'?'
'ഏയ്... അതൊന്നും കൊഴപ്പമില്ല... അല്ലെങ്കിലും അമ്മ ഇപ്പോ പണ്ടത്തെപ്പോലെ അല്ല... എനിക്കും അത് തോന്നാറുണ്ട്...'
'ഇല്ലേ... ചേട്ടനും അങ്ങനെ തോന്നീട്ടില്ലെ... അതാ ഞാൻ പറഞ്ഞത്...'
'എനിക്ക് മനസ്സിലാവാണ്ടല്ല... പിന്നെ അമ്മയല്ലെ എന്ന് വിചാരിച്ച് ഒന്നും പറയാത്തതാ.... അതല്ലേ നിങ്ങൾ വഴക്ക് കൂടിയപ്പോ ഞാൻ മിണ്ടാതെ നിന്നത്..'
'അമ്പടാ.... സൂത്രക്കാരൻ...'
'എടക്ക് ഇതുപോലെ എന്തെങ്കിലും ഒരു ഡോസ് നീ അമ്മയ്ക്ക് കൊടുത്തൊ... - അത് ഒരു മരുന്നാ...'
'എനിക്ക് അതുമതി... ചേട്ടൻ എന്റെ കൂടാണ് എന്ന് എനിക്ക് തോന്നിയാമതി... അത്രേ ഉള്ളൂ... '
'ഞാൻ നിന്റെ കൂടെ അല്ലാതെ പിന്നാരുടെ കൂടെയാ എന്റെ പൊന്നോ....'
'ഉം.... ഞാൻ ലെയിറ്റ് കെടുത്തട്ടെ....'
'ഓ..... കേ....'
* * * * * *
'അവളെന്തേടാ....'
'ബാത്റൂമിലാ.... കുളിക്കാൻ കേറി..'
'നീ കൈ കഴുകി വാ.... അമ്മ നിന്ക്ക് ഇഷ്ടൊള്ള വെള്ളേപ്പോം മൊട്ടക്കറീം ഇണ്ടാക്കീട്ടൊണ്ട്.. വാ.. ഇരിക്ക്...'
'എന്നാപ്പിന്നെ ഇതൊക്കെ നേരത്തെ പറയേണ്ടെ എന്റെ ആട്ടുന്തലമ്മച്ചി...'
'വേണ്ട... വേണ്ട.... നീ ഇപ്പോൾ കൊറെ നാളായി ആട്ടുന്തല വാങ്ങി തന്നിട്ട്...'
'അമ്മച്ചി വെഷമിക്കണ്ട.... ഇന്ന് ഞായറാഴ്ച അല്ലേ... ഇന്നെന്തായാലും ഒരു കറുത്ത മുട്ടനാടിന്റെ തല തന്നെ വാങ്ങി കൊണ്ടു വരും...'
'എന്നാ ഞാൻ എല്ലാം അരിഞ്ഞു വെക്കട്ടെ...'
'ഉം.... '
'മോന് ഇന്നലെ വെഷമായൊ...?'
'എന്തിനാ അമ്മേ...'
'അവളോട് അങ്ങനെ ഒക്കെ പറഞ്ഞതിന്...'
'അതൊന്നും സാരമില്ല അമ്മെ... ഇടക്കൊക്കെ ഇതുപോലെ ഒരു ഡോസ് കൊടുത്തില്ലെങ്കിലേ അവളെന്റെ തലേകേറി നെരങ്ങും... അമ്മേനെ എങ്കിലും കൊറച്ചു പേടി ഒള്ളത് നല്ലതാണ്...'
'അമ്മയ്ക്ക് അവളോട് ഒരു ദേഷ്യോം ഇല്ല മോനെ... നിങ്ങടെ നൻമക്കാ അമ്മ ഇങ്ങനെ പറയണത്....'
'അത് പിന്നെ എനിക്ക് അറിഞ്ഞൂടെ അമ്മെ...'
'ആ... എനിക്ക് അത് മതി.... മോന് രണ്ടു വെള്ളേപ്പോം കൂടി തരട്ടെ...'
'മതി അമ്മച്ചി.... വയറ് നിറഞ്ഞു...'
* * * * *
'രമേശാ.... നിന്റെ വിവാഹമാണ് എന്ന് പറയുന്ന കേട്ടല്ലൊ...'
'-അതെ ചേട്ടാ... ഞാൻ മൂന്നു മാസത്തെ ലീവെടുത്തു...'
'ഇത്ര ചെറുപ്പത്തിലേ വിവാഹം വേണ്ടായിരുന്നു.. നിനക്ക് 25 വയസ്സല്ലെ ആയുള്ളൂ..'
'അതിനെന്താ... അതൊക്കെ മതി...'
'നിനക്ക് അതൊക്കെ തോന്നും... വിവാഹം ഒരു കുട്ടിക്കളി അല്ല... ഒരു മൂന്നു നാലു കൊല്ലം കൂടി നീ സമാധാനത്തോടെ ജീവിച്ച് ഒരു പക്വത ഒക്കെ ആയിട്ട് പോരെ....'
'അതെ.. നിങ്ങൾ ഇതൊക്കെ കഴിഞ്ഞവരാ... നിങ്ങൾക്ക് അങ്ങനെ പറയാം... ഞങ്ങളും ഒന്നു സന്തോഷിക്കട്ടെ ചേട്ടാ..'
'ആ... ഇപ്പോൾ അങ്ങനെ ഒക്കെ തോന്നും.. അണ്ടിയോട് അടുക്കുമ്പോ അറിയാം മാങ്ങേടെ പുളി...'
'അത് ഞാൻ അങ്ങ് സഹിച്ചു... ചേട്ടൻ വേറെ വല്ല പണിയും ഉണ്ടെങ്കിൽ പോയി ചെയ്യ് സമയം കളയാതെ.... '
* * * * *
'ആ... രമേശാ... ഇത്തവണ നിനക്ക് നാട്ടിൽ പോയി വന്നിട്ട് ഒരു ഉഷാറില്ലല്ലോ.. എന്ത് പറ്റീത്...?'
'ചേട്ടാ.... ചേട്ടനെ ഞാൻ നമിച്ചു... '
'എന്താടാ കാര്യം....?'
'വിവാഹം വിവാഹം എന്ന് പറഞ്ഞപ്പോൾ അത് ഇത്രയും വലിയ കുരിശാന്ന് ഞാൻ അറിഞ്ഞില്ല ചേട്ടാ.....'
'അത്രേ ഉള്ളൂ... ഇക്കരെ നിക്കുമ്പോ നമുക്ക് തോന്നും അക്കരെ പച്ചാന്ന്... അവിടെ ചെല്ലുമ്പഴാ അറിയാ എന്താന്ന്...'
'ങാ.... എന്നാലും ഈ ആണുങ്ങളെ സമ്മതിക്കണം...!!!
**** മണികണ്ഠൻ അണക്കത്തിൽ****

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot