നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുതുവർഷം 2020 ലെ സൂരജിന്റെ തീരുമാനം

ബൈക്കിൽ പോകുമ്പോഴാണ് സൂരജ് ആ പെൺകുട്ടിയെ നേരിൽ ഒരിക്കൽ കൂടി കണ്ടത്..... പൂച്ചക്കണ്ണുള്ള ---- ഒരു കൊച്ചു സുന്ദരി..... നീലസാരിയും നീല ബ്ലൗസും അണിഞ്ഞ അവളെ കാണാൻ ഒരു പ്രത്യേക അഴകായിരുന്നു
സൂരജ് ബസ് സ്റ്റോപ്പിന്റെ ഒരരികിലേക്ക് ബൈക്ക് മാറ്റിയിട്ടു :അതിൽ ചാരി അവളെയും നോക്കി നിന്നു
ഇന്നലെ വെജിറ്റബിൾമാർക്കറ്റിൽ വെച്ച് വൈകുന്നേരം അവളെ കണ്ടിരുന്നു.... വെറുതെ യൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു ... -തിരിച്ചവളും ഒരു ശ്രമം നടത്തി :- അത് കഴിഞ്ഞ് അപ്രതീക്ഷിതമായാണ് ക്ഷേത്രത്തിൽ വെച്ച് കണ്ടത്.... ഒരു പുഞ്ചിരിയല്ലാതെ പരസ്പരം മറ്റൊന്നും കൈമാറാൻ കഴിഞ്ഞില്ല അപ്പോഴും ---- ഈ നാട്ടിൽ അവൾ പുതിയതാണെന്ന് മനസ്സിലായി :..
പിന്നീട് അറിയാനുള്ള ആവേശമായിരുന്നു ..... തന്റെ അതേ ഹൗസിങ്ങ് കോളനിക്ക് തൊട്ടപ്പുറത്തുള്ള വാടക വീട്ടിലെ പുതിയ താമസക്കാർ ....
ബസ് വന്നപ്പോൾ .അവൾ അതിൽ കയറാൻ മുന്നോട്ട് നീങ്ങി: മെല്ലെ തലതിരിച്ചൊന്ന് നോക്കി.... നോട്ടം സൂരജിലെത്തിയപ്പോൾ വീണ്ടും പുഞ്ചിരിക്കാൻ ഒരു ശ്രമം --- തിരിച്ച് സൂരജും
.......................
''ഭാനുമതി ദേ ഇന്ന് പുതിയ രണ്ട് പ്രൊപ്പൊസൽ വന്നിട്ടുണ്ട് "
അത് കേട്ട സൂരജിന്റ അമ്മ അങ്ങോട്ടേക്ക് ചെന്നു
"അതേയ് ഞാനൊരു കാര്യം പറയാം.... ഒരു പെങ്കൊച്ചിനെ അവനിഷ്ടമാണെന്ന്.... ദേ കോളനിക്ക് പുറത്ത് വലത് വശത്തെ ആദ്യത്തെ വീട്ടിലാ താമസം : പുതിയതായി വന്നവരാ ....നമുക്കൊന്ന് അവിടെ പോകാം"
"നീയെന്താ ഭാനുമതി ഈ പറയുന്നെ.... ഒരു പരിചയവുമില്ലാത്ത വീട്ടിൽ കയറി ചെറുക്കന് പെണ്ണ് ചോദിക്കാൻ പറ്റുമൊ"
"അയ്യോ പെണ്ണ് ചോദിക്കാനല്ല: നമ്മൾ ഒന്ന് പരിചയപെടാൻ പോകുന്നു... അത്രയെയുള്ളു.... കാര്യങ്ങളൊക്കെ ഒന്നറിഞ്ഞിട്ട് വരാം "
"ങ്ങാ അതാവാം ...."
പുച്ചക്കണ്ണുള്ള ആ സുന്ദരിയുടെ വിശേഷങ്ങൾ അറിയാൻ സൂരജ് കാത്തിരിക്കയായിരുന്നു.... ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ചുവട്ടിലേക്ക് നോക്കി.... അതെ അച്ചനും അമ്മയും: ചുവട്ടിലേക്ക് പോകാം: അല്ലെങ്കിൽ വേണ്ട .... അമ്മയിങ്ങോട്ട് വരും.... തനിക്കറിയാം അമ്മയെ
പടി കയറി മകന്റെ അടുത്തേക്ക് ആ അമ്മ എത്തി
"മോൻ വാ അമ്മക്ക് പറയാനുണ്ട് "
സൂരജ് അമ്മയുടെ അടുത്തിരുന്നു.... കുറച്ച് നേരത്തേക്ക് അമ്മയൊന്നും മിണ്ടിയില്ല.... സൂരജിന്റെ കൈകൾ കൂട്ടി പിടിച്ചു--- അവന്റെ മുഖത്തേക്ക് നോക്കി:
"ന്താ മ്മെ ''
'' മോനെ. ഞങ്ങൾ അവരുമായി സംസാരിച്ചു പരിചയപ്പെട്ടു: നല്ല ആൾക്കാരാ.... പക്ഷെ മോനെ.... "
സുരജിന്റെ നെറ്റി ചുളിഞ്ഞു
" ആ കൊച്ചിനെ ഞങ്ങൾ കണ്ടു അമ്മക്കൊരു പാടിഷ്ടായി... പൂച്ചക്കണ്ണുള്ള ആ സുന്ദരിയെ..... :
പക്ഷെ ....."
''ന്താമ്മെ - - - - - "
" മോൻ വിഷമിക്കരുത്: .. ആ പെങ്കൊച്ചിന് സംസാരിക്കാൻ കഴിവില്ല .... ഊമയാണ് അവൾ... "
സൂരജ് അമ്മയുടെ കൈകൾ പെട്ടെന്ന് മുറുകെ പിടിച്ചു:
"അമ്മക്ക് ഒരു പാട് വിഷമമായി .... ഇതെങ്ങിനെ നിന്നോട് പറയും ---പറഞ്ഞല്ലെ പറ്റു"
സൂരജ് ഒന്നും മിണ്ടിയില്ല
"അമ്മക്ക് മോനോട് വേറൊരു കാര്യം പറയാനുണ്ട്: രണ്ടു ദിവസം കഴിയട്ടെ: പ്പൊ നീ ഒന്ന് റിലാക്സ് ചെയ്യ് "
"വാ വല്ലതും കഴിക്ക് "
സൂരജ് കണ്ണടച്ച് ചാരിയിരുന്നു.... പൂച്ചക്കണ്ണുള്ള അവളുടെ ചിരിച്ച മുഖമായിരുന്നു മനസ്സ് നിറയെ..... "
- - - - - - - - '
പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോഴാണ് മൊബൈൽ ശബ്ദിച്ചത്:
"ടാ സൂരജെ അപ്പൊ പറഞ്ഞ പോലെ ... 2020ലെ ആദ്യ ഗാനം നീയാണ് പാടുന്നത് ---- നിന്റെ ഫേവറിറ്റ് ഗാനം "പൊന്നിൽ കുളിച്ച് നിന്നു...... "
" ശരി ഏറ്റു"
രോഹി താണ് വിളിച്ചത്: ഗിറ്റാറിസ്റ്റ് രോഹിത് :
"ന്താടാ നീ ഒരു മൂഡ് ഓഫ് പോലെ "
"ഏയ് ഒന്നുല്ല്യാ "
"പിന്നെയ് 31 നു രാത്രി ഒരു സർപ്രൈസ് ഉണ്ട്"
"സർപ്രൈസൊ.... "
"അത് 31 നു രാത്രി "
രോഹിത് ഫോൺ കട്ടു ചെയ്തു
സുഹൃത്തുക്കളും കുടുബാംഗങ്ങളും എല്ലാ വർഷവും ചെയ്യുന്ന പോലെ ഈ വർഷവും ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഒത്തുചേരുന്നു " -- പാട്ടും നൃത്തവും ഭക്ഷണവും ആകെ ബഹളമായിരിക്കും -.. സൂരജിന് എന്തൊ പതിവുപോലെ ഒരുത്സാഹം തോന്നിയില്ല ....
അവളെ ഇഷ്ടപ്പെട്ടു എന്നുള്ളത് സത്യമാണ്.... ഒരിക്കലും അതവളോട് പറയാൻ കഴിഞ്ഞിട്ടില്ല.... അവൾക്ക് തന്നെ ഇഷ്ടമാണൊ :അതും അറിയാൻ ശ്രമിച്ചിട്ടില്ല....
സൂരജ് ഓർത്തു കോളേജ് ദിനങ്ങളിൽ മെലഡികൾ പാടി കയ്യടി നേടുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു :: നന്നായി പാടുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തണം.... തന്റെ ജീവിത സഖിയാക്കണം ..... എന്തുകൊണ്ടൊ അങ്ങിനെയൊരുകുട്ടിയെ കണ്ടെത്താൻ കഴിയാതെ പോയി.... ഇന്നും അതൊരു അടങ്ങാത്ത ആശയായി തന്നിൽ ഒളിഞ്ഞിരിക്കുന്നു.... അവിടേക്കാണ് സംസാരശേഷിയില്ലാത്ത അവൾ അപ്രതീക്ഷിതമായി കയറി വന്നത്.... ഒന്നും വേണ്ടായിരുന്നു... ഒരു തീരുമാനമെടുക്കാൻ പറ്റാത്ത പോലെ..... ചിന്തകൾ ചുറ്റി വളഞ്ഞപ്പോൾ ബാൽക്കണിയിൽ തൂക്കിയിട്ടിരിക്കുന്ന ആട്ടുകട്ടിലിൽ കിടന്ന് സൂരജ് അറിയാതെ ഒന്നു മയങ്ങി:
........
ആ ഡിറ്റോറിയത്തിന്റെ പുറത്ത് പാർക്കിങ്ങിൽ ബൈക്ക് വെച്ച് സൂരജ് അകത്തേക്ക് കയറി:..കണ്ടവർ കണ്ടവർ ഹാപ്പി ന്യൂ യ ർ ആശംസിച്ചു കൊണ്ടിരുന്നു.... സൂരജ് തിരിച്ചും
"ടാ സൂരജെ :::. "പിറകിൽ നിന്ന് രോഹിത്
"റൂം നമ്പർ 32: എല്ലാ ബ്രാൻഡും റഡി സോഡ ടച്ചിങ്ങ്സ് എല്ലാം ഉണ്ട്"
"ഇപ്പൊ വേണ്ട :എന്റെ പാട്ടു കഴിയട്ടെ "
" ടേയ് നീ എന്താ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത് "
" ദേ ഏതാനും നിമിഷങ്ങൾ മാത്രം... ആ ഫാമിലി ഗെയിം ഒന്ന് കഴിഞ്ഞോട്ടെ "
രോഹിത് സ്റ്റേജിലെക്ക് നടന്നു.... ഫാമിലി ഗെയിം അവസാനിച്ചപ്പോൾ മൈക്ക് കയ്യിലെടുത്തു
"ആദ്യമായി വിഷു യു ആൾ എ ഹാപ്പി 2020 :ഇനി ഞാനൊരു സർപ്രൈസ് നൽകാൻ പോകയാണ് "
കുറച്ചു മാറി ചുമരു ചാരി നിന്നുകൊണ്ട് സൂരജ് അത് കേട്ടു
"നമ്മുടെ നാട്ടിലെക്ക് ഒരു അനുഗൃഹീത കലാകാരി എത്തി ചേർന്നിരിക്കയാണ് - വളരെ മനാഹരമായി പാട്ടു പാടുന്ന മിസ്സ് വന്ദന ...' വന്ദന നമുക്കായി ഒരു ഗാനം ആലപിക്കുന്നതായിരിക്കും :ഒരുഗ്രൻ കൈയ്യടിയോടെ ..... വന്ദനയെ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു"
ഇളം ചുവപ്പ് നിറമുള്ള സാരിയുടുത്ത് മുടി അഴിച്ചിട്ട് ഒരു യുവതി സ്റ്റേജിലേക്ക് കയറി : രോഹിതിന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി സദസ്സിനെ നോക്കി കൈകൾ കൂപ്പി
ഒരു നിമിഷം സൂരജ് തരിച്ചുപോയി... വിശ്വസിക്കാൻ കഴിയുന്നില്ല ---- .പൂച്ചക്കണ്ണുള്ള ആ സുന്ദരി ---- .പലയിടങ്ങളിലും വെച്ച് തനിക്ക് പുഞ്ചിരി മാത്രം കൈമാറിയ അവൾ ....
സദസ്സിനെ നോക്കി ഒന്നുകൂടി വണങ്ങി മെല്ലെ മെല്ലെഅവൾ മനോഹരമായി പാടി തുടങ്ങി ---- എന്താണ് സംഭവിക്കുന്നതെന്നറിയാതെ സൂരജ് ഞെരിപിരി കൊണ്ടു .... ഇവൾ ഊമയാണെന്ന് അമ്മ പറഞ്ഞതൊ ...? അമ്മ തന്നോട് എന്തിന് നുണ പറയണം..... അവളുടെ ആലാപനം സൂരജിനെ വീണ്ടും അവളിലെക്കെത്തിച്ചു ---- എത്ര ഹൃദ്യമായാണ് അവൾ പാടുന്നത് ---- താൻ മനസ്സിൽ കണ്ട പോലെ ഒരു പാട്ടുകാരി തന്നെ തന്റെ ജീവിത സഖിയായി വന്നെത്തുമെന്ന് തോന്നുന്നു: പക്ഷെ അമ്മ ......
എന്തൊ ആലോചിച്ചെന്നോണം സൂരജ് പുറത്തേക്കിറങ്ങി .... മൊബൈൽ കയ്യിലെടുത്തു: ----
"അമ്മെ ഞാനാ "-
"ങ്ങാ പറ.... "
" അമ്മയെന്തിനാ ന്നോട് കളവ് പറഞ്ഞെ.... ആകൊച്ചിനെ ഞാൻ വിവാഹം ചെയ്യുന്നത് ഷ്ടമില്ലെങ്കി അത് പറഞ്ഞാ പോരായിരുന്നൊ.... നന്നായിട്ട് പാടുന്ന ആ കൊച്ചിനെ ഊമയെന്നൊക്കെ പറഞ്ഞ്.... ഛെ ...: മോശമായി പോയി "
"മോനെ നീ കണ്ടത് വന്ദനെയെയാരിക്കും .... വിനീതയെയല്ല "
സൂരജിന് ഒന്നും മനസ്സിലായില്ല ----
"അവർ :: വന്ദനയും വിനീതയും ഇരട്ടപെറ്റ കുട്ടികളാ.... ഐഡൻറിക്കൽ ട്വിൻസ് ആണ് അവര്.... കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്....ഒരേ പോലെയിരിക്കും.... മോൻ ബസ് സ്റ്റോപിലും ക്ഷേത്രത്തിലും വെച്ച് കണ്ടത് വിനീതയെയാണ് "
ഒന്നു നിർത്തി അമ്മ തുടർന്നു
''ഞങ്ങൾ അന്ന് ആ വീട്ടിൽ ചെന്നപ്പോൾ വന്ദനയില്ലായിരുന്നു :: ബാംഗ്ലൂരിലായിരുന്നു അവൾ... രണ്ടു ദിവസം കഴിഞ്ഞാൽ വരുമെന്ന് പറഞ്ഞു "
" മടങ്ങി വന്നപ്പോൾ അമ്മ നിന്നോട് പറഞ്ഞതോർക്കുന്നൊ.... രണ്ടു ദിവസം കഴിഞ്ഞ് അമ്മക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് ....അത് ഈവന്ദനയെ കുറിച്ചായിരുന്നു --- നന്നായി പാടുന്ന ഒരു പെൺകുട്ടിയെ വേണമെ ന്ന് നിന്റെ ആഗ്രഹമല്ലായിരുന്നൊ... വന്ദനയെ നിനക്കാലോചിച്ചാലൊന്ന് തോന്നി ....."
എന്താണ് കേൾക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയാതെ സൂരജ് മൊബൈൽ പിടിച്ചു നിന്നു
"ഒരു പക്ഷെ വിനീതയും അച്ചനും അമ്മയും അവിടെ കാണും"
" ഞാൻ പിന്നെ വിളിക്കാം അമ്മെ.... "
സൂരജ് ഫോൺ കട്ട് ചെയ്തു :: അടുത്തത് തന്റെ പാട്ടാണ് .... സ്റ്റേജിലേക്ക് നടന്നു.... സൈഡ് കട്ടൗട്ടറിന്റെ അരികിലായി നിന്നുകൊണ്ട് സദസ്സിന്റെ മുൻ നിരയിലേക്ക് നോക്കി.... അമ്മ പറഞ്ഞ പോലെ തന്നെ: അതാ അവൾ അവിടെയിരിക്കുന്നു: ഇളം ചുവപ്പ് നിറമുള്ള സാരിയുമെടുത്ത് പൂച്ചക്കണ്ണുള്ള ആ സുന്ദരി
സൂരജ് രണ്ടു പേരെയും മാറി മാറി നോക്കി.... വിശ്വസിക്കാൻ കഴിയുന്നില്ല .... രണ്ടു പേരും തമ്മിൽ എന്തൊരു സാമ്യം.... വിനീതയിൽ നിന്ന് കണ്ണുകൾ എടുത്ത് സൂരജ് വന്ദനയെ ശ്രദ്ധിച്ചു: എത്ര മനോഹരമായാണ് അവൾ പാടുന്നത് .... കണ്ണെടുക്കാൻ തോന്നില്ല: ഇവളെയാണിപ്പോൾ അമ്മ തനിക്കായി സൂചിപ്പിച്ചത്
പെട്ടെന്നാണ് സുരജ് അത് ശ്രദ്ധിച്ചത്: വിനീത സ്റ്റേജിന്റ വശത്ത് നിൽക്കുന്ന തന്നെ നോക്കുന്നു: തിരിച്ച് സുരജ് നോക്കിയപ്പോൾ അവൾ പതിവുപോലെ പലയിടത്തും വെച്ച് കൈമാറിയ ആ പുഞ്ചിരി സമ്മാനിച്ചു... സൂരജും ചിരിച്ചു.... ഏതാനും സെക്കന്റുകൾ കണ്ണുകൾ പരസ്പരം അടയാതെ എന്തൊക്കെയൊ അവരുടെ ഇടയിലൂടെ പറഞ്ഞു കൊണ്ടിരുന്നു
" അടുത്തതായി നമ്മുടെ പ്രിയപ്പെട്ട സൂരജ് ...പൊന്നിൽ കുളിച്ച രാത്രിയുമായി നമ്മുടെ മുന്നിലെത്തുന്നു''
രോഹിതിന്റെ ശബ്ദം കേട്ട സൂരജ് സ്റ്റേജിലേക്ക് നീങ്ങി.... തന്റെ പെരുവിരൽ പൊക്കി കാണിച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ വിനീത സൂരജിനെ വിഷ് ചെയ്തു.... സൂരജ് തലതാഴ്ത്തി അത് സ്വീകരിച്ചു.... 2020 പുതുവർഷത്തിലെ തന്റെ ആദ്യ ആലാപനത്തിന് തുടക്കമിടാൻ സൂരജ് മൈക്ക് കയ്യിലെടുത്തു
കൂടാതെപുതുവർഷത്തിൽ സൂരജിന്റെ മനസ്സിൽ അപ്പോൾ തന്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ള ശക്തമായ ഒരു തീരുമാനവും ഉണ്ടായിരുന്നു ......?
...........................
എന്റെ പ്രിയ സുഹൃത്ത്ക്കളെ ഇത് വായിച്ച് നിങ്ങൾ സൂരജായി മാറിയാൽ തീരുമാനം നിങ്ങൾക്ക് വിടുന്നു .... പുതുവർഷത്തിലെ സൂരജിന്റെ ആദ്യ തീരുമാനം.....

By: Suresh Menon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot