Slider

അമ്മ

0
Image may contain: 1 person
അമ്മേ.. അമ്മേ..
എന്റെ അപ്പുവേ നിനക്ക് വയസ്സ് പത്തിരുപത്തഞ്ചു ആയി
അന്ന് മുതൽ ഇന്നു വരെ നീ ഒരു ദിവസം ഇരുപത്തയ്യായിരം തവണ ആവശ്യത്തിനും അനാവശ്യത്തിനും അമ്മേ എന്ന് വിളിച്ചിട്ടുണ്ട്..
വെറുതെ ഇരിക്കുവാണേൽ അത് എത്ര ഉണ്ടാകും എന്ന് ഒന്നു കണക്കാക്കി പറഞ്ഞെ..
അല്ലേലും അമ്മ ഇങ്ങനെ ആണ് ആവശ്യത്തിന് വിളിക്കുമ്പോൾ അവിഞ്ഞ കോമഡി..
ഇത് കോമഡി അല്ലേടാ കണക്ക് ആണ് കണക്ക്
ദേ റിമോട്ട് എടുക്കരുത് നീയും നിന്റെ അച്ഛനും ഈ സീരിയൽ എനിക്കു അനുവദിച്ചിട്ടുള്ളതാണ്..
ഓഫീസിലെ ജോലിയും വീട്ടുപണിയും ചെയ്തു മനുഷ്യൻ relax ആകുന്നത് ഇപ്പോൾ ആണ്..
എന്റെ അമ്മേ വയസ്സ് എത്ര അയീന്നാണ് വിചാരം. ഇപ്പോഴും സ്റ്റാർ പ്ലസിലെ ഹിന്ദി സീരിയൽ കാണുന്നു. അതും മുടിഞ്ഞ പ്രേമം..
എടാ എന്റെ വയസ്സിനെ തൊട്ടു കളിക്കരുത് ഞാൻ അത് കൂട്ടാൻ സമ്മതിക്കാതെ ഇങ്ങനെ നിലനിർത്തി പോകുമ്പോൾ നീയായിട്ടു കൂട്ടണ്ട.
. പിന്നെ കെട്ടാൻ പ്രായമായെന്നു നിനക്ക് തോന്നുമ്പോൾ ആ അനു കൊച്ചു കെട്ടാൻ സമ്മതിക്കുവാണേൽ നമ്മുക്ക് കെട്ടിക്കാം അല്ലാതെ ഞാൻ വയസ്സായെന്ന് നീ പറയണ്ട..
പോയെ.. പോയെ.. പരസ്യം വരുമ്പോൾ വല്ലതും പറയു.. എനിക്കു കോൺസെൻട്രേഷൻ പോകുന്നു..

ഓ നാളെ പരീക്ഷ ഉണ്ടല്ലോ അമ്മക്ക്..
അയ്യൊ ഇങ്ങനെ മടിയിൽ കിടക്കല്ലേടാ കാല് വേദന എടുക്കുന്നു
അപ്പോൾ ചെറുപ്പക്കാരിക്ക് കാലൊക്കെ വേദനിക്കും അല്ലെ..
എടാ നീ ചെന്നു അനു വിനെ വിളിച്ചു വിശേഷം ചോദിക്ക് അപ്പോൾ സീരിയൽ തീരും. എന്നിട്ട് മുട്ട വറുക്കാം..
അമ്മേ.. എനിക്ക് ഒരു കാര്യം പറയണം. ഇതൊക്കെ എനിക്ക് ഷെയർ ചെയ്യാൻ അമ്മ അല്ലാതെ വേറെ ഫ്രണ്ട്‌സ് ഇല്ലാന്ന് അറിയാല്ലോ..
പിന്നെ ഫ്രണ്ട്സ് അത് മാത്രം നീ പറയരുത്.. ഫ്രണ്ട്സ് ആണ് പോലും ബ്ലാസ്റ്റേഴ്‌സ്ന്റെ കളി കാണാൻ നീ പോയപ്പോൾ എന്നെ കൊണ്ടുപോയില്ല ഫ്രണ്ട്സ് എല്ലാവരും കൂടി ആണ് പോണതെന്നു ഞാൻ ചോദിച്ചപ്പോൾ നീ പറഞ്ഞു..
അത് പിന്നെ അമ്മ ഫുട്ബാളിന്റെ ബാലപാഠങ്ങള് പഠിച്ചു തുടങ്ങിയിട്ടേയുള്ളൂ.. അല്ലാതെ പോയി കണ്ടിട്ട് കാര്യമില്ല..
അപ്പുസേ നീ എന്റെ മകൻ തന്നെ ... കാര്യം
സീരിയസ് ആണോ
അതെ ഇത്തിരി സീരിയസ്.
എങ്കിൽ സീരിയൽ നിർത്തിക്കോ അല്ലെങ്കിലും ഒന്നിന്റെയും അവസാനം കാണാൻ നിങ്ങൾ എന്നെ സമ്മതിക്കാറില്ല
അമ്മേ..
ശരി ശരി.. നീ പറയു എന്താ കാര്യം
.. അമ്മേ അനുവിന്റെ വീട്ടിൽ കല്യാണാലോചന.. ആരോ അവളെ കാണാൻ വരുന്നു എന്ന് ആകെ ടെൻഷൻ ആണ് അവൾക്ക്
. ഇതാണോ കാര്യം ഒരേ ക്ലാസ്സിൽ പഠിക്കുന്നവർ തമ്മിൽ പ്രേമിച്ചാൽ ഇങ്ങനെ ഇരിക്കും..
അമ്മ കൊള്ളാല്ലോ അമ്മയോട് അവളെ എനിക്ക് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ എന്താണ് പറഞ്ഞത് ക്രിസ്ത്യൻ കൊച്ചാണെലും നീ ചെന്നു പറഞ്ഞോടാ ഇഷ്ടാണെന്നു
എന്നിട്ട് ഇപ്പോൾ കാല് മാറുന്നോ.

എടാ സത്യത്തിൽ ഞാൻ അന്ന് വിചാരിച്ചില്ല നീ ഇത്രയും ഗ്ലാമർ ആകുമെന്ന്.. ഇപ്പോൾ തോന്നുവാ നിനക്ക് ഇതിലും നല്ലൊരു കൊച്ചിനെ കിട്ടിയേനെ..
ദേ അമ്മേ തമാശ കളയാൻ.. സീരിയസ് ആകു..
ഓക്കേ .. സീരിയസ്.. അതിനിപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത്..
ഈ പെണ്ണ് കാണൽ നടക്കരുത് അതിനു വേണ്ടി എന്തെങ്കിലും ചെയ്യണം.
എന്നിട്ട് മോനെ അപ്പുവേ അവളെയും വിളിച്ചോണ്ട് പോരാനാണോ മോന്റെ ഉദ്ദേശം..
ഏയ്യ് ഇല്ല അമ്മേ ഞാൻ നിങ്ങൾക്ക് ഒരു
മോനല്ലേ എന്റെ കല്യാണം നിങ്ങളുടെ ആഗ്രഹം അല്ലെ ... അത്‌ കൊണ്ടു എന്റെ അമ്മ തന്നെ ഞങ്ങളുടെ കാര്യം അങ്ങോട്ട്‌ ഏറ്റെടുത്തു വിജയിപ്പിക്കണം അമ്മക്ക് അതിനുള്ള കഴിവുണ്ട്..
സുഖിപ്പിക്കല്ലേ അല്ലെങ്കിൽ തന്നെ ആകെ മൊത്തത്തിൽ കലങ്ങി കിടക്കുവാ..
ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടത്.. നാളെ ലീവ് എടുക്കുക അച്ഛനുമായി അവളുടെ വീട്ടിൽ ചെല്ലാം. നിങ്ങളുടെ കാര്യം പറയാം
പിന്നെ ജാതി ആണ് അവരുടെ പ്രശ്നം എങ്കിൽ നിന്നെ അങ്ങോട്ട്‌ ക്രിസ്ത്യൻ ആക്കാൻ പറയാം. ഞങ്ങളും ജാതി മാറാം..
സത്യം ആണോ അമ്മേ പോകുമോ നാളെ തന്നെ.. എടാ ചെറുക്കാ കെട്ടിച്ചു വിടാൻ നിനക്ക് പ്രായം ആയിട്ടില്ല എന്നെ കണ്ടാലും പറയില്ല കല്യാണ പ്രായം ആയ മകനുണ്ടെന്നും.. എന്നാലും സാരമില്ല
ആറേഴു വർഷമായി നീ എന്നെ കൊതിപ്പിച്ചോണ്ടിരിക്കുവാ അനുവിനെ കെട്ടിക്കൊണ്ട് വന്നിട്ടു വേണം നല്ല ബീഫ് കറി വച്ചു എന്നെ തീറ്റിപ്പിക്കാന്ന് അത് മിസ്സ്‌ ചെയ്യാൻ പറ്റില്ല എനിക്കു..
അമ്മയാണ് അമ്മേ അമ്മ. അമ്മ മുത്താണ് ചങ്കാണ്.. വേറെ എന്തൊക്കെയോ ആണ്..
മതി മതി മോൻ ചെല്ല് അവളെ വിളിച്ചു പറയു നാളെ ഞങ്ങൾ വരുന്ന കാര്യം.
പിന്നെ ദൈവത്തെ ഓർത്തു ഈ സീരിയൽ ഒന്നു കണ്ടോട്ടെ അതിൽ ഒരു നടിയുടെ സാരിയും ഒർണമെന്റ്സ് കാണണം..നിന്റെ കല്യാണത്തിന് അതുപോലെ ഒന്നു വാങ്ങിയിട്ട് വേണം അതൊക്കെ ഇട്ടു അടിച്ചു പൊളിക്കാൻ.. പൊയ്ക്കോ.. ഞാൻ വിളിച്ചിട്ട് താഴേക്കു വന്നാൽ മതി..
അതെ അമ്മേ ഒളിച്ചോടാന്ന് ഞാൻ അവളോട്‌ പറഞ്ഞതാ.. അപ്പോൾ അവൾ പറയുവാ നമ്മൾ ഒളിച്ചോടിയാൽ നമ്മുടെ മക്കളും ഒളിച്ചോടും എന്ന് അല്ലാതെ നിങ്ങൾ വീട്ടുകാരെ ഓർത്തിട്ടല്ല കേട്ടോ ഞങ്ങൾ അങ്ങനെ പോകാത്തത്..
ഇതും പറഞ്ഞു കണ്ണിറുക്കി കാണിച്ചു ഓടി സ്റ്റെപ് കയറുന്ന എന്റെ അപ്പുവിനെ കുറിച്ചോർത്തു എനിക്ക് അഭിമാനം തോന്നി.ഞാൻ ഭാഗ്യവതിയായ അമ്മയാണ്. ഇങ്ങനെ ഒരു മകൻ എന്തും എന്നോട് പറയുന്ന മകൻ..
അനുവിന്റെ വീട്ടിൽ പോകണം അവരോടു പറയണം നിങ്ങളുടെ അനു മോളെ പൊന്നു പോലെ നോക്കും എന്റെ മകൻ.. അതുപോലെ അവൻ നിങ്ങൾക്ക് നല്ല മകനും ആയിരിക്കും എന്ന്.. ഇത് അവനെ വളർത്തി വലുതാക്കിയ അമ്മയുടെ ഉറപ്പാണെന്ന്...

By: Jaya Narayanan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo