നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിൻവിളി

Image may contain: 1 person

നന്നേ ഇരുട്ട് പിടിച്ചിരിക്കുന്നു. അങ്ങിങ്ങ് വണ്ടികൾ പോകുന്നതിന്റെയും സ്ട്രീറ്റ് ലൈറ്റിന്റെയും വെളിച്ചം നിറഞ്ഞു നിൽക്കുന്നു. ഇത്ര ഉയരത്തിൽ നിന്നത് കാണാൻ എന്ത് രസമാണ്... എന്നിട്ടും എനിക്കത് ആസ്വദിക്കാൻ കഴിയുന്നില്ല. മനസ്സ് അത്രയേറെ നിരാശയിലാണ്.
നേരം ഒരുപാട് വൈകി. ഇതിലും നേരത്തെ സുധി എത്താറുള്ളതാണ്. ഇന്നെന്തോ വൈകുന്നു. ഒന്ന് വിളിച്ചു നോക്കിയാലോ...? വേണ്ട... ചിലപ്പോൾ വേഗം എത്തുമായിരിക്കും. മുൻപും ഇത്തിരിനേരം വൈകുമ്പോഴേക്കും എവിടെയാണെന്ന് വിളിച്ചന്വേഷിക്കുന്ന ഒരു സാധാരണ ഭാര്യയുടെ സ്വഭാവം എനിക്കില്ല.
പുറത്തെ സുന്ദരമായ കാഴ്ചകളിലേക്ക് ആ പതിനാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് കണ്ണോടിച്ചു. പക്ഷെ മനസ്സ് അവിടെയെങ്ങും നിൽക്കുന്നില്ല. ഒരു അന്ധകാരം. അത് കാഴ്ചയിലല്ല. മനസ്സിലാണ്. സുധി ഉണ്ടായിരുന്നെങ്കിൽ അല്പം ആശ്വാസം ഉണ്ടായേനെ... ഫോണെടുത്ത് കോൾ ചെയ്തു.
“ഹലോ....”
“ഹലോ യമുന... ഞാൻ അല്പം തിരക്കിലാ... പിന്നെ വിളിക്കാം.”
ഒന്നും പറയാൻ സമ്മതിക്കാതെ സുധി കോൾ കട്ട് ചെയ്തു. വീണ്ടും വിളിച്ച് ശല്യപ്പെടുത്തേണ്ടെന്ന് കരുതിയതാണ്. പക്ഷെ മനസ്സിന് അല്പം പോലും ആശ്വാസം കിട്ടുന്നില്ല. വീണ്ടും സുധിക്ക് ഡയൽ ചെയ്തു.
“ഹലോ..”
“നിന്നോടല്ലേ പറഞ്ഞെ... ഞാൻ അല്പം തിരക്കിലാണെന്ന്...”
“എനിക്ക് ഒറ്റയ്ക്ക് പറ്റുന്നില്ല സുധി...”
“എനിക്കോരല്പം സമയം താ യമുനാ... ഞാൻ ഇപ്പൊ ഇറങ്ങാം...”
“സുധി പ്ലീസ്... ഒരഞ്ചു മിനിറ്റ് എന്നോട് സംസാരിച്ചിട്ട് ഫോൺ വച്ചോളൂ...”
“യമുനാ... നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ... ഞാനൊരു മീറ്റിങ്ങിൽ ആണ്. എനിക്കിപ്പോൾ പറ്റില്ല. നീ കുറച്ചു നേരം ക്ഷമിക്ക്..”
പിന്നെയും എന്തോ പറയാൻ യമുന തുടങ്ങുമ്പോഴേക്കും സുധി കോൾ വീണ്ടും കട്ട് ചെയ്തു. ഒരിക്കൽ കൂടി ഞാൻ ഡയൽ ചെയ്തപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു എന്ന് അറിയിപ്പ് കിട്ടി. ഞാൻ ആകെ തളർന്ന് പോയി. സുധിക്ക് പോലും എന്നെ ഇപ്പോൾ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല.
സുധിക്ക് മാത്രേ എന്നെ സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോൾ ആ അവസ്ഥയും നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയും ജീവിക്കുക വയ്യ. ഒറ്റക്കിങ്ങനെ എത്ര നാൾ. സുധിക്ക് ഒരു ജോലിയുണ്ട്, കൂട്ടുകാരുണ്ട്. എനിക്കാരുമില്ല. മതി. ഒന്നിനും കഴിയാതെ ജീവിക്കാൻ വയ്യ...
ഞാൻ മെല്ലെ ടെറസ്സിലേക്ക് നടന്നു. പതിയെ ആ പാരപ്പറ്റിന് മുകളിൽ കയറി ഇരുന്നു. ഇനി ഒന്ന് മുന്നോട്ട് നീങ്ങിയാൽ താഴെക്കെത്തും. പതിനഞ്ചു നില താഴേക്ക്.... മരണം കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തിൽ വച്ചുകൊണ്ട് ഞാൻ ഭൂതകാലത്തിലേക്ക് മനസ്സിനെ പറഞ്ഞയച്ചു.
******
പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഞാനും സുധിയും ഒന്നിച്ച് പഠിച്ചവർ. പണ്ട് മുതലേ കൂട്ടുകാർ. പരസ്പരം നന്നായി മനസ്സിലാക്കാൻ കഴിയും എന്നുറപ്പുള്ളത്കൊണ്ട് വിവാഹം കഴിക്കാൻ നിശ്ചയിച്ചു.
ഒരു ജോലിയൊക്കെ കിട്ടി കുടുംബം ആകാനുള്ള പ്രാപ്തി ആയപ്പോൾ വീട്ടിൽ അറിയിച്ചു. പതിവ് പോലെ വീട്ടുകാർ ശക്തമായി എതിർത്തു. അതിനെ വക വെക്കാതെ ഞാനും സുധിയും തീരുമാനത്തിൽ ഉറച്ച് നിന്നു. ക്രമേണ എതിർപ്പ് കുറഞ്ഞു വന്നു. ഒടുവിൽ അനുഗ്രഹാശിസ്സുകളോടെ വിവാഹം.
പിന്നീടുള്ള ദിനങ്ങൾ സന്തോഷത്തിന്റേത് മാത്രമായിരുന്നു. ആരെയും അസൂയപ്പെടുത്തും വിധം സ്നേഹിച്ച് ഞങ്ങൾ ജീവിച്ചു. ഒരു കുഞ്ഞുണ്ടാവാൻ കാലതാമസം നേരിട്ടപ്പോൾ ആദ്യമൊന്നും സങ്കടം തോന്നിയില്ല. പരസ്പരം ആവോളം സ്നേഹിച്ചിട്ട് മതി കുഞ്ഞുങ്ങൾ എന്ന് ഞങ്ങളും ആശ്വസിച്ചു.
ക്രമേണ ആ ആശ്വാസം ആശങ്കയിലേക്ക് വഴി മാറി. നിരന്തരമായ കാത്തിരിപ്പ്. ഡോക്ടർമാരുടെ നോട്ടത്തിൽ പറയത്തക്ക ഒരു കുഴപ്പവും കണ്ടെത്തിയില്ല. പക്ഷെ ഓരോ മാസവും മാസമുറ ദിവസം മുടങ്ങാതെ ഞാൻ പെണ്ണാണെന്ന് തെളിയിച്ചു.
ആ ദിവസങ്ങളിൽ അകാരണമായി ദേഷ്യവും പിണക്കങ്ങളും ഞങ്ങൾക്കിടയിൽ കടന്ന് വരാൻ തുടങ്ങിയിരുന്നു. എല്ലാം ഒരു കുഞ്ഞുണ്ടാവാത്ത നഷ്ടബോധം ആണെന്ന് മനസ്സിലാക്കി പെരുമാറാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേ ഇരുന്നു.
കാത്തിരിപ്പ് നീണ്ടു പോകുന്നതിനിടയിലാണ് അമ്മയുടെ മരണം. അപ്രതീക്ഷിതമായ ഒരു ആക്സിഡന്റ് അമ്മയെ ഞങ്ങളിൽ നിന്നും കവർന്നെടുത്തു. അതോടെ ശക്തി നഷ്ടപെട്ടവരായി മാറി ഞങ്ങൾ.
പക്ഷെ ഒരിടത്തും തോറ്റ് കൊടുക്കാൻ മനസ്സില്ലാതെ അതിജീവനത്തിനുള്ള വഴികൾ തേടി. ബുദ്ധിമുട്ടിയാണെങ്കിലും ജീവിതം വേദനയുടെ പടുകുഴിയിൽ നിന്നും കരയ്ക്ക് കയറ്റി.
ആ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാതെ ആ സന്തോഷ വാർത്ത തേടിയെത്തിയത്. മാസമുറ ഈ മാസം വന്നില്ല. ഡോക്ടർമാരുടെ നിർദേശപ്രകാരം കൃത്യമായ ദിവസങ്ങളിലുള്ള ഇണചേരലുകളിൽ മനം മടുത്തിരുന്നതുകൊണ്ടും, അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന നിരാശ കൊണ്ടും ആ ദിവസത്തെ പറ്റി ചിന്തിക്കാറില്ലായിരുന്നു.
ടെസ്റ്റ് കിറ്റിലെ രണ്ടു വരകൾ അന്നെനിക്ക് തന്ന സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കുക വയ്യ. സുധിയെ അത്ര സന്തോഷിച്ച് ഞാൻ അന്നു വരെ കണ്ടിട്ടില്ലായിരുന്നു.
പിന്നീടുള്ള ദിവസങ്ങൾ ഏറെ കരുതലോടെ ആണ് നീങ്ങിയത്. മനസ്സിൽ ഒരു ചെറിയ സങ്കടത്തിന് പോലും ഇടം കൊടുക്കാതെ ഞാനെന്റെ കുഞ്ഞിനെ നോക്കി. ഒരു ഭക്ഷണമോ മരുന്നോ കഴിക്കും മുൻപ് കൃത്യമായി അന്വേഷിക്കും ഇതെന്റെ കുഞ്ഞിന് ദോഷകരമല്ലെന്നുള്ളത്. അത്രക്കധികം ഞങ്ങൾ ആഗ്രഹിച്ചിരുന്നു ഒരു കുഞ്ഞിന് വേണ്ടി.
ദിവസങ്ങൾ അടുക്കുംതോറും സുധിക്ക് ടെൻഷൻ ഏറി വന്നു. പക്ഷെ ഞാൻ അപ്പോഴും ഒന്നിനെപ്പറ്റിയും ഓർത്തില്ല. എന്റെ ചിന്തകളൊന്നും ഞങ്ങളുടെ കുഞ്ഞിനെ ബാധിക്കാതിരിക്കാൻ മനസ്സിനെ എല്ലാത്തിൽ നിന്നും പിന്തിരിപ്പിച്ച് നിർത്തി. പ്രാർത്ഥനകളും ധ്യാനവും ഒക്കെയായി ദിവസങ്ങൾ തള്ളി നീക്കി.
ഒടുവിൽ ആ സുദിനം എത്തി ചേർന്നു. ഇന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട ദിവസം. രാവിലെ തന്നെ തയ്യാറെടുപ്പുകൾ ഒക്കെ കഴിഞ്ഞു. പക്ഷെ എന്തോ... എന്റെ മനസ്സ് എന്നെ വെറുതെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
ആശുപത്രിയിൽ പോകാൻ ഏല്പിച്ചിരുന്ന വണ്ടി വന്നില്ല. അപ്പോഴും എന്റെ മനസ്സ് അകാരണമായി അസ്വസ്ഥമായി. മറ്റൊരു വണ്ടിയിൽ യാത്ര തിരിച്ചു. അവിടെ എത്തിയപാടെ ഡോക്ടർ വീണ്ടും സ്കാനിങ് വേണമെന്ന് പറഞ്ഞു. ഉടൻ അതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തി. കുഞ്ഞിന്റെ കാര്യത്തിൽ ഒരു ചെറിയ വിട്ടുവീഴ്ചക്ക് പോലും ഞങ്ങൾ തയ്യാറായിരുന്നില്ല.
സ്കാനിങ് ചെയ്ത ഡോക്ടർ കുഞ്ഞിന് വളർച്ച കുറവുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞു. കഴിഞ്ഞ തവണയും ഇത് തന്നെ പറഞ്ഞിരുന്നു. വേണ്ടതിലധികം ഭക്ഷണം കൃത്യമായി കഴിച്ചിട്ടും വളർച്ച കുറഞ്ഞു പോയതെന്തെന്ന് ഞാൻ അത്ഭുതം കൂറി.
ഫ്ലൂയിഡ് കുറവുണ്ട്, ഇനിയും കാത്തിരിക്കേണ്ട എന്ന് പറഞ്ഞ് ഓപ്പറേഷന് വേണ്ട ഒരുക്കങ്ങൾ നടത്തി. അപ്പോഴും ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. എന്റെ കുഞ്ഞിന് വേണ്ടി എന്ത് വേദനയും സഹിക്കാൻ ഞാൻ മനസ്സ് കൊണ്ട് തയ്യാറെടുത്തു കഴിഞ്ഞിരുന്നു.
ഓപ്പറേഷൻ തീയറ്ററിൽ എന്നെ കത്തി വക്കുമ്പോഴും ഒരു തരിപ്പിനപ്പുറം ഒന്നും തോന്നിയില്ല. ബോധം മറയുകയോ മയക്കം തോന്നുകയോ ഒന്നും തന്നെ എനിക്കുണ്ടായിരുന്നില്ല. എന്റെ കുഞ്ഞ്, എന്റെ മകൻ, എന്റെ പൊന്നോമന, അവൻ എന്നിൽ നിന്നും വേർപ്പെടുമ്പോൾ ഒരു പിടച്ചിൽ മാത്രം ഞാനറിഞ്ഞു.
ബേബി ബോയ് എന്ന് ഡോക്ടർ ആഹ്ലാദത്തിൽ പറഞ്ഞപ്പോൾ ഞാനും സന്തോഷിച്ചു. അവനെ ഉയർത്തികാണിച്ചപ്പോൾ ഞാൻ നോക്കി. സുന്ദരനായിരുന്നു അവൻ. ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു. ലോകത്തിലെ എല്ലാ അമ്മമാരും ഏറ്റവും സന്തോഷിക്കുന്ന നിമിഷം അതായിരിക്കും. ഞാനും...
ഞാൻ മെല്ലെ കണ്ണുകൾ അടച്ചു. ഇനി വരാൻപോകുന്ന സന്തോഷം നിറഞ്ഞ ദിവസങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു. പുറത്ത് ഞങ്ങളെ കാത്തുനിൽക്കുന്ന സുധിയുടെ മുഖം എന്നിലേക്ക് ഓടിയെത്തി. ഒരുപാട് സന്തോഷം തോന്നി എനിക്ക്. അങ്ങനെ ആ ആനന്ദത്തിൽ ഞാൻ മതി മറന്നു നീന്തി
അൽപനേരം കഴിഞ്ഞപ്പോൾ ആ സ്വപ്നലോകത്ത് നിന്നും ഞാൻ യാഥാർഥ്യത്തിലേക്ക് വന്നു.
വൺ ടു ത്രീ ഫോർ ഫൈവ്...
വൺ ടു ത്രീ ഫോർ ഫൈവ്...
ഈ മന്ത്രം നിരന്തരമായി കേൾക്കാൻ തുടങ്ങി. എന്തോ ഒരു പന്തികേട് എനിക്ക് തോന്നി. അടുത്ത് നിന്നിരുന്ന നേഴ്സിനെ വിളിച്ച് എന്ത് പറ്റി എന്ന് ചോദിച്ചു. ഒന്നുമില്ല എന്ന് അവൻ മറുപടി നൽകി.
പക്ഷെ എന്റെ മനസ്സ് അകാരണമായി ആധി പിടിച്ചു. എന്റെ മോൻ എന്താ കരയാത്തെ എന്ന് ചോദിച്ച് മുഴുവൻ ആക്കുമ്പോഴേക്കും വാക്കുകൾ വിട്ട് പോയിരുന്നു. അത് മനസ്സിലാക്കിയ ആ മെയിൽ നേഴ്സ് ഒന്നുമില്ല ചേച്ചി എന്ന് പറഞ്ഞ് എന്റെ നെറ്റിയിൽ കൈവച്ചു. ആ നിമിഷം ഒരാങ്ങളയുടെ സ്നേഹം എന്നെ തേടി വന്നപോലെ ആശ്വാസം തോന്നി എനിക്ക്.
മനസ്സ് ആശ്വസിച്ച പോലെ എന്റെ ശരീരം ആശ്വസിച്ചില്ല. കണ്ണുകൾ മനസ്സിന്റെ നിയന്ത്രണമില്ലാതെ പുറത്തേക്കൊഴുകി. മന്ത്രം പിന്നെയും കേട്ട് കൊണ്ടിരുന്നു. എന്റെ പൊന്നോമനയുടെ ശബ്ദം മാത്രം കേട്ടില്ല. കണ്ണുനീർ നിർത്താതെ ഒഴുകാൻ തുടങ്ങിയിരുന്നു. ഒടുവിൽ മനസ്സ് ശരീരത്തിനോട് യോജിച്ചു.
വല്ലാത്ത പേടി ബാധിച്ച പോലെ പിച്ചും പേയും പറഞ്ഞ് ഞാൻ എണ്ണിപെറുക്കി കരഞ്ഞു. ഒടുവിൽ അത് നിലവിളി പോലെ ആയി. അപ്പോഴേക്കും എന്നെ ആ ഓപ്പറേഷൻ തീയറ്ററിൽ നിന്നും മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു.
അവിടെ കിടന്നും എനിക്ക് ആശ്വസിക്കാനായില്ല. എന്റെ മോനെയും സുധിയെയും ഒന്ന് കാണാൻ ഞാൻ അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കാലുപിടിക്കും പോലെ അപേക്ഷിച്ചിട്ടുണ്ടായിരുന്നു അന്ന്.
എല്ലാവരും കരയരുത് എന്ന് മാത്രം എന്നോട് പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞ് മണിക്കൂറുകൾ ആവുന്നതെ ഉള്ളു... തുന്നൽ വിട്ടു പോകും എന്നൊക്കെ പറഞ്ഞ് പിന്നെയും ഭയപ്പെടുത്തി. പക്ഷെ എന്റെ കുഞ്ഞിനെക്കാൾ വലുതായി ആ നേരത്തെനിക്കൊന്നും ഇല്ലായിരുന്നു.
കരഞ്ഞ് തളർന്ന് തുടങ്ങിയ എനിക്ക് സെഡേഷൻ തന്ന് മയക്കാൻ അവർ ഒരു അവസാന പരിശ്രമം നടത്തി. അതിലും അവർ തോറ്റു പോയി. കണ്ണീരുണങ്ങാതെ ഞാൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
ഒടുവിൽ ഒരു നേഴ്സ് സംസാരിക്കുന്നത് ഞാൻ കേട്ടു, കുഞ്ഞ് മരിച്ചു പോയെന്ന് അവരെ അറിയിച്ചിട്ടില്ല എന്ന്. അതോടെ എന്റെ അത്ര നേരത്തെ ഭീതിക്ക് ഒരുത്തരം കിട്ടി. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. കണ്ണുനീർ മാത്രം പുറത്തേക്കൊഴുകി കൊണ്ടിരുന്നു.
സുധി ആ അവസ്ഥ എങ്ങനെ തരണം ചെയ്തു എന്നെനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ കൂടെ ഇല്ലാതെ ഒന്നും താങ്ങാൻ കഴിയാത്ത സുധിക്ക് ഇതൊരു പരീക്ഷണം തന്നെ ആയിരുന്നിരിക്കും.
അതിന് ശേഷം ഒന്നും പഴയ പോലെ നോർമൽ അല്ല. മാസങ്ങൾ കഴിഞ്ഞിട്ടും ആ അവസ്ഥയുടെ ഷോക്ക് വിട്ടുമാറുന്നില്ല. ഏകാന്തമായ അന്തരീക്ഷം വല്ലാത്ത മടുപ്പ് ഉണ്ടാക്കുന്നു. മിക്കപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ മനസ്സ് പ്രേരിപ്പിക്കുന്നു.
സുധിയാണ് ആകെ ഉള്ള ആശ്വാസം. ഇപ്പോൾ സുധിക്കും വല്ലായ്മകൾ തോന്നാൻ തുടങ്ങിയിരിക്കുന്നു. നിരാശ എന്നെപ്പോലെ സുധിയെയും തളർത്തി. ഇപ്പോൾ വഴക്ക് ഒരു സ്ഥിരം പല്ലവിയാണ്. പഴയ പോലെ ഒരു കുഞ്ഞിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. ഇപ്പോഴിതാ എല്ലാം അവസാനിച്ച പോലെ തോന്നുന്നു.
അത്രക്കും നിരാശയുടെ പടുകുഴിയിൽ ആണ് ഞാൻ. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാം. ഒരല്പം മുന്നോട്ട് ആഞ്ഞാൽ മതി. പിന്നെ ഞാനും എന്റെ മോന്റെ അടുത്തേക്ക് എത്തും. മതി. ഇനി ഈ ഭൂമിയിൽ വേണ്ട. എല്ലാം അവസാനിപ്പിക്കാം.
ഒരു നിമിഷം ഈശ്വരന്മാരെ മുഴുവൻ വിളിച്ചു. കൈകൾ വിട്ട് മുന്നോട്ട് അല്പം നീങ്ങാൻ തുടങ്ങി.
“യമുനാ....”
ഞെട്ടലോടെയാണ് ഞാൻ തിരിഞ്ഞ് നോക്കിയത്. വേച്ച് വീണുപോകുമോ എന്ന് ആ നിമിഷം ഭയപ്പെട്ടു. സുധിയാണ് വിളിച്ചത്. ഓടി വന്ന് കൈകൾ കൊണ്ട് കോരിയെടുത്ത് നിലത്തു നിർത്തി.
ആ നിമിഷം സുധിയുടെ നെഞ്ചിൽ ചേർന്ന് നിൽക്കുമ്പോൾ കണ്ണുകൾ പെയ്തുകൊണ്ടേ ഇരുന്നു.
“എന്തിനാ കരയുന്നെ...?”
ഒന്നും മിണ്ടാതെ ഞാൻ കരച്ചിൽ തുടർന്നു. ഒരല്പം വൈകിയിരുന്നെങ്കിൽ, പിടുത്തം വിട്ട് പോയിരുന്നെങ്കിൽ ഈ നിമിഷം എല്ലാം അവസാനിച്ചിട്ടുണ്ടായിരുന്നേനെ... സുധിയുടെ മുഖത്ത് നോക്കാൻ എനിക്ക് ധൈര്യം കിട്ടിയില്ല.
“എന്താ യമുനാ... ഞാൻ വന്നില്ലേ... കരച്ചിൽ നിർത്ത് മതി.”
സുധി എന്റെ മുഖം പിടിച്ചുയർത്തി. നെറ്റിയിൽ അമർത്തി ചുംബിച്ചു.
“ഇനി ദേഷ്യപ്പെടില്ല. സോറി... തിരക്കായിരുന്നു. അതാ... ക്ഷമിക്ക്...”
ഞാൻ ഒന്നും മിണ്ടാതെ വീണ്ടും ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. അപ്പോഴും എന്റെ മനസ്സ് ആ പിൻവിളിയിൽ ആയിരുന്നു. ആ വിളി ഒരു നിമിഷം വൈകിയിരുന്നെങ്കിൽ....
-ശാമിനി ഗിരീഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot