Showing posts with label SundaresanP. Show all posts
Showing posts with label SundaresanP. Show all posts

വിശപ്പിന്‍റെ വിളി ...(കഥ)


Image may contain: 1 person, closeup

“ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി... എന്തെങ്കിലും തരണേ...”
വൃദ്ധനായ ഭിക്ഷക്കാരന്‍, തൊഴുകൈകളുമായി, കടയുടെ മുന്‍പില്‍ നിന്നു..
വൃത്തിയില്ലാതെ പാറിപ്പറക്കുന്ന തലമുടി. ക്ഷീണിച്ച കണ്ണുകള്‍. കറുത്തു കരിവാളിച്ച്, ദൈന്യത മുറ്റി നില്‍ക്കുന്ന മുഖം. ഒട്ടിയ കവിളുകള്‍. ഉണങ്ങിയ ശരീരത്തില്‍ ഉന്തിനില്‍ക്കുന്ന എല്ലുകള്‍. ദിവസങ്ങളോളമായി ആഹാരം കഴിച്ച്ചിട്ടെന്നു തോന്നിക്കുന്നരീതിയില്‍ ഒട്ടിയ വയര്‍..
ഒറ്റ നോട്ടത്തില്‍ ഒരു മാനസ്സിക രോഗിയാണെന്ന് തോന്നും.
അയാളുടെ കൈയില്‍, ദിവസങ്ങള്‍ക്കു മുന്‍പ്, തെരുവ് പട്ടിയുടെ കടിയേറ്റ ഭാഗം പഴുപ്പ് ബാധിച്ചു തുടങ്ങിയിരുന്നു. അവിടം മുഷിഞ്ഞ തുണികൊണ്ട് മുറുക്കി കെട്ടിയിരുന്നത്, നീര് വന്നു വീര്‍ത്തിരുന്നു. മുറുവിനു വല്ലാത്ത ഗന്ധ്മുണ്ടായിരുന്നു
അഴുക്കു നിറഞ്ഞ്‌, വൃത്തിഹീനമായ, കീറിപ്പറിഞ്ഞ കൈലിയാണ് വേഷം.
അയാളെ കണ്ട്ക്യാഷ് കൌണ്ടറിലിരുന്ന കടയുടമ പുലമ്പി.
“നാറ്റം കാരണം ഇതിനകത്ത് ഇരിക്കാന്‍ പറ്റുന്നില്ല.
അയാളെ വിരട്ടി വിടാന്‍ നോക്ക്... “
കടയിലെ ജോലിക്കാരനോട് കടയുടമ ആംഗ്യം കാട്ടി.
ജോലിക്കാരന്‍ അടുത്തുകിടന്ന കനം കുറഞ്ഞ ഒരു വടിയുമെടുത്ത് കടയുടെ മുന്നിലേക്ക്‌ ഓടിയിറങ്ങി വന്നു.
“കടയുടെ മുന്നീന്നു പോ.. കിഴവാ...”
അയാള്‍ ഉച്ചത്തില്‍ അലറിക്കൊണ്ട്‌ ഭിക്ഷക്കാരന്റെ പിടലിക്ക് ഒറ്റയടിയിട്ടുകൊടുത്തു. അടുത്ത് വീണ്ടും ഓങ്ങിയതും, വൃദ്ധന്‍ അടി കിട്ടിയ ഭാഗം തടവിക്കൊണ്ട് നിരാശനായി കടയുടെ മുന്നില്‍ നിന്നും നടന്നു നീങ്ങി.
വിശപ്പു മാറ്റാന്‍ ഒന്നും കിട്ടാതെ തളര്‍ന്ന് അവശനായ അയാള്‍ റോഡു വക്കില്‍ കിടന്നിരുന്ന ഒരു മരത്തടിയുടെ മുകളില്‍ ഇരുന്നു. വിശപ്പിന്‍റെ കാഠിന്യം കൊണ്ട് അയാളുടെ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു.. അയാള്‍ ശ്വാസം വലിക്കുവാന്‍ തന്നെ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
യാചകന്‍ ഒരു ഹോട്ടലിന്‍റെ പുറകു വശത്തേക്ക് കണ്ണുകള്‍ പായിച്ചു. അവിടെ കിടന്നിരുന്ന ആഹാര അവശിഷ്ടങ്ങള്‍ പഞ്ചായത്തിന്‍റെ വണ്ടിയില്‍ കയറ്റുന്നുണ്ടായിരുന്നു.
‘കഷ്ടം.... ആദ്യമേ അവിടെ പോയാല്‍ മതിയായിരുന്നു. എച്ചിലിലകളിലുള്ള ആഹാരമെങ്കിലും കഴിക്കാമായിരുന്നു. ഇനിയിപ്പോള്‍ അതിനും കഴിയില്ല.’ അയാളുടെ മനസ്സ് മന്ത്രിച്ചു.
ഒരു നിമിഷം....
തൊട്ടടുത്തുള്ള വിവാഹ ഓഡിറ്റോറിയത്തില്‍ സദ്യ നടക്കുന്നത് ശ്രദ്ധയില്‍ പെട്ട അയാളുടെ കണ്ണുകള്‍ തിളങ്ങി.
പിന്നെ അയാള്‍ സമയം പാഴാക്കിയില്ല.
വേച്ചു വേച്ചു നേരെ വിവാഹ സദ്യാലയത്തിലേക്ക് പാഞ്ഞു.
ആഹാരം കഴിക്കാനുള്ള വ്യഗ്രത അയാളുടെ മുഖത്ത് ദൃശ്യമായിരുന്നു.
പെട്ടെന്നാണ് ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ഭിക്ഷക്കാരനെ കണ്ടത്. അയാള്‍ ഭിക്ഷക്കാരനു നേരെ പാഞ്ഞടുത്തു.
“എടോ.... താന്‍ എങ്ങോട്ടാണ് പോകുന്നത്...?”
സെക്യുരിറ്റി അയാളുടെ കൈകളില്‍ ബലമായി പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ട് പോകുവാന്‍ ശ്രമിച്ചു. ഭിക്ഷക്കാരന്‍ അയാളുടെ പിടിയില്‍ നിന്നും ഓഡിറ്റോറിയത്തിനകത്തേക്ക് കുതറിയോടി. സെക്യുരിറ്റി അയാളുടെ പുറകെയോടി. ആക്രോശിച്ച്ചുകൊണ്ട് അയാളുടെ കഴുത്തില്‍ കുത്തി പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നു. അയാളെ റോഡു സൈഡിലേക്ക് ശക്തിയായി തള്ളി.
.ഇതുകണ്ടുകൊണ്ട് അല്‍പ്പമകലെ സ്കൂള്‍ ബസ് കാത്തു നിന്നിരുന്ന രണ്ട് ആണ്‍ കുട്ടികള്‍ ഓടി വന്ന് അയാളെ പിടിച്ച് എഴുന്നേല്പ്പിച്ചു. ശക്തമായ വീഴ്ചയില്‍ അയാളുടെ കാല്‍മുട്ടും ചുണ്ടും മുറിഞ്ഞ്‌ രക്തം പൊടിയുന്നുണ്ടായിരുന്നു.
കുട്ടികളിലോരാള്‍ സെക്യൂരിറ്റിയോടായി പറഞ്ഞു.
”എല്ലും തോലുമായ ഈ പാവം മനുഷ്യനെ നിങ്ങളെന്താ ചെയ്തത്...
കഷ്ടം തന്നെ...”
“നീയാരാ ചോദിക്കാന്‍...? തോന്ന്യാസം കാണിക്കുന്നവരെ പൂവിട്ടു തൊഴണോ..?”
ഇത്രയും പറഞ്ഞ് സെക്യൂരിറ്റി വിവാഹ ഓഡിറ്റോറിയത്തിലേക്ക് കയറി പോയി.
അവിടെ വന്നതില്‍ ഒരു കുട്ടി തന്റെ ബാഗ് തുറന്നു അവന്റെ ഉച്ചഭക്ഷണ പൊതി എടുത്ത് അയാളുടെ നേരെ നീട്ടി.
വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അയാള്‍ വിശപ്പ് സഹിക്കാനാവാത്തതുകൊണ്ട് അത് വാങ്ങി.
പിന്നൊന്നും നോക്കിയില്ല. അയാള്‍ പൊതി തുറന്നു വച്ച് വളരെ ആക്രാന്തത്തോടെ ചോറ് വാരി കഴിക്കുവാന്‍ തുടങ്ങി.
ആഹാരം തൊണ്ടയില്‍ തങ്ങി അയാള്‍ ചുമക്കാന്‍ തുടങ്ങി.
അതുകണ്ട് ആ കുട്ടി അവന്‍റെ കൈലുണ്ടായിരുന്ന വെള്ളം നിറച്ച കുപ്പി തുറന്നു വെള്ളം അയാളുടെ പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു. അയാള്‍ ആവേശത്തോടെ ആ വെള്ളം കുടിച്ചു,.
ചോറ് കഴിച്ച അയാളുടെ മുഖത്ത് ആശ്വാസം പ്രതിഫലിച്ചു.
“മക്കളെ നിന്നെ ആണ്ടവര്‍ തുണയ്ക്കും” അയാള്‍ അവനെ നോക്കി കൈകള്‍ കൂപ്പി.
അവിടെ കൂടി നിന്നവരെല്ലാം ഈ കാഴ്ച്ച കണ്ടു സ്തബ്ദരായി.
അവര്‍ ആ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉന്നയിച്ചു.
ഇതിനിടയ്ക്ക് സ്കൂള്‍ ബസ്‌ വന്നതും കൂടെയുണ്ടായിരുന്ന കുട്ടി ബസില്‍ കയറി പോയതും മറ്റേ കുട്ടി അറിഞ്ഞില്ല.
“ഇനിനിയെന്തു ചെയ്യും...? എങ്ങനെ സ്കൂളില്‍ എത്തും...
സ്കൂളിലേക്ക് ഇവിടെനിന്നും മൂന്ന് കിലോ മീറ്റര്‍ ദൂരമുണ്ട്. ഇപ്പോള്‍ തന്നെ സ്കൂള്‍ സമയം പിന്നിട്ടിരിക്കുന്നു. മറ്റേതെങ്കിലും വാഹനത്തില്‍ കയറി സ്കൂളിലേക്ക് പോകുവാന്‍ കൈയ്യില്‍ പൈസയൊന്നും ഇല്ലതാനും.”
അവന്‍ കൂടുതല്‍ ചിന്തിച്ച് സമയം പാഴക്കുവാന്‍ നിന്നില്ല.
പുസ്തക ബാഗും കൈയ്യില്‍ പിടിച്ച് അവന്‍ സ്കൂളിലേക്ക് ഓടാന്‍ തുടങ്ങി.
സ്കൂളിന്‍റെ അടുത്ത് എത്താറായി.
താമസിച്ചു വരുന്ന എല്ലാകുട്ടികള്‍ക്കും ചൂരല്‍ കാഷായം നല്‍കാറുള്ള ശക്തിധരന്‍ സാറിന്‍റെ ക്ലാസ്സാണ്. പൂരെ തല്ലു കിട്ടുമെന്നുള്ളത് തീര്‍ച്ചയാണ്.
അവന്‍ ക്ലാസ്സില്‍ കയറുവാനുള്ള അനുവാദത്തിനായി കാതോര്‍ത്തു നിന്നു.
ചൂരല്‍ വടികൊണ്ടുള്ള അടി പ്രതീക്ഷിച്ചെങ്കിലും, പുഞ്ചിരിച്ച മുഖവുമായി അവനോടു ക്ലാസ്സിലേക്ക് കയറി വരുവാന്‍ സാറ് പറഞ്ഞപ്പോള്‍ അവന്‍ അതിശയിച്ചു.
സാറ് അവന്‍റെ നേരെ നടന്നു വരുന്നുണ്ടായിരുന്നു. ഒരു നിമിഷം....അദ്ദേഹം അവന്റെ കരങ്ങള്‍ ചേര്‍ത്തു പിടിച്ചു. അവ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക്ചേര്‍ത്ത് വച്ചു.
‘എന്‍റെ കുട്ടീ... ഞാന്‍ എല്ലാ വിവരങ്ങളും അറിഞ്ഞു. സ്കൂള്‍ ബസ്‌ അവിടെയെത്തിയപ്പോള്‍ ഞാന്‍ അതിലുണ്ടായിരുന്നു. നിന്റെ കൂടെയുണ്ടായിരുന്ന രാജു കാര്യങ്ങളെല്ലാം എന്നോട് വിശദമായി പറഞ്ഞു.’
ഇത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.
‘ നന്മകള്‍ ചെയ്യുന്നവര്‍ക്ക് നല്ലതേ വരികയുള്ളൂ. നന്മയുടെ തിരിനാളം കെടാതെ സൂക്ഷിക്കുക...” അദ്ദേഹം അവനോടു പറഞ്ഞു.
അവന്‍ ആശ്ചര്യ ഭരിതനായി ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു.
ശേഷം അദ്ധ്യാപകന്‍ സംഭവിച്ച കാര്യങ്ങള്‍ കുട്ടികളോട് വിശദീകരിച്ചു. അവര്‍ വളരെ ആകാംഷയോടെ അത് കേട്ടിരുന്നു. ഗോപന്‍റെ നല്ല മനസ്സ് അവര്‍ക്കെല്ലാം നന്മയുടെ ഊര്‍ജ്ജം പകര്‍ന്നു നല്‍കി.
അദ്ദേഹം തുടര്‍ന്നു.
’ഈ സംഭവം എല്ലാവര്‍ക്കും ഒരു പാഠം ആകണം..
പുതിയ തലമുറയിലെ കുട്ടികളില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന അപൂര്‍വ്വ ഗുണങ്ങളില്‍ ഒന്നാണ് നമ്മുടെ പ്രിയ വിദ്യാര്‍ത്ഥി ഗോപന്‍ കാട്ടിയ മാതൃക. നമുക്കും ആ മാതൃക പിന്തുടരാന്‍ ശ്രമിക്കാം.
അതിനായി എല്ലാ മാസവും ഒരു ദിവസം ഈ ക്ലാസ്സിലെ കുട്ടികളില്‍ നിന്നും ഓരോ പൊതിച്ചോര്‍ വീതം സംഭരിച്ചു പാവപ്പെട്ടവര്‍ക്ക് കൊടുക്കുവാന്‍ നമുക്ക് ഒരുമിച്ച് തീരുമാനമെടുക്കാം.
അതോടൊപ്പം ഇന്നുമുതല്‍ ആരും ആഹാരം ഉപയോഗ ശൂന്യമായി വലിച്ചെറിയരുത്. ‘
കുട്ടികള്‍ ശക്തി സാറിന്‍റെ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിച്ചു.
അവര്‍ അവരുടെ ഉറ്റ സുഹൃത്തായ ഗോപന്‍റെ നേരെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി. അവന്റെ സത്പ്രവൃത്തി, നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു.
ക്ലാസ് ഹര്‍ഷാരവത്തില്‍ മുങ്ങി.
അവര്‍ ഒരു മനസ്സോടെ ഒരുമിച്ചു കൈയ്യടിച്ചു. അദ്ധ്യാപകനും അതോടൊപ്പം ചേര്‍ന്നപ്പോള്‍ അതൊരു ധന്യ നിമിഷമായി മാറുകയായിരുന്നു.


നൊമ്പരങ്ങളേ വിട (കഥ)


നൊമ്പരങ്ങളേ വിട (കഥ)
ജോസിന് നാട്ടിലെ പഞ്ചായത്തിലായിരുന്നു ജോലി. അകലെയുള്ള ഒരു കുഗ്രാമത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചത് യാദൃച്ഛികമായിരുന്നു. നാടും വീടും പിരിഞ്ഞ് ജോലി ചെയ്യേണ്ടി വന്നതില്‍ ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു. പക്ഷേ പ്രകൃതി രമണീയമായ ഗ്രാമപശ്ചാത്തലം മനസ്സിന്‍റെ ഗതിതന്നെ മാറ്റിമറിച്ചു. നല്ല നാട്ടുകാരും കൂടിയായപ്പോള്‍ മനസ്സിന് തൃപ്തി തോന്നി. ജോലിക്കിടയില്‍ തന്നെ ആ ഗ്രാമത്തിലെ അവഗണിക്കപ്പെട്ട ജനങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിച്ചു. സാക്ഷരതാ പരിപാടി, ജനപങ്കാളിത്തമുള്ള മറ്റ് പരിപാടികള്‍ തുടങ്ങി അവരുടെ ഉന്നമനത്തിനായുള്ള പല കാര്യങ്ങളിലും ജോസ് നല്ലൊരു സംഘാടകനായി.
അടുത്തൊരു കവിയരങ്ങ് നടക്കുന്നെന്ന് കേട്ടപ്പോള്‍ ജോസിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കാരണം കവിത അയാളുടെ ജീവനാണ്. കവിയരങ്ങ് നടക്കുന്ന സ്ഥലത്തെത്തി നേരത്തേ തന്നെ സ്റ്റേജിനു മുന്നില്‍ സ്ഥാനം പിടിച്ചു. പരിപാടി ആരംഭിക്കാറായി. മറ്റ് കവികളെ പരിചയപ്പെടുത്തുന്നത് പ്രമുഖ സാഹിത്യകാരനായ ദത്തന്‍ നമ്പൂതിരി. അദ്ദേഹം ആദ്യം തന്നെ തന്‍റെ കവിത വായിച്ചു. ലളിതമായ ശൈലിയില്‍ സദസ്സിനെക്കൂടി കണക്കിലെടുത്ത് രചിച്ച കവിത. സമൂഹത്തില്‍ നടമാടുന്ന ജീര്‍ണിച്ച വ്യവസ്ഥിതികള്‍ക്കെതിരെ ശക്തമായ ഒരു താക്കീതായിരുന്നു. ആ കവിത. മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍പ്പറത്താന്‍ മടിക്കാത്ത ഉദ്യോഗസ്ഥവൃന്ദത്തിനെതിരെ, ജാതിപ്പിശാചിനെതിരെ, രാഷ്ട്രീയം വിറ്റു ജീവിക്കുന്ന ഒരു പറ്റം മനുഷ്യപേക്കോലങ്ങള്‍ക്കെതിരെ, അഴിമതി നിറഞ്ഞ സര്‍ക്കാരിനെതിരെ... ആഞ്ഞടിക്കുന്ന ഒരു കൊടുംകാറ്റായിരുന്നു ആ കവിത.
കവിയരങ്ങ് കഴിഞ്ഞയുടന്‍ ഹര്‍ഷഭരിതമായ മനസ്സുമായി ജോസ് സ്റ്റേജിലേക്ക് കയറി, ദത്തന്‍ സാറിനെ പ്രശംസയറിയിക്കുവാന്‍, അവിടെ ഒരു കസേരയില്‍ ചാരിയിരിക്കുകയായിരുന്നു ദത്തന്‍ നമ്പൂതിരി. നീട്ടി വളര്‍ത്തിയ താടിയും, മുഷിഞ്ഞ വസ്ത്രവും, തളര്‍ന്ന ശരീരവും അദ്ദേഹത്തിന്‍റെ അവശത വിളിച്ചോതുകയായിരുന്നു. പരിചയപ്പെടുവാനായി ജോസില്‍ നിന്നുമുണ്ടായ കുശലങ്ങള്‍ക്ക് തളര്‍ന്ന സ്വരത്തിലാണെങ്കിലും അദ്ദേഹം മറുപടി പറഞ്ഞു. നമ്പൂതിരിയുടെ ഈ അവസ്ഥ ജോസിന്‍റെ മനസ്സില്‍ വിഷമമുളവാക്കി. എന്തൊക്കെയോ കഷ്ടപ്പാടുകള്‍ അദ്ദേഹത്തെ വേട്ടയാടുന്നുവെന്ന് വ്യക്തം.
ഒരു ഞായറാഴ്ച ദിവസം, മുറിയിലിരുന്ന് ബോറടിച്ചപ്പോള്‍ വെറുതെ നടക്കാനിറങ്ങിയതായിരുന്നു ജോസ്. നേരെ പോയത് ഒരു പാര്‍ക്കിലേക്കായിരുന്നു. അവിടെ കുറച്ചകലെ എന്തോ ആലോചിച്ച് ചടഞ്ഞിരിക്കുന്ന ദത്തന്‍ നമ്പൂതിരി. ജോസ് അദ്ദേഹത്തിന്‍റെ അടുത്തേക്ക് പോയി, തട്ടിവിളിച്ചു. ചിന്തകളെ വിശ്രമിക്കുവാന്‍ വിട്ടശേഷം അദ്ദേഹം ജോസിനെ നോക്കി. ജോസ് അദ്ദേഹത്തിന്‍റെ അരുകിലിരുന്നു.
"സാര്‍.... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍....?" ജോസ് ചോദിച്ചു.
"ഹാ... വിശേഷം, എനിക്ക് വിശേഷങ്ങളല്ലേയുള്ളൂ കുട്ടീ"
"എന്താ സാര്‍ അങ്ങനെ പറഞ്ഞത്"
"ആര്‍ക്കും വേണ്ടാത്ത ജീവിതം, നാടുംവീടും വെറുത്ത അര്‍ത്ഥശൂന്യമായ ഒന്ന്... എന്തെന്നല്ലേ... കേള്‍ക്കാന്‍ ജോസിന് ക്ഷമയുണ്ടെങ്കില്‍ ഞാന്‍ പറയാം."
"പറയൂ സാര്‍, അങ്ങനെയെങ്കിലും മനസ്സിന്‍റെ ഭാരമൊന്ന് കുറഞ്ഞ് കിട്ടുമല്ലോ...."അല്പ നിശബ്ദതയ്ക്കുശേഷം അദ്ദേഹം തുടര്‍ന്നു. ".... സമ്പന്നമായ ഒരു തറവാടായിരുന്നു എന്‍റേത്. എന്നെ ഡോക്ടറാക്കണമെന്നുള്ളതു തുടങ്ങി വീട്ടുകാരുടെ പ്രതീക്ഷക്കൊക്കെ കടിഞ്ഞാണിട്ടുകൊണ്ട് എന്‍റെ ശ്രദ്ധ സാഹിത്യത്തില്‍ മാത്രം ഒതുങ്ങി നിന്നു. ഞാന്‍ മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. നിര്‍ഭാഗ്യവശാല്‍ ഗവണ്‍മെന്‍റ് ജോലി ഒരു സ്വപ്നം മാത്രമായവശേഷിച്ചു. ആദര്‍ശത്തിന്‍റെ പേരില്‍ സ്ത്രീധനമൊന്നും വാങ്ങാതെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചു. പ്രാരാബ്ധങ്ങള്‍ കൂടി വന്നപ്പോള്‍ ചെലവുകള്‍ക്കായി വസ്തുവകകള്‍ കുറേശ്ശെ വില്‍ക്കാന്‍ തുടങ്ങി. ഒരു പെണ്‍കുട്ടിയുണ്ടായിരുന്നതിനെ വിവാഹം കഴിപ്പിച്ച് അയച്ചപ്പോള്‍ വീടും ചുറ്റുപാടുമുള്ള കുറച്ച് സ്ഥലവുമൊഴിച്ച് ബാക്കി സ്വത്ത് മുഴുവന്‍ വില്‍ക്കേണ്ടി വന്നു. പിന്നെയുമുള്ളത് ഒരു മകന്‍ അവനിപ്പോള്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുന്നു." ഇടയ്ക്ക് എന്തോ ആലോചിച്ചശേഷം അദ്ദേഹം തുടര്‍ന്നു.
".... എന്‍റെ ചില പുസ്തകങ്ങള്‍ ഞാന്‍ പല അവാര്‍ഡുകളുടെയും പരിഗണനയ്ക്കയച്ചു. പക്ഷേ അവയെല്ലാം എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു. അതുവരെ സഹനശക്തിയോടെ വീട്ടുകാര്യങ്ങള്‍ നോക്കിവന്ന എന്‍റെ ഭാര്യ എനിക്ക് അംഗീകാരങ്ങള്‍ പോലും ലഭിക്കില്ലെന്നായപ്പോള്‍ ഞാനുമായി ഇടഞ്ഞു. സാഹിത്യലോകത്തില്‍ നിന്ന് തിരിച്ചുവരാനും, വീട്ടിലെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കി എന്തെങ്കിലും ജോലികള്‍ ചെയ്ത് വീട് പുലര്‍ത്താനും നിര്‍ബന്ധിച്ചു. പക്ഷേ സാഹിത്യം വലിച്ചെറിഞ്ഞ ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ക്രമേണ ഭാര്യയും മകനും മകളുമെല്ലാം എന്നെ വെറുക്കാന്‍ തുടങ്ങി. ബന്ധുക്കള്‍പോലും വകവയ്ക്കാറില്ല.
"സാറ് എത്രയധികം വിഷമമനുഭവിയ്ക്കുകയായിരിക്കും."
"അതെ ഞാന്‍ ഓരോ നിമിഷവും തീ തിന്നുകയാണ്. എല്ലാമുപേക്ഷിച്ച് സാഹിത്യമേഖലയിലേക്ക് തിരിഞ്ഞ് എല്ലാം നഷ്ടപ്പെടുത്തിയ ഒരു ഏകാന്തപഥികന്‍..."
"ഇല്ല, താങ്കള്‍ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല."
"അത് ജോസിന് തോന്നുന്നതാണ്. എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ബാക്കി കാര്യങ്ങള്‍ കൂടി പറയാം." ജോസ് തലയാട്ടി.
".....ഒരു ദിവസം എന്‍റെ സാഹിത്യകൃതികളെല്ലാം ഭാര്യ വാരിവലിച്ച് എറിഞ്ഞു. ഒന്നും മിണ്ടാതെ അവ തിരിച്ച് പറക്കി വയ്ക്കാനല്ലാതെ എനിക്ക് ഒന്നിനും കഴിഞ്ഞില്ല. കാരണം ഓരോ ദിവസവും തള്ളിനീക്കാന്‍ അത്രയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കുകയാണവള്‍. ദാരിദ്ര്യദുഃഖത്തില്‍ ഒന്നാശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത എന്നോട് ഇത്രയല്ലേ കാണിച്ചുള്ളൂവെന്ന സമാധാനമാണെനിക്ക്."
"വിരോധമില്ലെങ്കില്‍ സാറിന്‍റെ വീട്ടിലേക്ക് ഇന്ന് ഞാന്‍ കൂടി വരട്ടെ." ജോസ് ചോദിച്ചു.
"എന്തിന്"
"എനിക്ക് അങ്ങയുടെ സാഹിത്യകൃതികളെക്കുറിച്ച് മനസ്സിലാക്കാന്‍ ആഗ്രഹമുണ്ട്."
"നിങ്ങള്‍ വരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ." പക്ഷേ വീട്ടുകാര്‍ക്ക് അത്ര രസിക്കുമെന്ന് തോന്നുന്നില്ല." ജോസ് ദത്തന്‍ നമ്പൂതിരിയുടെ കൂടെ വീട്ടിലേക്ക് പോയി. പോകുന്ന വഴി ദത്തന്‍ ചുമച്ചവശനായി. ജോസ് അദ്ദേഹത്തെ പിടിച്ച് സാവധാനം ഇരുത്തി. വഴിയില്‍ അല്‍പ്പസമയം വിശ്രമിച്ചശേഷം വീണ്ടും യാത്ര തുടര്‍ന്നു. ഈ അസുഖം അദ്ദേഹത്തെ പിന്‍തുടരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്നും ചികിത്സിച്ച് ഭേദമാക്കാന്‍ മെനക്കെട്ടില്ലയെന്നും കേട്ടപ്പോള്‍ ജോസിന് വിഷമം തോന്നി.
വീട്ടിലെത്തിയ ജോസിനെ ദത്തന്‍ തന്‍റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന പുസ്തക ശേഖരങ്ങള്‍ ജോസിനെ അത്ഭുതപ്പെടുത്തി. ജോസിനെ അവിടെയിരിക്കാന്‍ പറഞ്ഞശേഷം ദത്തന്‍ കുറേ കയ്യെഴുത്ത് പ്രതികള്‍ ജോസിന്‍റെ മുന്നില്‍ കൊണ്ടു വച്ചു. ചിലവ നിറം മാറി ദ്രവിച്ചുതുടങ്ങിയിരുന്നു. ജോസ് രചനകള്‍ ഓരോന്നായി ഓടിച്ചു നോക്കി. ഒന്നിച്ച് എല്ലാം നോക്കുവാന്‍ കഴിയില്ലല്ലോ. കുറേ നേരം കഴിഞ്ഞ് നാല് കയ്യെഴുത്ത് പ്രതികള്‍ ദത്തന്‍ ജോസിനെ ഏല്‍പ്പിച്ചു. അവ വായിച്ച് മനസ്സിലാക്കിയശേഷം തിരികെ കൊടുത്താല്‍ മതിയെന്ന് പറഞ്ഞു. ജോസ് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സാകെ അസ്വസ്ഥതയുടെ മൂടല്‍മഞ്ഞ് കൊണ്ട് നിറയപ്പെട്ടിരുന്നു. കൊടുത്തയച്ച കൃതികള്‍ ജോസ് പലവട്ടം മനസ്സിരുത്തി വായിച്ചു. അവയുടെ അന്തഃസത്ത മനസ്സിലാക്കി.
ചിന്താമഗ്നനായ ജോസിന്‍റെ മനസ്സില്‍ ദത്തനെ കുറിച്ചുള്ള അത്ഭുതാദരങ്ങള്‍ നിറഞ്ഞു വന്നു. അയാളുടെ മനസ്സ് മന്ത്രിച്ചു. സാഹിത്യലോകത്തിലെ അത്ഭുതരത്നങ്ങള്‍ അവഗണിക്കപ്പെട്ട ചവറ്റുകൂനയായി മാറാന്‍ അനുവദിച്ചുകൂടാ. ഒരുപക്ഷേ ഭാരതത്തിന്‍റെ മാത്രമല്ല ലോകത്താകമാനമുള്ള ജനതഥിയ്ക്കു തന്നെയും അനുഭവവേദ്യമായ അത്ഭുതഖനിയാണിത്. ഇല്ല... അത് പാഴാവാന്‍ അനുവദിച്ചുകൂടാ.... അത് നമ്മുടെ രാജ്യത്തിന്‍റെ തീരാ നഷ്ടമായിരിക്കും.
ദത്തന്‍റെ കൃതികള്‍ തീര്‍ച്ചയായും ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടണമെന്ന് അയാള്‍ അത്യധികമായി ആഗ്രഹിച്ചു.
ആദ്യപടിയെന്നോണം ദത്തന്‍റെ ഒരു കവിത 'ദീപിക' പത്രത്തിനയച്ചു. 1945-ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ബോംബിംഗിനെക്കുറിച്ച് എഴുതിയ ആ കവിത പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആ സംഭവം പല വര്‍ഷങ്ങള്‍ കഴിഞ്ഞതാണെങ്കില്‍പ്പോലും സാഹിത്യലോകത്തെ സംസാരവിഷയമായി. പലരും ദത്തനെ പ്രശംസിച്ച് കത്തുകളെഴുതി. ഈ അവസരം ജോസ് മനസ്സിലാക്കി. അയാള്‍ ദീപികപത്രത്തിന്‍റെ മാനേജിംഗ് എഡിറ്ററെക്കണ്ട് ദത്തന്‍റെ ചില കൃതികള്‍ കാണിച്ചു. അവയുടെ മഹത്വം മനസ്സിലാക്കിയ പത്രാധിപര്‍ അവ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് പരിഗണനയ്ക്കയച്ചു.
ഒരു ദിവസം പാര്‍ക്കില്‍ വിശ്രമിക്കാനെത്തിയ ജോസ് അവിടെ ഒരു മൂലയില്‍ ചുമച്ച് പാടുപെടുന്ന ദത്തനെ കണ്ടു. നിര്‍ത്താനാവാത്ത ചുമ കണ്ട് വിഷമിച്ച ജോസ് ദത്തനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ചുമ അല്പം ശമിച്ചശേഷം ജോസ് ദത്തന്‍റെ കൃതികള്‍ അക്കാദമിയുടെ അവാര്‍ഡ് പരിഗണയ്ക്കയച്ചകാര്യം അറിയിച്ചു. ഇതുകേട്ടിട്ടും അദ്ദേഹത്തിന്‍റെ മുഖത്ത് യാതൊരു ഭാവഭേദവുമുണ്ടായില്ല. ഇതൊക്കെ വെറും പാഴ് വേലയാണെന്ന അഭിപ്രായമായിരുന്നു ദത്തന്‍റേത്.
ദിവസങ്ങള്‍ കടന്നുപോയി. അപ്രതീക്ഷിതമായി ദീപിക പത്രത്തിന്‍റെ എഡിറ്റര്‍ ജോസിനെ ഫോണില്‍ ബന്ധപ്പെട്ടു. അക്കാദമി അവാര്‍ഡിന് പരിഗണിക്കാന്‍ സാദ്ധ്യതയുള്ള അഞ്ചു പുസ്തകങ്ങളില്‍ ദത്തന്‍റെ 'സ്വാതന്ത്ര്യം ആഫ്രിക്കയില്‍' എന്ന കൃതിയും ഉള്‍പ്പെടുമെന്ന്. ജോസിനു സന്തോഷമായി. അയാള്‍ ആ കൃതിയുടെ അവസാന തെരഞ്ഞെടുപ്പിനായി കാതോര്‍ത്തിരുന്നു. ജൂറികളെല്ലാം വടക്കേ ഇന്ത്യാക്കാരായിരുന്നതിനാല്‍ തിരിമറി നടക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു. വിചാരിച്ചിരുന്നതുപോലെ തന്നെ സംഭവിച്ചു. ദത്തന്‍റെ കൃതി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ദത്തന്‍ നമ്പൂതിരിക്ക് ശ്വാസകോശ ക്യാന്‍സറാണെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ജോസ് ഞെട്ടിപ്പോയി. അവസാന നിമിഷങ്ങളിലാണ് അയാളെ ആശുപത്രിയില്‍ എത്തിച്ചത്. അതുവരെ ദത്തന്‍ രോഗം കടിച്ചമര്‍ത്തി കഴിയുകയായിരുന്നു. തന്‍റെ കൃതി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത് അറിഞ്ഞപ്പോള്‍ ഒന്നു പ്രതികരിക്കാന്‍ പോലും കഴിയാതെ ദത്തന്‍ നിശ്ചേഷ്ടനായി കിടന്നു. കണ്ണുകള്‍ ഈറനണിഞ്ഞു. നിറഞ്ഞു തുളുമ്പിയ കണ്ണുകളില്‍ നിന്നും തുള്ളികള്‍ കവിള്‍ത്തടങ്ങളിലൂടെ ഒഴുകിയിറങ്ങി. നിരാശയുടെ പ്രതിഫലനത്തിന് ജോസ് മാത്രം സാക്ഷിയായിരുന്നു.
ദിവസങ്ങള്‍ ഇഴഞ്ഞുനീങ്ങി. ഏതോ അത്ഭുതവാര്‍ത്തയുമായി തിടുക്കത്തില്‍ ജോസ് ആശുപത്രിയിലെത്തി. പരിഭ്രമം നിറഞ്ഞ മുഖങ്ങള്‍ കണ്ടപ്പോള്‍ ജോസിന്‍റെ നടത്തയുടെ വേഗത കൂടി...അല്ല... അല്ല... ദത്തന്‍റെ അരുകിലേക്ക് ഓടുകയായിരുന്നു അയാള്‍. മരണത്തോട് മല്ലടിക്കുകയായിരുന്ന ദത്തനെ ആശുപത്രി അധികൃതര്‍ കാണാനനുവദിച്ചില്ല. നിസ്സഹായനായ ജോസ് പ്രധാന ഡോക്ടറുടെ അടുത്തേക്ക് ഓടി. അയാള്‍ കിതച്ചുകൊണ്ട് ഡോക്ടറോട് പറഞ്ഞു. "സാര്‍, ദത്തന്‍ സാറിന്‍റെ കൃതിക്കാണ് ഇത്തവണത്തെ ജ്ഞാനപീഠം അവാര്‍ഡ്....! അങ്ങ് എങ്ങനെയും ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുവാന്‍ അനുവദിക്കണം." കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ഡോക്ടര്‍ ജോസിനെ ദത്തന്‍റെ അരുകിലേക്ക് കടത്തിവിട്ടു. മരണം മാടി വിളിച്ചുകൊണ്ടിരിക്കുന്ന ദത്തന്‍റെ ആത്മാവെങ്കിലും സന്തോഷിക്കട്ടെയെന്ന് ഡോക്ടര്‍ വിചാരിച്ചിരിക്കണം.
ജോസ് അര്‍ദ്ധമയക്കത്തില്‍ കിടക്കുകയായിരുന്ന ദത്തനെ പലയാവര്‍ത്തി വിളിച്ചു. ഉള്‍പ്രേരണയെന്നോണം ദത്തന്‍റെ ക്ഷീണിച്ച കണ്‍പോളകള്‍ മെല്ലെ അനങ്ങുന്നതായി ജോസിനു തോന്നി. ജോസ് ദത്തനോട് അവാര്‍ഡു വിവരം അറിയിച്ചു. കാര്യമെന്താണെന്ന് മനസ്സിലായ ഉടനെ ദത്തന്‍ തന്‍റെ രണ്ടു കൈകളും ആയാസപ്പെട്ട് നീട്ടി. അവ ജോസിന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച് നെഞ്ചിനോടടുപ്പിച്ചു. ദത്തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അല്പം നിശ്ശബ്ദത. ദത്തന്‍റെ കൈകള്‍ തന്‍റെ കൈകളില്‍ മുറുകുന്നതായി ജോസിനു തോന്നി. നിശ്ചലമായ ശരീരത്തിനു മുമ്പില്‍ ജോസിന്‍റെ കണ്ണുകളില്‍ നിന്നും അടര്‍ന്നുവീണ കണ്ണീര്‍ കണങ്ങള്‍ ദത്തന്‍റെ ആത്മാവിന് ഒരായിരം നൊമ്പരങ്ങള്‍ ചാലിച്ചു നല്‍കിയോ...?
മരണാനന്തരം ജ്ഞാനപീഠം അവാര്‍ഡ് സ്വീകരിക്കാന്‍ നിറകണ്ണുകളുമായി ദത്തന്‍റെ മകന്‍ രാഷ്ട്രപതിയുടെ സമീപത്തേക്ക് പോയപ്പോള്‍ ജോസിന്‍റെ മനസ്സ് മന്ത്രിച്ചു. "മനുഷ്യമനസ്സിന്‍റെ തുറക്കാത്ത വാതിലുകള്‍ തുറന്നു കാട്ടിയ, മനുഷ്യത്വം മരവിച്ച മനുഷ്യക്കോലങ്ങളെ ലോകത്തിന് കാട്ടിക്കൊടുത്ത, ആ മഹാത്മാവിന്‍റെ സാഹിത്യസപര്യ സ്വന്തം നാട്ടിന് മുറ്റത്തെ മുല്ലപോലെയായിരുന്നുവെങ്കിലും ലോകത്തിനത് ശാന്തിയുടെ പരിവേഷവും സ്വാതന്ത്ര്യത്തിന്‍റെ നറുമണവും എന്നും പകര്‍ന്നു നല്‍കും."

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo