നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വഴിപാടുകള്‍ കഥ.

Image may contain: one or more people and people sitting

(ഈ കഥയില്‍ പ്രത്യേക കഥാപാത്രങ്ങളില്ല..നമ്മളില്‍ പലരുടേയും നിഴലാട്ടം ഇതില്‍ കാണുന്നത് യാദൃച്ഛികം മാത്രമാണ് )
ഒഴിവു കാലത്ത് നാട്ടിലെത്തിയാല്‍ അടിച്ചു പൊളിക്കാന്‍ പല വകുപ്പുകളുമുണ്ട്. ആലപ്പുഴ ബോട്ടുഹൗസ്‌, മൂന്‌നാര്‍, വാഗമണ്‍, ഗുരുവായൂര്‍ , എന്നിങ്ങനെ നീണ്ടുപോവും വിനോദയാത്രയുടെ പട്ടിക. ഗുരുവായൂര്‍യാത്ര വിനോദസഞ്ചാരത്തിന്റെ പട്ടികയില്‍ പെടുത്തിയത് ശരിയല്ലെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടാവും.പക്ഷേ, ബുഫെ പ്രാതല്‍ പണം വാങ്ങാതെയൊരുക്കുന്ന വതാനുകൂല ഹോട്ടലുകളില്‍ താമസിക്കുന്നത് ഒരു രസമുള്ള ഏര്‍പ്പാടു തന്നെയാണ്.
വാകച്ചാര്‍ത്തു തൊഴുതു തിരിച്ചെത്തി വലിയ തയ്യാറെടുപ്പോടെ പിട്ടു-കടല - ഇഡ്ഡലി - ചട്ടിണി - പൊടി - സാമ്പാര്‍ -ചമ്മന്തി -മസാലദോശ - ഏത്തപ്പഴം -ബ്രെഡ്- വെണ്ണ - കാപ്പി -ചായ -കോണ്‍ഫ്ളെയ്ക്സ് - പാല് - തണ്ണീര്‍മത്തന്‍ ജ്യൂസ് നിരകളിലൂടെ പിഞ്ഞാണം കയ്യില്‍ പിടിച്ചങ്ങനെ നീങ്ങുമ്പോള്‍ ഓരോ വിഭവത്തിന്റേയും മൂടി തുറന്നൊന്നു മണക്കുന്നതിന്റെ സുഖം സ്വര്‍ല്ലോകത്തും ലഭിക്കില്ല. ഗുരുവായൂരപ്പന്റെ പ്രസാദത്തിനേകാനാവത്ത മാനസികോല്ലാസം അതിനുണ്ട്. മറ്റു റിസോര്‍ട്ടുകളിലെ പ്രാതലിന് ബ്രാെഡ്ഡിനൊപ്പം ഓംമ്ലറ്റ് ഒരുക്കുന്ന രീതി ഗൂരുവിയൂര്‍ ഹോട്ടലില്‍ ഇല്ലാത്തതുകൊണ്ട് ഒരു നല്ല സനാതന ഹിന്ദുവാണെന്ന ബോധത്തോടെയാണ് ഭക്തര്‍ കാറില്‍ തിരിച്ചു പോരുന്നത്.
ഇത്രയും കഴിഞ്ഞാല്‍ പിന്നെയുള്ളത് കുറെ വിരസമായ ആചാരങ്ങളാണ്. വയസ്സായ അമ്മയെ ഒന്നു കാണണം. പേരക്കുട്ടികളെ കാണണം കാണണം ഏന്ന് ഇടയ്ക്കിടെ എഴുതാറുണ്ട്. അവരെ അമ്മയുടെ കട്ടിലിനരികെ പിടിച്ചു നിര്‍ത്തുന്നത് ശ്രമകരമായ പണിയാണ്. കൂടാതെ കഴിയില്ലല്ലോ. കരച്ചിലും കണ്ണീരു തുടയ്ക്കലും മെത്തയുടെ തലയ്ക്കല്‍ വെച്ച ശര്‍ക്കരയച്ച് കുട്ടികള്‍ക്കു കൊടുക്കലുമായി വികാരപാരവശ്യം മൂര്‍ദ്ധന്യത്തിലെത്തുന്ന പത്തോ പതിനഞ്ചോ മിനുട്ടു കഴിയുമ്പോള്‍ 'കട്ട് ' പറയാനുള്ള സൂത്രം ഉപയോഗിക്കണം. നഗരത്തിലെ തെരുവില്‍നിന്നു വെല പേശി വാങ്ങിയ കമ്പിളിപ്പുതപ്പ് കെെയ്യില്‍കൊടുത്ത് വിഷുവിനു കാണാമെന്ന വായ്ത്താരിയോടെ പിന്‍ തിരിഞ്ഞു നോക്കാതെ മുറി വിടണം.
കുടുംബ ക്ഷേത്രത്തിലെ ഭഗവതിക്കുള്ള വഴിപാടുകളാണ് അടുത്തയിനം. ഗുരുവായൂരിലെ അടിപൊളിയൊന്നും അവിടെ നടപ്പില്ല. കുളിച്ച് ഈറനോടേ വേണം ക്ഷേത്രത്തില്‍ കടക്കാന്‍..ശാന്തിക്കാരന്റെ അന്വേഷണങ്ങള്‍ക്കു മറുപടി പറയണം. 'അമ്മയെ എന്തുകൊണ്ട് കൂടെ കൊണ്ടുപോവുന്നില്ല ?, പരാശ്രയമായിട്ട് എത്ര കാലമാണ് അമ്മ കഴിയുക ? പണം കൊണ്ട് എല്ലാം നടക്കില്ല..മക്കള് അരികത്തുണ്ടാവണ സുഖം ഒന്നു വേറെയാണ്.' ഉപദേശം അതിരുകന്ന വികാരാവേശമായി മാറുമ്പോള്‍ അമ്മയെ കമ്പിളികൊണ്ടെന്ന പോലെ നടയ്ക്കല്‍ കുറെ പണം വെച്ച് അയാളുടെ വായ അടച്ച് സ്ഥലം വിടണം.
വിമാനത്താവളത്തിലേയ്ക്ക് ടാക്സി കയറി അല്‍പ്പം ദൂരം പോകുന്നതു വരെ മനസ്സില്‍ അങ്കലാപ്പാണ്. അമ്മയോ ശാന്തിക്കാരനോ യാത്ര മുടക്കാം. അതൊഴിവാക്കാനാണ് ഉച്ചഭക്ഷണം വിമാനത്താവളത്തില്‍ മതി എന്നു തീരുമാനിച്ചത്. പിന്നെ ചക്കപ്പുഴുക്കിനേക്കാള്‍ കുട്ടികള്‍ക്കിഷ്ടം ബര്‍ഗറും പിസ്സയുമൊക്കെയാണല്ലോ.

By rajan Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot