നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ആത്മഹത്യാക്കുറിപ്പുകൾ ...


കൊല്ലവർഷം 1145 ലെ ഒരു മേടമാസത്തിലായിരുന്നു ഞാൻ ആദ്യമായി ആത്മഹത്യാക്കുറിപ്പെഴുതിയത്. പള്ളിക്കൂടത്തിൽ മറന്നു വെച്ച അക്ഷരങ്ങളെ വളരെ പ്രയാസപ്പെട്ടായിരുന്നു അന്ന് പകർത്താൻ ശ്രമിച്ചത് എന്നുള്ളതിന്, നിങ്ങൾ അതിശയോക്തിയുടെ ആവരണം സന്നിവേശിപ്പിച്ച് വായിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അന്ന് ആത്മഹത്യ ചെയ്യാനുള്ള എന്റെ ചിന്തകളെ അക്ഷരങ്ങളുടെ ദൗർലഭ്യം അത്രകണ്ട് അലട്ടിയിരുന്നു എന്നതാണ് വാസ്തവം .
സാമൂഹികവും രാഷ്ട്രീയവുമായ കുതിപ്പിൽ തകർന്നടിഞ്ഞ കഴുക്കോലുകൾ അന്ന് പലയിടത്തും കഴുമരമായി മാറിയിട്ടുണ്ടായിരുന്നു. ദിശാബോധം നഷ്ടപെട്ട ഒരു പതിനാറുകാരൻ സമൂഹത്തിന് മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി ഒടിഞ്ഞുകുത്തി നിൽക്കുന്ന കാഴ്ച എത്രത്തോളം അരോചകമായിരിക്കും എന്നു നിങ്ങളോർക്കണം. അന്ന് വലിയമ്മാവന് ആരോ സമ്മാനമായി നൽകിയ ഹീറോ പേന ഉപയോഗിച്ച് വളരെ കഷ്ടപെട്ടെഴുതിയ ആ കുറിപ്പിൽ അക്ഷരത്തെറ്റുകൾ ഒരുപാടുണ്ടായിരുന്നു.
ആ കത്ത് മടക്കി മുണ്ടിന്റെ
കോന്തലയിൽകെട്ടി മച്ചിൽ വലിഞ്ഞുകയറി , പട്ടിണിയായ മച്ചിലെ ഭഗവതിയെ സാക്ഷിനിർത്തി കഴുത്തിൽ കുരുക്ക് മുറുക്കി ചാടാനൊരുങ്ങുമ്പോഴാണ് താഴെ അമ്മയുടെ നിലവിളി കേട്ടത് .
സ്വന്തം അമ്മയുടെ നിലവിളി ഏതൊരു മകന്റേയും പരാജയമാണെല്ലോ ...! അല്ലെ?
എങ്കിലും മരണത്തിലേക്ക് വെച്ച കാൽ പിൻവലിച്ചില്ല .. പക്ഷെ അമ്മയുടെ നിലവിളി വീണ്ടും കേട്ടതോടെ മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെട്ടു ..
ചെന്നു നോക്കിയിട്ടാവാം ബാക്കി പ്രയോഗം എന്ന് മനസ്സിലുറപ്പിച്ച് കെട്ടഴിച്ചു .ആത്മഹത്യാക്കുറിപ്പ് ഭദ്രമായി മച്ചിലെ ഒഴിഞ്ഞ പെട്ടിയിൽ സൂക്ഷിച്ചു വെച്ചു.
ഓടിപ്പിടഞ്ഞ് പൂമുഖത്തെത്തുമ്പോൾ മൂന്നാമത്തെ അനിയനെ മടിയിൽ കിടത്തി അമ്മ അലമുറയിടുന്നുണ്ട് .ചുറ്റും ആളുകൾ കൂടി നിൽക്കുന്നു .അവന്റെ ശരീരമാകെ നീലിച്ച് , ദൃഷ്ടികൾ മറഞ്ഞ് വാടിക്കുഴഞ്ഞിരുന്നു .കിഴക്കേതിലെ കുഞ്ഞനന്തൻ, വിഷഹാരിയേയും കൂട്ടി ഓടിക്കിതച്ചെത്തി . ഒട്ടൊരു കൈക്രിയകൾക്കു ശേഷം അയാൾ വല്ല്യമ്മാവനെ ദയനീയമായി ഒന്നു നോക്കി .
"കഴിഞ്ഞിരിക്കുണു ...!"
വലിയ പത്തായത്തിൽ അവിടെവിടെയായി ഉടക്കിക്കിടന്ന നെൻമണികൾ വാരാനായിരുന്നു ആ അനിയനെ അതിലിറക്കിയതെന്നുള്ളതിനാൽ തറവാടിന്റെ മൊത്തമായുള്ള സ്ഥിതി നിങ്ങൾക്കൂഹിക്കാമെല്ലോ....?
ആ ദിവസങ്ങളിൽ
കുഞ്ഞനന്തൻ എന്നെ നോക്കിയപ്പോഴൊക്കെ ഞാൻ മനസ്സുകൊണ്ട് മച്ചിലേക്ക് വീണ്ടും വീണ്ടും വലിഞ്ഞു കേറിയിരുന്നു. പിന്നീട് എപ്പോഴോ വിവാഹിതയായ കുഞ്ഞനന്തന്റെ മകൾ രമണി മാസം തികയാതെ പൂർണ്ണ വളർച്ചയെത്തിയ കുട്ടിയെ പ്രസവിച്ചു എന്ന വാർത്ത കേട്ടതോടെ ഞാനെന്റെ ശ്രമമുപേക്ഷിക്കുകയും ചെയ്തു .
പക്ഷെ ഞാൻ നിസ്സഹായനായിരുന്നു.., വലിയേട്ടനെന്നുള്ള ബാദ്ധ്യത നിറവേറ്റാനും ഇളയതുങ്ങളുടെ വിശപ്പകറ്റാനുമായി ഞാൻ ഇറങ്ങി നടന്നു .
ഒരു വിപ്ലവകാരിയായാലോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചിരുന്നു ,ഏതൊരാളുടെ മനസ്സിലും ഉറങ്ങിക്കിടക്കുന്ന ഒരു വിപ്ലവകാരി ഉണ്ടെന്നാണെല്ലോ ...!
അടിയന്തരാവസ്ഥക്കാലത്ത്
ലഘുലേഖകൾ എഴുതിയെഴുതി പല കൈയ്യക്ഷരങ്ങളും പ്രയോഗിക്കാനുള്ള ശേഷി ഞാനാർജ്ജിച്ചിരുന്നു .യഥാർത്ഥത്തിൽ എന്റെ ജീവിതത്തിൽ ഞാൻ സ്വായത്തമാക്കിയ ഒരേയൊരു കഴിവായിരുന്നു അത്..!
സ്വാർത്ഥനും സർവ്വോപരി ഭീരുവുമായ എന്നെപ്പോലൊരാൾക്ക് ചേർന്ന പണിയല്ല വിപ്ലവം എന്നു മനസ്സിലാക്കിയ ഞാൻ അവിടേയും നിന്നില്ല .ആയിടയ്ക്കാണ് ഞാനെന്റെ രണ്ടാമത്തെ ആത്മഹത്യാക്കുറിപ്പെഴുതുന്നത് .
അക്കാലത്ത് എനിക്ക് ഒന്നു രണ്ട് പോലീസുകാരെ പരിചയമുണ്ടായിരുന്നു .അവർ കാരണമാണ് വീണ്ടും ഞാൻ അത്തരമൊരു കടുംകൈയ്ക്ക് നിർബന്ധിതനായത് .പകലാറിയിട്ടും ചൂടുമാറാത്ത തീവണ്ടിപ്പാളത്തിലിരുന്നാണ് അന്നതെഴുതിയത് ,വിജനവും കാടുമൂടിയതുമായ ആ സ്ഥലം പക്ഷെ എന്റെ ചോദനകളെ പരമാവധി പ്രോത്സാഹിപ്പിച്ചു.
ഒട്ടും വൃത്തിയല്ലാത്ത കൈപ്പടയിൽ
'ജീവിതം മടുത്തു.., എല്ലാവരുമെന്നോട് പൊറുക്കണമെന്നെഴുതി'
വിജനമായ ആ പാളത്തിലൂടെ ഭദ്രമായ മടിക്കുത്തുമായി ഞാൻ കിഴക്കോട്ട് അതിശീഘ്രം നടന്നു.
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഞാൻ വായിച്ചിരുന്നു.ആയിടയ്ക്ക് ഒരു വക്കീലിന്റെ സഹായിയായി കുറച്ചു കാലം നടക്കുകയുണ്ടായി .അവിടെ വെച്ചാണ് വായന തുടങ്ങിയത് . പല വേണ്ടാതീനങ്ങൾക്കും സാക്ഷിയായി വിചാരണക്കൂട്ടിൽ കയറി നിൽക്കാൻ അന്ന് എനിക്കൊട്ടും അപകർഷത തോന്നിയിരുന്നില്ല എന്നതാണ് വാസ്തവം.
വീണ്ടും കാര്യത്തിലേക്ക് വരാം...സഖാവ് സുഗുണൻ ആത്മഹത്യ ചെയ്തതാണെന്ന് പോലീസും, അല്ല ..കൊടിയ പീഢനങ്ങൾക്കു ശേഷം തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് മറുപക്ഷവും തെളിവുകൾ സഹിതം വാദങ്ങൾ നിരത്തി. സഖാവ് സുഗുണനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും കുറേയേറെ അയാളെപ്പറ്റി കേട്ടിരുന്നതിനാൽ എനിക്കും ഒരൽപ്പം വിഷമം തോന്നാതിരുന്നില്ല.
ഇടയ്ക്കു മറ്റൊന്നുകൂടി പറയാം....നിങ്ങളുടെ മനസ്സിൽ തോന്നിയ സംശയം നിവാരണം ചെയ്യേണ്ടത് എന്റെ കടമയാണെന്ന് വിശ്വസിച്ചുകൊണ്ടു തുടരട്ടെ..., ഇതിനിടയ്ക്ക് ഞാൻ തറവാട്ടിൽ പോയിരുന്നു, എന്റെ ബാഹ്യരൂപം കണ്ടിട്ടാവാം ഞാനൊരു നക്സൽ ആണെന്ന് അവർ തെറ്റിദ്ധരിച്ചു...ഞാൻ തിരുത്താനും പോയില്ല....! രമണിയെ ഒരു നോക്ക് കാണാൻ മനസ്സും ശരീരവും വല്ലാതെ തുടിച്ചിരുന്നു .രണ്ടും കൽപ്പിച്ച് കുഞ്ഞനന്തന്റെ മൂന്നുത്തര ഫേഷനിൽ അടുത്തകാലത്ത് പണിത വീട്ടിലേക്ക് കയറിച്ചെന്നു. പക്ഷെ അവിടെ ആരേയും കണ്ടിരുന്നില്ല. രമണിയുടെ ഭർത്താവിന് എന്തോ വയ്യായ്ക ഉണ്ടായതായും അവരെല്ലാം അവിടേയ്ക് പോയിട്ട്
പത്തുപതിനഞ്ച് ദിവസമായെന്നും
അടുത്തവീട്ടിലെ സീതപ്പെണ്ണ് ഉയർന്ന മാറിൽ ഇരുകൈയ്യാലും വേലി കെട്ടുന്നതിനിടെ പറഞ്ഞു.
സഖാവ് സുഗുണൻ ഒരു തികഞ്ഞ പോരാളിയായിരുന്നു എന്നതിൽ തർക്കമില്ല .പക്ഷെ അയാളുടെ സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കോടതി മുറിയിൽ അയാളെ തൂക്കിലേറ്റി എന്നു പറയുന്നതാവും ശരി .
എന്നിലെ കുറ്റബോധം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കലെങ്കിൽ ഒരു പ്രധാന കാര്യം കൂടി പറയാം. ഇത്തരം കുൽസിത പ്രവൃത്തികളിൽ നിന്നൊരു മോചനം തേടിയാണ് ഞാനൊരു പരോപകാരിയാവാൻ തീരുമാനിച്ചത് .
വിദേശത്തേക്ക് ഒരു പാട് പേർ ചേക്കേറുന്ന ആ കാലത്ത് പലരുടെ കൈയ്യിൽ നിന്നും പണം വാങ്ങി ഞാൻ എന്നാലാവും വിധം അവർക്ക് വഴികാട്ടിയായി മാറിയിരുന്നു. അത്തരം ചില വൻകിടക്കാരുമായി ബന്ധപ്പെടാൻ അക്കാലത്ത് സാഹചര്യമുണ്ടായതിന്റെ
പരിണിതഫലം പക്ഷെ അനിർവ്വചനീയമായിരുന്നു .എന്നിൽ ഉറങ്ങിക്കിടന്ന കഴിവുകളെ അവർ പല രീതിയിലും പകർത്തിയെടുത്തിരുന്നു .അങ്ങിനെയാണ് ഞാൻ മൂന്നാമത്തെ ആത്മഹത്യാക്കുറിപ്പെഴുതാൻ നിർബന്ധിതനായത്.
തൊണ്ണൂറുകളിലെ ലോക ഭൂപടത്തിലെ വലിയ മാറ്റങ്ങളും ചിന്തകളും, പുതിയ രീതികൾ പ്രാവർത്തികമാക്കാൻ ഒരു കാരണമായി എന്നു പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കുറ്റകൃത്യങ്ങളിലും ആ മാറ്റം പ്രകടമായിരുന്നു .അത്തരം മലീമസമായ ചിന്തകളിൽ മനംനൊന്തിരിക്കുന്ന ഒരു പാതിരയിലാണ് ഞാൻ ആ ഉദ്യമത്തിന് മുതിർന്നത് .
'അമ്മയുടെ പ്രതീക്ഷയ്‌ക്കൊത്തുയരാൻ എനിക്ക് സാധിച്ചില്ല , എന്നോടു പൊറുക്കണം ...'
ഇടതു കൈ കൊണ്ട് വടിവൊത്ത അക്ഷരത്തിൽ അതെഴുതുമ്പോൾ വലതുകെയ്യിൽ ചുരുട്ടിപ്പിടിച്ച പച്ചനോട്ടുകൾ എന്നെ ഇക്കിളിപ്പെടുത്തുന്നുണ്ടായിരുന്നു.
ഞാൻ മുൻപു പറഞ്ഞില്ലേ ..., മാറ്റം .അത് സർവ്വവ്യാപിയായിരുന്നു .അതിക്രൂരമായി ബലാൽക്കാരം ചെയ്യപ്പെട്ട് മരണത്തിന് കീഴടങ്ങിയ വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പക്ഷെ സത്യം വിളിച്ചു പറഞ്ഞു .തുടർന്ന് അന്വേഷണങ്ങളുടേയും ചോദ്യങ്ങളുടേയും കാലമായിരുന്നു .. ഒളിയിടങ്ങളിൽ തല പൂഴ്ത്തി അധികനാൾ പാർക്കാൻ കഴിഞ്ഞില്ല .പ്രബുദ്ധ യൗവ്വനത്തിന്റെ മുഷ്ടികൾ എനിക്ക് നേരെ നീണ്ടു.
ഒരു പാട് കയറി നിന്ന വിചാരണക്കൂട്ടിൽ എനിക്കിന്ന് സ്വരമിടറി. രണ്ടു മിഴികൾ എന്നെ വല്ലാതെ കാർന്നുതിന്നു .
അവളായിരുന്നു ശരി ..., അവൾ മാത്രം . ക്ഷുഭിത യൗവ്വനത്തെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി ...അതിനു ഞാൻ കൂട്ടുനിന്നു. അതവളുടെ ഭർത്താവായിരുന്നു . ഒരു പാട് നൻമകൾ ചെയ്യാൻ സമൂഹത്തിലേക്കിറങ്ങിയ ഒരു കൊച്ചു പെൺകുട്ടിയെ പിച്ചിച്ചീന്തി ...!
അതവളുടെ മകളായിരുന്നു.
അവളുടെ .... അല്ല ..., ഞങ്ങളുടെ ഏകമകൾ .....!
ഇനിയെനിക്കെന്റെ സ്വന്തം കൈപ്പടയിൽ എഴുതണം ... അവസാനമായി ...!
കഴിഞ്ഞകാലത്തിന്റെ വൃത്തികെട്ട ഭാണ്ഡങ്ങൾക്ക് തീ കൊളുത്തി നിങ്ങൾക്ക് മുന്നോട്ട് ചലിക്കാം ...
ഒരന്തർദാഹമെന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു. ... നിരങ്ങി നീങ്ങാൻ പോലുമാവാതെ ... തുളുമ്പി വീണ കഞ്ഞിയിൽ ചത്തുമലച്ചു കിടക്കുന്ന ഒരു പല്ലിയുടെ കണ്ണിൽ എനിക്കെന്നെ കാണാം ...
അതേ...ചിലപ്പോഴൊക്കെ മരണം
ഒരനിവാര്യത കൂടിയാണ്....!
____________________________
✍️ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot