നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver - Part 18

Image may contain: 1 person, text


'ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവ കുറിപ്പ്
പാർട്ട് 18
നാലു മാസത്തിലധികം നീണ്ട അവധിക്ക് ശേഷം 25/09/ 2016 സൗദിയിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ച്‌ മദ്രസകൾ എല്ലാം തുറന്നു കഴിഞ്ഞ നാലു മാസവും കാണാത്ത അത്രയ്ക്ക് തിരക്കായിരുന്നു അതിരാവിലെ തന്നെ റോഡിൽ അനുഭവപ്പെട്ടത് ഓരോ വർഷവും ഇവിടെ തിരക്ക് അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുകയാണ് കുടിവെള്ളത്തിനെകാൾ വിലക്കുറവിൽ പെട്രോൾ കെട്ടുന്നതും ബാങ്കുകൾ വഴി ചെറിയ മാസ തവണയിൽ വാഹനങ്ങൾക്ക് വായ്പ ലഭിക്കുന്നതുമെല്ലാം വാഹന പെരുപ്പത്തിനു കാരണമായി ഏഴര മണിക്ക് ജോലിക്ക് പോവാൻ ഉള്ളതുകൊണ്ട് എന്നോട് 7 മണിക്ക് തന്നെ പുതിയ വീട്ടിലെത്താൻ പറഞ്ഞിരുന്നു ഞാൻ 6:45 നു തന്നെ എത്തിയെങ്കിലും മാഡവും കുട്ടികളും ഇറങ്ങി വന്നത് 7:15 ഓടെയാണ് ചെറിയ ചെറിയ റോഡുകളെല്ലാം പിന്നിട്ട വണ്ടി ഹൈവേയിലേക്ക് പ്രവേശിക്കുന്നതിന് കിലോമീറ്ററുകൾക്ക് മുൻപ് തന്നെ കാണാമായിരുന്നു വാഹനങ്ങളുടെ നീണ്ടനിര
സാധാരണ സമയങ്ങളിൽ അരമണിക്കൂർ സമയംകൊണ്ട് ഓടിയെത്തുന്ന ദൂരം പിന്നിടാൻ അന്ന് രണ്ട് മണിക്കൂറോളം വേണ്ടിവന്നു 10 മിനിറ്റ് ന്റെയും 15 മിനിറ്റ് ന്റെയും ഓട്ടം രണ്ട് മണിക്കൂറിലധികം കഴിഞ്ഞിട്ടും ഓടിയെത്താത്ത കഥകൾ സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു മദ്രസ തുറന്നാൽ പിന്നെ ഞായർ മുതൽ വ്യാഴം വരെ രാവിലെ ആറ് മണിമുതൽ 9 മണി വരെയും ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി 9 10 മണി വരെയും റോഡിൽ തിരക്കു പതിവാണെങ്കിലും ക്ലാസുകൾ തുടങ്ങുന്ന ആദ്യത്തെ ഒരു മാസം സങ്കൽപിക്കാൻ കഴിയാത്തത്ര തിരക്കായിരിക്കും റോഡുകളെല്ലാം വാഹനങ്ങളെ കൊണ്ട് നിറഞ്ഞു ഉറുമ്പരിക്കുന്ന വേഗത്തിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും അതിനിടയിൽ രണ്ട് വണ്ടികൾ തമ്മിൽ ഉരസിയാൽ ആ ചലനവും നിശ്ചലമാകും മദ്രസകളുടെ അടുത്ത് എത്തിയാൽ പിന്നെ ഉള്ള കാര്യമാണ് കഷ്ടം കുട്ടികളെ ഇറക്കി അവിടെ നിന്നും പുറത്തുകടക്കാൻ ചുരുങ്ങിയത് അര മണിക്കൂർ എങ്കിലും വേണ്ടിവരും
വിദ്യാർഥികൾ പലരും പുതിയ വര്ഷം മദ്രസ്സ മാറുന്നതുകൊണ്ടും ഡ്രൈവർക്കോ വീട്ടിലെ മുതിർന്നവർക്കോ പുതിയ മദ്രസ്സയുടെ പരിസരം പരിചയം ഇല്ലാത്തതു കൊണ്ടും പുതിയ ഡ്രൈവർമാരെ മദ്രസ തുറക്കുന്നതിന് മുമ്പ് പല വീടുകളിലും നിയമിച്ചത് ആയതുകൊണ്ടും ആദ്യത്തെ ഒരു മാസം തിരക്ക് സ്വാഭാവികമാണ് ഒരു മാസം കഴിഞ്ഞാൽ ഒരിക്കലും തിരക്ക് ഇല്ലാതാകുന്നില്ല മദ്രസയും പരിസരവും അവിടെക്കുള്ള എളുപ്പവഴികളും ഡ്രൈവർമാർ മനസ്സിലാക്കുന്നതോടെ തിരക്കിന് അല്പം ആശ്വാസം കിട്ടും ജിദ്ദയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ ' കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി'യിലേക്ക് വരുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ കാരണം 'മക്ക മദീന എക്സ്പ്രസ് ഹൈവേ' മണിക്കൂറുകളോളം നിശ്ചലമാവാറുണ്ട് ഒരു ഭാഗത്തു മാത്രം അഞ്ചു വരി റോഡും അതിനോട് ചേർന്ന് രണ്ടു വരി സർവീസ് റോഡും ഉള്ള സിഗ്നലുകളോ മറ്റോ ഇല്ലാത്ത നീണ്ടുനിവർന്നു കിടക്കുന്ന ജിദ്ദയിലെ ഏറ്റവും വീതികൂടിയ ഹൈവേയുടെ കാര്യം ഇത്രത്തോളമാണെന്ന് മനസ്സിലാക്കുമ്പോഴാണ് തിരക്കിനെ കുറിച്ചുള്ള യഥാർത്ഥ ബോധം നാം ഉൾക്കൊള്ളുന്നത്
മദ്രസയുടെ സമയത്തുള്ള തിരക്കും എന്റെ റൂമിൽ നിന്നും മാടത്തിന്റെ പുതിയ ഫ്ലാറ്റിലേക്ക് ഉള്ള ഓട്ടവും എല്ലാമായി ഒന്ന് ശരിക്കും ശ്വാസം വിടാൻ പോലും സമയം കിട്ടാതെ രണ്ടുമൂന്നു ദിവസം കഴിഞ്ഞ് വെള്ളി ശനി അവധി ദിവസം എത്തി വ്യാഴാഴ്ച അർധരാത്രി ഒന്നര വരെ ഓട്ടം തന്നെയായിരുന്നു അത് കഴിഞ്ഞു റൂമിലേക്ക് മടങ്ങിയപ്പോൾ വണ്ടിയിലുള്ള സാധനങ്ങളൊക്കെ നാളെ പുതിയ വീട്ടിൽ കൊണ്ടു വെക്കണമെന്നും പറഞ്ഞേൽപ്പിച്ചു വീടിന്റെ താക്കോലും എന്റെ കയ്യിൽ തന്ന് അവൾ അവളുടെ വീട്ടിൽ ഇറങ്ങി എന്നെ ഏൽപ്പിച്ച കാര്യങ്ങളൊക്കെ ഞാൻ ഭംഗിയായി ചെയ്തു വെള്ളിയാഴ്ച നാലുമണിയോടെ മാഡം വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു അവളും അനിയത്തിമാരും കുട്ടികളുമൊക്കെയായി ഞാൻ വണ്ടിയുമെടുത്ത് നേരെ പെട്രോൾ നിറക്കാൻ പറമ്പിലേക്ക് കയറി സാധാരണപോലെ ഒന്നോ രണ്ടോ മിനിട്ട് എന്നെ വഴക്കു പറഞ്ഞ് അവൾ എണ്ണ അടിക്കും എന്ന് ഞാൻ കരുതി
എന്നാൽ ഇതുവരെ കേൾക്കാത്ത തരത്തിലുള്ള വാക്കുകളായിരുന്നു എന്നെ കാത്തിരുന്നത് "എവിടേക്കാണ് താൻ വണ്ടിയോടിക്കുന്നത് എണ്ണ അടിക്കാൻ എന്നെക്കൊണ്ട് സൗകര്യമില്ല ഇന്നലെ 15 റിയാലിന് ഞാൻ അടിച്ചതാണ് ഇനി വേണമെങ്കിൽ തന്റെ പോക്കറ്റിൽ നിന്നും പണം മുടക്കി അടിക്കാൻ നോക്കൂ വണ്ടിയും കൊണ്ട് ദുന്യാവിന്റെ അറ്റത്തേക്ക് ഓട്ടം പോകുന്നത് താൻ ആണ് അല്ലാതെ ഞാൻ അല്ല അതിന്റെ പണം ഞാൻ ചിലവാക്കില്ല" പിന്നെയും എന്തൊക്കെയോ പറഞ്ഞ് അവൾ പിറകിൽ നിന്നും ആക്രോശിച്ചു എന്നിട്ട് ഫോൺ എടുത്തു കഫീലിനെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു ഞാനാണ് വണ്ടിയിലെ എണ്ണ തീർക്കുന്നത് എന്നും മറ്റുമൊക്കെ പറയുന്നത് കേട്ടു ഇപ്പോഴത്തെ അവരുടെ ഫ്ലാറ്റും എന്റെ റൂമും തമ്മിൽ 10 മിനുട്ട് നേരത്തെ ഓട്ടമുണ്ട് അങ്ങൊട് പോവാനും വരാനും ഉള്ള എണ്ണ ഞാൻ അടിക്കണം എന്നാണ് അവളുടെ ആവശ്യം വണ്ടി മുന്നോട്ട് എടുക്കാൻ എന്നോട് ആവശ്യപ്പെട്ടെങ്കിലും തിരിച്ചു ഒരക്ഷരം പറയാതെ ഞാൻ വണ്ടി ഓഫാക്കി പോക്കറ്റിൽ നിന്നും പത്ത് റിയാൽ കൊടുത്ത് എണ്ണയടിച്ചു യാതൊരു ഉളുപ്പുമില്ലാതെ തന്റെ ആവശ്യത്തിനു വേണ്ടി തന്റെ ഡ്രൈവർ പണം മുടക്കി എണ്ണ അടിക്കുന്നതും നോക്കി അവളിരുന്നു
യാതൊരു ആവശ്യവുമില്ലാതെ ഇത്രയും വഴക്കു കേട്ടിട്ടും തിരിച്ച് ഒരക്ഷരം മിണ്ടാതെ ക്ഷമയുടെ ഏറ്റവും വലിയ പടികൾ കയറുമ്പോൾ എന്റെ മനസ്സിൽ ചില ഉറച്ച തീരുമാനങ്ങൾ ഞാൻ എടുത്തിരുന്നു മറ്റാരോടും പറഞ്ഞില്ല എങ്കിലും എന്റെ മനസാക്ഷിക്ക് തന്നെ ഞാൻ ചില ഉറപ്പുകൾ കൊടുത്തു അത് നിറവേറ്റാൻ കഴിയണെ എന്ന് ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു അവളുടെ കാലിനിടയിലെ ചേരുപ്പോളം താഴ്ന്ന് ഇവിടെ ജോലിചെയ്യാൻ തുടങ്ങിയിട്ട് എട്ട് മാസങ്ങൾ കടന്നു പോയിരിക്കുന്നു എന്നിട്ടും ഒരു കാര്യവുമില്ലാതെ ഒരാണായ ഞാൻ വെറും അഹങ്കാരിയായ ഒരു പെണ്ണിൽ നിന്നും വഴക്കു കേൾക്കുന്നു ഏതൊരു കാരണത്തിന്റെ പേരിലായാലും ഇത് പരിധികൾ എല്ലാം ലംഘിക്കുന്നതാണ് മനസ്സിനെ പിടിച്ചുനിർത്താൻ പ്രയാസപ്പെട്ട് കൊണ്ടാണെങ്കിലും അവരെ സൂക്കിൽ കൊണ്ടുപോയി വിട്ടു ഞാൻ ആദ്യം ചെയ്തത് കഫീലിന് ഒരു മെസ്സേജ് അയച്ചു
പോകുന്ന വഴിയിലൊക്കെ അവന്റെ വിളി ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായിരുന്നില്ല മാത്രമല്ല ഞാൻ എണ്ണ അടിച്ചത് എന്റെ പണം കൊണ്ടാണെന്നു ആ മൂദേവി കരുതിയെങ്കിലും അത് അവളുടെ ഭർത്താവിന്റെ പണം തന്നെയായിരുന്നു അയാൾക്ക് ഞാൻ അയച്ച മെസ്സേജ് മറ്റൊന്നുമല്ല തലേന്ന് 15 റിയാലിന്റെ എണ്ണ അടിച്ച സമയവും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആയി ഓടിത്തീർത്ത സ്ഥലങ്ങളുടെ മുഴുവൻ പേരുകളും അവിടെക്കുള്ള ദൂരങ്ങളും സമയങ്ങളും ആയിരുന്നു ഞാൻ എടുത്ത തീരുമാനങ്ങൾ 1 എത്രയും പെട്ടെന്ന് പുതിയ സ്ഥലത്തേക്ക് താമസം മാറ്റണം എന്നായിരുന്നു എന്റെ റൂം കഫീൽ ഇനിയും പണികഴിപ്പിച്ചു തന്നിട്ടില്ല അതിന് കാത്തുനിൽക്കുന്നതിൽ അർത്ഥമില്ല അടുത്തെവിടെയെങ്കിലും ഒരു റൂം അന്വേഷിച്ച് കണ്ടുപിടിക്കുക അതുകൊണ്ട് രണ്ടു ഉപകാരങ്ങൾ ഉണ്ട്
1 എനിക്ക് ഇപ്പോഴുള്ള റൂമിൽ നിന്നും മാറണം എന്ന ആഗ്രഹം തുടങ്ങിയിട്ട് കുറച്ചുകാലമായി ഞാൻ ചെയ്യാത്ത പല കാര്യങ്ങൾക്കും ഞാനവിടെ കുറ്റക്കാരനായി മലയാളികളായ സഹമുറിയന്മാർ നടത്തിയ ഏശനിയുടെയും പരദൂഷണത്തിന്റെ യും ഇരയായിരുന്നു ഞാൻ എന്റെ ഭാഗം കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല പ്രശ്നങ്ങൾ ഒക്കെ വളരെ നിസ്സാരം ആയിരുന്നു വെള്ളം വരാത്ത ദിവസങ്ങളിൽ സൂക്ഷിച്ചു വെച്ച വെള്ളം ഉപയോഗിച്ച് അലക്കി റൂമിലെ മുതിർന്ന ആളുകളുടെ വാക്കിനു വില കൽപ്പിക്കാതെ തന്നിഷ്ടം പ്രവർത്തിച്ചു എന്നൊക്കെ ആയിരുന്നു എനിക്കു നേരിടേണ്ടിവന്ന ആരോപണങ്ങളൊക്കെ ശുദ്ധ നുണകൾ ആയിരുന്നു റൂമിലെ പാചകക്കാരൻ ആയിരുന്നു പരദൂഷണത്തിന്റെ ഒന്നാം നമ്പർ എന്ന് ഞാൻ മനസ്സിലാക്കി റൂമിലെ മറ്റു പലരേയും കുറിച്ചും അയാൾ എന്നോട് ഉള്ളതും ഇല്ലാത്തതും ഒക്കെ പറയുമ്പോൾ ഞാൻ അതിനു ചെവി കൊടുക്കാതെ പോകുമായിരുന്നു അതുപോലെ എന്നെക്കുറിച്ചു ഉള്ളതും ഇല്ലാത്തതും റൂമിലെ കാരണവരെ പറഞ്ഞു വിശ്വസിപ്പിക്കുകയും അയാളത് വിശ്വസിച്ചു എന്നെ വിമർശിക്കുകയും ആയിരുന്നു
പാചകക്കാരന് എന്നോട് വൈരാഗ്യം തോന്നാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ല എന്നു മാത്രമല്ല അയാളുടെ പല ജോലികളും ഞാൻ ചെയ്തു കൊടുക്കുമായിരുന്നു അടുക്കളയിലെ വേസ്റ്റ് കീസ് ഞാനായിരുന്നു പുറത്തുകൊണ്ടുപോയി കളഞ്ഞിരുന്നത് അതുപോലെ അടുക്കളയിലേക്ക് അത്യാവശ്യം ഉള്ള സാധനങ്ങൾ ഞാൻ പള്ളിയിൽ നിന്നും മടങ്ങി വരുമ്പോൾ വാങ്ങാനായി അയാൾ പണം എന്നെ ഏൽപ്പിക്കുമായിരുന്നു ഞങ്ങളുടെ റൂമിന്റെ അടുത്തൊന്നും ഇല്ലാത്ത ഭക്ഷണം ഞാൻ ഓട്ടം പോയി വരുമ്പോൾ വാങ്ങി കൊണ്ടു വരാനായി അയാൾ പണം എന്നെയായിരുന്നു ഏൽപ്പിച്ചിരുന്നത് ഇത്രയുമൊക്കെയായിട്ടും എന്നെക്കുറിച്ച് അയാൾ ഈ നുണകളൊക്കെ പറഞ്ഞുപരത്തിയത് എന്തിന് എന്നതിന്ന് എനിക്ക് ഒരു ഉത്തരമേ ഉള്ളൂ പരദൂഷണം പറഞ്ഞു ശീലിച്ചവർക്ക് അത് കൂടാതെ കഴിയില്ല മാത്രമല്ല തന്റെ രണ്ട് മക്കളുടെ ഉമ്മയായ പ്രിയപ്പെട്ട ഭാര്യയുടെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്കു പോയ ആൾ രണ്ട് മാസത്തെ അവധിക്കുള്ളിൽ തന്നെ പുതിയ കല്യാണവും കഴിച്ച് ഹണിമൂണും കഴിഞ്ഞാണ് തിരിച്ചു വന്നതെങ്കിൽ അയാളിൽനിന്ന് ഞാൻ വല്ല നന്ദിയോ കടപ്പാടോ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല
റൂം മാറിയാൽ ഉണ്ടാകുന്ന മറ്റൊരു ഉപകാരം കഫീലിനും ഭാര്യക്കും എന്റെ മേലുള്ള സംശയം അല്പമെങ്കിലും കുറഞ്ഞു കിട്ടും എന്നതാണ് ഓട്ടം ഇല്ലാത്ത സമയത്ത് ഒക്കെയും അവരുടെ വണ്ടി ഫ്ലാറ്റിന്റെ താഴെ പാർക്ക് ചെയ്തു കാണുമ്പോൾ തന്നെ പകുതി സംശയം മാറി കിട്ടും എന്റെ മനസാക്ഷിക്ക് ഞാൻ കൊടുത്ത വാക്ക് മറ്റൊന്നുമല്ല എന്തൊക്കെ കഷ്ടപ്പാടുകൾ ഉണ്ടായാലും ഇവിടെ നിന്നു പോകുന്നത് തിരിച്ചു ഒരിക്കലും ഇവളുടെ അടുത്തേക്ക് ജോലിക്ക് വരില്ല എന്ന് തീരുമാനിച്ച് കൊണ്ടായിരിക്കും എന്നാണ് ഒക്ടോബർ മാസം ഒന്നാം തീയതി തന്നെ ഞാൻ റൂം മാറുകയും ചെയ്തു ഒരുപാട് അന്വേഷിച്ചിട്ടും റൂമുകളൊന്നും കിട്ടാത്തപ്പോൾ ഞാൻ തന്നെയാണ് കഫീലിനോട് ആ സൂത്രം പറഞ്ഞത് കഫിലിന്റെ ഫ്ലാറ്റി നോട് ചേർന്ന് മറ്റൊരു ഫ്ലാറ്റ് കൂടി അയാൾ ഉമ്മക്കു വേണ്ടി വാങ്ങിയിട്ടുണ്ട് അമ്മായി അമ്മയുടെയും മരുമകളുടെയും ഒരുമിച്ചുള്ള പൊറുതി മതിയാക്കി രണ്ടുപേരും ഓരോരോ ഫ്‌ലാറ്റിലേയ്ക്ക് മാറാൻ പോവുകയാണ് ആ ഫ്ലാറ്റിന്റെ പണി തീരാത്തതിനാൽ അയാളുടെ ഉമ്മ ഇനിയും ഇവിടെ വന്നിട്ടില്ല
ആ പണി തീരാത്ത ഫ്ലാറ്റിൽ എവിടെയെങ്കിലും ഒരു എ സി വെച്ച് തന്നാൽ ഞാൻ നിലത്ത് ആണെങ്കിലും കിടന്നോളാമെന്നും ഫ്ലാറ്റിന്റെ പണി മുഴുവൻ തീരുമ്പോഴേക്കും എനിക്ക് താഴെ റൂം ശരിയാക്കി തന്നാൽ മതിയെന്നും ഞാൻ പറഞ്ഞപ്പോൾ കഫീലിനും സന്തോഷമായി ഏത് സമയവും വണ്ടി കാണുകയും ചെയ്യാം ഞാൻ വിളിപ്പുറത്ത് ഉണ്ടാവുകയും ചെയ്യും എന്നതുമാത്രമല്ല കഫീലിനെ സന്തോഷിപ്പിച്ചത് ഞാൻ താമസം മാറുന്നതോടെ എനിക്കു മാസാമാസം റൂമിനുവേണ്ടി തന്നിരുന്ന 300 റിയാൽ ലാഭം പിടിക്കുകയും ചെയ്യാമല്ലോ ഒന്നാം തിയതി തന്നെ ഞാൻ അവിടേക്ക് താമസം മാറി ഒരു ഹാളിൽ എസി ഉണ്ടായിരുന്നു അവിടെ നിലത്ത് എന്റെ പഴയ 'ആടു കിടക്ക' വിരിച്ചു ഞാൻ താമസം ആരംഭിച്ചു ആ കിടക്കയും തലയിണയും എന്റെ രണ്ടുമാസത്തെ ഉപയോഗത്തോടെ തന്നെ ഒരു പുസ്തകത്തിന്റെ അത്രക്ക് കട്ടിയായി ചുരുങ്ങിയിരുന്നു കൂടെ കൊണ്ടുപോകാൻ വേറെ ഒന്നും ഇല്ലാത്തതുകൊണ്ട് അത് ഞാൻ ഇവിടെയും കൊണ്ടുവരികയായിരുന്നു
പാചകം ചെയ്യാൻ ഗ്യാസും പാത്രങ്ങളും ഇല്ലാത്തതുകൊണ്ട് രണ്ടുദിവസം ഉച്ചക്ക് അല്പം ഭക്ഷണം ജോലിക്കാരി വഴി മാഡം എനിക്ക് തന്നു പക്ഷേ ഒരു ചായ കുടിക്കാൻ കഴിയാത്തതിനാൽ ഞാൻ നന്നായി വിശമിച്ചു ചായ എന്നും എന്റെ വീക്നെസ് ആണല്ലോ കഫീലിനോട് നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാവണം അവസാനം ഗത്യന്തരമില്ലാതെ അയാൾ എനിക്ക് സ്റ്റൗവും പാത്രങ്ങളും വാങ്ങിത്തന്നു പാത്രങ്ങൾ എന്നു പറഞ്ഞാൽ ചൈന മാർക്കറ്റ് ആയ 5 റിയാൽ കടയിൽ നിന്നും വാങ്ങിയ ഒരു പ്ലേറ്റ് ഗ്ലാസ് കറി പാത്രം ഇത്രമാത്രം ഗ്യാസ് കുറ്റിയും അടുപ്പും പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് സാധാരണ വണ്ടിയിൽ പുറത്തുകൊണ്ടുപോയി ചായയും കാപ്പിയും ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചെറിയ സ്റ്റൗ ചെറുതെന്നു പറഞ്ഞാൽ ആ വിഭാഗത്തിൽ ഏറ്റവും ചെറുത് രണ്ടുദിവസം ചോറ് തിളപ്പിച്ചാൽ തീരാവുന്ന ഗ്യാസേ അതിൽ കൊള്ളൂ മാത്രമല്ല നിറക്കാൻ 7 റിയാൽ ചിലവുമുണ്ട് അതിന്റെ പത്തിരട്ടി യിലധികം ഉൾക്കൊള്ളുന്ന സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് കുറ്റി നിറക്കാൻ 15 രൂപയേ ചിലവുള്ളൂ
എങ്കിലും അതിരാവിലെയുള്ള എന്റെ ചായ പ്രശ്നം തീർന്നുകിട്ടി മാത്രമല്ല ഇങ്ങനെയൊക്കെ അയാൾ ചെയ്തു തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ ഇവിടെ നിന്നു പോകുമ്പോൾ അവനോട് പ്രത്യേകിച്ച് കടപ്പാട് ഒന്നും ബാക്കിയുണ്ടാവില്ല ല്ലോ ആദ്യകാലങ്ങളിൽ ഒന്നും ഒരു കാര്യവും വീട്ടിൽ അറിയിച്ചില്ലെങ്കിലും പതിയെ പതിയെ ഞാൻ പറഞ്ഞു ഇപ്പോൾ ഇവിടുത്തെ എല്ലാ കാര്യവും വീട്ടുകാർക്ക് അറിയാം പക്ഷേ മുന്നോട്ടുപോകാൻ കഴിയില്ലെങ്കിൽ തിരിച്ചു പോന്നേക്ക് എന്ന് ആരും പറയില്ല അത് എന്റെ വീട്ടുകാരുടെ മാത്രം പ്രത്യേകതയല്ല എല്ലാ പ്രവാസി വീട്ടുകാരും ഒരുപോലെ തന്നെയാണ് ഏത് കഷ്ടപ്പാടിലും ഇക്ക തിരിച്ചുവന്നാൽ കൂടെയുണ്ടാകും ഉള്ളതുകൊണ്ട് ഒരുമിച്ച് അല്ലെങ്കിൽ പട്ടിണി അതും ഒരുമിച്ച് എന്ന് പറഞ്ഞു തട്ടത്തിൻ മറയത്തു നിന്ന് കണ്ണീരു തുടച്ച സുന്ദരിമാരൊക്കെ പണ്ട് ഇന്ന് അവരൊക്കെ ഒരുപാട് മാറിയിരിക്കുന്നു അല്ലെങ്കിലും കഷ്ടപ്പാടിലും പ്രതിസന്ധിയിലും നാട്ടിലേക്ക് തിരിച്ചുപോകാൻ അല്ലല്ലോ ഇങ്ങോട്ട് വിമാനം കയറിയത് കാലങ്ങൾ കഴിഞ്ഞാലും തിരിച്ചു വിളിക്കാത്ത വീട്ടുകാരാണ് ഇവിടെ പിടിച്ചുനിൽക്കാനുള്ള പ്രവാസികളുടെ ഊർജ്ജം
പുതിയ സ്ഥലത്ത് താമസം ആരംഭിച്ചതോടെ എന്റെ ശീലങ്ങളിലും ഞാൻ പല മാറ്റങ്ങളും വരുത്തി പഴയ റൂമിൽ നിന്നും രാവിലെ ബാങ്ക് വിളിച്ചതിനു ശേഷമാണ്‌ പള്ളിയിലേക്ക് പോയതെങ്കിൽ ഇവിടെനിന്നും ഞാൻ സ്ഥിരമായി പുലർച്ചെ ബാങ്കു വിളിക്കുന്നതിന് അല്പം മുൻപ് പള്ളിയിൽ പോകാൻ ശീലിച്ചു പള്ളിയിലേക്ക് റൂമിൽ നിന്നും മൂന്നോ നാലോ മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ മാത്രമല്ല പുതിയ പുതിയ ഫ്ലാറ്റുകൾ ഉള്ള സ്ഥലം ആയതുകൊണ്ട് അർദ്ധരാത്രിയോ പുലർച്ചെയോ ഒറ്റയ്ക്ക് നടക്കാൻ പേടിക്കേണ്ട കാര്യവുമില്ല ആഫ്രിക്കൻസ് കൂടുതൽ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പുലർച്ചെ ഒറ്റക്ക് ഇറങ്ങി നടക്കാൻ അല്പം പേടിക്കണം പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് ജിദ്ദയിൽ ഞാൻ ജോലിചെയ്തിരുന്ന കാലത്ത് അത്തരത്തിലുള്ള അക്രമങ്ങൾ ഒരുപാട് കേട്ടിരുന്നു ഇപ്പോൾ പൊതുവേ അതൊക്കെ കുറവാണ് മാത്രമല്ല കള്ളന്മാരും പുതിയ പുതിയ രീതികൾ സ്വീകരിച്ചിരിക്കുന്നു പുതിയ രീതികൾ എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുള്ള നമ്മുടെ നാട്ടിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിലുള്ള കവർച്ച യാണ് അത്തരത്തിൽ കവർച്ചയ്ക്കിരയായ രണ്ടു പേരെ എനിക്ക് ഇവിടെ വന്നിട്ട് നേരിൽ പരിചയപ്പെടാൻ കഴിഞ്ഞു
അതിലൊരാൾ എന്റെ പഴയ റൂമിൽ ഉണ്ടായിരുന്ന എസി മെക്കാനിക്ക് ആയിരുന്നു അയാളെ ചില നൈജീരിയക്കാർ പരിചയപ്പെട്ടു പരിചയം വളർന്ന് ചെറിയ ചെറിയ സാമ്പത്തിക ഇടപാടുകൾ ഒക്കെ ആയി അവസാനം ഒരു പെട്ടിയിൽ ഒരു ലക്ഷത്തോളം റിയാലുകൾ ഇയാളെ സൂക്ഷിക്കാൻ ഏൽപ്പിച്ച അവർ നൈജീരിയയിലെക്ക് പോയി പിന്നീട് ഇയാൾക്ക് വിളിച്ച് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കാൻ പറഞ്ഞു പെട്ടി തുറക്കരുതെന്നും സ്വന്തം പണം അയച്ചു കൊടുക്കണമെന്നും ആണ് പറഞ്ഞത് പെട്ടിയിലേക്ക് പണമെണ്ണി വയ്ക്കുന്നത് കണ്ണുകൊണ്ട് കണ്ടതുകൊണ്ടും പെട്ടി ഇയാളുടെ കയ്യിൽ ഉണ്ടായതു കൊണ്ടും ഇയാൾ പലതവണ അവർ പറഞ്ഞതു പോലെ ഇരുപത്തി അയ്യായിരത്തോളം റിയാൽ അവർക്ക് അയച്ചു കൊടുത്തു പിന്നീടെപ്പോഴോ സംശയം തോന്നി പെട്ടി തുറന്നു നോക്കിയപ്പോൾ വെറും ശൂന്യം എന്തിനാണ് സ്വന്തം പണം അയക്കാൻ പോയത് എന്ന ചോദ്യത്തിന് അയാൾക്ക് മറുപടിയില്ല
രണ്ടാമത്തെയാളെ ആളെ പരിചയപ്പെട്ടത് കുട്ടികളുടെ മദ്രസയുടെ അടുത്തുനിന്നാണ് എന്നെപോലെ ഹൗസ് ഡ്രൈവർ ആയ മദ്രാസ് സ്വദേശി അയാൾ പറ്റിക്കപ്പെട്ട കഥ ഇങ്ങനെ അയാൾ അയാളുടെ റൂമിന്റെ അടുത്തു നിൽക്കുമ്പോൾ 3 സൗദികൾ എന്ന് തോന്നിക്കുന്ന ആളുകൾ കാറിൽ വന്ന് സലാം പറഞ്ഞു മുന്നിലിരിക്കുന്നത് പിതാവും വണ്ടി ഓടിക്കുന്നത് മൂത്ത മകനും പിറകിൽ ഇരിക്കുന്നത് ഇളയ മകനും ആണെന്നു സ്വയം പരിചയപ്പെടുത്തി എന്നിട്ട് അവരുടെ പ്രശ്നം അവതരിപ്പിച്ചു മദീനയിൽ നിന്നും ജിദ്ധയിലേക്ക് യാത്ര വന്നതാണെന്നും കയ്യിലുള്ള പണമെല്ലാം തീർന്ന് എണ്ണ അടിക്കാനും ഭക്ഷണത്തിനും ഒന്നും പണമില്ലാതെ വിഷമിക്കുകയാണെന്നും പറഞ്ഞു 500 റിയാൽ കടമായി നൽകിയാൽ മദീനയിലെത്തിയാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു തരാം എന്നു പറഞ്ഞു കേട്ടപ്പോൾ ഇയാൾ അപ്പോൾ കൈയിൽ പണം ഇല്ലാതിരുന്നിട്ടു പോലും അവരോടൊപ്പം വണ്ടിയിൽ കയറി എടിഎം കൗണ്ടർ വരെ പോയി പണം എടുത്തു കൊടുക്കുകയായിരുന്നു പിന്നെ റൂമിൽ തിരിച്ചെത്തിയതിനു ശേഷം ആണ് ഞാനിപ്പോൾ ചെയ്തത് എന്താണെന്നും മറ്റുമുള്ള ഒരു ബോധം അയാൾക്ക് ഉണ്ടായതത്രെ അപരൻ കൊടുത്ത ഫോൺ നമ്പർ രണ്ടുദിവസം അടിക്കുമ്പോൾ റിങ് ചെയ്തെങ്കിലും ആരും ഫോണെടുത്തില്ല മൂന്നാമത്തെ ദിവസം മുതൽ റിങ് ചെയ്യുന്നുമില്ല കാലങ്ങൾ കഴിഞ്ഞിട്ടും ഇയാളുടെ അക്കൗണ്ടിലേക്ക് പണം വന്നതുമില്ല
ഇവിടെ അക്രമികൾ ഉപയോഗിക്കുന്ന തന്ത്രം എന്താണെന്ന് ആർക്കും മനസ്സിലാകുന്നില്ല കൺകെട്ടോ കൂടോത്രമോ ഹിപ്പ്നോട്ടിസമോ മനസ്സു മാറ്റുന്ന മറ്റു വല്ല വിദ്യകളോ എന്താണെന്നറിയില്ല ഏതായാലും കഠിനാധ്വാനം ചെയ്ത് കുടുംബം നോക്കാൻ കഷ്ടപ്പെടുന്ന ആളുകളെ പറ്റിക്കുന്ന ഓരോരോ വിദ്യകൾ നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും വന്നാൽ 6 30 ന് കുട്ടികളെയും എടുത്ത് ആദ്യം മദ്രസയിൽ പോകും കുട്ടികളെ ഇറക്കി കഴിഞ്ഞു മാടത്തെ ഓഫീസിൽ കൊണ്ടുവിടും അവിടെ നിന്നും മടങ്ങുന്ന വഴിക്ക് അവളുടെ വീട്ടുകാർക്ക് വല്ല ഓട്ടങ്ങളും ഉണ്ടെങ്കിൽ നേരെ അവിടേക്ക് ചെല്ലാൻ പറയും അവളുടെ അനിയത്തിമാരുടെ ഓട്ടമോഉമ്മാക്ക് ആശുപത്രിയിൽ പോകാനോ മറ്റോ ഉണ്ടെങ്കിൽ അതെല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് 2 30ന് കുട്ടികളെ രണ്ടുപേരെയും മദ്രസയിൽ നിന്നും എടുത്ത് വീട്ടിൽ തിരിച്ചു കൊണ്ടുവരും അല്പം കഴിഞ്ഞ് നിസ്കാരം കഴിഞ്ഞ് അഞ്ച് മണിക്ക് മുമ്പായി മാടത്തിന്റെ ഓഫീസിലെത്തും അവളെ വീട്ടിലേക്ക് കൊണ്ടു വന്നാൽ സ്ഥിരമായിട്ടുള്ള ഓട്ടം ഏകദേശം പൂർണമായി
രാവിലെ 6 30മുതൽ വൈകിട്ട് 6 30 വരെ ആണ് സ്ഥിരമായ ഓട്ടം അതിനിടയിൽ അവളുടെ വീട്ടുകാരുടെ ഓട്ടങ്ങൾ ഒന്നും ഇല്ലാത്ത ദിവസം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അല്പം ഒഴിവു കിട്ടും കുളിയും അലക്കലും പാചകവും എല്ലാം ആ സമയത്ത് നടത്താം വൈകുന്നേരം ആറ് മുപ്പതിന് വീട്ടിൽ വന്നാൽ അപൂർവ്വം ചില ദിവസങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാ ദിവസവും രാത്രി 12 മണിവരെയോ അതിലധികമോ ഓട്ടം ഉണ്ടാകും ഇത്രയും കാലത്തെ ജിദ്ദയിലെ പരിചയം വെച്ച് ഞാൻ മനസ്സിലാക്കിയത് ജിദ്ദയിൽ ഒരറ്റം മുതൽ മറ്റേ അറ്റംവരെ നീളത്തിൽ പ്രധാനമായും അഞ്ചു ഹൈവേകൾ കടന്നുപോകുന്നുണ്ട് സിറ്റി സെന്റർ അതായത് ജിദ്ദയുടെ തലസ്ഥാനമായി അറിയപ്പെടുന്ന ബലദ് മുതൽ ഏകദേശം എയർപോർട്ടിന്റെ അതിർത്തിവരെ നീണ്ടുകിടക്കുന്നതാണ് ഈ 5 ഹൈവേകളും ഈ ഹൈവേകളെ മൊത്തത്തിൽ വീതിയിൽ മുറിച്ചു കടക്കാൻ ഒരുപാട് റോഡുകൾ ഉണ്ടെങ്കിലും പ്രധാനമായും ഹൈവേയായി സിഗ്നലുകളും മറ്റും ഒഴിവാക്കി കടന്നുപോകുന്നത് 2 ഹൈവേകളാണ് ഈ രണ്ട് ഹൈവേകളിൽ ഒന്നിൽ കൂടി മാത്രമേ ഇപ്പോൾ ഞങ്ങളുടെ താമസ സ്ഥലത്തു നിന്നും പുറത്തു കടക്കാൻ പറ്റൂ മാത്രമല്ല ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്നതാണ് ഇപ്പോഴത്തെ ഞങ്ങളുടെ യാത്ര
സിഗ്നലുകൾ ഒഴിവാക്കാൻ വേണ്ടി പ്രധാന ഹൈവേകൾ മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലൊക്കെ മേൽ പാലങ്ങളും തുരങ്കങ്ങളും ഒക്കെ ഉണ്ടെങ്കിലും മദ്രസ സമയത്തുള്ള പൊതുവേയുള്ള തിരക്കും ഹൈവേ കളിലേക്ക് പ്രവേശിക്കുകയും അവിടെ നിന്ന് പുറത്ത് കടക്കുകയും ചെയ്യുന്ന വാഹനങ്ങളുടെ തിരക്കും കൂടിയാവുമ്പോൾ റോഡ് നിശ്ചലമാകുന്ന അവസ്ഥയാകും ഇതിനൊക്കെ പുറമേ എല്ലാ വിധ കേടുപാടുകളും ഉള്ള സാധാരണ ഗിയർ വണ്ടി കൂടിയാവുമ്പോൾ എന്റെ കാൽമുട്ടിന്റെ അവസ്ഥ വളരെ പരിതാപകരമായി തീരും എങ്കിലും എനിക്ക് ആശ്വാസമാണ് തോന്നിയത് കാരണം ദിവസം മുഴുവൻ ജോലി അല്പം വിശ്രമം ഒറ്റപ്പെടൽ ഒരിക്കലും അനുഭവപ്പെടുന്നില്ല കാരണം അതും ഇതും ചിന്തിച്ച് കിടക്കാനുള്ള സമയമില്ല തിരക്കുപിടിച്ച സമയത്ത് മണിക്കൂറുകളോളം ഈ പഴയ വണ്ടി ഓടിക്കുന്നത് കൊണ്ട് ശരീരത്തിന് ക്ഷീണം ആയതിനാൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് പോലും ഓർമ്മയില്ലാതെ പെട്ടെന്ന് ഉറങ്ങിപ്പോകും
മാറിയ സാഹചര്യത്തിൽ എന്റെ ജോലി അൽപ്പം കഠിനമാണെങ്കിലും പല സാഹചര്യങ്ങളും എനിക്കനുകൂലമായി വന്നു സദാസമയവും ഞാനും വണ്ടിയും അവരുടെ ഫ്ളാറ്റിനു താഴെ എന്തിനും തയ്യാറായി നിൽക്കുന്നത് കൊണ്ടാവണം മാഡത്തിന്റെ സ്വഭാവത്തിൽ അല്പം മയമൊക്കെ അനുഭവപ്പെട്ടു കഫീലിന്റെ ഭാഗത്തുനിന്നും അങ്ങനെ തന്നെ എങ്കിലും അവർ രണ്ടുപേരും ജോലിസ്ഥലത്തും ഞാൻ റൂമിലും ആണെങ്കിൽ ഇടക്കിടക്ക് ഓരോരോ കാരണങ്ങൾ ഉണ്ടാക്കി എന്നെ വിളിച്ചു കൊണ്ടിരിക്ക്കും വണ്ടിയുമെടുത്ത് ഞാൻ എവിടെയെങ്കിലും പോകുന്നുണ്ടോ എന്ന് അറിയാനായിരിക്കും അത് നാലു ഭാഗങ്ങളിലേക്കും തിരിയാനുള്ള സിഗ്നലും പിറകിലേക്ക് കാണാനുള്ള കണ്ണാടിയും ഒക്കെ വെച്ചത് കൊണ്ട് വണ്ടിയിലും പഴയതിൽ നിന്ന് അൽപ്പം ആശ്വാസം ഒക്കെ കിട്ടി തുടങ്ങി
(തുടരും )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot