Slider

"ഒന്നര മാസത്തേക്ക് ലീവോ ?"

0
"ഒന്നര മാസത്തേക്ക് ലീവോ ?"
മൂക്കിൻ തുമ്പിലിരിക്കുന്ന കണ്ണടക്ക് മുകളിലൂടെയുള്ള ജൂനിയർ സൂപ്രണ്ടിന്റെ ചോദ്യം കേട്ട് മൃദുല ഒന്ന് പരുങ്ങി.
" അത് സാറേ ... അടുത്ത ആഴ്ച്ച മുതൽ മോന് മോഡൽ എക്സാം തുടങ്ങുകയാണ്".
"അത് മോൻ പോയി എഴുതില്ലേ...... താനെന്തിനാ ലീവ് എടുക്കുന്നേ?
അടുത്ത ആഴ്ച്ച ഓഡിറ്റിംഗ് തുടങ്ങും. അതിനിടയിൽ ലീവ് അനുവദിക്കാൻ അൽപം ബുദ്ധിമുട്ടുണ്ട് ".
ഇത് കേട്ടപ്പോൾ അയാളുടെ മിന്നുന്ന കഷണ്ടിത്തലക്കിട്ട് ഒരു കൊട്ട് കൊടുക്കാനാണ് തോന്നിയതെങ്കിലും അതീവ ഭവ്യതയോടെ അവൾ
പറഞ്ഞു.
"സർ പ്ലീസ് .... അങ്ങനെ പറയരുത്.
അർജന്റ് വർക്കുകളെല്ലാം ചെയ്ത് തീർത്തിട്ടുണ്ട്. മോന്റെ കൂടെ ഇരുന്ന് നോക്കിയിട്ടില്ലെങ്കിൽ അവൻ ഒരു വക പഠിക്കില്ല. അതു കൊണ്ട് ദയവ് ചെയ്ത് ലീവ് ഗ്രാന്റ് ചെയ്യണം.
ഓഡിറ്റിംഗ് അടുത്ത കൊല്ലവും ഉണ്ടാകും.പക്ഷെ മോന്റെ പരീക്ഷ അങ്ങനെയല്ലല്ലോ സർ ... അവന്റെ ഭാവിയെ ബാധിക്കുന്ന കാര്യമല്ലേ...."
ജൂനിയർ സൂപ്രണ്ടിനെ ഒരു വിധം മെരുക്കി ലീവ് ആപ്ലിക്കേഷനും കൊടുത്ത് സീറ്റിൽ വന്നിരുന്ന് ഒന്നര മാസത്തേക്കുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനിടെയാണ് തൊട്ടടുത്ത സീറ്റിലെ സിനിയുടെ ചോദ്യം.
"ലീവ് സാംഗ്ഷൻ ചെയ്തോ മൃദു?
"ഹാ... അത് ഒരു വിധം പറഞ്ഞു ശരിയാക്കിയിട്ടുണ്ട്. നിനക്കറിയാലോ...സിനീ...
ഞാൻ ലീവെടുക്കേണ്ട ഒരു ആവശ്യവുമില്ല.
ഞാനങ്ങനെ ഹരിക്കുട്ടന്റെ പoന കാര്യങ്ങളിലൊന്നും ഇടപെടാറേയില്ല.
അവനും അങ്ങനെ കുത്തിയിരുന്ന് പഠിക്കുന്ന കൂട്ടത്തിലൊന്നുമല്ല. എന്നാലും റിസൾട്ട് വരുമ്പോൾ എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടാകും.
ഇതിപ്പോ .... അവന് ഒരേ നിർബന്ധം സ്റ്റഡി ലീവിന്റെ സമയത്ത് ഞാനവന് കൂട്ടിരിക്കണമെന്ന് ...
പിന്നെ ഞാനും വിചാരിച്ചു. വീട്ടിലിരിക്കുമ്പോൾ അവന് ഇഷ്ടമുള്ളതെന്തെങ്കിലും വെച്ചുണ്ടാക്കി കൊടുക്കാമല്ലോ . "
"അത് നല്ല കാര്യമല്ലേ മൃദൂ ...ഹരിക്കുട്ടൻ മിടുക്കനാ..
ഏതായാലും ഹരിക്കുട്ടനോട് എന്റെ വക ഒരു ഓൾ ദി ബെസ്റ്റ് പറയൂ ട്ടോ..."
വൈകുന്നേരം വീട്ടിലേക്ക് മടങ്ങും വഴി ,ബസ്സിലെ തിക്കിതിരക്കിൽ അങ്ങോട്ടുമിങ്ങോട്ടും ഊഞ്ഞാലാടി നിൽക്കുമ്പോഴും അവളുടെ മനസ്സിൽ വരാനിരിക്കുന്ന ദിവസങ്ങളെ കുറിച്ചുള്ള കണക്കുകൂട്ടലുകളായിരുന്നു.
ശബ്ദമുണ്ടാക്കാതെ പതുങ്ങി വീട്ടിൽ ചെന്ന് കയറുമ്പോൾ.. പ്രതീക്ഷിച്ച പോലെ തന്നെ മടിയിൽ പുസ്തകവും തുറന്ന് വെച്ച് ടി വി കാണുകയാണ് ഹരിക്കുട്ടൻ.
ആ കാഴ്ച്ച അവളുടെ സകല നിയന്ത്രണങ്ങളുടേയും കടിഞ്ഞാൺ പൊട്ടിച്ചു.ഉമ്മറത്തെ വാതിലിനപ്പുറം ശാന്തയും സൗമ്യയും ആയ മൃദുവിലെ സംഹാരരുദ്ര സട കുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു.
കയ്യിലിരുന്ന ഹാൻഡ് ബാഗ് സെറ്റിയിലേക്ക് വലിച്ചെറിഞ്ഞ്.. വീടിന്റെ തറക്കല്ല് ഞെട്ടിവിറക്കും വിധം എട്ടു ദിക്കും പൊട്ടുമാറുച്ചത്തിൽ അവൾ ഹരിക്കുട്ടന് നേരെ ഗർജ്ജിക്കുവാൻ തുടങ്ങി.
ആവേശവും ദേഷ്യവും ഒന്ന് തണുത്ത് കഴിഞ്ഞപ്പോൾ... വീട്ടിലും നാട്ടിലുമായി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കരായ എല്ലാ മക്കളേയും അവരുടെ പുണ്യവതികളായ അമ്മമാരേയും ഓർത്ത് എണ്ണി പെറുക്കി സങ്കടം പറയാൻ ആരംഭിച്ചു
പാവം ഹരിക്കുട്ടൻ ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ .. ടി വി യും ഓഫ് ചെയ്തു പുസ്തകത്തിലേക്ക് മെല്ലെ തല പൂഴ്ത്തി.
അന്ന് രാത്രി എല്ലാവരും കൂടി അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ ഒരു പ്രഖ്യാപനം നടത്തി.
"നാളെ മുതൽ ഹരിക്കുട്ടന്റെ പരീക്ഷ കഴിയുന്നത് വരെ ഈ വീട്ടിൽ ഇറച്ചിയും മീനും ഉണ്ടാക്കില്ല."
ഇതു കേട്ട് അതുവരെ കോഴിക്കാലുമായി കടിപിടി കൂടുകയായിരുന്ന മൃദുലയുടെ ഭർത്താവ് അന്ധാളിപ്പോടെ കണ്ണു മിഴിച്ചു.
ഹരിക്കുട്ടന്റെ ഉന്നത വിജയത്തിനായി ദൈവത്തെ കൂട്ടുകക്ഷി ചേർക്കുന്നതിന്റെ ഭാഗമായുള്ള നയങ്ങളിലൊന്ന് മാത്രമാണിത്.
പത്താം ക്ലാസിൽ എത്തിയത് മുതൽ പ്രശസ്തരായ എല്ലാ ദൈവങ്ങളുടേയും നാമത്തിൽ, പല പല വർണ്ണചരടുകളാൽ ബന്ധിക്കപ്പെട്ട ഹരിക്കുട്ടന്റെ കൈത്തണ്ടകളിലെ രക്തയോട്ടം തന്നെ ഏതാണ്ട് നിലച്ച മട്ടാണ്.
ഭാര്യയുടെ ഈ സസ്യാഹാരവ്രത പ്രഖ്യാപനം കേട്ട് സമാധാനപരമായ കുടുംബ ജീവിതത്തിന് മൗനം അത്യന്താപേക്ഷികമായ ഒരു ഘടകമാണ് എന്ന് വിശ്വസിക്കുന്ന ആ സാത്വികൻ നിശബ്ദനായി കയ്യിലിരുന്ന കോഴിക്കാലിനെ വളരെ അരുമയായ് ഒന്നു നോക്കി.പിന്നീട് പ്രതിഷേധാത്മകമായി അതിനെ ആക്രമിച്ച് കീഴ്പ്പെടുത്തി ചിറി തുടച്ചു.
അവൾ ധൃതിയിൽ പണികളെല്ലാമൊതുക്കി ചൂട് കട്ടൻ ചായ ഫ്ലാസ്ക്കിൽ പകർന്ന് ഹരിക്കുട്ടന്റെ മുറിയിൽ കൊണ്ട് വെച്ച് അലാറം എടുത്ത് നാലു മണിക്ക് സമയം സെറ്റ് ചെയ്തു വെച്ചു.
ഉറങ്ങുന്നതിന് മുമ്പ് മകന്റെ എ പ്ലസിന്റെ കാര്യം ഇഷ്ടദൈവങ്ങളെയെല്ലാം മതിയായ ഉപാധികളോടെ ഒന്നു കൂടി ഓർമ്മിപ്പിക്കാൻ അവൾ മറന്നില്ല.
അതിന് ശേഷം പതിവ് പോലെ മകന്റെ ഭാവിയെക്കുറിച്ചുള്ള അതിയായ ഉത്കണ്ഠ ഭർത്താവുമായി പങ്കുവെക്കാനാരംഭിച്ചു.
പ്രാരാബ്ധങ്ങളുടേയും പരിഭവങ്ങളുടേയും വഴിയിലൂടെ
കടന്നു പോയ ആ ചർച്ച ഏതാനും നിമിഷങ്ങൾക്കകം തന്നെ ഭർത്താവിന്റെ
ഉത്തരവാദിത്തമില്ലായ്മയിലേക്കും സ്നേഹരാഹിത്യത്തിലേക്കും വിരൽ ചൂണ്ടി തുടങ്ങി.
പ്രതിപക്ഷത്തിന്റെ മറുപടി മൂളലിലും ഞെരങ്ങലിലും ഒതുങ്ങി തുടങ്ങിയതോടെ എന്നത്തേയും പോലെ ആ ചർച്ചയും എകപക്ഷീയമായി അവസാനിച്ചു.
പന്ത്രണ്ട് മണിക്ക് മൊബൈലിൽ അലാറം കേട്ട് അവൾ ഞെട്ടിയുണർന്നു.
ഹരിക്കുട്ടന്റെ മുറിയിലേക്ക് ധൃതിയിൽ ചെന്ന് നോക്കി. അവൻ ഉറങ്ങാതെ ഇരുന്ന് പഠിക്കുന്നത് കണ്ടപ്പോൾ അവൾക്ക് സമാധാനമായി.
"ഹരിക്കുട്ടാ... ഇന്ന് ഇത്രയും മതി. ഇനി നാളെ രാവിലെ പഠിക്കാം.മോനുറങ്ങിക്കോ..
രാവിലെ നാലു മണിക്ക് അമ്മ വിളിക്കാം ട്ടോ..."
കണ്ണടച്ചു കിടക്കുന്ന ഹരിക്കുട്ടനേയും നോക്കി അവന്റെ മുടിയിഴകളിലൂടെ പതിയെ വിരലോടിച്ച് കുറച്ച് സമയം അവളങ്ങിനെ ഇരുന്നു.
അടുത്ത ദിവസങ്ങളിലെല്ലാം ആ വീട്ടിൽ പന്ത്രണ്ട് മണിക്കും നാലു മണിക്കും അലാറങ്ങൾ മുറ തെറ്റാതെ അടിച്ചു.
പൂജാമുറിയിൽ നിന്ന് പതിവിൽ കൂടുതൽ ഉച്ചത്തിൽ നാമജപങ്ങളുയർന്നു.
എണ്ണയും കർപ്പൂരം ചന്ദനത്തിരികളും ആവശ്യത്തിൽ കൂടുതൽ എരിഞ്ഞു തീർന്നു.
പല രൂപത്തിലും ഭാവത്തിലും എരിവും പുളിയുമില്ലാതെ വെന്തൊരുങ്ങിയ അനാഥരായ എരിശ്ശേരികളും പുളിശ്ശേരികളും അടുക്കളപ്പുറത്തെ തെങ്ങിൻ ചുവട്ടിൽ അഭയം പ്രാപിച്ചു.
ഹരിക്കുട്ടന്റെ തല കുനിച്ചിരുന്നുള്ള പിറുപിറുക്കലുകളും ഇടക്കിടെയുള്ള മൃദുലയുടെ വേഷപ്പകർച്ചകളും ഇടി വെട്ടി പെയ്യുന്ന പേമാരികളും നിർബാധം തുടർന്നു.
അങ്ങനെ ആ സുദിനം വന്നെത്തി. ഹരിക്കുട്ടന് മോഡൽ എക്സാം തുടങ്ങുന്ന ദിവസം.
രാവിലെ തന്നെ അവൾ ഹരിക്കുട്ടനേയും കൂട്ടി അമ്പലത്തിൽ പോയി ഒരു ഡസൻ പേന പൂജിച്ച് വാങ്ങി.
ഹരിക്കുട്ടന്റെ പേരിൽ അഞ്ഞൂറ്റൊന്ന് രൂപയുടെ വിശേഷാൽ പൂജയും കഴിപ്പിച്ച് തന്റെ പത്ത് വർഷത്തെ തപസ്യക്ക് ഫലപ്രാപ്തി ലഭിക്കാനായി ദൈവത്തിന് അത്യാവശ്യം കൈക്കൂലിയും വാഗ്ദാനം ചെയ്ത് തൊഴുതു മടങ്ങുന്ന വഴി, അമ്പലത്തിന് പുറത്തിരിക്കുന്ന വൃദ്ധനായ യാചകന്, പേഴ്സിൽ നിന്ന് തപ്പിയെടുത്ത ഒരു രൂപ നാണയം ഹരിക്കുട്ടന്റെ കൈകളാൽ നൽകുവാനും അവൾ മറന്നില്ല.
തന്റെ മകന് കിട്ടേണ്ട അനുഗ്രഹങ്ങളുടേയും പുണ്യത്തിന്റേയും കാര്യത്തിൽ ഒരു വിട്ടു വീഴ്ച്ചക്കും അവൾ തയ്യാറല്ല.
പരീക്ഷ കഴിഞ്ഞ് വരുന്ന ഹരിക്കുട്ടനുമൊത്തുള്ള ചോദ്യോത്തര വേളക്കായുള്ള കാത്തിരിപ്പിനിടെ മൃദുലയുടെ ഫോൺ റിംഗ് ചെയ്തു.
"ഹലോ
ഹരിത്തിന്റെ അമ്മയല്ലേ? ഇത് സ്മിത മിസ്സാണ്.
എക്സാം നടക്കുന്നതിനിടയിൽ ഹരിത് ഒന്നു തളർന്നു വീണു. ഞങ്ങൾ അവനേയും കൊണ്ട് ഇവിടെ മിഷൻ ഹോസ്പിറ്റലിലാണ്. പേടിക്കാനൊന്നുമില്ല. പറ്റുമെങ്കിൽ
എത്രയും പെട്ടെന്ന് ഒന്ന് ഇവിടേക്ക് വരുമോ?"
അവൾക്ക് ശ്വാസം നെഞ്ചിൽ കിടന്ന് വിങ്ങുന്നത് പോലെ തോന്നി .
കൈകാലുകൾക്ക് ഭാരം കൂടി ഒന്നും
ചെയ്യാനാകാതെ... അനങ്ങാതെ .... മറുപടി പറയാനാകാതെ ഇരുന്ന് പോയി അവൾ ....
അൽപസമയത്തിനകം തന്നെ വിവരമറിഞ്ഞെത്തിയ ഭർത്താവിനോടൊപ്പം അവൾ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
ഉറക്കക്കുറവും ടെൻഷനും കാരണം വന്നു ഭവിച്ച തളർച്ച കാരണം മയക്കത്തിലാണ്ട് കിടക്കുന്ന ഹരിക്കുട്ടനേയും നോക്കിയിരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
വീട്ടിലേക്കുള്ള മടക്കത്തിൽ അവർ മൂവരും നിശബ്ദ രായിരുന്നു.
അന്ന് രാത്രി അവൾ ഫ്ലാസ്ക്കിൽ കട്ടൻ ചായ പകർന്നില്ല.
പഞ്ചസാര ചേർത്ത ചൂടുപാൽ മെല്ലെ മൊത്തി കുടിക്കുന്ന ഹരിക്കുട്ടന്റെ പാൽ മീശ കണ്ട് അവൾ ചിരിച്ചു.
അമ്മയുടെ ചിരി പതിയെ ഹരിക്കുട്ടനിലേക്കും പകർന്നു.
"അമ്മേടെ മോൻ ഇന്നിനി പഠിക്കുകയൊന്നും വേണ്ടാ ട്ടോ... ഉറങ്ങിക്കോളൂ"
വാതിൽ ചാരാനൊരുങ്ങുന്നതിനിടെ അവൾ തിരിഞ്ഞു നിന്ന് ഉറങ്ങാനൊരുങ്ങുന്ന ഹരിക്കുട്ടനെ ഒന്നു കൂടെ നോക്കി.
''ഇന്നത്തെ ക്വസ്റ്റ്യൻ പേപ്പർ ബാഗിലുണ്ടോ കുട്ടാ..
അമ്മ രാവിലെ നാലു മണിക്ക് അലാറം വെച്ചിട്ടുണ്ട്
അപ്പോ ... എണീറ്റ് പഠിക്കണം കേട്ടോ... "
അലാറം ക്ലോക്കിലെ സൂചിയുടെ അറ്റം പോലെ കൂർത്ത് കൂർത്ത് തന്റെ നേർക്ക് വരുന്ന കണ്ണുകൾ
ഹരിക്കുട്ടന്റെ ചുണ്ടിലെ ചിരി മെല്ലെ മൈല്ല മായ്ച്ചു.
.........
അഞ്ജു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo