Showing posts with label AparnaDwithi. Show all posts
Showing posts with label AparnaDwithi. Show all posts

അമ്മായിയമ്മ

Image may contain: 1 person, selfie and closeup

**************
"ഡി നീ നിന്റെ കാമുകനെ കെട്ടുന്നതൊക്കെ കൊള്ളാം. പക്ഷേ നിന്റെ അമ്മായിയമ്മ ആളൊരു വില്ലത്തി ആണെന്നാ നാട്ടുകാരൊക്കെ പറയുന്നത്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. "
കല്യാണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ അമ്മുവിന്റെ വാക്കുകൾ ഞാൻ അത്ര മുഖവിലയ്‌ക്കെടുത്തില്ല.
ശരത്തേട്ടൻ തന്റെ ഇഷ്ട്ടം വീട്ടിൽ പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാതെ മാന്യമായി വീട്ടിൽ വന്നു പെണ്ണ് ചോദിച്ച ആ അമ്മയെ പറ്റിയാണ് അവളിപ്പോ പറഞ്ഞത്. അല്ലെങ്കിലും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞു നടക്കാൻ അവളെ കഴിഞ്ഞേ ഉളളൂ വേറൊരാളും.
പെണ്ണുകാണാൻ വന്നപ്പോൾ ആണ് ഞാൻ ആദ്യമായ് എന്റെ അമ്മായിയമ്മയെ കാണുന്നത്. അവര് സംസാരിച്ചത് മുഴുവൻ എന്റെ അച്ഛനോടും അമ്മയോടും ആയിരുന്നു. വളരെ ഗൗരവം തോന്നിക്കുന്ന ഒരു മുഖഭാവമായിരുന്നു അവരുടേത്. കല്യാണമുറപ്പിച്ചു ഇത്രയും ദിവസമായിട്ടും അവരെന്നോട് നേരിട്ടോ, ഫോണിലൂടെയോ പോലും ഒന്ന് സംസാരിച്ചിട്ടില്ല . ഇനിയിപ്പോ അമ്മു പറഞ്ഞത് പോലെ അവര് സീരിയലിൽ ഒക്കെ കാണുന്നത് പോലുള്ള ഒരു അമ്മായിയമ്മ ആവുമോ?
ഉള്ളിൽ അങ്ങനെയൊരു ചെറിയ ഭയം വെച്ചിട്ടാണ് ഞാൻ ആ വീട്ടിലേക്ക് വലതുകാല് വെച്ചു കയറി ചെന്നത് തന്നെ. ആദ്യ ദിവസം തന്നെ അയൽക്കാരുടെയും നാട്ടുകാരുടെയും കുശലാന്വേഷണങ്ങൾ കൊണ്ടും സ്നേഹപ്രകടനങ്ങൾ കൊണ്ടും വീർപ്പുമുട്ടി നിൽക്കുമ്പോളാണ് അമ്മായിയമ്മ വന്നു പറഞ്ഞത് " ആ കൊച്ച് ഇനി ഇവിടെ തന്നെ കാണും. നിങ്ങളിങ്ങനെ അതിനെ പൊതിഞ്ഞു നിന്നു ശ്വാസം മുട്ടിക്കാതെ"
അമ്മ പോയതും ചുറ്റും നിന്നവരൊക്കെ അടക്കം പറയാൻ തുടങ്ങി 'ഓ അവൾടെ ഒരു അഹങ്കാരം കണ്ടില്ലേ, ഇനി ഈ കൊച്ചാണല്ലോ അനുഭവിക്കാൻ പോണത് പാവം ' അവരെന്നെ സഹതാപത്തോടെ ഒന്ന് നോക്കിയിട്ട് പിരിഞ്ഞു പോയി.
"ദൈവമേ.... ഇനി എന്റെ സംശയം സത്യമാവുമോ അവരെന്നെ കഷ്ട്ടപെടുത്തുമോ? ന്റെ കൃഷ്ണാ അങ്ങനൊന്നും ഉണ്ടാവരുതേ..... " ഞാൻ നന്നായിട്ടൊന്ന് പ്രാർത്ഥിച്ചു.
വിവാഹവസ്ത്രം മാറ്റി ഒന്ന് കുളിച്ചു ഫ്രഷ് ആയി ഞാൻ പെട്ടന്ന് തന്നെ അടുക്കളയിലേക്ക് ചെന്നു. ഇനിയിപ്പോ അടുക്കളയിൽ കയറാത്തതിന്റെ പേരിൽ ഇന്ന് തന്നെ വഴക്ക് കേൾക്കണ്ടല്ലോ. അമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്. ഞാൻ ചുറ്റിലുമൊന്നു നോക്കി, അവിടെയുണ്ടായിരുന്ന കഴുകി വെച്ചിരുന്ന ഗ്ലാസ്‌ എടുത്തു വീണ്ടും ഒന്ന് കഴുകി വെച്ചു .
'ഇന്ന് വന്ന് കയറിയതല്ലേ ഉള്ളൂ. അടുക്കളയിൽ കാര്യമായ പണിയൊന്നുമില്ല. നല്ല ക്ഷീണം കാണും നീ മുറിയിലേക്ക് ചെല്ല്. ' അമ്മ മുഖത്ത് പോലും നോക്കാതെ ഇത്രയും പറഞ്ഞു. പിന്നെ ഞാൻ അവിടെ നിന്നില്ല മുറിയിലേക്ക് ചെന്നു.
പിറ്റേന്ന് രാവിലെ തന്നെ അമ്മായിയമ്മയെ കയ്യിലെടുക്കാൻ അലാറം വെച്ചു എഴുന്നേറ്റു. കുളിച്ചു അടുക്കളയിൽ കയറി ചായ ഉണ്ടാക്കി വെച്ച് മാതൃക മരുമകൾ അവനൊരു ശ്രമം നടത്തി.
'നീ എന്തിനാ ഇത്രയും നേരത്തെ എണീറ്റത്, കുറച്ചൂടെ ഉറങ്ങിക്കൂടായിരുന്നോ. ഇവിടെ മൂന്നുപേർക്കുള്ളത് വെച്ചുണ്ടാക്കാൻ ഞാൻ തന്നെ ധാരാളമാണ് ' ഗൗരവം ഒട്ടും കുറയ്ക്കാതെ തന്നെ അമ്മ പറഞ്ഞു.
ഹാ ഇവരെന്താ ഇങ്ങനെ നല്ലത് ചെയ്താലെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞൂടെ ഞാൻ മനസ്സിൽ വിചാരിച്ചു.
ദിവസങ്ങൾ കടന്നുപോയി. പക്ഷേ എന്റെ അമ്മായിയമ്മേടെ സ്വഭാവത്തിൽ മാത്രം ഒരു മാറ്റവും ഉണ്ടായില്ല. ആവിശ്യത്തിന് മാത്രമേ അവർ എന്റെ അടുത്ത് സംസാരിച്ചിരുന്നുള്ളൂ. എന്നാലും എന്റെ ആഗ്രഹങ്ങൾക്കൊന്നും അവർ എതിര് നിന്നിട്ടില്ല. എനിക്ക് എന്റെ വീട്ടിൽ പോകാനും, പഠിക്കാൻ പോകാനും, ഏട്ടന്റെ കൂടെ സിനിമയ്ക്ക് പോകാനുമൊക്കെ പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് പെട്ടന്ന് എനിക്കൊരു തലകറക്കം വന്നത്. അമ്മയായിരുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞഥിതി കൂടെ വരാൻ പോവുകയാണെന്ന സന്തോഷ വാർത്ത ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ആദ്യമായി അമ്മയുടെ മുഖത്ത് ചിരി കണ്ടു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഒക്കെയും അമ്മ എന്നെ അത്ഭുതപെടുത്തുകയായിരുന്നു. എപ്പോളും എന്റെ കൂടെ നടന്ന് ഉപദേശങ്ങൾ നൽകുകയും, ഞാൻ പറയാതെ തന്നെ എനിക്കിഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കിത്തരുകയും ചെയ്യുന്ന അമ്മയെ ഞാൻ അത്ഭുതത്തോടെ നോക്കി. എന്റെയുള്ളിലെ സംശയങ്ങൾ അറിഞ്ഞിട്ടാവണം അമ്മ പറഞ്ഞു തുടങ്ങി.....,
"ശരത്തിനു അഞ്ചു വയസ്സുള്ളപ്പോൾ ആണ് അവന്റെ അച്ഛൻ മരിക്കുന്നത്. പ്രണയവിവാഹം ആയതുകൊണ്ട് തന്നെ ബന്ധുക്കളുമായി ഞങ്ങൾക്ക് അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. വാടക വീട്ടിലായിരുന്നു താമസിച്ചത് അവന്റെ അച്ഛൻ മരിച്ചപ്പോൾ അവിടുന്നും ഇറക്കി വിട്ടു. പിന്നീട് കുറെ അലഞ്ഞിട്ടാണ് വേറൊരു വീട് കണ്ടുപിടിച്ചത്, പക്ഷേ വിധവയായ, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു സ്ത്രീക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പരിഹാസങ്ങളും ഉണ്ടല്ലോ, അവിടെയും അതെന്നെ പിന്തുടർന്നു. എന്തൊക്കെ സംഭവിച്ചാലും അവനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണമെന്ന അതിയായ ആഗ്രഹമുള്ളതു കൊണ്ട് എല്ലാം ധൈര്യത്തോടെ അതിജീവിച്ചു. പിന്നെ കൂട്ടുകാരിയുടെ സഹായത്തോടെ ചെറിയ ജോലി കണ്ടുപിടിച്ചു, ശരത്തിനെ നല്ലൊരു സ്കൂളിൽ ചേർത്തു ഒപ്പം ഞാനും പാതി നിർത്തിയ പഠനം പൂർത്തിയാക്കി. നല്ലൊരു ജോലിയും ലഭിച്ചു. പക്ഷേ അവിടെയും നേരിടേണ്ടി വന്നു ഒരുപാട് പ്രശ്നങ്ങൾ. അന്ന് ഒരു തീരുമാനമെടുത്തു പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുമെന്ന്. അങ്ങനെ തന്നെ ചെയ്തു മാനത്തിന് വിലപറഞ്ഞവരൊക്കെയും എന്റെ കൈകരുതറിഞ്ഞു. അതുകൊണ്ട് ഉണ്ടായിരുന്ന ജോലി എനിക്ക് നഷ്ടമായി പക്ഷേ തളർന്നില്ല. ഒരുപാട് പോരാടി തന്നെയാണ് ഇവിടെ വരെയെത്തിയത് അതിനിടയ്ക്ക് ചിരിക്കാനൊക്കെ മറന്നുപോയിരുന്നു. പക്ഷേ ഇന്ന് ഞാൻ മനസ്സ് തുറന്നു ചിരിക്കും ഇതിന് വേണ്ടിയാണ് ഞാനിത്രയും ജീവിച്ചത് തന്നെ. എന്റെ മോനൊരു നല്ല ജീവിതം പിന്നെ എന്റെ പേരക്കുട്ടിയെ ഈ കൈകൾ കൊണ്ട് താലോലിക്കണം. അത് കഴിഞ്ഞു എനിക്ക് സന്തോഷമായിട്ട് കണ്ണടയ്ക്കാം. " അമ്മ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
എന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു,
നിറഞ്ഞ കണ്ണുകൾ തുടച്ചു ആ അമ്മയെ ചേർത്തു പിടിച്ചു ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല എന്ന് മനസ്സിലുറപ്പിച്ചു.
"അമ്മേ അമ്മയ്ക്കറിയുമോ. അമ്മ സീരിയലിൽ ഒക്കെ കാണണപോലുള്ള ഒരു വില്ലത്തിയാണെന്നാ ഞാൻ ആദ്യം കരുതിയെ. എന്നാണ് പോര് തുടങ്ങുവാന്ന് കാത്തിരിക്കുവായിരുന്നു ഞാൻ. ശോ ആ ത്രില്ല് അങ്ങ് പോയി "
'എടി കള്ളി...... എന്നാ ഇപ്പോ തന്നെ പോര് തുടങ്ങിയേക്കാം '
അപ്പോ തുടങ്ങുവാണ് അമ്മായിയമ്മേടേം മരുമകളുടെയും പോരല്ല. ഞങ്ങളുടെ സന്തുഷ്ടമായ കുടുംബജീവിതം.
അപർണ

മരണം

Image may contain: 1 person, smiling, selfie and closeup

*******
"എന്താ കുട്ട്യേ ഇത് മഴക്കാലമാണെന്ന് അറിഞ്ഞൂടെ. ഒരു കുട കയ്യിൽ കരുതിയാൽ എന്താ?....... " തിരിഞ്ഞു നോക്കിയപ്പോൾ പതിവ് പോലെ ആ വൃദ്ധ.
കുട കയ്യിലുണ്ടായിരുന്നിട്ടും പുറത്തെടുക്കാൻ ഒരു മടി. അല്ലെങ്കിൽ തന്നെ നനഞ്ഞ കുട ബാഗിൽ വെച്ചാൽ ആകെ നാശമാവും. രാവിലെ ബസിന്റെ ഹോൺ കേൾക്കുമ്പോൾ ഒരു ഓട്ടമാണ് അതിനിടയിൽ എവിടാ കുട നിവർത്താൻ ഒക്കെ സമയം. ഞാൻ ആ വൃദ്ധയ്ക്ക് മറുപടി ഒന്നും കൊടുക്കാതെ ബസിൽ കയറി.
"അല്ലെങ്കിലും ഇപ്പോളത്തെ പിള്ളേരോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. അസുഖം വരുമ്പോളെ ഇവറ്റോളൊക്കെ പഠിക്കൂ " ആ വൃദ്ധ പിന്നെയും പിറുപിറുത്തു.
ഇതിപ്പോൾ പതിവ് കാഴ്ചയായിരിക്കുന്നു. ആ വൃദ്ധയെ ഈ കവലയിൽ കാണാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ആരാണെന്നോ, എവിടുന്നാണെന്നോ ആർക്കും ഒരറിവും ഇല്ല. കിണറ്റിൽ ചാടി ചത്ത പ്രാന്തൻ മത്തായിടെ അമ്മയാണെന്നൊക്കെ ഒരു വിഭാഗം പറയുന്നുണ്ട്. ബസ്സ് സ്റ്റോപ്പിനടുത്തു ഒരു ഷെഡ് കെട്ടിയാണ് താമസമൊക്കെ. പകൽ സമയങ്ങളിലത്രയും വഴിയേ പോകുന്നവരോടൊക്കെ പിറുപിറുത്തുകൊണ്ടിരിക്കും. ആരെങ്കിലും വല്ലതും കൊടുത്താൽ കഴിക്കും.
രാവിലെ ബസ് കിട്ടാൻ തിരക്കുപിടിച്ചോടുമ്പോളായിരിക്കും അവരുടെ ഓരോരു ചോദ്യങ്ങളും ഉപദേശങ്ങളും. എപ്പോഴും ഉത്തരം നൽകാതെ പോവുകയാണ് പതിവ് അല്ലെങ്കിലും സമയമളന്നു ജീവിക്കുന്ന നമ്മുക്കൊക്കെ എവിടുന്നാണ് ഇതിനൊക്കെ സമയം.
"മോളെ ഒരു പത്തുരൂപ തരാമോ. നാളെ വൈന്നേരം തിരിച്ചു തരാം " ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോളാണ് ആ വൃദ്ധയുടെ ചോദ്യം. സാധാരണ അവരാരോടും കാശൊന്നും ചോദിക്കുന്നത് കണ്ടിട്ടില്ല ഇതിപ്പോ എന്തിനാണാവോ....!
"നാളെ വൈന്നേരം മോള് ഈ വഴി വരുമ്പോൾ തരാം " മുറുക്കാൻ ചവച്ചു കറ വീണ പല്ലുകൾ കാട്ടി അവരൊന്ന് ചിരിച്ചു.
മറിച്ചൊന്നും ചോദിക്കാൻ നിന്നില്ല ബാഗിൽ നിന്നും കാശെടുത്തു കൊടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു.
'നീയാ തള്ളയോട് കിന്നാരം പറഞ്ഞോണ്ട് നിക്കണത് കണ്ടല്ലോ, ന്താടി ബസ് ഇറങ്ങിയാൽ മര്യാദക്ക് വീട്ടിലേക്ക് വന്നൂടെ? ' ചെന്ന് കയറിയപ്പോൾ തന്നെ വഴിക്കണ്ണുമായി കാത്തുനിന്ന അമ്മയുടെ വക ചോദ്യം ചെയ്യൽ തുടങ്ങി.
"ഞാനൊന്നും പറഞ്ഞില്ല. അവരൊരു പത്തു രൂപ ചോദിച്ചതാ "
'എന്നിട്ട് നീ കൊടുത്തോ? '
"ആ കൊടുത്തു. ലക്ഷങ്ങളൊന്നുമല്ലലോ ഒരു പത്തു രൂപയല്ലേ. എന്തോരം പൈസ നമ്മൾ അനാവശ്യമായി ചിലവാക്കുന്നുണ്ട്. "
'എടി ഇങ്ങനുള്ളോർക്കൊന്നും പൈസ കൊടുക്കാൻ പാടില്ല. ഇന്ന് നീ കൊടുത്താൽ നാളെയും ചോദിച്ചോണ്ട് വരും. കൊടുത്തിലേൽ കാതിലും കഴുത്തിലും ഒക്കെ ഉള്ളതങ്ങു പൊട്ടിച്ചോണ്ട് പോവും '
"ഓ ഈ അമ്മയ്‌ക്കെന്താ? അതൊരു പാവം അമ്മൂമ്മയാ. മാത്രമല്ല അവരിന്ന് ആദ്യമായിട്ടാ എന്നോട് കാശ് ചോദിച്ചതും. "
'ഇവരുടെയൊക്കെ പിന്നിൽ വേറേം ആളുണ്ടാവും. നീ പത്രത്തിൽ ഒക്കെ വായിക്കാറില്ലേ. ഞാൻ പറയാനുള്ളത് പറഞ്ഞു. മേലാൽ ആ തള്ളയോട് മിണ്ടാനോ പറയാനോ പോയാലുണ്ടല്ലോ..... '
ഇനിയിപ്പോ അവര് അമ്മ പറഞ്ഞപോലെ തന്നെയാവുമോ? ഹേയ് എന്നാൽ പിന്നെ അവർക്ക് മുന്നേ പൈസ ചോദിച്ചൂടെ ഇത് വേറെ വല്ല ആവിശ്യങ്ങൾക്കും ആയിരിക്കും. ഞാൻ സ്വയം ആശ്വസിച്ചു.
പിറ്റേന്ന് രാവിലെയുള്ള ഓട്ടത്തിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി. എന്നും ഇരിക്കാറുള്ള ആ വൃദ്ധയുടെ ഇരിപ്പിടം കാലിയായിരുന്നു. ഇനിയവർ ഈ നാട്ടിൽ നിന്നും പോയി കാണുമോ?
ഞാൻ ബസിൽ കയറി സൈഡ് സീറ്റിൽ ഇരുന്ന് തിരിഞ്ഞു നോക്കി. ഇല്ല..... അവർ ആ പരിസരത്തെവിടെയുമില്ല. മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ നുരഞ്ഞു പൊങ്ങുന്നുണ്ട്. അവർ എവിടേക്കാവും പോയത്? ഇനി തിരിച്ചു വരുമോ?
ദിവസം രണ്ട് കഴിഞ്ഞു. ആ വൃദ്ധയെ കണ്ടേ ഇല്ല. ഒരുപക്ഷേ അവർ ഈ നാട് വിട്ടു പോയി കാണും ഞാൻ മനസ്സിലുറപ്പിച്ചു.
അന്ന് വൈകുന്നേരം ബസ് ഇറങ്ങുമ്പോൾ കവലയിൽ ഒരു ആൾകൂട്ടം. എന്താണെന്നറിയാൻ ഞാനും അങ്ങോട്ടേക്ക് നടന്നു.
"വണ്ടി ഇടിച്ചതാ, അപ്പോ തന്നെ മരിച്ചു. ഇടിച്ച വണ്ടി നിർത്താതെ പോയി പോലീസിൽ അറിയിച്ചിട്ടുണ്ട് " വഴിയരികിൽ നിന്നും രണ്ട് പേര് സംസാരിക്കുന്നത് കേട്ടു.
ആരെയാ വണ്ടി ഇടിച്ചത്? എന്റെ മനസ്സിൽ സംശയങ്ങൾ നിറഞ്ഞു ഒപ്പം ഭയവും. ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ മുന്നോട്ട് നടന്നു.
ചോരയിൽ മുങ്ങി കിടക്കുന്ന ആ ശരീരം കണ്ടപ്പോൾ തന്നെ കണ്ണുകൾ ഇറുക്കിയടച്ചു. അതെ, അതവർ തന്നെ ഞാൻ രണ്ട് ദിവസമായി ആരെയാണോ തിരയുന്നത് അവർ. കൈവെള്ളയിൽ ഇറുകി പിടിച്ചിരുന്ന ഒരു മുഷിഞ്ഞ പത്തു രൂപ നോട്ട് കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അധികനേരം എനിക്കവിടെ നിൽക്കാനായില്ല. മനസ്സിൽ നിറയെ അവരായിരുന്നു എന്നും രാവിലെ ഓരോ ഉപദേശങ്ങളുമായി പിന്നിൽ നിന്നും വിളിക്കുന്ന ആ വൃദ്ധ.....!
ഇന്ന് വരെ ഞാൻ അവരോട് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല പക്ഷേ..... ഇപ്പോൾ അവരോടെന്തൊക്കെയോ സംസാരിക്കാനുള്ളതു പോലെ. അവരും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നത് പോലെ......
മരണം.... അതാർക്കും, എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന വേദനിപ്പിക്കുന്ന ഒരു സത്യം തന്നെയാണ്...... !
അപർണ

കാണാകണ്മണി

കാണാകണ്മണി
*****************
"എങ്ങനെ ധൈര്യം വന്നു നിനക്ക് ഏതോ ഒരുത്തന്റെ കുഞ്ഞിനേയും വയറ്റിലുണ്ടാക്കി ഈ വീട്ടിലേക്ക് കയറി വരാൻ. ഇപ്പൊ ഇറങ്ങിക്കോണം ഈ വീട്ടിന്നു...... അസത്ത് " വീട്ടുകാർ ഇത്രയും പറഞ്ഞു അവൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞില്ല. അവൾക്ക് പോകാൻ ഇനി ഒരിടം മാത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ ഉള്ളിൽ വളരുന്ന ജീവന്റെ അവകാശിയുടെ അടുത്തേക്ക്.
അവന്റെ ജീവന്റെ തുടിപ്പ് തന്റെ ഉള്ളിൽ വളരുന്നതറിയുമ്പോൾ അവനു സന്തോഷമായേക്കാം. സ്വപ്‌നങ്ങൾ പരസ്പരം പങ്കുവെക്കുമ്പോൾ അവൻ പലപ്പോളും പറയാറുണ്ട് ഒരു കുസൃതി കുടുക്കയെ പറ്റി. അവൾ പ്രതീക്ഷയോടെ അവന്റെ അടുത്തേക്ക് പോയി.
'മീര നീയെന്താണ് ഈ പറയുന്നേ. നീ ഗർഭിണി ആണെന്നോ' അവന്റെ മുഖത്തുള്ള ടെൻഷൻ അവളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി.
"അതെ. പക്ഷേ നീ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് രാഹുൽ, നമ്മുക്ക് രണ്ടുപേർക്കും ഒരു ജോലി ഉണ്ട്. പിന്നെന്താ പ്രശ്നം?''
'ഇപ്പോൾ ജോലിയാണോ ഇവിടുത്തെ പ്രശ്നം വിവാഹത്തിന് മുൻപ് അമ്മയാവുക എന്ന് വെച്ചാൽ...... നീ നിന്റെ ഭാവിയെ പറ്റി ചിന്തിച്ചോ?"
'ഒരു താലിയിൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ നമ്മുക്കിടയിൽ ഉള്ളൂ. നി വീട്ടിൽ കാര്യം അവതരിപ്പിക്കൂ '
"നീയെന്തൊക്കെയാ ഈ പറയുന്നേ. ഇതൊക്കെ കുട്ടിക്കളി ആണോ. വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം. അധികനാൾ ആവാത്തതുകൊണ്ട് ഒരു ടാബ്ലെറ്റിൽ എല്ലാം തീരും."
'നിനക്കെങ്ങനെ ഇങ്ങനൊക്കെ പറയാൻ പറ്റുന്നു. നിന്റെ കൂടെ ജീവനാണ് എന്റെ വയറ്റിലുള്ളത്.അതിനെ കൊല്ലണമെന്നോ. മനുഷ്യത്വം തീരെ ഇല്ലാതായോ നിനക്ക്. നീ എനിക്ക് തന്ന വാക്കുകൾ ഒക്കെ മറന്നോ ?'
"മീര ഞാൻ പറയുന്നത് നീയൊന്നു മനസിലാക്ക്.... "
'വേണ്ട നീയൊന്നും പറയണ്ട. നിന്റെ ജീവിതത്തിൽ ഞാനും ഈ കുഞ്ഞും ഒരു ബാധ്യത ആവില്ല. ഞാൻ പോവുകയാണ്. ' അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ തന്റെ വയറിൽ മൃദുവായി താലോടി കൊണ്ട് പറഞ്ഞു 'നീ മാത്രം മതി ഇനിയങ്ങോട്ട് എനിക്ക് ജീവിക്കാൻ '.
"മീര...... നിന്റെ ആഗ്രഹം നടക്കട്ടെ..... നമ്മുക്ക് ഈ കുഞ്ഞിനെ വളർത്താം " രാഹുൽ അവളെ തിരിച്ചു വിളിച്ചു.
'സത്യമാണോ നീ പറയുന്നേ 'അവൾ വിശ്വസിക്കാനാവാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി.
"അതെ എന്റെ കൂടെ കുഞ്ഞല്ലേ. എനിക്ക് നഷ്ടപ്പെടുത്താൻ പറ്റില്ല. ഇപ്പോൾ നീ ഹോസ്റ്റലിലേക്ക് പോകു. നാളെ നമ്മുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോകാം."
അവൾ ഒരുപാട് സന്തോഷത്തോടെ മടങ്ങി. മനസ്സിൽ നിറയെ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമായിരുന്നു. ഒരുപാട് സ്വപ്‌നങ്ങൾ ഒറ്റ രാത്രി കൊണ്ടവൾ നെയ്തുകൂട്ടി.
രാവിലെ തന്നെ അവൾ ഹോസ്പിറ്റലിൽ പോകാൻ റെഡിയായി നിന്നു. പോകും വഴിയിലുടനീളം അവൾ സംസാരിച്ചത് ജനിക്കാൻ പോകുന്ന കുഞ്ഞിനെ പറ്റിയായിരുന്നു.
' നീ പറയാറുള്ള പോലെ പെൺകുട്ടി ആയിരിക്കും അല്ലേടാ '
അവൻ അവളുടെ ചോദ്യങ്ങൾക്ക് ഒന്ന് മൂളുക മാത്രം ചെയ്തു.
'നമ്മുക്ക് അടുത്തുള്ള വല്ല ഹോസ്പിറ്റലിലും പോയാൽ പോരായിരുന്നോ എന്തിനാ ഇത്രേം ദൂരെ വന്നത് '
"ഇവിടെ എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ ഉണ്ട്. ഞാൻ ഇന്നലെ വിളിച്ചു സംസാരിച്ചിരുന്നു."
അവർ ഡോക്ടറുടെ റൂമിലേക്ക്‌ കയറി. മീര ആ റൂമിലുടനീളം ഒന്ന് കണ്ണോടിച്ചു. ചുമരിൽ ഒരുപാട് കുഞ്ഞോമനകളുടെ മുഖം. എന്തോ ആ ചിത്രങ്ങൾ അവളുടെ മനസ്സ് നിറച്ചു.
"മീര ആലോചിച്ചെടുത്ത തീരുമാനമാണോ ഈ കുട്ടിയെ വളർത്തുക എന്നത് ?" ഡോക്ടറുടെ ചോദ്യം അവളെ ചിന്തകളിൽ നിന്നുണർത്തി.
'അതെന്താ ഡോക്ടർ അങ്ങനെ ചോദിച്ചത്. ഞങ്ങൾ ഈ കുഞ്ഞിനെ വളർത്തും അല്ലേ രാഹുൽ ? 'അവൾ രാഹുലിന്റെ മുഖത്തേക്ക് നോക്കി.
അവൻ ഒന്നും മിണ്ടിയില്ല.
"ശരി ഞാൻ ഇപ്പോ ഒരു മരുന്ന് എഴുതി തരാം. ഇന്ന് രാത്രി ഇത് കഴിക്കു. ഒരാഴ്ച്ച കഴിഞ്ഞു നമ്മുക്ക് വിശദമായ ഒരു ചെക്കപ്പ് നടത്താം. ശരീരം നന്നായി ശ്രദ്ധിക്കണം, വെള്ളം ഒരുപാട് കുടിക്കണം കേട്ടോ " അവൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേട്ടു.
നന്ദി പറഞ്ഞു അവിടുന്നിറങ്ങിയപ്പോൾ രാഹുലിന്റെ മുഖത്തും ഒരുപാട് സന്തോഷം നിറഞ്ഞു.
'ഡോക്ടർ പറഞ്ഞത് കേട്ടല്ലോ. മരുന്ന് മറക്കാതെ കഴിക്കണം. ഭക്ഷണവും.
"അതൊന്നും ഞാൻ മറക്കില്ല നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ " അവൾ സന്തോഷത്തോടെ പറഞ്ഞു.
തിരിച്ചെത്തിയപ്പോളേക്കും യാത്രക്ഷീണം കാരണം പെട്ടന്ന് ഉറക്കം വന്നു. മരുന്ന് കഴിച്ചു കിടന്നപ്പോൾ തന്നെ അവൾ ഉറങ്ങിപ്പോയി. സ്വപ്നത്തിലും അവൾ അമ്മയെന്ന് വിളിച്ചോടി വരുന്ന ഒരു കുഞ്ഞു മുഖത്തെ കണ്ടു. ഇടയ്ക്കെപ്പോളോ വേദന അനുഭവിച്ചപ്പോൾ അവൾ ഞെട്ടിയുണർന്നു.വേദന കൊണ്ടവൾ കിടന്നു പിടഞ്ഞു. തനിക്കെന്താണ് സംഭവിക്കുന്നതെന്നറിയാതെ സഹായത്തിനായി അവൾ കരഞ്ഞു. വയറിൽ കൈയമർത്തി അവൾ ഫോൺ എടുക്കുമ്പോളേക്കും രക്തത്തുള്ളികൾ അവളുടെ കാലുകളിലൂടെ ഒലിച്ചിറങ്ങി. ആ മരുന്ന് കഴിച്ചതോടൊപ്പം ഇല്ലാതായത് തന്റെ കുഞ്ഞാണെന്ന് മനസിലായപ്പോളേക്കും അവളുടെ ബോധം മറഞ്ഞിരുന്നു.
************
ആ ഇരുണ്ട മുറിയുടെ ഒരു കോണിൽ ചങ്ങലകണ്ണികളിൽ ബന്ധിച്ചിരിക്കുമ്പോൾ അവൾ പിഴച്ചവളെന്ന വിളികേട്ട് ആർത്തു ചിരിക്കാറുണ്ട്. രാത്രിയിൽ ആകാശത്ത് കാണുന്ന കുഞ്ഞു നക്ഷത്രത്തിനോട് അവൾ സംസാരിക്കാറുണ്ട്, അമ്മേ എന്ന വിളി കേട്ട് ഇടയ്ക്ക് ഞെട്ടിയുണരാറുണ്ട്.
ആ കണ്ണുകൾ നിറയുമ്പോൾ പിഞ്ചുകൈകളെന്ന പോലെ ഒരു ഇളം കാറ്റു വന്നവളെ സ്വാന്തനിപ്പിക്കാറുണ്ട്.....
ഇപ്പോളും ഒരു കുഞ്ഞു പാവക്കുട്ടി അവളുടെ നെഞ്ചോടു ചേർന്നുറങ്ങുന്നുണ്ട്...... !
അപർണ

സ്വർഗം

സ്വർഗം
********
വീട്ടിൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ ഒക്കെ ഭംഗിയായി നടക്കുകയാണ് പക്ഷേ എനിക്ക് മാത്രം ഒരു സന്തോഷവും ഇല്ല. ഞാൻ ഒരിക്കലും പൂർണ്ണമനസോടെയല്ല ഈ കല്യാണത്തിന് സമ്മതിച്ചത്. എല്ലാവരും നിർബന്ധിച്ചു സമ്മതിപ്പിച്ചതാണെന്ന് പറയാം. മനസ്സിന് ഒരു സന്തോഷവുമില്ല, വിവാഹത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ടിരുന്നു. പ്രേമിച്ചൊന്നും കെട്ടണമെന്നില്ലെങ്കിലും കെട്ടുന്ന ആളെക്കുറിച്ചും വീട്ടുകാരെ കുറിച്ചും ഒരു സങ്കല്പമൊക്കെ ഉണ്ടായിരുന്നു. ഒരുപാട് സ്നേഹിക്കുന്ന ഒരമ്മയും, അച്ഛനും പിന്നെ തല്ലുകൂടാൻ ഒരു നാത്തൂനും ഉള്ള ഒരു കുടുംബത്തിലേക്ക് കയറി ചെല്ലണമെന്നായിരുന്നു ആഗ്രഹം. ഇതിപ്പോ അച്ഛനും അമ്മയുമില്ലാത്ത ഒരു വീട്ടിലേക്ക് കയറിചെല്ലണമെന്ന് ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു. സങ്കടം അമ്മയോട് പറഞ്ഞപോൾ, "അവന്റെ അച്ഛനും അമ്മയും മരിച്ചുപോയത് അവന്റെ കുഴപ്പം കൊണ്ടാണോ " എന്ന മറുപടി ആണ് ലഭിച്ചത്. ഒരുകണക്കിന് ആലോചിച്ചു നോക്കിയപ്പോൾ ശരിയാണ്.
ചെറുക്കൻ ഡോക്ടർ ആയത് കൊണ്ടാണ് വീട്ടിൽ എല്ലാവർക്കും താല്പര്യം അതാണെന്റെ അടുത്ത പ്രശ്‌നവും ഡോക്ടർ എന്നൊക്കെ പറയുമ്പോൾ എപ്പോളും തിരക്കുള്ള ജോലിയല്ലേ എന്നോടൊപ്പം ചിലവഴിക്കാനൊക്കെ സമയം കിട്ടുമോ ആവോ. ആകെയുള്ളൊരു ആശ്വാസം ചെറുക്കന്റെ അനിയനാണ്. വിവാഹാനിശ്ചയം കഴിഞ്ഞന്നു മുതൽ എന്റെ ചങ്കാണ്. ഏട്ടത്തീന്നും വിളിച്ചോണ്ട് ഇടക്കൊക്കെ വീട്ടിൽ കയറി വരും. വന്ന ഉടനെ അടുക്കളയിൽ കയറി ഒരു യുദ്ധമാണ് പുതിയ പുതിയ പാചകപരീക്ഷണങ്ങൾ അമ്മക്ക് പരിചയപ്പെടുത്തി കൊടുക്കും. അമ്മ അതൊക്കെ ഉണ്ടാക്കി അവനെ കഴിപ്പിച്ചിട്ടല്ലാതെ വിടില്ല. കെട്ടാൻ പോണ ചെറുക്കൻ വിളിച്ചില്ലേലും അനിയൻ എന്നും വിളിച്ചു വിശേഷം പറയും.
അങ്ങനെ വിവാഹദിവസം ഇങ്ങെത്തി. എന്റെ സങ്കല്പങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു പുതിയ ജീവത്തോട് പൊരുത്തപ്പെടാൻ ഞാൻ മനസാൽ തയ്യാറെടുത്തു. താലികെട്ടും കഴിഞ്ഞു എന്നെ ചെറുക്കന്റെ വീട്ടിൽ കൊണ്ടുവിട്ട് വീട്ടുകാരൊക്കെ പോയി. ഞാനും, എന്റെ കെട്ട്യോനും അനിയൻകുട്ടനും മാത്രമായി വീട്ടിൽ.
അനിയൻകുട്ടൻ എന്നെ അടുക്കളയിലേക്ക് ആനയിച്ചു.
"ഏട്ടത്തി ഇതാണ് ഞങ്ങളുടെ പരീക്ഷണശാല. ഇനി മുതൽ ഇതിന്റെ അധികാരി ഏട്ടത്തിയാണ്.അപ്പോ നമ്മുക്ക് ഐശ്വര്യമായിട്ട് ഒരു കഞ്ഞീം ചമ്മന്തീം ഉണ്ടാക്കി ഭരണം തുടങ്ങിയാലോ" അനിയൻകുട്ടൻ പറഞ്ഞു തീരുമ്പോളേക്കും എന്റെ കെട്ട്യോനും അവിടേക്കെത്തി.
'ഡാ നീ അവള് കയറിവന്ന അന്നുതന്നെ അടുക്കളയിൽ കയറ്റിയോ. ഭക്ഷണമൊക്കെ ഞങ്ങളുണ്ടാക്കാം, നല്ല ക്ഷീണം കാണും നീ പോയി റസ്റ്റ്‌ എടുത്തോ '. ഏട്ടൻ എന്നോടായി പറഞ്ഞു.
" അതുവേണ്ട നമ്മുക്ക് മൂന്നുപേർക്കും കൂടെ ഉണ്ടാക്കാം " ഞാനും അവരുടെ കൂടെ കൂടി.
മൂന്നു പേരും കത്തിയടിച്ചോണ്ട് പാചകം ആരംഭിച്ചു. വിവാഹനിശ്ചയം കഴിഞ്ഞു ഒരുദിവസം പോലും എന്നെ വിളിച്ചു സംസാരിക്കാത്ത ഏട്ടന്റെ പെരുമാറ്റമാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. എന്റെ മനസ്സ് വായിച്ചിട്ടെന്നോണം ഏട്ടൻ പറഞ്ഞു "എനിക്കും വേണ്ടി മാത്രം ഇവൻ നിന്നെ എന്നും വിളിച്ചു ശല്യപ്പെടുത്താറില്ലേ ?"
'ആര് പറഞ്ഞു അവൻ ശല്യമാണെന്ന്. എന്റെ കുട്ടനെ പറഞ്ഞാലുണ്ടല്ലോ അവനേ എന്നോട് സ്നേഹമുള്ളു. ' ഞാനും വിട്ടുകൊടുത്തില്ല.
"ഇവൻ നിന്നേം കയ്യിലെടുത്തല്ലേ. ഇവനുള്ള ഒരു പ്രത്യേക കഴിവാണത്. " അങ്ങനെ ചിരിയും കളിയുമായി ഞങ്ങളുടെ പാചകം തുടർന്നു.
പിന്നീടങ്ങോട്ടുള്ള എന്റെ ഓരോ ദിവസവും ഞാൻ ആസ്വദിക്കുമായിരുന്നു. ഞാൻ വിചാരിച്ച പോലൊരു ജീവിതമേ ആയിരുന്നില്ല അത്. എത്ര തിരക്കുണ്ടെങ്കിലും ഞങ്ങളുടെ കൂടെ ചിലവഴിക്കാൻ ഏട്ടൻ സമയം കണ്ടെത്തിയിരുന്നു. എനിക്കെന്തു പ്രശ്നമുണ്ടെങ്കിലും അത് പരിഹരിക്കാൻ എന്റെ അനിയൻകുട്ടനും മുന്നിൽ ഉണ്ടായിരുന്നു. അവന്റെ എല്ലാ കുരുത്തക്കേടിനും കൂട്ട് നിന്നു ഞാനും. ശരിക്കും പറഞ്ഞാൽ ഒരു സ്വർഗം, അതായിരുന്നു ഞങ്ങളുടെ വീട്.
ഇപ്പോൾ എന്റെ വീട്ടിൽ പോയി നിൽക്കാൻ പോലും എനിക്ക് തോന്നാറില്ല. ഞാൻ പോയാൽ തന്നെ ഏട്ടനും അനിയനും കൂടെ വിളിയോട് വിളിയാ എന്നാ വരുവാ എന്നും ചോദിച്ചു. പിന്നെ ഞാൻ അവിടെ നിൽക്കില്ല അപ്പോ തന്നെ ഏട്ടനോട് വന്ന് കൊണ്ട്പോകാൻ പറയും.
"ആദ്യം ആ വീട്ടിലേക്ക് പോകില്ലെന്ന് പറഞ്ഞ പെണ്ണാ. ഇപ്പോ അവൾക്കു ഇങ്ങോട്ടൊന്നു വരാൻ പറ്റില്ല. " അമ്മ പരാതി പറയാൻ ആരംഭിക്കും.
'അമ്മയ്ക്കും അച്ഛനും അവിടെ വന്നു നിന്നൂടെ. അവരവിടെ ഒറ്റയ്ക്കായ കൊണ്ടല്ലേ '.
"പിന്നേ...... അല്ലാതെ നിനക്കവരെ കാണാണ്ടിരിക്കാൻ പറ്റാത്തകൊണ്ടല്ല " എന്റെ മനസ്സ് മനസിലാക്കി കൊണ്ട് അമ്മ പറയും.
ശരിയാണ് എനിക്ക് അവരെ കാണാതിരിക്കാൻ പറ്റില്ല. അവരുടെ കൂടെയുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു ജീവിക്കുവാണ്. ഇപ്പോ ഞങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു അഥിതി കൂടെ വരാൻ പോവുകയാണ്. ആ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ മൂവരും..... !
നമ്മൾ ആഗ്രഹിക്കുന്ന പോലായിരിക്കില്ല പലപ്പോളും നമ്മുടെ ജീവിതം. പക്ഷേ നമ്മൾ ആഗ്രഹിച്ചതിലും കൂടുതൽ സന്തോഷം നൽകുന്ന ഒരു ട്വിസ്റ്റ്‌ ദൈവം നമ്മുക്കായി കരുതിവെച്ചിട്ടുണ്ടാകും......
അപർണ

ഏട്ടത്തിയമ്മ

Image may contain: 1 person, smiling, selfie and closeup

ഏട്ടൻ പെട്ടന്നൊരു ദിവസം ഒരു പെണ്ണിനേയും വിളിച്ചു വീട്ടിലേക്ക് കയറി വന്നപ്പോൾ അമ്മയെക്കാളും ദേഷ്യവും സങ്കടവും വന്നത് എനിക്കായിരുന്നു. തന്റേത് മാത്രമെന്ന് കരുതിയ ഏട്ടന്റെ സ്നേഹവും കരുതലും വേറൊരു പെണ്ണിന് പങ്കുവെക്കുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അതിന്റെ ദേഷ്യം ഞാൻ ഏട്ടത്തിയോട് പ്രകടിപ്പിക്കുക തന്നെ ചെയ്തു. തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യപെടുമായിരുന്നു ഞാൻ. എന്റെ ശകാരം കേട്ട് മാറി നിന്നു കരയുന്ന ഏട്ടത്തിയെ കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു. പതിയെ പതിയെ അച്ഛനും അമ്മയ്ക്കും ഏട്ടത്തിയോടുള്ള ദേഷ്യം അലിഞ്ഞില്ലാതായി. എന്നും പുലർച്ചയ്ക്ക് എഴുന്നേറ്റ് കുളിച്ചു അടുക്കളയിൽ കയറി പറയാതെ തന്നെ എല്ലാ ജോലികളും ചെയ്തു തീർക്കുന്ന ഏട്ടത്തി എന്റെ അമ്മയുടെ സങ്കല്പങ്ങൾക്കും അപ്പുറമുള്ള മരുമകൾ ആയിരുന്നു. പറമ്പിൽ പണി ചെയ്ത് ക്ഷീണിച്ചിരിക്കുന്ന സമയത്തു ഭക്ഷണവും വെള്ളവുമായി എത്തുന്ന ഏട്ടത്തി അച്ഛനും സ്നേഹനിധിയായ മരുമകളായിരുന്നു. പക്ഷേ ഇതൊക്കെയും ഏട്ടത്തിയോടുള്ള എന്റെ ദേഷ്യത്തിന് ആക്കം കൂട്ടുകയായിരുന്നു. ഏട്ടത്തിയോടുള്ള എന്റെ പെരുമാറ്റം ഏട്ടനേയും വിഷമിപ്പിച്ചിരുന്നു. " മോളെന്തിനാ ഏട്ടത്തിയെ എപ്പോളും വഴക്ക് പറയുന്നത് ഏട്ടത്തി പാവമല്ലേ " എന്നൊരിക്കൽ ഏട്ടൻ വന്നു പറഞ്ഞപ്പോൾ എനിക്ക് ദേഷ്യമിരട്ടിച്ചു ' ഓ അപ്പോൾ ഞാൻ പാവമല്ലെന്നാവും ഏട്ടൻ പറഞ്ഞു വരണത്, എനിക്കറിയാം എന്നെ കുറിച്ചു ഇല്ലാത്തതൊക്കെയും ആ സാധനം പറഞ്ഞുതന്നിട്ടുണ്ടാവും '. അതിന് ശേഷം ഏട്ടനും എന്റെയടുത്തേക്ക് ഏടത്തിയുടെ സൈഡ് പിടിച്ചു വന്നിട്ടില്ല. എത്ര വഴക്ക് കേട്ടാലും ഏട്ടത്തി എന്റെ കാര്യങ്ങൾക്ക് ഒരു മുടക്കവും വരുത്തിയിരുന്നില്ല.
ഒരു ദിവസം ഏട്ടൻ പുറത്തേക്കെവിടെയോ പോകാൻ ഇറങ്ങും നേരം ഏട്ടത്തിയെ കൂടെ വിളിച്ചപ്പോൾ "എന്നാൽ പിന്നെ നമ്മുക്ക് അപ്പുവിനേം കൂടെ കൂട്ടാം നമ്മൾ അല്ലാതെ ആരാ അവളെ പുറത്തോട്ടൊക്കെ കൊണ്ടുപോവുക ' എന്നു പറഞ്ഞ ഏട്ടത്തിയോട് ഉള്ളിൽ ഇത്തിരി ഒരു സ്നേഹം തോന്നിയെങ്കിലും പുറമേ അത് കാട്ടാതെ അല്പം അഹങ്കാരത്തോടെ തന്നെ ഞാനും അവരുടെ കൂടെ ഇറങ്ങി. എപ്പോളും ദേഷ്യപ്പെടാറുള്ള ഞാൻ പതിവിനു വിപരീതമായി ഒന്നും മിണ്ടാതെ കൂടെ പോയതുകൊണ്ടാവാം ഏടത്തിയുടെ മുഖത്തു ഒരു തെളിച്ചമൊക്കെ കണ്ടത്. ആദ്യമായ് എന്നെ മാളിൽ കൊണ്ടുപോയി ഞാൻ പറയാതെ തന്നെ എനിക്കിഷ്ടപ്പെട്ട സാധനങ്ങൾ ഒക്കെയും വാങ്ങിതന്നപ്പോൾ ഞാൻ ഏട്ടത്തിയെ അത്ഭുതത്തോടെ നോക്കി നിന്നു. "അപ്പു നമ്മുക്ക് ഐസ് ക്രീം കഴിച്ചാലോ ?" ഏടത്തിയുടെ ചോദ്യം കേട്ട് ഞാൻ മറുപടി നൽകും മുൻപേ ഏട്ടത്തി നിങ്ങളിവിടെ ഇരിക്കൂ ഞാൻ വാങ്ങിയിട്ട് വരാം എന്ന് പറഞ്ഞു ഓടി പോയി. ഇത്രയൊക്കെ ഞാൻ വെറുപ്പിച്ചിട്ടും ഇവരെന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് ഞാൻ മനസിലോർത്തു.
"അപ്പൂ....നിന്റെ ഏട്ടത്തിയെ കുറിച്ചു മോൾക്ക് വല്ലതും അറിയാമോ ?" ഏട്ടന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നുമുണർത്തി. എന്താ എന്നർത്ഥത്തിൽ ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി.
" വലിയ തറവാട്ടിൽ ഒക്കെ ജനിച്ചു വളർന്നതാണ് അനു പക്ഷേ പറഞ്ഞിട്ടെന്താ ജനിച്ചപ്പോളെ അമ്മ മരിച്ചു. അവൾക്ക് രണ്ടുവയസ്സ് തികയും മുൻപ്‌ അവളുടെ അച്ഛനും. പിന്നെ മുത്തശ്ശിയുടെയും അമ്മാവന്മാരുടെയും സംരക്ഷണത്തിൽ ആയിരുന്നു വളർന്നത്. സംരക്ഷണം എന്നൊന്നും അതിനെ പറയാൻ പറ്റില്ല ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ അവൾക്കാ വീട്ടിൽ ഉണ്ടായിരുന്നു. മുത്തശ്ശി ഉള്ളതുകൊണ്ട് ആരും അവളെ ഇറക്കി വിട്ടില്ല. ആ കഷ്ടപ്പാടിലും അവൾ നന്നായി പഠിച്ചു. കോളേജിൽ വെച്ചാണ് ഞാൻ നിന്റെ ഏട്ടത്തിയെ ആദ്യമായ് കാണുന്നത്. എന്റെ ജൂനിയർ ആയിരുന്നു അവൾ. അവളുടെ കൈകളിൽ എപ്പോളും മുറിവുകളുടെയും, പൊള്ളലുകളുടെയും പാടുകൾ മായാതെ നിന്നിരുന്നു. അവളുടെ ഒരു കൂട്ടുകാരിയാണ് ഈ കഥകൾ ഒക്കെയും ഏട്ടനോട് പറഞ്ഞത് അപ്പോളെ മനസ്സിൽ ഉറപ്പിച്ചതാ അവളെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന്. മോളോട് പറയാൻ നിന്നതായിരുന്നു ഇതൊക്കെയും, ആയിടയ്ക്കാണ് അവളുടെ മുത്തശ്ശിയും മരിച്ചത്. പിന്നീട് അവളുടെ ജീവിതം കൂടുതൽ കഷ്ടത്തിലായി. അവിടെ ഇട്ട് കൂടുതൽ കഷ്ട്ടപെടുത്താൻ തോന്നിയില്ല അതുകൊണ്ടാണ് നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മനസ്സമാധാനം എന്താണെന്ന് അവളറിഞ്ഞത് നമ്മുടെ വീട്ടിൽ വന്നപ്പോളാ അപ്പോളും അവൾക്കൊരു വിഷമമേ ഉണ്ടായിരുന്നുള്ളു. മോളുടെ അവളോടുള്ള പെരുമാറ്റം. എനിക്കറിയാം പെട്ടന്ന് ഏട്ടൻ ഒരു പെണ്ണിനേം വിളിച്ചുകൊണ്ട് വരുമ്പോൾ മോൾക്കത് അംഗീകരിക്കാൻ പറ്റില്ലെന്ന് പക്ഷേ അവളെ ആ വീട്ടിൽ ഇനിയും തുടരാൻ അനുവദിച്ചിരുന്നെങ്കിൽ....."
'ആഹാ രണ്ടാളും വർത്തമാനോം പറഞ്ഞോണ്ടിരിക്കുവാനോ വന്നേ നമ്മുക്ക് ഐസ് ക്രീം കഴിക്കാം '
അപ്പോളാണ് ഞാൻ ഏട്ടത്തിയെ ശരിക്കും ശ്രദ്ധിക്കുന്നത്. മെലിഞ്ഞുണങ്ങിയ ശരീരമാണേലും നല്ല ഐശ്വര്യമാണ് ആ മുഖത്തിനു. ഏട്ടൻ പറഞ്ഞതുപോലെ കയ്യിൽ നിറയെ പൊള്ളലേറ്റതിന്റെയും മുറിഞ്ഞതിന്റെയും പാടുകളായിരുന്നു.
പാവം ഏട്ടത്തി...... ഇത്രയും നാളും ഞാൻ വേദനിപ്പിച്ചതോർത്തു എന്റെ കണ്ണുനിറഞ്ഞു.
'മോളെന്താ ഇങ്ങനെ നോക്കുന്നത്. ദേഷ്യമാണോ ഇപ്പോളും ഏട്ടത്തിയോട് ' ആ കണ്ണുകളും നിറയാൻ തുടങ്ങിയിരിക്കുന്നു.
ഓടി ചെന്നു ഏട്ടത്തിയെ കെട്ടിപിടിച്ചു മാപ്പ് പറഞ്ഞപ്പോൾ. "എന്തിനാ ന്റെ മോള് മാപ്പ് പറയണത്. ഏട്ടത്തിക്ക് സങ്കടമൊന്നുമില്ലാട്ടോ എന്റെയും അനിയത്തികുട്ടിയല്ലേ നീയ്യ് ' എന്ന് പറഞ്ഞെന്നെ നെഞ്ചോട് ചേർത്തു പിടിച്ചു ന്റെ ഏട്ടത്തിയമ്മ.
**********
ഇപ്പോൾ ഏട്ടത്തിയാണെന്റെ ബെസ്ററ് ഫ്രണ്ട്. ആളിപ്പോ പഴയ പോലൊന്നുമല്ല എന്റെ കൂടെ കൂടി നല്ല സ്മാർട്ട് ആയി മാത്രമല്ല ഞാൻ ഒരു ചെറിയമ്മ ആവാൻ പോകുവാണ് ട്ടോ . മടിപിടിച്ചു കോളേജിൽ ഒന്നും പോകാതെ ഏട്ടത്തിക്ക് വേണ്ടി മാവേലെറിയലാണെന്റെ സ്ഥിരം പരിപാടി. ഇതൊക്കെ കണ്ട് കുശുമ്പും പിടിച്ചു ഒരാളിവിടെ ഇരിപ്പുണ്ട് "ന്റെ ഏട്ടൻ "........ !
അപർണ

ഈ പ്രണയം ഇവിടെ അവസാനിക്കുന്നു........

ഈ പ്രണയം ഇവിടെ അവസാനിക്കുന്നു.........
നഷ്ടപ്പെട്ടതിനെ ഓർത്തു കരയാൻ ഇനി തനിക്കാവില്ല. നിങ്ങൾക്കെന്റെ തീരുമാനത്തെ തേപ്പ് എന്നൊക്കെ വ്യാഖാനിക്കാം. പക്ഷേ ഉചിതമാണെന്ന് എനിക്ക് തോന്നിയൊരു തീരുമാനം ഞാൻ സ്വീകരിക്കുന്നു.
ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധിയിൽ നിന്നും തന്നെ കൈപിടിച്ച് കയറ്റിയവൻ, സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുന്നവൻ ഇങ്ങനൊരാൾ പ്രണയാഭ്യർത്ഥന നടത്തിയാൽ ഏത് പെണ്ണാണ് അത് സ്വീകരിക്കാത്തത്. അത് തന്നെയാണ് താനും ചെയ്തത്.
തന്റെ ഭൂതകാലം അറിഞ്ഞു, തന്റെ ഓരോ ഇഷ്ട്ടങ്ങൾ മനസ്സിലാക്കിയും സ്നേഹിക്കുന്ന ഒരുവൻ, ജീവിതം സന്തോഷകരമാവാൻ ഇതിൽപരം എന്തുവേണം.
പ്രതീക്ഷിച്ചപോലെ തന്നെ സന്തോഷകരമായിരുന്നു പ്രണയത്തിന്റെ ആദ്യനാളുകൾ. പരസ്പരം മനസുകൾ കൈമാറിയും, വിശേഷങ്ങൾ പങ്കുവെച്ചും കടന്നു പോയ നാളുകൾ......
രാത്രി മുതൽ പുലരുവോളം നീളുന്ന ഫോൺ കോളുകൾ, ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു ആ ദിവസങ്ങളിൽ.
തന്നെ കേൾക്കാൻ ഒരാൾ ഉള്ളതിൽപരം എന്ത് സന്തോഷമാണ് ഒരു പെണ്ണിന് വേണ്ടത്.
അതുകൊണ്ട് തന്നെ സൗഹൃദങ്ങൾ അവനിലേക്ക് മാത്രമായ് ചുരുങ്ങി. എന്തും തുറന്ന് പറയാമായിരുന്ന സൗഹൃദപരമായ നിലപാടായിരുന്നു അവന്റേത് അതുകൊണ്ട് അവനിൽ നിന്നും തനിക്കൊന്നും മറച്ചുവയ്ക്കാനില്ലായിരുന്നു.
പിന്നീടെപ്പോളായിരുന്നു തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്? ഒരുപക്ഷേ തന്റെ തുറന്നുപറച്ചിലുകൾ തന്നെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കവും. തന്റെ സംസാരത്തിൽ കടന്നു വരുന്ന ആൺ സുഹൃത്തുക്കളുടെ വിശേഷങ്ങൾ ആയിരുന്നു ആദ്യമായ് അവനെ ചൊടിപ്പിച്ചത്
" നീയെന്തിനാ ഈ ബോയ്‌സിന്റെ കാര്യത്തിൽ ഇടപെടുന്നത് " എന്നവൻ ഒരിക്കൽ ചോദിച്ചപ്പോൾ 'ഇങ്ങനൊരു കുശുമ്പൻ എന്ന് പറഞ്ഞു ഞാനത് ചിരിച്ചുതള്ളി. അവന് തന്നെ അത്രയും ഇഷ്ടമുള്ളതുകൊണ്ടാണല്ലോ അങ്ങനെ ചോദിച്ചത് എന്നോർത്തു അന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു. പക്ഷേ അത് ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങളുടെ തുടക്കം മാത്രമായിരുന്നു.
ക്ലാസ് കഴിഞ്ഞു വൈകിയെത്തുന്ന ദിവസങ്ങളിൽ " നി നിന്റെ മറ്റവന്റെ കൂടെ പോയതായിരുന്നോടി " എന്നുള്ള ചോദ്യം അവൻ പതിവാക്കി.
'ചുമ്മാ അനാവശ്യം പറഞ്ഞാലുണ്ടല്ലോ 'എന്ന് ഞാൻ ഒരിക്കൽ പറഞ്ഞപ്പോൾ
"ഓ നി ചെയ്യുന്നതല്ല ഞാൻ പറയുന്നതാണല്ലേ അനാവശ്യം "എന്നവന്റെ മറുപടി എന്നെയും ചൊടിപ്പിച്ചു. ചിലപ്പോൾ ഞാൻ വൈകി വന്നത് കൊണ്ടുള്ള ടെൻഷനിൽ പറഞ്ഞതാവുമെന്നോർത്തു ഞാൻ ക്ഷമിച്ചു. അല്ലെങ്കിലും നേരമിരുട്ടി വെളുക്കുന്നത് വരെയുള്ള പിണക്കങ്ങൾ മാത്രമേ അന്ന് ഞങ്ങൾക്കിടയിൽലുണ്ടായിരുന്നുള്ളു. പക്ഷേ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അത് ദിവസങ്ങളും ആഴ്ചകളും നീണ്ടു.
സംസാരങ്ങൾക്കിടയിൽ തർക്കങ്ങൾ പതിവായി തന്റെ ഫേസ്ബുക്ക് പാസ്‌വേർഡ് അവൻ കയ്യടക്കി, വാട്സാപ്പിലെ സൗഹൃദങ്ങളെ വെട്ടിക്കുറച്ചു, മറ്റുള്ള ഫോൺ കോളുകൾക്ക് പരിധികൾ കല്പിച്ചു., പക്ഷേ ഇതൊക്കെയും താൻ അനുസരിച്ചിരുന്നു.അവനെ നഷ്ടപ്പടുത്താൻ തനിക്കവുമായിരുന്നില്ല അത്രമേൽ ഇഷ്ട്ടമായിരുന്നു തനിക്കവനെ......
വിലക്കുകൾ തുടർന്നുകൊണ്ടേയിരുന്നു കോളേജും, വീടും അവനും മാത്രമായ് തന്റെ ലോകം ചുരുങ്ങി. പ്രണയത്തിനു ഒരു മനുഷ്യനെ ഇത്രത്തോളം അടിമപ്പെടുത്താൻ പറ്റുമെന്ന് താൻ മനസിലാക്കിയ ദിവസങ്ങളായിരുന്നു അന്നൊക്കെ.
രണ്ട് കൈയും കൂട്ടിയിടിച്ചാലേ ശബ്ദമുണ്ടാവു എന്ന ബോധ്യമുണ്ടായത് കൊണ്ട് പലപ്പോളും താൻ മൗനം പാലിച്ചു. പക്ഷേ എന്നിട്ടുകൂടി പ്രശ്നങ്ങൾ തന്നെ ഈ ദിവസം വരെ എത്തിച്ചു.
അതെ ഇന്നാണ് അത് സംഭവിച്ചത് തന്റെ മാതാപിതാക്കളോടുള്ള സംസാരത്തിനു പോലും പരിധി നിശ്ചയിച്ച തന്റെ കാമുകനോട് ഞാൻ ഗുഡ് ബൈ പറഞ്ഞ ദിവസം. ഒരുപക്ഷേ ഇത് തുടർന്നു പോയിരുന്നെങ്കിൽ ഒരു കുടുംബകോടതിയിൽ അവസാനിച്ചേക്കാമായിരുന്ന ബന്ധം. എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുന്നില്ല അല്പം വൈകി പോയി എന്നെ ഉള്ളു. ഒരു പ്രണയത്തിൽ അവസാനിക്കുന്നതല്ലലോ ജീവിതം ഇനിയും ജീവിച്ചു തീർക്കണം. പഠിക്കണം, ജോലി വാങ്ങണം അങ്ങനെ മാതാപിതാക്കളോടുള്ള കടമ നിറവേറ്റണം. ഇന്ന് ഈ തീരുമാനം ഞാൻ എടുത്തില്ലെങ്കിൽ എനിക്കിതിനൊക്കെ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ ഈ പ്രണയം ഇവിടെ അവസാനിക്കുന്നു........ !
അപർണ

യാത്ര

യാത്ര
******
ഒറ്റയ്ക്കു ഒരു യാത്ര പോയിട്ടുണ്ടോ? ആരോടും പറയാതെ, ഒരു ലക്ഷ്യവും ഇല്ലാത്ത ഒരു യാത്ര..... !
അങ്ങനെ ഒരു യാത്രയെ കുറിച്ച് ഞാൻ പറയാം.
നാല് ദിവസത്തേക്ക് അവധി കിട്ടിയപ്പോൾ ആണ് അങ്ങനൊരു യാത്രയെ കുറിച്ചു ഞാൻ ചിന്തിക്കുന്നത്. പിന്നെ വൈകിയില്ല അന്ന് വൈകിട്ട് തന്നെ ചെന്നൈയിൽ നിന്നും യാത്ര തിരിച്ചു. എങ്ങോട്ടാണെന്നോ, എന്തിനാണെന്നോ ഒരു നിശ്ചയവും ഇല്ല. മുന്നിൽ കണ്ടത് മംഗളൂരു എക്സ്പ്രസ്സ്.ഞാൻ ഉടൻ തന്നെ പോയി കോഴിക്കോടേക്ക് ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറി. ജനറൽ കംപാർട്മന്റിൽ നല്ല തിരക്കായിരുന്നു ഒരു വിധം സീറ്റ് കിട്ടി. രാത്രി ആയതുകൊണ്ട് പുറംകാഴ്ചകൾ നഷ്ടമായി.
ട്രെയിനിനകത്തെ ബഹളങ്ങളിൽ കാതോർത്തിരിക്കുമ്പോളാണ് മുന്നിലിരിക്കുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കുന്നത് കൂടെ രണ്ടു കുട്ടികളും ഉണ്ട്. ഞാൻ ശ്രദ്ധിക്കുന്നത് കണ്ടാവണം അവളെന്നോട് ചിരിച്ചു.ഞാൻ തിരിച്ചും.
"ഈയ് എങ്ങോട്ടാ....?" അവളെന്നോട് ചോദിച്ചു.
'കോഴിക്കോട് '
''വീട്ടിക്ക് പോണതാ...... ?''
'അല്ല '
"പിന്നെ ?"
'വെറുതെ പോണതാ '
"വെറുതെയോ. കൂട്ടുകാരീന്റെ വീട്ടിക്കാ ?"
'അല്ല. അവിടെ എനിക്ക് കൂട്ടുകാരൊന്നുല്ല '
"അള്ളോ..... വെറുതെ കോഴിക്കോടേക്ക് പോവുന്നോ. ഈയ് ഒറ്റയ്ക്കാ ?''
'അതെ '
"അനക്ക് പേടിയില്ലേ ?"
'എന്തിനാ പേടി? '
"ഒറ്റയ്ക്കു പോവാൻ ?''
'ഇല്ല '
'അന്റെ പേരെന്താ ?'
"അപർണ. നിന്റെയോ ?"
'തസ്‌നി '
അങ്ങനെ മലപ്പുറംകാരി തസ്നിയെ ഞാനാ യാത്രയിൽ പരിചയപ്പെട്ടു. പതിനേട്ടാം വയസ്സിൽ കല്യാണം കഴിഞ്ഞു ചെന്നൈയിൽ വന്നവൾ. ഇപ്പോ വയസ് ഇരുപത്തിരണ്ട്. പഠിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അവൾക്ക് പക്ഷേ വീട്ടുകാർ അനുവദിച്ചില്ല. എന്നെ കുറിച്ചു അറിയുന്നതിനെക്കാൾ അവൾ ഏറെ ചോദിച്ചത് കോളേജിലെ വിശേഷങ്ങളായിരുന്നു.
"ഈയ് ഭാഗ്യം ഉള്ളോളാ.... " എല്ലാം കേട്ടുകഴിഞ്ഞു അവൾ പറഞ്ഞു.
രാത്രി മുഴുവൻ ഞാൻ അവളോട് സംസാരിച്ചും അവളുടെ കുട്ടികളുടെ കൂടെ കളിച്ചും സമയം ചിലവഴിച്ചു. രാവിലെ ഫറൂഖിൽ എത്തിയപ്പോൾ അവൾ ഇറങ്ങി. ചെന്നൈയിൽ തിരിച്ചെത്തുമ്പോൾ ആവടിയിൽ ഉള്ള അവളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഞാൻ ട്രെയിൻ ഇറങ്ങി. അവിടെ വെയ്റ്റിംഗ് റൂമിൽ നിന്നും ഫ്രഷ് ആയി . ഇനി എങ്ങോട്ട് ? ആദ്യം മുന്നിൽ കണ്ട ഹോട്ടലിൽ കയറി ചായ കുടിച്ചിട്ട് ആലോചിക്കാം എന്ന് കരുതി അവിടെ കയറി. ചായയും കുടിച്ചു മാനാഞ്ചിറ സ്ക്വയർ കണ്ടേക്കാം എന്ന് കരുതി അവിടെ നിന്നും ഇറങ്ങി.
പബ്ലിക് ലൈബ്രറിയും, ടൗൺഹാളും, ഓപ്പൺ എയർ തിയേറ്ററും ഒക്കെ കണ്ട് ഞാൻ വെറുതെ നടന്നു. വ്യക്തമായ പ്ലാനിങ് ഇല്ലാത്തതുകൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഉച്ചവരെ ഞാൻ അവിടെ ഇരുന്നു. നേരെ വയനാട്ടിലേക് പോയാലോ അവിടെയാവുമ്പോൾ ഫ്രണ്ട്സ് ഉണ്ട്. വയനാട്ടിലുള്ള കൂട്ടുകാരിയെ വിളിച്ചപ്പോൾ അവൾ ഫീൽഡ് വർക്ക്നു വേണ്ടി ആലപ്പുഴയിലായിരുന്നു. അങ്ങനെ വയനാട് ട്രിപ്പ് ക്യാൻസൽ ചെയ്തു. സമയം കളയാൻ വേണ്ടി ഞാൻ കോഴിക്കോട് നഗരവീഥികളിൽ വെറുതെ അലഞ്ഞു നടന്നു. ഉച്ച തിരിഞ്ഞു ഒരു ഓട്ടോ പിടിച്ചു നേരെ കോഴിക്കോട് ബീച്ചിലേക്ക് വിട്ടു. കടൽ തീരത്തു കാറ്റും കൊണ്ട് നടക്കുന്നതിനിടയിൽ പലതരം ആളുകൾ എന്റെ കണ്ണിൽപ്പെട്ടു.തിരക്കുകൾ ഒക്കെ ഒഴിവാക്കി കുടുംബവുമായി അൽപനേരം ചിലവഴിക്കുന്നവർ, കൂട്ടുകാരുമായി വന്ന്‌ സെൽഫി എടുക്കുന്നവർ, ജീവിക്കാൻ വേണ്ടി കഷ്ട്ടപ്പെടുന്ന കച്ചവടക്കാർ,കാമുകിയുമായി സല്ലപിച്ചിരിക്കുന്ന കാമുകന്മാർ, കാഴ്ചകൾ കണ്ടങ്ങനെ നടക്കുമ്പോൾ ആണ് ഒരു മുത്തശ്ശനും മുത്തശ്ശിയും വന്ന്‌ സമയം ചോദിച്ചത്,
'അഞ്ചര ആവാറായി ' ഞാൻ മറുപടി കൊടുത്തു.
"മോളൊറ്റയ്ക്കേ ഉള്ളൂ ? മുത്തശ്ശി ചോദിച്ചു.
'ങും ' ഒരു മൂളലിൽ ഞാൻ മറുപടി ഒതുക്കി.
അവരിരുവരും വന്ന് എന്റെ സമീപം ഇരുന്നു.
"മോളെവിടത്തുകാരിയാ ?" മുത്തശ്ശി ചോദിച്ചു.
'കാസർഗോഡ് '
"ഇവിടെ ?"
'വെറുതെ വന്നതാ. ചെന്നൈലാ പഠിക്കണത്. കുറച്ചു ദിവസം അവധിയായൊണ്ട് വന്നതാ '.
"ഞങ്ങളും കുറേ ദിവസായി പുറത്തൊക്കെ ഇറങ്ങണംന്ന് വിചാരിക്കുന്നു. മക്കൾക്കൊക്കെ വല്യ തിരക്കാ പിന്നെ അവരെ ബുദ്ധിമുട്ടിക്കാതെ ഞങ്ങള് തന്നെ ഇങ് പോന്നു " മുത്തശ്ശി പറഞ്ഞു നിർത്തി.
' അതുനന്നായി അതോണ്ട് ഒറ്റയ്ക്കിരിക്കണ എനിക്കൊരു കൂട്ടായല്ലോ' ഞാൻ തമാശരൂപേണ പറഞ്ഞു.
"കുഞ്ഞിന്റെ പേരെന്താ " മുത്തശ്ശൻ അതുവരെ ഉള്ള ഗൗരവം വിട്ട് ചോദിച്ചു.
'അപർണ '
"ആഹാ ലീനേടെ ഇളയ കൊച്ചിന്റെ പേരും അതാ "
മുത്തശ്ശൻ പറഞ്ഞു.
ഞാൻ മനസിലാവാതെ അവരുടെ മുഖത്തേക്ക് നോക്കി.
"ഞങ്ങളുടെ രണ്ടാമത്തെ മോളാ ലീന. ഇപ്പോ സിംഗപ്പൂരിലാ " മുത്തശ്ശി പറഞ്ഞു.
'നമ്മക്കൊരോ ഐസ് ക്രീം കഴിച്ചാലോ 'ഞാൻ ചോദിച്ചു.
"അയ്യോ വേണ്ട ഷുഗർ ഉണ്ട് " മുത്തശ്ശി പറഞ്ഞു.
''ഓ ഒരു ഐസ് ക്രീം കഴിച്ചാൽ ഷുഗർ ഒന്നും കൂടത്തില്ലന്നെ. മോള് പോയി വാങ്ങിച്ചേച്ചും വാ "മുത്തശ്ശൻ പറഞ്ഞു.
ഞാൻ പോയി ഐസ് ക്രീം വാങ്ങി വന്നു. ഐസ് ക്രീം കഴിച്ചു ഹാപ്പിയായി ഞാൻ യാത്ര പറഞ്ഞിറങ്ങി.
ഇനിയാണ് അടുത്ത പ്രശ്നം.ഇന്നെവിടെ താമസിക്കും ?
അപ്പോളാണ് മുൻപ് കോഴിക്കോട് വർക്ക് ചെയ്ത ഹോസ്റ്റൽ മേറ്റ് നെ കുറിച്ചു ഓർത്തത്. ഞാൻ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. ചേച്ചി ചേച്ചിയുടെ ഫ്രണ്ടിനോട് സംസാരിച്ചു സംഭവം ഓക്കേ ആക്കി. 'മിന്നു ' അതായിരുന്നു ചേച്ചീടെ ഫ്രണ്ട്നെ വിളിക്കുന്ന പേര്. നമ്പറും അയച്ചു തന്നു.
അങ്ങനെ മിന്നു ചേച്ചിയെ അന്വേഷിച്ചു ഞാൻ അവരു വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ എത്തി. എട്ടു മണിവരെ ചേച്ചിക്ക് ജോലി ഉണ്ട് അതുവരെ ഞാൻ അവിടെ വെയിറ്റ് ചെയ്തു. ഞാൻ കാത്തിരിക്കുന്നതുകൊണ്ടാവണം ചേച്ചി നേരത്തെ ഇറങ്ങി എന്നെ പരിചയപ്പെട്ടു. ഒരുപാട് സംസാരിക്കുന്ന മിന്നു ചേച്ചിയെ എനിക്കൊത്തിരി ഇഷ്ട്ടായി. അങ്ങനെ ഞങ്ങളൊരുമിച്ചു ബസ് സ്റ്റോപ്പിലെത്തി. അൽപനേരം കാത്തുനിന്നു, തിരക്കില്ലാത്തൊരു ബസിൽ കയറി അടുത്തടുത്തിരുന്നു. ബസിലുടനീളം ചേച്ചി ചേച്ചിയുടെ വീടിനെയും വീട്ടുകാരെയും പറ്റി പറഞ്ഞു. ഏകദേശം അരമണിക്കൂർ യാത്രകഴിഞ്ഞു ഞങ്ങൾ ബസ് ഇറങ്ങി. അവിടെ ചേച്ചിയുടെ അച്ഛൻ ഞങ്ങളേം കാത്തിരിപ്പുണ്ടായിരുന്നു. ഞാൻ വരുന്ന കാര്യം ചേച്ചി വിളിച്ചുപറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ഗ്രാമപ്രദേശത്തായിരുന്നു ചേച്ചീടെ വീട്. ഞങ്ങൾ മൂന്നുപേരും വീട്ടിലേക്കു നടന്നു രാത്രിയായതോണ്ട് കാഴ്ചകൾ ഒന്നും കാണാൻ പറ്റിയില്ല. വീട്ടിൽ സൗകര്യം കുറവാണെന്നു ചേച്ചി മുന്നറിയിപ്പ് തന്നു. 'അതൊന്നും സാരമില്ലെന്റെ ചേച്ച്യേ ' ഞാൻ പറഞ്ഞു. കുറച്ചു നടന്നപ്പോളേക്കും വീടെത്തി. ഒരു കൊച്ചു വീട്. അവിടെ ചേച്ചിയും ചേച്ചിയുടെ അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കൊച്ചു സന്തുഷ്ട കുടുംബം. ഞാൻ വരുന്നതറിഞ്ഞു ഒരു സദ്യ തന്നെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു അവിടെ. ഞാൻ കുളിച്ചു ഫ്രഷ് ആയി വന്നു ഫുഡ് കഴിച്ചു. അപ്പോളേക്കും ചേച്ചിയുടെ അനിയത്തി പൊന്നു ഞാനുമായി നല്ല കൂട്ടായി. അധികം സംസാരിച്ചിരിക്കാൻ പറ്റിയില്ല യാത്ര ക്ഷീണം കാരണം പെട്ടെന്നുറങ്ങി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റു വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഒരു കുന്നിന്റെ മുകളിലായിരുന്നു ചേച്ചിയുടെ വീട്. ചുറ്റിലും മനസിന് കുളിരേകുന്ന കാഴ്ചകൾ. രാത്രി വന്നതുകൊണ്ട് ആ കാഴ്ചകളൊക്കെ എനിക്ക് ഇന്നലെ നഷ്ടമായി. പെട്ടന്ന് തന്നെ ഞാൻ കുളിച്ചു ചായകുടിച്ചു പോകാൻ റെഡിയായി. നാളെ പോയാൽ മതിയെന്നു പറഞ്ഞു പൊന്നുവും ചേച്ചിയുടെ അച്ഛനും ഒരുപാട് നിർബന്ധിച്ചു. പിന്നീടൊരു ദിവസം വരാമെന്ന വാക്കും നൽകി ഈ യാത്രയിൽ മറക്കാനാവാത്ത ഒരു അനുഭവം നൽകിയ ചേച്ചിയോടും കുടുംബത്തോടും ഞാൻ നന്ദി പറഞ്ഞിറങ്ങി.
അടുത്ത യാത്ര കൊച്ചിയിലേക്കാണ്. ഞാൻ കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ട്രെയിൻ കയറി.
ട്രെയിനിൽ നിന്നാണ്‌ വിഷ്ണു എന്നൊരു കൂട്ടുകാരനെ കിട്ടുന്നത്. ആലുവയിലേക്കായിരുന്നു അവൻ.ആളൊരു പുസ്തകപ്പുഴുവാണ്. വായിച്ച പുസ്തകത്തെ കുറിച്ചാണ് സംസാരിച്ചതിലേറെയും.
ആലുവക്കാരൻ ചങ്ങായി ആലുവ എത്തിയപ്പോൾ ബൈ പറഞ്ഞിറങ്ങി. ഞാൻ എറണാകുളം സൗത്ത് സ്റ്റേഷനിലും.
അവിടെ നിന്നും ഞാൻ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തു. ഭാഗ്യത്തിന് റിസർവേഷൻ കിട്ടി.
ഭക്ഷണം കഴിച്ചു ഞാൻ നേരെ മറൈൻ ഡ്രൈവിലേക്ക് വിട്ടു. കുറച്ചു സമയം അവിടെ വായുംനോക്കി നടന്ന് ഒരു കുലുക്കി സർബത്തും കുടിച്ചു അവിടുന്നിറങ്ങി.
അടുത്ത ലക്ഷ്യം കലൂർ ആയിരുന്നു . അങ്ങനെ കലൂരിൽ ചെല്ലുമ്പോളാണ് അറിയുന്നത് അന്നവിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുവാണെന്നു. ഭയങ്കര തിരക്കായിരുന്നു കലൂരിൽ അന്ന്. ഒരു വിധം തിരക്കിൽ നിന്നും ഒഴിഞ്ഞു ഇനി എവിടേക്ക് എന്നാലോചിക്കുമ്പോളാണ് റെമോ എന്ന സിനിമയുടെ പോസ്റ്റർ ശ്രദ്ധയിൽ പെട്ടത്. പിന്നൊന്നും ആലോചിച്ചില്ല റെമോ കാണാനായി നേരെ ശ്രീധർ തിയേറ്ററിലേക്ക് ചെന്നു.
ശിവകർത്തികേയന്റേയും കീർത്തി സുരേഷിന്റെയും അഭിനയത്തിൽ ലയിച്ചിരിക്കുമ്പോളാണ് ട്രെയിനിന്റെ സമയം ഓർമ വന്നത്. ഒന്പതരയ്ക്കാണ് ട്രെയിൻ. സിനിമ കഴിയുന്നതിനു ഒരു പത്തുമിനിറ്റ് മുന്നേ ഞാനിറങ്ങി നേരെ റെയിൽവേ സ്റ്റേഷനിലേക്ക് ചെന്നു.
റെയിൽവേ സ്റ്റേഷനിൽ നിറയെ കളി കാണാൻ വന്നവരുടെ തിരക്കായിരുന്നു. കൃത്യസമയത്തു തന്നെ എന്റെ ട്രെയിൻ വന്നു.
അങ്ങനെ ഞാനെന്റെ മടക്കയാത്ര ആരംഭിച്ചു.
പ്രണയമാണെനിക്ക് യാത്രകളോട്. ഓരോ യാത്രകളും ഓരോ പുതിയ അറിവുകളാണ് നൽകുന്നത് പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രകൾ. ഈ യാത്രയിൽ ഒരുപാട് സ്ഥലങ്ങളൊന്നും സന്ദർശിക്കാൻ എനിക്ക് പറ്റിയില്ലെങ്കിലും നല്ല ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചു മാത്രമല്ല തുടർന്നുള്ള യാത്രക്കുള്ള ധൈര്യവും......!
അപർണ

തിരിച്ചറിവുകൾ


Image may contain: 1 person, smiling, selfie and closeup

ഹലോ ഏട്ടാ..... എന്നെയൊന്ന് കൂട്ടാൻ വരുമോ? സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു അതോണ്ട് വൈകി, ബസ്സും പോയി. കോളേജ് വരെ ഒന്ന് വരാമോ ?"
വൈകിട്ട് ചങ്കുകളുടെ കൂടെ ഒരെണ്ണം അടിച്ചുകൊണ്ടിരിക്കുമ്പോളാണ് പെങ്ങളുടെ വിളി.
' നിനക്ക് ആദ്യായിട്ടൊന്നുമല്ലലോ സ്പെഷ്യൽ ക്ലാസ് ഉണ്ടാവുന്നേ വല്ല ഓട്ടോയും പിടിച്ചു വാടി ' അതും പറഞ്ഞു ഞാൻ ഫോൺ അങ്ങ് കട്ട് ചെയ്തു.
അല്ലെങ്കിലും ഈ അവസ്ഥയിൽ അവിടെ വരെ പോയാൽ ശരിയാവില്ല.
'ഡാ ഒരെണ്ണം ഒഴിയെടാ ' ഞാൻ ഗ്ലാസ് അവർക്കു നേരെ നീട്ടി.
" അളിയാ മറ്റേ നീതു ഇല്ലേ. നമ്മുടെ ശ്യാമിന്റെ പെങ്ങളെ. അവളിന്നലെ ഏതോ ഒരുത്തന്റെ കൂടെ ബൈക്കിൽ വന്നിറങ്ങുന്നത് കണ്ടു അതും രാത്രിയിൽ " നാട്ടിലെ ന്യൂസ് മുഴുവൻ എത്തിക്കുന്ന വിനു പറഞ്ഞു.
വെള്ളമടിക്കുമ്പോൾ ടച്ചിങ്‌സിനെകാളും രുചി അവന്റെ ഈ വക ന്യൂസുകൾക്കുണ്ട്.
" അല്ലേലും അവള് പോക്ക് കേസാണെന്ന് എനിക്ക് പണ്ടേ അറിയായിരുന്നു. പണ്ട് ഞാനൊന്ന് നമ്പർ ചോയ്ച്ചപ്പോൾ എന്തായിരുന്നു അവളുടെ ഒരു അഹങ്കാരം " രാഹുൽ തന്റെ കയ്യിലുള്ള മദ്യം വെള്ളംചേർക്കാതെ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് പറഞ്ഞു.
' ഡാ റെജിയേ, അവിടെ പാർക്കിൽ രണ്ട്മൂന്ന് കപ്പിൾസ് ഇറങ്ങീട്ടുണ്ടല്ലോ നീയൊന്ന് പെട്ടന്ന് വന്നേ ' ശരത് ഓടിക്കിതച്ചു വന്ന് പറഞ്ഞു.
" ഓഹോ പിന്നേം വന്നോ ഇവറ്റകള്. വാടാ പോയി നോക്കിട്ട് വരാം " അവസാന കുപ്പി ബിയറും കുടിച്ചു കുപ്പി എറിഞ്ഞുടച്ചു ഞങ്ങൾ പാർക്കിലേക്ക് നടന്നു.
" ആഹാ എന്താ മക്കളെ സന്ധ്യയ്ക്ക് ഈ പാർക്കിൽ പരിപാടി...... " ചെന്ന ഉടനെ മുന്നിൽ കണ്ട രണ്ടെണ്ണത്തോടും ചോദിച്ചു.
" പാർക്കിൽ ആരും സിനിമകാണാൻ വരില്ലല്ലോ ചേട്ടാ " അവൾ ആയിരുന്നു മറുപടി പറഞ്ഞത്.
അവളുടെ മറുപടി എനിക്ക് "ക്ഷ" ബോധിച്ചു.
' അയ്യോ ചേട്ടമ്മാര് വിചാരിച്ചു മക്കള് സിനിമ കാണാൻ വന്നതാണെന്ന്..... എന്നാപ്പിന്നെ മക്കള് വീട്ടിലോട്ട് ചെന്നാട്ടെ സമയം വൈകണ്ട ' ഞാൻ അവരോടായി പറഞ്ഞു.
"അതുപറയാൻ താനാരാ" ഇത്തവണ ചോദ്യം അവന്റേതായിരുന്നു.
' ഡാ കൂടുതൽ കളിക്കാൻ നിക്കല്ലേ. ഇവൾ ആരാടാ? എവിടാടി നിന്റെ വീട്. രണ്ടും കൂടി ഇവിടെന്തിനാ വന്നേ. നിനക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലെടി. ഡാ ശരത്തെ എടുക്കെടാ രണ്ടിന്റേം ഫോട്ടോ..... '
" അയ്യോ ചേട്ടാ ഉപദ്രവിക്കരുത് ഞങ്ങള് പോയിക്കോളാം " ഇത്തവണ പേടിച്ചതുകൊണ്ടാവണം അവളുടെ അഹങ്കാരം ഇത്തിരി കുറഞ്ഞത്.
'ഇനി മേലാൽ ഇവിടെ കണ്ടുപോകരുത് ഇപ്പോ പൊയ്ക്കോ രണ്ടും ' ഞാൻ അടുത്ത ആളിന്റെ അടുത്തേക്ക് നടക്കുമ്പോളാണ് ഫോൺ റിംഗ് ചെയ്തത്.
" ഹലോ.... മോനേ നി എവിടെയാ? രേഷ്മ മോളിതു വരെ വന്നില്ലടാ. എനിക്ക് പേടിയാവുന്നു. " മറുതലയ്ക്കൽ അമ്മയുടെ ശബ്ദം.
' ഹാ അവൾക്കെന്തോ സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞതാ. അവള് വന്നോളും '
" അതൊക്കെ നേരത്തെ കഴിഞ്ഞു നീയൊന്ന് കോളേജിൽ പോയി നോക്കിക്കേ. നേരം ഇരുട്ടി " അമ്മയുടെ ശബ്ദത്തിൽ ഭയം നിഴലിച്ചിരുന്നു.
' ആ ശരി. ഞാൻ വിളിക്കാം ' ഞാൻ ഫോൺ കട്ട് ചെയ്തു.
'ഡാ ഞാനിപ്പോ വരാം ' അവന്മാരോടായി പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
കോളേജിൽ എത്തിയപ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു ആ പരിസരത്തെങ്ങും ആരുമുണ്ടായിരുന്നില്ല. എന്റെ മനസ്സിലും ഭയം വന്നു തുടങ്ങി.
" ദൈവമേ...... ന്റെ അനിയത്തി അവൾ ഇതെവിടെ പോയി..... "
എനിക്കറിയാവുന്ന അവളുടെ കൂട്ടുകാരെ ഒക്കെ വിളിച്ചുനോക്കി ആർക്കും അവളെക്കുറിച്ചു അറിയില്ല. ക്ലാസ് കഴിഞ്ഞു അവരൊക്കെ നേരത്തെ വീട്ടിൽ എത്തിയെത്രെ.
എന്റെ മനസ്സിൽ ഭയം ഇരട്ടിച്ചു. പെട്ടന്നായിരുന്നു എന്റെ ഫോൺ റിംഗ് ചെയ്തത്.
'ഹലോ..... രേഷ്മയുടെ ചേട്ടനാണോ?' മറുതലയ്ക്കൽ ഒരു പെൺശബ്ദം.
" അതെ ആരാ ?"
'ചേട്ടൻ ഒന്ന് ജനറൽ ഹോസ്പിറ്റൽ വരെ വരാമോ? '
"ഹലോ നിങ്ങളാരാ? രേഷ്മ എവിടെ ? ഹലോ...... " മറുപടി നൽകാതെ ആ ഫോൺ കട്ട് ആയി.
ഞാൻ പെട്ടന്ന് തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തി.
"ചേട്ടാ...... ഞാനാ വിളിച്ചത് " പിറകിൽ നിന്നൊരു പെൺശബ്ദം ഞാൻ തിരിഞ്ഞുനോക്കി.
" പേടിക്കണ്ട രേഷ്മയ്ക്ക് ചെറിയൊരു തലകറക്കം.ഉച്ചയ്‌ക്കൊന്നും കഴിക്കാത്തത്കൊണ്ടാണെന്ന് തോന്നുന്നു. ബസ് സ്റ്റോപ്പിൽ തലകറങ്ങി വീണപ്പോൾ ഞാനാ ഇവിടെ കൊണ്ടുവന്നത്. ഞാൻ അവളുടെ സീനിയറാ പേര് അനു "
'അവൾ എവിടെ ?'
"അകത്തുണ്ട് വാ " ഞാൻ അകത്തേക്ക് ചെന്നു.
'മോളേ..... ' ഞാൻ അവളുടെ അടുത്തു ചെന്നു.
" ഏട്ടാ..... തീരെ വയ്യാണ്ടായൊണ്ടാ ഏട്ടനെ വിളിച്ചത് "അവളുടെ കണ്ണുകൾ നിറഞ്ഞു.
'സോറി മോളേ....... ഏട്ടനോട് ക്ഷമിക്ക് ' ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു.
' ചേട്ടാ ഒരു മിനിറ്റ് പുറത്തേക്കു വരാമോ ?' അനു എന്നെ വിളിച്ചു.
ഞാൻ പുറത്തേക്കു ചെന്നു.
' ചേട്ടനെന്നെ ഓർക്കുന്നുണ്ടോ ?' അവൾ ചോദിച്ചു.
"ഇല്ല " അവളുടെ മുഖം ഓർമകളിൽ തിരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.
' ഉണ്ടാവില്ല എന്നപോലെ ദിവസേന എത്രപേരെ കാണുന്നുണ്ടാവും ചേട്ടൻ. മുമ്പൊരിക്കൽ ഞാനും എന്റെ ചേട്ടനും ഒരുമിച്ചു രാത്രിയിൽ സഞ്ചരിച്ചു എന്നപേരിൽ നടുറോഡിൽ നിങ്ങളും നിങ്ങളുടെ ഫ്രണ്ട്സും മദ്യപിച്ചു വന്ന് വളഞ്ഞിട്ടാക്രമിച്ചത് ഓർക്കുന്നുണ്ടോ ? അന്ന് കരഞ്ഞുപറഞ്ഞിരുന്നു ഞാൻ ഇതെന്റെ ചേട്ടനാണെന്ന്. ഓർക്കുന്നുണ്ടോ എന്റെയും എന്റെ ചേട്ടന്റെയും മുഖം. മറക്കാൻ സാധ്യത കുറവാണ്. ഒത്തിരി അപമാനിച്ചു വിട്ടതാണ് നിങ്ങൾ ഞങ്ങളെ '
ശരിയാണ്..... മദ്യലഹരിയിൽ ഞങ്ങളുടെ ക്രൂരതയ്ക്കിരയായവൾ....... കരഞ്ഞു കൈകൂപ്പി ഉപദ്രവിക്കരുതേ.... എന്ന് യാചിച്ച അവളുടെയും അവളുടെ സഹോദരന്റെയും മുഖം എന്റെ മനസ്സിൽ തെളിഞ്ഞു.
'ഇപ്പോൾ എന്തുപറ്റി ചേട്ടാ നാട്ടുകാരുടെ പെങ്ങമ്മാർ ആരുടെകൂടെ എവിടെയൊക്കെ പോണു എന്ന് അന്വേഷിക്കുന്ന കൂട്ടത്തിൽ സ്വന്തം പെങ്ങളെ മറന്നോ?
ആദ്യം സ്വന്തം പെങ്ങൾ എവിടാണ് അവൾ സുരക്ഷിതയാണോ എന്ന് നോക്കിട്ട് പോരെ ചേട്ടാ മറ്റുള്ളോരുടെ പെങ്ങന്മാരെ നന്നാക്കാൻ പോണത്.....
ഇനിയെങ്കിലും ഈ നശിച്ച സദാചാര വേഷം അഴിച്ചുവെച്ചു കുടുംബം നോക്കാൻ ശ്രമിക്ക്. കഷ്ട്ടം തന്നെ ' ഇത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു.
അവൾ പറഞ്ഞത് ശരിയായിരുന്നു. ഇന്നുവരെ തന്റെ പെങ്ങൾ എവിടെയാണെന്നോ അമ്മ എന്തുചെയ്യുന്നു എന്നോ താൻ അന്വേഷിച്ചിട്ടില്ല. മദ്യലഹരിയിൽ ഒരുപാടുപേരെ ഉപദ്രവിച്ചിട്ടുണ്ട്. കുറ്റബോധം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു.....
ചില അനുഭവങ്ങളാണ് ജീവിതത്തിൽ തിരച്ചറിവുണ്ടാക്കുന്നത് അതുകൊണ്ടുതന്നെ ഈ സദാചാര വേഷം ഞാൻ ഇവിടെ ഉപേക്ഷിക്കുവാണ്.....
എനിക്കും അമ്മയുണ്ട്...... പെങ്ങളുണ്ട്....... ഇവരൊക്കെയാണെന്റെ ഉത്തരവാദിത്ത്വങ്ങൾ........!
അപർണ

വിശപ്പ്


വിശപ്പ്
*******
" അപരിചിതമായ ഒരു പ്രദേശം. മയക്കത്തിൽ നിന്നും എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോൾ അടുത്തെങ്ങും ഒരു വീട് പോലും കാണാൻ ഇല്ല. ഇതെവിടെയാണ് ? ഞാൻ എങ്ങനെ ഇവിടെ എത്തിപ്പെട്ടു? എനിക്കെന്താണ് സംഭവിച്ചത് ?
ട്രെയിനിൽ ഹോസ്റ്റലിലേക്ക് പുറപ്പെട്ടതായിരുന്നു താൻ. ഇടയ്ക്കെപ്പോഴോ വെള്ളം വാങ്ങാൻ വേണ്ടി ഏതോ ഒരു സ്റ്റോപ്പിൽ ഇറങ്ങി. അപ്പോളായിരുന്നു ഒരാൾ തന്റെ ബാഗും തട്ടിപ്പറിച്ചു ഓടിയത്. കള്ളൻ എന്നലറി വിളിച്ചു പറഞ്ഞെങ്കിലും ആരും തന്റെ രക്ഷയ്ക്കെത്തിയില്ല. എത്ര ദൂരം ഓടിയെന്നറിയില്ല. ഇടയ്ക്കെപ്പോളോ തളർന്നു വീണു. ഇപ്പോളാണ് ബോധം തിരിച്ചു കിട്ടിയത്.
ഞാൻ ചുറ്റിലും നോക്കി. അടുത്തെങ്ങും ഒരു മനുഷ്യൻ പോലുമില്ല. വല്ലാത്ത വിശപ്പും ദാഹവും. ഒരിറ്റു വെള്ളം കിട്ടിയിരുന്നെങ്കിൽ......
ഞാൻ മുന്നിൽ കണ്ട വഴിയിലൂടെ വേച്ചു വേച്ചു നടന്നു. എത്ര ദൂരം നടന്നെന്നറിയില്ല. വിശപ്പ് സഹിക്കാൻ പറ്റണില്ല. എവിടുന്നെങ്കിലും ഇത്തിരി ഭക്ഷണം കിട്ടിയിരുന്നെങ്കിൽ. വീട്ടിൽ നിന്നും മൂന്ന് നേരം ഭക്ഷണം കിട്ടുമെങ്കിലും ഇഷ്ട്ട ഭക്ഷണം ഉണ്ടാക്കാതിരുന്നതിന്റെ പേരിൽ അമ്മയെ വഴക്ക് പറഞ്ഞു പ്ലേറ്റ് തട്ടിതെറിപ്പിച്ചെറിയുന്നതോർത്ത് മനസ്സൊന്ന് പിടഞ്ഞു.
" എപ്പോളെങ്കിലും ഭക്ഷണത്തിന്റെ വില നി മനസിലാക്കും മോളേ....... ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത ഒരുപാട് പേര് നമ്മുടെ നാട്ടിൽ ഉണ്ട്. എന്നിട്ട് മൂന്ന് നേരം ഭക്ഷണം കിട്ടുന്ന നിനക്കൊക്കെ അഹങ്കാരം അല്ലേടി. നീയൊക്കെ അനുഭവിക്കും...... " അമ്മയുടെ ശബ്ദം ശാപവാക്കുകൾ പോലെ കാതിൽ അലയടിച്ചു.
ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു ഞാൻ പിന്നെയും മുന്നോട്ട് നടന്നു.
നടന്നു നടന്നൊടുവിൽ ഒരു ഗ്രാമത്തിൽ എത്തിപ്പെട്ടു. മുന്നിൽ കണ്ട ഒരു കടയിലേക്ക് ഞാൻ ചെന്നുകയറി. ചില്ലുകൂട്ടിൽ അടുക്കിവെച്ചിരിക്കുന്ന പലഹാരത്തിലേക്ക് ഞാൻ ആർത്തിയോടെ കൈ ചൂണ്ടി അത് വേണമെന്നാവിശ്യപെട്ടു. കടക്കാരൻ എന്നെ അടിമുടി ഒന്നു നോക്കിയിട്ട് പലഹാരത്തിന്റെ വില കൊടുക്കാൻ പറഞ്ഞു. നിസ്സഹായതയോടെ ഞാൻ അയാളുടെ മുന്നിൽ കൈകൂപ്പി ഭക്ഷണത്തിനായി യാജിച്ചു. ഇല്ല പണമില്ലാതെ ഭക്ഷണമില്ല അയാൾ തറപ്പിച്ചു പറഞ്ഞു. ഞാൻ അവിടുന്നിറങ്ങി പിന്നെയും നടന്നു.
ഇടയ്ക്കെപ്പോളോ മുന്നിൽ കണ്ട ഒരു പൈപ്പിൽ നിന്നും ഇറ്റിറ്റു വീഴുന്ന രണ്ടുതുള്ളി വെള്ളം കൊണ്ട് തൊണ്ട നനച്ചു. പിന്നെയും മുന്നോട്ട്......
ഇല്ല ഇനിയൊരടി മുന്നോട്ട് നടക്കാൻ വയ്യ. ഞാൻ ആ വഴിയിൽ തളർന്നിരുന്നു. മുന്നിലൂടെ കടന്നു പോയ പലരുടെ മുന്നിലും ഒരു ഭിക്ഷക്കാരിയെ പോലെ ഭക്ഷണത്തിനും വെള്ളത്തിനുമായി യാചിച്ചെങ്കിലും ആരും കനിഞ്ഞില്ല. മാത്രമല്ല എല്ലാവരും ആട്ടിയോടിച്ചു.
പിന്നെയും മുന്നോട് നടക്കാൻ ഒരു ശ്രമം നടത്തി. അപ്പോളായിരുന്നു അടുത്ത് ഉണ്ടായ ഒരു തെരുവ് നായയെ ഞാൻ ശ്രദ്ധിക്കുന്നത്. കുറച്ചു നേരമായി അതെന്നെ പിന്തുടരുന്നു. ഞാൻ തളർച്ചയുടെ അതിനെ ഒന്നു നോക്കി. എന്റെ ആവിശ്യം മനസിലായിട്ടാവണം അടുത്ത് കണ്ട ചവറ്റുകൊട്ടയിൽ നിന്നും ഒരു ഭക്ഷണപൊതി കടിച്ചെടുത്തു അതെന്റെ മുന്നിൽ കൊണ്ടിട്ടത്. ആർത്തിയോടെ അത് തുറന്ന് നോക്കുമ്പോൾ ആരോ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി അതിൽ ഇരിപ്പുണ്ട്. ആ തെരുവ് നായയെ നന്ദിയോടെ ഒന്നു നോക്കി ആ ഭക്ഷണം വാരി വലിച്ചു കഴിക്കുമ്പോൾ എനിക്ക് അറപ്പോ വെറുപ്പോ ഒന്നും തോന്നിയില്ല. നിലത്തു കിടന്ന അവസാന അന്നവും വായിൽ വെച്ചപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വന്നുകൊണ്ടേയിരുന്നു..........
**********
' നേരം ഇത്രയായിട്ടും നി എഴുനേൽക്കുന്നില്ലേ.... ' അമ്മയുടെ ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്ന്.
"അപ്പോൾ കണ്ടതൊക്കെയും ഒരു സ്വപ്നമായിരുന്നോ...... "
'നീയെന്താ പിറുപിറുക്കുന്നെ നേരം എത്രയായെന്നാ വിചാരം. പെട്ടന്ന് എഴുന്നേറ്റ് കോളേജിൽ പോകാൻ നോക്ക് ' അമ്മ വീണ്ടും പറഞ്ഞു.
അതെ ഒക്കെയും ഒരു സ്വപ്നമായിരുന്നു. എപ്പോളെങ്കിലും തന്റെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ഒരു സ്വപ്നം.
എപ്പോളും അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തെ പഴി പറഞ്ഞു മാത്രം കഴിക്കാറുള്ള ഞാൻ, അന്ന് ബഹുമാനത്തോട് കൂടി,ഒരു വറ്റു പോലും പാഴാക്കാതെ കഴിച്ചു. മാത്രമല്ല വഴിയരികിൽ വിശന്നിരിക്കുന്നവർക്കു വേണ്ടി ഒരു പൊതിച്ചോറ് കയ്യിൽ കരുതാനും മറന്നില്ല.
ചില സ്വപ്‌നങ്ങൾ ഒക്കെയും നമ്മുക്കൊരു മുന്നറിയിപ്പായിരിക്കും, ചെയ്തു പോയ തെറ്റുകൾ തിരുത്താനുള്ള മുന്നറിയിപ്പ്."
അപർണ

ചില ജീവിതക്കാഴ്ചകൾ

No automatic alt text available.

"സോറി മീര നിങ്ങൾക്ക് ഇനി കുട്ടികൾ ഉണ്ടാവില്ല. ഇനി ട്രീറ്റ്മെന്റ് തുടരണം എന്നില്ല നിങ്ങള്ക്ക് പോകാം...... "
ഡോക്ടറുടെ ആ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് തറച്ചു കയറി. ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടി അവൾ വാങ്ങി വെച്ച കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും അവളെ നോക്കി പുച്ഛിക്കുന്നതു പോലെ തോന്നി.
തിരിച്ചുള്ള യാത്രയിൽ ട്രെയിനിൽ ഇരുന്നവൾ ഏറെ നേരം കരഞ്ഞു. പതിയെ നന്ദന്റെ നെഞ്ചിലേക്ക് ചാഞ്ഞവൾ എട്ടു വർഷം പിറകോട്ടു പോയി.
"നന്ദേട്ടാ..... നമ്മുക്കുണ്ടാവുന്ന കുഞ്ഞു പെൺകുട്ട്യാന്നേൽ നമ്മുക്കവളെ മാളൂട്ടിന്ന് വിളിക്കാംട്ടോ "
'അതെന്താ പൊന്നു നിനക്കാ പേരിനോടിത്ര പ്രിയം '
"നിക്ക് വെല്യ ഇഷ്ട്ടാ മാളൂ ന്നുള്ള പേര് "
'അപ്പോ ആണ്കുട്ടിയാണേലോ പൊന്നുസേ ?'
"ആണ്കുട്ടിയാണേൽ കണ്ണാ നു വിളിക്കാം "
അന്ന് മുതൽ നെയ്തുകൂട്ടാൻ തുടങ്ങിയതായിരുന്നു ജീവിതത്തിലേക്ക് കടന്നു വരുന്ന കുഞ്ഞു അതിഥിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ. പക്ഷേ രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷവും ഒരു കുഞ്ഞുണ്ടാവാനുള്ള ഭാഗ്യം അവർക്ക് ലഭിച്ചില്ല.
എന്നാലും പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയും വഴിപാടുകളുമായി വീണ്ടും കാത്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം.
അങ്ങനെയായിരുന്നു ഒരു സുഹൃത്തിനു പരിചയമുള്ള ഹോസ്പിറ്റലിൽ അവർ ചികിത്സയ്ക്ക് എത്തിയത്. നാല് വർഷത്തോളം ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടാവുമെന്നവർ ഉറച്ചു വിശ്വസിച്ചു. അപ്പോളാണ് ആ പ്രതീക്ഷയും തകർത്തു കൊണ്ടുള്ള ഡോക്ടറുടെ വാക്കുകൾ.
"സാരമില്ല പൊന്നുസേ വിഷമിക്കാതെ നിന്റെ കുഴപ്പം കൊണ്ടൊന്നുമല്ലലോ " നന്ദൻ അവളെ സമാധാനിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
'നന്ദേട്ടാ....'
"ന്താ പൊന്നു...... ദൈവം നമ്മളെ കൈവിടില്ല നി വിഷമിക്കാതിരിക്ക് "
പെട്ടന്ന് ട്രെയിനിൽ അവരുടെ മുന്നിലായി ഇരിക്കുന്ന പെൺകുട്ടി അവരോടായി ചോദിച്ചു 'ചേച്ചി എന്റെ കുഞ്ഞിനെ ഒന്ന് ശ്രദ്ധിക്കാമോ. ഞാൻ ഇപ്പോൾ വരാം '
"അതിനെന്താ മോളേ, ഞാൻ ശ്രദ്ധിച്ചോളാം മോള് പോയിട്ട് വാ " മീര സന്തോഷത്തോടെ കുഞ്ഞിനെ സ്വീകരിച്ചു.
"നോക്കിയേ നന്ദേട്ടാ നമ്മുടെ മാളൂട്ടിയെ പോലെ തന്നെ ഉണ്ടല്ലേ ?"
'ശെരിയാ പൊന്നുസേ എന്റെ സ്വപ്നത്തിൽ വരാറുള്ള നമ്മുടെ മാളൂട്ടീടെ അതെ മുഖം '
ആ കുഞ്ഞിനെ കൊഞ്ചിച്ചു സമയം പോയതവർ അറിഞ്ഞില്ല.
'പൊന്നു..... ആ കുട്ടിയെ കാണുന്നില്ലാലോ. നമ്മുക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്താറായിട്ടോ '
"ശരിയാണല്ലോ നന്ദേട്ടൻ ഒന്ന് പോയി നോക്കിയിട്ട് വന്നേ "
നന്ദൻ ആ പെൺകുട്ടിയെ തിരഞ്ഞു നടന്നു.
'ഇല്ല പൊന്നു ആ കുട്ടി ഇവിടൊന്നുമില്ല. എനിക്ക് തോന്നുന്നത് അവൾ ഈ കുഞ്ഞിനെ ഉപേക്ഷിച്ചതാവുംന്ന് '
"ഈശ്വരാ..... ഈ പൊന്നുമോളേ ഉപേക്ഷിക്കാൻ അവൾക്കെങ്ങനെ മനസ്സുവന്നു "
'പൊന്നു നമ്മുക്ക്‌ ഈ കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കാം '
"ശരി നന്ദേട്ടാ "
പെട്ടന്നായിരുന്നു ആ കുഞ്ഞുടുപ്പിൽ നിന്നും ഒരു പേപ്പർ മീരയുടെ കണ്ണിൽ ഉടക്കിയത്.
"നന്ദേട്ടാ ഇത് നോക്കിക്കേ. ദേ ഒരു പേപ്പർ "
'പേപ്പറോ നി അത് തുറന്ന് നോക്കിയേ '
"നിങ്ങൾ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. എന്റെ കുഞ്ഞിനെ ഞാൻ നിങ്ങളെ വിശ്വസിച്ചു ഏല്പിക്കുകയാണ്. അവളെ സുരക്ഷിതമായൊരു സ്ഥലത്തു നിങ്ങൾ ഏൽപ്പിക്കണം. ഞാൻ ചെയ്തു പോയൊരു തെറ്റിന്റെ ഫലമാണ് അവൾ. അതിന്റെ പേരിൽ എല്ലാവരും എന്നെ ഉപേക്ഷിച്ചു. ഒരിക്കലും എന്റെ മകൾ അവളുടെ അമ്മ പിഴച്ചു പോയവളാണെന്നു അറിയരുത്. ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷ ഒരിക്കലും എന്റെ മകൾ അനുഭവിക്കരുത്. എനിക്കുള്ള ശിക്ഷ ഞാൻ സ്വയം ഏറ്റുവാങ്ങുകയാണ്. ഈ കുഞ്ഞിനെ വളർത്താൻ എനിക്ക് അർഹതയില്ല. എന്റെ കുഞ്ഞിനെ നിങ്ങൾ സുരക്ഷിതയാക്കുമെന്ന് വിശ്വസിക്കുന്നു. "
'നന്ദേട്ടാ ഇത്....... '
"പൊന്നു........ നമ്മുക്ക് ഈ കത്തും പോലീസിനെ ഏല്പിക്കാം "
'വേണ്ട നന്ദേട്ടാ ദൈവം നമ്മുടെ മുന്നിൽ എത്തിച്ചതാണ് ഈ മോളേ. നമ്മുക്ക് വളർത്താം ഇവളെ '
"പൊന്നു നി എന്താ ഈ പറയുന്നെ?"
'പ്ലീസ് നന്ദേട്ടാ അനാഥാലയത്തിൽ വളരുന്നതിലും നല്ലതല്ലേ നമ്മുടെ കൂടെ കഴിയുന്നത്, നമ്മുടെ മാളുവായിട്ട്. എതിർത്തൊന്നും പറയരുത്. ദൈവം തന്നതാ ഇവളെ എനിക്ക്. പ്രസവിച്ചാൽ മാത്രമേ അമ്മയാവു എന്നൊന്നുമില്ലലോ '
നന്ദൻ പിന്നെ എതിർത്തൊന്നും പറഞ്ഞില്ല.
നഷ്ട്ടപെട്ട ഏറ്റവും പ്രിയപെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവർ പുതിയ അതിഥിയുമായി മുന്നോട്ട് നടന്നു.
അപർണ

പറയാതെ പോയ പ്രണയം


പറയാതെ പോയ പ്രണയം
****************************
ചെന്നൈലേക്കുള്ള യാത്രയ്ക്കിടയിൽ കാലിക്കറ്റിൽ നിന്നും എന്റെ സീറ്റിന് എതിർവശം വന്ന ആളെ ഞാനൊരു പതിവ് പുഞ്ചിരി കൊണ്ട് സ്വീകരിച്ചു.
തോളിൽ ഒരു ബാഗും കയ്യിൽ ഒരു കുഞ്ഞു മോളും. തിരിച്ചും ഒരു പുഞ്ചിരി നൽകി എനിക്കെതിർവശമായി അയാൾ ഇരുന്നു.
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഞാൻ തന്നെ സംസാരിക്കാൻ ആരംഭിച്ചു.
"ചെന്നൈലേക്കാണോ? "
'അതെ. കുട്ടിയോ ?' മറുപടിക്കൊപ്പം തിരിച്ചൊരു ചോദ്യവും.
"ഞാനും. ഇതാരാ മോളാണോ " അയാളുടെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന കുട്ടയിലേക്കായി എന്റെ ശ്രദ്ധ.
'അതെ.ഋതിക എന്റെ ഋതു മോൾ ' മറുപടിക്കൊപ്പം അയാൾ അവളുടെ നെറുകെയിൽ ഒന്ന് ചുംബിച്ചു.
അൽപനേരം കൊണ്ട് ഇരുപത്തിമൂന്നുകാരനായ അശ്വിനെ ഞാൻ പരിചയപെട്ടു.
ഇരുപത്തിരണ്ടാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നു പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ചവൻ. കോളേജിൽ പഠിക്കുമ്പോൾ ജൂനിയർ പെൺകുട്ടിയോട് തോന്നിയ ഇഷ്ട്ടം. വീട്ടിൽ പറഞ്ഞപ്പോൾ പേരുകേട്ട നായർ തറവാട്ടിൽ പിറന്ന അവൻ മറ്റൊരു ജാതിയിൽപ്പെട്ട ശ്രുതിയെ വിവാഹം ചെയ്യുന്നത് അവർക്ക് ഒരു വലിയ കുറച്ചിൽ തന്നെയായിരുന്നു. അവളുടെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. വിവരം അറിഞ്ഞപ്പോൾ മുതൽ അവൾക്ക് വേണ്ടി വിവാഹാലോചനകൾ വരെ നടത്തി തുടങ്ങി. പിടിച്ചു നില്ക്കാൻ പറ്റാതായപ്പോൾ ആയിരുന്നു ഒളിച്ചോട്ടവും രജിസ്റ്റർ വിവാഹവും. അന്ന് മുതൽ വീട്ടുകാരും ഇറക്കിവിട്ടു. പിന്നീടുള്ള ജീവിതം കൂട്ടുകാരുടെ കനിവിൽ ആയിരുന്നു. ഒരു വാടകവീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞുകൂടി ഒരു ചെറിയ ജോലിയും കണ്ടുപിടിച്ചു. അങ്ങനെ ഇരിക്കെയായിരുന്നു ഒരു കുഞ്ഞു ജീവൻ അവളുടെ വയറ്റിൽ വളർന്നു വരുന്ന കാര്യം അറിഞ്ഞത്. പിന്നീട്‌ ഓരോ ദിവസവും ആ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. പക്ഷേ...... ഇടയ്ക്ക് അയാളുടെ തൊണ്ട ഇടറി. ഋതുമോളെ എന്നെ ഏല്പിച്ചു ഒരു യാത്ര പോലും പറയാതെ അവൾ പോയി...... ഇപ്പോ എട്ടു മാസമായി മോൾക്ക്.
നിറഞ്ഞ മിഴികൾ തുടച്ചു അയാൾ പറഞ്ഞവസാനിപ്പിച്ചു.
കുറച്ചു നേരത്തേക്ക് എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.
അപ്പോളേക്കും ഋതുമോൾ എഴുന്നേറ്റ് വളർന്നു വരുന്ന കുഞ്ഞരി പല്ലുകൾ കാട്ടി എനിക്ക് നേരെ ഒരു ചിരിപാസ്സാക്കി. ഞാൻ തിരിച്ചും.
"വാ..... " ഞാൻ എന്റെ കൈകൾ അവൾക്കു നേരെ നീട്ടി.
അവളെന്റെ കൈകളിലേക്ക് പറന്നു വന്നു.
"വാവേ..... " ഞാൻ അവളെ എന്റെ മുഖം തിരിച്ചു നിർത്തി അവളോട് സംസാരിക്കാൻ തുടങ്ങി.
"വാവ എവിടെ പോകുവാ .....?" അവൾ മറുപടിക്ക് പകരം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്റെ മുഖത്തിലൂടെ വിരലോടിച്ചു. കൗതുകത്തോടെ എന്നെ ഏറെ നേരം നോക്കി നിന്ന് അവൾ അവ്യക്തമായി വിളിച്ചു,
'അമ്മേ.... '
ഒരു നിമിഷത്തേക്ക് എന്റെ ഹൃദയം ആനന്ദം കൊണ്ട് തുടിച്ചു. ഞാൻ അവളെ തിരുത്താൻ ശ്രമിച്ചില്ല ആ വിളി എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
'അമ്മേ..... ' എന്റെ മുടിയിഴകളിൽ തഴുകി അവൾ വീണ്ടും വിളിച്ചു.
ഇത്തവണ അശ്വിൻ അവളെ തിരുത്തി
'അമ്മ അല്ല മോളൂട്ടി അത് '
"അതെ അമ്മ തന്നെയാണ് മോളു " അങ്ങനെ പറയാൻ മനസ്സിൽ തോന്നിയെങ്കിലും പറഞ്ഞില്ല.
അവൾ അതൊന്നും കാര്യമാക്കാതെ അവളുടെ ഭാഷയിൽ എന്നോട് സംസാരിച്ചുകൊണ്ടേ ഇരുന്നു.
ഇടയ്ക്കിടെ അവൾ എന്റെ മുടിയിഴകൾ പിടിച്ചു വലിച്ചു, വേദന കൊണ്ട് ഞാൻ നിലവിളിക്കുമ്പോൾ അവൾ കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിച്ചു.
ഇതൊക്കെ കണ്ട് അശ്വിനും ഒന്ന് പുഞ്ചിരിച്ചു. ഇടയ്ക്ക് അവൾക്ക് വിശന്നതുകൊണ്ടാവാം കുസൃതികൾ ഒക്കെ നിർത്തി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ചിണുങ്ങിയത്.
അവൾക്കു വേണ്ടി കരുതിയിരുന്ന ബേബി ഫുഡ് അശ്വിൻ എനിക്ക് നേരെ നീട്ടി. ജനാലയിലൂടെ കാഴ്ചകൾ കാണിച്ചു അവൾക്കത് വാരി കൊടുക്കുമ്പോൾ അറിയാതെ ഞാൻ അവളുടെ അമ്മയായി മാറുകയായിരുന്നു.
ഭക്ഷണം കഴിച്ചു ഋതുമോൾ വീണ്ടും ഉഷാറായി കുസൃതികളിൽ ഏർപ്പെട്ടു. ജനാലയിലൂടെ പിറകോട്ടു പോകുന്ന കെട്ടിടങ്ങളും മരങ്ങളും കണ്ടവൾ കൈകൊട്ടി ചിരിച്ചു. കാഴ്ചകൾ കണ്ടു സന്തോഷത്തോടെ ചിരിച്ചുകൊണ്ടവൾ എന്റെ കവിളിൽ കടിച്ചു. ഇതൊക്കെ കണ്ട് അശ്വിൻ പഴയ ഓർമകളിലേക്ക് തിരിഞ്ഞു നോക്കുകയാണെന്നു തോന്നി. ഒരുപക്ഷേ അവനും ആഗ്രഹിക്കുന്നുണ്ടാവാം ശ്രുതിയുമായി ഇങ്ങനൊരു യാത്ര. വിധി എന്തൊരു ക്രൂരനാണ്.
"അച്ഛന്റെ മോളൂട്ടി വാ.... നമ്മുക്ക് ഉറങ്ങണ്ടേ " അവൻ അവൾക്കു നേരെ കൈകൾ നീട്ടി.
അവൾ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് മുഖം തിരിച്ചു.
"എടി കള്ളി..... നിനക്കിപ്പോൾ അച്ഛനെ വേണ്ടാതായോ. വാടി ഇവിടെ " അവൻ അവളെ ബലമായി എടുക്കാൻ ഒരു ശ്രമം നടത്തി.
അവൾ അവളുടെ കുഞ്ഞു കൈകൾ കൊണ്ടെന്നെ മുറുകെ പിടിച്ചു.
'സാരമില്ല ഞാൻ ഉറക്കിക്കോളാം ' ഞാൻ അശ്വിനോട് പറഞ്ഞു.
ഋതുമോൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു. ഞാൻ അവളെ ഉറക്കാനായി അറിയാവുന്ന താരാട്ടു പാട്ടിന്റെ വരികൾ മൂളി.
അപ്പോളേക്കും അശ്വിൻ ലാപ്ടോപ്പിൽ തിരക്കിട്ട പണികളിൽ ഏർപ്പെട്ടിരുന്നു.
'മോള് ഉറങ്ങി ' ഞാൻ പറഞ്ഞപ്പോൾ അവൻ ലാപ്ടോപ്പിൽ നിന്നും കണ്ണെടുത്തു.
"അപർണയെ അവൾ വല്ലാതെ ബുദ്ധിമുട്ടിച്ചു അല്ലേ ? " മോളേ എന്റെ കൈയിൽ നിന്നും വാങ്ങി അവന്റെ സീറ്റിൽ കിടത്തികൊണ്ടാവൻ ചോദിച്ചു.
'ഹേയ് ഇല്ല. എനിക്കിതൊക്കെ സന്തോഷമുള്ള കാര്യമാണ് ' ഞാൻ മറുപടി നൽകി.
"ശരി അപർണ ഉറങ്ങിക്കോളൂ . ഗുഡ് നൈറ്റ് " അവൻ പറഞ്ഞു.
ഉറങ്ങാൻ ആയി കിടന്നപ്പോൾ മനസ്സിൽ നിറയെ ഋതുമോൾ ആയിരുന്നു. പാവം അമ്മയുടെ സ്നേഹം കിട്ടേണ്ട ഈ പ്രായത്തിൽ.....
അവൾ ഭാഗ്യവതിയും ആണ് ഇത്രയും സ്നേഹസമ്പന്നനായ ഒരു അച്ഛനെ കിട്ടിയില്ലേ. ഒരു അമ്മ കൊടുക്കേണ്ട എല്ലാ സ്നേഹവും വാത്സല്യവും അയാൾ അവൾക്ക് നൽകുന്നുണ്ട്.
ഓരോന്നോർത്തു ഇടയ്ക്കെപ്പോളോ ഉറങ്ങി.
ഋതുമോളുടെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത് സമയം നോക്കിയപ്പോൾ രണ്ടുമണി. അശ്വിൻ അവളെയും തോളിൽ കിടത്തി നടക്കുവാണ്.
"എന്ത് പറ്റി. എന്തിനാ മോള് കരയണത് ?" ഞാൻ എഴുന്നേറ്റു ചോദിച്ചു.
'ഹേയ് അതിടയ്ക്കുള്ളതാ. അപർണ ഉറങ്ങിക്കോളൂ ' അശ്വിൻ പറഞ്ഞു.
"മോളേ ഇങ്ങു താ ഞാൻ ഉറക്കം " ഞാൻ എന്റെ കൈകൾ നീട്ടി. ഋതുമോൾ എന്റെ കൈകളിലേക്ക് വന്നു.
"വാവയ്ക്ക് ഉറക്കം വരുന്നില്ലെടാ ? ഞാൻ അവളെ വാരിയെടുത്ത്കൊണ്ട് ചോദിച്ചു. അവളൊരു കുസൃതിച്ചിരി ചിരിച്ചു. പിന്നീട്‌ ഉറങ്ങാനുള്ള ഭാവമൊന്നും ഉണ്ടായില്ല അവൾക്ക്. കളികളിൽ ഏർപ്പെട്ട് അവൾ നേരം വെളുപ്പിച്ചു. അശ്വിനും കൂട്ടിരുന്നു.
ഏകദേശം ചെന്നൈ എത്താറാവുമ്പോളേക്കും അവൾ എന്റെ നെഞ്ചിൽ കിടന്നുറങ്ങി.
ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറാവുമ്പോൾ എന്തോ ഒന്ന് നഷ്ടമാകുന്നത് പോലെയുള്ള തോന്നൽ. അശ്വിൻ ഇറങ്ങാൻ വേണ്ടി ബാഗ് ഒക്കെ റെഡിയാക്കി വച്ചു. മോളേ എന്റെ കൈകളിൽ നിന്നും വാങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വേദന.
"അപ്പോ ഇറങ്ങട്ടെ. ഒരു നന്ദി പറഞ്ഞാൽ തീരുന്നതല്ല ഒന്നും. ആദ്യമായിട്ടായിരിക്കും എന്റെ മകൾ ഇത്രയും സന്തോഷിച്ചത്, ഒരമ്മയുടെ സാന്നിധ്യം അറിഞ്ഞത്. " അശ്വിൻ പറഞ്ഞു.
എനിക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
"മോളേ എഴുനെല്പിക്കുന്നില്ല. എഴുന്നേറ്റാൽ ഒരുപക്ഷേ കരയും അവൾ. ഇനി നമ്മൾ കാണുമോ എന്നൊന്നും അറിയില്ല പക്ഷേ മറക്കില്ല ഒരിക്കലും "
ഞാൻ ഋതുമോളുടെ കുഞ്ഞു കൈകളിൽ ഉമ്മവെച്ചു മൗനമായി അവരോടു യാത്ര പറഞ്ഞു.
അശ്വിൻ ട്രെയിൻ ഇറങ്ങി നടക്കുമ്പോൾ തിരിച്ചു വിളിക്കാൻ മനസ്സ് വിതുമ്പി. പറയാൻ ഒരുപാട് ബാക്കി വെച്ചതുപോലെ. തനിക്ക് ചോദിക്കാമായിരുന്നു അവരുടെ കൊച്ചു സ്വർഗത്തിലേക്ക് തന്നെ കൂടെ കൂട്ടാമോ എന്ന്..... അർഹതപെട്ടതെന്തോ നഷ്ടപ്പെടുത്തിയത് പോലെ.
അവർ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ നിന്നു. ശേഷം ഞാൻ പോലും അറിയാതെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു അശ്വിനെയും ഋതുമോളെയും എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ.........
അപർണ

ഒരു പ്ലിങ്ങിയ കഥ


ഒരു പ്ലിങ്ങിയ കഥ
*****************
ചോദ്യപേപ്പർ കിട്ടിയപ്പോളെ ഞാൻ ഇരുന്ന് വിയർക്കാൻ തുടങ്ങി. ദൈവമേ ഒറ്റഒരെണ്ണം അറിയുന്ന ചോദ്യമില്ല....
കട്ടപ്പനയിലെ ദാസപ്പനെ മനസ്സിൽ ധ്യാനിച്ചു വേറെ ചോദ്യപേപ്പർ ഉണ്ടോന്നു ചോദിച്ചാലോ ? അല്ലേൽ വേണ്ട എന്തിനാ വെറുതെ ജൂനിയർസിന്റെ മുന്നിൽന്ന് നാണംകെടുന്നെ.
എവിടെയോ കേട്ട് പരിചയമുള്ള രണ്ട് ചോദ്യത്തിന് മനസ്സിൽ തോന്നിയ എന്തൊക്കെയോ എഴുതി പിടിപ്പിച്ചു ഞാൻ വെറുതെ ഇരിക്കൽ ആരംഭിച്ചു.
ഞാൻ ബുജി ആണെന്നും എല്ലാം പെട്ടന്ന് എഴുതി തീർന്നു എന്നും തോന്നിയിട്ടാവണം അടുത്തിരിക്കുന്ന ഫസ്റ്റ് ഇയറിലെ ചെറുക്കൻ എന്നോട് ചോദിച്ചു,
"അക്ക ഈ ഫോർത് ക്വസ്‌റ്റിയന്റെ ആൻസർ അറിയാമോ?"
മനസ്സിൽ വീണ്ടും കട്ടപ്പന കയറി വന്നു
'എന്നെ കണ്ടാൽ ഇതിന് ആൻസർ അറിയുന്നവളാണെന്നു തോന്നുന്നുണ്ടോ മോനെ ' എന്ന് മനസ്സിൽ പറഞ്ഞു അവന്റെ എല്ലാ തെറ്റുധാരണയും മാറ്റാനായി ഞാൻ അവനോട് പറഞ്ഞു,
'മോനെ ഇന്നലെ പഠിപ്പിച്ച ഉത്തരം അറിയാത്തതു കൊണ്ടാണ് ഞാൻ ഇവിടെ വെറുതെ ഇരിക്കുന്നത് പിന്നല്ലെ രണ്ട് വർഷം മുൻപ് പഠിച്ച കാര്യം. നി വിവരമുള്ള ആരോടേലും ചോദിക്ക് ' അതും പറഞ്ഞു ഞാൻ മുന്നിലിരിക്കുന്ന കാൽക്കുലേറ്റർ എടുത്ത് എന്റെ പേര് ടൈപ്പ് ചെയ്യാൻ ഒരു ശ്രമം നടത്തി.
അപ്പോളാണ് അടുത്തിരിക്കുന്ന സെക്കന്റ് ഇയർ പെൺകുട്ടീടെ ഒരു ചോദ്യം,
"അക്ക ഉങ്കൾക്ക് ഇന്ന് സിസ്റ്റമിക് ഡിസീസ്താനേ എക്സാം. എതുക്ക് കാൽക്കുലേറ്റർ ?"
'ഓ..... എന്റെ എക്സാം എന്റെ കാൽക്കുലേറ്റർ ഞാൻ അത് ഒപ്റ്റിക്സ്നും യൂസ് ചെയ്യും സിസ്റ്റമിക് ഡിസീസിനും യൂസ് ചെയ്യും. അത് എന്റെ ഇഷ്ട്ടം, എന്റെ സ്വാതന്ത്ര്യം ഞാൻ അത് ചെയ്യും ' ഇത്തവണ മനസ്സിൽ വന്നത് മെക്സിക്കൻ ആയിരുന്നു. മനസ്സിൽ അങ്ങനെ വിചാരിച്ചു ഞാൻ അവളോട് പറഞ്ഞു മാർക്സ് കാൽക്കുലേറ്റ് ചെയ്യുവാന്.
അപ്പോളാണ് അവളുടെ നെക്സ്റ്റ് ചോദ്യം "എനിക്ക് ഇന്ന് ഒപ്റ്റിക്സ് എക്സാം ആണ് കാൽക്കുലേറ്റർ തരുമോന്നു "
' ഇതാ എടുത്ത് പോ' ഞാൻ കാൽക്കുലേറ്റർ അവൾക്ക് മുന്നിലേക്ക് വച്ച് കൊടുത്തു.
ഞാൻ നേരെ ജനലിലൂടെ പുറത്തോട്ട് നോക്കി പ്രകൃതി ഭംഗി ആസ്വദിക്കാൻ തുടങ്ങി. അല്ലേലും പരീക്ഷ സമയത്തു ജനലിനരികിൽ ഇരുന്നാൽ ആണല്ലോ പ്രകൃതിക്ക് ഇത്രയും സൗന്ദര്യമുണ്ടെന്ന് മനസിലാക്കാൻ കഴിയുക.
അപ്പോളാണ് ഒരു ചുള്ളൻ ചെക്കൻ കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് വരുന്നത് കണ്ടത്. 'ങേ.... ഇതാരാ അതും നമ്മുടെ കോളേജിലേക്ക് ?' മനസ്സിൽ നൂറ് നൂറ് സംശയങ്ങൾ കടന്നു വന്നു.
'എന്തായാലും തൊട്ടടുത്ത ഐ ടി കമ്പനിയിൽ ഉള്ള ആരുമല്ല. അങ്ങനാണേൽ ഞാൻ അറിയാതിരിക്കുമോ ? എക്സാം ഹാളിൽ നിന്നും ഒന്ന് പുറത്തു കടന്നാൽ അറിയാമായിരുന്നു. അയാൾ കണ്ണിൽ നിന്നും മറയുംതോറും ഞാൻ ജനലിലൂടെ എത്തിയെത്തി നോക്കികൊണ്ടിരുന്നു. സാറിന്റെ കയ്യിൽ ഇരുന്ന വൈറ്റ് ബോർഡ് മാർക്കർ എന്റെ തലയിൽ പതിച്ചപ്പോൾ ആണ് എനിക്ക് പരിസരബോധം ഉണ്ടായത്.
ലാസ്റ്റ് ബെൽ അടിച്ചപ്പോൾ ആൻസർ ഷീറ്റും കൊടുത്തു ഞാൻ പി ടി ഉഷയെക്കാളും സ്പീഡിൽ താഴേക്കോടി. ഞാൻ ചെല്ലുമ്പോൾ അയാൾ സെക്യൂരിറ്റിയോട് സംസാരിക്കുവായിരുന്നു. ഞാൻ മുഖത്തുനോക്കാതെ അവരെ കടന്നു മുന്നോട്ട് പോയി.
"ഹേയ് അപർണ " പെട്ടന്നായിരുന്നു പുറകിൽ നിന്നുള്ള വിളി.
'ങേ എന്റെ പേര് വിളിക്കുന്നു. മോളേ..... മനസ്സിൽ ലഡു പൊട്ടി ' ഞാൻ മുഖത്തു ഒരു കൃത്രിമ ഗൗരവം വരുത്തി തിരിഞ്ഞു നോക്കി.
"ഇവിടെ വാ. താനല്ലേ അപർണ?"
'കർത്താവേ ദേ മലയാളം.....' മോളേ മനസ്സിൽ ഒരായിരം ലഡു പൊട്ടി.
ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.
"എന്നെ അറിയാമോ ?"
ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലകുലുക്കി.
"എന്നാൽ അറിയണ്ട. തന്റെ കോളേജ് ഐഡി കാർഡ് എവിടെ?"
ഇയാൾ എന്തിനാ ഇതൊക്കെ ചോദിക്കുന്നേ എന്നോർത്തു ഞാൻ ബാഗിൽ ഐഡി കാർഡ് തിരഞ്ഞു.
'അയ്യോ കാണുന്നില്ലാലോ. എവിടെ പോയി ?'
"കാണില്ല '' പെട്ടന്നയാൾ പോക്കറ്റിൽ നിന്നും ഐഡി കാർഡ് എടുത്ത് എനിക്ക് നേരെ നീട്ടി.
"ഇത് എനിക്ക് ഹോസ്പിറ്റലിൽ നിന്നും കിട്ടിയതാ. പ്രിൻസിപ്പാൾനെ ഏല്പിക്കാൻ അറിയാഞ്ഞിട്ടല്ല വെറുതെ പ്രോബ്ലം ഉണ്ടാക്കേണ്ട എന്നോർത്തിട്ടാണ്. ഇനിയെങ്കിലും ഇതൊക്കെ ശ്രദ്ധിക്കണം മനസ്സിലായോ ?"
അപ്പോളാണ് ഞാൻ അയാളുടെ കഴുത്തിൽ ഉള്ള ഐഡി കാർഡ് ശ്രദ്ധിക്കുന്നത്.
'ദൈവമേ നമ്മുടെ ഹോസ്പിറ്റലിലെ സ്റ്റാഫ്... '
'സോറി സർ ' ഞാൻ ഐഡി കാർഡ് വാങ്ങിച്ചു പറഞ്ഞു.
"ശരി പോയിക്കോളൂ ".
ഫസ്റ്റ് ഇമ്പ്രെഷൻ തന്നെ നല്ല ബെസ്ററ് ഇമ്പ്രെഷൻ ആയ സങ്കടത്തിൽ ഞാൻ നടന്നു.
പിറ്റേന്ന് ഹോസ്പിറ്റലിൽ ചെന്ന് ഞാൻ നേരെ അയാളുടെ റൂമിലേക്ക് നടന്നു.
"ഇതാരാ അപർണയോ ? തനിക്ക് ഇന്ന് ഇവിടെയാണോ പോസ്റ്റിങ്ങ് ?" എന്നെ കണ്ട ഉടനെ അയാൾ ചോദിച്ചു.
'അതെ സർ' ഞാൻ വിനയത്തോടെ പറഞ്ഞു. (ഞാൻ ചോദിച്ചു വാങ്ങിയ പോസ്റ്റിങ്ങ് ആണെന്ന് എനിക്കല്ലേ അറിയൂ )
"ശരി കയറി വാ. ഇരിക്ക് " അയാൾ പറഞ്ഞു.
'താങ്ക് യു സർ '. ഞാൻ അവിടെ ഇരുന്നു.
"അപർണ കാസർഗോഡ് ആണല്ലേ ?" അല്പനേരത്തെ മൗനത്തിനു ശേഷം അയാൾ ചോദിച്ചു.
'അതെ. സർ എവിടെയാണ് ?'
" പാലക്കാട്. പിന്നെ സർ എന്നൊന്നും വിളിക്കണ്ടാട്ടൊ. എന്റെ പേര് ജിതിൻ. വേണെങ്കിൽ ജിത്തു ഏട്ടാന്ന് വിളിച്ചോളൂ "
ഞാൻ ശരി എന്ന അർത്ഥത്തിൽ ഒന്ന് ചിരിച്ചു. വൈകാതെ ഞങ്ങൾ നല്ല കൂട്ടായി. പഠിക്കേണ്ട കാര്യങ്ങളിൽ ഒക്കെ ജിത്തു ഏട്ടൻ എന്നെ നന്നായി സഹായിച്ചു. വേണമെങ്കിൽ അങ്ങേരെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഞാൻ നന്നായി പഠിക്കാൻ തുടങ്ങി എന്നും പറയാം.
പെട്ടന്ന് ഒരു ദിവസം ജിത്തു ഏട്ടൻ വന്ന് എന്നോടൊരു കാര്യം പറഞ്ഞു.
"അപ്പു ഇന്ന് വൈകിട്ട് എന്റെ കൂടെ വീട്ടിലേക്ക് വരണം. ഒരു കാര്യമുണ്ട്. "
'ങേ ഞാനോ. ഞാനെങ്ങും വരത്തില്ല. ' ഞാൻ പറഞ്ഞു.
"നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ ഞാൻ കൊല്ലാനൊന്നുമല്ല കൊണ്ട് പോകുന്നത്. വന്നേ പറ്റൂ ഇല്ലെങ്കിൽ ഞാൻ പിന്നെ മിണ്ടില്ല. "
'ദൈവമേ ഇപ്പോ എന്ത് ചെയ്യും ? എന്തിനാവും ഇയാൾ എന്നെ വീട്ടിലോട്ട് വിളിക്കുന്നെ ' എന്റെ നെഞ്ചിടിപ്പ് കൂടി.
അന്ന് വൈകിട്ട് മനസില്ലാ മനസ്സോടെ ഞാൻ ജിത്തു ഏട്ടന്റെ കൂടെ ചെന്നു.
വീട് നന്നായി അലങ്കരിച്ചിട്ടുണ്ടായിരുന്നു. ജിത്തു ഏട്ടൻ എന്നെയും കൂട്ടി അകത്തേക്ക് ചെന്നു. ഞാൻ ഒന്നും മനസിലാകാതെ പകച്ചു നിന്നു.
"അമ്മേ.... അനു..... ഒന്നിങ്ങു വന്നേ." ജിത്തു ഏട്ടൻ അകത്തേക്ക് നോക്കി വിളിച്ചു.
അടുക്കളയിൽ നിന്നും രണ്ടുപേർ ഇറങ്ങി വന്നു. അവരോടായി ജിത്തു ഏട്ടൻ പറഞ്ഞു "ഇതാണ് അപ്പു ഞാൻ പറയാറില്ലേ ".
ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"അപ്പൂന് മനസ്സിലായോ ഇത് എന്റെ അമ്മ പിന്നെ ഇത് അനു എന്റെ വൈഫ് ആണ്. "
'കർത്താവേ......ഇങ്ങേരൊന്നു കെട്ടിയതാണോ...... !
പറഞ്ഞത് ഒരല്പം ഉറക്കെ ആയി പോയോന്നൊരു സംശയം, മൂന്ന് പേരും എന്റെ മുഖത്തേക്ക് നോക്കി.
"ഇന്ന് എന്റെ മോളുടെ ഒന്നാം പിറന്നാൾ ആണ്. അതിനാണ് ഞാൻ അപ്പുനെ വീട്ടിലേക്ക് ക്ഷണിച്ചത്. "
' ങേ അപ്പോ കൊച്ചും ഉണ്ടായിരുന്നോ ' ഞാൻ മനസ്സിൽ ചോദിച്ചു.
" ഓ ഞാൻ അനുനേം മോളേം പറ്റി അപ്പുനോട് പറഞ്ഞിട്ടില്ല അല്ലേ. നേരിട്ട് പരിചയപെടുത്താം എന്ന് വിചാരിച്ചിട്ടാണ് ഞാൻ പറയാഞ്ഞത്. ഇന്നെന്തായാലും അപ്പു സെലിബ്രേഷൻ ഒക്കെ കഴിഞ്ഞു പോയാൽ മതി. ഇവിടെ ഞങ്ങൾക്ക് അധികം ഫ്രണ്ട്സും റിലേറ്റീവ്‌സും ഒന്നുമില്ല. " അങ്ങേരു പറയുന്നതൊന്നും എന്റെ ചെവിയിൽ പോയില്ല.
'ദൈവമേ ഇങ്ങേരെ ആണോ ഞാൻ ഇത്രേം കാലം വായും നോക്കി നടന്നത്. എന്നാലും ഒരു വാക്ക് പറയായിരുന്നു എന്നോട്. കണ്ടാൽ പറയുവോ ഒന്ന് കെട്ടിയിട്ട് ഒരു കൊച്ചും ഉണ്ടെന്ന്. ' ഞാൻ എന്നോട് തന്നെ ഓരോന്ന് പറഞ്ഞോണ്ടിരുന്നു.
"എന്ത് പറ്റി അപ്പു ?" ജിത്തു ഏട്ടൻ ചോദിച്ചു.
ഓ ഇനി ഇതിൽ കൂടുതൽ എന്നാ പറ്റാനാ. ആരോടേലും പറയാൻ പറ്റുമോ ഈ പ്ലിങ്ങിയ കഥ. ചിലപ്പോൾ ഇങ്ങേരായിരിക്കും സന്തൂർ ഡാഡി......
ഞാനൊരു പ്ലിങ്ങിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മനസ്സിൽ വിചാരിച്ചു തലയിൽ കൈയ്യും വെച്ചു അവിടെയിരുന്നു .......... !
അപർണ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo