Showing posts with label AbinMathew. Show all posts
Showing posts with label AbinMathew. Show all posts

വിരുന്നുകാർ I Short Story I Abin Mathew Koothattukulam


 ഒന്ന്
ഇന്നത്തെ ഈ ദിവസം മുതൽ പിന്നോട്ട് കണക്കുക്കൂട്ടിയെടുത്താൽ കൃത്യം അൻപത്തിയൊൻപതു ദിവസങ്ങൾക്കു മുൻപാണ് തികച്ചും അവശ്വസനീയമെന്നു തോന്നിയേക്കാവുന്ന ചില സംഭവങ്ങൾക്കു തുടക്കം കുറിയ്ക്കുന്നത്. എന്റെ പേര് വിഘ്‌നേശ് .കോട്ടയം ജില്ലയിലെ മോനപ്പിള്ളി എന്ന സ്ഥലത്തുള്ള മരിയൻ മെന്റൽ കെയർ സെന്ററിലെ സൈക്കിയാട്രിക് സോഷ്യൽ വർക്കറാണ് . ഒരുപക്ഷെ ഇത്തരം ഒരു ഉദ്യോഗപ്പേര് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല . മാനസികാരോഗ്യ പ്രശ്നവുമായി ഹോസ്പിറ്റലിൽ എത്തുന്ന ഒരു വ്യക്തി ആദ്യം വരിക എന്നെ പോലുള്ള ആളുകളുടെ അടുത്തേക്കാണ് . ഞങ്ങൾ അവരിൽ നിന്നും വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും കേസ് ഫയൽ തയ്യാറാക്കുകയും ഏകദേശമൊരു ഡയഗ്നോസിസ് നടത്തുകയും ചെയ്യുന്നു . പിന്നീടാണ് ക്ലയന്റ് ഡോക്ടറെ നേരിട്ട് കാണുക . ഒരു കാര്യം പറയട്ടെ കഴിഞ്ഞ പതിനാറു വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഒരു തവണ പോലും എന്റെ ഡയഗ്നോസിസ് തെറ്റി പോയിട്ടില്ല . അതുകൊണ്ടാണ് ചീഫ് ഡോക്ടർ സിറിയക് എന്നെ വിടാതെ പിടിച്ചിരിയ്ക്കുന്നത്. രോഗികളുടെ കണ്ണുകളിൽ നിന്നും ശരീര ചലനങ്ങളിൽ നിന്നും വളരെ പെട്ടെന്നു തന്നെ രോഗനിർണയം നടത്തുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിയ്ക്കുവാനും ഒരു ഫൈനൽ ഡയഗ്നോസിസിലേക്കു എത്തുവാനും എനിക്ക് കഴിഞ്ഞിരുന്നു .
മൂന്നു ദിവസങ്ങൾക്കു മുൻപ് വളരെ വ്യത്യസ്തമായ രോഗ ലക്ഷണങ്ങൾ കാണിക്കുന്ന ഒരു രോഗിയുമായി ഞാൻ പരിചയത്തിലായി . മുൻപ് ഒരിയ്ക്കലും ഞാൻ ഒരു രോഗിയുമായി ഇത്രയും അടത്തു ഇടപെഴുകുവോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം . അയാളുടെ പേര് വിത്സൺ എന്നായിരുന്നു . വിത്സൺ ഒറ്റയ്ക്കാണ് ഡോക്ടറെ കാണാൻ വന്നത് . അയാളുടെ പ്രശ്നം വളരെ അപൂർവവും രസകരവുമായിരുന്നു . മരണപ്പെട്ട ചിലർ അയാളെ സ്വപ്നങ്ങളിലൂടെ കാണാൻ വരികയും അവരുടെ ചില കാര്യങ്ങൾ പൂർത്തീകരിക്കാൻ അയാളുടെ സഹായം ചോദിക്കുകയും ചെയ്യുന്നു എന്നാണ് അയാൾ പറയുന്നത് . സ്കിസോഫീനിയ എന്ന രോഗത്തിന്റെ പല വശങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ കൗതുകകരമായാണ് എനിക്ക് തോന്നിയത് . വളരെ ശക്തമായ പെർസിസ്റ്റന്റ് ഹാലൂസിനേഷൻസും ഇലൂഷൻസും കൊണ്ട് അത്രമേൽ കോംപ്ലക്സ് ആയൊരു കേസ് .മൂന്നു ദിവസം വിത്സന്റെ കൂടെ തന്നെ ആയിരുന്നു എന്ന് വേണം പറയാൻ . അയാളിൽ എവിടെയൊക്കെയോ എനിക്ക് നല്ല പരിചയമുള്ള ഏതോ ഒരു വ്യക്തിയുടെ മാനറിസം ഉള്ളതായി എനിക്ക് തോന്നിയിരുന്നു .മൂന്നു ദിവസത്തെ തുടർച്ചയായ ഡ്യൂട്ടിയ്ക്കു ശേഷം കിട്ടിയൊരു രാത്രി നന്നായൊന്നു ഉറങ്ങി തീർക്കാൻ തീരുമാനിച്ചാണ് അന്ന് ഞാൻ കിടന്നത്. നിർത്താതെ പെയ്ത മഴയുടെ കുളിരിൽ മൂടി പൊതിച്ചു സുഖമായി ഉറങ്ങി വരുമ്പോഴാണ് വളരെ പെട്ടെന്ന്, ഒരു നിമിഷത്തിന്റെ നാലിലൊന്നിന്റെ വേഗത്തിൽ അല്ലെങ്കിൽ രണ്ടിലകൾ ഒരുമിച്ചു ചേർത്ത് വെച്ച് ഒരു സൂചികൊണ്ട് കുത്തിയാൽ അതിൽ ആദ്യത്തെ ഇല മുറിയാൻ എടുക്കുന്ന അത്രയും സമയം കൊണ്ട് അവർ എന്റെ മുറിയിലേക്ക് കടന്നു വന്നത്.
'നിങ്ങൾക്കെന്നെ സഹായിക്കാൻ കഴിയുമോ ... " ഹൃദയം പിളർക്കുന്ന ഒരു നോട്ടം എന്റെ മുഖത്തേക്കെറിഞ്ഞിട്ടാണ് അവരതു ചോദിച്ചത് . അത്രയ്ക്ക് ദയനീയമായൊരു മുഖം ഞാൻ മുൻപെങ്ങും കണ്ടിട്ടില്ലായിരുന്നു . അവരുടെ തലമുടി നാരുകൾക്കു പഞ്ഞിക്കെട്ടിനെക്കാൾ വെളുപ്പ് നിറമായിരുന്നു . വെളുത്തു വിളറിയ മുഖത്ത് വലിയ കറുത്ത ഫ്രെമിട്ട കണ്ണടയ്ക്കുള്ളിൽ പിടയ്ക്കുന്ന രണ്ടു കണ്ണുകൾ എന്റെ മുഖത്തേയ്ക്കു ആഴത്തിൽ നോക്കി. ഞാനെന്റെ കണ്ണുകൾ വളരെ വേഗത്തിൽ അടയ്ക്കുകയും തുറയ്ക്കുകയും ചെയ്തു നോക്കി. അപ്പോഴും അവർ എന്റെ മുഖത്തേയ്ക്കു കുമ്പിട്ടു നോക്കിക്കൊണ്ടു ഞാൻ കിടന്നിരുന്ന കട്ടിലിന്റെ വലതു വശത്തോടു ചേർന്ന് നിന്നിരുന്നു. സംസാരിക്കുമ്പോഴും അല്ലാത്തപ്പോഴും അവരുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു എന്ന കാര്യം എന്നിലെ മനഃശാസ്ത്ര വിദഗ്ദ്ധൻ കണ്ടു പിടിച്ചിരുന്നു.
" എന്റെ കുഞ്ഞുങ്ങൾ വിശപ്പ് കൊണ്ട് മരിച്ചു വീഴുന്നു ... എന്റെ കുഞ്ഞുങ്ങൾ വീടില്ലാതെ അലയുകയാണ് . പ്രാണഭയത്താലുള്ള അവരുടെ കരച്ചിൽ എന്റെ ഹൃദയം പിളർക്കുകയാണ് .. അവരെ രക്ഷിക്കാൻ ..എന്നെ സഹായിക്കാൻ നിങ്ങൾക്കാവുമോ .."
കണ്ണുകൾ ഞാൻ നന്നായൊന്നു ഇറുക്കിയടയ്ക്കുകയും മനസ്സിൽ തെറ്റാതെ പത്തുവരെ എണ്ണുകയും ചെയ്തു . കണ്ണുതുറന്നപ്പോൾ ഇന്നലെ ഉറങ്ങും മുൻപ് കിടന്ന അതേ മുറിയിൽ മാറ്റമൊന്നുമില്ലാതെ അകത്തു നിന്നും വാതിൽ കൊളുത്തിട്ട അതേ സ്ഥിതിയിൽ അപ്പോഴും ഞാൻ ഒറ്റയ്ക്കായിരുന്നു.നേരം വെളുത്തു തുടങ്ങിയെന്ന തിരിച്ചറിവിൽ കഴിഞ്ഞു പോയതൊക്കെയും വെറും സ്വപ്നമാണെന്ന ബോധ്യത്തിന്റെ പുറത്തു ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു .പ്രഭാത കർമ്മങ്ങൾക്ക് ശേഷം കൈയിൽ ഒരു ചൂടുകാപ്പിയുമായി പത്രവുമായുള്ള സ്ഥിരം മല്പിടിത്തത്തിലേയ്ക്ക് കടന്നു .
" അമ്മാളുയമ്മാൾ ഓർമ്മയായിട്ട് ഒരു വർഷം " ഉൾപ്പേജിലെ ആ വാർത്തയിൽ എന്റെ കണ്ണുകൾ ഉടക്കി വലിച്ചു . നരച്ച പഞ്ഞി പോലത്തെ തലമുടിയും കറുത്ത വട്ടക്കണ്ണടയും മൂർച്ചയേറിയ കണ്ണുകളുമുള്ള മുഖം എന്റെ നേരെ നോക്കി പതിയെ പുഞ്ചിരിച്ചു . അവരുടെ നോട്ടം എന്റെ മുഖത്തേയ്ക്കു തന്നെയാണെന്ന തിരിച്ചറിവിൽ ഞാൻ വിറയ്ക്കാനും വിയർക്കാനും തുടങ്ങി .തലേ രാത്രിയിൽ കണ്ട സ്വപ്നമെന്റെ തലച്ചോറിലേക്ക് വീണ്ടും ഇരമ്പിക്കേറി വന്നു . അതെ അതു ഇവർ തന്നെയാണെന്ന് എനിക്ക് ഉറപ്പായിരുന്നു . മഴ പെയ്തു തോർന്ന മുറ്റത്തേയ്ക്ക് വെയിൽ വെട്ടം അപ്പോൾ ഒളിഞ്ഞു നോക്കാൻ തുടങ്ങിയിരുന്നു . ഇലകളിൽ തട്ടി പലതായിട്ടവർ ഭൂമിയെ തൊട്ടു വിളിച്ചുകൊണ്ടിരുന്നു .
അതേയിരുപ്പു എത്രനേരം തുടർന്നുവെന്നു എനിക്കോർമ്മയില്ല . എങ്കിലും അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ ഒന്ന് ഞാൻ ഉറപ്പിച്ചിരുന്നു . അമ്മാളുയമ്മാൾ ആരാണെന്നു വെറുതെ എങ്കിലും ഒന്നറിയണം. ഇതിനു മുൻപ് ഒരിയ്ക്കൽ പോലും കണ്ടിട്ടില്ലാത്ത എന്റെ സ്വപ്നത്തിലേക്ക് അവർ കടന്നു വരണമെങ്കിൽ ഒരു കാരണമുണ്ടാകുമെന്നു എനിക്ക് വെറുതെ തോന്നി. വിത്സൺ എന്ന രോഗിയുടെ സാമീപ്യമാണോ എന്നെ ആ അവസ്ഥയിൽ എത്തിച്ചതെന്ന് എനിക്കുറപ്പില്ലായിരുന്നു . ഒരുപക്ഷെ എല്ലാം ഒരു തോന്നൽ മാത്രമായിരിക്കാം . വെറുമൊരു സാധാരണ സ്വപ്നത്തിനപ്പുറം മറ്റൊന്നും സംഭവിക്കാതെ അമ്മാളുയമ്മാൾ മാഞ്ഞു പോകാം. പക്ഷെ നാടോ വീടോ അറിയാത്ത എവിടെയോ കേട്ടുമാത്രം പരിചയമുള്ള അമ്മാളുയമ്മാൾ എന്ന എഴുത്തുകാരി എങ്ങനെയാണു ഇവിടെ എന്നെത്തിരഞ്ഞു എന്റെ സ്വപ്നത്തിലൂടെ ഈ മുറിയിൽ എത്തിയതെന്ന് അറിയാൻ വല്ലാത്തൊരാഗ്രഹം.
രണ്ട്.
ഉള്ളിലൊരു ചൂണ്ടക്കൊളുത്തു കൊത്തി വലിക്കുന്ന പോലെയുള്ള ചില ചോദ്യങ്ങൾക്കു ഉത്തരം തേടിയാണ് ഡോക്ടർ സിറിയക്കിനെ കാണാൻ തീരുമാനിച്ചത് . സൈക്കിയാട്രിക് മെഡിസിനിൽ ബിരുദാനന്ത ബിരുദം ഉണ്ടെങ്കിലും ആളിപ്പോൾ പാരാസൈക്കോളജിയിൽ എന്തോ ഗവേഷണം കൂടി ചെയ്യുന്നുണ്ടെന്ന് ഇടയ്ക്കു എപ്പോഴോ പറഞ്ഞിരുന്നു . ആളൊരു അരകിറുക്കനാണെങ്കിലും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ വ്യക്തിയാണ് .
വിഘ്‌നേശ് .. നിങ്ങൾ കരുതും പോലെ അത്യപൂർമായ ഒരു കാര്യമല്ല ഇപ്പോൾ നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നത് . നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ അബോധ മനസ്സ് ശ്രദ്ധിച്ചു വെച്ചിരിക്കുന്ന ചില കാര്യങ്ങൾ സ്വപ്നങ്ങളിലൂടെ ഇങ്ങനെ പുറത്തേയ്ക്കു വരാറുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ . അത് നമ്മുടെയൊക്കെ മനസ്സിന്റെ ഒരു വല്ലാത്ത കളിയാണ് . നിങ്ങളുടെ ബോധമനസ്സ് ശ്രദ്ധിക്കാത്ത പലതും അബോധമനസ്സ് ശ്രദ്ധിക്കുന്നുണ്ട് .ചിലപ്പോഴൊക്കെ ഇത്തരം സ്വപ്‌നങ്ങൾ ഭയങ്കര ഉപകാരിയാണ് , ആനപ്പുറത്തു കേറാൻ പേടിയുള്ളവരെ ആനപ്പുറത്തു കയറ്റി കിലോമീറ്ററുകൾ കൊണ്ടുപോകും , വിമാനത്തിൽ കയറാൻ പേടിയുള്ളവരെ വിമാനത്തിൽ കയറ്റും , കപ്പൽ പേടിക്കുന്നവരെ കടൽ യാത്രയ്ക്ക് കൂട്ടിക്കൊണ്ടു പോകും .അങ്ങനെ നടക്കില്ല എന്ന് നമ്മൾ ധരിച്ചു വെച്ചിരിക്കുന്ന പലതും സ്വപ്നങ്ങളിലൂടെ സാക്ഷാത്കരിച്ചു തരും ഈ അബോധമനസ്സ് .. നമ്മൾ ബോധമനസ്സിൽ കാണാത്തതും ചിന്തിക്കാത്തതും വരെ അബോധമനസ്സിനു അറിയാനും മനസ്സിലാക്കാനും സാധിക്കുന്നു.ഇതൊന്നും നിങ്ങളോടു ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ വിഘ്‌നേശ് .
ഒന്നെങ്കിൽ നിങ്ങൾ എവിടെയോ വായിച്ചതു അല്ലെങ്കിൽ കേട്ടത് ...അന്നൊരുപക്ഷെ ശ്രദ്ധിക്കാതെ പോയ ഒന്നാകാം ..ഈ അമ്മാളുയമ്മാൾ ...."
സിറിയിക്കിന്റെ കണ്ണുകൾ എന്റെ മുഖത്ത് നിന്നും തെന്നി നീങ്ങി നീല വിരിയിട്ട ജനാലയുടെ പുറംകാഴ്ചകളിലേക്കു സഞ്ചരിക്കാൻ തുടങ്ങി .
"ഡോക്ടർ ഇതെല്ലാം എനിക്കും അറിയാവുന്ന കാര്യങ്ങളാണ് പക്ഷെ എനിക്കറിയേണ്ടത് ഇത്തരം കാര്യങ്ങൾക്കു നമ്മൾ പഠിച്ച ശാസ്ത്രത്തിനു അപ്പുറം മറ്റൊരു പക്ഷം ഉണ്ടോ എന്നാണ്? '
പ്രൊഫസറുടെ മുഖഭാവം മാറുന്നതും പതിവിനു വ്യത്യസ്തമായി ഒരു ഗൗരവ സ്വഭാവം കൈവരുന്നതും ഞാൻ മനസ്സിലാക്കി ...
"അതല്ല എങ്കിൽ , അമ്മാളുയമ്മാളുടെ ആത്മാവ് , നിങ്ങളോടു എന്തോ പറയാൻ ആഗ്രഹിക്കുന്നു ..."
എനിക്ക് എന്തോ അത്തരമൊരു വാദത്തെ അംഗീകരിക്കാൻ അപ്പോൾ തോന്നിയില്ല.
" ഒരു വർഷം മുൻപ് മരണപ്പെട്ട ഒരു വ്യക്തി അവരുമായി യാതൊരു ബന്ധവുമില്ലാത്ത എന്നോട് എന്ത് പറയാനാണ് ...." ഞാൻ കൈകൾ കൂട്ടി തിരുമ്മകയും തല വെട്ടിക്കുകയും ചെയ്തു .
"വിഘ്‌നേശ് .. ആത്മാക്കൾ എല്ലായിടത്തുമുണ്ട് , നമുക്കിടയിൽ പോലുമിപ്പോൾ ഉണ്ടാകാം . എന്നാൽ അവർക്കു എല്ലാവരോടും കമ്മ്യൂണികേറ്റ് ചെയ്യാൻ കഴിയില്ല എന്ന് മാത്രം . ഒരേ ഫ്രീക്വൻസിയിൽ വരുന്നവരോട് അവർക്കു സംസാരിക്കാൻ കഴിയും . ഒരുപക്ഷെ നിങ്ങളുമായി അത് ഒത്തു വന്നതാകാം ...."
സിറിയക് പറഞ്ഞു നിർത്തി .
"അമ്മാളുയമ്മാൾ ചില്ലറ ആളല്ല .. ഒരു നാടിന്റെ മുഴുവൻ സ്വകാര്യ അഭിമാനമാണ് . പാലക്കാട് പട്ടാമ്പിയുടെ അപ്പുറത്തു കുമാരമംഗലത്തു നിന്നും നിങ്ങളെ അന്വേഷിച്ചു ഈ കോട്ടയം വരെ അവരെത്തിയെങ്കിൽ ... എന്തോ ഒന്ന് പ്രതീക്ഷിച്ചു തന്നെയാകാം . "
പുറത്തേയ്ക്കു ഇറങ്ങും മുൻപേ ഞാൻ ഒന്ന് തിരിഞ്ഞു നിന്നു.
"സർ വിത്സന്റെ കാര്യം ..." ഡോക്ടറിന്റെ കണ്ണുകൾ ചെറുതാകുന്നതും നെറ്റിയിൽ ചുളിവുകൾ വീഴുന്നതും ഞാൻ കണ്ടു .
"കുറച്ചു പ്രശ്നമാണ് .. എങ്കിലും നമുക്ക് ശരിയാക്കാം ... താൻ ചെല്ലൂ .."
തലയാട്ടിക്കൊണ്ടു പുറത്തേയ്ക്കു ഇറങ്ങുമ്പോൾ വിത്സനെ ഒന്ന് കാണാം എന്ന് മനസ്സ് പറഞ്ഞെങ്കിലും അതു പാടെ അവഗണിച്ചു കൊണ്ട് ഞാൻ പുറത്തേയ്ക്കിറങ്ങി .
മൂന്ന്
തിരിച്ചു റൂമിലേയ്ക്ക് പോരും മുൻപേ പോകാൻ തോന്നിയത് ടൗണിലെ വായനശാലയിലേക്കാണ് . വർഷങ്ങൾക്കു മുൻപേ എടുത്ത മെമ്പർഷിപ്പു അതുവരെയുള്ള മാസവരി കുടിശിക അടച്ചു പുതുക്കി . അമ്മാളുയമ്മാളുടെ രണ്ടു പുസ്തകങ്ങളുമായാണ് അവിടെന്നു ഇറങ്ങിയത് . ഒരു കവിതാസമാഹാരവും ഒരു കഥാസമാഹാരവും . അവകാശികൾ എന്നാണ് ഒന്നിന്റെ തലക്കെട്ട് മറ്റൊന്ന് വിലാപഗീതം . തിരികെ റൂമിലെത്തി ലാപ്ടോപ് ഓൺ ചെയ്തു . ഗൂഗിൾ സേർച്ച് എൻജിനിൽ അമ്മാളുയമ്മാൾ എന്ന് ഇംഗ്ളീഷിൽ ടൈപ്പ് ചെയ്തു കാത്തിരുന്നു . വിക്കിപീഡിയയിൽ തെളിഞ്ഞു വന്ന ജീവ ചരിത്രത്തിലേക്ക് കണ്ണും മനസ്സും തുറന്നു വെച്ചു.
അമ്മാളുയമ്മാൾ വെറുമൊരു കവയത്രി മാത്രമല്ലെന്ന് വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ ഞാൻ മനസ്സിലാക്കി . കുമാരമംഗലം എന്ന കൊച്ചു ഗ്രാമത്തിന്റെ സാംസ്ക്കാരിക വളർച്ചയ്ക്ക് നേതൃത്വം കൊടുത്ത ഒരു ഒരു ധീരവനിത കൂടെയായിരുന്നു അമ്മാളുയമ്മാൾ . കുമാരമംഗലത്തു നിന്നും ആദ്യമായി വിദേശത്തു പോയി പഠിച്ച അമ്മാളുയമ്മാൾ തിരികെയെത്തിയത് മറ്റൊരു വ്യക്തിയായിട്ടായിരുന്നു . വിദേശത്തെ ഏകദേശം പത്തു വർഷത്തെ ജീവിതം അവരെ മറ്റൊരു വ്യക്തിയാക്കിയിരുന്നു . സ്വന്തം അച്ഛന്റെയും അമ്മയുടെയും മരണ സമയത്തു പോലും വരാൻ കഴിയാത്തത്ര തിരക്കിലായിപ്പോയ മകളെ ആദ്യകാലങ്ങളിൽ നാട്ടുകാർ പോലും വെറുത്തിരുന്നു . ആ വെറുപ്പിൽ നിന്നും അവരെങ്ങനെയാണ് ആ നാട്ടുകാരുടെ സ്വന്തം അമ്മാളുയമ്മയായതു .എന്നത് സിനിമയെ പോലും വെല്ലുന്ന കഥയായിരുന്നു .
നാട്ടിലെ പ്രമാണിയായ രാധാകൃഷ്ണ കൈമളുടെ ഒരേയൊരു മകൾ . യഥാർത്ഥ പേര് സുജാത . വീട്ടിൽ വിളിച്ചിരുന്ന പേരാണ് അമ്മാളു എന്നത്. ഇരുപത്തിരണ്ടാം വയസ്സിൽ അലോപ്പതിയിൽ ഡോക്ടറേറ്റ് എടുക്കാൻ അച്ഛനാണ് മകളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചത് . പിന്നെ അവർ നാട്ടിലെത്തുന്നത് പത്തുവർഷങ്ങൾക്കു ശേഷം അവരുടെ മുപ്പത്തിരണ്ടാം വയസ്സിലാണ് . അവിടെ കുറച്ചുനാൾ ജയിലിൽ കിടന്നിട്ടുണ്ട് എന്ന് ചില വാർത്തകൾ ഉണ്ടെങ്കിലും അമ്മാളുയമ്മാൾ അതു നിഷേധിച്ചിട്ടോ സമ്മതിച്ചിട്ടോയില്ല. നീണ്ട കറുത്ത മുടി വെട്ടി കഴുത്തോളമാക്കി . വലിയ കണ്ണട വെച്ചു . നീളൻ കൈയുള്ള ബ്ലൗസും കോട്ടൺ സാരിയുമുടുത്തു പ്രൗഢിയോടെ നടന്നു വരുന്ന അവരെക്കണ്ടാൽ ഏതൊരാൾക്കും ബഹുമാനം തോന്നിപ്പോകും. .നാട്ടിലെത്തിയതിൽ പിന്നെ അവർ മറ്റൊരു സ്ത്രീയാകുകയായിരുന്നു. രാവിലെയും വൈകുന്നേരവും അവർ ഒറ്റയ്ക്ക് കിലോമീറ്ററോളം നടന്നു . കുമാരമംഗലത്തിന്റെ നാലതിരുകൾക്കുള്ളിൽ അമ്മാളുയമ്മാളുടെ കാലടി പതിയാത്ത ഒരിഞ്ചു സ്ഥലം പോലുമില്ല എന്നതായിരുന്നു സത്യം . ഓരോ നടപ്പിലും അവർ നാടിനെയും നാട് അവരേയുമറിഞ്ഞു. ജാതിയോ മതമോ പദവിയോ നോക്കാതെ അവർ എല്ലാവരോടും സംസാരിച്ചു . ആലിംഗനം ചെയ്തു . കവിളുകളിൽ ചുംബിച്ചു . സഹായം അഭ്യർത്ഥിച്ചു വരുന്നവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു . വൈകുന്നേരങ്ങളിൽ അങ്ങാടിയിലെ ചായക്കടകളിൽ മാറി മാറി കയറി വെടിവട്ടങ്ങളിൽ പങ്കു ചേർന്നു. അങ്ങനെ കുമാരമംഗലത്തെ അവർ സ്വന്തമാക്കി മാറ്റുകയായിരുന്നു . കുമാരമംഗലത്തെ ഓരോരുത്തർക്കും അവർ അവരുടെ സ്വന്തം അമ്മാളുയമ്മയായി . കുമാരമംഗലത്തെ വിശേഷങ്ങൾ കഥകളും കവിതകളുമായി . ചായക്കടക്കാരൻ കുട്ടൻ പിള്ള മുതൽ തെങ്ങു കയറ്റക്കാരൻ സതീശനും റേഷൻ കട ബാലനും താറാവ് ജോയിയും കള്ളുകച്ചവടക്കാൻ ഷാജിയും മുറുക്കാൻകട നാണിയും റംലത്തും സുഹറയും മേരിയും ലക്ഷ്മിയുമൊക്കെ അമ്മാളുയമ്മാളുടെ കഥകളിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളായി . കുമാരമംഗലത്തെ കുടിവെള്ള പ്രശ്നങ്ങളും ചില അനധികൃത അധിനിവേശങ്ങളും അവരുടെ കഥകളിലൂടെ പുറംലോകം അറിയുകയും അതിനൊക്കെയും പരിഹാരം കാണുകയും ചെയ്തു. സ്ത്രീകൾക്ക് വേണ്ടി അവർ തുടങ്ങിയ തയ്യൽ യൂണിറ്റും അച്ചാറ് കമ്പനിയുമൊക്കെ നാട്ടിലെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ പോന്നവയായിരുന്നു . അങ്ങനെ അമ്മാളുയമ്മാൾ അന്നാട്ടിലെ ആളുകളുടെ മനസ്സിൽ ഒരു വലിയ വൃക്ഷമായി വേര് പിടിച്ചു കിടന്നു. .
ആരോ വഴിയിൽ ഉപേക്ഷിച്ചു പോയ നാല് നായ്ക്കുട്ടികളെ ഏറ്റെടുത്തതോടെയാണ് അമ്മാളുയമ്മാൾ വീണ്ടും ജനശ്രദ്ധ പിടിച്ചു പറ്റുന്നത് . നാല് നായ്ക്കുട്ടികളിൽ നിന്നും അവരുടെ വീട് പൂച്ചക്കുട്ടികളുടെയും അണ്ണാറക്കണ്ണന്മാരുടെയും എണ്ണമില്ലാത്ത അത്രയും പക്ഷികളുടെയും ഗൃഹമായി മാറുകയായിരുന്നു . വീടിനു ചുറ്റും വളർന്നു നിന്നിരുന്ന വൃക്ഷങ്ങളിൽ അവർ കിളികൾക്കായി കൂടും ഭക്ഷണവും വെള്ളവും ഒരുക്കി വെച്ചു. അങ്ങനെ അവർ സകല ജീവജാലങ്ങളുടെയും അമ്മയായി .
വായനക്കിടയിൽ തന്നെ ഞാൻ ഉറങ്ങി പോയി എന്നു തന്നെയാണ് എന്റെ ഓർമ്മ . ഗാഢമായ നിദ്രയിൽ നിന്നും വീണ്ടും ആ ശബ്ദം എന്നെ വിളിച്ചുണർത്തി .
" എന്റെ ഭൂമി അവർ ഭാഗം വെയ്ക്കുകയാണ് . എന്റെ മക്കളെ അവർ ഇറക്കി വിടും . അവർ അനാഥരാകും . മോനെ .. ഞാൻ എല്ലാ എഴുതി വെച്ചിട്ടുണ്ട് .. മോനത് കോടതിയിൽ എത്തിക്കണം ... " അവർ കരയുകയായിരുന്നു .."
അന്നും ഞാൻ നേരത്തെ എഴുന്നേറ്റു . മനസ്സും ചിന്തയും അമ്മാളുയമ്മാളുടെ ജീവചരിത്രത്തിൽ ഉടക്കി കിടന്നിരുന്നു . അത്രമേൽ പ്രൗഢമായ ആ മുഖത്തെ ദൈന്യഭാവം എന്നെ ആകെ ഉലച്ചു കളഞ്ഞിരുന്നു എന്നതാണ് സത്യം. ഒരാളുടെ മരണ ശേഷം എത്രപെട്ടെന്നാണ് കാര്യങ്ങൾ മാറി മറിയുന്നതെന്നു ഞാൻ പിന്നെയും ആലോചിച്ചു കൊണ്ടിരുന്നു . ജീവിച്ചിരുന്നപ്പോൾ ഓരോരുത്തരും പൊന്നുപോലെ സൂക്ഷിച്ചിരുന്ന പലതും മരണശേഷം ആരൊക്കയോ കൈവശമാക്കുന്നു . മുറികൾ അലമാരകൾ പെരുമാറിയിരുന്ന വസ്തുക്കൾ എല്ലാം ആരെല്ലാമോ ഉപയോഗിക്കുന്നു .സ്ഥിരമായി നനയ്ക്കാറുണ്ടായിരുന്ന പൂച്ചെടികൾ നനയ്ക്കാൻ ആളില്ലാതെയാകുന്നു . ഓമനിച്ചു വളർത്തിയ വളർത്തു മൃഗങ്ങളെ ഒരുപക്ഷെ പടിയിറക്കി വിടാം . അടുക്കി വെച്ചിരുന്ന പുസ്തകങ്ങളും അലമാരകളും ആകെ അലങ്കോലമാകാം . മരണമെന്നത് മനസ്സിനെയാകെ അസ്വസ്ഥമാക്കുന്ന ഒരു അവസ്ഥയാണെന്ന് ഞാൻ മനസ്സിലാക്കി . മരണമെന്നാൽ സ്വയമൊരു നഷ്ടപ്പെടലാണ് , സ്വയം ഇല്ലാതെയാകുന്നതിനൊപ്പം പ്രിയപ്പെട്ടതും സ്നേഹിച്ചതും കാത്തു വെച്ചതും സൂക്ഷിച്ചതുമൊക്കെ അനാഥമാക്കുന്ന അലങ്കോലമാക്കുന്ന ഒരു വല്ലാത്ത കുഴപ്പം പിടിച്ച അവസ്ഥ . ഒരുപക്ഷെ ഇത്തരം ചിന്തകളാകാം വിത്സന്റെ രോഗത്തിന് കാരണമെന്നും എനിക്ക് തോന്നി. എനിക്ക് അമ്മാളുയമ്മാളോട് വല്ലാത്ത സഹതാപം തോന്നുകയും ഞാൻ കുമാരമംഗലത്തേയ്ക്കു യാത്ര തിരിയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു .
നാല്.
ഒരു ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു നാട് , അതായിരുന്നു കുമാരമംഗലം . നഗരത്തിന്റെ ബഹളങ്ങളോ വലിയ തിരക്കുകളോ ഇല്ലാതെ മഞ്ഞിലും മഴയിലും പുഴയിലുമൊക്കെ മുങ്ങി കിടക്കുന്നത് പോലെ ഒരിടം . അമ്മാളുയമ്മാളെ അറിയാത്ത ഒരാള് പോലും ആ ഗ്രാമത്തിൽ ഇല്ലായിരുന്നു. കൊച്ചുകുട്ടികളും വൃദ്ധരും യുവാക്കളും സഹിതം എല്ലാവരും ഒരേപോലെ സ്നേഹിച്ചിരുന്ന ബഹുമാനിച്ചിരുന്ന ഒരു വ്യക്തിത്വം അതായിരുന്നു അമ്മാളുയമ്മാൾ. മരണത്തിനു ശേഷവും ബഹുമാനിക്കപ്പെടുക സ്നേഹിക്കപ്പെടുക എന്ന് പറയുന്നത് ഒരു വലിയ ബഹുമതി തന്നെയാണ് .
കേട്ടറിഞ്ഞതും അന്വേഷിച്ചറിഞ്ഞതും സ്വപ്നത്തിൽ കണ്ടതുമൊക്കെ അവശ്വസനീയങ്ങളായ സത്യങ്ങളായിരുന്നു . അമ്മാളുയമ്മാളുടെ മരണശേഷം അവരുടെ അകന്ന ബന്ധത്തിൽ പെട്ട ആരൊക്കയോ ചേർന്ന് വീട് കൈയ്യടക്കി വെച്ചിരിക്കുന്നു . വീടിന്റെ ചുറ്റുമുള്ള മരങ്ങൾ മുറിയ്ക്കുന്നതിനുള്ള ലേലം നടക്കുന്നു. അനാഥമാക്കപ്പെട്ട അനേകം പക്ഷി മൃഗാദികൾ വീടിനു ചുറ്റും അസ്വസ്ഥതയോടെ കരഞ്ഞു കൊണ്ട് നടക്കുന്നു . നാട്ടുകാരിൽ ഒരു വലിയ ഭാഗം ആളുകൾ അകലെ നിന്നും മൂക്കത്തു വിരൽ വെച്ചുകൊണ്ട് ഈ കാഴ്ച കാണുന്നു . അനാഥമാക്കപ്പെട്ട സ്വപ്നങ്ങളും പ്രതീക്ഷകളും കൂടിയാണ് മരണമെന്നെനിക്കു അപ്പോൾ തോന്നി . .
പിന്നീട് പലപ്പോഴായി അമ്മാളുയമ്മാൾ എന്റെ സ്വപ്നത്തിൽ വരുകയും അവരുടെ നിർദേശങ്ങൾ അനുസരിച്ചു ഞാൻ കോടതിയെ സമീപിക്കുകയും അവർ എഴുതി വെച്ച വിൽപത്ര പ്രകാരം അവരുടെ സ്വത്തുകൾ ഏഴു പേരടങ്ങുന്ന ഒരു ട്രസ്റ്റിന് കൈമാറുകയും യാതൊരു വിധത്തിലുമുള്ള മാറ്റങ്ങളും വരുത്താതെ അമ്മാളുയമ്മാളുടെ പേരിലുള്ള ഒരു സ്മാരകമായി അവരുടെ വീടും ചുറ്റുപാടുകളും മാറുകയും ചെയ്തു .അവരുടെ മക്കളെ പോലെ അവർ സ്നേഹിച്ചിരുന്ന എല്ലാ പക്ഷികൾക്കും മൃഗങ്ങൾക്കും അവരുടെ ആവാസസ്ഥലം തിരിച്ചു കിട്ടി . ഇപ്പോൾ അമ്മാളുയമ്മാൾ എന്നെ തിരക്കി വരാറില്ല . അവസാനമായി വന്നപ്പോൾ നെറുകയിൽ നൽകിയ ചുംബനത്തിന്റെ ചൂട് ഇപ്പോഴും അതുപോലെ തന്നെ നിൽക്കുന്നുണ്ട് .
രണ്ടു മാസത്തെ നിരന്തരമായ യാത്രകളും തിരക്ക് പിടിച്ച ജോലിയും കാരണം ശരീരവും മനസ്സും വല്ലാതെ ക്ഷീണിച്ചിരിക്കുന്നു . ഇന്നെങ്കിലും സ്വസ്ഥമായൊന്നുറങ്ങണം .
വിഘ്‌നേശ്.
ഡോക്ടർ എന്തിനാണ് എന്നോട് ഇത്തരം ഒരു കുറിപ്പ് തയ്യാറാക്കാൻ പറഞ്ഞതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല . കുറിപ്പിന്റെ താഴെ പലവട്ടം വെട്ടിയെഴുതിയ പേര് വിത്സൺ എന്നാണെന്നു മനസ്സിലായപ്പോൾ എനിക്കെന്തോ വല്ലാത്ത പേടി തോന്നി . നാല് തവണ വിത്സൺ എന്നെഴുതി വെട്ടിക്കളഞ്ഞതിനു ശേഷമാണു ഞാൻ വിഘ്‌നേശ് എന്ന് എഴുതിയിരിക്കുന്നത് . സ്വന്തം പേര് വരെ മാറ്റിയെഴുതാൻ തക്ക മാനസിക അടുപ്പം ഞാനും വിത്സണും തമ്മിലുണ്ടോ എന്നെനിക്കു അതിശയം തോന്നി . തനിക്കും വിത്സണും ഇടയിൽ ഒരു റിവേഴ്‌സ് റിപ്പോർട് ബിൽഡ് ചെയ്യുന്നുണ്ടെന്നും ഇനി വിൽസണുമായി അധികം സംസാരത്തിനു പോകരുതെന്നും എന്റെ മനസ്സ് വിലക്കി . എല്ലാ ആശയക്കുഴപ്പങ്ങൾക്കും ഒരു തീരുമാനമാകുന്നതിനു മുൻപേ ഡോക്ടർ സിറിയക് റൂമിലേയ്ക്ക് കയറി വന്നു .
എന്ത് പറയുന്നു വിഘ്‌നേശ് സുഖമല്ലേ ... ? തന്റെ തിരക്കുകളെല്ലാം കഴിഞ്ഞോ ..? ഡോക്ടറുടെ മുഖത്ത് പതിവ് ചിരിയ്ക്ക് എന്തോ ഒരു അസ്വാഭാവികത ഉള്ളത് പോലെ എനിക്ക് തോന്നി.
" കഴിഞ്ഞു ഡോക്ടർ ..പക്ഷെ ഒരു ദിവസം ലീവ് വേണം . വല്ലാത്ത തലവേദനയും ക്ഷീണവും ..നന്നായി ഒന്നുറങ്ങണം ... "
അതിനെന്താ താൻ ലീവെടുത്തോടോ ... " ഡോക്ടർ എന്റെ തോളത്തു മൃദുവായി തട്ടി.
"വിത്സനോട് ഞാൻ ഒരു കുറിപ്പെഴുതാൻ പറഞ്ഞിരുന്നു , "
കൈയ്യിലിരുന്ന എഴുതി തീർത്ത കുറിപ്പ് ഞാൻ ഡോക്ടർ സിറിയക്കിനു കൈമാറി . ഒട്ടും ധൃതി കൂട്ടാതെ സാവകാശം ഡോക്ടർ ആ കുറിപ്പ് വായിക്കാൻ തുടങ്ങി . എന്റെ കണ്ണുകളപ്പോൾ ഡോക്ടറുടെ നീല കുമ്മായത്തിൽ ഉടക്കി കിടക്കുകയും പോക്കറ്റിൽ ചെറിയ നീല അക്ഷരങ്ങൾ തുന്നി പിടിപ്പിച്ച ഡോക്ടർ സിറിയക്ക് ചീഫ് സൈക്കിയാട്രിസ്റ് എന്ന ലേബൽ പലവട്ടം വായിക്കുകയും ചെയ്തു . വായനയ്ക്ക് ശേഷം ഡോക്ടർ അത്ഭുതത്തോടെ എന്നെ നോക്കി .
"വിത്സന്റെ രോഗം മാറുമോ ഡോക്ടർ ... എനിക്കെന്തോ അയാളോട് വല്ലാത്തൊരുടപ്പം തോന്നുന്നു . "
ഞാൻ ഡോക്ടറെ പ്രതീക്ഷയോടെ നോക്കി .
മാറ്റാം വിഘ്‌നേശ് .. പക്ഷെ വിത്സൺ ഇപ്പോൾ മറ്റൊരു വ്യക്തിയുടെ മുഖം മൂടിയ്ക്കുള്ളിൽ മറഞ്ഞിരിക്കുകയാണ് . അതായതു രോഗവും രോഗിയും ഇവിടെ രണ്ടായി നിൽക്കുകയാണ് . അത് മാറിയാലേ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ ...
"മനസ്സിലായില്ല ഡോക്ടർ .. എൻ്റെ അറിവിൽ വിൽസൺ തൻ്റെ രോഗത്തെ പറ്റി പൂർണ ബോധ്യവാനാണ് ."..ഞാൻ സംശയത്തോടെ ഡോക്ടറെ നോക്കി .
ഡോക്ടർ എന്റെ അടുത്തേയ്ക്കു കൂടുതൽ ചേർന്നു നിൽക്കുകയും വളരെ സാവകാശമുള്ള ശരീര ചലനങ്ങളോടെ എന്റെ കണ്ണുകളിലേക്കു ചാട്ടുളി പോലെ നോട്ടമെറിയുകയും ചെയ്തു .
"അതെ വിഘ്‌നേശ് ..വിത്സണ് തന്റെ രോഗത്തെ പറ്റി വ്യക്തമായ ധാരണയുണ്ട് .. പക്ഷെ ആ വിൽസൺ ....നീ തന്നെയാണ് വിഘ്‌നേശ് . വിൽസൺ എന്നൊരു രോഗി എന്നെ കാണാൻ വന്നു എന്നുള്ളത് നേരാണ് . പക്ഷെ ഒരു ചെറിയ കൗൺസിലിംഗിലൂടെ അയാളുടെ രോഗം മാറുകയും ചെയ്തു . ഇപ്പോൾ വിൽസൺ എന്ന പേരിൽ താൻ കാണുന്നതും താൻ എക്സ്പീരിയൻസ് ചെയ്യുന്നതും എല്ലാം തന്റെ അനുഭവങ്ങളാണ് . ഇവിടെ എനിക്ക് വിൽസൺ എന്നൊരു രോഗിയില്ല . എന്റെ സ്റ്റാഫ് ആയിരുന്ന താൻ തന്നെയാണ് ഇപ്പോൾ ആ അവസ്ഥയിലുള്ളത് ..."
എനിക്കെന്തോ ഡോക്ടർ തമാശ പറയുന്നത് പോലെയാണ് തോന്നിയത്. ഡോക്ടർ സിറിയക് പലപ്പോഴും പറയുന്ന കാര്യങ്ങൾ തമാശയാണോ സീരിയസാണോ എന്ന് വേർതിരിച്ചെടുക്കാൻ തന്നെ പ്രയാസമാണ് . ഞങ്ങൾ രഹസ്യമായി അദ്ദേഹത്തെ സൈക്കോ ഡോകട്ർ എന്നും വിളിക്കാറുണ്ട് .
"വിഘ്‌നേശ് ..താൻ വിശ്രമിക്കൂ .. ഞാൻ നാളെ വരാം . "
ഡോക്ടർ പുറത്തേയ്ക്കു ഇറങ്ങിയപ്പോഴാണ് വിൽസൺ കിടന്നിരുന്ന അതേ മുറിയിലാണ് താനിപ്പോൾ ഉള്ളതെന്ന് എനിക്ക് മനസ്സിലായത് . എന്റെ വസ്ത്രം കടുത്ത നീല നിറത്തിലുള്ള പാന്റ്സും ഷർട്ടുമായിരുന്നു . അത് ഞങ്ങളുടെ ആശുപത്രിയിലെ ഇന്മേറ്സിന്റെ യൂണിഫോമായിരുന്നു . തലയ്ക്കുള്ളിൽ വല്ലാത്തൊരു സ്ഫോടനം നടക്കുന്നത് പോലെ എനിക്ക് തോന്നി . എനിക്കറിയാം മനസ്സിന്റെ തുലനാവസ്ഥ എന്ന് പറയുന്നത് നേർത്തൊരു നൂലിനേക്കാൾ ലോലമാണെന്ന് .വളരെ ചുരുങ്ങിയ സമയം മതി താളം തെറ്റാൻ .
ചിതറി കിടന്നിരുന്ന പുസ്തകങ്ങൾക്കിടയിലൂടെ ഞാൻ പിന്നോട്ട് നടന്നു . പതുക്കെ കട്ടിലിലേക്ക് വീഴുമ്പോൾ നരച്ച തലമുടിയുള്ള അമ്മാളുയമ്മാളുടെ മുഖം എന്റെ ഓർമ്മകളിൽ നിന്നും മായുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു . പകരം വിത്സൺ കയറി വരുന്നു . അയാൾ എന്റെ നേരെ വിരൽ ചൂണ്ടി എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു . അയാൾക്ക് പിന്നിലായി അവ്യക്തമായ കുറേ രൂപങ്ങൾ എന്റെ നേരെ അലറിക്കൊണ്ടു ' പാഞ്ഞു വന്നു . ഏറ്റവും മുന്നിൽ വിത്സൺ ..പിന്നാലെ അമ്മാളുയമ്മാൾ ..അതിനും പിന്നിലായി കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കുറെയേറെ മുഖങ്ങൾ . ഞാൻ തലയിളക്കിയും കൈകാലിട്ടടിച്ചും അവരിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു . പക്ഷെ ദേഹം വെറുമൊരു തടിക്കഷണം പോലെ നിശ്ചലമായി ഒരേ കിടപ്പു തന്നെ കിടന്നു . കണ്ണ് തുറയ്ക്കാനുള്ള എന്റെ വെപ്രാളത്തിനിടയിൽ ഞാൻ വ്യക്തമായി കണ്ടു , വിത്സണ് എന്റെ മുഖമായിരുന്നു . അയാളുടെ പിന്നിൽ നിര നിരയായി മരിച്ചവരുടെ ഒരു നീണ്ട വരി തന്നെയുണ്ടായിരുന്നു . ഒരുപക്ഷെ എന്റെ പുതിയ വിരുന്നുകാർ . ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു .
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം

ക്രിസ്മസ് സമ്മാനം


 അയാൾ കടയടയ്ക്കാൻ തുടങ്ങുന്ന സമയത്താണ് അവൻ അകത്തേയ്ക്കു വന്നത് . വൈകുന്നേരം മുതൽ പലപ്പോഴായി അവനെ കടയ്ക്കു മുൻപിൽ അയാൾ കണ്ടതാണ് . ഏകദേശം ഒരു പതിനഞ്ചു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ചെറുക്കൻ . ഇപ്പോഴത്തെ കാലത്തു ചെറിയ പിള്ളേരെ പോലും വിശ്വസിക്കാൻ പറ്റില്ല എന്നൊരു തോന്നലുള്ളത് കൊണ്ട് അയാൾ അവനെ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു . മെലിഞ്ഞ മുഖവും നീണ്ട കാലുകളും . എണ്ണമയമില്ലാത്ത നീളൻ മുടി മുഖത്തേയ്ക്കു വീണു കിടക്കുന്നു . അവൻ വന്ന സൈക്കിൾ അടുത്ത് തന്നെ ഇരിപ്പുണ്ട് . കോഴിക്കടയുടെ മുന്നിൽ ഇവനെന്തിനാണ് ചുറ്റി തിരയുന്നത് എന്നൊരു ചോദ്യം അയാളുടെ മനസ്സിൽ ഉടക്കി കിടന്നു .

ഒരുപാടു അലഞ്ഞിട്ടാണ് അയാൾക്ക്‌ ആ കോഴിക്കടയിൽ ജോലി കിട്ടിയത് . നാട്ടിൽ അത്യാവശ്യം അറിയപ്പെടുന്ന ഗുണ്ടയായ അയാൾക്ക്‌ ജോലി കൊടുക്കുവാൻ ആരും തയ്യാറല്ലായിരുന്നു . അവസാനമായി നേർച്ചപെട്ടി മോഷ്ടിക്കാൻ ശ്രമിച്ചതിനും മോഷണ ശ്രമത്തിനിടയിൽ തടയാൻ ശ്രമിച്ച പള്ളീലച്ചനെ കുത്തി പരിക്കേൽപ്പിച്ചതിനുമാണ് അയാൾ ജയിലിൽ കിടക്കേണ്ടി വന്നത് . പക്ഷെ താൻ കുത്തിയ അച്ചൻ തന്നെ ജയിലിൽ സ്ഥിരം സന്ദർശകനായപ്പോൾ അയാൾ തനിയെ മാറുകയായിരുന്നു . ആ സമയത്തു തന്നെയാണ് പല തവണ ബൈബിൾ വായിച്ചതും പിന്നീട് സ്വയം തിരുത്തി നല്ലവനായി ജീവിക്കാൻ തീരുമാനിച്ചതും . അച്ചന്റെ തന്നെ ശുപാർശയിലാണ് ഇവിടെ ജോലിക്കു കയറിയത് . ഇന്നത്തെ കൂലി അഞ്ഞൂറ് രൂപയും അര കിലോ പ്ലം കേക്കും പിന്നെ ഒരു കോഴിയുമാണ് . നാളെ ക്രിസ്തുമസാണ്‌ . നേരത്തെ കട അടച്ചു പൊയ്ക്കോളാൻ വർക്കിച്ചൻ മുതലാളി പറഞ്ഞിട്ടുണ്ട് . രാവിലെ തന്നെ കേക്ക് മേടിച്ചു തന്നിട്ടാണ് മുതലാളി പോയത് .
മുതിർന്നതിൽ പിന്നെ ഇതുവരെ ഒരു വിശേഷ ദിവസവും വീട്ടിൽ ഇരിക്കാത്ത അയാൾക്ക്‌ ഇതൊക്കെയും പുതിയ അനുഭവങ്ങളായിരുന്നു . അമ്മക്കുള്ള മരുന്ന് വാങ്ങണം . അമ്മയുമൊത്തു ക്രിസ്മസ് ആഘോഷിക്കണം . കോഴിക്കറി വെച്ച് അമ്മച്ചിയെ ഞെട്ടിക്കണം . കേക്ക് മുറിയ്ക്കണം . അയാളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു . ഒന്നും കൊടുക്കാൻ സാധിച്ചിട്ടില്ല ഇതുവരെ ആ പാവത്തിന് . ഉള്ളിലെ കുറ്റബോധത്തിന്റെ അലകൾ അടങ്ങിയത് അവന്റെ വിളിയൊച്ചയിലാണ് .
"ചേട്ടാ .... ഞാൻ സഹായിക്കട്ടെ ..." അയാൾ തല ഉയർത്തി അവനെ നോക്കി . " എന്തിനു " അയാളുടെ ചോദ്യത്തിന് മുൻപിൽ അവനൊന്നു ചൂളി .
അയാളുടെ മുഖത്ത് നോക്കാതെയാണ് ബാക്കി അവൻ പറഞ്ഞത് ..
" അനിയത്തിക്ക് ചിക്കൻ ഭയങ്കര ഇഷ്ടമാ .. ക്രിസ്മസിന് വെച്ചിരുന്ന പൈസ 'അമ്മ ആശുപത്രിയിൽ കിടന്നപ്പോൾ ചെലവായി . ഞാനും അവളും അമ്മേം മാത്രേ ഉള്ളൂ വീട്ടിൽ , 'അമ്മ കെടപ്പാ ... പൈസ ഞാൻ പിന്നെ തരാം ..."
അയാൾ അവന്റെ കുനിഞ്ഞ മുഖത്തേയ്ക്കു നോക്കി .
" ബാ ..." അയാളവനെ കൈ കാണിച്ചു വിളിച്ചു . രണ്ടു പേരും ചേർന്നു . കടമുറി മുഴുവൻ വൃത്തിയാക്കി . കോഴിയുടെ വേസ്റ്റ് മൊത്തം പ്ലാസ്റ്റിക് കവറിലാക്കി മാറ്റി വെച്ചു. ദേഹത്ത് പറ്റിയ ചോരപ്പാടുകൾ നന്നായി കഴുകി വൃത്തിയാക്കി .
" നീ പഠിക്കാൻ പോണുണ്ടോ .." അവൻ ചുമലു വെട്ടിച്ചു .
" അച്ചായി മരിച്ചേൽ പിന്നെ ..പോകുന്നില്ല ..അനിയത്തി പോണുണ്ട് അവള് ഈ വർഷം അഞ്ചാം ക്ലാസ്സിലാ ... " അവൻ അഭിമാനത്തോടെ ചിരിച്ചു .
അപ്പോ നീയോ ...
" ഞാൻ രാവിലെ പേപ്പറിടാൻ പോകും .. വൈകുന്നേരം അന്തിപത്രം വിൽക്കാൻ പോണുണ്ട് . പിന്നെ അടുത്ത വീടുകളിലൊക്കെ ചില്ലറ സഹായമൊക്കെ ചെയ്യുന്നുണ്ട് . "
ആഹാ ... നീ മിടുക്കനാണല്ലോ ..
"ആകാതെ പറ്റില്ലല്ലോ ചേട്ടാ ... അനിയത്തിയെ പഠിപ്പിക്കണം , അമ്മേടെ മരുന്ന് .. ഈ അവസ്ഥ വന്ന ചേട്ടനും എന്നെ പോലെ ഒക്കെ ആയി പോയേനെ ..." അവൻ ചിരിച്ചു .
അയാളുടെ ഉള്ളു നീറി . എത്ര വർഷമാണ് വയ്യാത്ത അമ്മയെ ഒറ്റയ്ക്കിട്ടു താൻ ജീവിച്ചു തീർത്തത് .
"പോകാം ..." അയാൾ കട പൂട്ടിയിറങ്ങി . അവൻ ചോദ്യ ഭാവത്തിൽ അയാളെ നോക്കി .
ഞാനും വരാടോ നിന്റെ വീട്ടിലേക്കു . കൈയ്യിലിരുന്ന പൊതി അവന്റെ കൈയ്യിൽ കൊടുത്തു അയാൾ സൈക്കിളിൽ കയറി കാലു കൊണ്ട് പെഡല് കറക്കിയെടുത്തു . അവൻ ചിരിച്ചു കൊണ്ട് ചാടി പിന്നിൽ കയറി .
ചന്തയ്ക്കു പിന്നിലായി , വലിയ പാലത്തിനു കീഴേയ്ക്കാണ് അവൻ അയാളെ കൊണ്ട് പോയത് . അവിടെ പലക ചേർത്തടിച്ചുണ്ടാക്കിയ ഒരു വീട്ടിലേക്കു അവന്റെ പിന്നാലെ അയൽ കേറി . അയാളെ കണ്ടതും ഒരു പത്തുവയസ്സുകാരി വാതിലിനു പകരം വിരിച്ചിട്ട സാരിയുടെ പിന്നിലൊളിച്ചു . അയാൾ അവളെ കൈകാണിച്ചു വിളിച്ചു . ചേർത്തു പിടിച്ചു . നെറുകയിൽ ചുംബിച്ചു . കൈയിലിരുന്ന കേക്കും കോഴിയും അവളുടെ കൈയിൽ വെച്ചു കൊടുത്തപ്പോൾ പിന്നെയും അയാളുടെ കണ്ണുകൾ നിറഞ്ഞു . അകത്തു കയറി അവന്റെ അമ്മയെ കണ്ടു . അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു . ഇറങ്ങാൻ നേരം അയാളവനെ ചേർത്തു പിടിച്ചു .
പോക്കറ്റിൽ നിന്നും അഞ്ഞൂറ് രൂപ എടുത്തു അവന്റെ കൈയിൽ വെച്ചു കൊടുത്തിട്ടു പറഞ്ഞു . " ഇതു ചേട്ടന്റെ ക്രിസ്മസ് സമ്മാനമാണ് , ഇതൊന്നും മോൻ തിരിച്ചു തരേണ്ട. .. നീ എനിക്ക് അതിലും വലിയതാണ് ഇന്ന് തന്നതൊക്കെ .." കണ്ണുകൾ തുടച്ചു അയാൾ ഇരുട്ടിലേക്കിറങ്ങി നടന്നു . അകലെ നഗരമെങ്ങും ക്രിസ്മസ് ആഘോഷത്തിൽ മുങ്ങി നിൽക്കുന്നു .
ആരാ ചേട്ടായി.... ആ ചേട്ടൻ .... " അനിയത്തിയാണ്
അവൻ അവളെ നോക്കി . " ഉണ്ണിയേശുവിന്റെ ദൂതൻ .. " അവൻ ചിരിച്ചു . ഇത്തവണ നമ്മുടെ വീട്ടിൽ വന്ന മാലാഖയാ മോളെ അത് .." അവൻ അവളെ ചേർത്തു പിടിച്ചു . അവൾ അത്ഭുതത്തോടെ അവനെയും അയാൾ നടന്നു മറഞ്ഞ വഴിയിലേക്കും നോക്കി .
അമ്മേയെന്നു നീട്ടി വിളിച്ചു കൊണ്ടാണയാൾ വീട്ടിലേക്കു കയറി ചെന്നത് . തിണ്ണയിൽ അയാൾ മലർന്നു കിടന്നു ആകാശത്തേയ്ക്ക് നോക്കി . ചൂടൻ കട്ടൻ ചായയുമായി ഇറങ്ങി വരുന്ന അമ്മയെ നോക്കി അയാൾ ചിരിച്ചു . പിന്നെ എണീറ്റ് കെട്ടി പിടിച്ചു
ഉമ്മ
വെച്ചു .
എന്നതാടാ ..ചെറുക്കാ ... അവരവനെ നോക്കി ..
" അമ്മച്ചി ..നാളെ ക്രിസ്മസാണ് . കേക്ക് മേടിക്കാൻ പറ്റിയില്ല. . "
നീയുണ്ടല്ലോടാ ..അമ്മച്ചീടെ കൂടെ , എനിക്കതു മതി . .. അവരവന്റെ നെറ്റിയിൽ
ഉമ്മ
വെച്ചു .
തിണ്ണയിൽ മൂലക്കൊരു കവർ ഇരിക്കുന്നത് അപ്പോഴാണ് അയാൾ കണ്ടത് .
" ഇതെന്നതാ അമ്മച്ചിയൊരു പൊതി .."
" ങേ ..നീ തന്നതാണെന്നു പറഞ്ഞാണല്ലോ ഒരാൾ ഇവിടെ കൊണ്ട് വെച്ചിട്ടു പോയത് .. "
അയാളാ പൊതി എടുത്തു തുറന്നു . അകത്തു വലിയൊരു ക്രിസ്മസ് കേക്കും അമ്മയുടെ മരുന്നുകളും . അകത്തു നിന്നുമെപ്പോൾ നല്ല കോഴിക്കറിയുടെ മണം വരുന്നുണ്ടായിരുന്നു . അയാൾ ആകാശത്തേയ്ക്ക് നോക്കി . അനേകായിരം നക്ഷത്രങ്ങൾ അയാളെ നോക്കി കണ്ണുകൾ ചിമ്മി . അകലെ നിന്നും ക്രിസ്മസ് ഗാനത്തിന്റെ ശീലുകൾ ഒഴുകി വരുന്നുണ്ടായിരുന്നു .
അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം .

വിലാപങ്ങളുടെ പുസ്തകം ( കഥ )

 


ഒന്ന് -

" രാത്രിയിൽ അവൾ കരഞ്ഞു കൊണ്ടിരിക്കുന്നു ; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു "
" എനിക്ക് ജീവനുണ്ടോ സർ , അതോ ഞാൻ മരിച്ചോ .."
ആലയിലേക്കെന്ന പോലെ ഉരുകി വീണ ആ വാക്കുകൾ മാത്യുവിനെ വീണ്ടും വീണ്ടും കുത്തി നോവിച്ചു കൊണ്ടിരുന്നു . രാത്രി ഒരുപാടു വൈകിയിട്ടും ഇരുട്ടിലേക്ക് രാത്രി പിന്നെയും പിന്നെയും കറുപ്പൊഴിച്ചിട്ടും ഉറങ്ങാനാവാതെ അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു . പാതിയും അടഞ്ഞു അൽപ ജീവൻ മാത്രം തുടിയ്ക്കുന്ന ആ കണ്ണുകൾ അയാളുടെ മുഖത്തിന് നേരെ വീണ്ടും വീണ്ടും അടച്ചു തുറന്നു . അവ്യക്തമായ കാഴ്ചകളാകാം അവളെ ഒരുപക്ഷെ അങ്ങനെ ചിന്തിപ്പിച്ചത് . ഒരു തുള്ളി വെള്ളം പോലെ കുടിയ്ക്കാതെ മൂന്നു ദിവസങ്ങൾ , ഏകദേശം എഴുപത്തിരണ്ട് മണിക്കൂറുകൾ , നാലയായിരത്തി മുന്നൂറ്റി ഇരുപതു മിനിറ്റുകൾ , രണ്ടു ലക്ഷത്തി അൻപത്തിയൊൻപതിനായിരത്തിയിരുന്നൂറു സെക്കൻഡുകൾ ഏകദേശം പതിനാലു വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടി എങ്ങനെയാകും കഴിച്ചു കൂട്ടിയിട്ടുണ്ടാവുക. അതും പകലും രാത്രിയ്ക്കു സമാനമായ ഇരുൾ പരന്നൊഴുകി കിടക്കുന്ന ആ കുറ്റിക്കാടിനുള്ളിൽ ഒറ്റയ്ക്കൊരു പെൺകുട്ടി ഭയന്ന് വിറങ്ങലിച്ചു പാതി ജീവനുമായി നഗ്നമായി കിടക്കുന്ന ഓർമ്മയിൽ അയാളുടെ ഉള്ളകം പിടഞ്ഞു . മാത്യു കണ്ണുകൾ ഇറുക്കി അടച്ചു
ജീവന് വേണ്ടിയുള്ള പിടച്ചലിന്റെ ഓർമ്മയിൽ അയാൾ കട്ടിലിൽ കിടന്നു പിടഞ്ഞു. അയാളുടെ ഉള്ളിൽ ഒരൊമ്പതു വയസ്സുകാരൻ ജനിക്കുകയും അവന്റെ കണ്ണുകൾ പിന്നോട്ട് മലയ്ക്കുകയും ചെയ്തു . നിലത്തു കിടന്നു പിടഞ്ഞ അവന്റെ വായിലൂടെ നുരയും പതയും ഒലിച്ചിറങ്ങി . മലവും മൂത്രവും കൂടിക്കലർന്ന പച്ചമണ്ണിൽ അവൻ ജീവന് വേണ്ടി ഉരുണ്ടു പിടഞ്ഞു .കണ്ണുകൾ തുറിച്ചു വരികയും ശ്വാസം തൊണ്ടക്കുഴിയിൽ എവിടെയോ ഒടക്കുകയും ചെയ്തു . കൈകാലുകളുടെ പേശികൾ കല്ലിക്കുകയും ശരീരത്തിന്മേലുള്ള തന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. കൈകാലുകൾ മടക്കാനോ ഇളക്കാനോ സാധിക്കാതെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടൊരു യന്ത്രമനുഷ്യനെ പോലെ കിടക്കയിൽ അയാൾ വടി പോലെ കിടന്നു. ശക്തമായ ഒരു കുര തൊണ്ടയിൽ വല കെട്ടി കിടന്നു . അബോധാവസ്ഥയിൽ ഒരു പിടച്ചലിന്റെ അവസാനത്തിൽ , ഒരൊറ്റ ശ്വാസത്തിന്റെ ശക്തിയിൽ അയാൾ കട്ടിലിൽ നിന്നും വെളുത്ത ടൈലുകൾ പാകിയ തറയിലേക്ക് എടുത്തെറിയപ്പെട്ടു . തിരിച്ചു കിട്ടിയ ശ്വാസവും ബോധവും അയാളെ ഇന്നത്തെ ഈ നിമിഷത്തേക്ക് തിരികെ വലിച്ചിട്ടു . കാലുകൾ നീട്ടി തറയിൽ കുനിഞ്ഞിരുന്ന അയാളുടെ വായിൽ നിന്നും കൊഴുത്ത തുപ്പൽ ചിറിയിലൂടെ തറയിലേക്ക് ഒഴുകി വീഴുന്നുണ്ടായിരുന്നു .
രണ്ട്.
"യെരുശലേം കഠിന പാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു .അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്‌നത കണ്ടു അവളെ നിന്ദിക്കുന്നു ."
" എന്താണ് ,മാത്യു സംഭവം ...എന്താണ് കുട്ടിയ്ക്ക് സംഭവിച്ചത് "
മുന്നിലിരിക്കുന്ന യൂണിഫോം ധരിക്കാത്ത പോലീസ് ഉദ്യോഗസ്ഥനെ മാത്യു മുഖം ഉയർത്തി നോക്കി . എന്നോ കണ്ടു മറന്നൊരു മുഖം പോലെ മാത്യുവിന്റെ ഉൾത്തടം വിങ്ങാൻ തുടങ്ങി . മുപ്പതു വർഷത്തെ ഔദ്യേഗിക ജീവിതത്തിൽ ഇങ്ങനെ എത്ര എത്ര മുഖങ്ങൾ . രണ്ടു പേരും പരിചിതഭാവത്തിലെന്ന പോലെ ചിരിച്ചു .
"ഐ ആം അബി കുരുവിള . സി ഐ ആണ് . ഇങ്ങനെ ഒരിടം ആയതു കൊണ്ടാണ് യൂണിഫോം വേണ്ടെന്നു വെച്ചത് . " അയാൾ ഹസ്ത ദാനത്തിനായി കൈ നീട്ടി . അസാധാരണമാം വിധം തണുത്തതും മൃദുലവുമായ ആ
കൈകളിൽ നിന്നും തന്റെ കരം വലിച്ചെടുത്തു മാത്യു ഒന്നു കൂടെ അബിയെ നോക്കി . പോലീസ് ആണോയെന്ന് സംശയം തോന്നിയേക്കാവുന്ന അത്രയും സുമുഖനായ ഒരു ചെറുപ്പക്കാരൻ . ഇയാൾക്ക് വേറെ ഒരു പണിയും കിട്ടിയില്ലേ എന്ന സംശയത്തോടെ മാത്യു ഇന്നലെ രാത്രി എഴുതി പൂർത്തിയാക്കിയ കേസ് സ്റ്റഡി ഫയലും റെക്കോർഡഡ് കൗൺസിലിംഗ് സെഷനും അയാളുടെ മുന്നിലേയ്ക്ക് നീട്ടി വെച്ചു.
മോളെ ... മോൾക്ക് സംസാരിക്കാൻ പറ്റുമോ ഇപ്പോൾ ....കൗൺസിലർ നയനയുടെ റെക്കോർഡഡ് വോയ്‌സ് പതിവില്ലാതെ വിധം നന്നായി വിറച്ചിരുന്നു. മുന്നിലിരിക്കുന്ന കുട്ടി തനിക്കൊരു ക്ലയന്റ് മാത്രമാണ് എന്ന കാര്യം തന്റെ ബോധമനസ്സിനെ വിശ്വസിപ്പിക്കാൻ നയന വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു.
" എനിക്ക് ജീവനുണ്ടോ , അതോ ഞാൻ മരിച്ചോ .."
ഭയപ്പാടോടെ, ചുറ്റും കാണുന്ന ഓരോ കാഴ്ചയെയും പേടിയോടെ നോക്കുന്ന ആ കുട്ടിയോട് എങ്ങനെയാണു സംസാരിക്കേണ്ടത് എന്ന് നയനക്കു ‌ സംശയം തോന്നി .
" മോള് പേടിക്കണ്ട .. മോൾക്ക് ഒരു കുഴപ്പവുമില്ല . മോളിപ്പോൾ വളരെ സേഫ് ആണ് . ചേച്ചി മോളെ സഹായിക്കാൻ വന്നതാണ് . മോൾക്കിപ്പോൾ സംസാരിക്കാൻ പ്രയാസമുണ്ടെങ്കിൽ ഞാൻ വേറൊരു ദിവസം വരാം.."
വളരെ താഴ്ന്ന ശബ്ദത്തിൽ സംസാരിക്കുകയും ദീർഘമായി ശ്വാസമെടുക്കയും ചെയ്യുന്ന അവളുടെ മുന്നിൽ നിന്നും എന്തോ അപ്പോൾ ഓടി രക്ഷപ്പെടാനാണ് നയനയ്ക്ക് തോന്നിയത് . തല കുനിച്ചിരിക്കുന്ന അവളുടെ മുഖത്ത് അവിടവിടെയായി ഒന്നിലേറെ ബാന്ഡേജുകൾ ഒട്ടിച്ചു വെച്ചിരിക്കുകയാണ് . കണ്ണിന്റെ ചുറ്റിനും ചുണ്ടിന്റെ മുകളിലും താഴെയുമൊക്കെയായി രക്തം കട്ടപിടിച്ച പോലെ കിടക്കുന്നു . മുഖത്ത് അവിടവിടെയായി നഖപ്പാടുകൾ .
" അവർക്കെന്നെ ഇഷ്ടമല്ലായിരുന്നു സാർ .. അവരുടെ കൂടെയുള്ള ചുവന്ന കണ്ണുകളുള്ള ആ വൃത്തികെട്ട ആളിനും . എന്റെ അപ്പായെ അവര് കൊന്നതാ.. അപ്പായ്ക്ക് വയ്യായിരുന്നു , കെടപ്പായിരുന്നു . ശ്വാസം മുട്ടിച്ചു കൊന്നതാ .. "
കുനിഞ്ഞിരുന്ന അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി . നയന അവളെ ചേർത്തു പിടിച്ചു . ശിരസ്സിൽ മെല്ലെ തലോടി.
ശരീരത്തിന്റെ ഓരോ കോണിലും ഇപ്പോഴും ബാക്കി നിൽക്കുന്ന അനാഥത്വത്തിന്റെ മുള്ളുകൾ അയാളുടെ ഞെരമ്പുകളിൽ ചുവന്ന പൊട്ടുകൾ വീഴ്ത്തി ആഴ്ന്നിറങ്ങാൻ തുടങ്ങി.
" അപ്പ പോയതിൽ പിന്നെ എന്നെ സ്‌കൂളിൽ വിട്ടിട്ടില്ല , വീട്ടിലെ പണിയൊക്കെ ചെയ്യും . അയാൾ വരുന്ന ദിവസം അടുത്ത വീട്ടിലാ പോയി കിടക്കാറ്. അല്ലെങ്കിൽ അയാൾ അനാവശ്യമായി എന്നെ തൊടാൻ വരും . ഉപദ്രവിക്കും . അവർക്കു കുട്ടികൾ ഉണ്ടാകാത്തത് എന്റെ കുറ്റം കൊണ്ടാണെന്നു എന്നും പറയും . എപ്പോഴും വഴക്കു പറയും . അടിക്കും .. തീക്കൊള്ളി കൊണ്ട് കുത്തും . തലയിൽ പിടിച്ചു വെള്ളത്തിൽ മുക്കി വെയ്ക്കും . പിന്നെ ഒരുനാൾ ഒരു ചുവന്ന മുണ്ടുടുത്ത കറുത്ത നിറമുള്ള ഒരാൾ വന്നു . അയാളുടെ ദേഹം നിറയെ രോമമാണ് . വലിയ താടിയും കഴുത്തിൽ കൊറേ മാലകളും , തലയിൽ ചുവന്ന ഒരു കെട്ടും .. അവർ വീട്ടിൽ എന്തെല്ലാമോ കൊറേ മന്ത്രവാദങ്ങളൊക്കെ ചെയ്യാറുണ്ട് . കോഴിയെ ഒക്കെ കൊന്നു , അതിന്റെ ചോര മുറിയിലൊക്കെ ഒഴിക്കും . അയാൾ വന്നതിൽ പിന്നെ എന്നെ അവർ ഉപദ്രവിച്ചില്ല, കൊറേ നാൾ സ്നേഹമൊക്കെ കാണിച്ചു.. "
" അപ്പോൾ ഇതൊരു ചൈൽഡ് അബ്യുസ് കേസ് മാത്രമല്ല ..അല്ലെ ..മാത്യു .." അത് പറയുമ്പോൾ ആ പോലീസുകാരന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു .
"സാംസ്കാരികമായും വിദ്യാഭ്യാസപരമായും സാങ്കേതികമായും ഏറെ ഔന്നത്യം അവകാശപ്പെടുന്ന കേരളത്തിലും ഇത്തരം കൊറേ പന്ന ....മോന്മാരുണ്ട്‌..മതം വിശ്വാസം .. മന്ത്രവാദം ആൾ ദൈവം തേങ്ങാക്കൊല ..അവന്റെയൊക്കെ ...എല്ലാത്തിനെയും വെടിവെച്ച് കൊല്ലണം.. " ശരീരത്തിന്റെ ഓരോ രോമത്തിലേക്കും അരിച്ചു കയറുന്ന ദേഷ്യം അടക്കാനെന്ന വണ്ണം അയാൾ പല്ലുകൾ കടിക്കുകയും കൈകൾകൊണ്ട് തലയിൽ അമർത്തി ഇടിക്കുകയും ചെയ്തു .
പുറത്തു ഒരു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു . എത്രയെത്ര കഥകൾ ..എത്രയെത്ര ജീവിതങ്ങൾ ..എത്രയെത്ര അനുഭവങ്ങൾ ..എന്നിട്ടും . മാത്യു പിന്നിലോട്ടു ചാരി, ദീർഘമായി ഒന്ന് നിശ്വസിച്ചു .
മൂന്ന്.
"അയ്യോ പൊന്നു മങ്ങിപ്പോയി , നിർമലതങ്കം മാറിപ്പോയി , വിശുദ്ധ രത്‌നങ്ങൾ സകല വീഥികളുടെയും തലയ്ക്കൽ ചൊരിഞ്ഞു കിടക്കുന്നു . "
"വർക്കി ചേട്ടാ , ഇത് മരുന്നു കൊണ്ടൊന്നും നിക്കത്തില്ല, ഇത് നിങ്ങള് കരുതണ പോലെ വെറും സൂക്കേടുമില്ല , ഇത് മറ്റതാ .. ബാധ കേറിയത് .. "
തെക്കേലെ ഗോപി വർക്കിയുടെ ചെവിയിൽ നാവു കടത്തിയിട്ടാണത് പറഞ്ഞത്. വർക്കി അസഹ്യതയോടെ തല വെട്ടിച്ചു .
"തേങ്ങാ ,നീയൊന്നു പോയെ ഗോപി ഈ ഇരുപതാം നൂറ്റാണ്ടിലല്ലേ അവന്റമ്മേടെ ബാധ .."
വർക്കി വായിൽ കിടന്ന മുറുക്കാൻ ചുണ്ടിലോട്ടു ചേർത്ത് വെച്ച വിരലുകൾക്കിടയിലൂടെ മുറ്റത്തിനപ്പുറത്തേയ്‌ക്ക്‌ നീട്ടി തുപ്പി . ഒന്ന് കാർപ്പിച്ചു അണ്ണാക്കിൽ പറ്റി കിടന്ന അടയ്ക്കയുടെയും വടക്കൻ പൊകലയുടെയും അവശിഷ്ടങ്ങൾ നാവു കൊണ്ട് ചുറ്റിച്ചെടുത്തു ഒന്നുകൂടി കാറി തുപ്പി.
"എന്റെ ചേട്ടാ ...അനുഭവം കൊണ്ട് പറയുവാ .. നിങ്ങള് കൊറേ നാളായില്ലേ ചെക്കനെ കൊണ്ട് ആശൂത്രി വരാന്ത നെരങ്ങാൻ തൊടങ്ങിയിട്ട് , വല്ല മാറ്റോം ഉണ്ടോ .. ഒരു തവണ ഞാൻ പറയണത് ഒന്ന് കേക്ക് .. ഞാൻ നമ്മുടെ കോപ്പാളനോട് ഈ വഴി ഒന്നിറങ്ങാൻ പറയാം .. " ഗോപി വർക്കി ചേട്ടന്റെ മുഖത്തേയ്ക്കു കണ്ണുകൾ കൂർപ്പിച്ചിറക്കിയിട്ടു. വർക്കി മീശത്തുമ്പത്തിരുന്ന ചുവന്ന തുപ്പല് കൈപ്പത്തിയുടെ പുറകു വശത്തിനു തുടച്ചു ഗോപിയെ നോക്കി.
ചെവിയ്ക്കു ചുറ്റിനു പറന്നു മൂളുന്ന വണ്ടിന്റെ ശബ്ദം അസഹ്യമായപ്പോൾ അയാൾ രണ്ടു കൈയ്ക്കും ചെവി അമർത്തി അടച്ചു പിടിച്ചു .
"ഇത് .. ബാധ കേറിയതാ ... അവൾടെ അപ്പന്റെ ആത്മാവ് ഇപ്പോഴും അവൾടെ ദേഹത്തു തന്നെയുണ്ട് . മണിയന്റെ വണ്ടി മറിച്ചതും തങ്കേടെ കാലിൽ പാമ്പു ചുറ്റിയതും ഒക്കെ അങ്ങേരുടെ പണിയാ ... "
തങ്കയും മണിയനും മുഖത്തോടു മുഖം നോക്കി . മണിയന്റെ മൊട്ടത്തലയിൽ നിന്നും കറുത്ത വിയർപ്പു മണികൾ മുഖത്തേയ്ക്കു ഉരുണ്ടു വീണു . വേലൻ മൂപ്പന്റെ കണ്ണുകൾ വിയർപ്പു മണികൾ ഉരുണ്ടു കളിക്കുന്ന തങ്കയുടെ മുഴുത്ത നെഞ്ചിൽ തന്നെ വട്ടമിട്ടു നിന്നു. അയാൾ നാവു നീട്ടി ചുണ്ടു നനച്ചു .
" ഇച്ചിരി പച്ചവെള്ളമിങ്ങെടുത്തേ .. " മൂപ്പൻ തങ്കയുടെ മഷിയെഴുതിയ കണ്ണിലോട്ടു നോക്കിയാണ് പറഞ്ഞത് ..
" ടി മറുതേ ... ഒരു ഗ്ലാസ് വെള്ളമിങ്ങെടുത്തേടി ..... " തങ്ക അകത്തേയ്ക്കു നോക്കി അലറി .
മൂപ്പന്റെ കണ്ണുകളൊരു ചൂണ്ട പോലെ വളഞ്ഞു നീണ്ടു കൂർത്തു പെരയുടെ അകത്തേയ്ക്കു മുന നീട്ടി ചെന്നു. പേടിച്ചരണ്ടൊരു പെണ്മുഖം , കരഞ്ഞു വീർത്ത കണ്ണുകളുമായി പുറത്തേയ്ക്കിറങ്ങി വന്നു . മൂപ്പന്റെ കണ്ണുകൾ വിടർന്നു കുറുകി . അടി കൊണ്ട് തിണർത്ത പാടുകൾ മായാതെ കിടക്കുന്ന കാലുകളിലേക്കു അയാൾ കണ്ണെത്തിച്ചു കിതച്ചു . വെള്ളം വാങ്ങി കുടിക്കുമ്പോഴും അയാളുടെ കണ്ണുകൾ അവളിൽ തന്നെ പതഞ്ഞു കിടന്നു . " തങ്കയുടെ മോള് തന്നെ .." അയാൾ മനസ്സിൽ പറഞ്ഞു .
" നിങ്ങള് കൊറച്ചു നാളവളോട് ഒന്ന് തഞ്ചത്തിൽ നിക്ക് , വല്ലോമൊക്കെ മേടിച്ചു കൊടുക്ക് , രണ്ടിനേം ഞാൻ ഒഴുവാക്കി തരാം. നിങ്ങടെ കഷ്ടകാലോം മാറും , തങ്കയ്‌ക്കു വയറ്റിക്കനിയും കിട്ടും .. അടുത്ത അമാവാസി വരെയൊന്നു സൂക്ഷിച്ചും കണ്ടും നിന്നോ .. "
അരയിൽ നിന്നും ചുവന്ന നൂലിൽ കെട്ടിയ രണ്ടു ഏലസ്സ് മൂപ്പൻ വലിച്ചെടുത്തു . "ഇത് രണ്ടു പേരും അരയിൽ കെട്ടിക്കോ ". കണ്ണടച്ച് എന്തൊക്കയോ മന്ത്രങ്ങൾ ചൊല്ലി ആ ഏലസ്സ് രണ്ടും അയാൾ തങ്കയുടെ കൈയിലേക്ക് വെച്ചു കൊടുത്തു .
" കൊച്ചിന് എന്നാ പ്രായം വരും .."
"പതിനാലു .. " തങ്ക കണ്ണടച്ച് പ്രാർത്ഥിച്ചു ഏലസ്സ് വാങ്ങി .
" നല്ല പ്രായമാ .. " അയാളൊന്നു ഇളകി ചിരിച്ചു . " കരിങ്കുട്ടി ചാത്തന് സന്തോഷമാകും " .
ഇറങ്ങും മുൻപ് ഒരിക്കൽ കൂടി മൂപ്പൻ തങ്കയെ കണ്ണുകൾ കൊണ്ട് നന്നായി ഒന്നുഴിഞ്ഞു . " സാധനങ്ങളുടെ ലിസ്റ്റ് ഞാൻ കൊടുത്തുവിടാം , പിന്നെ കൊച്ചിനെ നന്നായി നോക്കണം . ചാത്തനുള്ള ബലിയാ .."
അയാൾ കുറച്ചു കൂടെ തങ്കയോട് ചേർന്ന് നിന്നു . അയാളുടെ കറുത്ത ചെമന്ന ചുണ്ടുകൾ താങ്കളുടെ കാതിൽ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ കൊണ്ട് വെച്ചയാൾ പതുക്കെ പറഞ്ഞു . " കൊച്ചു നല്ല സന്തോഷത്തിലാണെന്നു നാട്ടുകാരൊക്കെ അറിഞ്ഞോട്ടെ .." പോകും മുൻപേ അയാൾ മണിയനെ കൈവീശി കാണിച്ചു .
നാല്.
" മഹതിയാം ബാബിലോൺ ;വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതിയിട്ടുണ്ട് "
മരുന്നിന്റെ ക്ഷീണത്തിൽ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോഴും അന്നത്തെ ആ രാത്രി അവളുടെ മനസ്സിലേക്ക് തികട്ടി വന്നു.അന്നും ഇതു പോലെ നല്ല ഇരുട്ടുള്ള രാത്രി ആയിരുന്നു . ഇരുട്ടിലേക്ക് കറുത്ത ടാറുരുക്കി ഒഴിച്ചത് പോലെ കറുപ്പ് കട്ട പിടിച്ച രാത്രി . രാത്രി നേരത്തെ എത്തുകയും പകലുകൾക്കു നീളം കുറയുകയും ചെയ്യുന്ന ദിവസങ്ങളിലൊന്ന് . മൂപ്പനും മെലിഞ്ഞു കൊതുകിനു സമാനമായ മുഖം ഉള്ളവനുമായ ഒരു ശിഷ്യനും നേരത്തെ തന്നെ എത്തി ചേർന്നിരുന്നു . മണിയൻ അവർക്കായി കരുതി വെച്ച വാറ്റു ചാരായം മൂന്നു പേരും ചേർന്ന് നന്നായി കുടിച്ചു .
"കുട്ടിയോട് എന്താ പറഞ്ഞേക്കുന്നത് ..?
ഇറച്ചിക്കറിയുമായി മുറിയിലേക്ക് കേറി വന്ന തങ്കയോട് മൂപ്പൻ തിരക്കി .
" അപ്പന്റെ ആത്മാവിന് ശാന്തി കിട്ടാനുള്ള പൂജയാണെന്നാ പറഞ്ഞേ .."
ആഹ് ..അത് നന്നായി .." മൂപ്പൻ തല കുലുക്കി " ചൊവന്ന പാട്ടൊക്കെ ഉടുപ്പിച്ചോ .." അയാളുടെ കണ്ണുകൾ കൂടുതൽ ചുവന്നു . തങ്ക തലയാട്ടി .
" ഇനി കുറച്ചു സമയം കൂടിയേ ഉള്ളൂ .. കൂടെ ആരും വരണമെന്നില്ല ..ഞാനും കുട്ടിയും മാത്രം " മൂപ്പൻ തോളിലേക്കി വീണു കിടന്ന മുടി പിന്നലോട്ടു തട്ടിയിട്ടു .
അയാൾക്ക് തൊട്ടു മുന്നിലായി നനഞ്ഞ വസ്ത്രവും ചുറ്റി അവൻ നടന്നു . കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ടാണ് . പക്ഷെ തന്റെ സൂക്കേട് മാറണം. മടുത്തു . കളിക്കാൻ വയ്യ ..ഓടാൻ വയ്യ . ഇനിയെങ്കിലും മനേലേ പാടത്തു ഫുടബോൾ കളിക്കുമ്പോൾ തനിക്കു കൂടണം . അങ്ങനെ എന്തെല്ലാമോ ആലോചിച്ചു നടന്നു കാളി കാവിനു മുന്നിലെത്തിയത് അവൻ അറിഞ്ഞതേ ഇല്ല . കോപ്പാളൻ അവന്റെ കൈയ്യിൽ ബലമായി പിടിച്ചു .
"ഇവിടെ നില്ക്കു ... ഇനി കണ്ണടച്ച് പ്രാർത്ഥിച്ചോ " അത് അയാളുടെ കൽപ്പനയായിരുന്നു . അവൻ കണ്ണുകൾ അടച്ചു പിടിച്ചു . തണുത്ത കാറ്റിൽ പല്ലുകൾ കൂട്ടിമുട്ടി ശബ്ദം പുറത്തേയ്ക്കു വന്നു . തണുത്ത കാറ്റും നനഞ്ഞ ചേലയും അവൻ ആലില പോലെ വിറയ്ക്കാൻ തുടങ്ങി .
" വാഴയില ഇവിടെ ഇടുക ....എന്നിട്ടു ചെക്കനെ അതിൽ കിടത്തുക ." അയാൾ ശിഷ്യനോട് പറഞ്ഞു . പേരറിയാത്ത എന്തെല്ലാമോ ജീവികളുടെ പേടിപ്പിക്കുന്ന കരച്ചിലും ഓരിയിടലും അവന്റെ കാതിൽ വന്നു വീണു . വാഴയിലയിൽ നിവർന്നു കിടക്കുമ്പോൾ കണ്ണുകൾ തുറയ്ക്കാൻ അവൻ ഭയപ്പെട്ടു . അടുത്ത് ഒരു കോഴി ജീവന് വേണ്ടി കരയുന്നതു അവൻ കേട്ടു. വല്ലാത്തൊരു ഗന്ധം ,, അവനു മനം പുരട്ടി .പിടയ്ക്കുന്ന കോഴിയുടെ ശബ്ദം അവന്റെ ദേഹത്തേയ്ക്ക് പടർന്നു കയറി . അവനു ദേഹത്തു എന്തെല്ലാമോ ഇഴയുന്നത് പോലെ തോന്നി . ബലമായി ആരോ കമഴ്ത്തി കിടത്തുന്നു . തന്റെ വസ്ത്രം ആരോ അഴിച്ചെടുക്കുന്നു . അപ്പോൾ ഭീകരമായ ശബ്ദത്തിൽ കോപ്പാളൻ അലറാൻ തുടങ്ങി . ഇതുവരെ കേട്ടിട്ടില്ലാത്ത ഭാഷയിൽ അയാൾ ആരോടെല്ലാമോ ഉച്ചത്തിൽ സംസാരിക്കാനും കല്പിക്കാനും തുടങ്ങി . ശരീരത്തിന് ഭാരം കൂടുന്നു. തലമുടി കത്തുന്ന മണം. പച്ച ഇറച്ചി തീയിൽ വേകുന്ന മണം . കറുത്ത കോഴിയുടെ ചോരയുടെ മണം . അവനു മണം പുരട്ടി വന്നു . വായിലൂടെ കൊഴുത്ത ഛർദിൽ വാഴയിലയിലേക്കു ഒഴുകാൻ തുടങ്ങി . ആരോ അവന്റെ കഴുത്തു വാഴയിലയോടു ചേർത്ത് പിടിക്കുന്നു . ഛർദിൽ മൂക്കിലേക്കും വായിലേക്ക് തിരികെ കയറുന്നു .അവനു ശ്വാസം മുട്ടാൻ തുടങ്ങി . പിൻഭാഗത്തു ആരോ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കും പോലെ അവനു വേദനിക്കാൻ തുടങ്ങി . ഇലക്കീറിലൂടെ മുഖം പച്ചമണ്ണിലേക്കു ഉരഞ്ഞിറങ്ങി. പുറത്തെ ഇരുട്ട് ഉള്ളിലേക്ക് വ്യാപിക്കുന്നത് അവനറിഞ്ഞു . ഇരുട്ടാണ് , കറുത്ത കൊഴുത്ത ഇരുട്ട് .
ഇരുട്ടിലേക്ക് മുഖമടിച്ചു വീഴുമ്പോൾ പിന്നിൽ ആരുടെയോ ചിരി അവൾക്കു കേൾക്കാമായിരുന്നു . ഇരുളിൽ ഒളിഞ്ഞിരുന്നു ഭയപ്പെടുത്തുന്ന ശബ്ദം ഉണ്ടാക്കുന്ന ജീവികളെ അവൾക്കപ്പോൾ ഭയം തോന്നിയില്ല . അവയേക്കാൾ എത്രയോ വിഷം നിറഞ്ഞ മനുഷ്യനാണ് തന്റെ പിന്നിൽ ഉള്ളതെന്ന് അവൾക്കു മനസ്സിലായി തുടങ്ങിയിരുന്നു . ചുവന്ന പട്ടുടുത്തു ഒരു ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളാൻ അവളുടെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു . എവിടെ നിന്നോ ഒരു കൊടുവാൾ പറന്നു വരുന്നതും ആ വാളിനാൽ അയാളുടെ കഴുത്തു നോക്കി ആഞ്ഞു വെട്ടുന്നതും അവൾ വെറുതെ മനസ്സിലോർത്തു . കാലുകളിൽ ആരുടെയോ കൈകൾ അമരുന്നു . ശരീരം തളർന്നു പോകുന്നത് പോലെ അവൾക്കു തോന്നി . ഈ ലോകത്തു മാന്വഷ്യനേക്കാൾ വിഷമുള്ള ഒരു ജീവി ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും അവൾ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത് . ഇരുളിലേക്ക് ആഴ്ന്നിറങ്ങി മണ്ണിലേക്ക് താണു പോകാൻ ആശിച്ചു കൊണ്ടവൾ പിടഞ്ഞു . കരച്ചിലിന്റെ ചീളുകൾ നെഞ്ചിൽ തളം കെട്ടി ഹൃദയം മുറിഞ്ഞു . ബലിഷ്ഠമായ രണ്ടു കാരങ്ങൾക്കിടയിൽ അവളുടെ സ്ഥൂലിച്ച ശരീരം വരയ്ക്കുകയും വെട്ടി വിയർക്കുകയും ചെയ്തു . നട്ടെല്ലെന്റെ അടി ഭാഗത്തു നിന്നുമൊരു മിന്നൽ ശരീരത്തിന്റെ സർവ കോണുകളിലേക്കും വ്യാപരിക്കുന്നത് അവളറിഞ്ഞു . കഴുത്തിനു പിന്നിൽ പേ പിടിച്ചൊരു നായ നാവു നീട്ടി നിൽക്കുന്നത് മനസ്സിലാക്കിയ അവൾ ശക്തമായ അതിനെ കുടഞ്ഞെറിയാൻ ശ്രമിച്ചു . പക്ഷെ ഓരോ നിമിഷത്തിനപ്പുറവും ശരീരം കൂടുതൽ കൂടുതൽ തളരുകയാണ് . ആദ്യാവസാനങ്ങളില്ലാത്തൊരു ലോകത്തേയ്ക്ക് താൻ വലിച്ചെറിയപ്പെടുകയാണെന്നു അവൾക്കു തോന്നി . ഇരുട്ട് . കറുത്ത ..കട്ട പിടിച്ച കൊഴുത്ത ഇരുട്ട് .
അഞ്ച്.
" നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടർന്നു . കാരണം കൂടാതെ കൊന്നു കളഞ്ഞു "
ചന്ദ്രന്റെ കറുത്ത മുഖം ഭൂമിയിലേക്ക് തുറന്നു വെച്ചതിന്റെ മൂന്നാം നാൾ , തന്റെ ഓഫിസ് മുറിയിലേക്ക് കടന്നു വന്ന പോലീസ് ഓഫിസറെ മാത്യു അത്ഭുതത്തോടെ നോക്കി . പുതിയ കേസുകൾ ഒന്നും റിപ്പോർട് ചെയ്തിട്ടില്ല . പിന്നെ ഇപ്പോൾ എന്താണ് പോലീസ് ഇവിടേയ്ക്ക് വന്നിരിക്കുന്നത് എന്നൊരു ഭാവം അയാളുടെ മുഖത്ത് പ്രകടമായിരുന്നു . മുന്നിൽ നിൽക്കുന്ന പോലീസുകാരൻ ആളൊരു പരുക്കനാണെന്നു അയാളുടെ മുഖം തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു . മുകളിലേക്ക് പിരിച്ചു വെച്ച മീശ , വലിയ വട്ടക്കണ്ണുകൾ , ഇരുനിറം . ചുണ്ടുകളിലെ സിഗരറ്റിന്റെ കറുത്ത പാടുകൾ ആളൊരു ചെയിൻ സ്മോക്കറാണെന്നു വ്യക്തമാക്കുന്നു . ആള് അസ്വസ്ഥനാണെന്നു ഒറ്റ നോട്ടത്തിൽ മാത്യുവിന് മനസ്സിലായി . കൈയ്യിൽ കിടന്നു ഞെരിയുന്ന ലാത്തിയും കാലുകൾ ഉറപ്പിക്കാതെയുള്ള നിൽപ്പും ചുറ്റും കണ്ണുകൾ കറക്കിയുള്ള നോട്ടവുമെല്ലാം അസ്വസ്ഥനായ ഒരു പോലീസ് ഓഫീസറെ വരച്ചിടുന്നു .
മിഷ്ടർ മാത്യു അല്ലെ ....?
അതെ , സൗമ്യതയോടെ അയാൾ ചിരിച്ചു . പക്ഷെ തിരിച്ചു അത് പോലൊരു ചിരി ഉണ്ടായില്ല . കനത്ത ശബ്ദത്തിൽ അയാൾ വീണ്ടും ചോദിച്ചു .
" കഴിഞ്ഞ മാസം ഇവിടെ ചേർത്ത ആ കുട്ടിയെ അന്വേഷിച്ചു ആരെങ്കിലും വന്നിരുന്നോ .." ?
ഇല്ല സർ .. മാത്യുവിന്റെ ശബ്ദത്തിൽ ഒരല്പം സംശയം കലർന്നിരുന്നു . " എന്താണ് സർ ..എന്തെങ്കിലും പ്രശ്നമുണ്ടോ ?
പോലീസുകാരൻ തനറെ മുന്നിൽ കിടന്നിരുന്ന കസേര വലിച്ചിട്ടിരുന്നു . അയാൾ തൊപ്പിയൂരി മേശയിലേക്കു വെച്ചിട്ട് തന്റെ മൊട്ടത്തലയിലൂടെ കൈയ്യോടിച്ചു .
" പ്രശ്‌നമാണ് മാത്യു , നിങ്ങൾ കൊടുത്തു വിട്ട റിപ്പോർട്ട് കിട്ടിയിരുന്നു . അതിൽ നിങ്ങൾ പറഞ്ഞിരുന്ന ആ കുട്ടിയുടെ അമ്മയുടെയും അവളുടെ ജാരന്റെയും മറ്റേ മന്ത്രവാദിയുടെയൊക്കെ പുറകെ ആയിരുന്നു ഞങ്ങൾ . പക്ഷെ .... "
മാത്യു ടേബിളിലേക്കു കുറച്ചു കൂടി ആഞ്ഞിരുന്നു . പോലീസുകാരന്റെ നെറ്റിൽ നിന്നും വിയർപ്പു ഒലിച്ചിറങ്ങാൻ തുടങ്ങി .
" കഴിഞ്ഞ ദിവസം , ഈ കുട്ടിയെ കിട്ടിയ അതേ സ്ഥലത്തു നിന്ന് തന്നെ അവരുടെ മൂന്നു പേരുടെയും ജഡം ഞങ്ങൾക്ക് കിട്ടി ..."
മൈ ഗോഡ് ......." മാത്യുവിന്റെ ശബ്ദത്തിൽ വല്ലാത്തൊരു വിറയൽ പടർന്നിരുന്നു .
" ജഡം എന്ന് വെച്ചാൽ , ദേ ആർ കിൽഡ് വെരി ബ്രൂട്ടലി ..
ആ കാഴ്ച നേരിൽ കാണുന്നത് പോലെ പോലീസ് ഓഫീസറുടെ കണ്ണുകൾ ഭയത്താൽ കുറുകി .
" പുരുഷന്മാർ എന്ന് തോന്നിക്കുന്ന രണ്ടു ശരീരങ്ങളിൽ നിന്നും ലിംഗവും വൃഷ്ണങ്ങളും മൂർച്ച കുറഞ്ഞ ഒരായുധം ഉപയോഗിച്ച് മുറിച്ചു മാറ്റിയിരിക്കുന്നു . ഉദര ഭാഗം നടുവേ കീറി തുറന്നു വെച്ചിരുന്നു . അകത്തുള്ളതെല്ലാം കൈകൾക്കു വാരി പുറത്തിട്ടത് പോലെ കുടൽ മാല പുറത്തേയ്ക്ക് വീണു കിടന്നിരുന്നു . കൈകാലുകൾക്ക് നഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . അവിടം മുഴുവൻ ഉറുമ്പുകൾ പൊതിഞ്ഞിരുന്നു .... "
ഹോ ..... അയാൾ തല വെട്ടിച്ചു .
സ്ത്രീയുടെ രണ്ടു കണ്ണുകളും നാവും ചൂഴ്ന്നെടുത്തിരുന്നു .മുലകൾ മുറിച്ചു കളയുകയും ഗുഹ്യ ഭാഗത്തു എന്തോ മെറ്റൽ ഉപയോഗിച്ച് പൊള്ളിച്ചിരിക്കുകയും ചെയ്തിട്ടുണ്ട് . എല്ലാവരുടെയും ശരീരം മുഴുവൻ എന്തോ ലോഹം കൊണ്ട് വരഞ്ഞിരിക്കുന്നു . രക്തക്കളത്തിലാണ് മൂന്നുപേരും കിടന്നിരുന്നത് . ചുറ്റും തലയറത്തു മാറ്റിയ കുറേ കോഴികൾ .
ഒന്നുറപ്പാണ് .. ഇതൊരു പ്രതികാരം തന്നെയാണ് . പക്ഷെ എന്റെ അറിവിൽ ഈ കുട്ടിയ്ക്ക് ബന്ധുക്കൾ ആരും തന്നെയില്ല . പിന്നെ നോർമലായൊരു വ്യക്തിയ്ക്ക്‌ ഇത്രയും ക്രൂരമായ മർഡർ ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല . ...."
മാത്യു കൈകൾ കൂട്ടിത്തിരുമ്മി . അർഹിച്ച ശിക്ഷ തന്നെ അവർക്കു ലഭിച്ചിരിക്കുന്നു .
" പറയൂ മാത്യു .... ഈ കുട്ടിയെ പറ്റി തിരക്കി ആരും ഇവിടെ വന്നിട്ടില്ല ." പോലീസ് ഓഫിസറുടെ കണ്ണുകൾ മാത്യുവിന്റെ കണ്ണുകളിൽ തന്നെയായിരുന്നു .
" ഇല്ല സർ, നിങ്ങൾ പോലീസുകാരല്ലാതെ ഇതുവരെ വേറെ ആരും വന്നിട്ടില്ല . ഐ ആം ഷുവർ ..... "
വിശ്വാസം വരാത്തത് പോലെ അയാളുടെ കണ്ണുകൾ കുറച്ചു നേരം കൂടി മാത്യുവിന്റെ മുഖത്ത് തന്നെ തറച്ചു നിന്ന് .
" ഓകെ മിഷ്ടർ മാത്യു .. താങ്ക്യൂ ഫോർ യുവർ ടൈം .." പോലീസ് ഓഫിസർ മുന്നോട്ട് നടന്നപ്പോൾ മാത്യു എന്തോ ഓർത്തത് പോലെ പെട്ടെന്നയാളെ വിളിച്ചു ..
" സർ ... നിങ്ങൾക്ക് അവർ കൊല്ലപ്പെട്ടതിന് വിഷമമുണ്ടോ ... "
പോലീസുകാരൻ തിരഞ്ഞു നിന്നു . മാത്യുവിന്റെ നേരെ തിരിയുമ്പോൾ ഇപ്പോൾ അയാളുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു .
" ഞാനൊരു പോലീസുകാരൻ മാത്രമല്ല മാത്യു .. ഒരു മനുഷ്യൻ കൂടെയാണ് . അതുമല്ലെങ്കിൽ രണ്ടു പെൺകുട്ടികളുടെ അച്ഛൻ കൂടെയാണ് .. " മാത്യുവും ചിരിച്ചു ..
" സർ ...യുവർ ഗുഡ് നെയിം .... "
പോലീസ് ഓഫിസർ തൊപ്പി തലയിലേക്ക് വെച്ചു .. " ഐ ആം അബി കുരുവിള , സർക്കിൾ ഇസ്പെക്ടർ ..."
പോലീസ് ഓഫിസർ ഡോർ തുറന്നിറങ്ങി പോയതിനു ശേഷവും മാത്യു അതേ നിൽപ്പ് തന്നെ നിൽക്കുകയായിരുന്നു . പുറത്തു ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം അയാൾ കേട്ടു .
ഇത് അബി കുരുവിള ആണെങ്കിൽ ...അപ്പോൾ അന്ന് വന്നത് . കണ്ടതും കേട്ടതും വിശ്വസിക്കാനാവാതെ മാത്യു തന്റെ കസേരയിലേക്ക് വീണു . അൽപ നേരത്തേയ്ക്ക് നിശ്ചലമായി പോയ അയാളുടെ ഓർമ്മയിലേക്ക് കുറച്ചു മുൻപേ കേട്ട വാക്കുകൾ പിന്നെയും തികട്ടി വന്നു .... " നിങ്ങൾ കൊടുത്തു വിട്ട റിപ്പോർട് ....ഐ ആം അബി കുരുവിള ....."
പുറത്തു നേരം ഇരുട്ടുകയാണ് . ഓരോ രാത്രിയ്ക്കു ശേഷവും പകൽ കടന്നു വരിക തന്നെ ചെയ്യും . ഇരുളിന് പ്രകാശത്തിന്റെ മുന്നിൽ വഴി മാറിക്കൊടുക്കാൻ മാത്രമേ കഴിയൂ . സ്ഥിരമായത് പ്രകാശം തന്നെയാണ് . പ്രകാശം ഇല്ലാത്ത അവസ്ഥ അത് മാത്രമാണ് ഇരുട്ട് .
കണ്ണുകൾ അടച്ചു തന്റെ കസേരയിൽ ചാരി കിടന്ന മാത്യുവിന്റെ മനസ്സിലേക്ക് ഒരു ബൈബിൾ വചനം അപ്രതീക്ഷമായൊരു ശീതക്കാറ്റ് പോലെ അടിച്ചു കയറി വന്നു.
"പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും' - യേഹേസ്കേൽ 18:20.
ആമേൻ!
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം .

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo