നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ മീനുക്കുട്ടി


Image may contain: 1 person, beard and closeup

" റോയ്, എന്താണ് ഇവിടെ.?", അപ്രതീക്ഷിതമായാണ് സൂസൻ റോയിയെ ക്യാൻസർ വാർഡിൽ കണ്ടുമുട്ടിയത്.
" ആഹ്.... സൂസനോ..... ഞാൻ ഇവിടെ ഇടയ്ക്ക് വരാറുണ്ട് നിനക്കറിയാലോ ലിസമ്മ പോയേ പിന്നെ.........."
അയാൾ പറഞ്ഞു തീർത്തില്ല. ലിസമ്മ എന്ന് പറയുന്ന ലിസ റോയിയുടെ ഭാര്യയാണ്. വിവാഹം കഴിഞ്ഞ് എട്ടുവർഷം ആയെങ്കിലും റോയിക്ക് മക്കൾ ഒന്നുമില്ലായിരുന്നു.
ഒന്നരവർഷം മുമ്പാണ് ലിസക്ക് ബ്ലഡ് ക്യാൻസർ ആണെന്ന് അറിയുന്നത്. അന്നുമുതൽ തുടങ്ങിയ ഓട്ടമാണ് റോയി. ആറുമാസം മുമ്പ് ലിസ റോയിയെ വിട്ടുപോയി. അതിൽ പിന്നെ റോയ് ആകെ ഒരു മൂകതയിൽ ആണ്. കൊഞ്ചിക്കാനും ലാളിക്കാനും ഒരു കുഞ്ഞിനെപ്പോലും ദൈവം റോയിക്ക് കൊടുത്തില്ല.
" എല്ലാം ദൈവവിധി അല്ലെ റോയ്, കർത്താവ് വിളിക്കുമ്പോൾ പോവാതിരിക്കാൻ പറ്റുമോ ", സൂസൻ റോയിയെ സമാധാനിപ്പിച്ചു.
" നീയെന്താ ഇവിടെ സൂസൻ ?, ആരെങ്കിലും അസുഖം ആയി..........", റോയി ചോദിച്ചു.
" ഇല്ല, ഞാൻ പള്ളി വക ഒരു പ്രയറിന് വന്നതാ....... എല്ലാ ആഴ്ചയും വരും ", സൂസൻ മറുപടി പറഞ്ഞു.
സൂസനെ ആരോ അപ്പോൾ തിരക്കുന്നുണ്ടായിരുന്നു. റോയിയോട് യാത്ര പറഞ്ഞ് സൂസൻ നടന്ന് നീങ്ങി.
വിദേശത്തും നാട്ടിലുമായി ബിസിനസാണ് റോയിക്ക്. ആവശ്യത്തിൽ കൂടുതൽ അയാൾ സമ്പാദിച്ചു.
ലിസയുടെ മരണശേഷം റോയ് ഒന്നിലും ശ്രദ്ധ കൊടുക്കാതായി. ബിസിനസ്സിന്റെ താളം തെറ്റിയപ്പോൾ സ്വന്തം അനുജന്മാരെ അയാൾ തന്റെ സാമ്രാജ്യം ഏൽപിച്ചു. ഇപ്പോൾ അതെല്ലാം നോക്കി നടത്തുന്നത് അവരാണ്. വിശ്വസ്തർ ആയതുകൊണ്ട് റോയിക്ക് അക്കാര്യത്തിൽ ഒരു വേവലാതിയും ഇല്ലായിരുന്നു.
ലിസി അസുഖം മൂർച്ഛിച്ച് കിടന്നതും ഇതേ വാർഡിൽ ആയിരുന്നു. അതുകൊണ്ട് റോയ് പറ്റുമ്പോൾ എല്ലാം ആ ക്യാൻസർ വാർഡ് സന്ദർശിക്കാറുണ്ട്. അവിടെ വരുന്നവർക്ക് സഹായങ്ങളും ചെയ്യാറുണ്ട്. പണം നൽകിയും അവരെ ആശ്വസിപ്പിച്ചും റോയ് ദിവസങ്ങൾ തള്ളിനീക്കി.
തന്റെ ലിസ കിടന്ന 8 c ബെഡ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആ ബെഡിൽ പിന്നെ ഇതുവരെ ആരും വന്നിട്ടില്ല. C വാർഡിൽ 7 ആം നമ്പർ ബെഡിൽ വരെ രോഗികൾ ഉണ്ട്. ഇനി ആരെങ്കിലും വരികയാണെങ്കിൽ തന്റെ ലിസ കിടന്ന ബെഡിൽ ആകും വരിക. ആരും വരരുതെന്ന് അയാൾ പ്രാർത്ഥിച്ചു കാരണം ഇനിയും ആർക്കും ഈ ഗതി വരരുതെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
പെട്ടന്നാണ് റോയിക്ക് കലശലായ പനി അനുഭവപ്പെട്ടത്. ഒരാഴ്ചത്തേക്ക് ബെഡ് റെസ്റ്റിൽ ആയിരുന്നു. അസുഖം എല്ലാം മാറി വീണ്ടും അയാൾ പഴയ സ്ഥിതിയിലായി.
' ഇന്നിനി പോകണ്ട. നാളെ വെള്ളിയാഴ്ച്ച അല്ലെ , നാളെ പോകാം '
അയാൾ മനസ്സിൽ പറഞ്ഞു.
മനസ്സിൽ ഉദ്ദേശിച്ചതു പോലെ തന്നെ അയാൾ പിറ്റേദിവസം വാർഡിലേക്ക് പോയി. തന്റെ ലിസ കിടന്ന ബെഡിൽ ആരോ വന്നിട്ടുണ്ട്. അയാൾ ചെന്നപാടെ അങ്ങോട്ടേക്ക് പോയി.
കട്ടിലിൽ തന്റെ ലിസയുടെ പ്രായം വരുന്ന ഒരു സ്ത്രീ. അരികിലായി അവളുടെ ഭർത്താവും ഒരു ഏഴുവയസ്സ് പ്രായമുള്ള മകളും ഉണ്ട്.
" എന്താ പേര്? ", റോയ് ചോദിച്ചു.
" സുജ എന്നാ പേര് ", അവളുടെ ഭർത്താവ് മറുപടി പറഞ്ഞു.
" എവിടെയാ അസുഖം ",
" ആമാശയത്തിൽ ", അയാൾ നിറകണ്ണുകളോടെ പറഞ്ഞു.
" ലാസ്റ്റ് സ്റ്റേജ് ആണെന്നാ ഡോക്ടർമാർ പറഞ്ഞേ, എനിക്ക് കൂലിപ്പണിയാ.... കടം വാങ്ങിയാണെങ്കിലും എത്ര വേണേലും മുടക്കാം......, പക്ഷെ ഒരുപാട് വൈകിയെന്നാ ഡോക്ടർ പറഞ്ഞേ ", അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.
റോയിക്ക് പറയാൻ വാക്കുകളില്ലായിരുന്നു. ഒരു ആശ്വാസം എന്നപോലെ റോയി അയാളുടെ തോളിൽ തട്ടി.
" എന്താ മോൾടെ പേര് "
" മീനുക്കുട്ടി ", തിളങ്ങുന്ന കണ്ണുകളുമായി ആ കൊച്ചു മിടുക്കി പറഞ്ഞു.
" വീട്ടിൽ വിളിക്കുന്നതാ... മീനാക്ഷി എന്നാ പേര്..", അവളുടെ അച്ഛൻ പറഞ്ഞു.
മീനുക്കുട്ടി അയാളോട് എന്തോ പറയുന്നുണ്ടായിരുന്നു.
" എന്താ മോള് പറയുന്നെ ", റോയ് ചോദിച്ചു
" ഏയ്‌..., രാവിലെ വന്നതല്ലേ...,അവൾക്ക് വിശക്കുന്നുണ്ടെന്ന്, ഇവളെ ഇവിടെ തനിച്ചിരുത്തിയിട്ട് പോകാനും പറ്റില്ല.."
" അതിനെന്താ മോൾക്ക് ഞാൻ വാങ്ങിക്കൊടുക്കാല്ലോ ", റോയി പറഞ്ഞു
" അയ്യോ വേണ്ട സാറേ, ഞാൻ പിന്നെ എപ്പോഴേലും കൊണ്ടുപോകാം, സാർ വെറുതെ എന്തിനാ....", അയാൾ പറഞ്ഞു.
" എന്ത് ബുദ്ധിമുട്ടാണടോ., നമ്മളൊക്കെ മനുഷ്യരല്ലേ... ഞാൻ മോൾക്ക് ഭക്ഷണം വാങ്ങി കൊടുത്തിട്ട് വരാം...", റോയ് പറഞ്ഞു.
" മോള് വരുന്നോ..... അങ്കിൾ കഴിക്കാൻ വാങ്ങി തരാം...", അവൾ തലപൊക്കി അവളുടെ അച്ഛനെ നോക്കി. അയാൾ സമ്മതം എന്നവണ്ണം തലയാട്ടി.
അവൾ ഓടിവന്ന് റോയിയുടെ കയ്യുകളിൽ പിടിച്ചു. റോയ് അവളെ പൊക്കിയെടുത്തു.
അവർ നേരെ ക്യാന്റീനിലേക്ക് പോയി. മീനുക്കുട്ടിക്ക് വേണ്ടതെല്ലാം റോയി വാങ്ങി കൊടുത്തു. ഒപ്പം അവളുടെ അച്ഛന് കഴിക്കാനും വാങ്ങിയിട്ടുണ്ടായിരുന്നു.
മിടുക്കിയായിരുന്നു മീനു. വാതോരാതെ സംസാരിക്കും. ചിണുങ്ങിയുള്ള അവളുടെ സംസാരവും കളിയും ചിരിയുമെല്ലാം റോയിയിൽ ഒരു പുതിയ ഉണർവായി. മീനുക്കുട്ടിയോട് എന്തെന്നില്ലാത്ത ഒരു അടുപ്പം അയാൾക്കുതോന്നി.
സ്വന്തമായി മക്കൾ ഇല്ലാത്തതു കൊണ്ടായിരിക്കും ഒരു അച്ഛന്റെ സ്നേഹവും ലാളനയും കരുതലും വാത്സല്യവും എല്ലാം റോയി മീനുമോൾക്കായി നൽകി.
ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം നീളുന്ന റോയിയുടെ സന്ദർശനം ദിവസവും രണ്ട് നേരം എന്ന നിലയിലായി.
രണ്ടാഴ്ച്ചകൊണ്ട് മീനുമോളും റോയിയും ഒരുപാട് അടുത്തിരുന്നു. റോയ് ചെല്ലുമ്പോഴേക്കും മീനുമോൾ ഓടി വന്ന് അയാളെ കെട്ടിപ്പുണരും. പിന്നീടവർ പുറത്തൊക്കെ പോയി വരും. മീനുമോളുടെ അച്ഛനും അമ്മയ്ക്കും റോയി വരുന്നതും വലിയ ആശ്വാസമായിരുന്നു.
" അങ്കിൾ നാളെ എന്റെ പിറന്നാളാ...", റോയിയുടെ കൈയിലിരുന്ന് മീനുമോൾ പറഞ്ഞു.
" ആഹാ.. മീനുസ്സിന്റെ പിറന്നാൾ ആണോ നാളെ...", റോയ് മീനുക്കുട്ടിക്ക് ഒരു മുത്തം നൽകി.
" എന്നാ നാളെ അങ്കിൾ വരുമ്പഴേ ഒരു സമ്മാനം കൊണ്ടുവരുന്നുണ്ട്....", റോയ് മീനുവിനെ ചേർത്തുനിർത്തി കൊണ്ട് പറഞ്ഞു.
" എന്താന്ന് പറ അങ്കിളേ...", അവൾ ചിണുങ്ങി
" അതൊക്കെയുണ്ട്.... നാളെ വരുമ്പോഴേ...., മീനുക്കുട്ടിക്ക് തരാമേ.....", റോയ് അവളെ പിന്നെയും ഉമ്മവച്ചു.
മീനുമോളുടെ പിറന്നാളിനായി റോയി കുറേ ഉടുപ്പുകളും മിഠായിയും കേക്കും പാവക്കുട്ടികളെയും ഒക്കെ ആയിട്ടാണ് പിറ്റേദിവസം രാവിലെ അവിടെത്തിയത്.
പക്ഷേ അവളെ വരാന്തയിൽ ഒന്നും അയാൾ കണ്ടില്ല. സാധാരണ റോയി വരുന്ന സമയമാകുമ്പോൾ മീനുമോൾ വരാന്തയിൽ നിൽക്കാറുള്ളതാണ്‌.
റോയ് അകത്തേക്കു കയറി നോക്കി. 8 c ബെഡ് ഒഴിഞ്ഞുകിടക്കുന്നു. എന്താണ് സംഭവിച്ചതെന്ന് റോയിക്ക് മനസ്സിലായില്ല. ആരോടും ചോദിക്കാനും നിന്നില്ല.
അയാൾ മെല്ലെ വാർഡിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
കുറച്ചു മാറി ഒരാൾക്കൂട്ടം നിൽക്കുന്നത് റോയി ശ്രദ്ധിച്ചു. അയാൾ അവിടേക്ക് നടന്നു നീങ്ങി. ആൾക്കൂട്ടത്തിന്റെ ഉള്ളിൽനിന്നും പരിചയമുള്ള ഒരു സ്വരം കേൾക്കുന്നുണ്ട്.
റോയി ആളുകളെ വകഞ്ഞുമാറ്റി മുന്നോട്ട് നീങ്ങി അവിടെ കണ്ട കാഴ്ച റോയിക്ക് ഒട്ടും വിശ്വസിക്കാനായില്ല.
തന്റെ സിരകളിലെ രക്തം ഒരു നിമിഷം തണുത്ത് ഉറഞ്ഞതുപോലെ അയാൾക്കുതോന്നി.
അയാളുടെ കണ്ണുകളിൽ നിന്നും അഗ്നി പറന്നു.കാണുന്നത് സ്വപ്നം ആകണമെന്ന് അയാൾ പ്രാർത്ഥിച്ചു. പക്ഷേ യാഥാർത്ഥ്യത്തിന്റെ ലോകത്ത് സ്വപ്നങ്ങൾക്ക് സ്ഥാനമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.
' തലേദിവസം അച്ഛനുമൊത്ത് കടയിൽ പോയതാണ് പെട്ടെന്നാണ് കുഞ്ഞിനെ കാണാതായത് ' ആൾക്കൂട്ടത്തിൽ സംസാരം ഉയർന്നു.
റോയിയുടെ കൈകാലുകൾ തളരുന്നതുപോലെ തോന്നി. അവൾക്കായി വാങ്ങിയ ഉടുപ്പുകളും സമ്മാനങ്ങളും അയാൾ വലിച്ചെറിഞ്ഞു. മരവിച്ച കണ്ണുകളുമായി അയാൾ റോഡിലെ അഴുക്കുചാലിലേക്ക് നോക്കി.
റോയ് തന്റെ ജീവനെപ്പോലെ സ്നേഹിച്ച, സ്വന്തം കുഞ്ഞിനെപ്പോലെ കരുതിയ തന്റെ മീനുമോൾ വിവസ്ത്രയായി റോഡിലെ ഓടയിൽ ആ അഴുക്കുചാലിൽ ജീവനില്ലാത്ത ശരീരമായി കിടക്കുന്നു.
ഓടിവന്ന് കെട്ടി പുണരാൻ ഇനി മീനുമോൾ ഉണ്ടാകില്ലെന്ന് അയാൾക്ക് വിശ്വസിക്കാനായില്ല. അയാൾ മീനുക്കുട്ടിയെ ഓടയിൽനിന്ന് പുറത്തെടുത്തു.
ദേഹത്ത് മുഴുവൻ ചെളി പുരണ്ടിരിക്കുന്നു. കുട്ടിത്തം നിറഞ്ഞ അവളുടെ മുഖത്തെ ചുണ്ടുകൾ പൊട്ടി വീർത്തിരിക്കുന്നു.
തിളക്കമുള്ള അവളുടെ കണ്ണുകൾ പാതി തുറന്നിരിക്കുകയാണ് ആ കണ്ണുകൾ റോയിയോട് എന്തൊക്കെയോ പറയുന്നത് പോലെ അയാൾക്ക് തോന്നി.
കാമത്തിന്റെ വെറിപിടിച്ച ഏതോ നരഭോജി അവളെ അവളുടെ അച്ഛനിൽനിന്നും കവർന്നെടുക്കുകയായിരുന്നു.
കേവലം ഏഴു വയസ്സുമാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ ഏത് അംഗലാവണ്യമാണ് ആ നരാധമന്റെ കഴുകൻ കണ്ണുകളെ ത്രസിപ്പിച്ചതെന്ന് അയാൾക്ക് അറിയില്ലായിരുന്നു.
അമ്മിഞ്ഞപ്പാലിന്റെ ഗന്ധംപോലും മാറാത്ത ആ കുഞ്ഞിന്റെ ശരീരത്തിലെ എന്ത് ഉയർച്ചതാഴ്ചകളാണ് ആ കാമഭ്രാന്തന്റെ ആസക്തി കൂട്ടിയത്.
മീനുവിന്റെ അരികിലായി അവളുടെ അച്ഛനും രോഗശയ്യയിൽ കിടക്കുന്ന അവളുടെ അമ്മയും തേങ്ങുകയായിരുന്നു. ജീവിതത്തിന്റെ അർത്ഥം പോലും വിപരീതമായ അവസ്ഥയിലായിരുന്നു അവർ.
എല്ലാം കണ്ടുകൊണ്ട് ആൾക്കൂട്ടത്തിൽ നിൽക്കുന്നവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
ആ പിഞ്ചുകുഞ്ഞിന്റെ നഗ്നത പോലും ക്യാമറക്കണ്ണുകളിൽ പകർത്താനുള്ള ധൃതിയിലായിരുന്നു അവരിൽ ഏറിയപങ്കും.
കാമത്തിൽ കുതിർന്ന തെരുവോരങ്ങളിലെ രാത്രികളിൽ വെറിപ്പിടിച്ച കഴുകന്മാർ ഇര തേടി അലയുന്നു. മീനുക്കുട്ടിക്ക് സംഭവിച്ചത്പോലെ ഇനി ഒരു കുഞ്ഞിനും, ഒരു സഹോദരിക്കും സംഭവിക്കാതിരിക്കാൻ..
ക്യാമറക്കണ്ണുകൾ മാറ്റിവച്ച് മനസാക്ഷിയുടെ, മനുഷ്യത്വത്തിന്റെ കണ്ണുകൾ തുറക്കാം..............
ആ കണ്ണുകളുടെ തീഷ്ണതയിൽ അരുംകൊല ചെയ്യുന്ന ഈ നരാധമന്മാർ ഒന്നടങ്കം എരിഞ്ഞടങ്ങട്ടെ.................
.
.
ദീപു അത്തിക്കയം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot