നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

House Driver - Part 17

Image may contain: 1 person, text

'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 17
സപ്തംബർ മാസം ശമ്പളം കിട്ടിയ ഉടനെ നാട്ടിലേക്ക് 13,000 രൂപ അയച്ചു 5000 രൂപ പെങ്ങൾക്ക് കല്യാണത്തിന് കൊടുക്കാൻ പറഞ്ഞു നാലാം തീയതി കല്യാണദിവസം നാട്ടിലേക്ക് വിശേഷങ്ങൾ അറിയാൻ വിളിച്ചു എങ്കിലും ശരിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല നാട്ടിലുള്ളവർക്ക് കല്യാണത്തിരക്കിൽ നെറ്റിൽ നിന്നും വിളിക്കുന്ന ഫ്രീ കോളുകൾ ഒന്നും വലിയ ശ്രദ്ധയുണ്ടാവില്ല ഇവിടെയുള്ളവർക്ക് ആണെങ്കിൽ വീട്ടിലെന്തെങ്കിലും വിശേഷങ്ങൾ നടക്കുമ്പോൾ അതു മുഴുവനും അറിഞ്ഞില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല കല്യാണം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് എന്റെ വീട്ടിൽവച്ച് സൽക്കാരവും കഴിഞ്ഞു 2 പെങ്ങന്മാരുടെ പെണ്മക്കളെ കെട്ടിച്ച ശേഷം നടന്ന സൽക്കാരങ്ങളും നടന്നത് എന്റെ വീട്ടിൽ വച്ചായിരുന്നു തറവാട്ടിൽ വെച്ചാണല്ലോ സൽക്കാരം നടത്തുന്ന മാമൂൽ
സൽക്കാരത്തിൽ കാട്ടിക്കൂട്ടിയ ആർഭാടങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു എന്നാണ് മലയാളികൾ പ്രത്യേകിച്ച് മുസ്‌ലിം സമുദായം ഈവക പൊങ്ങച്ചങ്ങൾ ഒക്കെ നിർത്താൻ പോകുന്നത് ചോറും ബിരിയാണിയും കബ്സയും ആടും കോഴിയും പോത്തും മീനും ഇതൊന്നും പോരാത്തതിനു് കോളിഫ്ലവറും കയ്പ്പക്കയും എന്നുവേണ്ട ആവശ്യത്തിനും അനാവശ്യത്തിനുമായി കിട്ടാവുന്ന എല്ലാത്തരം ഭക്ഷണവും പഴവർഗ്ഗങ്ങളും എല്ലാത്തിനും പുറമേ ഐസ് ക്രീമും കാവയും പിന്നെയും വേറെ എന്തൊക്കെയോ ആയി ആരോടോ പ്രതികാരം തീർക്കാനെന്ന മട്ടിൽ ആളുകൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഒന്നുപോലും വിടാതെ എന്റെ വീട്ടിലും അരങ്ങേറി ക്ഷണിക്കുന്ന ആളുകൾക്ക് തങ്ങളുടെ കഴിവിന്റെ പരിധിയിൽപ്പെട്ട മാന്യമായ ഭക്ഷണം കൊടുക്കുക എന്നതിൽ കവിഞ്ഞ് ഈ കാണിക്കുന്ന എല്ലാ തരം പൊങ്ങച്ചങ്ങളും ഞാൻ തീർത്തും എതിരാണ് സ്വന്തം നില മറന്ന് മലയാളികൾ പെരുമാറാൻ തുടങ്ങിയതുകൊണ്ടാണ് ജനിച്ച നാട്ടിൽ നിൽക്കാൻ കഴിയാതെ നാട്ടിലെ ചെറുപ്പക്കാർക്ക് അവരുടെ നല്ല പ്രായം മുഴുവൻ വിദേശത്തുപോയി മറ്റുള്ളവരുടെ അടിമവേല ചെയ്യേണ്ടി വരുന്നത്
ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ മേഖലയിലുമുള്ള കാര്യങ്ങൾക്ക് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും നിയമങ്ങളും അനുശാസിക്കുന്ന മുസ്ലിം സമുദായം ധൂർത്തിന്റെ കാര്യത്തിൽ മറ്റുള്ള സമുദായങ്ങളെ തോൽപ്പിച്ച് കളയുന്ന വസ്തുത വളരെ ഖേദത്തോടെ യല്ലാതെ കാണാൻ കഴിയില്ല ഒരുകാലത്ത് കേരളത്തിലെ മുസ്ലിം കുടുംബങ്ങളിൽ കല്യാണ പ്രായം എത്തിയ പെൺമക്കളുണ്ടെങ്കിൽ അവർക്ക് സ്ത്രീധനം കൊടുക്കേണ്ട ഭീമമായ സംഖ്യയെ കുറിച്ചായിരിക്കും വീട്ടുകാരുടെ ആതി . എന്നാലിന്ന് അക്കാര്യത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ചോദിക്കാതെ വരുന്നവർക്കും വാരിക്കോരി കടം വാങ്ങിയും ലോണെടുത്തും പണ്ടവും പണവും നൽകിയും കല്യാണം കഴിയുന്നതോടെ തുടങ്ങുന്ന മാമൂലുകൾ ആയ സൽക്കാരം , അടുക്കള കാണൽ ,പള്ള കാണൽ , പ്രസവത്തിന് കൂട്ടിക്കൊണ്ടു പോവൽ, പ്രസവം, കുട്ടിയുടെ 7,14, 21, 28 ,36 ,40 ,60, 90, 120 ,തുടങ്ങി വീടു കാഴ്ച ,വീടുമാറൽ എന്നുവേണ്ട തൊട്ടതിനും പിടിച്ചതിനുമൊക്കെ ആചാരങ്ങൾ ഉണ്ടാക്കി അവിടെയൊക്കെ 'മാനം നേടാൻ' പലവിധത്തിലുള്ള ചിലവുകൾ നടത്തിയും പെൺമക്കളുള്ള വീട്ടുകാർ തീരാ കടത്തിൽ അകപ്പെടുന്നു
ആവശ്യപ്പെട്ടതിനെക്കാൾ സ്വർണ്ണം മക്കൾക്ക് കൊടുത്തും ഈ ആചാരങ്ങൾ ഒക്കെ നടത്തിയും എന്റെ രണ്ട് പെങ്ങന്മാരുടെ ഭർത്താക്കന്മാരും കല്യാണം കഴിഞ്ഞതോടെ വലിയ കടത്തിൽ പ്പെട്ടിട്ടുണ്ട് എൻറെ മനസ്സിൽ തോന്നിയ കാര്യങ്ങൾ ഒന്നും ഭാര്യയോട് അല്ലാതെ മറ്റാരോടും ഞാൻ പറഞ്ഞില്ല 2 സൽക്കാരങ്ങൾക്കും എന്റെ വകയായി 5000 രൂപ വീതം അയച്ചു കൊടുത്തു ബാക്കി പണം ഉമ്മയും ഇതൊക്കെ നടത്തിയ പെങ്ങമ്മാരും തന്നെയാണ് ചിലവഴിച്ചത് മതത്തിൽ ഒരു അടിസ്ഥാനവുമില്ലാതെ അനാവശ്യമായ ആചാരങ്ങളോടും മാമൂലുകളോടും സ്വന്തം കഴിവിൽ കവിഞ്ഞുള്ള ആർഭാടങ്ങളോടും ഒക്കെയുള്ള എന്റെ എതിർപ്പ് എന്റെ വീട്ടിൽ പോലും ആരും മനസ്സിലാക്കാറില്ല സ്വന്തം ജീവിതത്തിൽ ഇതെല്ലാം ഒഴിവാക്കുക യല്ലാതെ എനിക്ക് വേറെ വഴികളില്ല ഭാര്യയുടെയും മറ്റും നിർബന്ധത്തിനു വഴങ്ങി ചില മാമൂലുകൾ ഒക്കെ എന്നിട്ടും എനിക്ക് പണ്ട് നടത്തേണ്ടി വന്നിട്ടുണ്ട്
അടുത്ത മാസം നാട്ടിൽ എന്റെ ഒരു ലക്ഷം രൂപയുടെ കുറി കിട്ടാൻ ഉള്ളതിൽ നിന്ന് അൻപതിനായിരം രൂപ പെങ്ങൾക്ക് കടമായി കൊടുക്കാമെന്നും ഞാനവളോട് പറഞ്ഞു ബാക്കിയുള്ള പണത്തിൽനിന്ന് ജേഷ്ഠന്റെ കടം വീട്ടണം അവനിൽ നിന്ന് പലപ്പോഴായി വാങ്ങിയ 45,000 രൂപ ഇനിയും കൊടുത്തിട്ടില്ല ഇപ്പോൾ നാട്ടില് അവന് വീട് പണി നടക്കുകയാണ്. കഫീലിന്റെയും ഭാര്യയുടെയും പിണക്കം പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ഒരു ദിവസം എനിക്ക് രാത്രി കഫീലിന്റെ ഉമ്മയും ആയിട്ട് ഒരു ചെറിയ ഓട്ടം പോകേണ്ടിവന്നു അന്ന് ആ ഉമ്മ എന്നോട് മനസ്സുതുറന്ന് ഒരുപാട് സംസാരിച്ചു പേരക്കുട്ടികളെ കാണാൻ പറ്റുന്നില്ല എന്റെ മോൻ ഇപ്പോൾ എന്നോട് സംസാരിക്കാറേ ഇല്ല എന്തെങ്കിലും സംസാരം വീട്ടിൽ ഉണ്ടായാൽ ഉടനെ അവൾ പെട്ടിയും എടുത്ത് അവളുടെ വീട്ടിലേക്ക് പോകും അവൾക്ക് ഉമ്മയും ഉപ്പയും ഒക്കെ ഉണ്ടല്ലോ എനിക്ക് പോകാൻ ഒരു ഇടമില്ലല്ലോ അവളെപ്പോലെ എനിക്ക് ഉമ്മയും ഉപ്പയും ഒന്നും ജീവിച്ചിരിപ്പില്ലല്ലോ ഇതിനു മുൻപും പലതവണ അവൾ പിണങ്ങി പോയി മാസങ്ങളോളം അവളുടെ വീട്ടിൽ നിന്നിട്ടുണ്ടെത്രേ
മാത്രമല്ല അന്ന് ആ ഉമ്മയുടെ വാക്കുകളിൽ നിന്നാണ് ഞാൻ മറ്റൊരു കാര്യം മനസ്സിലാക്കിയത് ഞാൻ ഓടിക്കുന്ന ചെറിയ വണ്ടി കഫീൽ കല്യാണത്തിനു മുൻപ് ഉമ്മയുടെ കാശ് കൊണ്ട് വാങ്ങിയതാണെത്രേ ഇപ്പോൾ എനിക്ക് എവിടെയെങ്കിലും പോവാൻ അവൾ വണ്ടി വിട്ടു തരാത്ത അവസ്ഥയായി എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ സങ്കടംതോന്നി മാഡത്തിനോടുള്ള വെറുപ്പു കൂടുകയും ചെയ്തു ഓട്ടം കഴിഞ്ഞ് തിരിച്ചു പോരുന്ന വഴിക്ക് അവർക്ക് മൊബൈൽ കാർഡ് വാങ്ങാൻ പത്തു റിയാൽ തന്നു കൂട്ടത്തിൽ നിനക്കും 10 റിയാലിന്റെ കാർഡു വാങ്ങിക്കോയെന്നും പറഞ്ഞു എനിക്കും തന്നു പത്ത് റിയാൽ. പറഞ്ഞ കാര്യങ്ങളൊന്നും ആരോടും പറയരുതെന്നും എനിക്കൊന്നും മിണ്ടാൻ പാടില്ല മിണ്ടിയാൽ അവർ പ്രശ്നമുണ്ടാക്കും അവളുടെ വീട്ടുകാർ ഭയങ്കരന്മാരാണെന്നും പറഞ്ഞു ആ ഉമ്മ ഇറങ്ങിപ്പോയി അവരു പോകുന്നതും നോക്കി ഞാൻ അൽപനേരം അവിടെ തന്നെ നിന്നു മാതാവിന്റെ കാൽച്ചുവട്ടിലെ സ്വർഗ്ഗം നേടാൻ എന്റെ കഫീലിന് അല്പം കഷ്ടപ്പെടേണ്ടി വരുമെന്ന് എനിക്ക് തോന്നി
ദിവസങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ വലിയ പെരുന്നാളും വന്നെത്തി അപ്പോഴേക്കും കഫീലും ഭാര്യയും തമ്മിൽ പിണക്കം ഏകദേശം അവസാനിച്ചിരുന്നു അവൾ തിരിച്ചു വന്നില്ലെങ്കിലും അവൻ അവളുടെ വീട്ടിൽ പോയി അവളെയും എടുത്തു പുറത്തു പോവുകയും തിരിച്ചു അവിടെ തന്നെ കൊണ്ടാക്കുകയും ചെയ്യും വഴക്കു തീർന്നുകൊണ്ടിരിക്കെ വലിയ സ്നേഹ പ്രകടനം ആയിരുന്നു അവൻ അമ്മായിഅമ്മയെ വിളിക്കുന്നു ക്ഷേമം അന്വേഷിക്കുന്നു അമ്മായിയമ്മ മരുമകനു വേണ്ടി പ്രാർത്തിക്കുന്നു വീട്ടിലേക്ക് ക്ഷണിക്കുന്നു അങ്ങനെ പലതും എനിക്ക് ദേഷ്യം വന്നു നാണവും മാനവും ഇല്ലാത്തവർ ഇത്രയേ ഉള്ളൂ ഇവരുടെ പിണക്കം ഒരു വർഷമെങ്കിലും നീണ്ടു നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു ചുരുങ്ങിയത് ആറുമാസമെങ്കിലും ഒന്നും നടന്നില്ല ഒന്നോ രണ്ടോ മാസം മാത്രം പിണങ്ങി നിൽക്കാൻ ഇവർക്ക് നാണമില്ലേ പെരുന്നാളിന് കഫീൽ അവന്റെ വണ്ടിയും കൊണ്ട് ഭാര്യയെയും അവളുടെ വീട്ടുകാരെയും കൂട്ടി മദീനയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് സ്വന്തം ഉമ്മയെ കൂടെ കൂട്ടിയിട്ടില്ല എന്നെ കണ്ടപ്പോൾ കഫീലും ഭാര്യയും എവിടേക്കാണ് പോകുന്നത് എന്ന് അവന്റെ ഉമ്മ അന്വേഷിച്ചു എനിക്കറിയില്ല ഉമ്മാ എന്നോട് ആരും ഒന്നും പറഞ്ഞില്ല എന്ന് ഞാൻ പറഞ്ഞു
പെരുന്നാൾ ദിവസം രാവിലെ കുളിയും മറ്റും കഴിഞ്ഞു പള്ളിയിലേക്ക് പോയി നിസ്കാരം കഴിഞ്ഞ് എല്ലാവരും പരസ്പരം ആലിംഗനം ചെയ്യുകയും പെരുന്നാൾ ആശംസകൾ പരസ്പരം കൈമാറുകയും ചെയ്യുന്ന ഒരു പതിവുണ്ട് ഇവിടെ അറേബ്യൻ വംശജർ ആ കാര്യത്തിലൊക്കെ വലിയ ശ്രദ്ധ ഉള്ളവരാണ് മറ്റു വിദേശികൾ കൂടുതലും അതിലൊന്നും വലിയ താൽപര്യം കാണിക്കാറില്ല പ്രത്യേകിച്ച് മലയാളികൾ അവർക്ക് അതൊക്കെ മടിയുള്ള കാര്യമാണ് എന്റെ സ്വഭാവം നേരെ വിപരീതമാണ് എവിടെ ചെന്നാലും എനിക്ക് ഏറ്റവും കൂടുതൽ പരിചയക്കാർ ഉള്ളത് സൗദികളും യമനികൾ ഉം ആഫ്രിക്കൻ രാജ്യക്കാരും ആയിരിക്കും ഓരോ നാട്ടുകാരെയും ഞാൻ എന്നെക്കൊണ്ട് കഴിയുന്ന രൂപത്തിൽ മനസ്സിലാക്കുവാനും അറിയുവാനും ശ്രമിച്ചു വസ്ത്രധാരണത്തിലും സ്വഭാവത്തിലും എല്ലാം എല്ലാവരിലും ഉണ്ടാകും ചെറിയ ചെറിയ വ്യത്യാസങ്ങൾ പാന്റും ഷർട്ടും എല്ലാവരും സാധാരണയായി ധരിക്കും എങ്കിലും ഇവിടെ കുറച്ചുകാലത്തെ പരിചയം ഉള്ളവർക്ക് ഒരാളെ കണ്ടാൽ തന്നെ അയാൾ ഏത് രാജ്യക്കാരൻ ആണെന്ന് മനസ്സിലാക്കാൻ കഴിയും
വെള്ള തോപ്പും തലയിൽ വെള്ളയും ചുവപ്പും ഇടകലർന്ന തട്ടവും കറുത്ത വട്ടുമാണ് സൗദികളുടെ പരമ്പരാഗത വേഷം സ്നേഹിച്ചാൽ നക്കിക്കൊല്ലും ഇല്ലെങ്കിൽ നെക്കിക്കൊള്ളും എന്ന് വേണമെങ്കിൽ അവരുടെ സ്വഭാവത്തെ കുറിച്ച് പറയാം ജോലിക്കാരോട് വളരെ മൃഗീയമായി ട്ട് പെരുമാറുന്നവരും എന്നാൽ കൂടപ്പിറപ്പുകളെകാൾ സ്നേഹത്തോടെ പെരുമാറുന്ന വരും സൗദികളുടെ കൂട്ടത്തിൽ ഉണ്ട് ഏതുകാര്യത്തിലും പെട്ടെന്ന് ദേഷ്യം പിടിക്കുന്ന അവർ മറ്റുള്ളവർ അല്പം താഴ്ന്നു കൊടുക്കുകയോ ക്ഷമ പറയുകയോ ചെയ്താൽ അതിനേക്കാൾ പെട്ടെന്ന് എല്ലാം മറക്കുന്നു വാശി പിടിച്ചാൽ പിന്നെ എന്തും ചെയ്യാനും എത്ര നഷ്ടം സഹിക്കാനും തയ്യാറാകുന്നവരാണ് അധികം സൗദികളും
തോപ്പ് തന്നെയാണ് വേഷം എങ്കിലും യമനികൾ സൗദികളെ പോലെ തട്ടവും വട്ടും ഒന്നും വെക്കാറില്ല മാത്രമല്ല മലയാളികളെപ്പോലെ മുണ്ടും ബനിയനും ആണ് യെമനി കളുടെ വീട്ടിലെ വേഷം മുണ്ടെന്നു പറഞ്ഞാൽ മുട്ടിന് അല്പം താഴെ ഇറക്കമുള്ള കട്ടിയുള്ള പുതപ്പ് പോലെ ഉള്ള ഒരു വസ്ത്രം വൃത്തിയുടെ കാര്യത്തിൽ ഒഴിച്ചാൽ മലയാളികളുമായി ഏറ്റവും കൂടുതൽ സാമ്യം ഉള്ളവരാണ് യമനികൾ
ഈജിപ്ഷൻ വംശജർ അഥവാ മിസിരികൾ തോപ്പ് ധരിക്കാറുണ്ട് എങ്കിലും ജീൻസിനും ടീ ഷർട്ടിനും ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത് വെളുത്തു വെളുത്തു ചുവന്ന ശരീരമുള്ള നിറം ഉള്ളവരാണ് അവർ വെയിലു കൊള്ളുകയോ അമർത്തി പിടിക്കുകയോ ചെയ്താൽ അവരുടെ ശരീരം ചുവന്ന രക്തം ഉറ്റി നിൽക്കുന്നത് പോലെയാകുന്നു കേരളത്തിലെ സ്ത്രീകൾ കഴിഞ്ഞാൽ പിന്നെ ലോകത്ത് ഏറ്റവും കൂടുതൽ സൗന്ദര്യമുള്ള സ്ത്രീകൾ മിസ്റിൽ ആണത്രേ (?)
എത്യോപ്പിയ സുഡാൻ നൈജീരിയ ഘാന സോമാലിയ തുടങ്ങിയ ചെറുതും വലുതുമായ ഒരുപാട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ പൊതുവെ ഒരെ സ്വഭാവക്കാരും ഒരെ വസ്ത്ര രീതി ഉള്ളവരും ആണ് കൂടുതലും പാന്റും ഷർട്ടും ധരിക്കുന്നവരാണ് എങ്കിലും പ്രായമായവരും മറ്റും തോപ്പ് ധരിക്കുന്നവരാണ് അവരുടെ തോപ്പ് കണ്ടാൽ നമുക്ക് ചിരി വരും നമ്മുടെ നാട്ടിൽ എട്ട് ഒമ്പത് വയസ്സുള്ള പെൺകുട്ടി സ്വന്തം ഉമ്മയുടെ മാക്സി എടുത്ത് ഇട്ടാൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അവരുടെ തോപ്പിന്റെ കോലവും രണ്ടും മൂന്നും ആളുകൾക്ക് കേറാവുന്ന വീതി കയ്യിന്റെ അകത്തു തന്നെ ഒരാൾക്ക് സുഖമായി കയറിപ്പോകാം മാത്രമല്ല എല്ലാ നിറത്തിലും കള്ളിയിലും പുള്ളിയിലും ഒക്കെ തോപ്പ് തൈപ്പിക്കുന്നവരാണ് ആഫ്രിക്കൻസ് കറുപ്പൻമാർ എന്ന് നമ്മൾ മലയാളികൾ പറയാറുള്ള അവരിൽ തന്നെയുണ്ട് കറുപ്പ് കൂടിയവരും കുറഞ്ഞവരും അവരിലെ ഇരു നിറക്കാർ ആയിരിക്കാം കൂട്ടത്തിലെ വെളുപ്പുള്ളവർ ശരീരത്തിന്റെ നിറം കറുത്തിട്ടാണ് എങ്കിലും മനസ്സു വെളുത്ത വരാണ് കൂടുതൽ പേരും ആര് എന്തു സഹായം ചോദിച്ചാലും ചെയ്തു കൊടുക്കുന്നവർ ജീവൻ കളഞ്ഞും സ്വന്തം സുഹൃത്തുക്കളെ സ്നേഹിക്കുന്നവർ
ഒരിക്കൽ മക്കത്ത് ചെന്നപ്പോൾ കഅബയിൽ 'ഹജറുൽ അസവദ്' ചുംബിക്കാൻ ചെന്ന് ഞാൻ വലിയ തിരക്കിൽ പെട്ടു തിരക്ക് എന്നു പറഞ്ഞാൽ ശ്വാസംമുട്ടി മരിച്ചു പോകുമോ എന്നുവരെ തോന്നിപ്പോകും ഏകദേശം അടുത്തെത്തിയ എന്നെ എന്റെ വെപ്രാളം കണ്ടിട്ടാവണം പിറകിൽ വന്നിരുന്ന ഒരു ആഫ്രിക്കൻ ചെറുപ്പക്കാരൻ തള്ളിത്തള്ളി കല്ലിന് അടുത്തേക്ക് എത്തിച്ചു എന്നിട്ട് അവസരം നോക്കി എന്റെ തലയിൽ പിടിച്ചു തള്ളി കല്ലിലേക്ക് ചുംബിക്കാൻ പാകത്തിന് എന്നെ എത്തിച്ചു ഒന്നുരണ്ടു തവണ ചുംബിച്ച് ഞാൻ തിരക്കിൽ ഓളിയിട്ടു ഒരുവിധത്തിൽ പുറത്തെത്താൻ ശ്രമിക്കുമ്പോൾ എന്റെ ചുമലിൽ ചുറ്റിയ ഉംറ തുണിയുടെ ഒരറ്റം മാത്രമുണ്ട് എന്റെ കൈയ്യിൽ ബാക്കി ഭാഗം തിരക്കിൽ ആരുടെയൊക്കെയോ മേലിൽ ചുറ്റിയിട്ടുണ്ട് അല്പം പുറത്തു കടന്ന ഞാൻ കയ്യിൽ കിട്ടിയ ഒരു തലയിൽ പിടിച്ച് ആഞ്ഞുവലിച്ചു ഉംറ തുണിയുടെ കൂടെ എന്നെ സഹായിച്ച ചെറുപ്പക്കാരനെയും ഞാൻ വലിച്ചു പുറത്തേക്കിട്ടു
പാവം അയാൾ കിട്ടിയ അവസരം എനിക്കു തന്ന് അടുത്തു തന്നെ തന്റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു അയാളെയാണ് ഞാൻ വലിച്ചു പുറത്തേക്കു കൊണ്ടുവന്നത് ഇനി അവിടേക്കെത്താൻ അരമണിക്കൂറെങ്കിലും തിരക്കിൽ അംഘം വെട്ടണം ക്ഷമ പറയാനും അയാളെ തിരിച്ചു സഹായിക്കാനും അവസരം നൽകാതെ ഒഴുകിവന്ന തിരക്കിൽ ഞങ്ങൾ അലിഞ്ഞു ചേർന്നു ജീവിതത്തിൽ ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത സുഹൃത്തേ എന്നോടു ക്ഷമിക്കുക എന്റെ പ്രാർത്ഥനകളിൽ താങ്കളെയും താങ്കളുടെ കുടുംബത്തെയും ഞാനെന്നും ഉൾപ്പെടുത്താം പിറന്നുവീണ നാട്ടിലെ പട്ടിണിയും പൊതുസമൂഹത്തിലെ വംശീയ അവഗണനയും ആകണം ആഫ്രിക്കക്കാരിൽ ഒരു വിഭാഗം ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ട് അക്രമവും കൊള്ളയും ആയി നടക്കുന്നവരാണ് എന്തിനെയും പേടിയില്ലാത്തവർ അടിച്ചാൽ തിരിച്ചടിക്കും അവർ അത് പോലീസായാലും പട്ടാളം ആയാലും അവർക്ക് ഒരു പോലെയാണ് എതിരാളികൾ എണ്ണത്തിൽ കൂടുതൽ ആണെന്നോ ആയുധധാരികൾ ആണെന്നോ അവർ നോക്കാറില്ല ശരീരം വേദനിച്ചാൽ അവർ പ്രതികരിക്കും
സൗദിയിലും കളവും കൊള്ളയും ആയി നടക്കുന്ന ഇവർ കുറവല്ല ആദ്യ കാലങ്ങളിലൊക്കെ അതുപോലെ ഉള്ളവരുള്ള തെരുവിലൂടെ ഒറ്റക്ക് നടന്നു പോകാൻ തന്നെ പേടിയായിരുന്നു ഇക്കാമ യും മൊബൈലും പണവും എല്ലാം പിടിച്ചുവാങ്ങി പാവങ്ങളെ തല്ലിച്ചതച്ചു പറഞ്ഞയക്കും പ്രതികരിക്കാൻ നിൽക്കുന്നവർക്ക് ജീവൻ വരെ നഷ്ടപ്പെട്ട അനുഭവമുണ്ട് ആധുനിക മാരകായുധങ്ങൾ കൈയിൽ വെക്കുന്നവരും എന്തും ചെയ്യാൻ മടിക്കാത്ത വരും ആയതുകൊണ്ട് ഒന്നോ രണ്ടോ പോലീസുകാർ മാത്രമാണ് അക്രമം കണ്ടതെങ്കിൽ അവർപോലും ഇവരോട് അടുക്കാൻ മടിക്കാറാണ് പതിവ് നിയമവും ശിക്ഷയും കഠിനം ആയതുകൊണ്ടും ചെക്കിങ്ങും മറ്റും കൂടിയതു കൊണ്ടും ഇപ്പോൾ ഇതുപോലുള്ള അക്രമങ്ങൾ ഒരുപാട് കുറഞ്ഞിട്ടുണ്ട്
അടുത്ത വിഭാഗം പാക്കിസ്ഥാനികളാണ് കമ്മീസും പൈജാമയുമാണ് ഏറെക്കുറെ എല്ലാ പാകിസ്ഥാനികളുടെ യും വേഷം കഠിനമായ ജോലി ചെയ്യാൻ കഴിവുള്ള ആറടി പൊക്കവും അതിനൊത്ത ശരീരവുമുള്ളവർ ആണവർ ശക്തമായ വെയിലിൽ നിന്നും കെട്ടിട നിർമ്മാണ ജോലികളും റോഡ്സൈഡിലെ കട്ടകൾ പതിക്കുന്ന ജോലികളും ഒക്കെയാണ് അവരിൽ കൂടുതൽ പേരും ചെയ്യുന്നത് ഭാരം കൂടിയ എസി, ഫ്രിഡ്ജ്, അലമാര തുടങ്ങിയ വീട്ടുപകരണങ്ങൾ കെട്ടിടത്തിന്റെ മുകൾ നിലയിലേക്കുള്ള ഫ്ലാറ്റിലേക്ക് ലിഫ്റ്റ് ഉപയോഗിക്കാതെ കോണിപ്പടിയിലൂടെ എത്തിക്കാൻ പാകിസ്താനി കൾക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ് സ്വഭാവത്തിന്റെ കാര്യത്തിൽ ആഫ്രിക്കക്കാരോട് സാമ്യമുള്ള ആർക്കും കുറഞ്ഞു കൊടുക്കാത്ത പ്രകൃതക്കാരാണ് അവർ
ശരീരത്തോട് ഇഴുകിച്ചേർന്നു നിൽക്കുന്ന പാന്റും ടീഷർട്ടും ധരിക്കുന്നവരാണ് ബംഗ്ലാദേശികൾ എന്ന ബംഗാളികൾ കാഴ്ചയിൽ ഇന്ത്യക്കാരോട് സാമ്യമുള്ളവർ ഏതു തരം താഴ്ന്ന ജോലിയും ചെയ്യാൻ മടിയില്ലാത്തവൻ സൗദിയിലെ റോഡ് അടിച്ചുവാരൽ വേസ്റ്റ് പെട്ടികളിൽ ഉള്ള വേസ്റ്റ് വണ്ടിയിൽ കൊണ്ടുപോകൽ കെട്ടിടങ്ങളിലും പരിസരങ്ങളിലും അടിക്കുകയും തുടക്കുകയും ചെയ്യുക തുടങ്ങി ക്ലീനിംഗ് ജോലി ഏകദേശം മുഴുവനായും ചെയ്യുന്നത് ബംഗാളികളാണ് കൂട്ടത്തിൽ അപൂർവമായി ഉത്തരേന്ത്യക്കാരെ യും കാണാം ബന്ധത്തിനും സ്നേഹത്തിനും ഒരു വിലയും കൽപ്പിക്കാതെ പണം എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി എന്തുതറവേലകളും ചെയ്യുന്നവരാണ് അധികവും ഇടപഴകുന്ന വരോട് ഒക്കെ പെട്ടെന്നു ദേഷ്യം പിടിക്കുകയും അടിപിടി യിലേക്ക് എത്തുകയും ചെയ്യുന്നവരാണ് അധികവും തങ്ങളുടെ വെസ്റ്റ് പൊറുക്കാൻ അവരെ ആവശ്യമാണെങ്കിലും സൗദികൾക്ക് അധികം പേർക്കും ബംഗാളികളോട് ദേശ്യമാണ്
പലപ്രാവശ്യം ബംഗ്ലാദേശിലെകുള്ള വിസകൾ സൗദി ഗവൺമെൻറ് നിർത്തലാക്കിയിരുന്നു അതിനുതക്ക പല കാരണങ്ങളും അവരിൽനിന്നു തന്നെ ഉണ്ടായിട്ടുണ്ട് ഒരിക്കൽ ഒരു സൗദി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു അത് മൊബൈൽ ക്യാമറയിൽ പകർത്തിയതിന് 4 ബംഗാളികൾ പോലീസിന്റെ പിടിയിലായി അവരെ പിന്നീട് ജനമധ്യത്തിൽ റോഡിലെ സിഗ്നലിൽ വച്ച് തൂക്കിക്കൊല്ലുകയാണ് ഉണ്ടായത് പിന്നീടൊരിക്കൽ മക്കത്ത് ബംഗാളികൾ സംസം വെള്ളമെന്ന പേരിൽ കുടി വെള്ളം നിറച്ചു ഹാജിമാരെ പറ്റിച്ചിരുന്ന ഒരു വലിയ കമ്പനി തന്നെ പോലീസ് പിടിച്ചു വർഷങ്ങളായി ഹജ്ജിനും ഉംറക്കും വരുന്ന പാവങ്ങളിൽ നിന്നും പണം വാങ്ങി സംസം വെള്ളമെന്ന വ്യാജേന ഇവർ കൊടുത്തിരുന്നത് വെറും കുടിവെള്ളം ആയിരുന്നു ഇതിനു വേണ്ടി മാത്രം ഒരു വലിയ കമ്പനി തന്നെ പ്രവർത്തിച്ചു വരികയായിരുന്നു ബംഗാളികൾ താമസിക്കുന്നതിന്റെ അടുത്തുപോലും മറ്റുള്ളവർ താമസിക്കാൻ ഇഷ്ടപ്പെടില്ല വൃത്തി എന്നത് അവർക്ക് അന്യമാണ് മാത്രമല്ല കുടുംബക്കാരാണ് എങ്കിലും സുഹൃത്തുക്കളാണെങ്കിലും ബംഗാളികൾക്ക് ഓരോരുത്തർക്കും ഓരോ അടുപ്പം പാത്രവും ഉണ്ടായിരിക്കും മറ്റൊരാളോടൊപ്പം സഹകരിച്ചു ഭക്ഷണം പാചകം ചെയ്യുകയോ കഴിക്കുകയോ ഇല്ല അവർ പരസ്പരം സഹായിക്കുന്ന ഏകകാര്യം അടിപിടിയിൽ മാത്രമാണ് ആരെങ്കിലും ഒരു ബങ്കാളിയെ തല്ലിയാൽ ചെന്നായ്കൂട്ടങ്ങളെ പോലെ ഒരുമിച്ച് അക്രമിക്കുന്നവരാണ് അവർ ഈ കാര്യത്തിലുള്ള അവരുടെ ഒരുമ സൗദികൾ പോലും പലപ്പോഴും അനുഭവിച്ചിട്ടുണ്ട് ഇക്കാര്യത്തിൽ മലയാളികൾക്കാണ് യാതൊരു ഒരുമയുമില്ലാത്തത്
കാഴ്ചയിൽ സാമ്യമുള്ളവയാണ് ഇൻഡോനേഷ്യക്കാരും ഫിലിപ്പീനി കളും ഉയരം കുറഞ്ഞ വെളുത്ത മൂക്ക് അല്പം ചപ്പിയ നേപ്പാളികളുടെ പോലെയാണ് അവരുടെ രൂപം ഇന്തോനേഷ്യ ഒരു ദരിദ്ര മുസ്‌ലിം രാഷ്ട്രമാണ് അവിടെ നിന്നുള്ള പുരുഷന്മാരേക്കാൾ അധികവും സ്ത്രീകളാണ് സൗദിയിലുള്ളത് മുക്കാൽ പങ്കും വീട്ടുജോലിക്കാർ ഡ്രൈവർ ജോലിയും ഓഫീസ് ജോലിയും ചെയ്യുന്ന പുരുഷന്മാരും കാണാം പൊതുവേ ക്ഷമാശീലരും സമാധാനപ്രിയരും ആണവർ മലയാളികളെപ്പോലെ പാന്റും ഷർട്ടും ഇടക്ക് മുണ്ടും ഒക്കെ ആണ് വേഷം
ഫിലിപ്പീൻസിൽ നിന്നുള്ള മുസ്ലീങ്ങളേക്കാൾ കൂടുതൽ അമുസ്ലിങ്ങൾ ആണ് ഇവിടെ അനായാസം ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്നത് കൊണ്ട് അവർക്ക് സൗദിയിൽ നല്ല ജോലിയും ശമ്പളവും ഒക്കെയാണ് പക്ഷേ കിട്ടുന്ന പണം മുഴുവൻ ധൂർത്തടിക്കുന്ന ശീലക്കാരാണ് അധികവും വിദേശികളുടെ എംബസികളുടെ കൂട്ടത്തിൽ ഫിലിപ്പീൻസ് എംബസിയാണ് ഏറ്റവും പവറുള്ള എംബസി തങ്ങളുടെ പൗരന്മാർ നേരിടുന്ന ഏതു തരം പ്രശ്നങ്ങളിലും ഇടപെടാൻ അവർ കാണിക്കുന്ന ഉത്സാഹവും ആത്മാർത്ഥതയും പ്രശംസനീയവും മറ്റു എംബസികൾക്ക് മാതൃകയുമാണ് പാന്റും ഷർട്ടും തന്നെയാണ് ഫിലിപ്പീൻസിന്റെ യും വേഷം കൂട്ടത്തിൽ തൊപ്പിയും കൂളിംഗ് ഗ്ലാസും മൊബൈലും ഇയർഫോണും ഒക്കെയായി അടിപൊളിക്കാരാണവർ തല മറക്കാത്ത കളർ ചെയ്ത കുഴഞ്ഞ മുടി ഉള്ളവരാണ് അവരിലെ സ്ത്രീകൾ
ഇന്ത്യക്കാരിൽ മലയാളികളെ കൂടാതെ സൗദിയിലുള്ളത് കൂടുതലും ഉത്തരേന്ത്യക്കാരാണ് ബംഗാളിൽനിന്നുള്ള ബംഗാളികൾ ബീഹാറികൾ ഉത്തർപ്രദേശുകാരൻ അങ്ങനെ പലരും തമിഴ്നാട്ടിൽനിന്നുള്ള വരും കർണാടക ക്കാരും വളരെ അപൂർവ്വമാണ് ഇടുങ്ങിയ പാന്റും ഷർട്ടും ധരിക്കുന്ന ഉത്തരേന്ത്യക്കാർ വേഷത്തിലും മറ്റും ബംഗ്ലാദേശികളുടെ സാമ്യം ഉള്ളവരാണെങ്കിലും അവരെപ്പോലെ പ്രശ്നക്കാരല്ല
അടുത്ത വിഭാഗം നമ്മൾ മലയാളികൾ ആണ് മലയാളികളുടെ വിശേഷണങ്ങൾ ധാരാളമാണ് വൃത്തിയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനക്കാർ ദിവസവും രണ്ടു നേരം കുളിക്കുന്നവർ ചെയ്യുന്ന ജോലിയോടും മുതലാളിമാരോടും ആത്മാർത്ഥതയുള്ളവർ ഏതു സാഹചര്യത്തിലും പിടിച്ചു നിൽക്കുന്നവർ എന്ത് പ്രശ്നങ്ങളും തരണം ചെയ്യാൻ മാത്രം ക്ഷമയുള്ളവൻ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഉയരങ്ങൾ കീഴടക്കുന്നവർ ലോകത്തിന്റെ ഏതുകോണിലും സാന്നിധ്യമറിയിക്കുന്നവർ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾ ഉള്ളവരാണ് നമ്മൾ മലയാളികൾ സൗദികൾ കൂടുതൽ പേരും ഹൗസ് ഡ്രൈവർമാരായി തിരയുന്നത് ഇന്ത്യക്കാരെയാണ് അതുതന്നെ കേരള ആവണം എന്ന് അവർക്ക് നിർബ്ബന്ധമാണ് അതിനു കാരണം മലയാളികളുടെ കുളിയും വൃത്തിയുള്ള അലക്കിത്തേച്ച വസ്ത്രധാരണവും തന്നെയാണ്
ഇന്ത്യക്കാരാണെന്ന് പറഞ്ഞാലുടനെ ആരും കേരളയാണോ എന്നു ചോദിക്കും സൗദികൾക്കും മറ്റു വിദേശികൾക്കും മലയാളികളോടുള്ള സ്നേഹവും ബഹുമാനവും ഒന്നു വേറെ തന്നെയാണ് മുണ്ടും ഷർട്ടുമാണ് നമ്മുടെ കേരളീയ വേഷം എങ്കിലും ഇവിടെ എല്ലാവരും പാന്റും ഷർട്ടും ആണ് സാധാരണയായി ധരിക്കാറ് ആദ്യകാലങ്ങളിൽ മുണ്ട് ഉടുത്ത് നടന്നാൽ സൗദിയിലെ വികൃതിപ്പിള്ളേർ അതഴിച്ചു ഓടുമായിരുന്നു അങ്ങനെ പലരും അനുഭവംകൊണ്ട് മുണ്ട് ഉടുക്കൽ ഒഴിവാക്കിയതാണ് ഇപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഇല്ലാത്തതു കൊണ്ടാവണം ചിലർ ഇടയ്ക്ക് പള്ളിയിൽ പോകുമ്പോഴും മറ്റും വെള്ള ഷർട്ടും മുണ്ടും ധരിക്കാറുണ്ട് അപൂർവ്വം ചിലർ എന്നെ പോലെ വെള്ളിയാഴ്ച യിലും മറ്റും തോപ്പ് ധരിക്കുന്നു
എല്ലാത്തരം ജോലികളിലും മലയാളികൾ ഉണ്ടെങ്കിലും കൂടുതൽ പേരും സാധാരണ ജോലിക്കാരാണ് കമ്പനി ജോലിക്കാർ, ബകാല ( സ്റ്റേഷനറി കട )ബൂഫിയ (ലഘു ഭക്ഷണ ശാല) നടത്തുന്നവർ കടകളിലെ ജീവനക്കാർ ഡ്രൈവർമാർ അങ്ങനെ ചെറുകിട ജോലിക്കാരാണ് അധികവും ബകാലയിലും ബൂഫിയയിലും സൗദി ചെക്കന്മാരോ മറ്റു അറബ് ആഫ്രിക്കൻ വംശജരോ സാധനങ്ങൾ വാങ്ങി പണം കൊടുക്കാതെ കടക്കാരനെ ചീത്തയും പറഞ്ഞു ഇറങ്ങിപ്പോകുന്നത് യാതൊരു പ്രതികരണവും ഇല്ലാതെ നോക്കി നിൽക്കാനുള്ള ക്ഷമയുള്ള വരാണ് മലയാളികൾ നമ്മുടെ ക്ഷമയും ഭീരുത്വവും അക്രമികൾ ശരിക്കും മുതലെടുക്കുന്നുമുണ്ട് കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പരസ്പരം പാര വെക്കുന്ന കാര്യത്തിൽ മലയാളികളെ തോൽപിക്കാൻ മറ്റാർക്കും കഴിയില്ല മുക്കാൽ പങ്കും നല്ലവരാണെങ്കിലും മലയാളികളാൽ വഞ്ചിക്കപ്പെട്ടവരും കുറവല്ല ആത്മാർത്ഥത ഭാവിച്ച് അടുപ്പം കാണിച്ച് പറ്റിച്ചു കടന്നുകളയുന്ന വരും മലയാളികളുടെ കൂട്ടത്തിലുണ്ട്
എല്ലാ രാജ്യക്കാരെയും ആളുകൾ മനസ്സിലാക്കുന്നത് ഭൂരിപക്ഷത്തിന്റെ സ്വഭാവം നോക്കിയാണ് അതുകൊണ്ടാണ് പൊതുവേ ബംഗാളികൾക്ക് ആളുകളുടെ ഇടയിൽ അല്പം ചീത്ത പേരുള്ളതും മലയാളിയാണ് എന്നറിയുമ്പോൾ നമ്മളോട് ആളുകൾ സ്നേഹം കാണിക്കുന്നതും റൂമിന്റെ അടുത്തുള്ള പള്ളിയിൽ കൂടുതലായും വന്നിരുന്നത് യമനികൾ ആയിരുന്നു കൂട്ടത്തിൽ ആഫ്രിക്കക്കാരും ഇന്ത്യക്കാരും എല്ലാം ഉണ്ടാവാറുണ്ടായിരുന്നു പെരുന്നാൾ ദിവസം പ്രഭാത നമസ്കാരം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്തു പെരുന്നാൾ ആശംസകൾ പരസ്പരം കൈമാറി ആലിംഗനം ചെയ്തു രാജ്യങ്ങളുടെ അതിർത്തിക്കപ്പുറം സ്നേഹത്തിന്റെ തീരത്ത് എല്ലാവരും ഒന്നാണെന്നും ഇതുപോലെയുള്ള ആഘോഷവേളകൾ അതിന് ഉള്ളതാണെന്നും ഓർമിപ്പിക്കുന്നതായിരുന്നു പള്ളിയിലെ അനുഭവങ്ങൾ
പള്ളിയിൽനിന്ന് തിരിച്ചു റൂമിലേക്ക് വന്നു റൂമിലുള്ളവർ എണീറ്റ് കുളിക്കുകയും വസ്ത്രം ഇസ്തിരിയിടുക യും ഒക്കെ ചെയ്യുന്ന തിരക്കിലാണ് പള്ളിയിൽ പോകുന്നതിന് മുൻപ് എന്റെ കുളിയും വസ്ത്രം മാറൽ ഉം എല്ലാം കഴിഞ്ഞിരുന്നു ഇന്നലെ അർദ്ധരാത്രിയോടെ തന്നെ ബിരിയാണി, ചെമ്പിന്റെ അകത്തുകയറി ഏത് സമയവും പുറത്തിറങ്ങാൻ തയ്യാറായി നിൽക്കുന്നതിനാൽ റൂമിലെ പാചകക്കാരനും ഇന്ന് പണിയൊന്നുമില്ല അര മണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാവരും അടുത്തുള്ള മൈതാനത്തേക്ക് പോകാനിറങ്ങി പെരുന്നാൾ നിസ്കാരം നാട്ടിലെപ്പോലെ 8 മണിക്കും 9 മണിക്കും ഒന്നുമല്ല സൂര്യൻ ഉദിച്ച് അൽപം കഴിഞ്ഞാൽ ഉടനെ നിസ്കരിക്കും വലിയ ഒരു മൈതാനത്ത് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം വേർതിരിച്ച സ്ഥലങ്ങൾ അവിടെ കാർപ്പറ്റുകൾ വിരിച്ച് മൈക്കും ലൈറ്റും ഒക്കെയായി വലിയ രൂപത്തിൽ നിസ്ക്കാരം നടന്നു തിരിച്ചു റൂമിൽ എത്തി അല്പം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും ഒരുമിച്ചിരുന്ന് ബിരിയാണി കഴിച്ചു അതുകഴിഞ്ഞ് ഓരോരുത്തരും അവരവരുടെ കട്ടിലുകളിലേക്ക് മടങ്ങി
ഇനി എല്ലാവർക്കും ഒരു ലക്ഷ്യമേ ഉള്ളൂ വീട്ടിലേക്ക് വിളിക്കണം നാട്ടിലെ പെരുന്നാൾ വിശേഷം അറിയണം വീട്ടുകാരുടെയും കുട്ടികളുടെയും പുതുവസ്ത്രം ധരിച്ച ഫോട്ടോ മൊബൈലിലേക്ക് വിടാൻ പറയണം വിരുന്നിന്നു പോയാൽ എത്ര ദിവസം കഴിഞ്ഞ് തിരിച്ചു വരണമെന്നു വീട്ടുകാരെ പറഞ്ഞേൽപ്പിക്കണം ഇത്രയുമായാൽ ഒരു പ്രവാസിയുടെ പെരുന്നാൾ പൂർണമായി ജോലിക്കിടയിലെ അവധി അനുസരിച്ചും സാമ്പത്തികം നോക്കിയും ചിലരൊക്കെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും അടുത്തേക്ക് വിരുന്നു പോവാറുമുണ്ട്
കഫീലും ഭാര്യയും കുട്ടികളും ഭാര്യ വീട്ടുകാരും എല്ലാം മദീനയിലേക്കോ മറ്റോ പോയതുകാരണം പെരുന്നാൾ ദിവസം എനിക്ക് ഓട്ടം ഇല്ലായിരുന്നു പക്ഷേ ലീവാണ് എന്ന് എന്നോട് പറയാത്തതുകൊണ്ടും വണ്ടി എന്റെ അടുത്തു തന്നെ ഉള്ളതുകൊണ്ടും ഏതുസമയവും ഓട്ടവും പ്രതീക്ഷിച്ച്‌ എവിടെയും പോകാതെ ഞാൻ റൂമിൽ തന്നെ ചിലവഴിച്ചു രാത്രി ഒമ്പതു മണി ആയപ്പോൾ ഞാൻ കഫീലിനെ വിളിച്ച് ഷറഫിയയിൽ പോയി നാട്ടുകാരെ കാണാൻ വേണ്ടി വണ്ടി എടുക്കാൻ അനുവാദം ചോദിച്ചു തിരിച്ചു ഒന്നുരണ്ടു ചോദ്യങ്ങളൊക്കെ ചോദിച്ചെങ്കിലും അനുവാദം തന്നു അവനോടു സംസാരിക്കുമ്പോൾ ഫോണിലൂടെ അവളുടെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു ഞാൻ വണ്ടിയുമായി ഷറഫിയയിൽ പോകുന്ന വിവരം അവളും അറിഞ്ഞിട്ടുണ്ടാവും അങ്ങനെയാണെങ്കിൽ ഏതുനിമിഷവും എന്ത് അപകടവും സംഭവിക്കാം എന്ന് ഞാൻ ഉറപ്പിച്ചു എന്റെ ഊഹം ശരിയായിരുന്നു റൂമിൽ നിന്നും വണ്ടിയുടെ അടുത്തേക്കു എത്തുന്നതിന്റെ മുൻപ് കഫീലിന്റെ വിളി വന്നു
പിന്നീട് ഒരു ഇന്റർവ്യൂ ആയിരുന്നു 'എവിടേക്കാണ് പോകുന്നത്, എന്തിനാണ് പോകുന്നത്, എപ്പോഴാണ് പോകുന്നത്, എപ്പോൾ തിരിച്ചുവരും, എങ്ങനെയാണ് പോകുന്നത്, ടാക്സിയിലാണോ, ആരാണ് കൂടെയുള്ളത്,' ഇങ്ങനെ വെറുപ്പിക്കൽന്റെ ചോദ്യങ്ങൾ അവസാനം വണ്ടിയിൽ എണ്ണ ഉണ്ടോ എന്നു വരെ ചോദിച്ചു എല്ലാ ചോദ്യങ്ങൾക്കും ഞാൻ വ്യക്തമായ മറുപടി നൽകി ഓട്ടം ഉണ്ടെങ്കിൽ ഏതു സമയവും ഞാൻ തയ്യാറാണെന്നും ഇല്ലെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ അവിടെ ചിലവഴിച്ചു തിരിച്ചു പോരും എന്നും പറഞ്ഞു വണ്ടിയിൽ എണ്ണ ഉണ്ടായിരുന്നതുകൊണ്ടും ഷറഫിയ്യ റൂമിൽ നിന്നും വളരെ അടുത്ത് ആയതുകൊണ്ടും സാധാരണ പറയാറുള്ളത് പോലെ ഞാൻ എണ്ണ അടിച്ചോള്ളം എന്നു പറഞ്ഞില്ല
പെരുന്നാളിന്റെ പിറ്റേന്നു വൈകുന്നേരം മുതൽ പഴയപോലെ ഓട്ടം ആരംഭിച്ചു അന്നത്തെ ഓട്ടവും കഴിഞ്ഞ് പിറ്റേന്ന് വൈകുന്നേരത്തോടെ എണ്ണ തീർന്ന് പമ്പിൽ കയറിയതായിരുന്നു എണ്ണ അടിക്കുന്നതിനിടയിൽ പിറകിലിരുന്ന മാടത്തിന്റെ കുത്തുവാക്കുകൾ തുടങ്ങി
തനിക്കു കറങ്ങാനുള്ള എണ്ണ കൂടി ഇപ്പോൾ ഞാനല്ലേ അടിക്കുന്നത്
ഞാൻ എവിടേക്കാണ് കറങ്ങാൻ പോയത്
താൻ ഷറഫിയയിൽ പോയില്ലേ
ശറഫിയ്യ എന്റെ റൂമിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ പോയി വരാൻ ഒരു റിയാലിന്റെ പെട്രോൾ പോലും ചിലവാകില്ല ല്ലോ
ആരു പറഞ്ഞു ചിലവാകില്ല എന്ന് താൻ എ സി ഒക്കെ ഇട്ടല്ലേ ഓടുന്നത്
എന്റെ പടച്ചോനെ ഇങ്ങനെയുമുണ്ടോ മനുഷ്യർ ഒരു റിയാലിന് സൗദിയിൽ ഇന്ന് ഒന്നര ലിറ്ററോളം എണ്ണ കിട്ടും അതുകൊണ്ട് ഈ വണ്ടിയിൽ എന്റെ റൂമിൽ നിന്നും ഏറ്റവും ചുരുങ്ങിയത് ആറ് ഏഴു പ്രാവശ്യം എങ്കിലും ശറഫിയ്യയിൽ പോയിവരാം അതായത് ഞാൻ ചിലവഴിച്ച എണ്ണ പതിനഞ്ചോ ഇരുപതോ പൈസയുടെ എണ്ണ മാത്രം അതിനാണ് ഈ ശകാരം മുഴുവനും പിശുക്കും അഹങ്കാരവും ഇത്രത്തോളം ഒത്തിണങ്ങിയ ഒരു പെണ്ണിനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല അനുഭവത്തിൽ പലപ്പോഴും അതെനിക്ക് കൂടുതൽ കൂടുതൽ ബോധ്യമായി
ഭർത്താവുമായിട്ടുള്ള പിണക്കം തീർന്നെങ്കിലും അവൾ അവളുടെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി ആവശ്യത്തിനും അനാവശ്യത്തിനും അവൻ അവിടേക്ക് ചെല്ലുന്നു ണ്ടല്ലോ രണ്ടര മാസത്തോളം അവൾ അവളുടെ വീട്ടിൽ കഴിച്ചുകൂട്ടി മദ്രസ തുറക്കുന്നതിന്റെ തലേദിവസം അവളും കുട്ടികളും ജോലിക്കാരിയും എല്ലാമായി പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി
(തുടരും)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot