Showing posts with label Sibi Nedumchira. Show all posts
Showing posts with label Sibi Nedumchira. Show all posts

വര്‍ക്കിച്ചന്‍റ ... അന്ത്യവിധി

വര്‍ക്കിച്ചന്‍റ ... അന്ത്യവിധി
................................................
കര്‍ത്താവേ ഇത്രയും വലിയ ശവസംസ്കാരച്ചടങ്ങോ...?
ശവസംസ്കാരം തന്‍റെതാണങ്കിലും അതിന്‍റെ പേരില്‍ കാശെത്രയാ പൊടിച്ചുവാരിയത്...?
അതെങ്ങനെയാ ആരോടെങ്കിലുമൊന്നു പറഞ്ഞെല്‍പ്പിച്ചിട്ട് പോരുവാനുള്ള സാവകാശം കിട്ടിയോ...
അതുമില്ല
അന്നേരമല്ലേ എടാ വര്‍ക്കിച്ചാ നിന്‍റെ ഭൂമിയിലെ പൊറുതി മതിയാക്കി ഇങ്ങോട്ടേക്ക് പോരാന്‍ പറഞ്ഞുകൊണ്ട് മുകളീന്നു വിളിവന്നത്
കോടിശ്വരനും അതോടൊപ്പം പിശുക്കിന്‍റെ കാര്യത്തില്‍ അതിസമ്പന്നനുമായ വര്‍ക്കിച്ചന്‍ മുതലാളി ചുറ്റുമൊന്നു കണ്ണോടിച്ചു...
‘തന്‍റെ ശവസംസ്കാരത്തിനു ഇത്രയും ജനങ്ങളോ,...?
’
ഇവറ്റകളില്‍ പലരും സഹായവും ചോദിച്ചുകൊണ്ട് തന്‍റെ വീട്ടുമുറ്റത്ത്‌ വന്നിട്ടുള്ളവരാണ് ചില്ലിക്കാശ് കോടുത്തിട്ടില്ല
..
അതിന് ഈ വര്‍ക്കിച്ചന്‍ രണ്ടാമതു ജനിക്കണം..
.
സൂട്ടും കോട്ടുമിട്ടു താന്‍ നീണ്ടുനിവര്‍ന്നു പെട്ടിയില്‍ കിടക്കുന്നതും അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം പെട്ടിയടയ്ക്കുന്നതും കുഴിയിലേക്ക് ഇറക്കിവെക്കുന്നതും ഭാര്യയും മക്കളും തന്‍റെ വേര്‍പാടില്‍ വിലപിക്കുന്നതും ഒപ്പം തന്‍റെ പിശുക്കിന്‍റെ സമ്പന്നതയെപ്പറ്റി നാട്ടുകാരും, ബന്ധുമിത്രാദികളും ഒത്തുചേര്‍ന്ന്‍ അടക്കം പറയുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു
..
, തന്‍റെ കുറ്റം പറയുന്നവരുടെ മുഖമടച്ച് ഒരെണ്ണം കൊടുക്കുവാന്‍ കൈപൊങ്ങിയതാണ്
അപ്പോഴാണ് അറിയുന്നത് ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മില്‍ വന്‍മതിലിന്‍റെ അന്തരമുണ്ടന്ന്‍, ശരീരം മാത്രമാണ് ഭൂമിയില്‍ ഉപേക്ഷിച്ചു പോകുന്നത്, അങ്ങനെ പിശുക്കന്‍ വര്‍ക്കിച്ചന്‍റെ കാര്യത്തിലും ഒരു തീരുമാനമായെന്നു പറഞ്ഞുകൊണ്ട് സെമിത്തേരിയില്‍ നിന്നും ജനാവലികള്‍ ഒരോരുത്തരായി പിരിഞ്ഞുപോയി ...
പെട്ടന്നാണ് സൂപ്പര്‍ മോഡലിനെപ്പോലെ സുന്ദരനായ ഒരു വെള്ളവസ്ത്രധാരി പ്രത്യക്ഷപ്പെട്ടത്,
'നല്ല സുന്ദരന്‍ കൊച്ചന്‍'
മോനേതാ മനസ്സിലായില്ലല്ലോ...?
കാര്‍ന്നോരെ കൂട്ടിക്കൊണ്ടുപോകുവാന്‍ വന്ന ദൂതനാണ് ഞാന്‍...
വന്നുവന്നു ഭൂമിയിലെപ്പോലെ പ്രായത്തില്‍ മൂത്തവരെ ഇവിടെയും ആര്‍ക്കും വിലയില്ലാണ്ടായി വിളിച്ചത് കേട്ടില്ലേ കാര്‍ന്നോരെയെന്നു ദൂതനായിപ്പോയി അല്ലെങ്കില്‍ വര്‍ക്കിച്ചന്‍റെ തനിക്കൊണം കാണിച്ചേനെ...
ദൂതന്‍റെ പുറകെ വര്‍ക്കിച്ചന്‍ യാത്രയായി, യാത്ര നീളുന്തോറും എന്തൊക്കെയോ അസ്വസ്ഥതകള്‍ ദൂതന്‍ കൊച്ചനെ കൂടാതെ തനിക്കുചുറ്റും ആരെക്കെയോ ഉണ്ടന്നുള്ള തോന്നല്‍ അയാള്‍ പിറകിലേക്ക് തിരിഞ്ഞുനോക്കി കുറെ വൃത്തികേട്ട രൂപങ്ങള്‍ തന്നെ നോക്കി പല്ലിളിക്കുന്നതായി അയാള്‍ക്ക് തോന്നി
ഇവറ്റകളെന്തിനാ എന്നെനോക്കി പല്ലിളിക്കുന്നത്....?
പെട്ടന്നാണു അങ്ങകലെ വെള്ളമേഘത്തിലൂടെ ഒരാള്‍ ഒഴുകിയോഴുകി പോകുന്നത് വര്‍ക്കിച്ചന്‍ കണ്ടത്, ആ മനുഷ്യനുച്ചുറ്റും എന്നാ പ്രകാശമാ.
.
എടാ കൊച്ചനെ ഒന്നുനിന്നേ...?
ദൂതന്‍ തിരിഞ്ഞുനോക്കി
ഏതാ എന്നെനോക്കി പല്ലിളിക്കുന്ന ഈ അവസരവാദികള്‍...?
ആ മനുഷ്യനുചുറ്റുമെന്നാ ഇത്രവലിയ പ്രകാശം...?
എന്‍റെ കാര്‍ന്നോരെ
ആ മനുഷ്യന്‍ ഭൂമിയില്‍ ചെയ്ത സുകൃതങ്ങളാണ് അയാള്‍ക്കുച്ചുറ്റുമുള്ള ആ പ്രകാശവലയം,
മരണാനന്തരയാത്രയില്‍ ആത്മാക്കള്‍ക്ക് അകമ്പടിയായിപ്പോകുന്നത് അവരവര്‍ ചെയ്ത കര്‍മ്മങ്ങളാണ് എന്നാല്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ‘’കറുത്ത നിഴലുകള്‍.....
..അതിന്‍റെ പൊരുള്‍ താനേ മനസ്സിലായിക്കൊള്ളും അവര്‍ പിന്നെയയും യാത്ര തുടര്‍ന്നു...
എന്നാലും എന്‍റെ ശവസംസ്കാരത്തിനു ഇത്രയും കാശ് പൊടിച്ചുവാരണമായിരുന്നോ....?
ഞാന്‍ എണ്ണി തിട്ടപ്പെടുത്തി അലമാരിയില്‍ വെച്ചുപൂട്ടിയ എന്‍റെ കാശ്...?
പെട്ടന്നു തനിക്കു ചുറ്റും ആക്രോശങ്ങളുയര്‍ന്നു ആ കറുത്ത രൂപങ്ങള്‍ കൂടുതല്‍ അടുത്തേക്ക്‌ വരുന്നതുപോലെയൊരു തോന്നല്‍ വര്‍ക്കിച്ചന്‍റെ ഉള്ളില്‍ വല്ലാത്ത ഭയം നിഴലിച്ചു.
തന്‍റെ പിശുക്കിന്‍റെ സമ്പന്നത കാരണം ഭാര്യ ശോശാമ്മ പറയാറുണ്ടായിരുന്ന വാക്കുകള്‍ പെട്ടന്നു മനസ്സിലേക്കോടിയെത്തി
എന്‍റെ പൊന്നു മനുഷ്യനേ സ്വര്‍ഗ്ഗവും, നരകവുമുണ്ടെന്നോര്‍മ്മവേണം....
‘ദേ ഞാന്‍ പറയാനുള്ളതു പറഞ്ഞു’
‘ബാക്കിയൊക്കെ നിങ്ങളുടെയിഷ്ടം’
‘ഇനി ആ എരണംകെട്ടവള്‍ പറഞ്ഞതെങ്ങാനും സത്യമാണോ?..’
‘ഇനിയിപ്പം താന്‍ നരകത്തിലെങ്ങാനുമായിരിക്കുമോ പോകുന്നത്...?’
‘അങ്ങനെയെങ്കില്‍ ദൈവം തമ്പുരാന് കുറച്ച് പണം കൈക്കൂലിയായി കൊടുക്കണം,’
‘മനുഷ്യരാണെങ്കിലും ദൈവങ്ങളാണെങ്കിലും പണം കിട്ടിയാല്‍ കയ്ക്കുമോ...?
ഹല്ല പിന്നെ
അന്നേരമാണ് അവളുടെയൊരു ഒടുക്കത്തെ സ്വര്‍ഗ്ഗവും, നരകവും..
. അപ്പോഴാണ് കോടിശ്വരനായ താന്‍ വെറും കൈയ്യോടെയാണ് പോന്നിരിക്കുന്നതെന്ന വസ്തുത മനസ്സിലേക്കോടിയെത്തിയത് പൂത്ത കാശ് വീട്ടിലിരിപ്പുണ്ട്, പറഞ്ഞിട്ടെന്താകാര്യം ഇക്കാലമത്രയും ഓരോരുത്തരെയും വെട്ടിച്ചും, പറ്റിച്ചും സമ്പാദിച്ചുകൂട്ടിയ പണം ആ എരണംകെട്ടവള്‍ ദാനധര്‍മ്മത്തിന്‍റെ പേരും പറഞ്ഞു ഓരോരുത്തര്‍ക്കായി കൊടുത്തുതീര്‍ക്കും...,
അതോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ സഹിച്ചില്ല, കുറച്ച് കാശ് കൂടെ കൊണ്ടുപോരാമായിരുന്നു അതെങ്ങനയാ പെട്ടന്നായിരുന്നില്ലേ തന്‍റെ മരണം പലപ്രാവശ്യം എണ്ണിതിട്ടപ്പെടുത്തി അടുക്കിവെച്ചിരുന്ന നോട്ടുകെട്ടില്‍നിന്നു അവളുടെ ചത്തുപോയ ആങ്ങള അന്തോണിക്കുട്ടിയുടെ മകളുടെ നേഴ്സിംഗ് സ്കൂളിലെ ഫീസടക്കുവാന്‍ കൊടുത്തിരിക്കുന്നു അതിന്‍റെ പേരില്‍ അവളെ പുളിച്ച തെറി പറഞ്ഞിട്ടാണ് കിടക്കാന്‍ പോയത്...
നേരം വെളുത്തപ്പോള്‍ ഇതാ കിടക്കുന്നു വടിയായിട്ട്....
‘എങ്ങനെ നടന്ന മനുഷ്യനാ’
‘ദേ കിടക്കുന്നതു കണ്ടോ..’
.മനുഷ്യന്‍റെ കാര്യം ഇത്രക്കേയുള്ളൂ
‘ഇന്നു കാണുന്നവരേ നാളെ കാണത്തില്ല’
കുറച്ച് പണം കൈയില്‍ വന്നാല്‍ എല്ലാമായെന്നാ വിചാരം
അവളുടെ ആങ്ങള അന്തോണിക്കുട്ടി മരിച്ചപ്പോള്‍ എണ്ണിപ്പെറുക്കി കരയുന്ന കൂട്ടത്തില്‍ മൂക്ക് പിഴിഞ്ഞുകൊണ്ട് എന്നെനോക്കി ഒരു കുത്ത് കുത്തിയതാണങ്കിലും അതുതന്നെയാണ് സംഭവിച്ചതും...
‘ഈ യാത്ര തുടങ്ങിയിട്ട് നേരം കുറെയായല്ലോ’
എടാ കൊച്ചനെ ഇവിടെയെങ്ങാനും കുറച്ചുനേരം ഇരിക്കാന്‍ പറ്റുമോ...?
കാലും കൈയും വല്ലാതെ കൊഴയുന്നു
ആ കാണുന്ന ടണലിനടിയില്‍ ഇരിക്കാം അയാളെയും കൊണ്ട് ദൂതന്‍ വലിയൊരു ടണലിനകത്തേക്ക് പ്രവേശിച്ചു വര്‍ക്കിച്ചനെ അവിടെയിരുത്തിയിട്ട് ദൂതന്‍ നടന്നുനീങ്ങി ചുറ്റും കൂരാകൂരിരുട്ട് ജീവിച്ചിരുന്നപ്പോള്‍ ആരെയും ഭയക്കാത്ത അയാള്‍ക്ക് അന്നാദ്യമായി ഭയംതോന്നി, ആരുടെയൊക്കെയോ ദയനീയമായി കരച്ചില്‍, മാംസം കരിയുന്ന മണം, ഭുമിക്കടിയില്‍ നിന്നാണന്ന്‍ തോന്നുന്നു അയാള്‍ക്ക്‌ ആകെപ്പാടെയൊരു വെപ്രാളം, ദൈവത്തിന് കൈക്കുലി കൊടുക്കണമെന്നുവെച്ചാല്‍ നയാപൈസ കൈയിലില്ല, ദേഷ്യം മുഴുവന്‍ ഭാര്യ ശോശാമയോടായിരുന്ന്‍ കോടിക്കണക്കിനു പണം വീട്ടിലിരിക്കെ കുറച്ച് പണമെടുത്ത് അവള്‍ക്ക് തന്‍റെ പെട്ടിയില്‍ വെച്ചാല്‍ തലപോകുമായിരുന്നോ....?
.
തനിക്കുച്ചുറ്റും നല്ലതും ചീത്തയുമായ ധാരാളം ആത്മാക്കള്‍ എല്ലാവരും അവരവരുടെ ഊഴവും കാത്ത്നില്കുകയായിരുന്നു നീണ്ട കാത്തിരിപ്പിനുശേഷം മുകളില്‍ നിന്നും ക്രമമനുസരിച്ച്‌ വിളിക്കുവാന്‍ തുടങ്ങി അവസാനമാണ് വര്‍ക്കിച്ചന്‍റെ വിളിവന്നത്, അപ്പോള്‍ അതേ വെള്ളവസ്ത്രധാരി വീണ്ടുമെത്തി,
വര്‍ക്കിച്ചന്‍റെ ശരീരമാസകലം വിറയ്‌ക്കാന്‍ തുടങ്ങി, കുറച്ച് കാശ് കൈയിലുണ്ടായിരുന്നെങ്കില്‍ ഒരു ധൈര്യമായിരുന്നേനെ
ഹേയ് കാര്‍ന്നോരേ.....?
എന്തുപ്പറ്റി ഇങ്ങനെ വിറയ്ക്കാന്‍....?
ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ എന്തായിരുന്നു ഭാവം....!!
ദൂതന്‍ വര്‍ക്കിച്ചനെ ഒന്നു പാളിനോക്കി...
ദേ എനിക്ക് ഈ കൊച്ചന്‍റെ മട്ടും, ഭാവവും, ഒട്ടും പിടിക്കുന്നില്ല
അഹങ്കാരി
അയാള്‍ മനസ്സില്‍ പിറുപിറുത്തു
ഹും വാ
ദൂതന്‍ വര്‍ക്കിച്ചനെ ആനയിച്ചുകൊണ്ട് ദൈവത്തിന്‍റെ മുന്നിലെത്തി...
ഇതാരാ വര്‍ക്കി പൈലോയോ....?
ഇങ്ങടുത്തുവാ...?
ഞാന്‍ കാത്തിരിക്കുകയായിരുന്നു
കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം വീഴാതെയിരിക്കുവാന്‍ ദൂതന്‍റെ കൈകളില്‍ അയാള്‍ ഇറുകെപ്പിടിച്ചു ദൈവത്തിന്‍റെ ആജ്ഞാപ്രകാരം പ്രധാനദൂതന്‍ ഒരു തടിച്ച പുസ്തകവുമായി അവിടെയെത്തി വര്‍ക്കിച്ചന്‍ എന്ന വര്‍ക്കി പൈലോയുടെ പേരെഴുതിയ പുസ്തക താളുകള്‍ ഉറക്കെ വായിച്ചു അയാള്‍ക്ക് വിശ്വസിക്കാനായില്ല താന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജന്മമെടുത്ത നിമിഷംമുതല്‍ അവസാനമായി ശോശാമ്മയോടു പറഞ്ഞ പുളിച്ച തെറിവരെ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു..
ഇതൊക്കെ ദൈവം എങ്ങനെയറിഞ്ഞു....?
അത്ഭുതംകൊണ്ട് വര്‍ക്കിച്ചന്‍റെ കണ്ണുകള്‍ മിഴിഞ്ഞു
എന്‍റെ മനുഷ്യാ നിങ്ങള്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്ക് ദൃക്സാക്ഷിയായി നിങ്ങളുടെ കാവല്‍മാലാഖ ചുറ്റുമുണ്ടെന്നു ഓര്‍മ്മവേണം
ഇനി ശോശാമ്മ പറഞ്ഞതു ശരിയാണങ്കില്‍ എന്‍റെ കാവല്‍ മാലാഖയായി ഭൂമിയിലുണ്ടായിരുന്നത് ഈ കൊച്ചനായിരിന്നിരിക്കുമോ....?
എങ്കില്‍ ഒട്ടും സംശയമില്ല
അല്ലെങ്കിലും ആ കൊച്ചന്‍റെ കണ്ണുകളില്‍ ഒരു കള്ളലക്ഷണമുണ്ട് .അപ്പോഴേക്കും മറ്റൊരു ദൂതന്‍ വലിയൊരു ത്രാസ്സുമായി അവിടെയെത്തി ഓരോതട്ടിലും അയാള്‍ ചെയ്ത നന്മതിന്മകളുടെ കണക്കുകള്‍ വെച്ചു തൂക്കിനോക്കി, ഭൂമിയില്‍ ജീവിച്ച അറുപതു വര്‍ഷത്തെ കാലയളവിനിടയില്‍ അയാള്‍ ചെയ്ത ഒരേയൊരു പുണ്യപ്രവര്‍ത്തി...
അമ്പതു പൈസയുടെ ഒരു തുട്ട് ഒരു ഭിക്ഷക്കാരനു എറിഞ്ഞു കൊടുത്തതായിരുന്നു...
ഇതെപ്പോള്‍....?
അത്ഭുതംകൊണ്ട് വര്‍ക്കിച്ചന്‍റെ കണ്ണുകള്‍ പിന്നെയും മിഴിഞ്ഞു...
എങ്കിലും ചെയ്ത്കൂട്ടിയ ദ്രോഹങ്ങളുടെ തട്ട്‌ പിന്നെയും പിന്നെയും താഴ്ന്നുകൊണ്ടിരുന്നു
ദൈവം വര്‍ക്കിച്ചനെ നോക്കി മൊഴിഞ്ഞു നന്മയുടെ പ്രതീകമായ നിന്‍റെ ഭാര്യ ശോശാമ നിനക്ക് അനുരൂപയല്ലന്നറിഞ്ഞിട്ടും ഞാന്‍ നിനക്ക് ഭാര്യയായി നല്കി അവളിലൂടെയെങ്കിലും നീയൊരു പുതിയ മനുഷ്യനാകുമെന്നു വിചാരിച്ചു അവളുടെ നല്ല ഉപദേശങ്ങളോട് നീനക്കെന്നും പുച്ഛമായിരുന്നു,
പണം കുന്നുകൂട്ടുന്നതിലൂടെ ഭൂഗോളം മുഴുവന്‍ കൈപ്പിടിയിലൊതുക്കാമെന്ന് നീ വ്യാമോഹിച്ച് അപ്പോഴാണ്‌ വര്‍ക്കിച്ചന് കാര്യത്തിന്‍റെ കിടപ്പ് മനസ്സിലായത്, അയാള്‍ ദൈവത്തിന്‍റെ മുമ്പില്‍ കരുണക്കായി യാചിച്ചു, അതിന് മറുപടിയെന്നോണം ദൈവം പറഞ്ഞു ഭൂമിയില്‍ ധാരാളം അവസരങ്ങള്‍ ഞാന്‍ നിനക്കായി നല്കി, അല്പം കരുണക്കായി പലരും നിന്‍റെയടുക്കല്‍ വന്നിരുന്നു അവരെയെല്ലാം വെറുംകൈയോടെ ആട്ടിയോടിച്ചു
അവരെല്ലാം എന്‍റെ പ്രതിരൂപങ്ങളായിരുന്നുവെന്ന് നീ മനസിലാക്കിയില്ല!!
വിശക്കുന്നവന് ആഹാരം നല്‍കാത്തവന്‍ എങ്ങനെ സ്വര്‍ഗ്ഗരാജ്യത്തിനു അവകാശിയാകും....?
മുതലാളി ഒന്നു സഹായിക്കണേ എന്‍റെ ഭാര്യ പ്രസവവേദനകൊണ്ട് പുളയുകയാണ്,...കറവക്കാരന്‍ അണ്ണാച്ചിയുടെ മുഖം
മുതലാളി രണ്ടുദിവസമായി, എന്‍റെ കുഞ്ഞ് വല്ലതും കഴിച്ചിട്ട്,
വല്ലതും തരണേ..
വിശന്നുകരയുന്ന കുഞ്ഞിന്‍റെ വിശപ്പടക്കുവാന്‍വേണ്ടി തന്‍റെ മുന്നില്‍ കൈനീട്ടിയ ഒരമ്മയുടെ മുഖം...
, ഏമാനെ അടിയന്‍റെ കുടില്‍ വല്ലാതെ ചോര്‍ന്നൊലിക്കുന്നു..
അല്പം പണം തന്നു സഹായിക്കണം... അടിയന്‍ ജോലിചെയ്തു വീട്ടിക്കോളാം
സഹായത്തിനായി യാചിക്കുന്ന ചീരന്‍ പുലയന്‍റെ മുഖം
അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിസഹായരുടെ മുഖങ്ങള്‍ ഫ്ലാഷ്ബാക്കിലെന്നപോലെ മനസ്സില്‍ തെളിഞ്ഞു...
ഒപ്പം താന്‍ കേള്‍ക്കെ അവള്‍ ഉറക്കെ വായിക്കാറുള്ള
മത്തായിയുടെ സുവിശേഷം മുപ്പെത്തിയൊന്നാം അദ്ധ്യായത്തിലെ വാക്യങ്ങളും
അവന്‍റെ രാജ്യത്തുനിന്നും
എല്ലാ പാപഹേതുക്കളെയും തിന്മപ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി ആഗ്നികുണ്ടത്തിലെറിയും...
അവിടെ വിലാപവും പല്ലുകടിയുമായിരിക്കും ഉണ്ടായിരിക്കുക.
പെട്ടന്നാണതു സംഭവിച്ചത് പ്രധാനദൂതന്‍ ഒരു സിഗ്നല്‍നല്‍കി അപ്പോള്‍ നരകവാതില്‍ മലര്‍ക്കെ തുറക്കപ്പെട്ടു അതില്‍നിന്നുയര്‍ന്ന കറുത്ത പുകപടലങ്ങള്‍ക്കുള്ളിനിന്നു ഭീകരരൂപികളായ കുറേ കറുത്ത രൂപങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു അവര്‍ ആര്‍ത്തട്ടഹസിച്ചുക്കൊണ്ട് അയാളെ വലിച്ചിഴച്ചുകൊണ്ടുപോയി ഒരിക്കലും അവസാനിക്കാത്ത അഗ്നികുണ്ടത്തിനു അവകാശിയായി..
................................................................................................
സിബി നെടുംചിറ

കാലംനല്കിയ ശിക്ഷ - ചെറുകഥ

Image may contain: 1 person

വൃദ്ധമന്ദിരത്തിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ദിവസങ്ങള്‍ മാത്രം ആയുസ്സ് വിധിച്ചിരിക്കുന്ന അയാളുടെ പാതിയടഞ്ഞ കണ്ണുകള്‍ ആരെയോ അന്വേഷിക്കുന്നുണ്ടായിരുന്നു…
ഏതുനിമിഷവും മരണത്തിന്‍റെ കറുത്തനിഴല്‍ തന്നെ തേടിയെത്തും
‘അതിനു മുന്നേ മക്കളെയും, ഭാര്യയുമൊന്നു കാണുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....!!’
‘മക്കളുടെ അച്ഛായെന്നുള്ള വിളി ഒരിക്കല്‍ക്കൂടി കേള്‍ക്കുവാന്‍ അയാളുടെ മനസ്സ് വല്ലാതെ കൊതിച്ചു...
‘ആര്‍ക്കും തന്നെ വേണ്ടാതായിട്ട് നാളുകള്‍ കുറേ ആയിരിക്കുന്നു..’.
‘’സമൂഹത്തിന്‍റെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന അവര്‍ക്കെവിടെയാ സമയം...’’
സ്വന്തം ജീവന്‍റെ ഭാഗമായി കരുതിയിരുന്ന ഭാര്യയും തന്നെ മറന്നിരിക്കുന്നു.....
ആ മിഴികള്‍ രണ്ടും കവിഞ്ഞൊഴുകി,
പെട്ടന്നു ഹൃദയത്തിന്‍റെ അഗാധത്തില്‍ നിന്നും ഒരു ശബ്ദം മുഴങ്ങി... എവിടെയോ കേട്ടുമറന്ന ശബ്ദം...
ഓര്‍മയുടെ ആഴപ്പരപ്പില്‍ ആ ശബ്ദത്തിന്‍റെ ഉടമയെ തിരയവേ
മനസ്സിലൂടെ ഒരു മുഖം മിന്നിമറഞ്ഞു
‘’മോനേ ഹരിക്കുട്ടാ,’’
വീണ്ടും അതേ സ്വരം.
..
അതൊരു തേങ്ങലായി മനസ്സില്‍ നിറഞ്ഞുനിന്നു
പാതിമരിച്ച അയാളുടെ മനസ്സിന്‍റെ കോണിലെവിടെയോ മരിക്കാതെ കിടന്ന ആ മുഖത്തിന്‍റെ ഉടമയെത്തേടി ഒരിക്കല്‍ക്കൂടി തിരിച്ചുയാത്രയായി....
വര്‍ണ്ണ പകിട്ടാര്‍ന്ന തന്‍റെ ബാല്യകാലം....
‘’താനും, സഹോദരി മണിക്കുട്ടിയും,’’
തനിക്ക് എട്ടുവയസ്സുള്ളപ്പോഴായിരുന്നു
ക്ഷണിക്കാത്ത അഥിതിയായി കടന്നുവന്ന മരണം അച്ഛന്‍റെ ജീവനപഹരിച്ചത്...
, പെട്ടന്നുണ്ടായ ഒരു നെഞ്ചുവേദന അതിനെത്തുടര്‍ന്നു ഹോസ്പിറ്റലിലേക്കു പോയ അച്ഛന്‍റെ ജഡമായിരുന്നു പിന്നീട് തങ്ങള്‍ കാണുന്നത്
, അന്ന് അനിയത്തി മണിക്കുട്ടിക്ക്‌ പ്രായം ആറുവയസ്സ്,
ഞങ്ങളെ മാറോടണച്ചു വാവിട്ടു കരയുന്ന അമ്മ...
അച്ഛന്‍റെ മരണശേഷം അമ്മയായിരുന്നു തങ്ങള്‍ക്കെല്ലാം, പലരും ഒരു രണ്ടാം വിവാഹത്തിനു നിര്‍ബന്ധിച്ചിട്ടും മക്കളുടെ ഭാവിയെക്കരുതി അമ്മയതിനു മുതിര്‍ന്നില്ല പറക്കമുറ്റാത്ത രണ്ടു കുട്ടികളുമായി ജീവിക്കുന്ന യുവതിയായ സ്ത്രീ..
.
ചുറ്റുവട്ടത്തുനിന്നും കാമാര്‍ത്തമായ കഴുകന്‍ കണ്ണുകള്‍ അമ്മയ്ക്കു ചുറ്റും വട്ടമിട്ടിരുന്നു,
അവരെയെല്ലാം അമ്മ ആട്ടിയോടിച്ചു
, പിന്നിട് തനിക്ക് വശമുണ്ടായിരുന്ന തയ്യല്‍പ്പണിയിലൂടെയായിരുന്നു അമ്മ ഉപജീവനത്തിനുള്ള മാര്‍ഗ്ഗം. കണ്ടെത്തിയിരുന്നത്....
രാവും പകലും കഠിനാദ്ധ്വാനം ചെയ്തു
പ്രശസ്തമായ സ്കൂളിലയച്ചു മക്കളെ പഠിപ്പിച്ചു...
അവര്‍ക്ക് നല്ല ഭക്ഷണവും വസ്ത്രങ്ങളും നല്‍കുന്നതിനുവേണ്ടി അവര്‍ പട്ടിണിക്കിടന്നു മുണ്ടു മുറുക്കിയുടുത്തു....
മക്കള്‍ വളരുമ്പോള്‍ തനിക്ക്‌ താങ്ങും തണലുമാകുമെന്ന് ആ മാതൃഹൃദയം സ്വപനം കണ്ടിരിക്കണം,
പഠിക്കാന്‍ മിടുക്കരായിരുന്ന താനും മണിക്കുട്ടിയും, ഉന്നതവിജയത്തോടെയായിരുന്നു കലാലയത്തിന്‍റെ ഓരോ പടവുകളും താണ്ടിയിരുന്നത്,
അദ്ധ്വാനത്തിലൂടെ സമ്പാദിച്ചിരുന്ന ഓരോ ചില്ലിയും മക്കള്‍ക്കുവേണ്ടിയായിരുന്നു അമ്മ ചിലവഴിച്ചിരുന്നത്...
സ്വന്തം ആരോഗ്യവും ജീവിതവും നൊന്തുപ്പെറ്റ മക്കള്‍ക്ക് വേണ്ടി ഹോമിച്ചവള്‍...
, അമ്മയുടെ ത്യാഗത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും ഫലം...
താന്‍ പഠിച്ചു വക്കിലായി,
മണിക്കുട്ടി കോളേജു അദ്ധ്യാപികയും ആയി.....
നഗരത്തിലെ പ്രശസ്തനായ വക്കീലിന്‍റെ കീഴില്‍ പ്രാക്ടിസ് ചെയ്യുന്ന സമയത്തായിരുന്നു അയാളുടെ മകളുമായി പരിചയത്തിലായത് ആ പരിചയം പ്രണയമായി വളര്‍ന്നു..
ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴും അമ്മയെതിര്‍ത്തില്ല, മക്കളുടെ സന്തോഷമായിരുന്നു അമ്മയ്ക്കു വലുത്, സ്വന്തം ആരോഗ്യം മറന്നുള്ള കഠിനാദ്ധ്വാനം ഇതിനോടകം അവരെ ഒരു നിത്യരോഗിയാക്കി മാറ്റിയിരുന്നു...
ഇതിനോടകം പേരും, പ്രശസ്തിയുമുള്ള ഒരു വക്കീലായി താന്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു...
, തീര്‍ത്തും വയ്യാതെയായപ്പോള്‍ ശേഷിച്ചകാലം തന്‍റെ ഹരിക്കുട്ടനോടൊപ്പം കഴിയണം എന്നാഗ്രഹത്തോടു കൂടിയായിരുന്നു അമ്മ ഗ്രാമത്തിലെ കൊച്ചു വീട്ടില്‍നിന്നും പട്ടണത്തിലുള്ള മകന്‍റെ അടുത്തേക്കു കൂടുമാറിയത്‌...
എന്നാല്‍ പട്ടണപരിഷ്കാരിയായ തന്‍റെ ഭാര്യക്ക് ഭതൃമാതാവുമായി ഒത്തുപോകുവാന്‍ വളരെ പ്രയാസമായിരുന്നു, ശരിക്കും പറഞ്ഞാല്‍ ഒരു വേലക്കാരിയുടെ സ്ഥാനമായിരുന്നു അമ്മയ്ക്ക് മകന്‍റെ വീട്ടില്‍ ലഭിച്ചിരുന്നത്...
എന്നിട്ടും യാതോരു പരാതിയോ.പരിഭവമോ കൂടാതെ അവരെല്ലാം സഹിച്ചു...
എല്ലാം താന്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു,
തന്നെ കാണുവാന്‍ സമൂഹത്തിലെ ഉന്നതന്‍മാര്‍ പലരും വീട്ടില്‍ വന്നുപോയിരുന്നു,
അവര്‍ക്കുമുന്നില്‍ വേലക്കാരിക്കു സദൃശമായി നില്ക്കുന്ന അമ്മ ഒരപശകുനമായി തോന്നാന്‍ തുടങ്ങിയിരുന്നു...
സമ്പത്തും പ്രശസ്തിയും എന്നെ മറ്റൊരു മനുഷ്യനാക്കുകയായിരുന്നു.. അമ്മയുടെ വിയര്‍പ്പിന്‍റെ ഫലമാണു ഇപ്പോഴനുഭവിക്കുന്ന എല്ലാ സുഖ സൌകര്യങ്ങള്‍ക്കും കാരണമെന്ന സത്യം പാടേ മറന്നുകൊണ്ടായിരുന്നു പിന്നീടുള്ള തങ്ങളുടെ ജീവിതം,
അമ്മയെ എങ്ങനെയെങ്കിലും ഒഴിവാക്കണം അതായിരുന്നു പിന്നീടുള്ള മനസ്സിലെ ചിന്ത മുഴുവനും ഭാര്യയുടെ സമര്‍ദ്ദം കൂടിയായപ്പോള്‍ ആ ചിന്തകള്‍ക്ക് ശക്തികൂടി.....
അങ്ങനെയായിരുന്നു അനിയത്തി മണിക്കുട്ടിയുടെ അടുക്കല്‍ അമ്മയെ കൊണ്ടുപോയി ആക്കുവാന്‍ തീരുമാനിച്ചത് കുറച്ചു ദിവസം കഴിയുമ്പോള്‍ തിരിച്ച് കൂട്ടികൊണ്ടു പൊയ്ക്കോളാം എന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചായിരുന്നു അവള്‍ അമ്മയെ കൂടെ നിറുത്തുവാന്‍ തയ്യാറായത്.....
വാസ്തവത്തില്‍ നൊന്തുപെറ്റ അമ്മയെ സഹോദരിയുടെ അടുക്കലാക്കിയിട്ടു ഞാന്‍ രക്ഷപ്പെടുകയായിരുന്നു.
ദിവസങ്ങള്‍ കഴിയവേ അവിടെയും ആ പാവത്തിനു നേരിടേണ്ടിവന്നതു കഷ്ടപ്പാടിന്‍റെ പരമ്പരകളായിരുന്നു,
‘’മകനു വേണ്ടാത്ത അമ്മയെ മകള്‍ക്കെന്തിനാണ്....?’’
എന്ന ചിന്താഗതിയായിരുന്നു മണിക്കുട്ടിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃവീട്ടുകാര്‍ക്കും,
ശരിക്കും പറഞ്ഞാല്‍ അവിടെയും അവര്‍ക്ക് ഒരു വേലക്കാരിയുടെ റോള്‍ത്തന്നെയായിരുന്നു...
കൂടാതെ കുത്തുവാക്കുകള്‍ വേറെയും.....
തീര്‍ത്തും ആവശയായപ്പോള്‍ തങ്ങള്‍ മക്കള്‍ ഒത്തുകൂടിയെടുത്ത തീരുമാനമായിരുന്നു, അമ്മയെ വൃദ്ധമന്ദിരത്തിലേക്ക് നടതള്ളുവാന്‍
‘’ഒരു തരത്തില്‍ പറഞ്ഞാല്‍ ശല്യം ഒഴിവാക്കല്‍’’...
അതിനുശേഷം ഒരിക്കല്‍ പോലും താനോ മണിക്കുട്ടിയോ ആ വൃദ്ധമന്ദിരത്തിന്‍റെ പടി ചവിട്ടിയിരുന്നില്ല....
.
, അമ്മയുടെ രോഗാവസ്ഥ പറഞ്ഞു പലതവണ അധികൃതര്‍ എന്നെയും, മണിക്കുട്ടിയേയും മാറിമാറി വിളിച്ചിരുന്നു... ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു രോഗിയാണു അമ്മയെന്നറിഞ്ഞിട്ടും, താനോ, സഹോദരിയോ പോയി കാണുവാന്‍ കൂട്ടാക്കിയില്ല, സ്വന്തം ജീവിതത്തിലെ തിരക്കുകളായിരുന്നു കാരണങ്ങളായി പറയുവാനുണ്ടായിരുന്നത്‌.... പിന്നീട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
ഒരു തുള്ളി തീര്‍ത്ഥജലം ലഭിക്കാതെ
നൊന്തുപെറ്റ മക്കളെ അവസാനമായി ഒരുനോക്കു കാണുവാനുള്ള ഭാഗ്യം ലഭിക്കാതെ ആ ആത്മാവ് യാത്രയായി നിത്യമായ അനന്തതയിലേക്ക്..
.ഹരിശങ്കറിന്‍റെ കണ്ണുകളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകിയിറങ്ങി
കുറ്റബോധംകൊണ്ടു അയാളുടെ മനസ്സ് തേങ്ങി,
ശരീരത്തിന്‍റെ ചലനശേഷി തീര്‍ത്തും നഷ്ടപ്പെട്ട തനിക്കും വിധിക്കപ്പെട്ടിരിക്കുന്നതു പരിമിതമായ ദിവസങ്ങള്‍ മാത്രമാണ്...
, എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ,,,,
നൊന്തുപ്പെറ്റ മാതാവിനു മകന്‍ നിഷേധിച്ചത്, വിധി തനിക്കും നിഷേധിച്ചിരിക്കുന്നു.
അയാള്‍ വല്ലാതെ കിതച്ചു....
ശ്വാസമെടുക്കുവാന്‍ വല്ലാതെ പ്രയാസപ്പെട്ടു
, ഹൃദയ താളത്തിന്‍റെ വേഗത വര്‍ദ്ധിച്ചു
പിന്നെ അതു നേര്‍ത്തുനേര്‍ത്തുവന്നു
ചുറ്റും കൂരിരുട്ട്...
ഇരുട്ടിലൂടെ ഒരു നിഴല്‍ തന്‍റെ ബെഡ്ഡിനരികിലേക്കു നടന്നടുക്കുന്നു..
അയാളുടെ കണ്ണുകള്‍ വിടര്‍ന്നു, ഒപ്പം ചുണ്ടില്‍ ഒരു വരണ്ട പുഞ്ചിരിയും, ആ നിഴല്‍രൂപത്തെ അയാള്‍ തിരിച്ചറിഞ്ഞു...
, മരണത്തിലും സ്വന്തം പുത്രനെ മാറോടണക്കാന്‍ ഓടിയെത്തുന്ന അമ്മയുടെ ആത്മാവ്........!!
അമ്മേ... അയാള്‍ നീട്ടി വിളിച്ചു.
..
എന്നാല്‍ ശബ്ദം പുറത്തേക്ക് വന്നില്ല
ആ ശരീരം ഒന്നു ഉയര്‍ന്നുപൊങ്ങി
പിന്നെയെല്ലാം നിശ്ചലം
... അപ്പോള്‍ മകനെയോര്‍ത്തു തേങ്ങുന്ന പാവം ഒരാത്മാവിന്‍റെ രോദനം ആ മുറിയില്‍ നിറഞ്ഞുനിന്നിരുന്നു.....
..........................................................................................................
സിബി നെടുംചിറ

പെരുത്ത് പുണ്യം

പെരുത്ത് പുണ്യം
.........................................
ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. നജീബിനെ കാണാന്‍ പോകണം. ഇന്ന് ചെല്ലാമെന്നു വാക്ക് പറഞ്ഞിട്ട് പോന്നതാണ്. ചെന്നില്ലെങ്കില്‍ അതുമതി പഹയന് ഹാലിളകാന്‍. പിന്നെ അടുത്ത ഷോക്ക് ട്രീറ്റുമെന്‍റിനുള്ള കാരണമാകാനും മതി....
ഭാര്യയെയും മക്കളെയും വീട്ടിലാക്കിയിട്ട് ജോജി നേരെ ടൌണിലേക്ക് പോയി അവന്‍റെ നോര്‍മല്‍ അല്ലാത്ത ബുദ്ധിയില്‍ തെളിഞ്ഞത് ശരിയാണങ്കില്‍ ഇന്നാണ് നജീബിന്‍റെ ജന്മദിനം
‘ പഹയന് എന്താപ്പാ ഒരു സമ്മാനം വാങ്ങുക...’
‘ഇക്കാക്കാ’
‘ ഈ വരുന്ന ചെറിയ പെരുന്നാളിന് എനിക്കൊരു പുതിയ മുണ്ടും കുപ്പായവും വാങ്ങിത്തരുമോ,,,,? ‘
‘പുതിയത് ഉടുക്കാനുള്ള പൂതി കൊണ്ടാണ്’
രണ്ടാഴ്ച മുമ്പ് അവനെ കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞതു ഓര്‍മ്മയിലെത്തി. പിന്നൊന്നും ആലോചിച്ചില്ല. അടുത്ത് കണ്ട ടെക്സ്റ്റയില്‍സില്‍ കയറി ഒരു മുണ്ടും നീലക്കളറിലുള്ള ഒരു ഷര്‍ട്ടും വാങ്ങി. ഇന്നു കമ്പനി അടവായതുകൊണ്ട് കമ്പനി വക വണ്ടിയെടുക്കാൻ പറ്റില്ല. അതുകൊണ്ട് ബസ്സില്‍ പോകണം, ആദ്യം കണ്ട ബസ്സിന് കൈകാണിച്ചു ബസ്സില്‍ നല്ല തിരക്കായിരുന്നു. അതുകൊണ്ട് കമ്പിയില്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കേണ്ടിവന്നു...
നടുവും പുറവും പൊട്ടിപോകുന്ന അവസ്ഥ
ഭാഗ്യം
കുറച്ചുപേര്‍ അടുത്ത ജംഗ്ഷനില്‍ ഇറങ്ങിയതുകൊണ്ട് ഒരു ഇരിപ്പിടം തരപ്പെട്ടു....
കൈയിലെ പാക്കറ്റ് മടിയില്‍ വെച്ചശേഷം സ്വസ്ഥമായൊന്നു നടുനിവര്‍ത്തി
‘ഈ സമ്മാനം നജീബിന് ഇഷ്ടമാവുമോ എന്തോ !’
‘അല്ലെങ്കിലും അവന് എന്ത് ഇഷ്ടാനിഷ്ടങ്ങള്‍’
‘കിട്ടുന്നതെന്തും വാരി വലിച്ച് കഴിക്കും,’
തന്‍റെ ശരീരത്തിന് ഇണങ്ങാത്ത വസ്ത്രങ്ങളാണ്‌ ഉള്ളതില്‍ അധികവും
. അവനോട് ചങ്ങാത്തം കൂടുന്നതുകൊണ്ട് തനിക്കും വട്ടാണന്നാണ് സുഹൃത്തുക്കളില്‍ പലരും പറയുന്നത്. എന്നിരുന്നാലും അവനോട് സംസാരിച്ചിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. ലോകത്തുള്ള സര്‍വ്വതിനെപ്പറ്റിയും നല്ല അറിവാണ് പഹയന്. ചിലപ്പോള്‍ തോന്നും ലോകത്തിലെ ഏറ്റവും നോര്‍മലായ വ്യക്തിയും ബുദ്ധിമാനും നജീബാണെന്നു. അപ്പോള്‍ അവന്‍ പറയുന്ന തത്വശാസ്ത്രങ്ങളൊന്നും തനിക്ക് മനസ്സിലാവില്ല...
മറ്റുചിലപ്പോള്‍ മറിച്ചും...
എവിടെ വച്ചായിരുന്നു അവനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയത്ര. ണ്ടു വര്‍ഷം മുമ്പുള്ള ഒരു ഡിസംബര്‍ മാസം ആണെന്നു തോന്നുന്നു നല്ല തണുപ്പുള്ള ഒരു വെള്ളിയാഴ്ച കുട്ടികളെ സ്കൂളില്‍ വിട്ടിട്ട് നേരെ കമ്പനിയിലേക്കു പുറപ്പെട്ടു. ഇന്ന് നേരത്തെ പണി തീര്‍ക്കണം എങ്കിലേ സമയത്തിന് കുട്ടികളെ സ്കൂളില്‍ നിന്നും പിക്ക് ചെയ്യുവാന്‍ പറ്റുകയുള്ളു ഭാര്യയായിരുന്നു ഇതൊക്കെ ചെയ്തിരുന്നത് എന്നാല്‍ ഒരാഴ്ചയായി അവള്‍ കിടപ്പിലാണ് രോഗത്തിനു ഒരുവിധം ശമനമുണ്ടെങ്കിലും ക്ഷീണം നന്നായിട്ടുണ്ട്
. ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നൊക്കെ തീര്‍ന്നിരിക്കുന്നു ഒത്തെങ്കില്‍ അവളെയുമൊന്നു ഡോക്ടറെ കാണിക്കണം.
കമ്പനിയില്‍ എത്തിയശേഷം റൊട്ടിയുടെ പാക്കറ്റുകള്‍ നിറച്ച കാര്‍ബോര്‍ഡ് പെട്ടികള്‍ ഓരോന്നായി കമ്പനി വക വണ്ടിയിലേക്ക് എടുത്തുവെച്ചു.
പട്ടണത്തിലെ പ്രാമുഖ സ്ഥാപനങ്ങളിലും, കടകളിലും ഓര്‍ഡര്‍ അനുസരിച്ചുള്ള റൊട്ടി സപ്ലേ ചെയ്യുക എന്നതായിരുന്നു എന്‍റെ അവിടുത്തെ ജോലി എല്ലാം കഴിഞ്ഞ് അവസാനമായിരുന്നു റൊട്ടിയുമായി ആ മാനസിക ആശുപത്രിയിലേക്ക് തിരിച്ചത് കഷ്ടിച്ച് മുറ്റത്ത്‌ എത്തിയതേ വണ്ടിയുടെ ടയര്‍ പഞ്ചറായി ഇനി ഒരടി മുന്നോട്ട് നീങ്ങണമെങ്കില്‍ ആ ടയര്‍ മാറ്റിയിട്ട് വേറെയിടണം പരിഹാരം ഒന്നേയുള്ളു കേടായത് മാറ്റിയിട്ട് പകരം സ്റ്റെപ്പിനി ഇടുക ഡിക്കി തുറന്നു സ്റ്റെപ്പിനി പുറത്തെടുത്തശേഷം പഞ്ചറായ ടയറിന്‍റെ നാല് ബോള്‍ട്ടുകളും അഴിച്ച് ഒരു മൂലയിൽ വെച്ചു. അതിനുശേഷം വളരെ ആയാസപ്പെട്ട്‌ സ്റ്റെപ്പിനി ഇടുന്നതിനിടയിലാണ് അത് സംഭവിച്ചത് തന്‍റെ കൈയ് തട്ടി കോര്‍ണറില്‍ വെച്ചിരുന്ന നാല് ബോള്‍ട്ടുകളും തൊട്ടടുത്തുള്ള ഓവുചാലിലേക്ക്‌ തെറിച്ചു വീണിരിക്കുന്നു
അതു കണ്ടുപിടിക്കുവാന്‍ നടത്തിയ ശ്രമങ്ങളും വിഫലമായിരിക്കുന്നു.
‘ശെടാ ഇനിയെന്തു ചെയ്യും....?’
അടുത്തുള്ള വര്‍ക് ഷോപ്പിലേക്ക് വിളിച്ചു പറയുകയേ രക്ഷയുള്ളൂ
’നാശം
‘ഇന്നു രാവിലെ ആരെയാണാവോ കണികണ്ടത്’.
പറഞ്ഞത് അല്പം ഉറക്കെയായിപ്പോയെന്നു തോന്നുന്നു പെട്ടന്നാണ് എവിടെനിന്നോ ഒരു പൊട്ടിച്ചിരി കേട്ടത്...
തിരിഞ്ഞുനോക്കിയപ്പോള്‍ ആശുപത്രി വരാന്തയില്‍ നിന്നുമായിരുന്നു. അപ്പോഴായിരുന്നു ഇതുവരെയുള്ള തന്‍റെ പ്രവൃത്തികള്‍ നിരീക്ഷിച്ചുകൊണ്ട് അയാള്‍ അവിടെ നില്‍ക്കുകയായിരുന്നുവെന്ന് മനസിലായത്..
ഒറ്റ നോട്ടത്തില്‍ തന്നെ ഇവിടുത്തെ അന്തേവാസിയാണന്നു മനസ്സിലായി..
.തന്നെ നോക്കി ബുദ്ധിയില്ലാത്ത കഴുത എന്നു പുലമ്പിക്കൊണ്ട് അയാള്‍ ആര്‍ത്തു ചിരിച്ചു...
പിന്നെ തന്‍റെ അടുക്കലേക്ക് നടന്നടുത്തു.
‘ഈശ്വരാ ആ വട്ടന്‍ എന്നെ വല്ലതും ചെയ്യുമോ ആവോ’
സഹായത്തിനാണെങ്കില്‍ ആരെയും കാണാനുമില്ല മനസ്സില്‍ വല്ലാത്തൊരു ഭയം ബാധിച്ചു എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്നെ നോക്കി സാധാരണ ശബ്ദത്തില്‍ അയാള്‍ മൊഴിഞ്ഞു
‘ഒരു നിസാര പ്രശ്നം വരെ പരിഹരിക്കുവാനറിയാത്ത താനെന്തൊരു ഡ്രൈവറാടോ’
അയാളുടെ പരിഹാസത്തില്‍ പൊതിഞ്ഞ സംസാരരീതി തനിക്കത്രെ പിടിച്ചില്ല. മുഷിഞ്ഞ്‌ സംസാരിക്കാനും വയ്യ ഭ്രാന്തനല്ലെ. എപ്പോഴാ സ്വഭാവം മാറുന്നതെന്ന് അറിയില്ലല്ലോ മാത്രമല്ല വട്ടിളകുമ്പോള്‍ അവര്‍ക്ക് ശാരീരിക ബലം കൂടുമെന്നും കേട്ടിട്ടുണ്ട്
ആ നിലക്ക് അയാളെ പിണക്കാതെയിരിക്കുന്നതായിരിക്കും ബുദ്ധി...
.അതുകൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു
‘നിസാര കാര്യമോ
’
‘പിന്നല്ലാതെ’
,
ഇയാള്‍ക്ക് ശരിക്കും വട്ട് തന്നെ യാതൊരു സംശയവുമില്ല
കൂടുതല്‍ വൈലന്റ് ആകുന്നതിനുമുന്നേ സെക്യൂരിറ്റിയെ വിളിക്കുക. അതിനായി സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി എന്നാല്‍ അവിടെ അയാളുണ്ടായിരുന്നില്ല...
അപ്പോള്‍ വീണ്ടും ആ ഭ്രാന്തന്‍റെ ശബ്ദം ചെവികളില്‍ മുഴങ്ങി
എടോ ഡ്രൈവറെ ബാക്കിയുള്ള മൂന്ന്‍ ടയറുകളില്‍ നിന്നും ഓരോ ബോള്‍ട്ട് വീതം ഊരിയെടുത്തുകൊണ്ട് സ്റ്റെപ്പിനിയിടുക..
.
‘ അതുകഴിഞ്ഞ് വണ്ടി അടുത്തുള്ള വര്‍ഷോപ്പില്‍ കൊണ്ടുപോയി പുതിയ ടയറിടണം’
ഇത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
ഉറക്കെ ചിരിച്ചുകൊണ്ട് അയാള്‍ നടന്നുനീങ്ങി...
..ഒരുനിമിഷം താന്‍ തീര്‍ത്തും ചെറുതായി പോകുന്നതു പോലെ തോന്നി. വര്‍ഷങ്ങളായി ഡ്രൈവര്‍ പരിചയമുള്ള സ്വന്തം ബുദ്ധിയില്‍ തോന്നാത്ത ബോധോദയം...ആ ഭ്രാന്തന്‍റെ തലയില്‍ ഉദിച്ചിരിക്കുന്നു,,,
‘ശെടാ ഇത്രയും ബുദ്ധി ഇയാള്‍ക്കുണ്ടെങ്കില്‍ പിന്നെയെങ്ങനയാ ഇവിടെയെത്തിപ്പെട്ടത്’
‘ഇനി ഒരുപക്ഷേ അയാള്‍ ഭ്രാന്തന്‍ അല്ലായിരിക്കുമോ.....?’
‘അവരെ സന്ദര്‍ശിക്കുവാനെത്തിയ സന്ദര്‍ശകരില്‍ ആരെങ്കിലുമായിരിക്കുമോ...?’
ഹേയ് ഒന്നു നില്‍ക്കൂ
‘സത്യത്തില്‍ നിങ്ങള്‍ ആരാ’.....?
‘ഒരു ഭ്രാന്തന്‍’
അയാള്‍ മറുപടി പറഞ്ഞു
പിന്നെ ആര്‍ത്തുചിരിച്ചുകൊണ്ട് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലന്ന മട്ടില്‍ നടന്നുനീങ്ങി. ഈ പഹയന്‍ ആള് മോശക്കാരനല്ലല്ലോ. താന്‍ ആരൊക്കെയോ ആണെന്നുള്ള അഹങ്കാരത്തിന്‍റെ ചിറകും കൂടിയാ ഒടിച്ചിരിക്കുന്നത്. പിന്നീട് അയാളെപ്പറ്റി കൂടുതല്‍ അറിയണമെന്നു തോന്നി അങ്ങനെയാണ് അവിടുത്തെ അറ്റന്‍ററായ രാമേട്ടനോട്‌ വിവരങ്ങള്‍ അന്വേഷിച്ചത്.
'ആര് നമ്മുടെ നജീബ് റഹ്മാനോ’
‘ഓന്‍ ഇവിടെ വന്നിട്ട് വര്‍ഷം രണ്ടായിരിക്കുന്നു’
‘നല്ല തറവാട്ടില്‍ പിറന്ന ചെക്കനാ,
’
‘ആവശ്യത്തിന് പഠിപ്പും വിവരവുമുണ്ട്’
‘പറഞ്ഞിട്ടെന്താ ബുദ്ധി തിരിഞ്ഞു പോയി
’
‘പാരമ്പര്യമായി കിട്ടിയ വട്ടില്ലേ
’
‘അതാ ആ ചെക്കന്’
‘ ഓന്‍റെ ഉപ്പൂപ്പാനെ പണ്ട് ചങ്ങലക്കിട്ടതായിരുന്നു പോലും’
ഇപ്പോഴിതാ ഈ ചെക്കനും
തലയ്ക്ക് സ്ഥിരമില്ലാത്ത ഇളയ അനുജന്‍ വീട്ടില്‍ നില്‍ക്കുന്നത് ഏട്ടന്‍മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും കുറച്ചിലാണു പോലും..
ഇപ്പോള്‍ രോഗത്തിന് നല്ല കുറവുണ്ട്
‘പറഞ്ഞിട്ടെന്താ കാര്യം
ഏറ്റെടുക്കുവാന്‍ ആരെങ്കിലും വേണ്ടേ.
‘അല്ല ജോജീ’
‘നീ ഈ പത്രവാര്‍ത്ത കണ്ടോ’
ഇന്നലത്തെ ഹര്‍ത്താല്‍ പ്രമാണിച്ച്
തലസ്ഥാന നഗരിയില്‍ രണ്ട് ബസ്സാണുപോലും കത്തിച്ചത് ജോജിയേ
' ഞാനൊരു കാര്യംചോദിക്കട്ടെ''
'എന്താ രാമേട്ടാ.....?'
'സത്യത്തില്‍
ആര്‍ക്കാണ് വട്ട് '...?
ഇവിടെയുള്ളവര്‍ക്കോ
' അതോ പുറത്തുള്ളവര്‍ക്കോ'
ചിലതൊക്കെ കാണുമ്പോള്‍ അങ്ങനെ ചോദിക്കണമെന്ന് തോന്നിപ്പോകും
ഇടക്കൊക്കെ ഓന്‍റെ ബാപ്പ കാണാന്‍ വരുമായിരുന്നു
ഇപ്പം അയാളെയും കാണാനില്ല. മയ്യത്തായീന്നാ കേട്ടത്.
..
കുടുംബത്തുനിന്നും ആരെയും കാണാതാകുമ്പഴാ ചെക്കന് ഹാലിളകുന്നത്....
പിന്നീട് റൊട്ടിയുമായി വരുന്ന ദിവസങ്ങളിലെല്ലാം നജീബിനെ കാണുക പതിവാക്കി
താന്‍ വരുന്ന ദിവസം അവന് നല്ലവണ്ണമറിയാം അന്നവന്‍ വലിയ സന്തോഷത്തിലായിരിക്കും വീടിനെപ്പറ്റിയും, വീട്ടുകാരെപ്പറ്റിയുമൊക്കെ വാതോരാതെ സംസാരിക്കും
.
നജീബ് തനിക്ക് ആരൊക്കെയോ ആയി മാറുകയായിരുന്നു
. അവിടെ അവന്‍ മാത്രമായിരുന്നില്ല തനിക്ക് ചങ്ങാതിമാര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ടു നടക്കുന്ന രവിശങ്കറും, നാളെ നടക്കുവാനിരിക്കുന്ന മെത്രാഭിഷേകത്തിനായി ഒരുക്കങ്ങള്‍ കൂട്ടുന്ന തോമസ്സ് ചേട്ടനും തന്‍റെ മിത്രങ്ങളായിരുന്നു...തീര്‍ത്തും നിരുപദ്രകാരികള്‍... ഒരിക്കല്‍ സന്ദര്‍ശന സമയം കഴിഞ്ഞ് തിരിച്ച് പോരുവാന്‍ തുടങ്ങിയ തന്‍റെ കൈകളില്‍ അവന്‍ ബലമായി പിടിച്ചു നിര്‍ത്തി
.
‘ഞാന്‍ ങ്ങളോടു ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ’
എന്താ നജീബ്.....?
‘ എപ്പോഴും എന്നെ വന്നു കാണാന്‍ ങ്ങള് മ്മടെ ആരാ.....?
‘ ശരിയാ ഞാന്‍ അവന്‍റെ ആരാ...?’
അതിനുള്ള ഉത്തരവും അവന്‍ തന്നെ കണ്ടെത്തി
‘ന്‍റെ ഇക്കാക്ക’
അന്നുമുതല്‍ ഞാനവന് കൂടപ്പിറപ്പായ്
രാമേട്ടന്‍ പറഞ്ഞത് ശരിയായിരുന്നു അസുഖം മാറിയിട്ടും ഇല്ലാത്ത ചിത്തഭ്രമത്തിന്‍റെ പേരില്‍ കുടുംബാംഗങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരായിരുന്നു അവരില്‍ മിക്കവരും.....
ഹേയ് ഇറങ്ങുന്നില്ലേ...?
വണ്ടി സ്റ്റാഡിലെത്തി
തൊട്ടടുത്തിരുന്നയാള്‍ തോളില്‍ തട്ടിയപ്പോഴാണ് ചിന്തയില്‍ നിന്നുമുണര്‍ന്നത്
ബസില്‍ നിന്നും ഇറങ്ങിയശേഷം ആദ്യം കണ്ട ഓട്ടോയ്ക്ക് കൈകാണിച്ചു. ഓട്ടോ ആശുപത്രി മുറ്റത്ത്‌ എത്തിയപ്പഴെ തന്നെ പ്രതീക്ഷിച്ചുകൊണ്ട് രാമേട്ടന്‍ അവിടെയുണ്ടായിരുന്നു
.
‘നീയെന്താ ജോജി ഇത്രയും വൈകിയത്..?
’
ആ പഹയന്‍ നേരമിത്രയായിട്ടും ജലപാനം വരെ കഴിച്ചിട്ടില്ല’
‘മാത്രമല്ല ഇന്ന് കഴിക്കേണ്ട മരുന്നും കഴിച്ചിട്ടില്ല’
‘മുറിയില്‍ കയറി ഒരേ ഇരിപ്പാണ്’
എല്ലാവരും മാറിമാറി പറഞ്ഞിട്ടും ഒന്നും കഴിക്കാന്‍ കൂട്ടാക്കുന്നില്ല ജന്മദിനമായിട്ട് വീട്ടില്‍ നിന്നും ആരും തിരക്കി വരാത്തതിന്‍റെ കെറുവിലാ..
‘നിന്നെയും കാണാതെ വന്നപ്പോള്‍ നിലത്തോട്ടും നോക്കി ഒരേ ഇരിപ്പാ,,,,’
‘നീ അങ്ങോട്ടോന്നു ചെല്ല്’
‘എന്തെങ്കിലും പറഞ്ഞൊന്നു സമാധാനിപ്പിക്ക്’
കേട്ടതേ ഞാന്‍ അകത്തേക്കൊടി നിലത്ത് ദൃഷ്ടികള്‍ പായിച്ചുകൊണ്ട് ബെഡ്ഡിന്‍റെ ഓരം ചേര്‍ന്നിരിക്കുകയായിരുന്നു നജീബ്. അപ്പോള്‍ ആ മുഖത്തു നിഴലിച്ചത് ഒരു ഭ്രാന്തന്‍റെ രൌദ്ര ഭാവമല്ലായിരുന്നു മറിച്ച് .എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടുവാന്‍ മാത്രം വിധിക്കപ്പെട്ട ഒരു നിസ്സഹായന്‍റെ വേദനയായിരുന്നു..
അവനെ ചേര്‍ത്തിരുത്തി നിര്‍ബന്ധിച്ചു ആഹാരം കഴിപ്പിക്കവേ മനസ്സ് മന്ത്രിച്ച്‌ നീ ഒറ്റക്കല്ല ഈ ഇക്കാക്കയുണ്ടാവും എന്നും നിന്‍റെകൂടെ അപ്പോള്‍ എവിടുന്നോ വഴിത്തെറ്റിയെത്തിയ കാറ്റില്‍ ഇളകുന്ന മരച്ചില്ലകളെ നോക്കി രാമേട്ടന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു പെരുത്ത്‌ പുണ്യം കിട്ടും നിനക്ക്.....
....................................................................................................
സിബി.നെടുംചിറ
.

‘’ ഒറ്റപ്പെട്ടവന്‍’’


‘’ ഒറ്റപ്പെട്ടവന്‍’’
.................................
യാത്രാക്ഷിണം നന്നായിട്ടുണ്ട്. ശരിക്കൊന്നുറങ്ങണം അച്ഛന്‍ സ്ഥിരം ഇരിക്കാറുണ്ടായിരുന്ന ചാരുകസേര പൊടി തട്ടിയെടുത്തശേഷം, അയാള്‍ അതില്‍ നിണ്ടുനിവര്‍ന്നു കിടന്നു,
നീണ്ട പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് സ്വന്തം തറവാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണു. ജീവിത യാത്രയില്‍ തുണയായി വന്നവള്‍ നഷ്ടപ്പെട്ടപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയി. അന്ന് തീരുമാനിച്ചതാണ് സ്വന്തം തറവാട്ടിലേക്ക് തിരിച്ചുപോരണമെന്ന് ...
, വാര്‍ദ്ധക്യത്തില്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തി സ്വസ്ഥമായ ജീവിതം നയിക്കണമെന്ന ആഗ്രഹം അവള്‍ക്കായിരുന്നല്ലോ!
അതിനു നില്‍ക്കാതെ അവള്‍ പോയപ്പോള്‍ വല്ലാത്ത ശൂന്യതയായിരുന്നു...
‘അല്ല മക്കളെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല!
‘അവര്‍ക്ക് അച്ഛനോട് സ്നേഹമില്ലാഞ്ഞിട്ടല്ല’
, ‘’അവര്‍ക്കെവിടെയാ സമയം’
’ ജോലി, കുടുംബം, മക്കള്‍, തിരക്കേറിയ ജീവിതം... അതിനിടക്ക് ജീവിക്കാന്‍ തന്നെ മറന്നുപോകുന്നു.
..
പോരാന്‍ നേരം അത്യവശ്യ സാധനങ്ങള്‍ മാത്രമെടുത്തു ബാക്കിയെല്ലാം മക്കളെ ഏല്‍പ്പിച്ചു, ഇവിടെ രമേശന്‍ ഉള്ളതുകൊണ്ട് തറവാടും തൊടിയും വൃത്തിയായി കിടക്കുന്നു, മക്കളെല്ലാം ഓരോ തണല്‍ തേടി പോയപ്പോള്‍ അവന്‍റെ അമ്മ പാറുവേടത്തിയായിരുന്നു അച്ഛനും അമ്മക്കും തുണയായിട്ടുണ്ടായിരുന്നത്,...
ഇത്രയും നാളും അച്ഛന്‍റെയും അമ്മയുടെയും അസ്ഥിത്തറയില്‍ രമേശനായിരുന്നു വിളക്ക് വെച്ചിരുന്നത്
അല്ലാതെ ആര് വെക്കാനാ. സഹോദരിമാര്‍ക്ക് അവരുടേതായ തിരക്കുകള്‍ അനുജനാണെങ്കില്‍ അങ്ങ് പട്ടണത്തിലും. ഇനി ആ ഉത്തരവാദിത്ത്വം തനിക്ക്‌ ഏറ്റെടുക്കണം..
.
അച്ഛനും അമ്മയും മരിച്ചതോടുകൂടി ഈ വലിയ തറവാട് അനാഥമായി..
.
. അല്ല തങ്ങള്‍ എട്ടു മക്കള്‍ വളര്‍ന്ന പഴയ ചെറ്റക്കുടിലില്‍ നിന്നും ഈ വലിയ നാലുകെട്ടിലേക്ക് ഉയര്‍ന്നത് അവളുടെ മനസ്സിന്‍റെ നന്മയായിരുന്നല്ലോ!!
‘ശേഖരേട്ടാ’
, ‘അടുക്കളപ്പണിക്ക്‌ ആരെയെങ്കിലും കോണ്ടുവരട്ടെ’
രമേശന്‍റെ ചോദ്യം..
,
‘വേണ്ടടോ,’
‘അത്യാവശ്യം വേണ്ട ആഹാരം വെച്ചുണ്ടാക്കാന്‍ എനിക്കറിയാം’
' തുളസിയില്‍ നിന്നും പഠിച്ചതാണ്',
ഒരുകണക്കിന് പറഞ്ഞാല്‍ അവിടുത്തെ തിരക്കേറിയ ജീവിതത്തില്‍ രണ്ടുപേരും സഹകരിച്ചെങ്കിലേ ജീവിതം ഒരു കരക്കടുപ്പിക്കാന്‍ പറ്റുകയുള്ളു, പിന്നെ ഷുഗറും കൊളോസ്ട്രോളും, പ്രഷറും. രാജകീയമായി വാഴുന്ന ഈ ശരീരത്തില്‍ എല്ലാ ഭക്ഷണവും ശരിയാവില്ല
,
‘എന്‍റെ ആരോഗ്യത്തില്‍ അവള്‍ക്കായിരുന്നല്ലോ കൂടുതല്‍ ശ്രദ്ധ!!’
‘എന്നിട്ടെന്തേ അവള്‍ ആദ്യം പോയി’
‘എല്ലാം തന്‍റെ കര്‍മ്മഫലം അല്ലാതെന്താ! ‘
ഓരോന്നോര്‍ത്തു ഉറക്കത്തിലേക്ക് വഴുതിവീണതറിഞ്ഞില്ല രാവിലെ രമേശന്‍ തട്ടിവിളിച്ചപ്പോഴാണു കണ്ണ് തുറക്കുന്നത്. കുറേക്കാലം കൂടി നന്നായൊന്നുറങ്ങി. പഠിപ്പിച്ച സ്കുള്‍വരെയൊന്ന് പോകണം കുളിയും കഴിഞ്ഞ് ചെറിയരീതിയില്‍ ബ്രേക്ക്ഫാസ്റ്റും കഴിച്ച് അയാള്‍ നേരെ നടന്നു കുറച്ചുകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച സ്കൂളിലേക്ക്
അവിടെ തന്നെ അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ ആവോ!!
ഓരോന്നോര്‍ത്ത് സ്കുള്‍മുറ്റത്ത്‌ എത്തിയത് അറിഞ്ഞില്ല,
ഇന്‍റെര്‍വെല്ലിന്‍റെ സമയമാണെന്നു തോന്നുന്നു കുട്ടികളെല്ലാം വെളിയിലുണ്ട്.
കുട്ടികള്‍ കളിക്കുന്നതും നോക്കി അയാള്‍ ആല്‍ത്തറയിലെ ബെഞ്ചിലിരുന്നു.
.
‘, അവളിപ്പോള്‍ എവിടെയാണാവോ!!’
‘ആ രാധിക ടീച്ചര്‍
’
ഒന്ന് കാണാന്‍ ആഗ്രഹമുണ്ട്
താനിവിടെ അദ്ധ്യാപകനായി ആറുമാസം കഴിഞ്ഞപ്പോഴായിരുന്നു ഒഴിഞ്ഞ് കിടന്ന സംഗീത അദ്ധ്യാപികയുടെ പോസ്റ്റില്‍ രാധികട്ടീ ച്ചറെത്തിയത് നിലം പൊത്താറായ ഒരില്ലത്തെ അന്തര്‍ജ്ജനം, തുളസിക്കതിരിന്‍റെ പരിശുദ്ധിയും, അസ്തമയസൂര്യന്‍റെ കാന്തിയുമുള്ള രാധിക ട്ടീച്ചറെ തനിക്ക്‌ വളരെ ഇഷ്ടമായിരുന്നു, അവളുടെ സംഗീ തമാധുരിയില്‍ ലയിച്ച് നിമിഷങ്ങളോളോളം മതിമറന്നിരുന്നിട്ടുണ്ട്. പിന്നെയെപ്പോഴോ ഈ ദരിദ്രനായ നായര് മാഷേ അവളും സ്നേഹിച്ചു തുടങ്ങി....
തങ്ങള്‍ തമ്മിലുള്ള പ്രണയം ഇവിടുത്തെ അദ്ധ്യാപകക്കിടയില്‍ ഒരു സംസാരവിഷയമായിരുന്നു
അവളോടൊത്തൊരു ജീവിതമായിരുന്നു കൊതിച്ചിരുന്നത്‌
, അല്ല അവള്‍ തന്നെയാണ് തന്‍റെ ജീവിതപങ്കാളിയെന്ന് ഉറപ്പിച്ചതുമാണ്
അപ്പോഴായിരുന്നു പ്രണയ ജോഡികള്‍ക്കിടയിലെ വില്ലനായി ദല്ലാള്‍ രാഘവന്‍ ഒരു വിവാഹാലോചനയുമായി പ്രത്യക്ഷപ്പെട്ടത്..
.
പെണ്ണ് അമേരിക്കയില്‍ നേഴ്സ്,
കാണാന്‍ അല്പം ശേലുകുറവുണ്ടന്നൊഴിച്ചാല്‍ തങ്കംപോലത്തെ സ്വഭാവം
, അച്ഛന് ആ ആലോചന വളരെ ഇഷ്ടപ്പെട്ടു.
തനിക്ക് ഇളയവര്‍ ഏഴുപേര്‍
കെട്ടുപ്രായം തികഞ്ഞ സഹോദരിമാര്‍ അവരെ ഓരോരുത്തരെയും ഓരോ കൈകളില്‍ ഏല്‍പ്പിക്കണം, ആ കല്യാണം നടന്നാല്‍ കുടുംബം രക്ഷപെടുമല്ലോ അതായിരുന്നു അച്ഛന്‍റെ കണക്കുകൂട്ടല്‍...
മനസ്സില്ലാമനസ്സോടെ അച്ഛന്‍റെ നിർബ്ബന്ധത്തി ന് വഴങ്ങിയാണ്‌ പെണ്ണു കാണല്‍ ചടങ്ങ് നടത്തിയത്. ആകപ്പാടെ കറുത്തിരുണ്ട്‌ കുറുകിയ തുളസി’ തനിക്കൊരു ചേര്‍ച്ചയുമില്ലായിരുന്നു,
എന്നിട്ടും കുടുംബത്തിനുവേണ്ടിയുള്ള ഒരു മഹാത്യാഗത്തിന്
തന്നെ വിട്ടുകൊടുക്കേണ്ടി വന്നു
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവള്‍ അമേരിക്കയിലേക്ക്‌ തിരിച്ചപ്പോള്‍ എന്തോ വലിയൊരു ഭാരം ഒഴിഞ്ഞു പോയതുപോലെയാണ്‌ തോന്നിയത്,
തിരിച്ച് സ്കൂളിലേക്ക് ചെന്നപ്പോള്‍ മനസ്സ് മുഴുവന്‍ കുറ്റബോധം കൊണ്ട് നീറുകയായിരുന്ന്‍ രാധികയുടെ മുഖത്തുനോക്കാന്‍ നന്നേ വിഷമിച്ചു, മാപ്പ് പറഞ്ഞിട്ടും കാര്യമില്ലല്ലോ. താന്‍ എന്നെന്നേക്കുമായി മറ്റൊരുവള്‍ക്ക് സ്വന്തമായില്ലേ
, ഏതാനും മാസം കഴിഞ്ഞപ്പോള്‍ തനിക്ക് അമേരിക്കക്ക് പോകുവാനുള്ള വിസയും ശരിയായി രാജിക്കത്ത് ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ച് യാത്രയായി
, അതിന് മുന്നേ രാധിക ട്ടീച്ചര്‍ സ്ഥലംമാറി പോയിരുന്നു.
അമേരിക്കയില്‍ എത്തിയ ഏതാനും നാളുകള്‍ കൊണ്ടുതന്നെ മനസ്സിലായി അവളുടെ മേനിക്ക്‌ മാത്രമേ കറപ്പുള്ളുവെന്ന് ഹൃദയം തുമ്പപ്പുപോലെ വെളുത്തതായിരുന്നുവെന്ന് കുറേനാള്‍ ജോലിയും കൂലിയുമില്ലാതെ ഇരിക്കേണ്ടിവന്ന നാളുകളില്‍ യാതൊരു പരിഭവുംകൂടാതെ താന്‍പോലും അറിയാതെ സ്വന്തം കുടുംബത്തെ സഹായിച്ചിരുന്നത് തുളസിയായിരുന്നു....
അവളായിരുന്നു പുര നിറഞ്ഞ് നിന്നിരുന്ന സഹോദരിമാരെ ഓരോരുത്തരെയായി ഉയര്‍ന്ന ഉദ്യോഗമുള്ളവരെക്കൊ ണ്ട് കല്യാണം കഴിപ്പിച്ച്, അയച്ചതും അനിയനെ പഠിപ്പിച്ച് ഉന്നത നിലയിലെത്തിച്ചതും...
അവളുടെ മനസ്സിന്‍റെ നന്മയായിരുന്നു തന്‍റെ ചെറ്റക്കുടിലിന്‍റെ സ്ഥാനത്ത് വലിയ നാലുകെട്ട് ഉയര്‍ന്നത്...
ഭര്‍ത്താവിന്‍റെ കുടുംബത്തെ കരകയ റ്റുവാന്‍ വേണ്ടി അവള്‍ രണ്ടും മൂന്നും ഹോസ്പിറ്റലുകളില്‍ മാറി മാറി ജോലി ചെയ്തു,
പതുക്കെപ്പതുക്കെ അവളെ താനും സ്നേഹിച്ച് തുടങ്ങി,
ബാഹ്യസൗന്ദര്യമല്ല ആന്തരിക സൗന്ദര്യമാണ് എല്ലാത്തിനേക്കാളും പ്രധാനമെന്നു പഠിച്ചത് അവളില്‍ നിന്നുമായിരുന്നു
നീണ്ട മുപ്പത് വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ അവള്‍ തനിക്കെന്നും താങ്ങും തണലുമായിരുന്നു കോപവും, പകയും വഞ്ചനയും ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കുമ്പോള്‍, സ്വാര്‍ത്ഥതയില്ലാത്ത സ്നേഹം, അതായിരുന്നു തുളസി.
ഒരു പക്ഷേ തനിക്ക് മുമ്പേ അവള്‍ പോകുമെന്ന് അവള്‍ക്കറിയാമായിരിക്കണം അതുകൊണ്ടാണല്ലോ തമാശയായിട്ടെങ്കിലും പലപ്പോഴായി അവള്‍ പറഞ്ഞത് ശേഖരേട്ടാ ഞാന്‍ പോയാലും എന്‍റെ ആത്മാവ് ഒരൂ കുളിര്‍ക്കാറ്റായി ശേഖരേട്ടനെ തേടിയെത്തുമെന്ന്...
‘അല്ല ശേഖരന്‍ മാഷേ
എന്താ ഇവിടെ ഇരിക്കുന്നത്
’
സ്നേഹിതനും സഹാദ്ധ്യാപകനുമായിരുന്ന ജോസഫ് സാര്‍.
‘മാഷ്‌ വന്നെന്നറിഞ്ഞു’
, ‘ഞാന്‍ അങ്ങോട്ടൊന്നു ഇറങ്ങാന്‍ ഇരിക്കുകയായിരുന്നു’
, കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളോരു കൂടിക്കാഴ്ച. വിശേഷങ്ങള്‍ ഒത്തിരി പറയുവാനുണ്ടായിരുന്നു
പെട്ടന്ന് എവിടെയോ കേട്ടുമറന്ന ഒരു സംഗീത ലഹരിയില്‍ അയാള്‍ ലയിച്ചിരുന്നു, പരിചയമുള്ള ശബ്ദം ആ ശബ്ദത്തിന്‍റെ ഉടമയെ തേടി അയാളുടെ കണ്ണുകള്‍ പരതവേ ജോസഫ്‌ സാര്‍ പറഞ്ഞു,
‘പുതിയതായി ചര്‍ജ്ജെടുത്ത സംഗീത അദ്ധ്യാപികയാ’.
. ‘ഇന്ദു ടീച്ചര്‍...’
‘ശേഖരന്‍ മാഷിന് ഓര്‍മയില്ലേ!!
’
‘നമ്മുടെ രാധിക ടീച്ചറെ’
‘അവരുടെ മകളാണ്‌ .’.
.
അയാളുടെ കണ്ണുകള്‍ ജനല്‍പ്പഴുതിലൂടെ കുട്ടികളെ സംഗീതം പഠിപ്പിക്കുന്ന ഇന്ദു ടീച്ചറിലുടക്കി. അതേ കണ്ണുകള്‍, അതേ മൂക്ക്‌. അതേ സ്വരം. വിധി അനുവദിച്ചിരുന്നങ്കില്‍ തന്‍റെ മകളാകേണ്ടിയിരുന്നവള്‍
‘ശേഖരന്‍മാഷിനറിയുമോ
’
‘ രാധികടീച്ചര്‍ മരിച്ചു’
‘അഞ്ചുവര്‍ഷം മുമ്പ്...
’
. ജോസഫ് സാര്‍ അത് പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളിലൂടെ രണ്ടു തുള്ളി കണ്ണുനീര്‍ ഇറ്റിറ്റ് വീണു പിന്നെ നിരത്തിലൂടെ ഇറങ്ങിനടന്ന് എങ്ങോട്ടെന്നില്ലാതെ...അപ്പോഴും തുളസിയുടെ ആത്മാവ് ഒരു സാന്ത്വനമായി അയാളെ പൊതിഞ്ഞിരുന്നു....
........................................................................................................................
സിബി നെടുംചിറ

മകള്‍, എന്‍റെ മകള്‍- ചെറുകഥ

Image may contain: 1 person

കര്‍ത്താവേ എന്നാ കുളിരാ കുറച്ചുനേരം കൂടി പുതച്ചുമൂടി കിടക്കാം അല്ലാതെ പിന്നെ എന്തുചെയ്യുവാനാ ,പ്രായം ഏറിവരുകയല്ലേ അതിന്‍റെ ഏനക്കേടാ ഈയിടെയായ്‌ ശ്വാസം മുട്ടല്‍ അല്പം കൂടുതലാണ് രാവിലെ ബെറ്റിമോള്‍ ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് കേട്ടപ്പോള്‍ ജോസുകുട്ടി ആയിരിക്കുമെന്നാണ് വിചാരിച്ചത്
‘’അമ്മച്ചിയോട് സംസാരിക്കുവാന്‍'
അവനെവിടെയാ സമയം ’’
‘.വല്യ കോളേജ് അദ്ധ്യാപകന്‍ അല്ലയോ’
‘കല്ല്യാണം കഴിഞ്ഞതോടെ അവന്‍ ആകെ മാറിപ്പോയിരിക്കുന്നു... ,
അമ്മച്ചിയെ പൂര്‍ണ്ണമായും മറന്ന മട്ടാണ്.
. രണ്ടാമത്തെ മകള്‍ മോളിക്കുട്ടിയാണെങ്കിലോ ആങ്ങളയുടെ അതേ പകര്‍പ്പും..
.
അമ്മച്ചിയോട് മിണ്ടാനും പറയാനും അവള്‍ക്കും നേരമില്ല കൊടുത്ത സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന പരാതിയാണ് അവള്‍ക്ക്..
.
അടുത്തയാഴ്ചയാണു അവരുടെ അപ്പച്ചന്‍ മരിച്ചതിന്‍റെ ഓര്‍മ്മദിനം അന്നെങ്കിലും കുടുബമായിട്ട് വരണമെന്നു പറഞ്ഞിട്ടു രണ്ട് കൂട്ടര്‍ക്കും സമയമില്ല.....
‘ജോസുകുട്ടിക്ക്‌ ജോലി തിരക്കാണത്രേ ! ‘
‘മോളിക്കുട്ടിക്കാണങ്കിലോ’
‘ഭര്‍ത്താവ് ബിസിനസ്സ് സംബന്ധമായ ടൂറിലും..’
വര്‍ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു തന്‍റെ കൊച്ചു മക്കളെയോന്ന്‍ കണ്ടിട്ട്
പാവം ഈ ജോലിതിരക്കിനിടയിലും അപ്പച്ചന്‍റെ ഓര്‍മ്മദിനം ഓര്‍ത്തിരിക്കുന്നത് ബെറ്റിമോള്‍ മാത്രമാണ്...
ഈ പെങ്കൊച്ച് ഇല്ലായിരുന്നുവെങ്കില്‍
ഏതെങ്കിലുമൊരു വൃദ്ധസദനത്തിന്‍റെ നാലുച്ചുവരുകള്‍ക്കുള്ളില്‍. എരിഞ്ഞടങ്ങുമായിരുന്നു തന്‍റെ ജീവിതം....
ജോസുകുട്ടിയുടെ അടുക്കല്‍ പോകണമെന്നും കുറച്ചുനാള്‍ കൊച്ചുമക്കളുടെ കൂടെ കഴിയണമെന്നും വല്ലാത്ത ആഗ്രഹമുണ്ട്,
‘ആകെയുള്ള ആണ്‍ തരിയല്ലേ’
‘മാത്രമല്ല അമ്മയെ നോക്കാന്‍ കടപ്പെട്ടവനും’
പക്ഷേ പട്ടണ പരിഷ്കാരിയായ അവന്‍റെ ഭാര്യക്ക്‌ ഞാന്‍ അവിടെ ചെല്ലുന്നതും, നില്‍ക്കുന്നതും ഒട്ടും ഇഷ്ടമില്ല, വൃത്തിയും വെടിപ്പും ഇല്ലാത്ത ഒരു നാട്ടിന്‍ പുറത്തുകാരിയാണത്രേ പെറ്റുവളര്‍ത്തിയ അമ്മ.
ഒരിക്കല്‍ അവന്‍ ബെറ്റിമോളോടു പറയുന്നതു കേട്ടപ്പോള്‍ ചങ്ക് തകര്‍ന്നുപോയി...
‘എടീ ബെറ്റീ’
‘എന്നതാ അച്ചായാ’
‘നിനക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ ഒരു കാര്യം പറയട്ടെ’
‘അമ്മച്ചിയെ നമ്മള്‍ക്ക് എതെങ്കിലുമൊരു വൃദ്ധസദനത്തില്‍ ആക്കാം’
‘ ഇടക്കിടക്കു മാറിമാറി പോയി അന്വേഷിച്ചാല്‍ മതിയല്ലോ.’
.’അല്ലാതെ ഈ ജോലിത്തിരക്കിനിടയില്‍ അമ്മച്ചിയുടെ.കാര്യങ്ങള്‍ നോക്കുവാന്‍ ആര്‍ക്കാണ് സമയം....’
‘നിനക്കും, വില്‍സനുമാണെങ്കില്‍ ഹോസ്പിറ്റലില്‍ പിടിപ്പത് ജോലിയുള്ളതല്ലേ’
തന്‍റെ അച്ചായന്‍ തന്നെയാണോ ഈ പറയുന്നത് വിശ്വാസം വരാതെ അവള്‍ മൂത്ത സഹോദരന്‍ ജോസ്സുകുട്ടിയുടെ കണ്ണുകളിലേക്ക്‌ ഏറെനേരം നോക്കിയിരുന്നു പിന്നെ പതുക്കെ മന്ത്രിച്ചു
‘ഇല്ല അച്ചായ,’
‘നമ്മുടെ അമ്മച്ചിയെ ഞാന്‍ എങ്ങോട്ടും അയക്കുന്നില്ല'
‘നിങ്ങള്‍ക്ക് വേണ്ടങ്കിലും അമ്മച്ചിയെ എനിക്ക്‌ വേണം’
‘ അമ്മച്ചിയെ ഞങ്ങള്‍ സംരക്ഷിക്കും’
ബെറ്റിമോളുടെ ഉറപ്പുള്ള ആ വാക്കുകള്‍ കേട്ടപ്പോള്‍ ചങ്കിനകത്ത്‌ ഒരു നനവ് പടര്‍ന്നു...
‘ഈ റബേക്കാമ്മയെകൊണ്ട് ഞാന്‍ തോറ്റ്’
‘ ഇതെന്നാ കിടപ്പാ’
‘എനിക്കിന്ന്‍ ഡ്യുട്ടിക്ക് പോകുവാനുള്ളതാണ്’
ബെറ്റിമോള്‍ തട്ടിവിളിച്ചപ്പോഴാണ്‌ ചിന്തയില്‍നിന്നും ഉണര്‍ന്നത് അപ്പോഴാണ്‌ ഇന്ന് തിങ്കളാഴ്ചയാണന്നുള്ള കാര്യം മനസ്സിലേക്ക് ഓടിയെത്തിയത് ഇന്നുമുതല്‍ അവള്‍ക്ക് ഡ്യുട്ടി തുടങ്ങുകയായി ഇനി വെള്ളിയാഴ്ചവരെ തിരക്കോടെ തിരക്ക്..
അല്ലെങ്കിലും അവള്‍ അങ്ങനെയാ സ്നേഹം കൂടുമ്പോള്‍ തന്നെ വിളിക്കുന്ന പേരാണ് റബേക്കാമ്മേന്ന്‍ ഒരുതരത്തില്‍ എഴുന്നേറ്റു ബാത്ത്റുമില്‍ പോയി പല്ല് തേച്ചശേഷം വായും മുഖവും കഴുകി നേരെ അടുക്കളയിലേക്ക് നടന്ന്..
.സാധാരണ അടുക്കളയിലേക്ക് ചെല്ലുമ്പോള്‍ വേലക്കാരിയുടെ കലപില ശബ്ദം കേള്‍ക്കാറുള്ളതാണ്...
ഇന്ന്‍ അടുക്കളയാകെ നിശബ്ദം....
‘ഇതെന്നാടി ബെറ്റി സ്റ്റെല്ല വന്നില്ലേ ഇന്ന്...'
‘ദേ ഈ ഈ റെബേക്കാമ്മയെക്കൊണ്ട് ഞാന്‍ പിന്നെയും തോറ്റ്’
‘എല്ലാ തിങ്കളാഴ്ചദിവസവും സാധാരണ പത്തുമണി കഴിഞ്ഞല്ലേ സ്റ്റെല്ല വരാറുള്ളത്’....?'
ശരിയാ ബെറ്റി പറഞ്ഞത് ഹൈറേഞ്ചില്‍ എങ്ങാണ്ടാണ് അവളുടെ വീട് എല്ലാ വെള്ളിയാഴ്ചയും അവള്‍ വീട്ടില്‍ പോകും പിന്നെ തിങ്കളാഴ്ച പത്തുമണിക്ക് ശേഷമേ തിരിച്ചെത്തുകയുള്ളു...
‘അല്ലെങ്കിലും വയസ്സ് എഴുപതായില്ലേ’'
‘മാത്രമല്ല ഈയിടെയായി മറവിരോഗം തുടങ്ങിയോ എന്നൊരു സംശയം...’
‘അമ്മച്ചി ഇനി അടുക്കളയില്‍ കയറി ഒന്നും ഉണ്ടാക്കാക്കി കഴിക്കണ്ട ട്ടോ’
‘ഷുഗറും കൊളസ്ട്രോളും കൂട്ടണ്ടാ...’
.മകളുടെ സ്നേഹത്തില്‍ പൊതിഞ്ഞ താക്കീത്
കഴിക്കുവാനുള്ള ബ്രേക്ക്ഫാസ്റ്റും മെഡിസിനും ഞാന്‍ ടേബിളില്‍ വെച്ചിട്ടുണ്ട്
കഴിക്കാന്‍ മറക്കണ്ട...
അല്ലെങ്കിലും പ്രഷറും, കൊളസ്ട്രോളും ഷുഗറും കൊടികുത്തി വാഴുന്ന തന്‍റെ ശരീരത്തിന്‍റെ ഭക്ഷണ നിയന്ത്രണം അവള്‍ ഏറ്റെടുത്തിട്ട് വര്‍ഷം അഞ്ചായിരിക്കുന്നു
വേണ്ട നിര്‍ദ്ദേശം സ്റ്റെല്ലക്കും കൊടുക്കും
അമ്മ ഒരു നൂറ് വര്‍ഷം ജീവിച്ചിരിക്കണമെന്നാണ് അവളുടെ ആഗ്രഹം.
..’ഈ ഡോക്ടറു കൊച്ചിന്‍റെ ഓരോ കാര്യങ്ങള്‍’
‘അല്ലാതെയെന്താ’
പാത്രത്തിന്‍റെ മൂടി തുറന്ന് പ്രഭാതഭക്ഷണവും. പതിവായി കഴിക്കാറുള്ള മെഡിസിനും കഴിച്ച് കഴിഞ്ഞപ്പോഴേക്കും ബെറ്റിയും വില്‍സണും ഹോസ്പിറ്റലില്‍ പോകുവാന്‍ റെഡിയായി കഴിഞ്ഞിരുന്നു
‘റബേക്കാമേ’
പോയിട്ട് വരാം ട്ടോ’
‘ഫോണ്‍ സ്വുച്ച് ഓഫ് ചെയ്ത് ബെഡ്ഡിനടിയില്‍’ വെക്കരുത്'
‘ഞാന്‍ ഇടക്ക് വിളിക്കും’
പതിവുപോലെ അമ്മച്ചിയുടെ കവിളില്‍ ഉമ്മ തന്നശേഷം അവള്‍ ഭര്‍ത്താവിനോടൊപ്പം യാത്രയായി അവരുടെ കാര്‍ കണ്ണില്‍ നിന്നും മറഞ്ഞുകഴിഞ്ഞപ്പോള്‍ വീണ്ടും കട്ടിലില്‍ തന്നെ ശരണം പ്രാപിച്ചു
സ്റ്റെല്ല വരുവാന്‍ ഇനിയും രണ്ട് മണിക്കൂര്‍ കൂടി ബാക്കിയുണ്ട്....
ഈയിടെയായി നടക്കുമ്പോള്‍ കാലിന് വല്ലാത്ത വേദനയാണ്, വാതത്തിന്‍റെ അസുഖം കൂടിവരികയാണന്നൊരു. തോന്നല്‍ ഇനി വൈകിമാത്രമേ ബെറ്റിമോളും അവളുടെ ഭര്‍ത്താവ്‌ ഡോ വില്‍സണും ഹോസ്പിറ്റലില്‍ നിന്നും വരികയുള്ളു
, കുട്ടികളുടെ ഡോക്ടറാണ് ബെറ്റിമോള്‍..
.
സ്വന്തമായി നടത്തുന്ന ഹോസ്പിറ്റലിലെ ഡോക്ടേഴ്സാണ് അവര്‍. രണ്ടുപേരും...
എന്നിരുന്നാലും അമ്മച്ചിയെ വല്യ കാര്യമാണ്
അവര്‍ ഹോസ്പിറ്റലില്‍ പോയികഴിഞ്ഞാല്‍ തന്‍റെ നിയന്ത്രണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നത് സ്റ്റെല്ലയാണ് ജിലേബിയും, ലഡുവും. തനിക്ക് വളരെ ഇഷ്ടമാണെന്ന് അവള്‍ക്കറിയാം ചിലപ്പോള്‍ പത്രക്കാരന്‍ പയ്യനെ വിട്ട് ബെറ്റിമോളറിയാതെ വാങ്ങി തരും, ഷുഗര്‍ കൂടിയാല്‍ ബെറ്റിമോളുടെ വായില്‍നിന്നും പുളിച്ച ചീത്ത കേള്‍ക്കുന്നത് പാവം സ്റ്റെല്ലയായിരിക്കും...
അത് ഭയന്ന് ചിലപ്പോള്‍ തന്‍റെ ഭക്ഷണകാര്യത്തില്‍ അവള്‍ അമിത നിയന്ത്രണം വെയ്ക്കും.
അതെനിക്ക് ഒട്ടും പിടിക്കത്തില്ല
അതിന്‍റെ പേരില്‍ ഞങ്ങള്‍ ഒന്നും രണ്ടും പറഞ്ഞ് ഉടക്കും
എന്നിരുന്നാലും സ്നേഹമുള്ളവളാണ്‌ സ്റ്റെല്ല,...
.
ജോലിത്തിരക്കിനിടയിലും ബെറ്റിമോള്‍ സ്റ്റെല്ലയെ വിളിച്ചു അമ്മച്ചിയുടെ കാര്യങ്ങള്‍ അന്വേഷിക്കും. അമ്മച്ചി ഭക്ഷണം കഴിച്ചോ, മരുന്നു കഴിച്ചോ അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍......
റബേക്കായുടെ ചിന്തകള്‍ പിന്നെയും പഴയകാലത്തിലേക്കു ഊളിയിട്ടു.
തന്‍റെ ജോസുകുട്ടിക്ക് അന്ന് വയസ്സ് അഞ്ചും, മോളിക്കുട്ടിക്ക് വയസ്സ് മുന്നും ആയിരുന്ന്‍ തന്‍റെ ഭര്‍ത്താവ് ചെറിയാച്ചന്‍ അന്ന് ചെറിയൊരു പലചരക്കുകട നടത്തിക്കോണ്ടിരിക്കുന്ന സമയം, അതില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു
, സ്വന്തമായൊരു വീടില്ല, പ്രായമായ അപ്പനും അമ്മയും, അവരുടെ ചികിത്സകള്‍... മാത്രമല്ല പെങ്ങന്‍മാരെ കെട്ടിച്ചു വിട്ടതിലുള്ള കടബാദ്ധ്യതകള്‍ വേറെയും,
അങ്ങനെയിരിക്കെയാണ് ഞാന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്നു മനസ്സിലായത് , മറ്റൊരു കുഞ്ഞിനേയും കൂടി പോറ്റി വളര്‍ത്തുവാന്‍ പറ്റിയ അവസ്ഥയിലല്ലായിരുന്നു ഞങ്ങള്‍., അത് മനസ്സിലാക്കിയ ചെറിയാച്ചന്‍ തന്‍റെ ചെവിയില്‍ മന്ത്രിച്ചു
‘എടീ ഞാനോരു കാര്യം പറഞ്ഞാല്‍ നീ പിണങ്ങരുത്’
‘എന്നതാ അച്ചായാ’
‘ ഈ കൊച്ചിനെ അങ്ങ് കളഞ്ഞേക്കാം’
‘അച്ചായന്‍ എന്നതാ ഈ പറയുന്നത്’
‘നമ്മുടെ കൊച്ചിനെ കളയാനോ...?’
അല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മളെക്കൊണ്ട് ഇത് താങ്ങാന്‍ പറ്റുമോയെന്നു തോന്നുന്നില്ല...
തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭചിദ്രം ചെയ്തുകളയുക, ആദ്യം വിഷമം തോന്നി പിന്നീട് ചിന്തിച്ചപ്പോള്‍ ഭര്‍ത്താവു പറഞ്ഞതാണ് ശരിയെന്നുതോന്നി, ഉള്ള രണ്ട് മക്കളെ നന്നായി വളര്‍ത്തണം അവരുടെ വിദ്യാഭ്യാസം, കടബാദ്ധ്യതകള്‍ അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങള്‍...
.
.അല്പം വിഷമത്തോടെയാണെങ്കിലും സ്വന്തം വയറ്റില്‍ കുരുത്ത മൂന്നാമത്തെ കുഞ്ഞിനെ അബോര്‍ട്ടു ചെയ്തുകളയുവാന്‍ തന്നെ തീരുമാനിച്ചു അതിന്‍റെ ആദ്യപടിയെന്നോണമായിരുന്നു അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ റസിയാ ബീഗത്തെ കാണുവാന്‍ പോയത് എന്നാല്‍ പതിവിന് വിപരീതമായി അവര്‍ അന്ന് അവധിയില്‍ ആയിരുന്നു പകരം വന്നത് മറ്റൊരു ഡോക്ടര്‍ ആയിരുന്നു...
‘ഡോ നിര്‍മ്മലാദേവി’
മടിച്ച് മടിച്ച് അവരുടെ മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത് ചെറിയാച്ചനായിരുന്ന്...
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍,ചികിത്സകള്‍ ഒത്തിരി നടത്തിയിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യം ലഭിക്കാത്ത ഡോക്ടര്‍ ഞങ്ങള്‍ രണ്ടുപേരുടെയും കണ്ണുകളിലേക്കു കുറേനേരം നോക്കിയിരുന്നു......
പിന്നെ അവിടെ നടന്നത് നീണ്ട ഒരു കൌണ്‍സിലിംങ്ങ് തന്നെയായിരുന്നു
ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണമായി രൂപം കൊള്ളുന്ന നിമിഷം മുതല്‍ അതിനുണ്ടാകുന്ന ചലനങ്ങളും, ജീവന്‍റെ തുടിപ്പുകളും, ചിത്രത്തിലൂടെ ഞങ്ങള്‍ക്ക് വിവരിച്ച് തന്നു...
അതോടൊപ്പം ഗര്‍ഭചിത്രത്തിനുശേഷം ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളും...
ഓരോ കുഞ്ഞിന്‍റെ ജന്മത്തിനും ഓരോ നിയോഗങ്ങളുണ്ട്‌ അവരുടെ വാക്കുകള്‍ വീണ്ടും വീണ്ടും ഞങ്ങളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു അവസാനം ഞാനും ചെറിയാച്ചനും തീരുമാനം മാറ്റി, മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാന്‍ തന്നെ തീരുമാനിച്ചു.....
.അപ്പോള്‍ ഡോക്ടറുടെ കണ്ണുകളില്‍ കണ്ടത് ഒരാത്മനിവൃതിയുടെ തിളക്കമായിരുന്നു
പിന്നീട് തന്‍റെ ചികിത്സയുടെ മുഴുവന്‍ ഉത്തരവാദിത്ത്വവും ഏറ്റെടുത്തത് ഡോ നിര്‍മ്മലാദേവിയായിരുന്നു...
അവര്‍തന്നെയായിരുന്നു ഞങ്ങളുടെ കുഞ്ഞിനെ പേരുചൊല്ലി വിളിച്ചത് ‘’
‘ബെറ്റി ചെറിയാന്‍’
. മകള്‍ ജനിച്ചതോടുകു‌ടി ചെറിയാച്ചന്‍റെ ബിസിനസ്സ് മെച്ചപ്പെട്ടു. നാട്ടിലും വീട്ടിലും പ്രിയപ്പെട്ടവളായി അവള്‍ വളര്‍ന്നുവന്നു, പഠിക്കാന്‍ മിടുക്കിയായ അവള്‍ക്ക് മെഡിക്കല്‍കോളേജില്‍ അഡ്മിഷനും കിട്ടി ബെറ്റിമോള്‍ അവസാനവര്‍ഷം മെഡിസിനു പഠിക്കുമ്പോഴായിരുന്നു ചെറിയാച്ചന് പെട്ടന്ന്‍ ഒരു നെഞ്ചുവേദന അനുഭവപ്പെട്ടത്...
ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...
അന്ന്‍ തന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മച്ചിക്ക് തുണയായി എന്നും ഞാനുണ്ടാവുമെന്നു പറഞ്ഞ് ആശ്വസിപ്പിച്ച അതേ മകള്‍...
അമ്മച്ചി ഒരു നൂറ് വര്‍ഷം ജീവിച്ചിരിക്കണമെന്ന് പറഞ്ഞുകൊണ്ട് ഈ വാര്‍ദ്ധക്യത്തിലും തന്നെ ചേര്‍ത്തുപിടിച്ചിരിക്കുന്നു....
കുറ്റബോധം കൊണ്ട് റബേക്കായുടെ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി...
പിന്നെ ചുവരില്‍ തുടങ്ങിയാടുന്ന ഭര്‍ത്താവിന്‍റെ ചിത്രത്തിലേക്ക് നോക്കി മന്ത്രിച്ചു
ഈ ജീവിതത്തില്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ട് പോകുമെന്നും ശേഷിച്ച ജീവിതം ശരണാലയത്തിന്‍റെ നാലു ചുവരൂകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങുമെന്നും ഈശ്വരന്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കണം....
‘അല്ലേ അച്ചായാ’
‘അതുകൊണ്ടല്ലേ ഈശ്വരന്‍ ഡോ നിര്‍മ്മലാദേവിയുടെ രൂപത്തില്‍ അവതരിച്ചതും,’
‘ഈ പോന്നുമോള്‍ ഭൂമിയില്‍ ജനിക്കുവാന്‍ കാരണമായതും’
.ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ടന്ന്‍ പറഞ്ഞത് എത്ര ശരിയാണ്
‘അല്ലേ അച്ചായാ....’
‘ബെറ്റിമോള്‍ നമ്മുടെ മകളാണ് അച്ചായാ’
ആതുരാലയങ്ങളുടെ ചവറ്റുകുട്ടകളില്‍ വന്നുവീഴുന്ന അനേകം നിര്‍ഭാഗ്യ ജീവനുകളില്‍ നിന്നും
‘ ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട നമ്മുടെ പോന്നുമോള്‍....’
.........................................................................................................................................
സിബി നേടുംചിറ

... അറബിപ്പൊന്ന്

... അറബിപ്പൊന്ന്
..............................
‘ചേച്ചീ. ഇവിടുത്തെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം’
‘ജീവിതത്തിലെ ഒരു വലിയ അദ്ധ്യായം കഴിഞ്ഞെന്ന്‍ കരുതിയാല്‍ മതി.
‘ഇനി വൈകിക്കണ്ട’
‘ഫ്ലൈറ്റിന് സമയമായി’
‘പുറപ്പെട്ടോളൂ,’
അവള്‍ ഒരിക്കല്‍ക്കൂടി ആ പ്രവാസി സുഹൃത്തുക്കളെ നോക്കി കൈകള്‍ കൂപ്പി....
.
ഇരുന്നൂറു യാത്രക്കാരെയും കൊണ്ടുള്ള ആ ഫ്ലൈറ്റ് പറന്നുയര്‍ന്നു.....
ഫ്ലൈറ്റിന്‍റെ വേഗതത്തിനൊപ്പം അവളുടെ ചിന്തകളും കുതിച്ചുകൊണ്ടിരുന്നു
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താന്‍ വിടിനടുത്തുള്ള ഒരു ടെക്റ്റയില്‍സില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു അതില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പ്രയാസപ്പെട്ടിരുന്നുവെങ്കിലും കടബാദ്ധ്യതകള്‍ ഉണ്ടായിരുന്നില്ല ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന നാളുകള്‍
അങ്ങനെയിരിക്കെ ഒരിക്കല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ്സ്‌ കാത്ത് നില്‍ക്കുകയായിരുന്നു അപ്പോഴായിരുന്നു തന്‍റെ സമീപത്തായ് വിലകൂടിയ ഒരു കാര്‍ വന്ന് നിന്നത്. അതില്‍ നിന്നിറങ്ങിയ ആളെ കണ്ടപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല .
തന്നോടൊപ്പം ജോലി ചെയ്തിരുന്ന സെലിന്‍...!
കാണുന്നത് സ്വപ്നമല്ലന്ന് ഉറപ്പുവരുത്തുവാന്‍ മിഴികള്‍ ചിമ്മി തുറന്നു
‘എന്താടി തുറിച്ചു നോക്കുന്നത്’
‘ഞാന്‍ ആ പഴയ സെലിന്‍ തന്നെയാ,’
ഹാവൂ ആശ്വാസമായി താന്‍ സ്വപ്നം കണ്ടതല്ല.
രണ്ട് വര്‍ഷം മുമ്പ് ഹൌസ് മെയ്‌ഡിന്‍റെ ജോലിക്കായി ഗള്‍ഫിലേക്ക് പറന്ന അതേ സെലിന്‍ തന്നെ
ഒന്നിച്ച് ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഇല്ലായ്മയുടെ ആവലാതികള്‍ മാത്രം പറഞ്ഞിരുന്നു ആ കറുത്ത് മെല്ലിച്ച പെണ്‍കുട്ടി...
ഒത്തിരി മാറിയിരിക്കുന്നു,
ശരിക്കുമൊന്ന് തുടുത്തിരിക്കുന്നു കൈകളിലും കഴുത്തിലും നിറയേ സ്വര്‍ണ്ണാഭരണങ്ങള്‍ ഒപ്പം വിലകൂടിയ സുഗന്ധദ്രവ്യത്തിന്‍റെ പരിമളവും.....
കുശലാന്വേഷണത്തോടൊപ്പമുള്ള അവളുടെ സംഭാഷണങ്ങളില്‍ നിറഞ്ഞുനിന്നത് അറബിനാടിന്‍റെ വര്‍ണ്ണനകളും ഷേയ്ക്ക്മാരുടെ വിശാലമനസ്കതയുമായിരുന്നു...ആകര്‍ഷമായ ശമ്പളത്തോടൊപ്പം ഗള്‍ഫില്‍ വീട്ടുജോലിക്ക് നല്ല ഡിമാന്‍റെ ആണെന്നും മാസങ്ങള്‍ക്കൊണ്ട് ലക്ഷങ്ങള്‍ കൈയിലെത്തുമെന്നും പറഞ്ഞപ്പോള്‍ മനസ്സിലെ സ്വപ്നക്കൂട്ടില്‍ തന്‍റെ കൊച്ച് വീടിന്‍റെ സ്ഥാനത്ത് വലിയൊരു കൊട്ടാരം ഉയര്‍ന്നു പൊങ്ങി. അതിലെ റാണിയും സുല്‍ത്താനും രാജകുമാരന്‍മാരുമൊക്കെയായി താനും കുടുംബാഗങ്ങളും മാറി..
..പിന്നീട് പലയിടത്തും വെച്ച് തങ്ങള്‍ പരസ്പരം കണ്ടുമുട്ടി
അവളുടെ നിരന്തരമായ ബ്രെയിന്‍ വാഷിങ്ങില്‍ സ്വന്തം നാട്ടിലെ വിയര്‍പ്പ് നാറ്റവും ടെക്റ്റയില്‍സിലെ ജോലിയും അരോചകമായി
തോന്നി.
എങ്ങനെയെങ്കിലും ഗള്‍ഫില്‍ പോകണം...
സെലിനെപ്പോലെ തനിക്കും കാശുകാരിയാകണം
പിന്നീടുള്ള ചിന്ത അതുമാത്രമായി...
മനസ്സിലെ ആഗ്രഹം കുടുംബാഗങ്ങളുമായി പങ്കുവെച്ചു. രാജേട്ടന് ആദ്യം അതത്ര സ്വീകാര്യമായി തോന്നിയില്ല,....
‘എടാ രാജാ’
‘നിന്‍റെ കെട്ട്യോള്‍ക്ക് ഏന്തിന്‍റെ കേടാ’
‘മുറ്റത്ത് ഒരു പണിയുള്ളതല്ലേ’
‘കഞ്ഞി കുടിക്കാനുള്ള വക അതില്‍നിന്നും കിട്ടുന്നുണ്ട്’
‘പിന്നെ അവള്‍ ഏന്തിനാ അന്യ നാട്ടില്‍ പോയി കഷ്ടപ്പെടുന്നത്’
‘ചുമ്മാതെയല്ല പഴമക്കാര്‍ പറയുന്നത് മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന്....
‘ഉള്ളത് കൊണ്ട് മക്കളോടോപ്പം ഇവിടെ കഴിഞ്ഞാല്‍ പോരേ’
‘അദ്ദേഹത്തിന്‍റെ അമ്മയുടെ അഭിപ്രായം’
എന്നാല്‍ വളര്‍ന്നു വരുന്ന കുട്ടികള്‍, അവരുടെ വിദ്യാഭ്യാസം എങ്ങുമെത്താതെ കിടക്കുന്ന വീടുപണി. അങ്ങനെ സാമ്പത്തിക ബാദ്ധ്യതയുടെ നീണ്ട പട്ടികയ്ക്ക് മുന്നില്‍. ഒടുവിലവര്‍ സമ്മതം മൂളി....
.
പിന്നീട് സെലിന്‍ പരിചയപ്പെടുത്തിയ ഏജന്‍റിന്‍റെ നേതൃത്വത്തില്‍ ഗള്‍ഫ്‌ യാത്രക്കുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി. അതിനായി പലരോടും പണം കടം മേടിച്ച്. അകെയുണ്ടായിരുന്ന താലിനൂലും വിറ്റു. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ചു പിടിക്കാനാവുമെന്ന് സെലിന്‍ ഉറപ്പ് നല്‍കി...
വരാനിരിക്കുന്ന നാളെയെ കിനാവ് കണ്ടുകൊണ്ട് ഗള്‍ഫിലേക്ക്‌ യാത്ര തിരിച്ചു. ഫ്ലൈറ്റിറങ്ങിയപ്പോള്‍ തന്നെ കാത്ത് ഏജന്‍റിന്‍റെ ആള്‍ക്കാരുണ്ടായിരുന്നു. അവരോടൊപ്പം താന്‍ ജോലി ചെയ്യേണ്ട അറബി മുതലാളിയുടെ വീട്ടിലേക്ക് യാത്രയായി
' ദേ ഇതാണ്. നിങ്ങള്‍ ജോലി ചെയ്യേണ്ട അറബിയുടെ വീട്'
അവര്‍ ചൂണ്ടിക്കാണിച്ച വീട്ടിലെക്ക് നോക്കിയ അവളുടെ കണ്ണുകള്‍ അത്ഭുതത്താല്‍ വിടര്‍ന്നു
' ഈശ്വരാ ഇതെന്താ ഇവിടുത്തെ സുല്‍ത്താന്‍റെ കൊട്ടാരമോ
'
' ഇനി തന്നോടൊപ്പം വന്നവര്‍ക്ക് തെറ്റ് പറ്റിയതാകുമോ'
' ആകാന്‍ വഴിയില്ല'
' തന്‍റെ ഓരോരോ തോന്നലുകള്‍'
' അല്ലാതെന്താ'
അവള്‍ സ്വയം മനസ്സില്‍ മന്ത്രിച്ചു
തന്‍റെ സ്വപ്നങ്ങള്‍ക്ക് ചാരുതയേകുവാന്‍ പോകുന്ന ആ വലിയ കൊട്ടാരത്തിലേക്ക് അവള്‍ വലതുകാല്‍ വെച്ച് കയറി...
ഓരോ മുറികളില്‍ നിന്നും തന്നെ എത്തിനോക്കുന്ന സ്ത്രീകള്‍
അതില്‍ ഒരാള്‍ അതൃപ്തിയോടെ ചൂണ്ടിക്കാട്ടിയ മുറിയിലേക്ക് താന്‍ നടന്നു...
'ആ വലിയ വീട്ടില്‍ ഇത്രയും ഇടുങ്ങിയ മുറിയോ'
വിശ്വസിക്കാനായില്ല
തന്‍റെ കൈവശമുണ്ടായിരുന്ന ബാഗ് ചൂണ്ടി അറബിഭാഷയില്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവര്‍ സ്വന്തം മുറിയിലേക്ക് മടങ്ങി....
തനിക്ക് ലഭിച്ച ഇടുങ്ങിയ മുറിപോലെ തന്നെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അവിടുത്തെ ജീവിതവും...
ജോലിയില്‍ പ്രവേശിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തനിക്കത് ബോദ്ധ്യമായി...
അറബിയില്‍ അശ്ലീലച്ചുവയുള്ള വാക്കുകള്‍ക്കൊപ്പം തുടര്‍ച്ചയായി അയാളുടെ ഇംഗിതത്തിന് തന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു
‘ദേ ഒരു കാര്യം പറഞ്ഞില്ലന്നുവേണ്ട’
അറബിയുടെ ഇഷ്ടത്തിനു നിന്നാല്‍ വിചാരിച്ചതിലും കൂടുതല്‍ സമ്പത്ത് കൈയില്‍ വന്നുചേരും’
പോരാന്‍ നേരം സെലിന്‍ ഉപദേശ രൂപേണ തന്‍റെ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ ഓര്‍മ്മവന്നു...
.
ആ ഇഷ്ടത്തിന്‍റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്...
അതിന് വഴങ്ങാതെ വന്നപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നത് ശാരീരിക പീഡനങ്ങളുടെ പരമ്പരയായിരുന്നു,
നിരന്തരമായി തന്നെ പീഡിപ്പിക്കുവാന്‍ യജമാനന്‍ തന്‍റെ ഭാര്യമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തുകൊണ്ടിരുന്നു. ഞാന്‍ ചെയ്യുന്ന ജോലികളില്‍ കുറ്റങ്ങള്‍ കണ്ടുപിടിച്ചുകൊണ്ട് കൈയില്‍ കിട്ടിയ വീട്ടുപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി
,
ഒരിക്കല്‍ തിളച്ച എണ്ണയില്‍ കൈവിരലുകള്‍ മുക്കിപ്പിടിച്ച്....
അസഹ്യമായ വേദനകൊണ്ട് പിടഞ്ഞ തന്നെ അയാള്‍ സ്വന്തം അരയില്‍ കെട്ടിയ ബെല്‍റ്റൂരി അടിച്ച് ഒപ്പം അറബിഭാഷയില്‍ പുളിച്ച തെറിയും..
.
.ശരീരമാസകലം പൊള്ളലിന്‍റെയും, അടിയുടെയും കരിവാളിച്ച പാടുകള്‍, നാട്ടിലുള്ള ബന്ധുക്കളുമായോ പുറം ലോകമായോ ബന്ധപ്പെടുവാന്‍ യാതൊരു പഴുതുകളുമില്ലായിരുന്നു. മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നു ഫലം..
.രാവും പകലും കഠിനാദ്ധ്വാനം
ജോലിക്കുള്ള ശമ്പളവും ലഭിച്ചിരുന്നില്ല
മരണത്തെ നേരില്‍ കണ്ട നിമിഷങ്ങള്‍
അങ്ങനെയിരിക്കെയാണ് അറബിയുടെ പുതിയ ഡ്രൈവര്‍ ആയി അയാളെത്തിയത്
അയാളുടെ ഭാഷ ഏതെന്നോ ഏത് രാജ്യക്കാരനാണന്നോ അറിയില്ല പരസ്പരം സംസാരിച്ചിരുന്നില്ല എങ്കിലും ആ വീടിന്‍റെ ഉള്ളറകളില്‍ മരണത്തോട് നടന്നടുത്തുകൊണ്ടിരുന്ന ഒരാത്മാവിന്‍റെ രോദനം അയാള്‍ മനസ്സുകൊണ്ട് തൊട്ടറിഞ്ഞിരിക്കണം.....
എട്ട് മാസങ്ങള്‍ക്ക് ശേഷം എവിടുന്നോ വന്ന ഒരജ്ഞാത ഫോണ്‍ കോള്‍,,,,
അതിനെ തുടര്‍ന്നായിരുന്നു പ്രവാസി മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഏതാനും പേര്‍ താന്‍ ജോലി ചെയ്തിരുന്ന അറബിയുടെ ഭവനത്തിലെത്തിയത്
അവിടെയെത്തിയ അവര്‍ തരിച്ചിരുന്നു ഭയാനകവും വേദനാജനകവുമായ കാഴ്ച. പട്ടിണിക്കോലമായ ഒരു മലയാളി സ്ത്രീ രണ്ടു ദിവസമായി അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിട്ട് ശരീരം മുഴുവന്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്‍റെ ഫലമായി നീരു വെച്ചു വീര്‍ത്തിരിക്കുന്നു സംസാരിക്കുവാന്‍ വരെ ശേഷിയില്ലാതെ മുറിയുടെ ഒരു കോണില്‍ അവര്‍ ചുരുണ്ടുകൂടി കിടക്കുന്നു...
പിന്നെ അവിടെ നടന്നത് എന്താണന്ന് തനിക്ക് ഓര്‍മ്മയില്ല കണ്ണുതുറക്കുമ്പോള്‍ താന്‍ ഹോസ്പിറ്റലിലായിരുന്നു...
.ആരൊക്കെയോ തനിക്ക് ചുറ്റും കൂടിനിന്നുകൊണ്ട് മൊഴികള്‍, ശേഖരിക്കുന്നു
‘മാഡം ഡു യു നീഡ്‌ എനി ഹെല്‍പ്പ്’
എയര്‍ ഹോസ്റ്റസ് തോളില്‍ തട്ടിയപ്പോഴാണ് അവള്‍ ഞെട്ടി പിടഞ്ഞെഴുന്നേറ്റത് കണ്ണ് തുറന്ന് ചുറ്റും നോക്കി ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തിട്ട് കുറച്ചുനേരമായിരിക്കുന്നു, താനും ഏതാനും ഫ്ലൈറ്റ് ജീവനക്കാരും മാത്രം...
അവള്‍ക്ക് വിശ്വസിക്കാനായില്ല ബന്ധനത്തിന്‍റെ മുള്ളുവേലി ഭേദിച്ചുകൊണ്ട് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു...ഇതിനകം താന്‍ അനുഭവിച്ച ക്രൂരതയുടെ കഥകള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു...
മോഹന വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വീട്ട് ജോലിക്കായി കയറ്റി അയക്കുന്ന വ്യാജ സംഘത്തിലെ ഒരു പ്രധാന കണ്ണി..
അതായിരുന്നു സെലിന്‍
അതില്‍നിന്നും കിട്ടിയിരുന്ന വിഹിതമായിരുന്നു അവളുടെ ആര്‍ഭാടത്തിന്‍റെ സ്രോതസ്.......
ഫോര്‍മാലിറ്റീസ് കഴിഞ്ഞ് എയര്‍ പോര്‍ട്ടിനു വെളിയിലിറങ്ങിയപ്പോള്‍ കാണുന്നത് തന്‍റെ പ്രിയപ്പെട്ടവരോടൊപ്പം ഒരു ഗ്രാമം മുഴുവനും തന്നെ സ്വീകരിക്കുവാന്‍ കാത്തുനില്‍ക്കുന്നതായിരുന്നു... ഒരിക്കലും കാണില്ലന്നോര്‍ത്ത സ്വന്തം നാട്.... .അവളില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു,
അവള്‍ മാനത്തേക്ക് നോക്കി
താന്‍ അനുഭവിച്ച കഷ്ടതകളില്‍ മനം നൊന്തവണ്ണം അങ്ങകലെ എരിഞ്ഞടങ്ങുവാന്‍ വെമ്പുന്ന അസ്തമയ സൂര്യന്‍...
ഒപ്പം അങ്ങ് ദൂരെ വാനില്‍ ഒരു നൂലഴിഞ്ഞ പട്ടം പാറിപറന്നകലുന്നു സ്വാതന്ത്ര്യത്തിന്‍റെ പ്രതീകം പോലെ.... അവളത്‌ ഇമ വെട്ടാതെ നോക്കിനിന്നു..
പിന്നെ മരണത്തിന്‍റെ ആ താഴ് വരയില്‍ നിന്നും തന്നെ രക്ഷിച്ച ആ അദൃശശക്തിക്ക് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് അവരോടപ്പം അവള്‍ യാത്രയായി വിയര്‍പ്പിന്‍റെ മണമുള്ള സ്വന്തം മണ്ണിലേക്ക്‌.....
സിബി നെടുംചിറ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo