ഒരു പാവം പെണ്ണ്..


അങ്ങനെ രണ്ടുമാസത്തെ അവധിയും കഴിഞ്ഞു കെട്ടിയോൻ അടുത്ത കപ്പലു പിടിച്ചു...!!(തിരിച്ചുപോയെന്ന്).. അങ്ങേരു അങ്ങ് ദൂരെ ഏതോ തീരത്ത് ഒടുങ്ങാത്ത തിരയും എണ്ണി ചിലപ്പോൾ എന്നേം ഓർത്തൊണ്ടു ഇരിക്കാവും എന്നോർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു .ഈ കണ്ണ് പണ്ടേ ഇങ്ങനെയാണ്...ഒരനുസരണെം ഇല്യാ..അങ്ങനെ അവന്റെ തോന്നി വാസം സമ്മതിച്ചു കൊടുക്കാൻ പറ്റോ..അവനെ തോൽപിക്കാൻ ഞാൻ കെട്ടും ഭാൻഡോം മുറുക്കി വീണ്ടും ഇറങ്ങി.. പഠിക്കാൻ... കാര്യം അവനേം (ഐ മീൻ ആ അനുസരണ ഇല്ലാത്ത കണ്ണിനേം)പറഞ്ഞിട്ടൊരു കാര്യോം ഇല്യാ..പുതുമോടിയാണേ... വല്ല ദേശത്തും നമുക്ക് പരിചയമില്ലാത്ത എല്ലാം നമ്മുടെ സ്വന്തം ആണെന്ന് പറഞ്ഞു പടിപ്പിക്കുമ്പോ സ്വന്തയിട്ടുള്ള കേട്യോൻ അടുത്തില്ലാത്തത് ശ്ശി കഷ്ടം തന്നാണ്.. അത് ദേ നിങ്ങളെ പോലുള്ള പുരുഷപ്രജകൾക്കു ചിലപ്പോ മനസിലാവ്‌ല്യ.. പക്ഷെ ദേ ഈ ചേച്ചിയോട് ചോദിച്ചു നോക്കിക്കേ..ഇല്ലേ ചേച്ചി??? അഹ്ഹ് അതാണ്..നിങ്ങള് ആണുങ്ങള് ഇന്നിപ്പോ സൈക്കോളജി അരച്ച് കലക്കി വന്നാലും ഞങ്ങള് പെണ്ണുങ്ങളുടെ വെഷമൊന്നും നിങ്ങക്ക് തിരിയൂലാ..അതവിടെ നിക്കട്ടെ..
ഞാൻ ഭാണ്ഡോം തൂക്കി ഇറങ്ങീപ്പോ അമ്മായിയമ്മ പറഞ്ഞു "ന്നാ ന്റെ മോള് കുറച്ചീസം വീട്ടിൽ പോയി നിന്നോ..." "ആഹ് ശരി അമ്മാ..."
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽഎന്നാലെ നിങ്ങളിപ്പോ ഓർത്തത്..അങ്ങനൊന്നും ഇല്ല...അമ്മ മോന്റെ കുഞ്ഞിലേ വീരസഹാസങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ രണ്ടു പൈപ്പ് കണക്ഷൻ കണ്ണിലൂടെ ഇട്ടു എന്നൊക്കെയാണ് ആരോപണം.. അതിനാണ് ഈ കുടിയിറക്കൽ ...ഇതുകൊണ്ടൊന്നും ഞാൻ ത ള രൂല്ല...ഹ്മ്....
പഴയപോലെ ക്ലാസിൽ പൊയ്‌തുടങ്ങിയപ്പോൾ ആണ് വീട്ടിൽ പോയി നിക്കാൻ സുവർണാവസരം... പതിവ് വഴികൾ...പതിവ് സമയം...ഓർമ്മകൾ അലിഞ്ഞുചേരുന്ന വഴികൾ...അങ്ങനെ അവിടന്ന് ക്ലാസിൽ പോവാൻ വേണ്ടി പഴയ ബസിൽ വലിഞ്ഞു കയറിയപ്പോൾ ആണ് മനസിന് വല്ലാത്തൊരു ചാഞ്ചാട്ടം..കണ്ണ് ആരാധനയോടെ ആ ഡ്രൈവർ പയ്യനിലേക്ക്...ഹ്ഹോ ഇവനെ എന്തെ ഞാൻ നേരത്തെ ശ്രദ്ദിച്ചില്ല..കാര്യം അവനോടു പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും മുഖം ഇന്നാദ്യം ആയാണ് ശ്രദ്ദിക്കുന്നത്..കൊള്ളാം ഒരു കൊച്ചു കുഞ്ചാക്കോ ബോബൻ തന്നെ...
വേണ്ടാ......അവിഹിതം എന്നൊന്നും ചിന്തി ച്ചു ആരും മെനക്കെടേണ്ട... കാര്യം ദാ ഇതാ...
ഫ്ലാഷ് ബാക്ക്...
കുതിര പുറത്തെ സഞ്ചാരം...വളവുകൾ മാത്രം ഉള്ള എന്റെ കൊച്ചു ഗ്രാമത്തിലെ വഴി...താൻ എന്തോ വലിയ പ്ലെയിൻ പറപ്പിക്കുകയ്യാണ് എന്ന അഹങ്കാരം ഒട്ടും ഇല്ലാത്ത ഡ്രൈവർ പയ്യൻ...സൊ പിടിച്ചിരുന്നില്ലെങ്കിൽ മൂക്ക് അവിടെ കാണില്ലെന്ന് സാരം...ഓരോ പത്തു മീറ്ററിലും വളവും അതെല്ലാം നൊടിയിട കൊണ്ട് വളച്ചെടുക്കുന്ന അവനും.ഞാൻ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് ഇവന് വൈകീട്ട് വീട്ടിൽ പോവന്ടെങ്കിൽ പോവേണ്ട...ഇത്രേം യാത്രക്കാരെ കൂടെ വീട്ടിലെത്തിക്കൂല എന്ന് വല്ല പ്രതിജ്ഞയും എടുത്തിട്ടാണോ ഇവൻ ഇവിടെ കേറി ഇരിക്കുന്നെന്നു... ഏതായാലും പറയുമ്പോ എല്ലാം പറയണോലോ...ഈ ബസിൽ മാത്രണ്‌ട്ടോ ഞങ്ങടെ റൂട്ടിൽ പാട്ടു വക്കാ... ഞാനൊരു സ്വപ്ന ജീവിയും...അതോണ്ട് ആ ബസിലെ യാത്ര എനിക്കിഷ്ടാരുന്നു..
അങ്ങനെ പാട്ടൊക്കെ കേട്ടു പുറത്തെ ഹരിതാഭ ഒക്കെ ആസ്വദിച്ച് നോം ബസിന്റെ ഡോറിന്റെ സൈഡിലെ സീറ്റിൽ ആണ് ഇരിക്കുന്നത്..എന്റെ സീറ്റും ഡോറും തമ്മിൽ ഉള്ള അകലം കയ്യെത്തുന്നതിലും കൂടുതകളാണ്...അവിടെ സുഖമായിട്ടു യാത്രക്കാർക്ക് നാലു പേർക്ക് എങ്കിലും നിക്കാം... ഞാൻ വിൻഡോ സീറ്റിൽ ആയത്കൊണ്ട് എനിക്ക് സൈഡിലെ കമ്പിയിൽ പിടിക്കാം..എന്റെ സീറ്റിൽ അപ്പുറത്തു ഇരിക്കുന്ന ആൾക്കാ ണ് ബുദ്ധിമുട്ട്...ബ്രേക്ക് പിടിച്ചാൽ ദാ കിടക്കുന്നു മൂക്കും കുത്തി താഴെ...പിടി ഇല്ലെന്നു സാരം
ഞാനങ്ങനെ പാട്ടും കേട്ട് സുഖിച്ചിരിക്കുമ്പോ ആണ് ആ ചെക്കൻ വണ്ടി ഒന്ന് സ്റ്റൈൽ ആയി വെട്ടി വളച്ചത്.. എല്ലാരും കൂടി ദാ ഒരു വശത്തോട്ടു... ഞാൻ കമ്പിയിൽ പിടിച്ചതും ഒരു പടക്കം പൊട്ടിയതും ഓർമ ഉണ്ട്...പിന്നെ കണ്ണ് തുറകുമ്പോ ചുറ്റും കുറെ തലകൾ...ആക്സിഡന്റ്.....??????
പിന്നെ കുന്തം ആണ്...ഞാൻ ഒഴിച്ചു ബാക്കി എല്ലാരും വടി പോലെ നിൽക്കുന്നു...ഇതെന്താ സംഭവം...അന്തം വിട്ടു കുന്തം വിഴുങ്ങിയമതിരി നോക്കുന്ന എന്നോടൊരു ചേച്ചി..
"മോൾക്ക് കുഴപോന്നുല്യാലോ..." "കുഴപ്പം....."
ഇല്ലാൻന്നു പറഞ്ഞു കഴിഞ്ഞപ്പോഴാണ്..ഒരു വേദന...കവിളിലേക്ക് കൈ നീണ്ടു ചെന്നു... ആഹ്...നല്ല സുഖം...എന്താ സംഭവം എന്ന് പിന്നേം കുറെ കഴിഞ്ഞാണ് എനിക്ക് മനസിലായെ...വളവു തിരിഞ്ഞപ്പോൾ ബാലൻസ് പോയ അപ്പുറത്തുന്ന ചേച്ചി വിന്ഡോയുടെ കമ്പിയിൽ പിടിക്കാൻ കൈ നീട്ടിയതാണ്... ബാലൻസ് പോയതുകൊണ്ട് അത് ശക്തിയായ ഒരു മർദനം ആയി എന്റെ കവിളിൽ പതിച്ചു...സെറിബെല്ലത്തിന്റെ കണ്ട്രോൾ അങ്ങ് പോയി...നോം ബോധം കേട്ട് പോയി..തല്ലിയ വൈക്ളഭ്യത്തിൽ സോറി പറയാൻ വന്ന ചേച്ചിടെ തോളത്തോട്ടു പതിച്ചു..പാവം ചേച്ചി..പേടിച്ചുപോയി..
സാരല്യ അറിയാതെ പറ്റീതല്ലേ ഞാൻ ആശ്വസിപ്പിച്ചു..അന്ന് പിന്നെ ക്ലാസിലോട്ടു പോയില്ല..ജംഗ്ഷനിൽ ബസ് ഇറങ്ങി വീട്ടിലോട്ട് തിരിച്ചുപോയി...തലയിലെ തരിപ്പ് അപ്പോഴും മാറിയിട്ടില്ലയിരുന്നു...സ്വതവേ ഇരുനിറത്തിൽ ഉള്ള എന്റെ കവിളിൽ തിണർത്ത പാടുകൾ കണ്ടപ്പോൾ എനിക്ക് മനസിലായി ചേച്ചി നല്ല പണിയെടുത്തു തഴമ്പിച്ച കയ്യുടെ ഉടമ ആണെന്ന്...
കാര്യം വരേണ്ടത് ദേഷ്യവും ശത്രുതയും ആണെങ്കിലും കുട്ടിക്കളി വിട്ടുപോവാത്തൊരു മണ്ടികുട്ടി ആയോണ്ട് പിന്നെ കണ്ടപ്പോ ഞാൻ ചിരിച്ചു...ആൾ എന്റെ അടുത്തിരുന്ന വേറൊരു ചേച്ചിയെ എണീപ്പിച്ചു എന്റടുത്തു വന്നിരുന്നു..വീണ്ടും പറ്റിപോയയ്‌തിനു ക്ഷമ ചോദിച്ചു..വേദന ഉണ്ടൊന്നു ചോദിച്ചു..പയ്യെ തലോടി നോക്കി...പഠിക്കുന്ന കാര്യോം വീ ട്ടു കാര്യങ്ങളും ഒക്കെ ചോദിച്ചു...
പതിവ് യാത്രകളിൽ പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടി..ബർത്തമാനം പതിവായി..പതിയെ പതിയെ കൂട്ടുകാരായി...വീട്ടു വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അറിഞ്ഞു അകാലത്തിൽ ഒറ്റക്കായി പോയതാണ്..ഒരു മോനെ ഉള്ളു..അവനെ വളർത്തിയത് പാറമടയിൽ പോയി പണിയെടുത്തിട്ടാ...അപ്പൊ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...എന്റെ കണ്ണും നിറഞ്ഞു അത് വേറൊന്നും കൊണ്ടല്ലാആട്ടോ...ഇത്രേം കൊല്ലം കരിങ്കല്ല് പൊട്ടിച്ച ആ കൈ വച്ചിട്ടാ എന്റെ കുഞ്ഞികവിള് അടിച്ചു നീരുവരുത്തിയതല്ലേ എന്നോർത്തിട്ടായിരുന്നെ....
പഠിക്കാൻ മിടുക്കി ആയത് കൊണ്ട് പഠന സ്വപ്‌നങ്ങൾ അങ്ങ് റീസെർച്ചിലും എംഫില്ലിലും കാട് കയറി നടക്കുമ്പോൾ ആണ് വീട്ടിന്നു ആ തീരുമാനം..ഇനീപ്പൊ കല്യാണം നോക്കാം..അത് കഴിഞ്ഞും പഠിക്കാലോ... ഹ്ഹോ....അങ്ങനെ കണ്ണീരിൽ കുതിർന്ന എന്റെ ആദ്യത്തെ പെണ്ണു കാണലിൽ ഞാൻ. പിന്നേം ഞെട്ടി..ദാ ഇരുന്നു ചിരിക്കുന്നു എന്റെ കവിൾ അടിച്ചു നീര് വരുത്തീട്ടു....
അച്ഛനും അമ്മേം നല്ല ബന്ധം ആണെന്ന് പറഞ്ഞതല്ലാതെ ഞാൻ കൂടുതൽ ഒന്നും അന്വേഷിച്ചില്ലയിരുന്നു..ഇപ്പൊ എല്ലാം മനസിലായി...നവീൻ..28 വയസ്... കപ്പലിലെ ജോലി...എല്ലാം ബസ് യാത്രക്കിടയിൽ എപ്പോഴോ കേട്ടറിഞ്ഞ കാര്യങ്ങൾ...എന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നെനിക്കു ചോദിക്കണം എന്നുണ്ടായിരുന്നു...പറ്റിയ ഒരു സാഹചര്യം കിട്ടിയില്ല...അങ്ങനെ കല്യാണം കഴിഞ്ഞു..ഞാനിന്നു സന്തുഷ്ടയാണ് ..
ഇപ്പോൾ മനസിലായോ ഞാനാ ഡ്രൈവർ പയ്യനെ ആരാധനയോടെ നോക്കിയത്തിന്റെ കാര്യം..??അന്ന് അവനാ സർക്കസ് അഭ്യാസം കാണിച്ചില്ലയിരുന്നെങ്കിൽ ഒരു പക്ഷെ മറ്റേതെങ്കിലും ഒരു വീട്ടിലെ മറ്റേതെങ്കിലും ഒരമ്മയുടെ മരുമകൾ ആയേനെ ഞാൻ...ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട് ആയമ്മക്ക് ഒരു മോളെ കൊഞ്ചിക്കാൻ ഇഷ്ടമായിരുന്നു എന്ന്..മോനേക്കാളും അവർ എന്നെ ഇഷ്ടപെടുന്നു എന്ന്...ഒരിക്കലും വന്നു കയറിയ പെണ്ണെ ന്ന നിലയിൽ അല്ല സ്വന്തം മോളെ പോലെയാണ് ശാസിക്കുന്നതും വഴക്കടിക്കുന്നതുമെല്ലാം...
പിന്നെ പറ്റിയ ഒരു കുഞ്ഞു പ്രോബ്ലം എന്താന്ന് വച്ചാ അന്ന് പരിചയപ്പെട്ടപ്പോ വല്യമ്മേ എന്ന് വിളിക്കായിരുന്നു.. സാധാരണ എന്റെ അമ്മയെ ക്കാൾ മുതിർന്നവരെ ഞാൻ അങ്ങനെയാ വിളിക്കാ... ബട്ട് ഇപ്പഴത്തെ പലർക്കും അതൊരു നാണകേടാന്ന് എനിക്ക് പലപ്പഴും തോന്നിട്ടുണ്ട്..അത്കൊണ്ട് ഇപ്പൊ എല്ലാരേം അങ്ങ് ചേച്ചി എന്നാണ് വിളിക്കാ...അതാവ്മ്പോ അവർക്ക് കുഴ പൊന്നുല്യ... ഇവിടേം ഞാൻ ആദ്യം പരിചയപ്പെട്ടപ്പോ സാരല്യ ചേച്ചി എന്നാണ് പറഞ്ഞത്...ചേച്ചിയെ അവസാനം അമ്മെ എന്നാക്കാൻ കുറച്ചു പാട് പെടേണ്ടിവന്നു...എന്നാലും അറിയാതെ ഇടയ്ക്കു നാവിൽ ചേച്ചി വരും...അതാരുടെയെങ്കിലും മുൻപിൽ വച്ചാകുമ്പോ ഒരു നോക്കി പേടിപ്പിക്കൽ ഉണ്ട്..ഞാനെന്തു ചെയ്യാനാ .ഇതൊക്കെ എന്റെ കുറ്റം കൊണ്ടാണോ???
ബൈ ദി വേ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് എത്താറായി... എനിക്ക് ഫ്രീ ആയിട്ട് തരാൻ ഉള്ള ഒരു ഉപദേശം ന്താന്നു വച്ചാ തലമുതിർന്ന ആളുകളെ കാണുമ്പോ മനസ് തുറന്നു ചിരിക്കാൻ പഠിക്കാ.. ഭാവിയിൽ അമ്മയിയാമ്മയും അമ്മയിയച്ഛനും ആവാൻ വേണ്ടിയൊന്നും അല്ല... കറ തീർന്ന നല്ല ബന്ധങ്ങളുണ്ടാവാൻ..അതൊരു സൗഹൃദമോ പരിചയമോ എന്തും ആയിക്കൊള്ളട്ടെ...ഒരാളെ കാണുമ്പോ ഒന്ന് ചിരിച്ചാൽ നമുക്ക് പ്രത്യേകിച്ച് നഷ്ടം ഒന്നും ഇല്ല... മറിച്ച് ഒരു പുഞ്ചിരി നൽകുന്ന പോസിറ്റീവ് എനർജി നമുക്കും അത് സ്വീകരുക്കുന്നവർക്കും എല്ലായ്‌പോഴും ഉണ്ടാകും...എന്നെ പോലെ അത് ഭാവിയിൽ നിങ്ങൾക്ക് തന്നെ ഗുണമായി വന്നു കൂടെന്നില്ല...ഞാനന്ന് ആയമ്മയെ ദേഷ്യത്തോടെ മുഖം തിരിച്ചു നടന്നിരുന്നെങ്കിൽ ഞങ്ങളിന്നും ശത്രുക്കളായി ഇരുന്നേനെ...അത് കൊണ്ട് ആർക്കും ഒരു നന്മയും വരാനും ഇല്ല...സൊ ചിരിക്കാൻ ഒരിക്കലും പിശുക്ക് കാട്ടാതിരിക്കുക..കുറച്ചൊക്കെ ക്ഷമിക്കാനും പഠിക്കുക...
നോട്ട് ദി പോയിന്റ്....
ഇതൊക്കെ ബായിച്ചിട്ടു കണ്ട ചെക്കന്മാരെ ഒക്കെ കാണുമ്പോ ആരും ചിരിച്ചു കാണിച്ചേക്കല്ലേ കോളേജ് കുമാരിമാരെ... ഇങ്ങോട്ടുള്ള നോട്ടം ശരിയായ രീതിയിൽ ആണോ എന്ന്എനസിലാക്കാനുള്ള സാമാന്യ വിവേകം ഉള്ളവരാണ് ഇത് വായിക്കുന്നത് എന്ന് പ്രതീക്ഷിക്കുന്നു..
അത് പോലെ16 സെക്കൻഡിൽ കൂടുതൽ ചിരിച്ചോണ്ടു നിന്ന് പണി വാങ്ങാതിരിക്കാൻ സഹോദരന്മാരും ശ്രദ്ദിക്കുക...
സ്നേഹത്തോടെ
വലതു കാൽ വച്ച് കയറുന്നതിനു മുൻപേ അമ്മായിയമ്മയുടെ അടി വാങ്ങി ബോധം പോയ ഒരു പാവം പെണ്ണ്...

By Shimitha Ravi

തൂലികയും തീപ്പെട്ടിക്കൊള്ളികളും



´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഒരു രാത്രിയിൽ,
എഴുത്തു മുറിയിൽ,
ഒരു തീപ്പെട്ടിക്കൂടിനു മുകളിൽ,
ഞാനെന്റെ തൂലിക ചാരി വെച്ചു.
ഞാനുറങ്ങിയപ്പോൾ,
ഒറ്റയ്ക്കായിപ്പോയ എന്റെ തൂലികയെ,
തീപ്പെട്ടിക്കൊള്ളികൾ പേടിപ്പിച്ചു ;
"നിന്നെ ഞങ്ങൾ ചുട്ടുകളയും"
എന്ന് .
ഒട്ടും ഭയക്കാതെ, പുഞ്ചിരിച്ചു കൊണ്ട്
എന്റെ തൂലിക തിരിച്ചടിച്ചു..
"ലോകത്തിൽ മുഴുവനും,
ഏതു കാലഘട്ടത്തിലും,
ഏത് കാലാവസ്ഥയിലും ,
മഞ്ഞിലും മഴയിലും,
അഗ്നി നാളങ്ങൾ പടർത്താൻ
കഴിവുള്ളയാളാണ് ഞാൻ "
സ്വയം ജ്വലിച്ചു കൊണ്ട് ,
ചുട്ടു പഴുത്ത
എന്റെ തൂലികയെ കണ്ട്
തീപ്പെട്ടിക്കമ്പുകൾ ഭയന്നൊളിച്ചു.
അപ്പോൾ
ഞെട്ടിയുണർന്ന എന്നെ നോക്കി,
ഒരു പ്രണയിനിയുടെ കുസൃതി ഭാവത്തിൽ,
എന്റെ തൂലിക
കണ്ണിറുക്കിക്കാട്ടി.
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ

പ്രിയ ഡിസംബർ, നിനക്കായ് !

Image may contain: Benny TJ, closeup
പ്രിയ ഡിസംബർ,
വിടവാങ്ങലിന്റെയും,പ്രതീക്ഷകളുടെയും
തോഴിയാണെങ്കിലും,മഞ്ഞും, കുളിരും
കിലുകിലാവിറപ്പിക്കും തണുപ്പുമേകും
പന്ത്രണ്ടിൽ സുന്ദരി നീതന്നെ.
എത്രയോ ഋതുക്കൾ ഞാൻ നിന്നിലൂടെ
പിച്ചവച്ചും,നടന്നും,ഓടിയും എന്റെ
വളർച്ചയുടെ ഓരോ ഘട്ടങ്ങളിൽ
ആഘോഷത്തിമിർപ്പോടെ
നിന്നേ,സ്വീകരിച്ചും,യാത്രയാക്കിയും
ഇത്രയുംന്നാളീ മണ്ണിൽ ജീവിച്ചു.
ഇനിവരുമ്പോ,ളെന്നെയിവിടെക്കണ്ടില്ലെങ്കിൽ
വിഷമിക്കരുത്എവിടെയുണ്ടെന്നറിയാൻ
നിന്റെ ഹൃദയത്തിലേക്കു സൂക്ഷിച്ചു നോക്കുക.!
ധർമ്മാ,ധർമ്മങ്ങളേറ്റുമുട്ടവേ ന്യായവും,
നീതിയും അധർമ്മത്തിനു മുന്നിൽ
പകച്ചു പോകും കലിയുഗത്തിൽ
വാതായനങ്ങളടച്ചിട്ട തടവറയിൽ
ബന്ധിതനായ എന്നെക്കണ്ടാലും നീയാശ്വസിപ്പിക്കരുത്.നിന്റെ വാക്കുകൾ ശ്രവിക്കാനെനിക്കുകഴിഞ്ഞെന്നുവരില്ല
പ്രതികരണ ശേഷി നശിച്ച
ബധിരനായിരിക്കും ഞാൻ.
ഭാവിയേക്കുറിച്ചുള്ള നിന്റെ പ്രതീക്ഷകൾ
എന്നോടപ്പോൾ പങ്കുവയ്ക്കരുത്?
ഹൃദയമില്ലാത്തവരാൽ തകർക്കപ്പെട്ട
ഈ ഹൃദയത്തിൽ പ്രതീക്ഷകളില്ല.
എല്ലാം നഷ്ടപ്പെട്ടവനെന്തു സ്വപ്നങ്ങൾ.?
ഈമണ്ണിലിനിയെത്രനാളുകളെനിക്കെന്ന-
യാകുലതകൾ കനലുകോരിയിട്ടു
പൊള്ളിച്ച നെഞ്ചിൽ പോരാടാനുള്ള
ആത്മബലം ബാക്കിയാക്കിയാണു
നീ കടന്നു പോകുന്നത്.
ഓരോ തവണയും നിനക്കായെഴുതിയതു
നിന്റെ ഓട്ടോഗ്രാഫിലുണ്ടല്ലോ?എന്നെയ-
ടയാളപ്പെടുത്താനുമതി ഓർമ്മിക്കാനും.
നിന്റെ യാത്രയോടെ,നാളെയീ ലോകത്തു
നല്ലതു വരട്ടെയെന്നാശംസകളോടെ
നിന്നെ,യാത്രയാക്കുന്നു പ്രിയ ഡിസംബർ.
ബെന്നി.ടി.ജെ
31/12/2019

വിനാശകാലേ വിപരീതബുദ്ധി

Image may contain: 1 person, beard and closeup
ഗുരുവായൂർ റോഡിൽ
വാരാപ്പുഴയിൽ ഉച്ചഊണിന്
മാത്രമായി ഒരു ഹോട്ടലുണ്ട്..
#പെരിയാർ.
കയറിയവർക്കറിയാം..
ഇടയ്ക്കിടയ്ക്ക് ഞാൻ
അവിടെ നിന്നും ഊണ് കഴിയ്ക്കും
ഒരുദിവസം
അങ്ങനെ നിർത്തുമ്പോളാണ്
റോഡരികിൽ ഒരാൾക്കൂട്ടം കണ്ടത്..
ഒരു കാർ ബൈക്കിൽ ഇടിച്ചതാണ്.
ആളുകൾ കാറുകാരനോട്
കയർക്കുന്നുണ്ട്...
ഇവരെ ആശുപത്രിയിൽ
കൊണ്ടുപോകാൻ പറയുന്നുണ്ട്..
ബൈക്കിലുണ്ടായിരുന്നവരെ
( ആങ്ങളയും ഒരു കൊച്ചുപെങ്ങളും ആവണം )
കാറിൽകേറ്റി
അല്പദൂരം മുന്നോട്ടുപോകുന്നതും
ആൾക്കൂട്ടത്തിനപ്പുറം
കാറ് നിർത്തി അവരെയിറക്കി
കാറുകാരൻ കടന്നുകളഞ്ഞതും
ഞൊടിയിടയിൽ കഴിഞ്ഞു...
ആൾക്കൂട്ടം അവർക്കുചുറ്റും
വീണ്ടും കൂടുന്നതും
സംസാരിക്കുന്നതും
കണ്ടുകൊണ്ടാണ് ഞാൻ
പെരിയാറിലേക്ക് കയറിയത്...
തിരിച്ചിറങ്ങുമ്പോളവിടെ
ആൾക്കൂട്ടമില്ല..
ഒന്ന് രണ്ടു കൂട്ടുകാരാവണം
എന്ത് ചെയ്യുമെന്നറിയാതെ
അവർക്കൊപ്പം ആ നട്ടുച്ചയ്ക്ക്
അവിടെനിന്നു
വെയിൽ കൊള്ളുന്നുണ്ട്....
എന്നിലെ സഹജീവി
സടകുടഞ്ഞേണീറ്റ്
അവർക്കിടയിലേക്ക് ചെന്നു...
ആ പെൺകുട്ടി നിന്ന് വിതുമ്പുന്നുണ്ട്..
ഒരു ന്യൂ ജെൻ ബൈക്ക്..
C.c.തന്നെ നല്ല തുക കാണണം..
ഹെഡ്‍ലൈറ്റ് പൂർണ്ണമായും പൊടിഞ്ഞുപോയിട്ടുണ്ട്....
എന്റെ കയ്യിൽ ഒത്തിരിയുണ്ടായിട്ടല്ല...
അത് നന്നാക്കാനുള്ള തുക അവരെയേല്പിച്ചു
ഞാൻ തിരിഞ്ഞുനടന്നു...
പുറകിൽ പിറുപിറുക്കുന്നുണ്ടവർ....
ഇനിയാണ് മാരകമായ ട്വിസ്റ്റ്..
ഞാൻ വണ്ടിയിൽകയറി
മുന്നോട്ടെടുത്തു..
" ചേട്ടാ ഒന്ന് നിർത്തിയ്ക്കേ...
ചേട്ടൻ ആ ഇടിച്ചേച്ചുംപോയ
ആളുടെ ആളാണോ..
അയാളാണോ ചേട്ടനെ
ഇങ്ങോട്ടിപ്പോൾ കാശുമായി വിട്ടത് "
വഴിയേ പോയ വയ്യാവേലി
ഏണി വെച്ച് കേറിയപോലായി....
അല്ല എന്ന് സമർത്ഥിയ്ക്കാൻ
ഒരുപാട് പറയേണ്ടിവന്നെനിയ്ക്ക്...
അവർ വിശ്വസിച്ചുവോ ആവോ.
BY Niyas Vaikkam

ഹാപ്പി ക്രിസ്മസ്സ്


( ജോളി ചക്രമാക്കിൽ )
മഹാപുരോഹിതന്റെ ചാർച്ചയിൽപ്പെട്ട
മരയാശാരി പീലിക്കുഞ്ഞിന്റെ കരവിരുതിൽ വിരിഞ്ഞ , വീട്ടിയിൽ പണിത കുഞ്ഞു താരാട്ട്ത്തൊട്ടിൽ
സ്വർണ്ണം പൂശിയ സക്രാരിയ്ക്ക് നേർക്ക് പള്ളിയുടെ നടവഴിയിൽ ഒരുക്കിയ മേശയ്ക്കു മുകളിൽ വിരിച്ച വെളുത്ത വിരിയ്ക്കു മുകളിലായ് വച്ച് , അതിനുള്ളിൽ ഉണ്ണിയേശുവിന്റെ മലർന്ന് കിടക്കുന്ന മനോഹര രൂപം കിടത്തിയിരിക്കുന്നു.
ശീലാന്തിയിൽ നിന്നും താഴെയ്ക്കു , അനേകം ശാഖകളുമൊക്കെയായി തൂങ്ങികിടക്കുന്ന
'ഷാൻഡിലിയറിന്റെ സ്പടിക അലുക്കുകളിൽ തട്ടിത്തെറിച്ച് വെളിച്ചപ്പൊട്ടുകൾ
താഴെ ഉണ്ണിയേശുവിന്റെ
കവിളുകളിൽ മുത്തമിട്ടു കൊണ്ടിരുന്നു.
തൊട്ടിലിനു മുൻപിലായി വർഷങ്ങൾക്കു മുൻപ് പീലിക്കുഞ്ഞിന്റെ മുതുമുത്തച്ഛൻ 'എസ്തപ്പാൻ , കരിവീട്ടിയിൽ പണിത വലിയ നേർച്ചപ്പെട്ടി ചേർത്തിട്ടിരിക്കുന്നു .
ഇതിന്റെ നേർച്ചയിടുന്ന വിടവിന്റെ ഇരുവശത്തും കിന്നരം വായിക്കുന്ന ഓരോ മാലാഖമാരെ കൊത്തിവച്ചിട്ടുണ്ട് .
എസ്തപ്പാൻ മരയാശാരിയിലുപരി അന്നത്തെ ഒന്നാന്തരം ഒരു ശില്പി കൂടിയായിരുന്നു.
അക്കാലത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെത്രാന്റെ അംശദണ്ഡിൽ മുന്തിരിവള്ളികളും ചിറകുവിരിച്ച പ്രാവിനേയുമെല്ലാം അയാളുടെ കരങ്ങൾ അതീവ ചാരുതയോടെ കൊത്തിവച്ചിരുന്നു .
കുർബ്ബാന കഴിഞ്ഞ് ഓരോരുത്തരായി
ഉണ്ണിയേശുവിനെ
വണങ്ങി, നേർച്ചയിടുകയായി .
കപ്യാർ ലാസറേട്ടൻ .' മാമ്മോദീസ'
തൊട്ടിയുടെ അരികിൽ നിന്നും ആളുകൾ നേർച്ചയിടുന്നത് ഒളികണ്ണോടെ നോക്കി നിന്നു .
പള്ളിമുറ്റത്തെ രണ്ടു ബദാം മരങ്ങൾ അടുത്തടുത്തായി നിലകൊള്ളുന്ന കോണിൽ ഒരുക്കിയ പുൽക്കൂടിനു മുകളിൽ "സന്മനസ്സുള്ളവർക്ക് സമാധാനം " എന്നെഴുതിയ ഫലകം തൂങ്ങിക്കിടന്നു
പുൽക്കൂടിനു മുൻപിലും കൊത്തുപണികളൊന്നുമില്ലാത്തൊരു ചെറിയ നേർച്ചപ്പെട്ടി വച്ചിരുന്നു .
പക്ഷെ അതിന്റെ വിടവും ചെറുതായിരുന്നില്ല.
ബദാം മരത്തിന്റെ ചോട്ടിൽ ,വായുവിൽ ഉയർന്നു നിൽക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള ധാരാളം ചുവന്ന ബലൂണുകൾ ചരടുകളുമായി കൂട്ടിക്കെട്ടിയത് വിൽക്കുന്ന ഒരു പരദേശിയും , സമീപത്തായി നീലക്കണ്ണുകളും ചെമ്പൻ തലമുടിയുമായി
ദേഹമാസകലം മണ്ണുപുരണ്ടിട്ടൊരു കൊച്ചു കുഞ്ഞും നിൽക്കുന്നുണ്ടായിരുന്നു.
പള്ളിയുടെ വശത്തായി കുറച്ചു ദൂരെ
ചുറ്റുമതിലോടു കൂടിയ
പള്ളി സിമിത്തേരിയാണ് .
ഇതിന്റെ കവാടത്തിന്റെ പാർശ്വഭാഗത്തുള്ള തൂണുകളിൽ നിന്നും ഒരു വലിയ കമാനം പണിതിട്ടുണ്ട് അതിൽ " സ്വർഗ്ഗവാതിൽ " എന്നു എഴുതി ചേർത്തിട്ടുമുണ്ട്.
ഈ തൂണുകളിൽ കാഹളമൂതുന്ന
രണ്ടു കാവൽമാലാഖമാരുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
കാവൽമാലാഖമാരിൽ ഒരാളുടെ നിഴലിൽ കവാടത്തിനു സമീപം ഒരു കീറചാക്കിൽ ഒരാൺകുട്ടിയെ കിടത്തി അടുത്ത് കുന്തുക്കാലിൽ ഇരിപ്പാണ് , 'അന്ന'
കന്യകാമാതാവിന്റെ അമ്മയുടെ പേരും 'അന്ന ' എന്നായിരുന്നു.
ബാല്യത്തിലെ അനാഥത്വത്തിന്റെ കയ്പുനീർ നുണയേണ്ടി വന്നവളാണ് അന്ന
കാലം അവളെ അണിയിച്ചൊരുക്കുന്നതിനോടൊപ്പം മനസ്സിന്റെ താളത്തിലും ചെറിയ പിഴവു വരുത്തി.
ഭ്രമകൽപനകളുടെ അജ്ഞാതമായ ഇടനാഴികളിലെവിടെയോവച്ച് അവൾ ഗർഭിണിയായി. അവളും പുരുഷനെ അറിഞ്ഞിരുന്നില്ല.
തന്റെ ഉദരത്തിന്റെ ഫലമായ കുഞ്ഞിന്റെ
ഉദരപൂരണത്തിനായാണ് .
കരുണയുടെ കണ്ണുകൾ പതിയുമെന്നോർത്ത്
ഇവിടെ കാവൽമാലാഖയുടെ നിഴലിൽ വന്നിരിക്കുന്നത്.
കുർബ്ബാന കഴിഞ്ഞ് ഓരോരുത്തരായി
മരിച്ചു പോയവരുടെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ബന്ധപ്പെട്ടവരുടെ കുഴിമാടത്തിനരികിലേയ്ക്ക്, പിഴച്ചു പെറ്റവളെ കാണാത്ത മട്ടിൽ തിടുക്കപ്പെട്ട് സ്വർഗ്ഗവാതിൽ കടന്ന് അകത്തേയ്ക്ക് പോയി.
കൈയ്യിലൊരു ചുവന്ന ബലൂണുമായി
അങ്ങോടു വന്നുകൊണ്ടിരുന്ന
ജൊവാക്കിം ബദ്ധപ്പെട്ട് അമ്മയുടെ കൈവിടുവിച്ച് ഓടിചെന്ന് അന്നയുടെ കൊച്ചിന്റെ കൈയ്യിൽ ബലൂണിന്റെ ചരടു
കെട്ടി കൊടുത്ത് ., ഇങ്ങിനെ പറഞ്ഞു
"ഹാപ്പി ക്രിസ്മസ്സ് "
ചുണ്ടിൽ തുന്നിചേർത്ത ചിരിയുമായി
അന്ന മൊഴിഞ്ഞു.
"ഹാപ്പി ക്രിസ്മസ്സ് "
2019 - 12 - 29
( ജോളി ചക്രമാക്കിൽ )

വെളുത്ത പുസ്തകത്തിലെ അവ്യക്തമായ കറുത്ത രൂപം


================================
രചന :Deepa Palayadan.
ഇരുട്ടിൽ തുറന്നു പിടിച്ച കണ്ണുകളിൽ അലോസരത്തിന്റെ വെളിച്ചം വന്നു വീണപ്പോൾ ഞാൻ അസ്വസ്ഥയായി. പതുങ്ങിയിരുന്ന മുറിയിലെ കോണിൽ നിന്ന് എഴുന്നേറ്റ് നേരേ വാഷ്ബെയ്‌സിനടുത്തേക്ക് പോയി. മുഖം നന്നായി കഴുകി. പിന്നെ കണ്ണാടിയിലേക്ക് തന്നെ നോക്കി.
സീമന്തരേഖയിൽ നേരിയ ചുവപ്പ്. ദിവസങ്ങൾക്ക് മുൻപ് മഹി ചാർത്തി തന്ന സിന്ദുരത്തിന്റെ മങ്ങിയ ചുവപ്പ് !.തന്നിൽ നിന്നുള്ള അവന്റെ ഒളിച്ചോട്ടത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തൽ !.
പുറത്ത് കാളിങ്ബെൽ ഉച്ചത്തിൽ ശബ്‌ദിച്ചു.
"ആരാണ് ഇത്ര രാവിലെ..." ? ഞാൻ പുറത്തേക്ക് നോക്കി.
പാൽക്കാരനാണ്. "അയാൾ എന്താ ഇത്ര രാവിലെ വന്നത് "!
അടുക്കളയിൽ സിങ്കിൽ കഴുകാതേ കൂട്ടിയിട്ടിരിക്കുന്ന കുറെ പാത്രങ്ങൾ !
അവ എത്ര ദിവസമായി ഇങ്ങനെ ! അസഹ്യമായ ദുർഗന്ധം !.
അലമാരയുടെ താഴെ വച്ചിരിക്കുന്ന ഒരു സ്റ്റീൽ പാത്രവുമായി ഞാൻ ഉമ്മറത്തേക്ക് നടന്നു.
വാതിൽ തുറന്നപ്പോഴെ അയാളുടെ മുഖത്ത് ഒരു പരിഹാസ ചിരി നിറഞ്ഞിരുന്നു. അത് എന്നെ അപമാനിതയാക്കി !.
അയ്യോ "ലിനി ചേച്ചി..... പാൽ തരാനല്ല. പാലിന്റെ പൈസ..... അത് പറഞ്ഞ് അയാൾ എന്നെ തന്നെ നോക്കി.
"ഇന്നൂടെ മാത്രം........നാളെ പൈസ തരാം. എന്റെ പരുങ്ങൽ അവസാനിക്കും മുന്നേ നീട്ടി പിടിച്ച സ്റ്റീൽ പാത്രത്തിലേക്ക് പാൽ പകർന്ന്. പാൽ പാത്രം ശക്തമായി വലിച്ചടച്ച് അയാൾ ചോദിച്ചു.
"ഇപ്പോൾ തനിച്ചാ.... ല്ലേ "?
ഞാൻ ഒന്നും പറഞ്ഞില്ല. പെട്ടെന്ന് അകത്തേക്ക് നടന്നു. നിറഞ്ഞു വന്ന സങ്കടം കണ്ണുകളിലൂടെ പുറത്തേക്ക് ഒഴുകി !.
മഹി എന്നെ ഉപേക്ഷിച്ചു കടന്നു കളയുമെന്ന് വിചാരിച്ചതേയല്ല. പ്രണയം, ഒളിച്ചോട്ടം...! ജീവിതം, എന്തൊക്കെയോ എന്നെ പഠിപ്പിക്കുന്നു. സ്വന്തം വീട്ടിലേക്ക് ഒരു മടക്കം അസാധ്യമാണെന്ന ചിന്ത എന്നെ മുറിവേൽപ്പിക്കുന്നു.
മഹി... എങ്ങോട്ടാ പോയത് !
"ആരിൽ നിന്നും" "എന്നിൽ നിന്ന് "....എന്നിൽ നിന്നും മാത്രം !
എഴുതിയത് മുഴുവൻ അവളെക്കുറിച്ചായിരുന്നില്ലേ... മഹിയുടെ കാമുകി... അവൾ അത്രയ്ക്ക് സുന്ദരിയാണോ?
നാല് വർഷത്തിനിടയിൽ പലപ്പോഴും മഹിയിൽ നിന്ന് ഞാൻ അവളെ അറിഞ്ഞിട്ടുണ്ട്. ഓരോ നിമിഷവും അവളിലേക്കേത്താനുള്ള അവന്റെ ആഗ്രഹം എന്നെ അതിശയപ്പെടുത്തി. എന്നാലും എന്നെ തനിച്ചാക്കി പോകുമെന്ന് വിചാരിച്ചില്ല.
പലപ്പോഴും ഈ വീട് ഇല്ലായ്മകളുടെതായിരുന്നു. സാദാ സമയവും എഴുത്തും, വായനയും മാത്രമായ മഹി, ഉള്ള ജോലിയും നശിപ്പിച്ചു. അതോടെ എനിക്ക് അയാളോട് എതിർത്ത് സംസാരിക്കേണ്ടി വന്നു.
വിഷാദം നിറഞ്ഞ ഒരു ചിരിയല്ലാതേ അയാളിൽ നിന്നും മറുപടിയൊന്നും കിട്ടാറേയില്ല. അതാണ് വാസ്തവം.
വായിച്ചു തീർത്ത പുസ്തകങ്ങളും, എഴുതി വറ്റിച്ച പേനയും.....കണ്ടു മടുത്താവണം, അയാൾ പ്രാണനേ പോലെ കൊണ്ടുനടന്ന പേന എനിക്ക് സമ്മാനിച്ച്... കടന്നു കളഞ്ഞത് "എന്നിൽ നിന്നും കടന്നു കളഞ്ഞത് "!
"ഭീരൂ..വെറും ഭീരൂവാണ് നിങ്ങൾ "! ആ പേന നോക്കി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"അവൾ സുന്ദരിയായിരുന്നു ല്ലേ..? നിങ്ങളുടെ പ്രണയിനി "! മതിഭ്രമം ബാധിച്ച ഒരുവളെ പോലെ ഞാൻ എന്തൊക്കെയോ പറഞ്ഞു.
വീണ്ടും ഉമ്മറത്ത് ന്ന് ആരോ വിളിക്കുന്നു. ചെന്ന് നോക്കുമ്പോൾ ആരെയും കാണുന്നില്ല.
ഇന്നലെ രാത്രി കൂടി മഹിയെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു ഞാൻ. "അവനെ ആ ഇരുട്ടിൽ തനിച്ചാക്കാൻ എനിക്ക് വയ്യ "!
ചോദ്യങ്ങളുണ്ട്... ഒരുപാട്.. !
മഹി ക്ക് ഉത്തരങ്ങളില്ല. ഉണ്ടാവുന്നത് ആ ചിരി മാത്രം... അതെനിക്ക് എപ്പോഴെ കാണാം !.
നാഴികകൾ കടന്നു പോയി രാവിലെ തിളപ്പിച്ച്‌ വച്ച പാൽ പാടക്കെട്ടി മേശപ്പുറത്ത് തന്നെ ഉണ്ട്.
"നീ ഇതുവരെ ഒന്നും കഴിച്ചില്ലേ ലിനി "?
ആരോ ചോദിക്കും പോലെ... !
ഞാൻ പെട്ടെന്ന് എഴുന്നേറ്റു ജനലിന്റെ അരികിലേക്ക് പോയി.
"മഹി യാണോ"? പിന്നെയും ചോദിച്ചു..
"മഹിയാണോ "?
ഇല്ല.... മറുപടിയില്ല. അതേ അവിടെയാരുമില്ല.
തോന്നലുകൾ ! എന്റെ തോന്നലുകൾ എന്നോട് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
നേരിയ നിരക്കത്തോടെ സമയം കടന്നു പോയി. അടുത്ത മുറിയിലെ വലിയ കസേര നിരക്കി ഞാൻ ഹാളിലേക്ക് കൊണ്ടു വന്നു. ഒപ്പം വീട് വിട്ട് വരുമ്പോൾ കൊണ്ടു വന്ന അമ്മയുടെ കുഞ്ഞു പൂക്കളുള്ള സാരിയും. ഒരിക്കൽ പോലും ഞാൻ അത് ഉടുത്തിട്ടില്ല. അമ്മയുടെ മണം ഇപ്പോഴും അതിൽ നിറഞ്ഞു നിൽക്കുന്നു. ഞാനത് ചേർത്ത് പിടിച്ചു. മാപ്പ് ചോദിക്കുന്നു.. എല്ലാത്തിനും.
"അത്രയ്ക്ക് ഞാൻ അവനെ സ്‌നേഹിച്ചു പോയി "! തനിയെ വിടാൻ വയ്യ ഒരിക്കലും. "എന്നോട് ക്ഷമിക്കൂ ".
മേശപ്പുറത്ത് വെച്ച മഹിയുടെ പേന ഞാൻ കയ്യിലെടുത്തു. പിന്നെയത് എന്റെ ഉടുപ്പിനോട് ചേർത്ത് കുത്തി. പതിയെ തലോടി. അവന്റെ കയ്യ് വിരൽ പോലെ... എനിക്ക് പ്രിയപ്പെട്ടത് !.
മഹിയുടെ പുസ്തകം. ഏറെ നാളത്തെ കഷ്ടപ്പാട്. മഹിയുടെ ചിന്തകൾ, വിരഹം, സ്‌നേഹം, എല്ലാം അതിലുണ്ട്. പുറം ചട്ടയിൽ കറുത്ത് മെലിഞ്ഞ അവ്യക്തമായ ഒരു രുപം!
പലവട്ടം വായിച്ച പുസ്തകമാണ്.
മഹിയുടെ പുസ്തകം "മരണം എന്റെ പ്രണയിനി "!
അവൻ അവളുടെയടുത്ത് എത്തിയിരിക്കുന്നു. കടുത്ത ഇരുട്ടിലേക്ക്.
അമ്മയുടെ സാരി കഴുത്തിലേക്ക് മുറുകുമ്പോൾ. . ഏതോ താരാട്ടിന്റെയും പ്രസവവേദനയുടെ നെരക്കങ്ങളും അങ്ങകലെ എനിക്ക് കേൾക്കാം.
കൺപീലികൾ നിയന്ത്രണമില്ലാതെ മറഞ്ഞു പോകുന്നു. എന്റെ കാഴ്ചകൾ മങ്ങുന്നു. എല്ലാ ജീവകോശങ്ങളും എന്നെ ശപിക്കുന്നു. കറുത്ത നീളൻ പുക പോലെ ഞാൻ ഉയരെ പറക്കുന്നു. പിന്നെ... പിന്നെ... ഏതോ ലോകത്ത്.
ലിനി......
മഹിയുടെ രൂപം പോലെ... അകലെ നിന്ന് എന്നെ വിളിക്കുന്നു. വഴികൾ ഇടുങ്ങിയതും ഇരുട്ട് നിറഞ്ഞതും. പക്ഷേ എനിക്ക് പോയേ മതിയാവു. നടന്നു... ഒത്തിരി ദൂരം.
മഹിയുടെ മുഖം ഞാൻ എന്റെ കയ്യ്കൾ കൊണ്ട് തൊട്ടു. അവൻ ചിരിക്കുന്നു. എല്ലാം അറിഞ്....ഒന്നുമറിയാത്ത പോലെ.
ഇവിടെ വിജനമാണ്. പൂക്കളില്ല, ജലമില്ല, മഴയോ, കാറ്റൊയില്ല. വലിയ പാറക്കെട്ടുകൾ . ഈ ലോകം എനിക്ക് വേണ്ട. നമ്മുക്ക് തിരിച്ചു പോകാം. ഞാൻ അവന്റെ കയ്യ് പിടിച്ചു വലിച്ചു.
ഭയം ! "മരണമായിരുന്നു എന്റെ ഭയം "..അത് ഞാൻ എന്നേ താണ്ടിയിരിക്കുന്നു. മഹി കൂസലില്ലാതെ പറഞ്ഞു.
"മഹി പ്രണയിച്ചത് ഈ ഏകാന്തതയേ ആയിരുന്നു".
ഞാൻ..... "ഞാൻ പ്രണയിച്ചത് നിങ്ങളെയും "!
അയാൾ മിണ്ടുന്നില്ല. ദൂരെ പാറി പറക്കുന്ന അവ്യക്തരൂപങ്ങളെ നോക്കി....കണ്ണുകൾ ചിരിക്കുന്നു.
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അയാൾ പറഞ്ഞു.
"ലിനി... "
"നിനക്കറിയോ. നമ്മുക്കും ചിറക് മുളയ്ക്കും"!
സ്വയം മറന്നു പറക്കാൻ. അവിടെ തിരിച്ചറിവുകളില്ല. നീ എന്നെയോ.. ഞാൻ നിന്നെയോ തിരിച്ചറിയില്ല . എല്ലാം മറന്ന്.
അയാൾ കരയുന്നു. നിസ്സഹായമായി ഞാനും.
ഒരു വലിയ ഇടിനാദമോ... മിന്നൽ പിണരുകളോ നമ്മേ വേർപ്പെടുത്താo.അയാളുടെ വിറക്കുന്ന കൈയിൽ ഞാൻ മുറുകെ പിടിച്ചു. നടന്നകന്ന വഴികൾ മുഴുവൻ താഴിട്ട് പൂട്ടിയിരിക്കുന്നു.
എന്റെ ഉടുപ്പിൽ കുത്തിവെച്ച പേന.. ഞാൻ എന്റെ ഹൃദയത്തോട് ഒന്നൂടെ ചേർത്ത് പിടിച്ചു. മിന്നൽ പിണരുകൾക്കും, ഇടിനാദങ്ങൾക്കുമായി ഞങ്ങൾ കാത്തിരുന്നു.
പൊടുങ്ങനേ എനിക്കാണ് ആദ്യം ചിറകുകൾ മുളച്ചത്. എന്റെ ഓർമ്മകൾക്ക് മുകളിൽ അവന്റെ രൂപം അപ്രത്യക്ഷമാവുന്നു!. അവ്യക്തമായ എന്തോ ഒന്നായി ഞാൻ ഉയരെ.. ഉയരെ പറക്കുന്നു!.പിന്നീട് പലപ്പോഴും കയ്യിലുള്ള പേനയേ ചേർത്ത് പിടിച്ച്, അത് എന്താണെന്നറിയാതെ "ഞാൻ ആശങ്കപ്പെടുന്നു.
-------------------------------------------------------
ഡോക്ടർ ഹരി ശങ്കർ, ലിനി കുറിച്ച് വെച്ച പുസ്തകതാളുകൾ പതിയെ അടച്ചു. അയാൾ മഹിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
മഹി.., ഇതൊക്കെ വായിച്ചോ?
ഉവ്വ് ഡോക്ടർ. ഞാൻ വായിച്ചതാണ്.
അവൾ വല്ലാത്ത ഒരവസ്ഥയിലാണ്. ഇവിടെ ഇങ്ങനെ എത്ര കാലം...
ഒരു ഭ്രാന്താശുപത്രിയിൽ അവളെ......
ഇങ്ങനെ കാണാൻ വയ്യ ഡോക്ടർ. അവളെ ഞാൻ വീട്ടിലേക്ക് കൊണ്ടു പോയിക്കോട്ടെ.
ലിനിയേ, മഹിക്ക് വീട്ടിലേക്ക് കൊണ്ടു പോകാം. ഇവിടെ കിടത്തേണ്ട ആവശ്യമില്ല.
ഞാൻ അവൾ എഴുതിയ കുറിപ്പുകൾ വായിച്ചതിൽ നിന്നും മനസ്സിലാക്കുന്നത്. നിങ്ങൾ മരിച്ചു പോയി എന്ന ബോധ്യമാണ് ആ കുട്ടിയേ അലട്ടുന്നത്.
മഹിയുടെ തല താഴ്ന്നു.
അങ്ങനെ ഒരു സാഹസം ഞാൻ കാണിച്ചിരുന്നു ഡോക്ടർ. ജോലി നഷ്ടമായപ്പോൾ, കൂടെ ഉണ്ടായിരുന്ന എഴുത്തും എന്നെ കയ്യ് വിട്ടെന്ന തോന്നലുകൾ. ഒരു ആത്മഹത്യാ ശ്രമം. രണ്ടാഴ്ച ബോധമില്ലാതെ ആശുപത്രിയിൽ.
പിന്നെ എല്ലാം മാറി, തിരിച്ചു വരുമ്പോഴെക്കും അവളുടെ മനോനിലയിൽ കാര്യമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി. ഒട്ടും സംസാരിക്കില്ല. ഏത് നേരവും എന്റെ പേന കയ്യിൽ എടുത്ത് എന്തെങ്കിലും എഴുതും.
ഞാൻ മുറിയിൽ തന്നെ ഉണ്ടെങ്കിലും, പെട്ടെന്ന് എഴുന്നേറ്റു പോയി ജനലിന്റെ അടുത്ത് ചെന്ന് മഹി ന്ന് ഉറക്കെ വിളിക്കും. പിന്നെ കരയും.
മഹിയുടെ പുസ്തകം.. "മരണം എന്റെ പ്രണയിനി "! ആ പുസ്തകത്തിൽ നിങ്ങളുടെ മരണത്തൊടുള്ള അടങ്ങാത്ത വർണ്ണനകൾ, പിന്നെ നിങ്ങളുടെ മരിക്കാനുള്ള ശ്രമവും.ഇതു രണ്ടും ആ കുട്ടിയേ ആഴത്തിൽ വേദനിപ്പിച്ചിരിക്കുന്നു.
അബദ്ധമാണ് ഡോക്ടർ.. ഞാൻ ചെയ്തത് ഈ ലോകത്തു ജീവിക്കുക എന്നത് മഹാഭാഗ്യം ഞാൻ അത് മനസ്സിലാക്കുന്നു.
ഇത് ഒരു തിരിച്ചറിവാണ് മഹി.....
നിങ്ങൾക്ക് ലിനിയേ വീട്ടിലേക്ക് കൊണ്ടു പോകാം. ആ കുട്ടിയേ മാറ്റിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.
പെട്ടെന്ന് വേണമെന്ന് വാശിപിടിക്കരുത്.
അവൾ വരും. കാരണം അവൾ നിങ്ങളെ അത്രയ്ക്ക് സ്‌നേഹിക്കുന്നു. തനിക്കു മുളച്ച ചിറകുകൾ പിഴുതെറിഞ് തിരിച്ചറിവിന്റെ ലോകത്തേക്ക് പതിയെ പതിയെ... അവൾ തിരിച്ചു വരും. കാത്തിരിക്കൂ. ഓൾ ദി ബെസ്റ്റ്.
ആശുപത്രിയുടെ നീളൻ പടവുകൾ മഹിയുടെ കയ്യും പിടിച്ചിറങ്ങുമ്പോൾ ഭാവനയിൽ മുളച്ച തന്റെ ചിറകിനടിയിൽ അവളാ പേന ഒളിപ്പിച്ചു വെച്ചു. പിന്നെ, ഒന്നുമൊന്നും അറിയാതെ വിദൂരതയിലേക്ക് തുറിച്ചു നോക്കി.
രചന :Deepa palayadan.

ചമയം


ഡിസംബർ 31.
അവൻ കിടപ്പ് ഒന്നു കൂടെ ആയാസരഹിതമാക്കി, ഒരു തലയിണ കൂടി വച്ച് തല അല്പം ഉയർത്തി വച്ചു. കൈകാലുകൾ നന്നായി നീട്ടിവച്ചു. ശാന്തമായ മിഴികൾ സീലിംഗിലേക്ക് എറിഞ്ഞു, ഫാനിന്റെ ഇതളുകൾ ശാന്തമായി ഏറ്റവും താഴ്ന്ന വേഗതയിൽ കറങ്ങുന്ന തും നോക്കി കിടന്നപ്പോൾ ഉള്ളിലെ പടഹധ്വനികളും അമർന്നടിയുന്നതിന്റെ ആശ്വാസം അറിഞ്ഞു തുടങ്ങി.
മൊബൈൽ ഫോൺ ഓൺ ചെയ്ത് മൈമ്യൂസിക്കിൽ ചെന്ന് തിരഞ്ഞെടുത്ത കവിതകളിൽ നിന്ന് നാറാണത്ത്ഭ്രാന്തൻ കവിത തന്നെ തിരഞ്ഞെടുത്ത് പ്ളേ ചെയ്തു. ഇയർ ഫോണിലൂടെ മൃദുശബ്ദത്തിൽ കേൾക്കുന്ന കവിതയിലേക്ക് ലയിച്ചിറങ്ങി.
വലതു കൈ കൊണ്ട് ഇടതു പോക്കറ്റിൽ തപ്പി. കൈയ്യിൽ തടഞ്ഞത് തള്ളവിരലും, ചൂണ്ടുവിരലും കൂട്ടി പുറത്തെടുത്തു. പുറമെയുള്ള കവർ നുള്ളി പൊളിച്ചപ്പോൾ അതിനകത്തെ കട്ടി കുറഞ്ഞ പേപ്പറിനുള്ളിൽ തിളങ്ങുന്ന സ്റ്റീൽ നിറമാർന്ന മൂർച്ചയേറിയ ബ്ലേഡ് കൈയ്യിലെടുത്തപ്പോൾ എന്തോ ഒരു വിറയൽ മേലാകെ ഒരു മാത്ര പടർന്നു. കൈകൾ വിറച്ചില്ലെങ്കിലും കരളിലൊരു പിടച്ചിൽ . വലതു കൈയ്യിലെ ബ്ലേഡ് കൊണ്ട് ഇടതു കൈയിലെ ഞരമ്പിൽ ഒരേയൊരു വരയൽ. അതോടെ തീരും എല്ലാം. പക്ഷെ ഒറ്റയടിക്ക് തീരില്ലല്ലോ. വാട്ടർ ടാങ്ക് വൃത്തിയാക്കുമ്പോൾ തുറന്നു വിടുന്ന അടിത്തട്ടിലെ ടാപ്പിൽ നിന്ന് ആദ്യം ശക്തമായി ചീറ്റിത്തെറിച്ച് പിന്നീട് വേഗത കുറഞ്ഞ് അവസാന തുള്ളിയും പുറത്തേക്ക് ഒഴുകി തീരുന്നതു വരെയുള്ള വെള്ളം പോലെ ജീവന്റെ അവസാന ഒഴുക്ക്. പിന്നീട് ശാന്തമായ ഉറക്കം.
കാതിലിപ്പോഴും കവിത മൂളുന്നു
എല്ലാരുമൊന്നെന്ന
ശാന്തിപാഠം
തനിച്ചെങ്ങുമേ ചൊല്ലി തളർന്നും
ഉടൽതേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ:
അയ്യോ ഒരു കാര്യം മറന്നു, ചത്താലും ചമഞ്ഞു കിടക്കണം എന്നാണല്ലോ, ചമയാൻ മറന്നു. ബ്ലേഡ് തലയിണയിൽ വച്ചിട്ട് എഴുന്നേറ്റു. കണ്ണാടി നോക്കി ചീപ്പെടുത്ത് മുടിയൊന്ന് കോതിയൊതുക്കി. അല്പം പൗഡർ എടുത്ത് കൈവെള്ളയിൽ കുടഞ്ഞിട്ട് രണ്ടു കൈവെള്ളയും കൊണ്ട് തേച്ച് കവിളിൽ പുരട്ടിയപ്പോഴാണ് പഴയൊരോർമ്മ ഓടിവന്നത്. ചത്തു കിടക്കുമ്പോൾ മാത്രമല്ല ചമഞ്ഞു കിടക്കാൻ ശ്രമിക്കുന്നത്, പണ്ട് കുട്ടിക്കാലത്ത് പശു കയറും പൊട്ടിച്ച് പോയപ്പോൾ അതിനെ പിടിച്ചു കെട്ടി കൊണ്ടുവരാൻ
പോയപ്പോഴും താൻ ചമഞ്ഞൊരുങ്ങിയാണ് പോയതെന്ന് ഒരു കിംവദന്തിയുണ്ടെന്ന കാര്യം.
മരണത്തിന് തൊട്ടു മുമ്പും തനിക്കെങ്ങിനെ ഇത്ര ലാഘവത്തോടെ ചിന്തിയ്ക്കാനും പ്രവൃത്തിയ്ക്കാനും കഴിയുന്നു എന്നോർത്ത് ചിരിച്ചു.
സത്യത്തിൽ അന്ന് പശു കയറു പൊട്ടിച്ചു പോയി എന്ന് അമ്മ വന്ന് പറഞ്ഞപ്പോൾ താൻ കുളി കഴിഞ്ഞു വന്ന് കണ്ണാടിയുടെ മുമ്പിൽ ഒരുങ്ങാൻ നിന്ന നേരം ആയിരുന്നു. കൈയ്യിലെടുത്ത പൗഡർ കൊട്ടിക്കളയേണ്ടല്ലോ എന്നോർത്ത് മുഖത്തിട്ടിട്ട് ആണ് പോയത് എന്നു മാത്രം.
അതിനാണ് കയറു പൊട്ടിച്ച് പോയ പശുവിനെ പിടിക്കാൻ വരേ ചമഞ്ഞൊരുങ്ങി പോയെന്ന് എല്ലാവരും പറഞ്ഞു പരത്തിയത്.
എന്നാലും പശുവിനെ പിടിച്ചു കെട്ടിയില്ലേ. പൊട്ടിയ കയറിന്റെ തുമ്പിൽ പിടിച്ച് നിർത്താൻ ശ്രമിച്ചിട്ടും പശു തന്നേയും വലിച്ചു കൊണ്ട് മുന്നോട്ട്. പറമ്പു കിളച്ച് കൂമ്പലെന്ന് പറയുന്ന ചെറിയ ചെറിയ മൺകൂനകൾ ഉണ്ടാക്കി വച്ചിരിക്കുന്നതിന്റെ മുകളിലൂടെ തന്നെയും വലിച്ചു കൊണ്ടുള്ള ഓട്ടം. പോകുന്ന വഴിയിൽ അടുത്തു കിട്ടിയ കവുങ്ങിൽ ഒരു വിധം കയർ ചുറ്റിവരിഞ്ഞ് പശുവിന്റെ ഓട്ടം നിർത്തിച്ചു. കയറും പൊട്ടിച്ച് ഓടിപ്പോയ പശുവിനെ പിടിച്ചു കെട്ടിയത് എല്ലാവരും മറന്നെങ്കിലും പശുവിനെ പിടിക്കാൻ പൗഡറിട്ട് പോയത് മാത്രം ആരും മറന്നിട്ടില്ല, പിന്നെ ഞാനായിട്ട് എന്തിന് മറന്നിട്ടുണ്ട് എന്നു കാണിയ്ക്കണം.
ചത്തു കിടക്കുമ്പോഴും ചമഞ്ഞൊരുങ്ങിയില്ല എന്ന പരാതിക്ക് പരിഹാരമായി. സുഗന്ധദ്രവ്യങ്ങൾ വാരിപ്പൂശി, നാളെയ്ക്ക് ഇനി വേണ്ടല്ലോ എന്നോർത്ത് ബോഡി സ്പ്രേയുടെ അവസാന തരി വരെ ബോഡിയിൽ അടിച്ചു തീർത്തു. നാളെ വെറും ബോഡിയാകുന്നതിന്റെ ബാക്കിപത്രം.
പഴയ കിടപ്പ് വീണ്ടും കിടന്നു. തലയിണയിൽ നേരത്തെ ഉപേക്ഷിച്ച ബ്ലേഡ് വീണ്ടും വലത് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് മുറുക്കെ പിടിച്ചു. ഇടതു കൈ ചുരുട്ടി പിടിച്ചു. ഫിനിഷിംഗ് പോയിന്റ്, അവസാന ലാപ്പിലെ അവസാന നിമിഷം. കൈകൾക്കൊരു വിറയൽ, കൈപ്പിടിയിൽ നിന്ന് ബ്ലേഡ് ഊർന്നു വീണു.
അപ്പോഴും കാതിലേക്ക് ഒഴുകി എത്തിയിരുന്ന കവിത അവസാനിച്ചിരുന്നില്ല.
വീണ്ടുമൊരുനാൾ വരും
വീണ്ടുമൊരുനാൾ വരും
എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ
സ്വാർത്ഥസിംഹാസനങ്ങളെ കടലെടുക്കും....
പിന്നീട് എപ്പോഴോ കവിത തീർന്നതിന് മുമ്പാണോ ഉറങ്ങിയത്, ഉറങ്ങിയതിന് ശേഷമാണോ കവിത തീർന്നത് എന്നറിയില്ല.
ചമയങ്ങൾ അണിഞ്ഞൊരുറക്കം. അതു മാത്രം ബാക്കി .
By PS Anilkumar

പുതുവർഷ പ്രതീക്ഷകൾ

Image may contain: 1 person
===================================
ഈ പുതുവർഷമൊരാനന്ദവർഷമായ്
വന്നീടുമോ പ്രിയ നവവർഷമേ !
പോയവർഷം തന്ന സങ്കടക്കാടുകൾ
നട്ടുനനയ്ക്കല്ലേ പുതുവത്സരമേ !
മായപോൽക്കാട്ടുന്നൊരിത്തിരി നന്മയി-
ലുണ്ടതിലേറെ മയങ്ങുന്ന തിന്മകൾ.
മായയ്ക്കു പിന്നാലെ പായുന്ന ലോകത്തി-
നോടെന്തു ചൊല്ലേണ്ടു ഹാ കഷ്‌ടമെന്നോ !
നന്മകൾ തോറ്റുവാനെത്തുന്ന പുള്ളുവ-
വീണപോൽ ശ്രുതിയിട്ടു, പാടട്ടെ ഹൃത്തുകൾ
കയ്പും മധുരവും നല്കിയോർക്കൊക്കെയും
നന്മയും മേന്മയും നൽകട്ടെ വത്സരം.
ഞാനെന്ന ഭാവം വിതയ്ക്കുവാനെത്തുന്ന
ന്യുനമാം ചിന്തകൾ തീണ്ടാതിരിക്കട്ടെ.
തമ്മിൽ മതഭ്രാന്തു തെല്ലുമില്ലാതിങ്ങു
സ്നേഹം മഹാമതമാകട്ടെ ലോകരിൽ
സ്നേഹബന്ധങ്ങൾതൻ ലോലമാം തന്ത്രികൾ
നിർമ്മലരാഗമുണർത്തട്ടെ പാരിതിൽ.
മൃദുസാന്ത്വനത്തിന്റെ തെളിനീരരുവിപോൽ
മാനവമാനസം മാറട്ടെ മന്നിതിൽ.
പോയ നഷ്‌ടത്തിന്റെ ഗർത്തം നികന്നതില്ല-
തിൻ ശോകച്ഛായയും മാഞ്ഞില്ലിതുവരെ.
മർത്ത്യപ്രതീക്ഷകൾ പൊന്നണിയിക്കുവാൻ
സ്വാഗതം ചെയ്യുന്നു പുതുവർഷമേ നിന്നെ.
============================(📷
ശിവരാജൻ കോവിലഴികം മയ്യനാട്

ഓർമ്മക്കൂട്ട്

Image may contain: one or more people and closeup
നഷ്ടപ്പെട്ട പഴയ കാലത്തിന്റെ ചിതലരിച്ചമോഹങ്ങൾ കുടഞ്ഞ് ഇന്നെനിക്കൊരു പ്രണയമെഴുതണം.
കൂട്ടിവെച്ച കിനാക്കളുടെ കൊയ്ത്തുപാടത്തിന് പഴയ ഹൃദ്യത നഷ്ടം വന്നിരിക്കുന്നു.
ഓർമ്മകളുണർത്താനെന്നവിധം വരമ്പത്തുപുല്ലുകൾ കിളിർത്തു തുടങ്ങിയിരിക്കുന്നു.
തോട്ടിലൂടെ പരൽ മീനുകൾ കൂട്ടമായ് നീന്തിത്തുടിക്കുന്നുണ്ട്. ആമ്പലുകൾക്കിടയിലൂടെ മുഖം പൊന്തിച്ചവയെന്നെ പോയ കാലത്തിലേക്ക് ക്ഷണിക്കുന്നു.
കൈവിട്ടുപോയൊരു പഴയ തോർത്തിന്റെ ഇരുതലക്കലുമായി നമ്മൾ
കോരിയെടുത്ത മീൻ കുഞ്ഞുങ്ങൾക്കിപ്പോഴും ജീവനുണ്ട്.
നിന്നെ കാണിക്കാൻ വേണ്ടി മാത്രം കളികളിൽ കേമനായിരുന്ന ഞാൻ
തനിച്ചു നിന്നടുത്തെത്തുമ്പോൾ
ഒന്നും പറയാനാവാതെ തരിച്ചുനിന്നതും,
തലയുയർത്താതെ നീ നടന്നു മറഞ്ഞതെല്ലാം ഓർക്കുമ്പോൾ
ഇന്നത്തെ കുട്ടികളോട് അസൂയ തോന്നുന്നു.
അറിഞ്ഞിട്ടുമറിയാത്തവരായി നമ്മൾ കാത്തുകൊണ്ടിരിക്കേ കാലം
ഇരുവഴികളായി ദൂരേക്ക് അകറ്റിയപ്പോൾ
നഷ്ടസ്വപ്നത്തിന് ലാവയുടെ ചൂടും തിളക്കവുമായിരുന്നു.
പറയാൻ മടിച്ച പ്രണയത്തിന്റെ വേദനകളെല്ലാം എനിക്കിന്നെഴുതണം.
Babu Thuyyam.

ബാബുവിന്റെ ശരികൾ

Image may contain: Muhammad Ali Ch, smiling, tree, hat, outdoor and closeup
---------------------------------------
എയർപോട്ടിൽ അറൈവൽ ഏരിയയിൽ വെച്ചാണ് ബാബുവിനെ ഞാൻ പരിചയപ്പെട്ടത്. മറ്റൊരു യാത്രക്കാരനോടൊപ്പം ഷെയർ ടാക്സിയിൽ ഞങ്ങൾ റെയിൽവേസ്റേഷനിലെത്തി. വടക്കോട്ടുള്ള ട്രെയിനിലാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഞങ്ങൾ മൂന്നുപേർക്കും വീട്ടിലേക്ക് പോകേണ്ടതും.
റെയിൽവേസ്റ്റേഷനിൽ ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കവേ , ഇരുചെവികളിലും ഇയർഫോൺ കുത്തിക്കയറ്റിയ ചെറുപ്പക്കാരൻ - , അയാളുടെ ലഗേജുകളിൽ പേരെഴുതി ഒട്ടിച്ചിരിക്കുന്നതിനാൽ, പേര് സുനിൽ ആണെന്നും, ദുബായിൽ നിന്നുമാണ് യാത്ര എന്നും മനസ്സിലാക്കി, ഞാൻ കുശലം പറഞ്ഞു. ഭാഗികമായി മാത്രം കേട്ടത് കൊണ്ടാവാം, സുനിൽ ചെവികളിൽ നിന്നും ആ വെളുത്ത ഉപകരണം എടുത്തു മാറ്റി സംസാരിക്കാൻ തുടങ്ങി. അങ്ങനെ സുനിലും മൂവർ സംഘത്തോടൊപ്പം കൂടി, നാൽവർ സംഘമായി മാറി.
ട്രെയിനിനുള്ളിൽ, ഞങ്ങൾക്കിടയിലെ സംസാരത്തിന്റെ നിയന്ത്രണം ബാബു ഏറ്റെടുത്തു,
താല്പര്യമുള്ളവർ ബാബുവിന്റെ സംസാരത്തിന് ഒന്ന് മൂളിക്കൊടുക്കുകയോ, എന്തെങ്കിലും ചോദിക്കുകയോ, ആശ്ചര്യം പ്രകടിപ്പിക്കുകയോ ഒക്കെ ചെയ്‌താൽ ബാബു അങ്ങനെ മുന്നോട്ട് പൊയ്ക്കൊള്ളും, ആകർഷകമായ ശരീര ഭാഷയും, അംഗവിക്ഷേപങ്ങളും കൈമുതലായുള്ളയാളാണ് ബാബുവെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി
"ഞാൻ ഈ സാധനവും ചെവികളിൽ കുത്തിവെച്ച് പാട്ടുകൾ ആസ്വദിച്ച് യാത്ര ചെയ്യാനായിരുന്നു പ്ലാൻ, ഇതിപ്പോൾ ഈ ബാബുവേട്ടന്റെ സംസാരം കേട്ട് കൊണ്ടിരുന്നപ്പോൾ ഞാനതങ്ങ് മറന്നു പോയി, അതിൽ ലയിച്ചു പോയി ഹഹഹ ". സുനിൽ തന്റെ മനസ്സിലുള്ളത് പങ്കുവെച്ചു.
ഞങ്ങളിരുന്ന ഭാഗം സീറ്റുകൾ മിക്കതും കാലിയായതിനാൽ ഒരു ബെർത്തിൽ നീണ്ടു നിവർന്നു കിടക്കുകയാണ് പ്രദീപ്.
"നാട്ടിലെ ചെറുപ്പക്കാരുടെ കാര്യമൊക്കെ വളരെ കഷ്ടാ ചങ്ങായിമാരെ....",
"ഹൂം ? എന്താ ചെറുപ്പക്കാർക്ക് ഇപ്പോ പ്രശ്നം ? അവർ എല്ലാ കാര്യങ്ങളും നന്നായി പഠിക്കുന്നു, അതിവേഗം ലോകത്തെ മുന്നോട്ട് നീക്കുന്നു, പണ്ടു കാലത്ത് സൈക്കിളാണ് പ്രചാരമെങ്കിൽ ഇപ്പോൾ ബൈക്ക്, സ്മാർട്ട് ഫോൺ , ചെറുപ്രായത്തിലേ സ്വന്തമായി കാർ, അങ്ങനെ എല്ലാം കൊണ്ടും ഉഷാറല്ലെ ? അവരല്ലേ ഇപ്പോളത്തെ താരങ്ങൾ?” ഞാൻ മറുപടിയായി പറഞ്ഞു.
"ഹോ പിന്നെ, അതൊന്നുമല്ല കാര്യങ്ങൾ” ..“ചില രാഷ്ട്രീയ പാർട്ടികൾ അവരെ മോശമാക്കുകയാണ്”.
ബാബുവിന്റെ സംസാരദിശ എന്തോ രാഷ്ട്രീയ കാര്യത്തിലേക്കാണ്..
“ദേ റോഡ് സൈഡിൽ വയലിൽ എന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ദിവസം നോക്കുമ്പോളുണ്ട് ഒരു ചെറിയ മരത്തൂണിൽ ഒരു കൊടി , കണ്ടയുടനെ ഞാനതങ്ങ് പിഴുതു മാറ്റി , കുറെയെണ്ണം - ആ കൊടിയുടെ പാർട്ടിക്കാരാണ് പോലും, എന്റടുത്ത് ചോദ്യം ചെയ്യാൻ വന്നു, ഞാൻ പറഞ്ഞു, എന്റെ സ്ഥലത്ത് ഇമ്മാതിരി ഉഡായിപ്പും കൊണ്ട് വന്നാ ഞാൻ ഇത് തന്നെ ചെയ്യും. ഞാനും ഈ കൊടിയെ ബഹുമാനിക്കുന്നോനാ, പക്ഷെ ഇന്ന് എന്റെ സ്ഥലത്ത് ഞാനതനുവദിച്ചാ നാളെ നിങ്ങൾ മറ്റൊരാളുടെ സ്ഥലം കയ്യേറി ഇതിലും വലുത് ചെയ്യും. നിങ്ങൾ സ്ഥലം വിടാൻ നോക്ക് , വന്നവർ അതെപടി തിരിച്ചു പോയി.",
“ഞാൻ രണ്ടു മാസത്തിലൊരിക്കൽ ഒരു മാസത്തെ അവധിക്ക് നാട്ടിലേക്ക് വരുന്നയാളാ”.
“ഒരിക്കൽ ഞാൻ വീട്ടിലെത്തിയതിന്റെ പിറ്റേന്ന് , കുറെ നേരം വൈകിയിട്ടും പതിനെട്ടുകാരനായ എന്റെ മൂത്ത മകൻ വീട്ടിലെത്തിയില്ല, ഡിഗ്രിക്ക് പഠിക്കുന്നോനാ..
“അവൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ, അവനിങ്ങ് വന്നോളും" എന്ന് ഞാൻ സമാധാനിപ്പിച്ചിട്ടും ഭാര്യ നിക്കപ്പൊറുതി തരാതായപ്പോൾ .. ഞാനവന്റെ മൊബൈലിലേക്ക് വിളിച്ചു നോക്കി. ഫോൺ അറ്റൻഡ് ചെയ്ത അവൻ പറയുന്നു, അവനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണത്രെ , “
“എന്താ കാര്യം” എന്ന് ചോദിച്ചപ്പോൾ പറയുവാ, "അച്ഛൻ വിഷമിക്കണ്ട, ഞാനിപ്പോൾ അങ്ങെത്തിയേക്കാമെന്ന്",
ഞാനുടനെ ആശുപത്രിയിലേക്ക് കുതിച്ചു, അവനെ കിടത്തിയിരിക്കുന്ന വാർഡിലെത്തി നോക്കുമ്പോൾ ചെറുതല്ലാത്ത ഒരാൾക്കൂട്ടം, മിക്കവാറും എല്ലാവരും വെള്ള വസ്ത്ര ധാരികൾ, സ്ഥലം എം എൽ എ വരെ അവിടെ ഉണ്ട് !!, ഞാൻ ആകപ്പാടെ അങ്കലാപ്പിലായി, "ആൾക്കൂട്ടം കണ്ടപ്പോൾ മകനെന്തോ അത്യാഹിതം സംഭവിച്ചത് പോലെ തോന്നിപ്പോയി”..
ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി വാർഡിലേക്ക് പോകുമ്പോൾ ചിലർ എന്നെ തടഞ്ഞു.
അവരോട് ഞാൻ പറഞ്ഞു…
"അകത്ത് കിടക്കുന്ന ചെക്കൻ സനൂപിൻറെ അച്ഛനാണ് ഞാൻ, എനിക്കവനെ കാണണം."
അവന്റെയടുത്ത് ചെന്ന് നോക്കുമ്പോൾ അവന് ബാഹ്യമായ യാതൊരു പരിക്കും കാണാനില്ല, അവനെന്തെങ്കിലും സംഭവിച്ചതായി തോന്നുന്നേയില്ല.”
എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു,
"അച്ഛൻ ഇവിടേക്ക് ഓടി വരേണ്ട കാര്യമൊന്നുമില്ലാന്ന് ഞാൻ പറഞ്ഞില്ലേ..”
", ഞാൻ മകനോട് ചോദിച്ചു, "നിനക്കെന്താ പറ്റിയെ ?"
നേതാവെന്ന് തോന്നിക്കുന്ന ഒരാളാണ് മറുപടി പറഞ്ഞത്,
“അത് ... ഇവനെയും, ദാ ആ കിടക്കുന്ന പയ്യനെ കണ്ടോ മനീഷ്,.. അവനെയും അവന്മാർ മർദ്ദിച്ചു, ഇവർ നമ്മുടെ പാർട്ടിക്കാരായോണ്ടാ അവർ അത് ചെയ്തത്, അവരെ നമ്മൾ വിടൂല, പോലീസ് ഇപ്പോളെത്തും, മൊഴി കൊടുത്തു കഴിഞ്ഞാൽ സനൂപിനെ വീട്ടിലേക്ക് ഞങ്ങൾ തന്നെ കൊണ്ട് വിട്ടോളാ".
"അപ്പൊ അവന് കുഴപ്പമൊന്നുമില്ല അല്ലേ ? " തെല്ലാശ്വാസത്തോടെ ഞാൻ ചോദിച്ചു "ഏയ്, ഒരു കുഴപ്പവുമില്ല, പോലീസ് കേസാക്കാൻ വേണ്ടി കിടത്തിയതാ", നേതാവ് യാതൊരു കൂസലുമില്ലാതെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
കിടന്നിടത്തു നിന്നും മകനെ ഞാൻ കൈപിടിച്ചെഴുന്നേല്പിച്ചു നിലത്ത് നിർത്തി.
“ 'ടപ്പേ' ന്നും പറഞ്ഞ് ഒന്ന് കനത്തിൽ അവന്റെ കരണത്ത് പൊട്ടിച്ചു കൊണ്ട് പറഞ്ഞു ..
"നടക്കെടാ വീട്ടിലേക്ക് , നിന്റെ അമ്മ എത്ര വെഷമിച്ചാ വീട്ടിൽ കഴിയുന്നതെന്നറിയോ ? ", അടികൊണ്ട് ചുവന്ന മുഖം തടവിക്കൊണ്ട് മകൻ പറഞ്ഞു..
"ഞാൻ വരാം അച്ഛാ",
'സംഭവം' കണ്ടുകൊണ്ട് അവിടേക്ക് കയറി വന്ന എം എൽ എ ഇടപെട്ടു, എന്നോട് പറഞ്ഞു..
"അത്, നിങ്ങൾക്ക് ഇപ്പോൾ സനൂപിനെ കൊണ്ടുപോകാൻ പറ്റില്ല, ഇവൻ പൊലീസിന് മൊഴി നൽകാനുള്ളതാ, ഇവരെ ആക്രമിച്ചവരെ ഞങ്ങൾ വിടൂല".
ഞാൻ എം എൽ എയോട് പറഞ്ഞു..
"എടൊ എം എൽ എ, നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ അനിയനെയോ അളിയനെയോ ഇവിടെ കൊണ്ട് വന്ന് കിടത്തിക്കോ, കേസാക്കാനും മൊഴി കൊടുക്കാനും, എന്റെ മകനെ ഞാൻ കൊണ്ടുപോകുകയാണ്, നിങ്ങൾക്കെന്ത് ചെയ്യാൻ പറ്റും? , എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കല്ലേ”...
ദേഷ്യം കൊണ്ട് വിറക്കുകയായിരുന്ന ഞാൻ എം എൽ എ യോട് തട്ടിക്കയറി, ആളെ കണ്ടാൽ എന്റെ മകന്റെയത്ര പ്രായമുള്ള മകൻ ആ എം എൽ എക്കുണ്ടാവില്ല, അതാ അനിയനെയോ, അളിയനെയോ എന്ന് ഞാൻ പറഞ്ഞെ, മനസ്സിലായോ, “എം എൽ എ പിന്നെ എന്നെ തടയാനോ എന്നോട് എന്തെങ്കിലും സംസാരിക്കാനോ തയ്യാറായില്ല.” ഒറ്റ ശ്വാസത്തിലെന്ന പോലെ ഇത്രയും പറഞ്ഞു, ബാബു വീണ്ടും ചിരിച്ചു.
ആരെയും കൂസാത്ത ആ ഭാവം ഞങ്ങളോട് ഈ കാര്യം വിവരിക്കുമ്പോളും അയാളുടെ മുഖത്ത് കാണാം.
"ഇതൊക്കെയാ ഇക്കാലത്ത് ചെറുപ്പക്കാരെ ചൂഷണം ചെയ്യുന്ന മറ്റൊരവസ്ഥ".
ഇങ്ങനെയുള്ള രാഷ്ട്രീയ പാർട്ടിക്കാർ തന്നെ ഇവരെ മദ്യപിക്കാനും മയക്കു മരുന്ന് ഉപയോഗിക്കാനും ശീലിപ്പിക്കുന്നു. അവരുടെ പാർട്ടിയിലേക്ക് ചോരത്തിളപ്പുള്ള യുവാക്കളെ ആകർഷിക്കാൻ.. കവലകളിലോ, റോഡരികിലോ, കാണുന്നിടത്ത് രണ്ട് കല്ലും വെച്ച്, ഒരു മരപ്പലകയുമിട്ട് ഇരിപ്പിടമാക്കും, അവന്റെയൊക്കെ തറവാട് സ്വത്ത് പോലെ... പിന്നെ സന്ധ്യയാകുമ്പോ കുറെയെണ്ണം ഒരുമിച്ചു കൂടും, എന്റെ മോനെ പോലെയുള്ളവന്മാരെ ഒരു ബൈക്കും കൊടുത്തു മദ്യം വാങ്ങാനയക്കും , പിന്നെ അവരോട്, ടേസ്റ്റ് നോക്കാനെന്നും പറഞ്ഞു കുറേശ്ശെ കുടിപ്പിക്കും, അങ്ങനെ അവരും ആ സംഘത്തിലാകും, പിന്നെ ക്രമേണ മറ്റേതും”.. (പുക വലിക്കുന്ന ആംഗ്യം കാട്ടി, കഞ്ചാവ് ബീഡി സൂചിപ്പിച്ചു കൊണ്ട് ) ..
എന്റെ മകനോടും കൂട്ടുകാരോടുമെല്ലാം ‘അവരുടെ’ രാഷ്ട്രീയ പാർട്ടിക്കാർ പറഞ്ഞുവത്രേ, "നിങ്ങൾക്ക് ആരെയെങ്കിലും തല്ലാനുണ്ടെങ്കിൽ ധൈര്യമായി തല്ലിക്കോ , ഞങ്ങളുണ്ട് പിറകെ, ബാക്കി നമ്മൾ നോക്കിക്കോളാന്ന്," “ഇങ്ങനെയൊക്കെയാണ് ഇവർ കുട്ടികളെ തങ്ങളോടടുപ്പിക്കുന്ന മറ്റൊരു വഴി. പിന്നെയെവിടെയാ കുട്ടികൾ നന്നാവുക ? “ ബാബു പറഞ്ഞു.
ഞങ്ങൾ മൂന്നുപേരും ബാബുവിന്റെ സംസാരശൈലി ആസ്വദിച്ചു ചിരിച്ചു ..
പലപ്പോഴും ഞാൻ പൊട്ടിച്ചിരിച്ചു പോയി..
"നീ ചിരിക്കെടാ, ജീവിതത്തിൽ ചിരിച്ചു കൊണ്ടേയിരിക്കണം, എന്നാൽ സ്വന്തം ഉത്തരവാദിത്തം മറന്നു പോകാനും പാടില്ല., മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി മൂക്കിട്ട് മണപ്പിക്കാനും പാടില്ല. ഞാൻ പറഞ്ഞത് സദാചാരം പകൽ കവലകളിൽ പ്രസംഗിക്കുകയും, രാത്രിയിൽ അത് മറക്കുകയും ചെയ്യുന്നവരെക്കുറിച്ച്- എനിക്കറിവുള്ളവരെക്കുറിച്ചാണ്, നേരിട്ട് ബോധ്യമുള്ളവരെക്കുറിച്ചാണ് "
പക്ഷെ എല്ലാ ചെറുപ്പക്കാരും പിന്നെ രാഷ്ട്രീയക്കാരും അങ്ങനെയല്ല ബാബു ഭായ്," ഞാൻ ബാബുവിനെ തിരുത്താനായി പറഞ്ഞു.
"ഭൂരിഭാഗം യുവാക്കളും നന്നായി വിദ്യാഭ്യാസം ചെയ്യണമെന്നും, ഉന്നത ജോലികളിലെത്തണമെന്നോ, ബിസിനസ് ചെയ്യണമെന്നോ, കൂടെ കുറച്ച് അടിച്ചുപൊളിക്കണം, മാന്യമായി ജീവിക്കണം എന്നൊക്കെയുള്ള ആഗ്രഹമുള്ളവരാ, കുറഞ്ഞപക്ഷം പ്രത്യേകിച്ച് ഗ്രാമങ്ങളിൽ ചില ചെറുപ്പക്കാർ ഈ വിധം ചൂഷണം ചെയ്യപ്പെടുന്നുണ്ടാവാം. പിന്നെ രാഷ്ട്രീക്കാരിലും പിന്തിരിപ്പന്മാർ ഉണ്ടാവുമല്ലോ, ഇതേപോലെയുള്ള ചെറുപ്പക്കാർ വളർന്നാവുമല്ലോ അത്തരക്കാരായി മാറുന്നത് , പക്ഷേ എല്ലാരേയും അടച്ചാപേക്ഷിക്കുന്നത് ശരിയല്ലല്ലോ ബാബു ഭായ്".
ഞാൻ എന്റെ നിരീക്ഷണം പ്രകടിപ്പിച്ചു. ഉറക്കക്ഷീണമുള്ള പ്രദീപ് ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി, സുനിൽ തലയാട്ടിക്കൊണ്ട് എന്റെ നിരീക്ഷണത്തോട് യോജിച്ചു.
"അല്ല, എല്ലാരും അങ്ങനെയാണെന്ന് പറയാൻ ഞാനും തയ്യാറല്ല, എന്റെ ചില അനുഭവങ്ങൾ, പിന്നെ എന്റെ ഗ്രാമത്തിൽ കണ്ടുവരുന്ന ഈ നിലവാരമില്ലാത്ത പ്രവൃത്തികൾ ... അതാണ് ഞാൻ പറയുന്നത് ", ബാബു മറുപടിയായി പറഞ്ഞു.
അപ്പോളേക്കും ബാബുവിന് ഇറങ്ങാനുള്ള സ്റ്റേഷൻ അടുക്കാറായിരുന്നു. എന്തൊക്കെയോ വിശേഷങ്ങൾ പറയാൻ ബാക്കി വെച്ച് വീണ്ടും കാണാമെന്ന യാത്രാമൊഴിയോടെ ബാബു ട്രെയിനിൽ നിന്നും ഇറങ്ങിപ്പോകുന്നത് ഒരൽപ്പം നിരാശയോടെ ഞാൻ നോക്കി നിന്നു.
-മുഹമ്മദ് അലി മാങ്കടവ്
31/12/2019

സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടി..

Image may contain: 1 person
****** ***** ******
"സ്കൂൾ യൂണിഫോം ആയിരിക്കണം.. ഒരു പതിനാലു പതിനഞ്ച്.വയസ്സ്.. . യൂണിഫോമിന്റെ ഹാഫ് പാവാടയുടെ താഴെ വെളുത്തു കൊഴുത്ത കാലുകൾ ഇങ്ങനെ കാണണം. "
റൂമിന്റെ ജനലിൽ കൂടി താഴെ തെരുവിൽ സ്കൂൾ വിട്ട് പോകുന്ന പച്ചയും വെള്ളയും യൂണിഫോം അണിഞ്ഞ കുട്ടികളെ കണ്ണ് നിറയെ നോക്കി അയാൾ പറഞ്ഞപ്പോൾ കക്ഷത്തിൽ ഡയറി മടക്കി വെച്ച് ബദറുദീൻ അയാളെ നോക്കി ചിരിച്ചു...
"യൂണിഫോമിൽ തന്നെ വരണം അവൾ ഇവിടെ.. സ്കൂൾ ബാഗ് പുറത്തിട്ടു.. നെഞ്ച് തള്ളി പിടിച്ചു കൊണ്ട്.. "
അയാളുടെ സ്വരത്തിൽ അടക്കാൻ ആവാത്ത ആസക്തിയുടെ നാളങ്ങൾ അഗ്നി പോലെ ജ്വലിക്കുന്നുണ്ടായിരുന്നു...
താഴെ പൊടി പറക്കുന്ന തെരുവിൽ കൂട്ടം കൂടി കലപില പറഞ്ഞു പോകുന്ന കുട്ടികളെ അയാൾ കണ്ണ് കൊണ്ടും മനസ്സ് കൊണ്ടും വ്യഭിചരിച്ചു കൊണ്ടിരുന്നു.
"ഇയാളെ കൊണ്ട് പറ്റുമോ.. അതോ ഈ ഡയറിയിൽ ഉള്ള സ്ഥിരം പെണ്ണുങ്ങൾ മാത്രം ആണോ ഇയാളുടെ കയ്യിൽ ഉള്ളൂ.. ഇതൊക്കെ ഡീൽ ചെയ്യാൻ പറ്റുമോ ബദറുനെ കൊണ്ട്.. "
കറുത്ത് മെലിഞ്ഞ,ഞരമ്പുകൾ തെളിഞ്ഞ കൈത്തണ്ടയിൽ ലൂസ് ആയി റാഡോ യുടെ പഴയ സ്റ്റീൽ വാച്ച് കെട്ടിയ, വെളുത്ത മുണ്ടും ഷർട്ടും ധരിച്ച പൊക്കം കുറഞ്ഞ കുറുക്കൻ കണ്ണുകൾ ഉള്ള ബദറുദ്ധീൻ എന്ന ബ്രോക്കർ അയാളുടെ മുന്നിൽ അയാളുടെ ഓരോ ചലനവും നോക്കി നിന്നു....
വികാരങ്ങൾ ഒന്നും ഇല്ലാത്ത പരുക്കൻ മുഖത്തു ഒട്ടിച്ചു വെച്ച സ്ഥായിയായ ചിരിയോടെ ബദറുദീൻ അയാളെ നോക്കി..
"സാറേ.. സാറ് പറയുന്ന പോലെയുള്ള പിള്ളേര് ഇവിടെ വരും.. പക്ഷെ കാശ് അയ്യായിരം പൈനായിരം ഒന്നും പോരാ.. അതൊക്കെ ഇവിടുത്തെ സീരിയൽ അക്കമാർക്ക് ഉള്ള റേറ്റ് ആണ്.. ഇതിപ്പോ സാറിന് ഇങ്ങനെ ഒരു മോഹം ഉണ്ടെങ്കിൽ... "
"ഒണ്ട് ബദറു... ഒണ്ട്.. ഈ സായിപ്പിന്റെ സിനിമ കണ്ടു കണ്ടു എന്താണോ അതിനോട് ഒരു... ഒരു.. എന്താ പറയുക.. കൊതിയാണ് ശെരിക്കും.. ഒരുതരം ഭ്രാന്ത് പിടിച്ച കൊതി.. "
അയാളുടെ കണ്ണുകൾ ആകാംഷയോടെ ബദറുന്റെ മുഖത്തു തന്നെ തങ്ങി നിന്നു..
എ സി യുടെ കുളിരിൽ പോലും അയാളുടെ ചെന്നിയിൽ കൂടി വിയർപ്പിന്റെ മുത്തുകൾ ഉരുണ്ടു വന്നു..
അയാളുടെ പിറകിൽ മേശപുറത്ത് ഇരിക്കുന്ന വില കൂടിയ കുപ്പിയിലെക്കും കയ്യിൽ എരിയുന്ന വിദേശ ചുരുട്ടിലേക്കും ബദറുദീൻ മാറി മാറി നോക്കി.. ആ നോട്ടം അയാൾക്ക് മനസിലായി..
മുന്നോട്ടു വന്നു അയാൾ ബദറുന്റെ തോളിൽ ഇരുകയ്യും വെച്ചു കണ്ണിലേക്കു സൂക്ഷിച്ചു നോക്കി..
"പണം എനിക്ക് പ്രശ്നം അല്ല.. മിസ്റ്റർ ബദർ.. താൻ കൊണ്ട് വരുന്ന കൊച്ചു എനിക്ക് ഓക്കേ ആണെങ്കിൽ താൻ പറയുന്നതിൽ കൂടുതൽ ഞാൻ തരും.. പിന്നേ ആ കുപ്പിയും തനിക്കു സ്വന്തം.. "
ബദർ ഒരു നിമിഷം ഒന്നും മിണ്ടിയില്ല.. വിഷയാസക്തൻ എന്ന് വിളിച്ചു പറയുന്ന അയാളുടെ താടിയിലും, അഗ്രം വളഞ്ഞ നീണ്ട മൂക്കിലും ബദറിന്റെ കണ്ണുകൾ സഞ്ചരിച്ചു കൊണ്ടിരുന്നു..
"സമ്മതിച്ചു സാറേ.. സാറ് പറയുന്ന പോലൊരു കൊച്ചു ഇവിടെ വരും.. സാറോന്നു ഫ്രഷ് ആയി ടൗണിൽ ഒക്കെ ഒന്ന് കറങ്ങി വാ.. അപ്പോളേക്കും ഞാൻ സാറിന്റെ നമ്പറിൽ വിളിക്കാം.. ഇപ്പൊ ഒരു അഞ്ഞൂറ് താ.. വഴിയിൽ കുറച്ചു ചിലവ് വരും.. "
"ഉം.. ആയ്ക്കോട്ടെ.."
"അയാൾ ഒന്ന് ഇരുത്തി മൂളികൊണ്ട് പോക്കറ്റിൽ നിന്നും ക്യാഷ് എടുത്തു കൊടുത്തു.. ചിരിച്ചു കൈ വീശി ബദറുദീൻ ഇറങ്ങി പോയപ്പോൾ അയാൾ വീണ്ടും ജാലകവിരി മാറ്റി തെരുവിലെക്കു നോക്കി.. കുട്ടികൾ അപ്പോളും പോയ്‌കൊണ്ടിരിക്കുന്നുണ്ടായിരുന്നു തെരുവിൽ കൂടി...
****** ****** *******
കുളിച്ചു വസ്ത്രം മാറി അയാൾ പുറത്തേക്കു ഇറങ്ങുമ്പോൾ പുറത്ത് വൈകുന്നേരത്തിന്റെ തിരക്ക് തുടങ്ങിയിരുന്നു..
ഒറ്റകുതിരയെ പൂട്ടിയ വണ്ടികൾ കൊണ്ട് പലരും അയാളെ വിളിക്കുന്നുണ്ടായിരുന്നു.
ഉണങ്ങിയ കുതിരചാണകവും കഴുതചാണകവും മണക്കുന്ന പൊടി പറക്കുന്ന തെരുവിന്റെ ഓരം നിറയെ കച്ചവടക്കാർ ആയിരുന്നു.
താഴെ നിന്നും മുകളിൽ വരെ വർണ്ണദീപങ്ങൾ തെളിയിച്ചു വേലായുധൻ പളനിമലയുടെ മുകളിൽ ഇരുന്നു നഗരത്തിനു കാവൽ ആയി..
കുഞ്ഞു ബൾബ്കൾ കത്തുന്ന ബലൂണുകളും , മയിൽപീലികളും .. മുരുകന്റെ ചിത്രങ്ങളുമായി തെരുവിന്റെ കൊച്ചു കച്ചവടക്കാർ അയാളെ വന്നു പൊതിഞ്ഞു..
വലിയ തട്ടങ്ങളിൽ വളച്ചു വളച്ചു വെച്ച മുല്ലയും കനകാംബരവും കോർത്ത മാലയും ആയി സ്ത്രീകൾ അയാളെ മാടിവിളിച്ചു.
"അയ്യാ. മല്ലിപൂ അയ്യാ.. "
തല നിറയെ പൂ വെച്ചു ദാവണി ഉടുത്തു തമിഴ് പെൺകൊടികൾ കലപില സംസാരിച്ചു അയാളെ കടന്നു പോയ്‌..
പളനിയുടെ തെരുവുകളിൽ നിറയെ തിരക്ക് ആയിരുന്നു..മുണ്ഡനം ചെയ്ത ശിരസ്സിൽ കളഭം വാരി പൊതിഞ്ഞു കൊണ്ട് കുട്ടികളും വലിയവരും
"വേൽമുരുകാ ഹരഹരോ "
വിളിച്ചു കൊണ്ട് തലങ്ങും വിലങ്ങും പൊയ്ക്കൊണ്ടിരുന്നു ..
തിരക്ക് ഒട്ടും ഇല്ലാത്തത് അയാൾക്ക് മാത്രം ആയിരുന്നു.. ബസ് സ്റ്റാൻഡ് മുന്നിലെ കുതിരവണ്ടികളുടെ ബഹളവും.. തെരുവിലേ തിരക്കുകളും ആസ്വദിച്ചു കൊണ്ട് അയാൾ മെല്ലെ നടന്നു..
"ബാർ.. വസതിയിരുക്കു "
എന്ന ബോർഡ് കണ്ടപ്പോൾ റൂമിൽ ഇരിക്കുന്ന വിദേശമദ്യം അയാൾ ഓർത്തു.. പിന്നേ സ്വയം ചിരിച്ചു.. എന്നിട്ട് ആടയാഭരണങ്ങൾ അഴിച്ചു വെച്ചു പച്ച മനുഷ്യൻ ആയി അയാൾ ഇടുങ്ങിയ ആ മുറിയിൽ കയറി..
" ആരും അറിയാത്ത ഇടങ്ങളിൽ ഇങ്ങനെ ഒറ്റയ്ക്ക് അലയണം "
അയാൾ സ്വയം പറഞ്ഞു.
"എന്നിട്ട് ഉള്ളിന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന വന്യമായ ചോദനകളെ ഉണർത്തണം .. സമൂഹം.. വീട്‌.. ജോലി തുടങ്ങി അന്തസ്സ് അളക്കുന്ന മാനദണ്ഡങ്ങൾ ഒക്കെ വലിച്ചു എറിഞ്ഞു ഉള്ളിലെ യഥാർത്ഥ ഞാൻ ആയി ജീവിക്കണം "
ഉള്ളിൽ പറഞ്ഞു ചിരിച്ചു കൊണ്ട് അയാൾ മുന്നിൽ ഇരുന്ന താടിയും മുടിയും നീട്ടി വളർത്തിയ ഒരുവന്" ചിയേർസ് "പറഞ്ഞു...
ബദറുദീന്റെ ഫോൺ വന്നപ്പോൾ അയാൾ കാവടിയേന്തി ഉച്ചത്തിൽ നാമം ജപിച്ചു റോഡിൽ തുള്ളുന്ന ഒരു കൂട്ടത്തിനു ഒപ്പം റോഡിൽ ചുവടു വെയ്ക്കുക ആയിരുന്നു..
മൂന്ന് വിരൽ വീതിയിൽ നെറ്റിയിൽ ആരോ വരച്ച കളഭം വിയർപ്പിൽ മുങ്ങിയിരുന്നു ..
ഫോൺ വന്നപ്പോൾ അതെടുത്തു കൊണ്ട് ആൾക്കൂട്ടത്തിൽ നിന്ന് മാറി അയാൾ മതിലോരം ചെന്നു..
കോർപറേഷൻകാർ വിതറിപ്പോയ ബ്ലീച്ചിങ് പൌഡറിന്റെ രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നു മതിലോരത്തു ...
"സാറേ എവിടാ റൂമിൽ ഉണ്ടോ "
"ഇല്ല ബദർ... പുറത്ത് ആണ്.. അമ്പലത്തിൽ പോകുന്ന വഴിയിൽ.. "
"സാർ പറഞ്ഞ ആള് റെഡി ആണ്.. ഇപ്പൊ സാർ ഒന്ന് വന്നു കണ്ടാൽ, ഇഷ്ടം ആയെങ്കിൽ നമുക്ക് തുക പറഞ്ഞു ഉറപ്പിക്കാം.. കൊറച്ചു കൂടി ഇരുട്ടിയിട്ട് ഒരു പത്തു മണി ഒക്കെ ആകുമ്പോൾ ആളെ റൂമിൽ എത്തിക്കാം.. "
അയാൾ ചുണ്ട് കടിച്ചു ഒന്ന് ചിരിച്ചു. കാലിൽ നിന്നും ഒരു തരിപ്പ് മെല്ലെ പടരുന്നത് അയാൾ അറിഞ്ഞു.. ശരീരം എവിടെ ഒക്കെയോ പൊട്ടി വിടരുന്ന പോലെ..
"ഓക്കേ ബദറു.. ഞാൻ ഹോട്ടലിൽ ചെന്നു വണ്ടി എടുത്തു വരാം. ബദർ എവിടെ ആണ്.. "
"വേണ്ട വേണ്ട ഇപ്പൊ കാർ എടുക്കേണ്ട.. സാർ അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു കൊടൈക്കനാൽ റോഡിൽ കൗണ്ടർ മുത്തുരാജ് സ്ട്രീറ്റ് വാ.. ഞാൻ ഇവിടെ റോഡിൽ ഉണ്ട് "
ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ട് അയാൾ ആദ്യം വന്ന ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു..
ബസ് സ്റ്റാൻഡ് കഴിഞ്ഞു സർക്കിൾ ചുറ്റി വലത്തോട്ട് തിരിഞ്ഞു ഓട്ടോ കൊടൈക്കനാൽ റോഡിൽ കയറി.. രണ്ടു നിമിഷം കൊണ്ട് റോഡ് വിജനമായ്.. നഗരം വളരെ വേഗം പിറകിൽ പോയി.. പടർന്നു പന്തലിച്ച കൂറ്റൻ പുളിമരങ്ങൾ കാവൽ നിൽക്കുന്ന റോഡ് അരികിൽ ഉണ്ടായിരുന്നു ബദർ..
"ഏയ്‌.. അണ്ണാ.. നീങ്കളാ.. വാ വന്ത് പക്കത്ത്‌ ഇരി"
ഓട്ടോ ഡ്രൈവർ ബദറിനെ നോക്കി സൗഹൃദപൂർവ്വം ചിരിച്ചു..
"എന്നാ ഏഴുമലൈ.. എപ്പടി ഇരുക്ക്.. സൗഗ്യമാ "
അയാളെ നോക്കി ചിരിച്ചു കൊണ്ട് ബദർ ഡ്രൈവർ കൂടെ മുന്നിൽ തന്നെ ഇരുന്നു.
"ആമാ അണ്ണാ. സൗഗ്യം ആയിരിക്ക്..ഇന്ത പക്കം എന്ന സമാചാരം .. അണ്ണൻ പശങ്ക ഇങ്കെ യാര് "?
"ഒന്നും ഇല്ലടെയ്.. നമ്മ കുമരേശൻ ഇല്ലവാ .. അന്ത വസന്തവിഹാർ ഹോട്ടലിൽ വേല പാക്കും കുമരേശൻ .. ഒന്ന് അവങ്ക കുടി വരൈ.. "
നിറയെ ചെറിയ ചെറിയ വീടുകൾ ഉള്ള വൃത്തിയുള്ള ഒരു വഴി ആയിരുന്നു കൗണ്ടർ മുത്തുരാജ സ്ട്രീറ്റ്. അതിൽ ഒരു വീടിന്റെ മുന്നിൽ യാത്ര അവസാനിച്ചു..
ബദർ വിളിച്ചപ്പോൾ ആദ്യം ഇറങ്ങി വന്നത് ഒരു കൊച്ചു പെൺകുട്ടി ആയിരുന്നു..
അക്കയെ വിളിക്കാൻ പറഞ്ഞപ്പോൾ അവൾ അകത്തേക്ക് ഓടി..
പ്രായം ആയ ഒരു സ്ത്രീയോടൊപ്പം ഫുൾ പാവാടയും ഷർട്ടും ധരിച്ചു വന്ന പെൺകുട്ടിയേ കണ്ടപ്പോൾ അയാൾ ഒരു നിമിഷം നിശ്ചലമായി പോയി..
റോജ സിനിമയിൽ ആട്ടിൻ കൂട്ടത്തെ മേയ്ച്ചു വരുന്ന മധുബാലയേ ആണ് അയാൾക്ക്‌ ഓർമ്മ വന്നത് .. നീണ്ട കഴുത്തിലും, സ്വർണ്ണരോമങ്ങൾ മയങ്ങുന്ന ഉരുണ്ടു വെളുത്ത കൈതണ്ടയിലും ചുവന്നു തുടുത്ത ചുണ്ടിലും അയാളുടെ കണ്ണുകൾ ആസക്തിയോടെ ഇഴഞ്ഞു നടന്നു..
ബദർ പ്രായമായ സ്ത്രീയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അയാൾ അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു..
"സാറേ... "
ബദർ വിളിച്ചപ്പോൾ അയാൾ ഞെട്ടി നോക്കി..
"ഇത് ഓക്കേ ആണെങ്കിൽ അങ്ങോട്ടും ഇല്ല ഇങ്ങോട്ടുമില്ല അൻപത് ആണ് റേറ്റ് ..
അൻപതിനായിരം .. ഓക്കേ ആണെങ്കിൽ പത്തു മണിക്ക് കൊച്ചു റൂമിൽ ഉണ്ടാവും.. "
"ഇവൾ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത് "
"ഒൻപതിൽ ആണ് സാറേ.. യൂണിഫോം ഒക്കെ ഉണ്ട്. സാർ പറയുന്ന പോലെ തന്നെ കൊച്ചു വരും... "
ഇത്തവണ ബദർ ഉറക്കെ ചിരിച്ചു..
അയാൾ അതൊന്നും കാണുന്നില്ലായിരുന്നു .
കൈ പൊക്കി മുടി മാടി ഒതുക്കുന്ന ആ പെൺകുട്ടിയുടെ ഷർട്ട്‌ പൊങ്ങിയപ്പോൾ കണ്ട ഗോതമ്പ് നിറമുള്ള വയറ്റിൽ ആയിരുന്നു അയാളുടെ നോട്ടം..
"സാറേ.. എന്തെങ്കിലും പറ.. ഇത് പറ്റില്ല എങ്കിൽ വേറെ നോക്കാം.. "
"ഇല്ല.. ഇല്ല.. വേണ്ട ബദർ... ഇത് മതി.. ഞാൻ ഓക്കേ ആണ്.. "
വിജയത്തിന്റെ ഒരു ചിരി വിരിഞ്ഞു ബദറിന്റെ മുഖത്ത്‌..
"എങ്കിൽ സാറ് വാ.. ബാക്കി ഒക്കെ ടൗണിൽ ചെന്നിട്ടു.. ഇവളുടെ അപ്പ ഉണ്ട്. ടൗണിൽ. ആളെ കണ്ടു ക്യാഷ് ഏൽപ്പിച്ചു നമുക്ക് ഒന്ന് കൂടാം. പത്തു മണിക്ക് കൊച്ചു അവിടെ ഉണ്ടാവും.. സാറ് വന്നാട്ടെ .. "
പകുതി കൊരുത്ത കനകാംബര മാല കയ്യിൽ ചുറ്റി നിന്ന പെൺകുട്ടിയേ നോക്കി തല ചലിപ്പിച്ചു കൊണ്ട് അയാൾ റോഡിലേക്ക് നടന്നു..
"ബദറേ ..പോകുന്ന വഴിക്ക് ഏതേലും എടിഎം കണ്ടാൽ ഒന്ന് നിർത്തണം. നമുക്ക് ക്യാഷ് എടുക്കണം.. "
"എടിഎം ഞാൻ കാണിച്ചു തരാം സാർ.. വഴി കാട്ടാൻ നാങ്ക ഓട്ടോക്കാർ ഗൂഗിൾനെക്കാൾ ബെസ്റ്റ് സർ "
"സാറേ. സമയം ഉണ്ട്.. കുമരേശനെ കണ്ടിട്ട് നമുക്കൊന്ന് കൂടിയാലോ.. പത്തു മണി കഴിഞ്ഞു റൂമിൽ എത്തിയാൽ മതിയല്ലോ.. ഇവിടെ അടുത്തൊരു സ്ഥലം ഉണ്ട്.. പാണ്ട്യൻ പാറ.. വൈകിട്ട് ഒക്കെ പോയ്‌ ഇരിക്കാൻ ബെസ്റ്റ് ആണ്.. "
അയാൾ ഒരു നിമിഷം ആലോചിച്ചു.. ഇന്ന് സന്തോഷിക്കാൻ ഉള്ള ദിവസം ആണെന്ന് അയാളുടെ ഉള്ളിൽ ഇരുന്നു ആരോ പറയുന്നുണ്ടായിരുന്നു.. അയാൾ അടുത്തിരുന്ന ബദറുദിന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു..
"ഇന്ന് ഇപ്പൊ ബദർ പറയുന്ന പോലെ നടക്കട്ടെ..
"ഏഴുമലൈ .. ഫസ്റ്റ് എടിഎം.. വന്ത് വസന്തവിഹാർ . കുമരേശനെ പാത്തതൂക്കു അപ്പുറം പാണ്ട്യൻ പാറ.. നാങ്ക കുമരേശനെ പാക്കും പൊതു നീ വൈൻ ഷോപ് കലമ്പി ഒരു വൈറ്റ് ഓറഞ്ച് വാങ്കി വാ ..നമ്മ മുരുകൻ ഷോപ്പിൽ നിന്നും നാലു കാട ഫ്രൈയും സെർത്തു വാങ്ക് .. "
****** ******* ******
ഇരുൾ പടർന്നിട്ടും പാണ്ട്യൻ പാറയുടെ മീതെ നേർത്ത നാട്ടുവെളിച്ചം പടർന്നു കിടന്നിരുന്നു.
വയലിനും തടാകത്തിനും അപ്പുറം പളനി ടൗണിൽ നിന്നുള്ള വെളിച്ചങ്ങൾ ദീപാലങ്കാരം പോലെ മിന്നി തിളങ്ങി. അണയുകയും തെളിയുകയും ചെയ്യുന്ന പളനിമലയിലെ വർണ്ണ വിളക്കുകളും , വേലേന്തിയ ഷണ്മുഖന്റെ ഇല്യൂമിനേറ്റഡ് രൂപവും പളനി ടൗണിനു മീതെ കാവൽ മാലാഖ പോലെ നില കൊണ്ടു..
ഏഴുമലൈ പാടാൻ തുടങ്ങിയിരുന്നു.. രണ്ടെണ്ണം അകത്തു ചെന്നാൽ സാധാരണജനങ്ങൾ എത്ര സന്തോഷവാന്മാർ ആണെന്ന് അയാൾക്ക്‌ തോന്നി. അല്ലലും അലട്ടലും ഒക്കെ ഉണ്ടെങ്കിലും അവർ അവരുടെ ജീവിതം അവർക്കിഷ്ടം ഉള്ള പോലെ സന്തോഷമായ് ആണ് കഴിച്ച് കൂട്ടുന്നത്..
ബദർ ചൂടാർന്ന പാറയുടെ മുകളിൽ മലർന്ന് കിടക്കുക ആയിരുന്നു.. മേലെ എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രങ്ങൾ മിന്നി മിന്നി കത്തുന്ന പോലെ കൺചിമ്മി നിന്നു. പടിഞ്ഞാറൻ മാനത്തു വിളറി വെളുത്തൊരു അമ്പിളിത്തെല്ലും..
"കൊച്ചു പെണ്ണാ അല്ലേ സാറേ... സാറിന്റെ ഇന്നത്തെ രാത്രി.. സാർ ഒരിക്കലും മറക്കില്ല അല്ലേ.. "
ബദർ ചോദിച്ചപ്പോൾ അയാൾ ചിരിച്ചു..
"സ്കൂളിൽ പോകുമ്പോൾ ഞാൻ കാണാറുണ്ട് ഇടയ്ക്ക് അവളെ,, പാവം... അമ്മയ്ക്ക് വയ്യാതെ കുഞ്ഞാ.. ഇന്ന് രാത്രി അവൾ സാറിന്റെ ചൂടേറ്റ് സാറിന്റെ നെഞ്ചിൽ.. "
ബദർ കൈ നീട്ടി അയാളുടെ തുടയിൽ ഒന്ന് അടിച്ചു.
"എത്ര നാളത്തെ മോഹം ആണെന്ന് അറിയോ ബദറേ ... അതാണ് ഇന്ന് രാത്രി ഞാൻ സാധിക്കാൻ പോകുന്നത്.. "
"സാറിനൊക്കെ ഇങ്ങനെ ഓരോ മോഹങ്ങൾ..
ഉള്ളവന്റെ കഴപ്പ് അല്ലേ സാറേ ഇല്ലാത്ത ഞങ്ങളുടെ ഒക്കെ പിഴപ്പ്..
അടച്ചു ഉറപ്പുള്ള ഒരു വീട്, മക്കൾ ചോദിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ.. ഇടയ്ക്ക് തലൈവരുടെ ഓരോ സിനിമ.. ദീപാവലിയും പൊങ്കലും നന്നായി ആഘോഷം ആയി കൂടണം. ഇതൊക്കെ ഉള്ളു ഞങ്ങൾ മോഹിക്കുന്നതു .. "
ബദർ എഴുന്നേറ്റു ഇരുന്നു..
"കുയിലേ പുടിച്ചേ കൂട്ടിൽ അടച്ച കൂവ സൊല്ലകിറ ഉലകം.
മയിലെ പുടിച്ച്‌ കാലവുടച്ചു ആട സൊള്ളുകിറ ഉലകം "
ഏഴുമലൈ ആകാശത് നോക്കി ഉറക്കെ പാടി..
അയാൾക്ക്‌ നെഞ്ചിൽ പെട്ടന്ന് ഒരു വേദന തോന്നി.. എന്തോ കയറി ഇറങ്ങി പോയ പോലെ നെഞ്ചിൽ.. ഇടം കൈ കൊണ്ടു അയാൾ ഹൃദയത്തിൽ അമർത്തി പിടിച്ചു..
"കുഞ്ഞല്ലേ സാറേ... ഭാരതത്തിന്റെ ഭാവി പ്രതീക്ഷകൾ, സാറിന്റെ അസുഖത്തിന് മരുന്ന് വിൽക്കാൻ കട തുറന്നു വച്ചിരിക്കുന്ന നൂറുകണക്കിന് പെണ്ണുങ്ങൾ ഇല്ലേ ഇവിടെ.. എന്നിട്ട് സാറിന് സ്കൂളിൽ പോകുന്ന കൊച്ചു കുഞ്ഞിനെ തന്നെ വേണം കൂടെ കിടത്തി ഉറക്കാൻ അല്ലേ "
അയാൾ അവിശ്വസനീയതയോടെ ബദറിനെ നോക്കി.. ബദറിൻറെ കയ്യിലെ കനം കുറഞ്ഞ നീണ്ട കത്തിയുടെ ഇരു വായ്ത്തലകളും നേർത്ത നിലാവിൽ തിളങ്ങി..
ഹൃദയം പൊതിഞ്ഞു പിടിച്ച അയാളുടെ വിരലുകൾക്ക് ഇടയിൽ കൂടി കൊഴുത്ത ചോര പതഞ്ഞു പതഞ്ഞു പുറത്തേക്കു ഒഴുകി..
"സാറൊന്നും ജീവിച്ചു ഇരിക്കേണ്ട കാര്യമില്ല സാറേ.. കുഞ്ഞുങ്ങൾ മാലാഖമാരാ. അവരെ നമ്മൾ പൊന്നു പോലെ നോക്കണം.. ഓരോ പെൺകുഞ്ഞും നാടിനു വിളക്ക് ആവേണ്ടവരാ.. അവരെ പോയി ഇങ്ങനെ കെടുത്തി കളയാൻ നോക്കാമോ സാറേ.. "
അയാൾക്ക്‌ എന്തോ പറയണം എന്നുണ്ടായിരുന്നു.. ശബ്ദം തൊണ്ടയിൽ നിന്നും പുറത്തേക്കു വരുന്നില്ലായിരുന്നു .
"ആ കുഞ്ഞിന്റെ അമ്മ തളർന്നു കിടപ്പാ.. ഒരു നേരത്തേ മരുന്നിനു പണം ചോദിച്ചാൽ കൊടുക്കാൻ ഒരു മൈ..മോനുമില്ല..
സ്കൂൾ യൂണിഫോം ഇട്ട് കൊച്ചു ചെന്നാൽ അൻപതിനായിരം രൂപ കൊടുക്കാൻ ഇവനൊന്നും ഒരു മടിയും ഇല്ല..
സാറിന്റെ കാശ് കൊണ്ട് അവർ ഒരു രണ്ടു മാസം ഹാപ്പി ആയി ജീവിക്കട്ടെ അല്ലേ സാറേ.. സാറ് കൊച്ചിന്റെ അമ്മയേ സഹായിക്കാൻ ചെന്ന വലിയ മനുഷ്യൻ ആണെന്നാ ഞാൻ അവിടെ പറഞ്ഞത്. അതാ അവരാ കാശ് വാങ്ങീത് . "
അയാൾക്ക്‌ ചുവട് ഇടറി തുടങ്ങിയിരുന്നു.. അങ്ങോട്ട്‌ ഇങ്ങോട്ടു ബാലൻസ് കിട്ടാതെ ഇടറിയ രണ്ടു ചുവട് വെച്ചു കൊണ്ട് അയാൾ പാറയുടെ മുകളിൽ നില തെറ്റി അടിച്ചു വീണു..
"വേൽമുരുകാ ഹരോ ഹര..
ശ്രീ മുരുകാ ഹരോ ഹര..
ആറുമുഖ ഹരോ ഹര "
അതായിരുന്നു അയാൾ അവസാനം കേട്ട സ്വരം. ഏഴുമലയുടെ പാട്ട്.. ബദറുദിനും ഏഴുമലൈയും മലയിറങ്ങി പോകുന്നത് അടഞ്ഞു പോകുന്ന കണ്ണുകളിൽ കൂടി അയാൾ മങ്ങി മങ്ങി കണ്ടു.
സ്കൂൾ യൂണിഫോമിൽ ചിരിക്കുന്ന ആ പെൺകുട്ടി അയാളുടെ നെഞ്ചിൽ ഒന്ന് മിന്നി മാഞ്ഞു.. പിന്നെ ചുറ്റും അനാദിയായ അന്ധകാരം നിറഞ്ഞു.. പളനി മല അപ്പോളും മിന്നി തിളങ്ങി നിന്നു അശരണർക്കു അഭയം ആയി...
********* **** ****
സ്നേഹപൂർവ്വം Sayandh Sarang.....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo